Thursday, December 20, 2007

നിമിഷങ്ങള്‍ക്ക് നീളം കൂടുമ്പോള്‍...

രവി അന്ന് ഉറക്കം ഞെട്ടി എഴുന്നേറ്റു. ആകെ വിയര്‍ത്തിരിക്കുന്നു. നരച്ച മീശയുടെ തുമ്പില്‍ വിയര്‍പ്പ്‌ തുള്ളികള്‍. പക്ഷെ ഓര്‍മ്മകള്‍ നരക്കില്ലല്ലോ. ഇന്നിനി ഉറക്കം പ്രയാസമാണ്‌. അടുത്ത്‌ കിടക്കുന്ന ഭാര്യയേയും മകനേയും ഉണര്‍ത്താതെ ഹാളിലേക്ക്‌ നടന്നു.

ടിവി ഓണ്‍ ചെയ്തു. ഏതോ ഒരു പത്മരാജന്‍ സ്രഷ്ടിയുടെ അന്ത്യയാമങ്ങള്‍. സൗഹ്രുദത്തിന്റെ അന്ത്യം ഒഴിവാക്കാനെന്ന പോലെ ആത്മാഹുതി ചെയ്യുന്ന രണ്ട്‌ പെണ്‍കുട്ടികള്‍.(ഒരു ലെസ്ബിയന്‍ ചിന്താഗതിയോ).രവിയുടെ ചിന്തകള്‍ വീണ്ടും ചൂട്‌ പിടിച്ചു. തനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു സൗഹ്രുദം. താഴേക്ക്‌ ഇറ്റുവീണ വിയര്‍പ്പ്‌ തുള്ളി ആ നഷ്ടത്തെയാണോ പ്രതിനിധാനം ചെയ്യുന്നത്‌?അനിത, സഹപാഠിയായിരുന്നു, ചാറ്റ്‌ ഫ്രണ്ടായിരുന്നു. ഇല്ല അതിലുമേറെയായിരുന്നു. ഇന്നും വറ്റാത്ത ഓര്‍മയുടെ ഉറവ പറയുന്നു,ഇപ്പോഴും ഉച്ചത്തില്‍ തേങ്ങുന്ന ഹ്രദയുമിടുപ്പുകള്‍ തെളിയിക്കുന്നു, ആ സത്യം.

അവള്‍ കാമുകിയായിരുന്നില്ല, അവന്റെ ജീവിതത്തിലെ വസന്തങ്ങള്‍ വിരിയിച്ച പ്രിയ തോഴിയായിരുന്നു. പതിവായി ഉറക്കം ഞെട്ടി ഉണര്‍ന്ന രാവുകളില്‍ അവള്‍ക്ക്‌ താന്‍ കൂട്ടായിരുന്നു, ഇന്റര്‍നെറ്റിലൂടെ. മനസ്സുകള്‍ തമ്മിലുള്ള അസാധാരണ കമ്യൂണിക്കേഷന്‍ അതാണ്‌ ഞങ്ങളെ അടുപ്പിച്ചിരുന്നത്‌. അവളെ സംബന്ധിച്ച്‌ എല്ലാം എനിക്കറിയാമായിരുന്നു തിരിച്ച്‌ അവള്‍ക്കും. ആണ്‍ പെണ്‍ സൗഹ്രുദത്തിനു ഒരു വരമ്പ്‌ ആവശ്യമില്ല. എങ്കിലും ഈ നശിച്ച സമൂഹത്തെ എനിക്ക്‌ പേടിയായിരുന്നു, ഒരിക്കലും ക്ലാസ്സ്‌ റൂമിലെ ഞങ്ങളുടെ സംഭാഷണം ഒരു നോട്ട്‌ ബുക്ക്‌ ചോദിക്കലിനപ്പുറം പോയിരുന്നില്ല. അവളുടെ ഭാവി എന്നാല്‍ ക്രൂശിക്കപ്പെടുന്നത്‌ കാണാന്‍ അശക്തനായതിനാല്‍ ഈ യാഥാസ്തിതികന്റെ മനസ്സ്‌ തീരുമാനിച്ചതായിരുന്നു അത്‌.
എങ്കിലും എന്നെ സംബന്ധിച്ച്‌ അവള്‍ക്കെല്ലാം അറിയാമായിരുന്നു തിരിച്ച്‌ അവള്‍ക്കും.

ബ്ലഡ്‌ റിലേഷന്‍സ്‌ ഒരിക്കലും ഒരിക്കലും 'സിമുലേറ്റ്‌' ചെയ്യാന്‍ പറ്റില്ലല്ലോ എന്നാലും ഉറക്കം പിടിക്കുന്നതിനു മുന്‍പ്‌ അവള്‍ അയച്ചിരുന്ന ചുംബനം ഒരിക്കലും എന്റെ സിരകളെ ചൂട്‌ പിടിപ്പിച്ചിരുന്നില്ല. തിരിച്ചവള്‍ക്കും. ചില രാത്രികളില്‍ സ്നേഹപുരസ്സരം പറഞ്ഞിരുന്നു അവള്‍ 'നിന്നെ ഞാന്‍ നഷ്ടപ്പെടുത്തില്ല ഒരിക്കലും'. പക്ഷെ ഞാന്‍ അവളെ നഷ്ടപ്പെടുത്തി.

ആനന്ദ്‌, അവനായിരുന്നു ഞങ്ങളുടെ സൗഹ്രുദത്തിന്റെ സാഗരത്തെ കീറി മുറിച്ചത്‌. അല്ല അവന്‍ എന്റെ ചിന്തയെ മാത്രമാവാം കീറിമുറിച്ചത്‌. പൊസ്സസ്സീവ്‌ നെസ്സ്‌ എന്ന വിഷം എന്റെ സിരകളില്‍ ഇംജക്ട്‌ ചെയ്ത്‌ കൊണ്ടാണ്‌ അവന്‍ കടന്നു വന്നത്‌. ആനന്ദിന്റെ ബൈക്കിന്റെ പിന്നിലിരുന്നു പോകുന്ന അനിതയുടെ കാഴ്ചകള്‍ എനിക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അതിലായിരുന്നു അകല്‍ച്ചയുടെ തുടക്കം.പിന്നീട് കാരണങ്ങള്‍ ഉണ്ടായി. ഉണ്ടാക്കി. എങ്കിലും മുടങ്ങാതെ അവള്‍ അവളുടെ ബെസ്റ്റ്‌ ഫ്രണ്ടിനായി ഓഫ്‌ ലൈന്‍ മെസ്സേജ്‌ അയച്ച്‌ കാത്തിരുന്നു. ഇതെല്ലാം വെറും കാപട്യമാണ്‌. പെണ്ണിന്റെ യഥാര്‍ദ്ധമുഖം ഇതാണ്‌. ഞാനങ്ങനെ അടിയുറച്ച്‌ വിശ്വസിച്ചു.

കാപട്യത്തിന്റെ സ്ത്രീരൂപത്തോട്‌ മിണ്ടാതായി. അവളെ വെറുക്കാന്‍ തുടങ്ങിയൊ? അറിയില്ല. ഒരു സുപ്രഭാതത്തില്‍ അവളുടെ ഫോണ്‍ കോള്‍ ആണ്‌ എന്നെ ഉണര്‍ത്തിയത്‌. അവളുടെ വിവാഹനിശ്ചയം ആണത്രെ. 'എന്റെ ക്ലോസ്‌ ഫ്രണ്ട്സിനെ മാത്രമെ ഞാന്‍ ക്ഷണിക്കുന്നുള്ളു നീ വരണം'. നിന്റെ ക്ലോസ്‌ ഫ്രണ്ട്സ്‌ വരും എന്നു പറഞ്ഞ്‌ ഞാന്‍ ആ ഫോണ്‍ സംഭാഷണം നിറുത്തിയപ്പോള്‍ മറുതലയ്കല്‍ ഒരു തേങ്ങല്‍ കേട്ടുവോ?

ആ ദിനം ഞാന്‍ മദ്യലഹരിയിലാണ്ടു. ഇവനാണെന്റെ ക്ലോസ്‌ ഫ്രണ്ടെന്നു ഞാന്‍ സ്വയം വിശ്വസിപ്പിച്ചു. അവളുടെ വിവാഹ നിസ്ചയത്തിനു ഞാന്‍ പോയില്ല. ഞാന്‍ തിരക്കുള്ളവനായി സ്വയം ഭാവിച്ചു. വീണ്ടും ഒരിക്കല്‍ കൂടി അവള്‍ വിളിച്ചു. പറഞ്ഞതിത്രമാത്രം. 'ഒരിക്കലും പരസ്പരം നഷ്ടപ്പെടുത്തില്ലെന്ന് തീരുമാനിച്ചവരാണ്‌ നാം ഇപ്പോള്‍' വീണ്ടും ഒരു തേങ്ങല്‍ ആ വാക്യം പൂരിപ്പിച്ചു. 'ഐ ഹേറ്റ്‌ ദിസ്‌' എന്ന് എന്റെ പുതിയ ക്ലോസ്‌ ഫ്രണ്ട്‌ എന്നെക്കൊണ്ട്‌ മറുപടി കൊടുത്തു.

പിന്നീട് ഒരുപാട് നാള്‍ അവളെക്കുറിച്ച് അറിഞ്ഞതേയില്ല. അറിയാനായി തിരക്കിയതുമില്ല. ചിന്തയുടെ അതിര്ത്തിവരമ്പിനപ്പുറത്തെക്ക് അവളെ ആട്ടിപ്പായിക്കാന്‍ മന:പൂര്‍വ്വം ശ്രമിച്ചു.
അവളുടെ മരണവാര്‍ത്തയായിരുന്നു ഒരുപാട് നാളുകള്‍ക്ക് ഒടുവില്‍ എന്നെ തേടിഎത്തിയത്. തികച്ചും അവശ്വസനീയാമായി. ഹൃദയം പൊട്ടിയാവും മരിച്ചത്‌. എനിക്ക്‌ അവളെ കാണാന്‍ ഉള്ള കരുത്തുണ്ടായിരുന്നില്ല. ഇക്കുറിയും അവളെത്തേടി പോയില്ല.

അവളുടെ തേങ്ങല്‍ പൂരിപ്പിച്ചത്‌ പോലെ ഞാനാണോ അവളെ നഷ്ടപ്പെടുത്തിയത്‌. അറിയില്ല അറിയില്ല. അവളുടെ ഓര്‍മ്മയ്കെന്ന പോലെ നാളുകളായി ഞാന്‍ ഉറക്കം ഞെട്ടുന്നു. ഇതെല്ലാം വീണ്ടും ഓര്‍ക്കുന്നു.

വാച്ച്‌ മാന്‍ മോട്ടോര്‍ ഓണ്‍ ചെയ്ത ശബ്ദം കേള്‍ക്കുന്നു. നേരം വെളുത്തിരിക്കുന്നു. ശരീരമാകെ വിയര്‍ത്ത്‌ കുളിച്ചിരിക്കുന്നു, മനസ്സും ചൂട്‌ പിടിച്ചിരിക്കുന്നു.

ഫ്ലാറ്റ്‌ ഓണറുടെ കാരുണ്യത്തില്‍ കിട്ടുന്ന തണുത്ത വെള്ളം ശരീരത്തെ തണുപ്പിച്ചോളും. മനസ്സിനായി ഒരു ഗസലും.

പെട്ടെന്ന് റൂമില്‍ ലൈറ്റ്‌ ഓണായി.
ഭാര്യ ഉണര്‍ന്നിരിക്കുന്നു. 'രവിയേട്ടാ എന്താ പറ്റ്യേ'
'ഒന്നുമില്ല ഉറക്കം പോയി'.
'ഇതെന്താ എന്നുമിങ്ങനെ ഉറക്കമില്ലാതെ, എന്റെ കൃഷ്ണാ.'
'ഒന്നുമില്ല കൊതുക്‌ കടിച്ചിട്ടാ' ഒരു നുണ തട്ടിവിട്ടു.
ഭാര്യ ആകെ വിഷമത്തോടെ രവിയെ നോക്കി ഇരുന്നു.
'ഞാന്‍ ഒന്നു കുളിക്കട്ടെ നീ കിടന്നോ' എന്നു പറഞ്ഞ്‌ കതക്‌ ചാരുമ്പോള്‍ തോന്നി ഇവളോട്‌ എല്ലാം പറഞ്ഞാല്‍ ചിലപ്പ്പ്പോള്‍ ആശ്വാസം കിട്ടും എന്നു.
മനസ്സ്‌ തിരുത്തി.
'വേണ്ട ഭര്‍ത്താവിന്റെ കാര്യത്തില്‍ അവള്‍ പൊസ്സസ്സീവാ'

Thursday, December 13, 2007

ബ്ലോഗ് മോഷണം:ഞാന്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു

രാവിലെ കണ്ണ് തുറന്നു ലാപ്ടോപില്‍ ചുമ്മാ ഒന്നു പരത്തി. കേരളാ ബ്ലോഗ് രോളിലെത്തിയപ്പോള്‍ 'ലതാ ലവിടെ കിടക്കുന്നു' Praise P ഉടെ 'ഒരു മോഡേണ്‍ പ്രണയഗാഥ'. ഞാന്‍ ഒന്നു അമ്പരന്നു. ഇത് ഞാന്‍ രണ്ട്ട് ദിവസം മുന്പ് തട്ടികൂട്ടിയ കഥ ആണല്ലോ? ഇതെങ്ങനെ Praise P എന്ന പേരില്‍ വന്നു? ഞാന്‍ അല്‍പനേരം ആലോചിച്ച് ശേഷം ഉറപ്പ് വരുത്തി. 'ഇല്ല ഇന്നലെ ഉറങ്ങാന്‍ നേരം വരെ എന്റെ പേരു അജിത്‌ എസ് ' എന്ന് തന്നെ ആയിരുന്നു. അത് കഴിഞ്ഞു പെരുമാറ്റാനും സാധ്യതയില്ല. പാതിരാത്രിക്ക് ഗസറ്റ്‌ പബ്ലിഷ് ചെയ്യാന്‍ ഇത് അന്തിപ്പത്രമോന്നുമാല്ലല്ലോ.

ഒടുവില്‍ ഞാന്‍ മാന്യമായ ഒരു കണ്ക്ലഷനില്‍ എത്തി. ഞാന്‍ മോഷ്ടിക്കപെട്ടിരിക്കുന്നു. എന്നെ കൊള്ളയടിചിരിക്കുന്നു. എന്റെ പോസ്റ്റ് ഇതാ ഇവിടെ പുനഃപ്രതിഷ്ടിചിരിക്കുന്നു "Posted by Manoj Mathew under Short Stories" എന്ന ലാബെലില്‍. ഈ പേജ് ഒരു ബ്ലോഗ് അഗ്രഗേടര്‍ ഒന്നുമല്ല എന്നാണ് എന്റെ വിശ്വാസം. (അങ്ങിനെ ആണെന്കില്‍ എന്നോട് ക്ഷമിക്കണേ)
ഉള്ള സത്യം തുറന്നു പറയാല്ലോ. ഈ പോസ്റ്റ് കോപ്പി അടിച്ച് വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ശ്രീനിവാസന്‍ 'ഉദയനാണു താരത്തില്‍' പറഞ്ഞ ഡയലോഗ് ആണ് ഓര്‍മ വന്നത്.' മാങ്ങാ ഉള്ള മാവിലല്ലേ ആളുകള്‍ കല്ലെറിയൂ' അത് കൊണ്ട്ട് ഞാനിതിനു ജില്ലാ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യാന്‍ ഒന്നും പോകുന്നില്ല.
എങ്കിലും സഹോദരാ റേപ്പ് ചെയ്യുന്നതിന് തൊട്ടുമുന്പ് സത്താറും ടി ജി രവിയും ഒക്കെ 'നിന്നെ ഞാന്‍ നശിപ്പിക്കുമെടി' എന്ന് പറയുന്ന മാന്യത എങ്കിലും ആകാമായിരുന്നു :)
(ക്ഷമിക്കണം കൂട്ടുകാരെ, ഞാന്‍ കണ്ട സിനിമകള്‍ വച്ച് ജനാര്ദ്ധനന്‍ ഡയലോഗ് മാത്രമെ ഉള്ളു, 'അഭിനയം' കുറവാ പ്രസ്തുത സീനുകളില്‍. അതിനാല്‍ അദ്ദേഹത്തിന്റെ പേരു മേന്ഷ്യന്‍ ചെയ്യാതിരുന്നത്)

Wednesday, December 12, 2007

ഒരു മോഡേണ്‍ പ്രണയഗാഥ

രാഹുല്‍ ചുവരും ചാരി നില്‍ക്കുകയായിരുന്നു. രേണുക ഓഫീസില്‍ നിന്നു ഇറങ്ങി വന്നു അവന്റെ അടുത്തെത്തി. കണ്ണുകള്‍ കൊണ്ട്ട് പോകാം എന്ന ആംഗ്യം കാണിച്ചു. അവളെ സംബധിചിടതോളം കോളേജിലെ അവസാന ദിവസം ആയിരുന്നു അത്. അവന്റെ കോളേജ്‌ ജീവിതം പൂര്‍ണ്ണമായി എന്ന് അവകാശപ്പെടാന്‍ പറ്റില്ല ഇനിയും.

രാഹുലും രേണുകയും നടക്കുന്നത്‌ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ക്യൂ ഇഴയുന്നത്‌ പോലെയാണ്‌. ഒരുപാട്‌ പറയാനുണ്ട്‌ ഇന്നും അവര്‍ക്ക്‌. പക്ഷേ ഇന്നെന്തോ വാക്കുകള്‍ക്ക്‌ ഒരു വരള്‍ച്ച.

അവരുടെ പേരുകള്‍ അധികചിഹ്നത്താല്‍ ബന്ധിപ്പിച്ച(കോപ്പിയടി ഫ്രം പദ്മരാജന്‍) ചുവരുകളില്‍ കുമ്മായം പൂശുന്ന കാഴ്ച കണ്ടു. പുതിയ ബാച്ചിനെ വരവേല്‍ക്കാന്‍. കയ്യിലെ ഫയലില്‍ മുഖം ചേര്‍ത്ത്‌ പിടിച്ചിരുന്നു രേണുക. അവള്‍ നടവഴിയില്‍ മാത്രം ശ്രദ്ധിച്ച്‌ നടന്നു. രാഹുല്‍ ഇടയ്കിടയ്ക്‌ മുഖമുയര്‍ത്തി അവളെ നോക്കുന്നുണ്ടായിരുന്നു.

'രേണൂ' അവളെ നോക്കി അവന്‍ മന്ദം വിളിച്ചു.
അവള്‍ മൂളി. അവനെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരുന്നത്‌ പോലെ.

അവന്‍ തന്റെ വലത്തെ വിരല്‍ത്തുമ്പ്‌ നീട്ടി അവളെ സ്പര്‍ശിച്ചു. അവള്‍ കൈകോര്‍ത്തു പിടിച്ചു.
രേണു ഒന്നു വിങ്ങി.
'എന്ത്‌ പറ്റി' രാഹുലിന്റെ ശബ്ദത്തിലുമുണ്ടായി ഒരു വികാരസ്പര്‍ശം.
'നിന്നെപ്പിരിഞ്ഞ്‌ പോവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍' രേണുവിന്‌ മുഴുമിപ്പിക്കാനായില്ല.

ഇന്നലെ വരെയുള്ള സായാഹ്നങ്ങളില്‍ അവര്‍ വിരല്‍ത്തുമ്പാല്‍ ബന്ധിക്കപ്പെട്ട്‌ ഇത്‌ വഴിയേ നടക്കുമായിരുന്നു. ഒരുമിച്ച്‌ സ്വപ്നങ്ങള്‍ നെയ്തിരുന്നു.

'കണ്ണ്‍ തുടയ്ക്‌. ആരേലും കണ്ടാല്‍...' രാഹുല്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

'ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല അല്ലേടാ' രേണു.
'എനിക്കറിയില്ല' നിസ്സഹായതയോടെ രാഹുലിന്റെ മറുപടി.
'എനിക്കിതൊന്നും താങ്ങാന്‍ പറ്റുന്നില്ല' രേണു.
'എനിക്കും' രാഹുല്‍.

രേണു മുഴുമിപ്പിച്ചു. 'ഐ ലവ്‌ യു ഓള്‍വേയ്സ്‌'
'മി റ്റൂ' രാഹുല്‍

കോളേജ്‌ കവാടത്തിനരികിലെത്തി. കട്ട പിടിച്ച ഇരുടട്ട് അവരെ മൂടാന്‍ തുടങ്ങി.

'നിന്നെ എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല' രേണു.
'എനിക്കും' രാഹുല്‍
'ബി മൈ ഫ്രണ്ട്‌ ഓള്‍വേയ്സ്‌' രേണു.
'യാ ഐ വില്‍ ബി' രാഹുല്‍ അവളുടെ കയ്യില്‍ അമര്‍ത്തിക്കൊന്ട്ട് പറഞ്ഞു.

രണ്ടാളും കണ്ണ്‍ നിറഞ്ഞിരുന്നു. കോളേജ്‌ കവാടം കടന്നു. രേണു കൈകള്‍ വിടുവിച്ചു. ഒരുപറ്റം കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം പടികടന്ന് വരുന്നുണ്ടായിരുന്നു,

'കോളേജ്‌ കാണാനാവും;' രാഹുല്‍ അവരെ നോക്കി പറഞ്ഞു.
'ഊം' രേണു മൂളി.

രണ്ടാളും ബസ്‌ സ്റ്റോപ്പില്‍ എത്താറായപ്പോഴേക്കും രേണുവിന്റെ ബസ്സ്‌ വന്നു തുടങ്ങി. അവള്‍ ബസ്സിനായി ഓടി. അതിന്‌ മുന്‍പ്‌ ഒരു നിമിഷം തിരിഞ്ഞ്‌ നിന്ന് പറഞ്ഞ്‌. 'ഐ ലവ്‌ യു'

'ഐ ലവ്‌ യു റ്റൂ'

രേണു ബസ്സില്‍ കയറി. രാഹുലിന്റെ കൈ വീശിക്കാണീച്ച്‌ യാത്രയായി. ബസ്സില്‍ സൈഡ്‌ സീറ്റാണ്‌ കിട്ടിയത്‌. കാറ്റ്‌ തുടര്‍ച്ചയായി മുഖത്തേക്ക്‌ തന്നെ വീശുന്നുണ്ടായിരുന്നു.

പുറപ്പെട്ടോ എന്നറിയാന്‍ അമ്മ അവളുടെ ഫോണില്‍ ശബ്ദിച്ചു.. അവളുടെ മനസ്സില്‍ നിറയെ വീടിനെക്കുറിച്ചായി ചിന്തകള്‍. എല്ലാവരും സാരി വാങ്ങാന്‍ പോയിരിക്കുകയാണ്‌ ഇന്ന്. അമ്മയും അച്ഛനും കരയും താന്‍ പടിയിറങ്ങുമ്പോള്‍. എനിക്കും ആകുമെന്ന് തോന്നുന്നില്ല കരച്ചിലടക്കാന്‍. ഒരു ഭാര്യ എങ്ങനെ പെരുമാറണം എന്നുള്ളാ ട്രയിനിംഗ്‌ ആവും അമ്മായിമാര്‍ക്ക്‌ നല്‍കാനുള്ളത്‌. കസിന്‍സ്‌ എല്ലാവരും ഉണ്ടാകും കളിയാക്കാന്‍. വേഗം വീടെത്തിയിരുന്നെങ്കില്‍.

രാഹുല്‍ അടുത്തുകണ്ട പെട്ടിക്കടയില്‍ നിന്നൊരു സിഗര്‍ട്ട്‌ വാങ്ങി നടന്ന് കൊണ്ടേയിരുന്നു കൃത്യസമയത്ത്‌ തന്നെ ഇന്നും നീനുവിന്റെ മിസ്സ്ഡ്‌ കോള്‍. ആദ്യമായി അവളോടൊരു അടുപ്പം തോന്നി ഇന്ന്. എത്ര നാള്‌ താന്‍ മനപ്പൂര്‍വം ഒഴിവാക്കി. എന്നിട്ടും പാവം. തിരിച്ചൊരു മിസ്ഡ്‌ കോള്‍ കൊടുത്ത്‌ കൊണ്ട്‌ നടന്ന് തുടങ്ങി. അല്‍പദൂരം നടന്നപ്പോഴേക്കും മൊബെയില്‍ വീണ്ടും ശബ്ദിച്ചു. ഇക്കുറി നീനുവിന്റെ ഒരു എസ്‌ എം എസ്‌

ഒരു സ്മൈലി മാത്രം. രാഹുലിന്‌ ചിരി വന്നു. ഫോണ്‍ കയ്യിലെടുത്ത്‌ എന്ത്‌ റിപ്ലൈ ചെയ്യണമെന്ന് ആലോചിച്ച്‌ അവന്‍ നടന്നു.

വാല്‍ക്കഷ്ണം: എല്ലാ പ്രണയങ്ങളും വഞ്ചനയാണെന്നുള്ള മഠയത്തരമൊന്നുമല്ല ഞാന്‍ പറഞ്ഞ്‌ വന്നത്‌. പക്ഷേ ഇങ്ങനെ ചിലതും ഞാന്‍ കണ്ടിട്ടുണ്ട്‌. അതൊന്നു കുറിക്കാനും ആരേലും വേണമല്ലോ.

Tuesday, December 04, 2007

ഒരു മറവിയുടെ കഥ (ഓര്‍മ്മക്കുറിപ്പ്)

കാലമാകുന്ന കാസറ്റ്‌ അല്‍പം റിവൈന്‍ഡ്‌ ചെയ്യേണ്ടിയിരിക്കുന്നു ഈ സംഭവത്തിലേക്കെത്താന്‍. എഞ്ചിനീയറിംഗ്‌ കോളേജില്‍ ഫൈനല്‍ ഇയര്‍ വായ്നോട്ടം നടത്തുന്ന കാലം. സമാധാനത്തോടെ നടക്കുന്ന മനസ്സുകള്‍ക്കെല്ലാം അല്‍പം അങ്കലാപ്പുണ്ടാകുന്നത്‌ ഇക്കാലഘട്ടത്തിലാണ്‌, എന്തെന്നാല്‍ കൂട്ടത്തില്‍ തലവര തെളിഞ്ഞവന്മാരൊക്കെ(അവളുമാരും, ഫെമിനിസ്റ്റുകളേ ക്ഷമിക്കൂ) ഏതേലും കമ്പനികളുടെ ഓഫര്‍ തരപ്പെടുത്തി ഇതിലും നല്ലത്‌ എന്തേലും കിട്ടുമോയെന്നും തലവര തെളിയാത്തവര്‍ പഴയ വടക്കന്‍പാട്ട്‌ ചിത്രങ്ങളിലെ പ്രേം നസീറിനെപ്പോലെ ഇനി വരുന്ന ജോബ്‌ ഫെയറില്‍ വെന്നിക്കൊടിപാറിക്കുമെന്നും പ്രതീക്ഷ നിറച്ച്‌ നടക്കുന്നത്‌ ഈ ടൈമിലാണ്‌.

ഞങ്ങള്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രം പ്രവേശനം നല്‍കിയിരുന്നത്‌ കൊണ്ടും പുലിയെ അതിന്റെ മടയിലോ, പുലിക്ക്‌ സൗകര്യപ്രദമായ എവിടെയെങ്കിലുമോ വച്ച്‌ നേരിടുന്നതാണ്‌ മാന്യത എന്ന് ഉത്തമബോധ്യം ഉള്ളത്‌ കൊണ്ടും കോളേജിന്‌ പുറത്ത് എവിടെയെങ്കിലുമാണ് ഇജ്ജാതി ജോബ്‌ ഹണ്ടിന്‌ പോയിരുന്നത്‌.(അതെ അങ്ങനെയും പറയാം!!)

എര്‍ണാകുളത്തിന്‌ ടെസ്റ്റെഴുതാന്‍ പോയാല്‍ നെയ്യപ്പം തിന്നുന്നത്‌ പോലെ, പലതാണ്‌ ഗുണം. എന്താച്ചാല്‍ ഏതൊരു ഉത്സവത്തേയും പെരുന്നാളിനേയും വെല്ലുന്ന 'കളേഴ്സ്‌' കളക്ഷന്‍ തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ചില തുണിക്കടയുടെ പരസ്യം പോലെ, നിങ്ങളുടെ മനസ്സിനിണങ്ങുന്ന എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന ആകര്‍ഷകമായ കളക്ഷന്‍ ഇതാ ഇവിടെ മാത്രം.

ജോലി കിട്ടാത്തവര്‍ക്ക്‌ അല്‍പം പോലും നിരാശ ഉണ്ടാവാതിരിക്കാന്‍ ദൈവം മനപ്പൂര്‍വം ചെയ്തതാവാം. എന്തെന്നാല്‍ ടെസ്റ്റ്‌ കഴിഞ്ഞ്‌ ചീറ്റിപ്പോയ പടക്കം പോലെ നടന്ന് നീങ്ങുമ്പോള്‍ മനസ്സിന്റെ കോണില്‍ സ്വയം സമാധാനിപ്പിക്കാന്‍ ഒരു എക്കോ കേള്‍ക്കാം 'അവള്‍ക്കും കിട്ടീട്ടില്ലേ അവള്‍ക്കും കിട്ടീട്ടില്ലേ' എന്ന്.

പിന്നെ റിലീസ്‌ പടം, പോക്കറ്റ്‌ മണിയില്‍ കുത്തനെ ഒരു കയറ്റം അങ്ങനെ ആകര്‍ഷകങ്ങളായ പല നേട്ടങ്ങളും ഉണ്ട്‌. ചില രാഷ്ട്രീയക്കാര്‍ 'ഞാനൊന്ന് തിരുവനന്തപുരത്തിന്‌ പോയിവരട്ടെ' എന്ന് ആശ്വസിക്കുന്നത് പോലെ ആയിരുന്നു ബഹുഭുരിപക്ഷത്തിനും മേല്‍പ്പറഞ്ഞ എറണാകുളം യാത്രകള്‍. ഒരു ടെസ്റ്റ്‌ കഴിഞ്ഞ്‌ മടങ്ങി വന്നാല്‍ പിന്നെ കുറെ നാളേക്ക്‌ കാര്യങ്ങളെല്ലാം കുശാല്‍.

ഇതേ സമയം മക്കള്‍ക്കായി അമ്മമാര്‍ വഴിപാടുകള്‍ മുറയ്ക്‌ നേര്‍ന്ന് ഭഗവാന്മാര്‍ക്കും നേട്ടമുണ്ടാക്കിപ്പോന്നു. മുഴുക്കാപ്പ്‌, ചുറ്റുവിളക്ക്‌, ദീപാരാധന എന്നിവയില്‍ നിന്നൊക്കെ വഴിപാട്‌ ശയനപ്രദക്ഷിണങ്ങളിലേക്ക്‌ നീങ്ങുകയാണെന്ന് ഹിന്റ്‌ കിട്ടിയപ്പോള്‍ അപകടം മണത്തറിഞ്ഞ്‌ ഞാന്‍ പഠനത്തിന്‌ പതിവില്ലാതെ ആക്കം കൂട്ടി, ടെസ്റ്റിന്‌ കയറുന്നതിന്‌ മുന്‍പായി അവസാനവട്ടം ബുക്കിന്റെ പേജ്‌ മറിക്കല്‍ ചടങ്ങ്‌ നടക്കുന്ന വേളയില്‍ ഒരു പെണ്‍കുട്ട്‌ എന്നെത്തന്നെ നോക്കി അടുത്തേക്ക്‌ നടക്കുന്നുണ്ടായിരുന്നു.

കയ്യിലെ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ടെക്സ്റ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ എന്തൊക്കേയോ അതിന്റെ അധികപ്രസംഗിയായ 'ഓതര്‍' എഴുതിപ്പിടിപ്പിച്ചിരുന്നത്‌ കൊണ്ടും ആ ബുക്ക്‌ തന്നെ കയ്യില്‍ പിടിക്കാന്‍ മാത്രം ആത്മബന്ധം ഞാനും ആ സബ്ജക്ടും തമ്മില്‍ ഇല്ലാത്തത്‌ കൊണ്ടും ഇന്നത്തേത്‌ പോലെ തന്നെ എനിക്ക്‌ അന്നും അഹങ്കാരവും ആരോഗ്യവും ഇല്ലാതിരുന്നതിനാലും ഞാനും എന്റെ സുഹ്രത്തായ സൂരജും ചേര്‍ന്നാണ്‌ ആ 'ഗാണ്ഡീവം' ഉയര്‍ത്തിനിര്‍ത്തിയിരുന്നത്‌.

എന്തേലും ഡൗബ്ട്‌ ചോദിക്കാനാകുമോ ആ നോട്ടവും സഞ്ചാരവും? എങ്കില്‍ നല്ല കഥയായി. ഇലക്ട്രിസിറ്റി ബില്ലടയ്കാന്‍ ചെന്നവനോട്‌ കെ എസ്‌ ഇ ബി യിലെ ഫ്യൂസ്‌ കെട്ടിത്തരാമോ എന്ന് ചോദിച്ചത്‌ പോലെയാകും.

ഞാന്‍ ബുക്കില്‍ വിരലോടിച്ച്‌ കണ്ണ് ബുക്കില്‍ത്തന്നെ പതിപ്പിച്ച്‌ സൂരജിനോട്‌ പറഞ്ഞു. 'നമുക്കാത്തണലത്തോട്ട്‌ മാറിനിന്നാലോ?'
അവനെന്റെ റിക്വസ്റ്റ്‌ സ്നേഹപൂര്‍വ്വം നിരസിച്ചു. സ്നേഹമില്ലാത്തവന്‍.

അപ്പോഴേക്കും സഞ്ചരിച്ച്‌ കോണ്ടിരുന്ന പെണ്‍കുട്ടി എന്റെയടുത്തെത്തി ക്ലച്ച്‌ ചവിട്ടി ന്യൂട്രലില്‍ ഇട്ട്‌ കുറ്റിയടിച്ചു.
'അജിത്തല്ലേ? ഓര്‍മ്മയുണ്ടോ ഈ മുഖം?'
'അതേ അജിത്താണ്‌, ഓര്‍മ്മയുണ്ടോ എന്നോ? നല്ല ചോദ്യം. മറക്കാന്‍ പറ്റുമോ നിങ്ങളെയൊക്കെ' എന്റെ മനോധര്‍മം പൂണ്ട്‌ വിളയാടി.

വാസ്തവത്തില്‍ എനിക്കൊരു പിടിയും കിട്ടിയില്ല. പണ്ടേതോ പടത്തില്‍ രണ്‍ജി പണിക്കര്‍ എഴുതിപ്പിടിപ്പിച്ച ഡയലോഗ്‌ കട്ടെടുത്തോണ്ട്‌ വന്നിരിക്കുന്നു എന്നു മാത്രം മനസ്സിലായി. എനിക്കിങ്ങനെ സംഭവിക്കാറുള്ളതല്ലല്ലോ. മറക്കുകയോ അതും ഒരു പെണ്‍കുട്ടിയേ. എനിക്ക്‌ അപരിചിതയായ ഒരു പെണ്‍കുട്ടി തേടിവരാന്‍ മാത്രം ഞാനന്ന് ഫേമസും ആയിട്ടുണ്ടായിരുന്നില്ല(ഇതെഴുതുമ്പോള്‍ എന്റെ മുഖത്തെ ഭാവം വിനയം).

ടെസ്റ്റെഴുതാനുള്ള കോണ്‍ഫിഡന്‍സ്‌ മുഴുവന്‍ നശിച്ചു. കാണാന്‍ തെറ്റില്ലാത്ത ഒരു പെണ്‍കുട്ടി ഇങ്ങോട്ട്‌ വന്ന് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചിട്ടും തിരിച്ചറിയാന്‍ പറ്റാത്ത ഞാന്‍ ഏതാനും മണിക്കൂറുകള്‍ മുന്‍പ്‌ മാത്രം പരിചയപ്പെട്ട ഈ പുസ്തകത്തിലെ 'ആട്ടുങ്കാട്ടം' പോലെ കുനുകുനുത്ത അക്ഷരങ്ങളില്‍ തൂങ്ങിക്കിടന്നിരുന്ന ടെക്നോളജി എങ്ങനെ ഓര്‍ത്ത്‌ വയ്കും.

ഇജ്ജാതിച്ചിന്തകളുമായി ഞാന്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ സൂരജിന്റെ സംശയം. 'ആരാ അളിയാ ഇത്‌?'
അത്‌ തന്നെ തിരിച്ച്‌ അവനോടും അവളോടും ചോദിക്കണമെന്ന് എനിക്ക്‌ തോന്നി. മന്യതയുടെയും കോമണ്‍ സേന്‍സിന്റെയും പേരില്‍ ഞാനവനോട് ക്ഷമിച്ചു.

അവനിപ്പോള്‍ അവള്‍ ആരാണെന്ന് അറിയണം. എനിക്കിപ്പോള്‍ അവളെ മുഷുപ്പിക്കാതെ എന്തേലും സംസാരിക്കണം. ഇലയ്കും മുള്ളിനും മരത്തിനും കേട്‌ പറ്റാതിരിക്കാനായി ഞാന്‍ സൂരജിനോട്‌ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു.

'ഇതെന്റെ ഫ്രണ്ടാണ്‌'
അവളുടെ മുഖത്തേക്ക്‌ നോക്കിയിട്ട്‌. 'ഇവനെന്റെ ക്ലാസ്സ്‌ മേറ്റാണ്‌'

സൂരജ്‌ കളത്തിലിറങ്ങി. 'ഞാന്‍ സൂരജ്‌.'
പേര്‌ പറഞ്ഞ്‌ അവളെ പരിചയപ്പെടുത്താനുള്ള ബാധ്യത എന്നിലേക്ക്‌ വരാതിരിക്കാന്‍ ഞാന്‍ ഒരു തുമ്മല്‍ സൃഷ്ടിച്ച്‌ കര്‍ച്ചീഫ്‌ കൊണ്ട്‌ മുഖം പൊത്തി.
'ഞാന്‍ സോണിയ.' എന്റെ കൂട്ടുകാരി സ്വയം പരിചയപ്പെടുത്തി.
'ഏത്‌ കോളേജാ? എവിടെയാ വീട്‌' സൂരജിന്റെ ശരീരത്തില്‍ ജി എസ്‌ പ്രദീപിന്റെ ആത്മാവ്‌ കയറിയെന്ന് എനിക്ക്‌ തോന്നി.
എല്ലാത്തിനും സോണിയ മറുപടികള്‍ കൊടുത്തുകൊണ്ടിരുന്നു.
'നിനക്കെന്താ ഇങ്ങനെ തുമ്മല്‍' എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ തിരക്കാനും കൂട്ടുകാരി മറന്നില്ല.

ഞാന്‍ കര്‍ച്ചീഫ്‌ മാറ്റി മൊഴിഞ്ഞു. 'കാലാവസ്ഥാമാറ്റം. ക്ലൈമറ്റ്‌ ചേഞ്ചേ'

പിന്നെ ഒന്നു രണ്ട്‌ സേഫായ ചോദ്യങ്ങള്‍ ഞാന്‍ ഉതിര്‍ത്തു, 'വീട്ടിലെല്ലാര്‍ക്കും സുഖമാണോ? ഒരുപാട്‌ നാളായി കണ്ടിട്ട്‌ അല്ലേ ശരിക്കും' എന്നൊക്കെ.

പക്ഷേ സൂരജിനിപ്പോഴും സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. എന്റെ നേരെ നോക്കിക്കോണ്ട്‌ ' നിങ്ങള്‍ക്ക്‌ രണ്ടാള്‍ക്കും എങ്ങനെയാ പരിചയം?'

'അറാം തമ്പുരാന്‍'ഇല്‍ ലാലേട്ടന്‍ പറഞ്ഞത്‌ പോലെ 'ബുദ്ധനും ശങ്കരനും. അവര്‍ക്കും പണികിട്ടിയത്‌ ഇത്‌ പോലെ ഉത്തരം അറിയാത്ത ചോദ്യത്തിന്റെ മുന്‍പിലാണെന്ന്' എനിക്ക്‌ ബോദ്ധ്യമായി. തലവരയുടെ മേല്‍ നെറോലാക്‌ എക്സല്‍ കൊണ്ട്‌ പേയിന്റ്‌ ചെയ്താലും പ്രയോജനമില്ലല്ലോ.

ഇപ്പോള്‍ നുണയനും ഫ്രണ്ടിനെ മറന്നവനും അത്‌ മറച്ച്‌ വച്ച്‌ 2 ഫ്രണ്ട്സിനെ കുരങ്ങ്‌ കളിപ്പിക്കുകയും ചെയ്തവനെന്ന് പഴി എനിക്ക്‌ കേള്‍ക്കേണ്ടിവരുമല്ലോ എന്നൊക്കെ ഉള്ളാ ചിന്ത എന്റെ ഉള്ളില്‍ വളരെ വേഗം ഫ്ലാഷ്‌ ചെയ്യാന്‍ തുടങ്ങി.ചീട്ടുകളിക്ക്‌ പിടിക്കപ്പെട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പീഡനക്കേസ്‌ ചുമക്കേണ്ടിവന്നവനേപ്പോലെ ഞാന്‍ നിന്നു.

പെട്ടെന്നൊരു കാറ്റ്‌ വീശുകയും ആ കാറ്റത്തെന്തോ പറന്നെന്റെ നാസാരന്ധ്രങ്ങളില്‍ പതിച്ചതിന്റെ ഫലമായി ഞാന്‍ ആഞ്ഞ്‌ തുമ്മുകയും ചെയ്തു.

എന്റെ തുമ്മലില്‍ സഹാനുഭൂതി തോന്നിയ കൂട്ടുകാരി മുഴുമിപ്പിച്ചു. 'ഞങ്ങള്‍ കോളേജില്‍ ഒരുമിച്ച്‌ പഠിച്ചതാ. രണ്ട്‌ ക്ലാസ്സായിരുന്നു. സെക്കന്റ്‌ ലാംഗ്വേജ്‌ ഒരുമിച്ച്‌'

ഉടന്‍ എന്റെ ഓര്‍മ്മയുടെ അണക്കെട്ട്‌ പൊട്ടുകയും ആ കുത്തൊഴുക്കില്‍ പെട്ട്‌ സോണിയയെ എനിക്ക്‌ ഓര്‍മ്മ വരുകയും ചെയ്തു. സാംബശിവന്‌ മന്‍സ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പ്രീ ഡിഗ്രി കഥകളില്‍ ചിലത്‌ ചീന്തിയെടുത്ത്‌ വിളമ്പി. സോണിയയ്ക്‌ സന്തോഷമായി. സൂരജിനുമുണ്ടായി അറിവിന്റെ ആത്മനിര്‍വൃതി. എന്റെ നഷ്ടപ്പെട്ട കോണ്‍ഫിഡന്‍സ്‌ മടങ്ങിവന്നു. ഒരു ക്ലൂ കിട്ടിയാല്‍ ഇപ്പോളും നമ്മള്‍ പുലി തന്നെ.

തക്കസമയത്ത്‌ രക്ഷിച്ച സര്‍വ്വചരാചരങ്ങള്‍ക്കും അധിപനായ ശക്തിക്ക്‌ ഒരു ഡെഡിക്കേഷന്‍ എന്ന കണക്കേ ഞാന്‍ തുടര്‍ച്ചയായി തുമ്മിക്കൊണ്ടേയിരുന്നു. എന്റെ തുമ്മല്‍ കൗണ്ട്‌ ചെയ്തിട്ടോ മറ്റോ സോണിയ പറഞ്ഞു. 'ഒന്‍പതടിച്ചെന്നു തോന്നുന്നു. ഞാന്‍ എക്സാം ഹോളിലേക്ക്‌ പോകട്ടെ'

ബൈ പറഞ്ഞ്‌ നടന്ന് നീങ്ങുമ്പോള്‍ സൂരജിനെന്റെ മുഖത്തെ കണ്ഫ്യുഷന്‍സ് പൂര്‍ണമായും മാറിയിട്ടുണ്ടായിരുന്നില്ല.

Wednesday, November 21, 2007

പാഠം മറ്റൊന്ന് : ആലപ്പി എക്സ്പ്രസ്സ്‌ - ഒരു വിലാപം.

കണ്ണാടി നേരെ ചാരി വച്ച്‌ ഷേവ്‌ ചെയ്യുകയായിരുന്നു. ഒരൊറ്റവലിക്ക്‌ തന്നെ മീശ സവാരിഗിരിഗിരി. എനിക്കാകെ കോമ്പ്ലക്സായി. 'ബൈനറി മീശ' എന്ന് ഞാന്‍ തന്നെ പണ്ട്‌ കളിയായി പറയുമായിരുന്നു.ഒന്നും പൂജ്യവും(അതായത്‌ ആബ്സന്‍സും പ്രസന്‍സും) മാറി മാറി. പിന്നീടതിനു കട്ടി വന്നുവെന്നും പഴയ മുള്ളുവേലി പൊളിച്ച്‌ മതിലുകെട്ടിയെന്നോ, കോഴിക്ക്‌ മുല വന്നുവെന്നോ ഒക്കെ പറയാമെന്നും ഒക്കെ സ്വയം അഹങ്കരിച്ച്‌ നടന്നപ്പോളാണ്‌ ഇങ്ങനൊരു പ്രഹരം. അമ്മ അപ്പോളേക്കും ചോറ്‌ പൊതിഞ്ഞ്‌ കൊണ്ട്‌ വന്ന് ബാഗില്‍ കുത്തിക്കേറ്റി. 'പോകാന്‍ ടൈം ആയി, വേഗമാകട്ടെ' എന്ന് ആക്രോശിച്ചത്‌ കൊണ്ട്‌, ഞാന്‍ മീശയ്ക്‌ മാപ്പ്‌ കൊടുത്തു. 'നിന്നെ ഞാന്‍ എന്നെങ്കിലും എടുത്തോളാം.'

ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രകള്‍ മിക്കതും വിരസമാകും കൂടെ സുഹ്രുത്തുക്കളാരുമില്ലെങ്കില്‍. കാരണം എന്നും ഞാന്‍ സഞ്ചരിക്കുന്ന കമ്പാര്‍ട്ട്‌മന്റ്‌ വയോജനവിഭാഗത്തില്‍ പെട്ടതാണല്ലോ. ഇക്കണക്കായ ചിന്തകളും പേറി തലയോലപ്പറമ്പില്‍ നിന്ന് എര്‍ണാകുളത്ത്‌ എത്തിയപ്പോള്‍ കൊച്ചിയിലെ കളികണ്ട്‌ നിരാശരായി മടങ്ങുന്ന യുവജനഘോഷയാത്ര. ആ ഘോഷയാത്ര അവസാനിച്ചത്‌ എര്‍ണാകുളം ടൗണ്‍ എന്ന ബോര്‍ഡിന്‌ താഴെയാണ്‌. മടക്കയാത്രയ്ക്‌ ടിക്കറ്റില്ലാത്തതിനാല്‍ തേഡ്‌ എ സി ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌ തന്ന എന്‍റെ സുഹ്രത്തിന്റെ ബുദ്ധിയ്ക്ക്‌ മുന്‍പില്‍ ഞാന്‍ ശിരസ്സ്‌ നമിച്ചു. കാരണം ആ തിരക്കില്‍ സ്ലീപ്പര്‍ കോച്ചില്‍ കയറിയവന്റെ ഗതി അനിക്സ്പ്രേ പോലെ ആകും. 'പൊടിപോലുമുണ്ടാകില്ല കണ്ട്‌ പിടിക്കാന്‍'.

സ്റ്റേഷനില്‍ കറങ്ങിത്തിരിഞ്ഞ്‌ നടന്നു എന്തേലും ബുക്സ്‌ വാങ്ങാന്‍. ഒടുവിന്‍ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക്‌ ബോബനും മോളിയും വാങ്ങി ബാഗിലിട്ടു. ബോബനും മോളിക്കും ഒരു മറയായി ഒരു ഇന്‍ഡ്യ റ്റുഡേയും(ഇന്‍ഡ്യയുടെ ഇന്നത്തെ അവസ്ഥ അറിയാന്‍ നമുക്ക്‌ പുസ്തകം വായിക്കണോ? നല്ല കഥ!!)

ട്രെയിന്‍ എത്തിയിട്ടും കുറച്ച്‌ നേരം സ്റ്റേഷനില്‍ ചാരിനിന്ന് സ്ലീപ്പര്‍ കോച്ചിലെ തിരക്ക്‌ കണ്ട്‌ ആസ്വദിച്ചു. തമിഴ്‌നാട്ടില്‍ റേഷന്‍ കടയില്‍ പച്ചരി വിതരണം ചെയ്യുന്നത്‌ പോലെ. എന്‍റെ തേഡ്‌ എസി ടിക്കറ്റ്‌ വെറുതെ ആയില്ലല്ലോ! (ഒരു സാഡിസ്റ്റ്‌ ലൈന്‍). ബട്ട്‌ കമ്പാര്‍ട്ട്‌ മെന്റിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ്‌ എന്‍റെ സഹയാത്രികര്‍ ഹണിമൂണ്‍ കപ്പിള്‍സ്‌ ആണെന്ന് മനസ്സിലായത്‌. അതും തമിഴ്‌ ഫാമിലി.(എന്താണെന്ന് അറിയില്ല, കപ്പിള്‍സ്‌ കൂടെ ഉണ്ടെങ്കില്‍ എനിക്ക്‌ ഒരുപോള കണ്ണടയ്കാന്‍ പറ്റാറില്ല.)

ഉപ്പുമാവില്‍ പച്ചമുളകിട്ടതുപോലെ കപ്പിള്‍സ്‌ കെട്ടിപിടിച്ചിരിപ്പായി. പട പേടിച്ച്‌ പന്തളത്ത്‌ വന്നപ്പോള്‍ പന്തളത്ത്‌ ഹര്‍ത്താല്‍ അനൗണ്‍സ്‌ ചെയ്തപോലെ ആയി. നാളെ നേരം വെളുക്കുന്നത്‌ വരെ എന്റെ പഞ്ചേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ പറ്റുമോ ഭഗവാനേ?? ഇജ്ജാതി ചിന്തകള്‍ക്ക്‌ വിരാമമിടാനായ്‌ 'ബോബന്‍ ആന്റ്‌ മോളി' യിലേക്ക്‌ ഊളിയിട്ടു ഞാന്‍. ട്രെയിന്‍ നീങ്ങിക്കൊണ്ടേയിരുന്നു. പുതിയ ഓരോരോ അവതാരങ്ങള്‍ അവിടിവിടെ ഉപവിഷ്ടരായിത്തുടങ്ങി. ഞാനാരേം ശ്രദ്ധിക്കാന്‍ പോയില്ല.

ത്രശ്ശൂര്‍ ട്രെയിനെത്തിയപ്പോള്‍ ബോബനും മോളിയും അവസാനപേജുകള്‍ മറിഞ്ഞു. എന്നും തൃശ്ശൂര്‍ എന്‍റെ 'ബോറടി'ക്ക്‌ വിരാമമിടാനായി എന്തേലും നേരമ്പോക്കുകള്‍ തന്നിട്ടുള്ള നാടാണ്‌. ആ പ്രതീക്ഷയോടെ ഞാന്‍, ഒരു വേഴാമ്പലിനെപ്പൊലെ പുറത്തേക്ക്‌ നോക്കിനിന്നു. കാത്തിരിപ്പിന്‌ ശമനം നല്‍കിക്കൊണ്ട്‌ കടന്നുവന്നു ഒരു മഴവില്ല്. മനസ്സില്‍ ഞാന്‍ കുറിച്ചു. എന്‍റെ കാക്കത്തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടാമത്തെ പ്രണയകഥയിലെ നായികയാണല്ലോ ഇവള്‍ എന്ന്. (നിങ്ങളെന്നെ തെറ്റിദ്ധരിക്കേണ്ട. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌ നിര്‍ത്തണം എന്നാണല്ലോ പ്രമാണം. പക്ഷെ സ്വരം നല്ലതല്ലെങ്കില്‍ പാടിക്കൊണ്ടേയിരിക്കുക സ്വരം നന്നായിട്ട്‌ നിര്‍ത്താമല്ലോ.)

ദൈവത്തിന്റെ ഓരോ കാല്‍ക്കുലേഷനെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ ആനന്ദപുളകിതനായി. എനിക്കങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ പോകാന്‍ തോന്നിക്കുക, ഒരവധിയും ഇല്ലെങ്കില്‍ പോലും സ്ലീപ്പര്‍ ടിക്കറ്റ്‌ ഒക്കെ തീര്‍ത്ത്‌ ഞങ്ങളെ തേഡ്‌ എ സി യില്‍ ഒരുമിപ്പിക്കുക. (ട്രയിന്‍ ടിക്കറ്റിന്റെ വില കൂടും തോറും അതില്‍ സഞ്ചരിക്കുന്നവരുടെ ജാഡയും കൂടും എന്നാണല്ലോ പ്രമാണം. അപ്രകാരം സഹയാത്രികര്‍ നമ്മളെ മൈന്റ്‌ ചെയ്യുകയുമില്ല). ഇനി എന്താകും ദൈവത്തിന്റെ അടുത്ത പ്ലാന്‍? ഒരുപക്ഷെ ആ കുട്ടിയേയും ബോറടിപ്പിച്ച്‌ ഞങ്ങളെ ഒരുമിപ്പിക്കാനാവും. ഭഗവാന്റെ ലീലകള്‍ക്ക്‌ മുന്‍പില്‍ നമ്മളൊക്കെ എത്ര നിസ്സാരര്‍.

പെട്ടെന്ന് കറുത്ത കോട്ടും കൊമ്പന്‍ മീശയും ആയി ഒരു മദ്ധ്യവയസ്കന്‍ കടന്നുവന്നു. സുരേഷ്‌ ഗോപി, രാജന്‍ പി ദേവിനെ കണ്ടത്‌ പോലെ കുറെ ഡയലോഗ്സും കാച്ചി. ചുരുക്കത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ ടിക്കറ്റ്‌ കണ്ട്‌ ബോധിക്കണം പോലും. ആയിക്കോട്ടെ ഒരാഗ്രഹമല്ലേ. 'ഇതാ സാര്‍ എന്‍റെ തേഡ്‌ എ സി ടിക്കറ്റ്‌'. എനിക്ക്‌ പിന്നാലെ 'മേഡ്‌ ഇന്‍ തൃശ്ശൂര്‍' സുന്ദരിയും ടിക്കറ്റ്‌ നീട്ടി. ടിക്കറ്റില്‍ വടിവൊത്ത ലിപികളില്‍ മീര, 23 എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

പേരും ബോധിച്ചിരിക്കണു. എനക്ക്‌ 23 ഉനക്കും 23.
മേരാ മീരാ!! (എന്റെ ഉള്ളില്‍ ഞാനും നാട്ടുകാരും ചേര്‍ന്ന് ചങ്ങലയ്കിട്ടിരുന്ന സല്‍മാന്‍ ഖാന്‍ ഞെട്ടിയെണീറ്റ്‌ മസില്‍ പിടിച്ചു.)

ദൈവത്തോട്‌ എനിക്ക്‌ വീണ്ടും ആരാധന കൂടി. എന്താ ഒരു കാല്‍ക്കുലേഷന്‍! ഭഗവാന്റെ ഈ ലീലകള്‍ക്ക്‌ മുന്‍പില്‍, ആനയുടെ കാലിനിടയില്‍ പെട്ട പാപ്പാനെപ്പോലെ നിസ്സഹായനായി നില്‍ക്കാനല്ലേ നമുക്ക്‌ പറ്റു.

സുരേഷ്‌ ഗോപി പോയി. ട്രയിന്‍ നീങ്ങിത്തുടങ്ങി. ഞാന്‍ മീരയുടെ അടുത്തേക്കും. കയ്യില്‍ മൈലാഞ്ചി ഭംഗിയില്‍ ഇട്ടിട്ടുണ്ട്‌. ചുറിദാറാണ്‌ വേഷം. മുടി ഭംഗിയില്‍ പിന്നി പിന്നിലേക്ക്‌ ഇട്ടിരിക്കുന്നു. കാലിലെ സ്വര്‍ണ്ണപാദസരം പുതുതിളക്കത്തോടെ എന്നെ ചിരിച്ച്‌ കാട്ടി.

ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ മീര ബാഗില്‍ നിന്നും മൊബൈല്‍ ‍ഫോണ്‍ കയ്യിലെടുത്തു ഡയല്‍ ചെയ്യാന്‍ തുടങ്ങി.

ആരെയാവും ഇവള്‍ വിളിയ്കുന്നത്‌?

എന്റെ ഹ്രദയം, വെളിച്ചപ്പാടിന്‌ റിമി ടോമിയില്‍ ഒരു കുട്ടിയുണ്ടായാലെന്നപോലെ പോലെ ഉറഞ്ഞ്‌ തുള്ളാന്‍ തുടങ്ങി. പൊടുന്നനെ മറുതലയ്കല്‍ ഒരു ഹലോ കേട്ടത്‌ പോലെ. ഒരു സ്ത്രീ ശബ്ദത്തില്‍.

"അമ്മേ വണ്ടിയെടുത്തു ട്ടോ"
"സൂക്ഷിച്ച്‌ പോ മോളേ. ചെന്നൈയില്‍ എത്തിയിട്ട്‌ വിളിക്ക്‌ ട്ടോ"

സംഭാഷണം എനിക്ക്‌ അറ്റ്ല്ലസ്‌ ജൂവല്ലറിയുടെ പരസ്യം പോലെ വ്യക്തമായിരുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ സൈഡില്‍ താലിബാന്‍ കാര്‌ വിമാനത്തില്‍ വന്ന് മധുരപലഹാരം വിതരണം ചെയ്തിട്ട്‌, റ്റാറ്റാ പറഞ്ഞ്‌ പോയാലെന്ന പോലെ മനസ്സ്‌ ശാന്തമായി.

അല്‍പസമയം കഴിഞ്ഞ്‌ വീണ്ടൂം മൊബൈല്‍ റിംഗ്‌ ചെയ്യാന്‍ തുടങ്ങി. ഞാനിതിനൊന്നും കണ്ണ്‍ കൊടുക്കാതെ മാന്യതയുടെ മറുകരയിലേക്ക്‌ നോക്കി, ചെവി വട്ടം കൂര്‍പ്പിച്ചിരുന്നു.

"നീ സി ഡ്രൈവ്‌ ഫോര്‍മാറ്റ്‌ ചെയ്താല്‍ മതി. വിന്‍ഡോവ്സിന്റെ സി ഡി ചേച്ചീടെ ഡ്രോയിലുണ്ട്‌" എന്നൊക്കെ ഒരുപിടി ഇന്‍സ്ട്രക്ഷനാണ്‌ ഇക്കുറി മീര മൊഴിഞ്ഞത്‌. എനിക്കാകെ സന്തോഷം തോന്നി. കമ്പ്യൂട്ടര്‍ സഖിയെ ആണല്ലോ ദൈവം എനിക്കായി ചൂസ്‌ ചെയ്തത്‌. ഭഗവാനേ, പൊരുത്തങ്ങള്‍ 9ഇല്‍ 7ഉം ആയി. ഇനി സാമ്പാര്‍ ഇഷ്ടമാണോ എന്നും ഉള്ളി കഴിക്കുമോ എന്നും തിരക്കിയാല്‍ മാത്രം മതി. എല്ലാം തികഞ്ഞു. ദൈവമേ എന്തിനെന്നെ ഇത്രത്തോളം സ്നേഹിക്കുന്നു. എന്റെ കണ്ണ് ചെറുതായൊന്ന് നിറഞ്ഞു.

എനിക്ക്‌ കിഴക്കും ഭാഗം വിജയന്റെ (അഥവാ ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്‍) പാട്ട്‌ ഓര്‍മ്മ വന്നു. "ഇനിയാര്‍ക്കുമാരോടും ഇത്രമേല്‍ തോന്നാത്തതെന്തേ, അതാണെന്‍ സഖിയോടെനിക്കുള്ളതെന്തോ"

ഞാനെന്റെ ഇന്ട്രോടക്ഷന്‍ സീനിനെക്കുറിച്ക്‌ ആകാംക്ഷാകുലനായിരുന്നു, എങ്ങനെയാവും ഭഗവാന്റെ സ്ക്രീന്‍ പ്ലേ? (രഞ്ചിത്തിനെക്കൊണ്ട്‌ 'നന്ദനം' എഴുതിച്ചതും പ്രിയദര്‍ശന്‌ 'വന്ദന'ത്തിന്റെ ക്ലൈമാക്സ്‌ കൊടുത്തതും ഒരേ ഭഗവാന്‍ തന്നെ.)

ആലപ്പി എക്സ്പ്രസ്സ്‌ കുതിച്ച്‌ കൊണ്ടേയിരുന്നു. ഒന്നു രണ്ട്‌ പാലങ്ങള്‍ കടന്ന് സുരക്ഷിതമായി അങ്ങനെ പൊകുമ്പോള്‍ പൊടുന്നനെ മീര ബാഗ്‌ തുറന്ന് ബുക്ക്‌ എടുത്തു. എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'. ഈ പുഴയുടെ തീരത്തിന്റെ ഒരു കോപ്പി എന്റെ കയ്യിലും ഭഗവാന്‍ പണ്ടേ തന്നിട്ടുണ്ടായിരുന്നു. അതിന് നിമിത്തമായ എന്റെ കൂട്ടുകാരിയുടെ ജന്മോദ്ദേശം ചിലപ്പോള്‍ അതായിരുന്നിരിക്കും എന്നെനിക്ക്‌ തോന്നി.

'മുകുന്ദന്റെ ബുക്കല്ലേ' റേഷന്‍ കടയിലെ കുത്തരി വായിലിട്ട്‌ നല്ല വേവാണല്ലോ അല്ലേ എന്നു ചോദിക്കുന്ന ലാഘവത്തോടെ എന്‍റെ ഇന്ട്രോടക്ഷന്‍ ഡയലോഗ്‌. (മീന്‍സ്‌ ഉത്തരം അതേ എന്നോ അല്ല എന്നോ ഉള്ളത്‌ വിഷയമേയല്ല, ചോദ്യമാണ്‌ പ്രധാനം. )

'അതെ. വായിച്ചിട്ടുണ്ടോ' മീര.

'പിന്നില്ലേ' അപ്പോള്‍ തുറന്ന വായ ഞാന്‍ ഷട്ടറിട്ടത്‌ എന്‍റെ സാഹിത്യജ്ഞാനത്തെക്കുറിച്ച്‌ മീരയെ പരിപൂര്‍ണ്ണമായി തെറ്റിദ്ധരിപ്പിച്ചതിനുശേഷമാണ്‌.(ഭഗവാന്‍ വളരെ കാല്‍ക്കുലേറ്റ്‌ ചെയ്താണ്‌ തമില്‍ കപ്പിള്‍സിന്‌ തന്നെ ബര്‍ത്ത്‌ അല്ലോക്കേറ്റ്‌ ചെയ്തത്‌ എന്നെനിക്ക്‌ ബോധ്യമായി. വെല്‍ സ്ട്രക്ചേര്‍ഡ്‌ സ്ക്രീന്‍ പ്ലേ).

പിന്നീട്‌ ചില ലാലേട്ടന്‍ സിനിമകള്‍ പോലെ ആയിരുന്നു. എല്ലാ സീനിലും ഞാനുണ്ട്‌. എപ്പോളും എനിക്ക്‌ ഡയലോഗും. നാവില്‍ സരസ്വതിയും ജാനകിയും വിലാസിനിയും ഒക്കെ അങ്ങനെ വിളയാടിക്കൊണ്ടിരുന്നു. മീരയ്കും ഉണ്ടായിരുന്നു ഒരുപാട്‌ സംസാരിക്കാന്‍.

വീടിനെക്കുറിച്ചും ജോലിയെക്കുറിച്ചും ഞങ്ങളിരിവരും വാചാലരായി.ഓടിത്തുടങ്ങിയ ബസ്സില്‍ കിളി ചാടിക്കയറിയത്‌ പോലെയാണ്‌ അവളുടെ ജീവിതത്തിലേക്ക്‌ ഞാന്‍ കടന്ന് ചെന്നത്‌ എന്നെനിക്ക്‌ തോന്നി.

ഒരുമിച്ച്‌ ഡിന്നര്‍ കഴിച്ചതിനു ശേഷവും മീരയും ഞാനും നിര്‍ത്താതെ സംസാരിച്ച്‌ കൊണ്ടേയിരുന്നു. ഗ്രൂപ്പ്‌ ഡിസ്കഷന്‌ ടോപ്പിക്ക്‌ കിട്ടിയ കുട്ടികളെപ്പോലെ. ഇന്നെനിക്കും മീരയ്കും ഉറക്കം കിട്ടാതാക്കിത്തരണേ എന്ന് സര്‍വ്വേശ്വരനോട്‌ സര്‍വ്വശക്തിയും എടുത്ത്‌ അപേക്ഷിച്ചു.

സംഭവം ഏറ്റെന്ന് തോന്നുന്നു. 'ഉറക്കം വരുന്നില്ലെ?' എന്ന എന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട്‌ മീര ഇല്ല എന്ന് തലയാട്ടി. സംസാരിക്കാന്‍ എന്തുമാത്രം കാര്യങ്ങളാ എന്നോര്‍ത്ത്‌ ഞാനും സന്തോഷിച്ചു കൊണ്ട്‌ പറഞ്ഞു 'എനിക്കും തീരെ വരണില്യ'.

ഞങ്ങള്‍ പാരലലായ അപ്പര്‍ ബര്‍ത്തുകളില്‍ സ്ഥാനം പിടിച്ച്‌ കിടന്നു. (മിണ്ടീം പറഞ്ഞും കിടക്കാല്ലോ.)

വീണ്ടും മീരയുടെ ഫോണ്‍ റിംഗ്‌ ചെയ്തു. ആരെടാ ഈ നേരത്ത്‌ ഡയല്‍ ചെയ്യുന്നത്‌? കല്യാണം കഴിഞ്ഞാല്‍ ഇവളുടെ ഫോണ്‍ ഉപയോഗം കുറയ്കാന്‍ പറയണം എന്നൊക്കെ ഞാന്‍ മനസ്സില്‍ കരുതി. വീണ്ടും ചെവി വട്ടം കൂര്‍പ്പിച്ചു. മറുതലയ്കലെ സംഭാഷണം അല്‍പം പോലും ക്ലിയര്‍ അല്ല. പക്ഷെ മീര പറയുന്നതെല്ലാം കേള്‍ക്കാം.

"ഏത്‌ കളറാ ഇഷ്ടം?"
മൗനം
"ഡാഡി തിരക്കി പറയാന്‍ പറഞ്ഞു."
മൗനം
"ബ്രൗണ്‍ ആണ്‌ വേഗം കിട്ടാന്‍ നല്ലത്‌"
മൗനം
"സ്വിഫ്റ്റ്‌ തന്നെ അല്ലേ?"
മൗനം
ഒരു പൊട്ടിച്ചിരി.

ഞാനൊരുത്തന്‍ സൈഡില്‍ ഇരിക്കുന്ന വിവരം അറിയാത്ത ഭാവത്തില്‍ മീര പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.അവളുടെ കയ്യിലെ മൈലാഞ്ചി എനിക്കെന്തോ സംശയങ്ങള്‍ ഒക്കെ നല്‍കിത്തുടങ്ങി.

ഒടുവില്‍ ഫോണ്‍ വൈക്കുന്നതിന്‌ മുന്‍പ്‌ മീരയുടെ സംഭാഷണശകലം.
"എം പി ത്രി പ്ലേയര്‍ എടുക്കാന്‍ മറന്നു."
മൗനം
"ഇല്ല ഉറങ്ങില്ല."
മൗനം
"എനിക്കൊരു ഫ്രണ്ടിനെ കിട്ടീട്ടുണ്ട്‌ സംസാരിച്ചിരിക്കാന്‍" ഒപ്പം എന്നെ ഒരു നോട്ടവും.
മൗനം
"നാളെ കാണാം. ഗുഡ്‌ നൈറ്റ്‌" ഫോണ്‍ കട്ടായി.

കാലിലെ സ്വര്‍ണ്ണപാദസരം 'ഹൗ ഈസ്‌ ദാറ്റ്‌' എന്ന് അപ്പീല്‍ ചെയ്തപോലെ. എന്റെ ഷെര്‍ലക്ക്‌ ഹോംസ്‌ ബുദ്ധിയില്‍ എന്തെക്കെയോ തെളിഞ്ഞ്‌ മിന്നി.

മീര ഫോണെടുത്ത്‌ ഡയല്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ഉറക്കം വരണില്ലല്ലോ അല്ലേ എന്ന് എന്നോടൊരു കുശലപ്രശ്നവും നടത്തി.

'ഡാഡി' എന്നഭിസംബോധന ചെയ്ത ആ കോള്‍ ഇങ്ങനെ തുടര്‍ന്നു.
'വരുണിനെ വിളിച്ചിരുന്നു.'
'സ്വിഫ്റ്റ്‌ ബുക്ക്‌ ചെയ്തോളു'
'ഹി പ്രിഫേര്‍സ്‌ യെല്ലോ കളര്‍'

ഇക്കുറി എന്നിലെ ഷെര്‍ലക്ക്‌ ഹോംസ്‌ ബുദ്ധി മുഴുവന്‍ മിന്നിത്തെളിഞ്ഞു, അതെന്നിലെ തന്നെ ഡോക്ടര്‍ വാട്സനോട്‌ വിവരിക്കാന്‍ തുടങ്ങി.

'വാട്സണ്‍, ഇവളുടെ കല്യാണനിശ്ചയം കഴിഞ്ഞിരിക്കുന്നു വരുണ്‍ എന്ന ചെറുപ്പക്കാരനുമായി. അതല്ലാതെ ഈ അവധിയില്ലാത്ത ടൈമില്‍ ലീവെടുത്ത്‌ വീട്ടില്‍ പോകാന്‍ അവള്‍ക്ക്‌ നൊസ്സുണ്ടാവില്ലല്ലോ, പ്ലസ്‌ കയ്യിലേയും കാലിലേയും മേക്കപ്പ്‌ കൂടി ശ്രദ്ധിച്ചാല്‍ അത്‌ മനസ്സിലാക്കാം. ചെറുക്കന്‌ മാരുതി സ്വിഫ്റ്റ്‌ നല്‍കാനാണ്‌ പ്ലാന്‍. യെല്ലൊ കളര്‍. എന്തെന്നാല്‍ ഹി പ്രിഫേര്‍സ്‌ യെല്ലോ കളര്‍. ഇനി മറ്റൊന്ന് കൂടി. അവന്‍ നാളെ റെയില്‍ വേ സ്റ്റേഷനില്‍ വരും. ഇവളെ പിക്ക്‌ ചെയ്യാന്‍.'

'ഓ ഹോംസ്‌. നിങ്ങളെ ഞാന്‍ സമ്മതിച്ച്‌ തന്നിരിക്കുന്നു. എങ്കില്‍ നാളെ അവന്‍ വരുന്നതിന്‌ മുന്‍പേ നമുക്ക്‌ രക്ഷപ്പെടണം. ഈ കേസില്‍ ഇനി നമുക്ക് സ്കോപ്പ്‌ ഒന്നുമില്ലല്ലോ'

'യേസ്‌ വാട്സണ്‍. ഗുഡ്‌ നൈറ്റ്‌'

ഞാന്‍ കണ്ണുകള്‍ ഇറുകിയടച്ച്‌ കിടന്നു. എനിക്കും അവള്‍ക്കും ഉറക്കം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ചത്‌ നമുക്ക്‌ തന്നെ പാരയായി.

ഒടുവില്‍ രാത്രി എപ്പോഴോ എനിക്കല്‍പം ഉറക്കം കിട്ടി. ഞാനും അര്‍നോള്‍ഡ്‌ ഷ്വോസ്നഗ്ഗറും കൂടെ ഉയരത്തില്‍ ഏതോ ഒരു വള്ളിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. താഴെ ഒഴുക്കു കൂടിയ ഒരു നദി. നദിയുടെ രണ്ട്‌ കരയിലും കാട്‌. അതില്‍ കുറെ മുതലക്കുഞ്ഞുങ്ങള്‍ അര്‍നോള്‍ഡിന്റെ ഓട്ടോഗ്രാഫ്‌ വാങ്ങാനെന്ന പോലെ തലപൊക്കി നോക്കുന്നുണ്ടായിരുന്നു. അധികം ദൂരെയല്ലാതെ ഒരു വന്‍ വെള്ളച്ചാട്ടവും കാണാം. 'എന്തിനാണണ്ണാ നമ്മളിവിടെ തൂങ്ങിക്കിടക്കുന്നത്‌' ജിജ്ഞാസുവായ എന്റെ ചോദ്യം. അര്‍നോള്‍ഡിന്‌ ഒരു ചിരി മാത്രം. 'ബീഡിയുണ്ടോ അളിയാ ഒരു തീപ്പെട്ടി എടുക്കാന്‍' എന്ന് അര്‍നോള്‍ഡ്‌ എന്നോട്‌ ചോദിക്കുകയും ബീഡിയെടുക്കാന്‍ കൈ വിട്ട ഞാന്‍ മാത്രം പിടിവിട്ട്‌ താഴേക്ക്‌ പോകുന്നതായും ഉള്ള ഒരു സ്വപ്നം കണ്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. അപ്പോളും മീര ഉറങ്ങാതെ മെസ്സേജ്‌ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ താഴെ വീണപ്പോള്‍ അര്‍നോള്‍ഡിന്റെ മുഖത്ത്‌ കണ്ട അതേ ചിരി അവളുടെ മുഖത്തും കണ്ടു. അര്‍നോള്‍ഡിന്റെ 'പുവര്‍ മാന്‍' എന്ന അലര്‍ച്ച അപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

മുതലക്കുഞ്ഞുങ്ങള്‍ക്കിടയില്‍ പെടാതെ, വെള്ളച്ചാട്ടത്തില്‍ പോകാതെ വേഗം നീന്തി കര പറ്റണം. അവിടെ വല്ല ആദിവാസികളും കാണാന്‍ സാധ്യതയും ഉണ്ട്‌. ഉടന്‍ തന്നെ സ്ട്രറ്റജി ഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും കണ്ണടച്ച്‌ കിടന്നു. (അതിന്റെ ബാക്കി കാണാന്‍ പറ്റിയില്ല. എങ്കിലും ഞാന്‍ രക്ഷപെട്ടു എന്നു കരുതുന്നു.)

രാവിലെ ട്രയിന്‍ ചെന്നൈയില്‍ എത്തിയതും ഞാന്‍ മീരയുടെ കണ്ണ്‍ വെട്ടിച്ച്‌ രക്ഷപ്പെട്ടു. എങ്കിലും വരുണിനെ ഒരു വട്ടം നോക്കാന്‍ ഞാന്‍ മറന്നില്ല. ആ മീശയില്‍ തന്നെ ഞാന്‍ അപ്രൂവ്വ്ഡ്‌ ആയിരുന്നു.

വാല്‍ക്കഷ്ണം : ഈ ബ്ലോഗ്‌ എഴുതാനിരിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ഷേവ്‌ ചെയ്യുകയായിരുന്നു. ഇന്നും മീശ റെയില്‍പാളം പോലെ അങ്ങനെ കിടക്കുന്നു. എന്നെങ്കിലും അത്‌ ടാറിട്ട റോഡ്‌ പോലാകുമായിരിക്കും.:)


(മയ്യഴിപ്പുഴ എന്റെ കയ്യിലെത്തിച്ചത്‌ ഒരു സുഹൃത്താണ്. ഓണ്‍ലൈന്‍ ബുക്ക്‌ വാങ്ങാന്‍ കാട്ടിക്കൊടുത്ത ഗുരുവായ എനിക്ക്‌ അവളൊരു ഗുരുദക്ഷിണ രൂപേണ ആദ്യമായി വാങ്ങിയ മയ്യഴിപ്പുഴ തന്നു. ആദ്യത്തെ പേജില്‍ 'അജിത്തിന്‌' എന്ന് നീലമഷിയില്‍ കുറിച്ചിരുന്നു. എനിക്കീസമ്മാനം നല്‍കുമ്പോള്‍ കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മയില്‍ അല്പം നൊമ്പരം തൂകി ഇന്നും നില്ക്കുന്നു. 'എന്റെ പേര്‌ ഞാന്‍ എഴുതുന്നില്ല കാരണം അത്‌ എഴുതിയിടമെല്ലാം ചീത്തയാക്കിയിട്ടേയുള്ളൂ' എന്ന്)

Sunday, November 04, 2007

പുട്ടുകുറ്റിയിലെ കൊടുങ്കാറ്റ്‌ (റീലോഡഡ്‌)

ഇതൊരു സംഭവകഥയാണ്‌ അല്‍പമൊരു വിപ്ലവകഥയും. അതോണ്ട്‌ സമയം കളയാതെ നേരെ പാത്രപരിചയത്തിലേക്ക്‌ പോകാം. എനിക്ക്‌ മൂന്നുണ്ട്‌ സഹമുറിയന്മാര്‍ (അഥവാ ഞങ്ങള്‍ നാലാളാണ്‌ ഒന്നിച്ച്‌ പൊറുതി). പാലാക്കാരന്‍ മണ്ണിന്റെ മണമുള്ള(ആലങ്കാരികമായി പറഞ്ഞതാ സത്യായിട്ടും ഞാന്‍ മണത്തൊന്നും നോക്കീട്ടില്ല) ചാക്കോച്ചന്‍, പീഡനജില്ലയില്‍ നിന്നൊരു ഇറക്കുമതി തോമാച്ചന്‍, പിന്നെ സാക്ഷാല്‍ ആന്റണി എന്ന ഒളിമ്പ്യന്‍ അന്തോണി.

അന്തോണി ഒളിമ്പ്യന്‍ ആകാനൊരു കാരണമുണ്ട്‌. ലോകത്തുള്ള എല്ലാ കായികവിനോദങ്ങളിലും തല്‍പരനാണ്‌ കക്ഷി. ശരീരമനങ്ങാത്ത ഒന്നാന്തരമൊരു കായികപ്രേമി. ആര്‍ക്കും അസൂയതോന്നിക്കുന്ന ഫിറ്റ്‌ നെസ്സ്‌ ഉള്ള ഒരസ്സല്‍ കായികതാരത്തിന്റെ ശരീരമാണ്‌ കക്ഷിക്ക്‌. കലികാലമെന്നല്ലാതെ എന്താ പറയുക, ഇത്‌ പറഞ്ഞ്‌ തീര്‍ന്നില്ല അതിന്‌ മുന്‍പേ കക്ഷിക്ക്‌ പനി പിടിച്ചു. (സത്യായിട്ടും 'പുഴു'വിന്‌ കരിനാക്കില്ല!!!) പനി മാത്രമല്ല ചുമയും ശരീരക്ഷീണവും. ആകെ തളര്‍ച്ച(പിള്ളേര്‌ കപ്പെടുത്തപ്പോള്‍ ടെന്‍ഡുല്‍ക്കര്‍ക്ക്‌ തോന്ന്യപോലെ).

അന്തോണിച്ചന്‍ ആകെ വെപ്രാളപ്പെട്ടു. നേരേ വെച്ച്‌ പിടിച്ചു കോഴിക്കോട്ടേക്ക്‌. എന്തിനാ? ഡോക്ടറെക്കാണാന്‍. കോളൊത്തു എന്ന് കണ്ടപ്പോളേ ഡോക്ടര്‍ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാനും സ്കാന്‍ ചെയ്യാനും അരുളിച്ചെയ്തു. ചോര സിറിഞ്ചില്‍ കയറി വടക്കോട്ട്‌ പോകുന്നത്‌ കണ്ടപ്പോള്‍ ഒളിമ്പ്യന്‍ കണ്ണടച്ച്‌ പിടിച്ച്‌ മനസ്സില്‍ ജയ്‌ ഹിന്ദ്‌ പറഞ്ഞു.(കണ്ണടച്ച്‌ പാലുകുടിക്കാമെങ്കില്‍ ഇതും ആകാമത്രെ).

ഇതിനകം എക്സ്‌ റേ കിട്ടി. ബ്ലഡില്‍ ഒരുപാട്‌ ഐറ്റംസ്‌ ഉള്ളതോണ്ട്‌ ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ വരാന്‍ ഇനിയും വൈകുമത്രേ. എക്സ്‌ റേ എടുത്ത്‌ നോക്കണോ? നോക്കിയാലും ഒന്നും മനസ്സിലാകില്ല എങ്കിലും കാശ്‌ മുടക്കിയതാണല്ലോ നെഞ്ചത്തെ മസ്സിലിന്റെ ഡെപ്ത്‌ നോക്കാമല്ലോ എന്നു കരുതി ഒളിമ്പ്യന്‍ എക്സ്‌ റേ എടുത്ത്‌ സൂര്യഭഗവാന്റെ നേര്‍ക്ക്‌ നിവര്‍ത്തി. കണ്ണുകളെ വിശ്വസിക്കാനായില്ല. തല ചുറ്റുന്നത്‌ പോലെ.

എക്സ്‌ റേയില്‍ ഒരു ഭാഗം ബ്ലാങ്ക്‌!!!

റിപ്പോര്‍ട്ട്‌ വരാതെ ഡോക്ടറെക്കാണാന്‍ പറ്റില്ല. ഈ ഇന്നിങ്ങ്സ്‌ പെട്ടെന്ന് തീര്‍ത്ത്‌ കളയല്ലേ എന്ന് തേഡ്‌ അമ്പയറോട്‌ പ്രാര്‍ത്ഥിച്ചു. മനസ്സിനൊരു ധൈര്യം കിട്ടാന്‍ ഒരു ഡ്രിപ്പിടാന്‍ എക്സ്‌ റേ കൊണ്ടുവന്ന സിസ്റ്ററോട്‌ അപേക്ഷിച്ചു.

"എന്ത്‌ പറ്റി എക്സ്‌ റേയുടെ ബില്ല് കണ്ടോ" സിസ്റ്ററുടെ ജിജ്ഞാസ.
"ഇല്ല എക്സ്‌ റേ കണ്ടതെയുള്ളു" ഒളിമ്പ്യന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

ബ്ലഡ്‌ ടെസ്റ്റിന്റെ റിപ്പോര്‍ട്ട്‌ കിട്ടിയപ്പോള്‍ പി ടി ഉഷയെ മനസ്സില്‍ ധ്യാനിച്ച്‌ ഒളിമ്പ്യന്‍ അന്തോണിച്ചന്‍ ഓടി ഡോക്ടറുടെ ക്യാബിനിലേക്ക്‌. എക്സ്‌ റേ റിപ്പോര്‍ട്ട്‌ ഒരു സ്മാഷ്‌ ഡോക്ടറുടെ ഡെസ്കിലേക്ക്‌. ഡോക്ടര്‍ പരിശോധിച്ച്‌ പേടിക്കാനൊന്നുമില്ല എന്ന് അറിയിച്ചു.

"അതെന്താ ഇനി പേടിച്ചിട്ട്‌ കാര്യമൊന്നുമില്ലേ?" ഒളിമ്പ്യന്‍ അലറി.
"ഇല്ല മിസ്റ്റര്‍ ആന്റണി. ഇതൊരു ചെറിയ ഫീവര്‍ അല്ലേ" ഡോക്ടര്‍

"എക്സ്‌ റേയില്‍ ഒരു വശം ബ്ലാങ്ക്‌ ആണ്‌ ഡോക്ടര്‍. ജീനിയെസ്സുകള്‍ക്കെല്ലാം അല്‍പായുസ്സാണല്ലോ. ഒരു രഹസ്യം പറയട്ടേ ഞാനൊരു ജീനിയസ്സാണ്‌ ഡോക്ടര്‍" ഒളിമ്പ്യന്‍ ഒറ്റശ്വാസത്തില്‍ രഹസ്യമൊരു ഏസ്‌ രൂപത്തില്‍ ഡോക്ടര്‍ക്ക്‌ നേരേ തൊടുത്തു.

'എക്സ്‌ റേ കണ്ട്‌ പേടിക്കണ്ട. ഉള്ളിലെ അവയവങ്ങള്‍ക്കൊന്നും ഒരു കുഴപ്പവുമില്ല' ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടര്‍.

ഒളിമ്പ്യന്‍ എല്ലാ എഫ്‌1 ദൈവങ്ങള്‍ക്കും(ഫാസ്റ്റായി ഹെല്‍പ്‌ ചെയ്യുന്ന ദൈവങ്ങളത്രെ) നന്ദി പറഞ്ഞു.
"അപ്പോള്‍ എക്സ്‌ റേ?"

"ഉള്ളില്‍ ഒരുപാട്‌ കഫം നിറഞ്ഞിരിക്കുന്നു. അതാ സ്കാനിങ്ങില്‍ കാണാത്തത്‌. ഒരുപാട്‌ പൊടിയുള്ള സ്ഥലത്തണോ താമസം?"

'പൊടിയോ? കഴിഞ്ഞദിവസം മഡ്‌ റേസ്‌ ടിവിയില്‍ കണ്ടതല്ലാതെ പൊടിയുമായി ഒരു ബന്ധവുമില്ലല്ലോ. എന്തായാലും ഇനി ഒന്നും പേടിക്കാനില്ല' ഒളിമ്പ്യന്‍ ആശ്വസിച്ചു.

പഴയ രാജാക്കന്മാരുടെ സ്റ്റെയിലില്‍ ഒരു കിഴി ഗുളികകള്‍ ഡോക്ടര്‍ കൊടുത്തു. ഒപ്പം ഒരു ഉപദേശവും. 'പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുക'
ഒളിമ്പ്യന്‍ ഡോക്ടറോട്‌ നന്ദി പറഞ്ഞു മടങ്ങിയെത്തി പുഴുമടയില്‍. അടുത്ത പ്രഭാതത്തില്‍ ഞങ്ങള്‍ കണ്ടത്‌ ടിവി സ്റ്റാന്‍ഡ്‌ നിറഞ്ഞിരിക്കുന്ന ഗുളികകളാണ്‌.(ബൗളിങ്ങിന്‌ ഇങ്ങനാണത്രെ കുപ്പികള്‍ അടുക്കിവൈക്കുന്നത്‌).

ഓരോ ഗുളികയുടെ കവറിലും മനോഹരമായ കൈയ്യക്ഷരത്തില്‍ എഴുതിവച്കിരിക്കുന്നു അവ കഴിക്കാന്‍ ചില 'ഓര്‍മ്മക്കുറിപ്പുകള്‍'

'എഫ്‌1 റേസിന്‌ മുന്‍പ്‌'
'20-20 ക്ക്‌ ശേഷം'
'വിമ്പിള്‍ഡണിന്റെ ഇടയ്ക്ക്‌'
'കോപ്പാ അമേരിക്കയുടെ സഡന്‍ ഡെത്ത്‌ സമയത്ത്‌' അങ്ങനെ ഓരോന്ന്.
ഇവയില്‍ ഏതോ ഒന്ന് കിക്കോഫ്‌ നടത്തി ഒളിമ്പ്യന്‍ ഓഫീസിലേക്ക്‌ യാത്രതുടങ്ങി.

ഇനി മറ്റ്‌ കഥാപാത്രങ്ങളെ ഒന്നു വിശദമായി പരിചയപ്പെടാം. ചാക്കോച്ചന്‍ എന്ന ചാക്കോ അച്ചായന്‍. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ കൂറ്‌ പുലര്‍ത്തുന്ന, നാളികേരത്തിന്റെ നാട്ടില്‍ സ്വന്തമായി ഏക്കര്‍ കണക്കിന്‌ മണ്ണുള്ള ഒരു നാട്ടുപ്രമാണി.(മലയാളി സമൂഹത്തിന്റെ വലിയൊരു പക്ഷത്തിനും ആ ഗാനം ഒരു ഭാവനാസ്രുഷ്ടി മാത്രമാണല്ലോ ഇന്ന്.) നമ്മുടെ ഒളിമ്പ്യനും ഉണ്ടൊരു കമ്യൂണിസ്റ്റ്‌ മനസ്സ്‌.

മൂന്നാമന്‍ തോമാച്ചന്‍ എന്ന ബ്രാന്‍ഡഡ്‌ ബൂര്‍ഷ്വാ. മുതലാളിത്തവ്യവസ്ഥിതിയുടെ പ്രതിനിധി. എന്നുവച്ചാല്‍ ഈ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സിന്ദാബാദ്‌ വിളിക്ക്‌ ചെവികൊടുക്കാതെ കഴിയുന്ന ഒരു ആത്മാവ്‌. നാലാമന്‍ ഈയുള്ളവനായ 'പുഴു'(പ്രാഫെയിലില്‍ പറഞ്ഞിരിക്കുന്നപോലെ ഈ പുലികള്‍ക്കിടയിലെ ഒരു കുഞ്ഞ്‌ സിംഹം). നമ്മുടെ രാഷ്ട്രീയ വീക്ഷണം സമദൂരസിദ്ധാന്തത്തിലൂന്നിയതാണ്‌. അതായത്‌ തല്‍ക്കാലം ഏത്‌ കോള്ളാമോ അങ്ങോട്ട്‌ ചായും.

പനി കടന്ന് മടങ്ങിവന്ന ഒളിമ്പ്യന്‍ ഈ പാത്രങ്ങള്‍ക്കിടയിലേക്ക്‌ മറ്റൊരു പാത്രത്തെ ഇന്റ്രൊഡ്യൂസ്‌ ചെയ്തോണ്ടാണ്‌. ഒരു പുട്ട്‌ കുറ്റി. അടുത്തപ്രഭാതം ഞങ്ങളുടെ താവളത്തിലെത്തി നോക്കിയപ്പോള്‍ കണ്ടത്‌ അടുപ്പത്തിരുന്ന് പുകയുന്ന പുട്ടുകുറ്റിയേയാണ്‌. ചൂടന്‍ സ്പോര്‍ട്സ്‌ ന്യൂസ്‌ ചൂട്‌ പുട്ടിനും പൂവമ്പഴത്തിനുമൊപ്പം തട്ടുന്നതാണ്‌ ഒളിമ്പ്യന്‌ ഇഷ്ടമെന്ന് ഞങ്ങള്‍ക്ക്‌ പിന്നീടുള്ള ദിവസങ്ങള്‍ കൊണ്ട്‌ മനസ്സിലായി. ഞങ്ങളുടെ ഇന്റേണല്‍ കോണ്‍ഗ്രസ്സില്‍ ഒളിമ്പ്യന്റെ ഈ പുട്ട്‌ തീറ്റ ഒരു ചര്‍ച്ചാവിഷയമായി. എന്ത്‌ കൊണ്ട്‌ നമുക്കൊരു പീസ്‌ തന്നുകൂടാ എന്ന സ്വാഭാവിക സംശയം എനിക്കും ചാക്കോച്ചനും ഉണ്ടായി.തോമാച്ചന്‍ ഇത്‌ കാണാത്ത കേള്‍ക്കാത്ത ഭാവത്തില്‍ അമേരിക്കയുടെ ഇറാഖ്‌ നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ പോന്നു. എങ്കിലും പുട്ടിന്റെ കാര്യത്തില്‍ സോഷ്യലിസം നടപ്പാക്കണമെന്ന ചാക്കോച്ചന്റെ തീരുമാനത്തിന്‌ ഞാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി.

ഞങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കാന്‍ അവസരം നോക്കിയിരിക്കുമ്പോളാണ്‌ അന്നത്തെ മാത്രഭൂമി നക്സല്‍ ആക്രമണത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.(സാധാരണ പാമ്പ്‌ കിടന്നിടത്ത്‌ ചേമ്പ്‌, കുരങ്ങനെ സ്നേഹിച്ച ആനക്കുട്ടി, മലയാളത്തിന്റെ ശ്രീ‌ വൈഡ്‌ എറിഞ്ഞില്ലായിരുന്നേല്‍ വിക്കറ്റ്‌ കിട്ട്യേനേ തുടങ്ങിയ ന്യൂസുകളാണ്‌ പ്രസിദ്ധീകരിക്കാറുള്ളത്‌). തോമാച്ചനും അമേരിക്കയ്കും നക്സല്‍ ആക്രമണത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ചാക്കോച്ചായനും ഒളിമ്പ്യനും ചര്‍ച്ചയ്കുള്ള കോപ്പുകള്‍ കൂട്ടി. 'പുഴു'വും പങ്ക്‌ ചേര്‍ന്നു ഈ ചര്‍ച്ചയില്‍ എന്തെന്നാല്‍ നമ്മള്‍ സമദൂരമാണല്ലോ.

ചര്‍ച്ച ചൂടുപിടിച്ചു. ഒളിമ്പ്യന്‍ നക്സലിസത്തിനു അനുകൂലമായും ചാക്കോച്ചായന്‍ തിരിച്ചും. പെട്ടെന്നായിരുന്നു ഒളിമ്പ്യന്‍ ഒരു വടക്കന്‍ എക്സാമ്പിള്‍ എടുത്ത്‌ കീച്ചിയത്‌. ഭരണസ്തംഭനം കൊണ്ട്‌ പോറുതിമുട്ടിയ തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ചായിരുന്നു അത്‌. ചാക്കോച്ചായന്‍ ഉത്തരമില്ലാതെ അത്‌ കേട്ട്‌ ഒളിമ്പ്യന്റെ ആശയങ്ങളുടെ കൂടാരത്തിലേക്ക്‌ മനസ്സ്‌ കൊണ്ട്‌ നടക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ ഈ 'പുഴു' ഇതിനകം ഒളിമ്പ്യന്റെ കൂടാരത്തില്‍ച്ചെന്ന് ചാക്കോച്ചായനായി ചായ ഉണ്ടാക്കി തുടങ്ങിയിരുന്നു. എന്തെന്നാല്‍ നമ്മള്‍ സമദൂരമാണല്ലോ.

ഒളിമ്പ്യന്‍ സേതുരാമയ്യര്‍ സി ബി ഐ പോലെ കാര്യങ്ങള്‍ സമര്‍ത്ഥിച്ച്‌ തുടങ്ങി. "തെറ്റ്‌ ചെയ്യുന്നവരായാലും അവര്‍ക്ക്‌ പേടി ഉണ്ടാകണം. അതിന്‌ നക്സല്‍ ആക്രമണങ്ങള്‍ കുറെ ഒക്കെ സഹായിച്ചിട്ടുണ്ട്‌. ആക്രമണം ഒന്നിനും ഒരു പ്രതിവിധിയല്ല എങ്കിലും ഒന്ന് രണ്ടെണ്ണം ഇങ്ങനെ ഉണ്ടായാലേ പേടി ഉണ്ടാകൂ"

പെട്ടെന്ന് ഈ വാക്കുകള്‍ ചില ടിവി സീരിയല്‍ പരസ്യം പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ മുഴങ്ങുന്നതായി 'പുഴു'വിന്‌ തോന്നി. ചാക്കോച്ചായന്റെ മനസ്സിലും അവ ആളിക്കത്തി.

ആ പുട്ടുകുറ്റിയില്‍ നിന്ന് ഒരു കൊടുങ്കാറ്റുയര്‍ന്ന് വരുന്നത്‌ ഞങ്ങള്‍ കണ്ടു.

"തെറ്റ്‌ ചെയ്യുന്നവരായാലും അവര്‍ക്ക്‌ പേടി ഉണ്ടാകണം. അക്രമണത്തിലൂടെ എങ്കില്‍ അങ്ങനെ.." ഒളിമ്പ്യന്റെ വാക്കുകള്‍ ഷാപ്പിലെ ചിരി പോലെ പ്രകമ്പനം കൊണ്ടു.

ഒളിമ്പ്യന്‍ ചെയ്യുന്നത്‌ തെറ്റല്ലേ. 2 വയറുകള്‍ക്ക്‌(പുഴുവിന്‌ ഒന്നര വയറുണ്ടെന്ന് അസൂയാലുക്കള്‍ ചുമ്മാ പറയുന്നതാ) പുട്ട്‌ കൊടുക്കാതെ തന്നെ കഴിക്കുക. അമേരിക്കയ്ക്‌ പുട്ടില്‍ താല്‍പര്യമില്ലാത്തിടത്തോളം കാലം 2 വയറുകളുടെ കാര്യമാണിത്‌. ഒരു വികസ്വരരാഷ്ട്രത്തില്‍ ഒരു ചെറുപ്പക്കാരന്‍ ചെയ്യാന്‍ പാടുള്ളതാണോ ഇത്‌.

"തെറ്റ്‌ ചെയ്യുന്നവന്‍, അവന്‌ പേടി ഉണ്ടാകണം. അക്രമത്തിലൂടെ എങ്കില്‍ അങ്ങനെ" ഹച്ചിന്റെ പട്ടിയെ വൊഡാഫോണ്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ദത്തെടുത്ത പോലെ ഒളിമ്പ്യന്റെ വാക്കുകള്‍ കടമെടുത്ത്‌ ഞാന്‍ ഫുള്‍ എക്സ്പ്രഷനോടെ കാച്ചി.

"അക്രമം തന്നെ" ചാക്കോച്ചയന്‍ സപ്പോര്‍ട്ട്‌ തന്നു.
"ഒളിമ്പ്യനെ തട്ടാം അല്ലെങ്കില്‍ വെട്ടാം അപ്പോള്‍ പേടി വരും" ഞാന്‍ പ്ലാനിട്ടു.
"പാടില്ല പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്‌" ചാക്കോച്ചായന്‍ മുന്‍ഷി സ്റ്റെയിലില്‍ ഒരു ഡയലോഗിട്ടു.
"എന്ന് പറഞ്ഞാല്‍" എനിക്ക്‌ വീണ്ടും സംശയം.

"എന്ന് വച്ചാല്‍ ഒളിമ്പ്യനെ തട്ടുകയും മുട്ടുകയും ഒന്നും വേണ്ടാ. എന്തേലും പാകപ്പിഴ വന്നാല്‍ പുട്ട്‌ എന്നെന്നേക്കുമായി നഷ്ടപ്പെടും"

"ഊം സത്യം" ഞാനൊന്നിരുത്തി മൂളിക്കൊണ്ട്‌ സപ്പോര്‍ട്ട്‌ കൊടുത്തു. നമ്മളിപ്പോളും സമദൂരമാണല്ലോ.

"അപ്പോള്‍ പുട്ടോ?" എന്റെ മൂക്ക്‌ വിടര്‍ന്ന് ക്വാസ്റ്റ്യന്‍ മാര്‍ക്ക്‌ പോലെ വളഞ്ഞു.

"അമേരിക്കയെ തട്ടാം അല്ലെങ്കില്‍ വെട്ടാം. അവനെക്കൊണ്ട്‌ അങ്ങനെയെങ്കിലും ഒരു പ്രയോജനമുണ്ടാകട്ടെ. എന്നിട്ടും പേടിച്ചില്ലേല്‍ അപ്പോള്‍ നോക്കാം" ചാക്കോച്ചായന്‍ തന്റെ ഐഡിയായുടെ മണിച്ചെപ്പ്‌ തുറന്നു.

'ആന്‍ ഐഡിയാ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്‌' എനിക്കുറപ്പായിരുന്നു.

ഇതൊന്നും അറിയാതെ പാവം അമേരിക്കന്‍ തോമ ഉറക്കമായിരുന്നു.(അമേരിക്കയില്‍ അത്‌ നൈറ്റ്‌ ടൈം ആയിരുന്നല്ലോ)

പഴയ സി ഐ ഡി പടങ്ങളിലെ നസീറിനെപ്പോലെ ഒളിമ്പ്യന്‍ ഇതെല്ലാം മറഞ്ഞ്‌ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. കയ്യില്‍ കാര്‍ഡില്ലാത്ത റഫറിയെപ്പോലെ അവന്‍ നിസ്സഹായനായി നിന്നു. വെട്ടും കുത്തുമൊന്നുമില്ലാതെ തന്നെ ഒളിമ്പ്യന്‍ പേടിച്ചു. വെറുതെ ഒരു ജീനിയസ്സിന്റെ ജീവന്‍ ബലി കൊടുക്കേണ്ടതില്ലല്ലോ.

അടുത്ത ദിവസം മുതല്‍ പുട്ട്‌ കുറ്റി ഞങ്ങള്‍ക്കായിക്കൂടി പുകഞ്ഞു. ചൂട്‌ പുട്ടും ചൂടന്‍ മാത്രഭൂമി ന്യൂസും പഴവുമായി ഞങ്ങളും പുഷ്ടി പ്രാപിച്ചു. അപ്പോളും അമേരിക്ക വിവരം അറിഞ്ഞിട്ടുണ്ടായിരുന്നില്ല കാരണം പുട്ടിലവര്‍ക്ക്‌ പണ്ടേ ഇന്ററസ്റ്റ്‌ ഇല്ലല്ലോ.
പുട്ടിന്‌ മുട്ടില്ലാതായപ്പോള്‍ ഒളിമ്പ്യനും ഞങ്ങളും വീണ്ടും പുട്ടുപൊടിയും തേങ്ങാക്കൊത്തും പോലെ അടുത്തു.ഒളിമ്പ്യന്‍ നല്ല 916 സല്‍സ്വഭാവിയായി മാറി.

ഒരുതുള്ളി രക്തം പോലും ചൊരിക്കാതെ, ഭാവിയിലെ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കായി ഞങ്ങളങ്ങനെ ഒരു വിപ്ലവം എഴുതിച്ചേര്‍ത്തു. 'പ്ലാനിപ്പുട്ട്‌ വിപ്ലവം' എന്നോ മറ്റോ ലോകം നാളെ ഇതിനേ വിശേഷിപ്പിച്ചേക്കാം. പ്ലാനിട്ട്‌ പുട്ട്‌ തട്ടിയ രക്തരഹിത വിപ്ലവം.

Monday, September 10, 2007

താറാവ്‌

രൂപാ ആയിരം മുടക്കിയെന്ന് ദിലീപ്‌ വീണ്ടും വീണ്ടും മുന്‍പിലിരിക്കുന്ന കുപ്പിയെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. കുപ്പിക്കുള്ളിലെ ആയിരത്തിന്റെ തുള്ളികള്‍ ഉള്ളില്‍ചെന്ന് തുള്ളല്‍ നടത്തിയത്‌ കൊണ്ടോ മറ്റോ പപ്പന്‍ ശക്തമായി പ്രതികരിച്ചു "പണ്ട്‌ യൂണിവേഴ്സിറ്റിയില്‍ ഫീസ്‌ അടയ്കാനെന്ന് പറഞ്ഞ്‌ അപ്പന്റെ കീശയില്‍ നിന്ന് ചോര്‍ത്തിയ തുട്ടുകള്‍ കൊണ്ട്‌ വാങ്ങിയിരുന്ന 'മേഡ്‌ ഇന്‍ കട്ടപ്പന'യുടെ സുഖം ഒന്നുമില്ല നിന്റെ ഈ ആയിരത്തിന്റെ കളറിന്‌." ഞങ്ങളെല്ലാം ആ പ്രസ്താവന ശരിവച്ചു. കട്ടപ്പനയുടെ സ്മരണയ്കായി അവസാനറൗണ്ട്‌ ഡെഡിക്കേറ്റ്‌ ചെയ്തുകൊണ്ട്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ഗ്ലാസ്സ്‌ കയ്യിലെടുത്തപ്പോള്‍ ദിലീപിന്റെ റൂമിലെ ഫാനിനൊപ്പം ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന അവന്റെ കാരണവരുടെ ഫ്രേം ചെയ്ത ഫോട്ടോയും ബൈക്കിന്റെ കീയും എന്നു വേണ്ട കിരണ്‍ ടിവിയിലെ പെണ്‍കുട്ടി വരെ വാഷിംഗ്‌ മെഷീന്റെ പരസ്യത്തിലേതെന്നപോലെ വട്ടം ചുറ്റാന്‍ തുടങ്ങി. ദിലീപും പപ്പനും ചാണ്ടിയുമെല്ലാം എന്റെ അനാലിസിസ്‌ ശരിവച്ചു. ആകെ ചുറ്റാതെ ഇരിക്കുന്നത്‌ ആയിരത്തിന്റെ കുപ്പി മാത്രം. ഒരുപക്ഷെ ഈ ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രമായത്‌ കൊണ്ടാകും. അപ്പോളാണ്‌ കുപ്പിക്ക്‌ സമീപം ഇരിക്കുന്ന താറാമ്മുട്ടകളില്‍ ശ്രദ്ധ പതിഞ്ഞത്‌. രണ്ടെണ്ണം ഉള്ളില്‍ ചെന്നാല്‍ എന്തേലും ഓര്‍ത്ത്‌ സെന്റിയടിച്ചില്ലേല്‍ പിന്നെന്ത്‌ രസം. ടോപ്പിക്കില്ലാതെ വലഞ്ഞ ഞങ്ങള്‍ക്ക്‌ ആ താറാമ്മുട്ടകള്‍ പകര്‍ന്ന് തന്നതൊരു പുതുയുഗമാണ്‌.

അന്ന് ഞാന്‍ കട്ടപ്പനയില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥി. വിദ്യയോട്‌ യാതൊരു ആര്‍ത്തിയുമില്ലാതെ, ഷാജി കൈലാസിന്റെ പടത്തിനുവരെ രണ്ടാമതൊന്നാലോചിക്കാതെ റിലീസ്‌ ദിവസം തന്നെ ഡേറ്റ്‌ കൊടുത്തിരുന്ന കാലം.

"നിനക്കും വേണ്ടേടാ ഒരു കൂട്ട്‌. അസൈന്റ്‌ മെന്റ്‌ എഴുതിത്തരാനും പരീക്ഷയ്ക്‌ രാവിലെ ക്യാപ്സൂള്‍ പരുവത്തില്‍ പാഠങ്ങള്‍ ഉരുട്ടിത്തരാനും അവധിക്ക്‌ വീട്ടില്‍ പോകുമ്പോള്‍ കണ്ണ്‍ നിറയ്കാനും എന്തിനധികം പറയുന്നു കോളേജില്‍ വരാന്‍ ഒരാവേശം കിട്ടനെങ്കിലും" ഒരു റെസ്പോണ്‍സിബിള്‍ രക്ഷകര്‍ത്താവിനെപ്പോലെ പപ്പന്‍ ചോദിച്ചു.

ആ ചോദ്യം തളപ്പിട്ട്‌ കയറിയത്‌ എന്റെ ചിന്തയുടെ കൊന്നത്തെങ്ങിലേയ്ക്കാണ്‌. സപ്ലിമന്റ്‌ പരീക്ഷാരാത്രികളിലെ കുലങ്കുഷമായ ബ്രയിന്‍ സ്റ്റോര്‍മിംഗ്‌ ചര്‍ച്ചകളിലൂടെ രൂപം കൊണ്ട്‌, ക്യാപ്സൂള്‍ പരുവത്തില്‍ വിഴുങ്ങാന്‍ വച്ചിരിക്കുന്ന ഫോട്ടോസ്റ്റാറ്റ്‌ പേപ്പ്പ്പറുകളില്‍ മാത്രം വ്യക്തതയോടെ കണ്ടിരുന്ന രൂപം. അതായിരുന്നു പ്രേമക്കുടുക്കുകളില്‍ വീഴാനിടവരാത്തവരുടെ സ്ത്രീ സങ്കല്‍പ്പം. (കാവി മുണ്ടുടുക്കുന്ന കൂട്ടരായിരുന്നു ഞങ്ങള്‍, എപ്പോള്‍ വേണേലും സന്യാസം സ്വീകരിക്കാന്‍ ഒരു മുതല്‍ക്കൂട്ടകുമല്ലോ അത്‌.) ആ രൂപത്തിനൊരു മുഖം മാത്രമുണ്ടായിരുന്നില്ല. എപ്പോളും കട്ടിലില്‍ കറുത്തപാവാടയും വെള്ള ടോപ്പും അണിഞ്ഞ്‌ കമിഴ്‌ന്ന് കിടക്കുമായിരുന്നു.(എം ജി യൂണിവേഴ്സിറ്റിയുടെ ഉത്തരമറിയില്ലാത്ത ചോദ്യങ്ങള്‍ക്കെല്ലാം മുകളില്‍ പറഞ്ഞിരിക്കുന്ന രൂപത്തിന്റെ ഇംഗ്ഗ്ലീഷ്‌ പരിഭാഷയായിരുന്നു ഉത്തരം.)


ചിന്തയില്‍ നിന്ന് മുക്തനായി അല്‍പ്പം നിരാശകലര്‍ത്തി മൊഴിഞ്ഞു." ഇത്‌ വിരൂപന്മാരുടെ കാലമല്ലേടാ. നമുക്കൊക്കെ എന്ത്‌ ചാന്‍സ്‌"

പപ്പനെന്റെ ഉത്തരത്തിന്‌ കാത്ത്‌ നില്‍ക്കാതെ ലൈബ്രറി ബ്ലോക്കിലേക്ക്‌ പ്രിയസഖിയെക്കാണാനായി നടത്തം ആരംഭിച്ചിരുന്നു. പപ്പന്‍ പോയെങ്കിലും അവന്റെ വാക്കുകള്‍ സുനാമിപോലെ എന്റെ ചിന്തയുടെ തീരപ്രദേശങ്ങളില്‍ അലയടിച്ച്‌ കൊണ്ടിരുന്നേയിരുന്നു. എനിക്കും പോകണ്ടേ ലൈബ്രറിബ്ലോക്കില്‍!!

മിഷന്‍ ഇമ്പോസ്സിബിള്‍ സി ഡി എടുത്ത്‌ കൊണ്ട്‌ പോയി വീണ്ടും വീണ്ടും കണ്ടു, രണ്ട്‌ കാര്യം മനസ്സിലായി. വിചാരിച്ചാല്‍ നമുക്ക്‌ എന്തും നടത്താമെന്നും ഇംഗ്ലീഷ്‌ ഭാഷ ഒരല്‍പം കട്ടിയാണെന്നും. അടുത്തപ്രഭാതത്തില്‍ സൂര്യഭഗവാന്‍ എന്നെക്കണ്ട്‌ താന്‍ ഉദിക്കാന്‍ ലേറ്റ്‌ ആയോ എന്നു ഡൗട്ട്‌ അടിച്ചു. അങ്ങേര്‍ക്കറിയില്ലല്ലോ ഞാന്‍ ദ്രുഡനിശ്ചയത്തോടെ പുതിയമനുഷ്യനായി മാറിയ വിവരം.

നേരെ ചെന്നു ലൈബ്രറിബ്ലോക്കിലേക്ക്‌. എല്ലാ കമിതാക്കളും അവര്‍ക്ക്‌ പട്ടയമുള്ള പ്രദേശങ്ങളില്‍ യഥാവിധം ഇരിപ്പുറപ്പിച്ചിട്ടുണ്ട്‌. സില്‍ക്ക്‌ സ്മിതയെക്കണ്ട സത്താറിനെപ്പോലെ ലൈബ്രറിയിലേക്ക്‌ ഓടിക്കയറി ബുക്സ്‌ പരിശോധിക്കാന്‍ തുടങ്ങി. അപ്പോളതാ കണക്കിന്റെ കട്ടികൂടിയ ബുക്കിനപ്പുറത്ത്‌ നിന്നുമൊരു കിളിനാദം. കണക്ക്‌ ബുക്ക്‌ കൈ കൊണ്ട്‌ തൊടില്ലെന്ന വാശി ഉപേക്ഷിച്ച്‌ ഞാന്‍ ആ ബുക്ക്‌ കൈയ്യിലെടുത്തി. കിളിനാദത്തിനൊപ്പം കിളിയും ഇക്കുറി പ്രത്യക്ഷപ്പെട്ടു. ഏതോ ഒരു വലിയ ബുക്കില്‍ നിന്നും വിവരങ്ങള്‍ അടിച്ച്‌ മാറ്റിപേപ്പറില്‍ പകര്‍ത്തുകയാണ്‌ കിളി. കയ്യിലെ കണക്ക്‌ പുസ്തകവുമായി ഞാന്‍ അടുത്തേക്ക്‌ ചെന്നു. നല്ല കൈയ്യക്ഷരം.അസൈന്റ്‌ മെന്റുകള്‍ക്ക്‌ വിശേഷമാണ്‌ ഇങ്ങനത്തെ കൈയ്യ്യക്ഷരം, ഇതിനിടയ്കാണ്‌ എന്റെ കൈയ്യിലിരുന്ന ബുക്ക്‌ ബലപൂര്‍വ്വം ലൈബ്രേറിയന്‍ എന്റെ പേരില്‍ ഇഷ്യൂ ചെയ്തത്‌. ഈ ഇഷ്യു ഞാനൊരു ഇഷ്യു ആക്കിയാല്‍ കോളേജില്‍ നാലു ചില്ലെങ്കിലും പൊട്ടിയേനെ. എന്റെ കിളിയെക്കാട്ടിത്തന്നത്‌ ഈ ലൈബ്രറിയല്ലേ എന്നോര്‍ത്ത്‌ അങ്ങ്‌ ക്ഷമിച്ചു. തടിയന്‍ ബുക്ക്‌ കൈയ്യിലെടുത്ത്‌ ഞാന്‍ നടന്ന് നീങ്ങിയപ്പോഴേക്കും അവളെന്നെ സൂക്ഷിച്ച്‌ നോക്കുന്നത്‌ കണ്ടു. കൂട്ടുകാരിയുടെ ചെവിയിലെന്തോ മന്ത്രിക്കുന്നതും. ഇതാണാവോ ഈ 'ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌' എന്നൊക്കെ പറയുന്നത്‌.

കിളിനാദം മനസ്സില്‍ ഓട്ടോമാറ്റിക്കായി റെക്കോര്‍ഡായത്‌ കൊണ്ടോ എന്തോ, കിളിയായിരുന്നു മനസ്സ്‌ മുഴുവനും. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിക്ക്‌ പഠിച്ചിരുന്ന് കൂട്ടുകാരില്‍ നിന്ന് അവളെക്കുറിച്ചുള്ള ഇന്‍ഫോര്‍മേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്തു. നിത്യ മേനോന്‍ എന്നു നാമധേയം(ജാതിപ്പേരും ചേര്‍ത്ത്‌ പേരിട്ട അവളുടെ പിതാവിന്‌ അപ്പോള്‍ തന്നെ നന്ദി പറഞ്ഞു.) പാലക്കാടന്‍ നാട്ടുരാജ്യം. രണ്ടാം വര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ അധ്യയനം നടത്തുന്നു. നാളിതുവരെ ആരും റിക്രൂട്ട്‌ ചെയ്തിട്ടില്ല സ്വന്തം ജീവിതത്തിലേക്ക്‌. പിന്നീട്‌ സ്വന്തം അധ്വാനത്തില്‍ പലതും കണ്ടെത്തി. അച്ഛനമ്മമാരുടെ ഒരേ ഒരു സന്തതി, പാലക്കാടന്‍ ശാലീനത ഒപ്പിവച്ച രൂപം(നീലഭ്രുംഗാതി മോഡലിനെപ്പോലുള്ള കാര്‍കൂന്തളം അതിനൊരു തെളിവല്ലേ). എല്ലാം കൊണ്ടും 'മേഡ്‌ ഫോര്‍ ഈ ചെറുക്കന്‍' എന്ന് ഉറപ്പിച്ചു.

അന്ന് രാത്രി ആദ്യമായി ഫോട്ടോസ്റ്റാറ്റ്‌ കളിലെ രൂപത്തിന്‌ മുഖം തെളിഞ്ഞ്‌ വന്നു. കിളിയുടെ അതേ മുഖം. വെള്ള ടോപ്പ്പ്പും കറുത്ത പാവാടയും അണിഞ്ഞ്‌ കട്ടിലില്‍ കമിഴ്‌ന്ന് കിടക്കുകയാണേലും ഇന്നവള്‍ കമിഴ്‌ന്ന് കിടന്ന് കണ്ണാടി നോക്കി. ആ കണ്ണാടിയില്‍ തെളിഞ്ഞ്‌ കിളിയുടെ മുഖം. (ഇതാകും കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട എന്ന് പഴമക്കാര്‌ പറഞ്ഞത്‌.)

പപ്പനും ടീമിനും അപ്ഡേറ്റ്സ്‌ അറിയിച്ചു. അവരും തലകുലുക്കി എന്റെ കണ്ടെത്തലിനു മുന്‍പില്‍.
"ഒരല്‍പം പഠിപ്പിസ്റ്റാണോ?" ചാണ്ടിക്കൊരു സംശയം.

ആദ്യമായൊരു കൂടിക്കാഴ്ചയ്ക്ക്‌ കളമൊരുക്കിയത്‌ കമ്പ്യൂട്ടര്‍ ലാബാണ്‌, കമ്പ്യൂട്ടര്‍ റെക്കോര്‍ഡ്‌ അന്വേഷണം സമാപിച്ചത്‌ എന്റെ സമക്ഷം ആണ്‌.
"കമ്പ്യൂട്ടര്‍ റെക്കോര്‍ഡ്‌ ഇണ്ടോ?" വള്ളുവനാടന്‍ ഭാഷയില്‍ കിളിമൊഴി.
"ഉണ്ടല്ലോ രണ്ടെണ്ണം ഉണ്ട്‌" പെട്ടെന്ന് നാവില്‍ ഒരുപാട്‌ സരസ്വതിമാര്‍ വിളയാടി.

കമ്പ്യൂട്ടര്‍ റെക്കോര്‍ഡില്‍ തുടങ്ങി ഒരഭിനവ പ്രണയകാവ്യം. റെക്കോര്‍ഡായും നോട്ട്ബുക്കായും ഒക്കെ ആ ബന്ധം അങ്ങ്‌ തഴച്ച്‌ വളര്‍ന്നു ചില എന്‍ ആര്‍ ഐ കുട്ടികളെപ്പോലെ.

കൊല്ലം ഭാഷ വള്ളുവനാടന്‌ വഴിമാറാന്‍ തുടങ്ങി. കൊതുക്‌ കടിക്കുമ്പോള്‍ തെറി വിളിച്ചിരുന്നവന്‍ 'എനിക്ക്‌ ദാാാാഷ്യം വരും ട്ടോ" എന്നൊക്കെ കൊതുകിനെ ഉപദേശിക്കാന്‍ തുടങ്ങി. അസൈന്റ്‌മന്റ്‌ എഴുതിയോ എന്നു ടീച്ചര്‍ ചോദിക്കുമ്പോള്‍ എഴുതിയിട്ടുണ്ടെങ്കിലും "ഇല്ല്യാ" എന്നും "ചിക്കന്‍ കാലു വേണോ" എന്നു കുക്ക്‌ ഗോപാലന്‍ ചേട്ടന്‍ ചോദിക്കുമ്പോള്‍ "കുട്ട്യോള്‍ക്ക്‌ കൊടുത്തോളൂ" എന്നും മനസ്സില്‍ വിഷമത്തോടെ പറയാന്‍ തുടങ്ങി. മലയാളിയുടെ ഭാഷാസ്നേഹത്തിന്‌ ഇതില്‍ പരം നല്ല ഉദാഹരണമുണ്ടോ?

ഈ അവസരത്തിലാണ്‌ പപ്പന്റെ കണ്ടെത്തല്‍. അവളുടെ ഒരു കാലിന്‌ നീളം കുറവാണത്രെ. 'താറാവ്‌' എന്നാണത്രേ അവളുടെ അപരനാമം.
"ബെക്കാമിനും നീളം കുറവാണല്ലോ ഒരു കാലിന്‌" ഞാന്‍ തിരിച്ചടിച്ചു.

മമ്മൂട്ടിക്കുമുണ്ട്‌ ഒരു കാലിനു നീളം കുറവ്‌. അവിടെയൊന്നും ആര്‍ക്കും ഒരു കുറ്റവും കണ്ടെത്താനില്ല. സാമൂഹ്യദ്രോഹികള്‍. എന്റെ ചോര തിളച്ചു. താറാവ്‌ നടക്കുന്നത്‌ പോലെയാണത്രെ നടപ്പ്‌. ആണെങ്കില്‍ ഞാനങ്ങ്‌ സഹിച്ചു.
എന്റെ താറാവിനെ അവരങ്ങനെ കറിവയ്കണ്ട.

പതുക്കെ പതുക്കെ എന്റെ താറാവ്‌ ഇണങ്ങിത്തുടങ്ങി. അടുത്ത്‌ വരാനും സംസാരിക്കാനും ഒക്കെ. (റെക്കോര്‍ഡ്‌ എഴുതുന്നതിന്റെ പ്രയോജനം അങ്ങനല്ലേ മനസ്സിലാക്കിയത്‌.)

റെക്കോര്‍ഡുകളും പ്രോഗ്രാമുകളുമായി വര്‍ഷമൊന്നു കടന്നുപോയി. പ്രോജക്റ്റ്‌ എന്ന ഇടപാടിനായി നാടു വിടാന്‍ തീരുമാനമായി.

കമ്പ്യൂട്ടര്‍ ബ്ലോക്കിലെത്താന്‍ പിന്നിട്ട വഴികളിലേക്ക്‌ നോക്കി നിര്‍ന്നിമേഷനായി നിന്നപ്പോള്‍ പിന്നില്‍ നിന്നും താറാവിന്റെ കിളിനാദം.

"അടുത്താഴ്ച പോവുകയാണല്ലേ?"

വേണു നാഗവള്ളി കാമുകിയെ നോക്കുന്നത്‌ പോലെ നിര്‍വികാരപരബ്രഹ്മമായി നോക്കിനിന്നു അവളെ. ഒരവാര്‍ഡ്‌ സിനിമ സ്റ്റെയിലില്‍

"അതെ"

അവളുടെ കണ്ണ്‍ നിറഞ്ഞിരുന്നോ? പെട്ടെന്ന് പൊടി പോയി എന്ന് പറഞ്ഞ്‌ കണ്ണ്‍ തുടയ്കുന്നത്‌ കണ്ടു.

കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌ മെന്റിന്റെ മുന്‍പില്‍ നിശബ്ദത പാലിക്കുക എന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു.അത്‌ കണ്ടിട്ടോ മറ്റോ നിശബ്ദമായി താറാവിനോട്‌ ചോദിച്ചു. "നിനക്ക്‌ സമ്മതമാണെങ്കില്‍ ഇനിയുള്ളകാലമത്രെയും നിന്റെ പാറാവ്‌ കാരനാകാന്‍ ഞാന്‍ തയ്യാര്‍." അവള്‍ കേട്ടില്ല എങ്കിലും അവളുടെ മനസ്സ്‌ കേട്ടുകാണുമായിരിക്കും. (എല്ലാ മണ്ടന്‍ കാമുകന്മാര്‍ക്കും ഇങ്ങനാണല്ലോ ചിന്ത.)

അവള്‍ക്കും സംസാരിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മൗനം ബ്രേക്ക്‌ ചെയ്ത്‌ അവള്‍ ചോദിച്ചു "മാത്ത്സിന്റെ ടെക്സ്റ്റ്‌ ഉണ്ടോ?"

കൊതിയോടെ കുടിക്കാന്‍ വച്ച പാല്‍പ്പായസത്തില്‍ ചിക്കന്‍ ചാര്‍ വീണത്‌ പോലെയായി അവസ്ഥ. എന്നു വച്ചാല്‍ ചിക്കന്‍ ചാറും വേണം പാല്‍പ്പായസവും വേണം ബട്ട്‌ അവയെ ഒരുമിപ്പിച്ചത്‌ ക്രൂരതയായിപ്പോയി.

ഞങ്ങളുടെ പ്രണയത്തിന്റെ സ്മാരകമാണല്ലോ ആ മാത്ത്സ്‌ ബുക്ക്‌. അതവള്‍ക്ക്‌ കൊടുക്കാം. എങ്കിലും ഈ അവസരത്തില്‍ തന്നെ വേണമായിരുന്നോ കാമുകീ നിനക്ക്‌ ബുക്ക്‌ ചോദിക്കാന്‍. ഈ ചോദ്യം എന്നെ അലട്ടിത്തുടങ്ങിയപ്പോള്‍ നിലാവത്തഴിച്ച്‌ വിട്ട കോഴിയെപ്പോലെ ഏതോ ഒരു തോഴിയുടെ കൂടെ അവള്‍ യാത്ര തുടങ്ങിയിരുന്നു.

പപ്പന്‍ ഇത്‌ കേട്ടപ്പോള്‍ എക്സൈറ്റഡായി. അവന്റെ മുഖം ശ്രീനിവാസന്‌ മേക്കപ്പിട്ടത്‌ പോലെ തിളങ്ങി.
"നീ എന്റെ സുഹ്രുത്താണോ ശത്രുവാണോ" ഞാന്‍ ചോദിച്ചു.
"അവള്‍ സിമ്പോളിക്കായി പ്രണയാഭിലാഷം അറിയിച്ചതല്ലേ" എന്ന് പപ്പന്‍
"അതെങ്ങനെ" ഞാന്‍
"എന്തിനാ തേഡ്‌ ഇയര്‍ കാരിക്ക്‌ കണക്കിന്റെ ടെക്സ്റ്റ്‌?"
"അത്‌ ശരിയാണല്ലോ" ദിലീപിന്റെ ശബ്ദത്തിലും ആവേശം
"മാത്ത്സ്‌ ബുക്കിനകത്ത്‌ ഒരു ലവ്‌ ലെറ്ററെങ്കിലും അവള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. നല്ല കൈയ്യക്ഷരത്തില്‍ വേഗം ഒന്നു റെഡിയാക്ക്‌"
ഭൂലോകത്തിന്റെ ഓരോ സ്പന്ദനവും മാത്ത്സിലാണെന്ന് അന്നെനിക്ക്‌ മനസ്സിലായി.

വില്‍ക്കാന്‍ നിര്‍ത്തിയിരിക്കുന്ന പശുവിന്‌ പെട്ടെന്ന് ചിന പിടിച്ചാല്‍ എങ്ങനെയിരിക്കും. അതായിരുന്നു എന്റെ അവസ്ഥ. ധൈര്യമില്ലാത്തവന്മാര്‍ക്ക്‌ മനസ്സ്‌ തുറക്കാന്‍ പേപ്പറാണല്ലോ നല്ലത്‌. ഉടന്‍ സംഘടിപ്പിച്ചു എ4 സൈസില്‍ ഒരെണ്ണം.

ഉറങ്ങാതെ അന്നൊരുപാട്‌ എഴുതിപ്പിടിപ്പിച്ചു. എം ജി യൂണിവേഴ്സിറ്റി ആന്‍സ്വര്‍ പേപ്പറിലെന്ന പോലെ ഭാവന കുത്തിനിറച്ചു.

പപ്പനും കൂട്ടരും റിവ്യൂവിനു ശേഷം എന്റെ ഡ്രാഫ്ര്റ്റ്‌ കോപ്പി അംഗീകരിച്ചു. അപ്രൂവ്ഡ്‌.

രാവിലെ വീണ്ടൂം സൂര്യഭഗവാനെ അത്ഭുതപ്പെടുത്തി കോളേജിലെത്തി. 5 കിലോയുള്ള കണക്ക്‌ ബുക്കിനുള്ളില്‍ എന്റെ മനസ്സ്‌ മടക്കിച്ചുരുട്ടി വച്ചിരുന്നു. 12ആമത്തെ മോഡ്യൂളില്‍. (ബുക്കില്‍ അധികം ചെളി പറ്റാത്ത പേജുകളായിരുന്നു അവ.)

സന്തോഷപൂര്‍വ്വം ബുക്ക്‌ വാങ്ങിക്കൊണ്ട്‌ അവള്‍ ഓടി.
"വന്നിട്ട്‌ കാണാം" ഞാന്‍ പിന്നില്‍ നിന്ന് വിളിച്ച്‌ കൂവി.
"ഷുവര്‍" താറാവിന്റെ കിളിനാദം.

അവളോടിപ്പോയത്‌ ഞങ്ങളുടെ പ്രണയത്തിന്റെ ചെമ്മണ്‍പാതയിലൂടെയായിരുന്നു. "തിരിച്ച്‌ വരുമ്പോള്‍ ബുക്ക്‌ തരണം ട്ടോ" എന്നിലെ പാലക്കാട്ട്‌ കാരന്‍ വീണ്ടും കൂവി. ഇക്കുറി അവള്‍ ഓടി ഞങ്ങളുടെ പ്രണയത്തിന്റെ ജംഗ്ഷന്‍ വരെ എത്തിയിരുന്നു. അതോണ്ട്‌ മറുപടി ഒരു ചിരിയായിരുന്നു.

മാസങ്ങള്‍ ടാക്സിവിളിച്ച്‌ കടന്നുപോയി, ഇക്കാലമത്രെയും പ്രണയതൂലികയാല്‍ എനിക്കായ്‌ ചാലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ കത്തായിരുന്ന് എന്റെ മനസ്സ്‌ നിറയെ.ഒടുവില്‍ കട്ടപ്പനയിലേക്ക്‌ ഞാന്‍ മടങ്ങിവന്നു. എന്റെ താറാവിനെ കാണാന്‍.

താറാവിനെ കണ്ട്‌ വരാറുള്ള പരിസരങ്ങളില്‍ ഒക്കെ നോക്കി. ലാബിലും ഡിപ്പാര്‍ട്ട്മെന്റിലും ലൈബ്രറിയിലും ഒക്കെ. താറാവിനെത്തേടി അലഞ്ഞ്‌ ഒടുവില്‍ ലൈബ്രേറിയന്റെ മുന്‍പില്‍ പെട്ടു. ബുക്കുകള്‍ ഡ്യൂ ആയിട്ടുണ്ടെന്നും അത്‌ വേഗം തീര്‍ത്തോളണമെന്നും അന്ത്യശാസനം നല്‍കി ബുക്കുകളുടെ ലോകത്തേക്ക്‌ നടന്നു കയറി അദ്ദേഹം. "ഇയാളൊരു മനുഷ്യന്‍ തന്നെയോ അതോ ഈ ബുക്കുകളില്‍ നിന്നിറങ്ങിവന്ന, അവസാന ചാപ്റ്ററുകളില്‍ മരണത്തിന്‌ കീഴ്പെടുന്നതു വരെ ക്രൂരതയുടെ പര്യായമായി നിലകൊള്ളുന്ന ഏതോ ഒരു വില്ലന്‍ കഥാപാത്രമോ?"

അപ്പോളാണ്‌ താറാവിന്റെ ഒരു തോഴിയെ കണ്ടത്‌. താറാവിനെന്തോ പക്ഷിപ്പനി പിടിച്ചത്‌ മൂലം ലീവാണ്‌ പോലും. 2 ദിവസം കഴിഞ്ഞേ വരികയുള്ളുവത്രേ.

പ്രണയത്തിന്റെ ചെമ്മണ്‍പാതയില്‍ നോക്കെത്താദൂരത്തേക്ക്‌ കണ്ണെറിഞ്ഞ്‌ ഞാനിരുന്നു. താറാവിന്റെ വരവും കാത്ത്‌. സുമാര്‍ 48 മണിക്കൂറുകള്‍ക്ക്‌ ശേഷം ചെമ്മണ്‍പാതയിലെ ചെക്ക്‌ പോസ്റ്റ്‌ കടന്ന് താറാവെത്തി. പ്രോജക്റ്റ്‌ വിശേഷങ്ങളായിരുന്നു ചര്‍ച്ചവിഷയം. മറ്റൊന്നും തന്നെ മിണ്ടുന്നില്ല. ഒടുവില്‍ സഹികെട്ട്‌ ഞാന്‍ പറഞ്ഞു. "ആ മാത്ത്സിന്റെ ടെക്സ്റ്റ്‌ ഡ്യൂ ആയി" ലൈബ്രേറിയന്‍ ശല്യം ഉപകാരം.

"അത്‌ ഞാന്‍ നാളെ തരാം" അവള്‍ അര്‍ദ്ധം വച്ചൊരു ചിരിയോടെ പറഞ്ഞു. ചില ലോട്ടറി വില്‍പ്പനക്കാരെപ്പോലെ നാളേ നാളേ എന്നു ജപിച്ച്‌ കൊണ്ടിരുന്നു ഞാന്‍.

"അവളൊരു മറുപടി എഴുതില്ലേടാ" എന്റെ ആശങ്ക.
"കൊടുത്താല്‍ കൊല്ലത്തും കിട്ടുമെടാ" ന്യൂട്ടന്റെ മൂന്നാം ചലനനിയമം മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്ത്‌ കൊണ്ട്‌ പപ്പന്‍ എനിക്ക്‌ ധൈര്യമേകി.

ഒടുവില്‍ ആ നാളെ വന്നെത്തി. ഉച്ചക്ക്‌ കമ്പ്യൂട്ടര്‍ ബ്ലോക്കില്‍ താറാവിനേയും കാത്തങ്ങനെ നില്‍ക്കുമ്പോള്‍ കാറ്റ്‌ വീശി ബോറടിച്ചിട്ടോ മറ്റോ പ്രക്രുതി ഇടിവെട്ടി മഴപെയ്യിക്കാന്‍ തുടങ്ങി. ഒരു പച്ച്‌ നിറമുള്ള കുട കമ്പ്യൂട്ടര്‍ ബ്ലോക്കിനെ ലക്ഷ്യമാക്കി അടുക്കുന്നത്‌ കണ്ടു ഞാന്‍ താറാവിന്റെ സാമീപ്യം തിരിച്ചറിഞ്ഞ്‌ സ്വയം തയ്യാറായി. കുട മടങ്ങിയപ്പോഴാണ്‌ ബിരിയാണിയില്‍ റേഷനരി വീണത്‌ പോലെ ഒരു ആന്റിക്ലൈമാക്സ്‌, താറാവിന്റെ കുടയില്‍ ഒരു പുരുഷകേസരി. വിനോദെന്ന് സ്വയം പരിചയപ്പെടുത്തി അവന്‍ മാത്ത്സ്‌ ബുക്ക്‌ എനിക്ക്‌ കൈമാറി. താങ്ക്സ്‌ പറഞ്ഞ്‌ അവന്‍ മഴയിലേക്ക്‌ നടന്നപ്പോള്‍ ഞാന്‍ ബുക്ക്‌ മുഴുവന്‍ അരിച്ച്‌ പെറുക്കി മറുപടിക്കായി. താങ്ക്സ്‌ പറഞ്ഞതിന്റെ ഔചിത്യമാലോചിക്കാനൊന്നും സമയമുണ്ടായിരുന്നില്ല. ഒടുവില്‍ 12ആമത്തെ മൊഡ്യൂളില്‍ നിന്ന് ഒരു കടലാസ്‌ കഷ്ണം കണ്ടെത്തി. എനിക്ക്‌ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു ചുളിവ്‌ പോലും വരാതെ ആ പുസ്തകത്താളുകളില്‍ വിശ്രമം കൊണ്ടിരുന്നത്‌ ഞാനൊരു രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്നെഴുതിയ അതേ കത്തായിരുന്നു.

കൊടുത്തതെല്ലാം കൊല്ലത്തേക്ക്‌ തന്നെ മടങ്ങിവന്നു. പച്ചക്കുട ലൈബ്രറിയിലെത്തുന്നതിന്‌ മുന്‍പ്‌ തന്നെ വിവരങ്ങള്‍ അറിയാന്‍ സാധിച്ചു. വിനോദെന്ന ചെറുപ്പക്കാരന്‍ താറാവിന്‌ വേണ്ടി പണികഴിപ്പിച്ച ചെമ്മണ്‍പാതയുടെ കോണ്ട്രാക്ടര്‍ മാത്രമായിരുന്നു ഞാനെന്ന സത്യം. എന്റെ കയ്യില്‍ നിന്ന് വാങ്ങിയ മാത്ത്സ്‌ ബുക്കിലെ പ്രോബ്ലംസ്‌ സോള്‍വ്‌ ചെയ്താണ്‌ വിനോദ്‌ സപ്ലിമെന്ററി പാസ്സായതത്രെ. ഇടിവെട്ടിയവനെ കോഴികൊത്തി എന്നു പറഞ്ഞപോലെ സപ്ലിമെന്ററി പരീക്ഷയിലും എന്റെ കണക്കിലെ കൂട്ടലുകള്‍ പിഴച്ച്‌ പോയി എന്ന് യൂണിവേഴ്സിറ്റി അന്നൗണ്‍സ്‌ ചെയ്തു അതേ ദിവസം.

ഒടുവില്‍ നാലാമത്തെ വട്ടം അഞ്ചാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ മാത്ത്സ്‌ ബുക്ക്‌ റെഫര്‍ ചെയ്യുമ്പോള്‍, നൊസ്റ്റാള്‍ജിയയുടെ പേരില്‍ പേജ്‌ മറിക്കുമ്പോളാണ്‌ 12ആമത്തെ മൊഡ്യൂളില്‍ സിലബസിലില്ല എന്ന സത്യം മനസ്സിലായത്‌. ആദ്യപ്രണയം മറക്കില്ലെന്നാണാല്ലോ, അത്‌ കൊണ്ടോ മറ്റോ 12ആമത്തെ മോഡ്യൂള്‍ അന്ന് മുതല്‍ എനിക്ക്‌ ഹൃദിസ്ഥമായി.

ടേബിളിലിരുന്ന താറാമ്മുട്ടകള്‍ എല്ലാം തിന്ന് തീര്‍ത്ത്‌ ഞാന്‍ അവസാനപെഗ്ഗും ഫിനിഷ്‌ ചെയ്തു. ഇനി ഇവിടെ താറാവുകള്‍ ഉണ്ടാകാതിരിക്കട്ടെ.

അങ്ങനെ മുട്ടകളും കുപ്പിയും ശുഭം.

Thursday, August 16, 2007

വാക്കത്തി

ബസ്‌ സ്റ്റാന്‍ഡ്‌ വരികയും മറ്റൊരു മൂലയില്‍ കുറേ തമിഴ്‌ മക്കള്‍ ടെന്റ്‌ കെട്ടുകയും ചെയ്തതോടെയാണ്‌ ഞങ്ങള്‍ കുടിയിറക്കപ്പെട്ടത്‌. ഞങ്ങള്‍ എന്നാല്‍ പഞ്ചായത്തിലെ പ്രമുഖ ക്രിക്കറ്റ്‌ സ്നേഹികളെന്നോ ഭ്രാന്തന്മാരെന്നോ ഒക്കെ വിശേഷിക്കപ്പെടുന്ന ഒരു സംഘം. പഴയ കളിസ്ഥലമായിരുന്ന മിനി സ്റ്റേഡിയം ആണ്‌ ബസ്‌ സ്റ്റാന്‍ഡായും തമിഴ്‌ നാടായും മാറിയത്‌.

ടീമിനെക്കുറിച്ച്‌ നാലുവാക്ക്‌ പറയട്ടെ. താരതമ്യേന തെറ്റില്ലാത്ത ടീം. മിക്കവാറും ടൂര്‍ണമെന്റുകളെല്ലാം പങ്കെടുക്കും. കണ്‍സിസ്റ്റന്റായി വിജയിച്ചിരുന്ന ഒരു ചരിത്രം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ്‌ ടീമിന്റെ നെടുംതൂണാരുന്ന മനോജേട്ടന്‍ ജോലി കിട്ടി ദുബായ്ക്ക്‌ പോയത്‌. പോകാന്‍ നേരം ടീമിനെ കുറെ നേരം ഉപദേശിച്ച്‌ നേരെയാക്കാന്‍ ശ്രമിച്ചു. വല്ലപ്പോഴെങ്കിലും പന്ത്‌ ഓഫ്‌ സൈഡില്‍ കളിക്ക്‌ മക്കളേ, വൈഡ്‌ അധികം എറിയരുതെ എന്നൊക്കെ. ഞങ്ങളുടെ നാട്ടിലെ ടൂര്‍ണമെന്റുകളുടെ പ്രത്യേകതയായിരുന്നു നീളം കുറഞ്ഞ ഓഫ്‌ സൈഡ്‌ ഫീല്‍ഡ്‌. എങ്കിലും ആകാശം നോക്കി ബാറ്റ്‌ വീശിയിരുന്ന ഞങ്ങളാരും ഓഫ്‌ സൈഡിനെ മൈന്റ്‌ ചെയ്തിരുന്നില്ല. മനോജേട്ടന്റെ ഓഫ്‌ സൈഡ്‌ ഷോട്ടുകളാണ്‌ പലപ്പോഴും കപ്പായി മാറിയിരുന്നത്‌.

യാത്ര പുറപ്പെടുന്നതിന്‌ മുന്‍പ്‌ മാനോജേട്ടന്‍ വീണ്ടും ഓര്‍മിപ്പിച്ചു. "ഓഫ്‌ സൈഡ്‌..."
"അക്കാര്യം ഞങ്ങളേറ്റെന്നേ...." നിശ്ശേഷം സംശയമില്ലാതെ ഞങ്ങള്‍ തലകുലുക്കി. വട്ടക്കളം കപ്പിന്റെ ഫൈനല്‍സ്‌ ആണ്‌ ഉണ്ടായിരുന്നത്‌.

മനോജേട്ടന്റെ നാവില്‍ ഗുളികനുണ്ടായിരുന്നു. പറഞ്ഞത്‌ അച്ചട്ടായി ഫലിച്ചു. ലെഗ്‌ സൈഡിലെ ഞങ്ങളുടെ സിക്സര്‍ സ്വപ്നങ്ങള്‍ ഫീല്‍ഡര്‍മാരുടെ കയ്യിലൊതുങ്ങിയപ്പോള്‍ ഓഫ്‌ സൈഡ്‌ അനാഥനായിക്കിടന്നു. ഭംഗിയായി ഫൈനല്‍ തോറ്റു. റൂട്ട്‌ കോസ്‌ അനാലിസിസ്‌ നടത്തി മനോജേട്ടന്റെ നാവിലെ ഗുളികനെ കയ്യോടെ പൊക്കി ഞങ്ങള്‍. 'നമ്മള്‍ പൊരുതി തോറ്റു അങ്ങേരുടെ നാക്കണ്‌ എല്ലാത്തിനും കാരണം'.

പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന പോലെ ആണ്‌ കളി തോറ്റ്‌ മടങ്ങിവന്ന് ഗ്രൗണ്ടിന്റെ അവസ്ഥ കണ്ടപ്പോള്‍ തോന്നിയത്‌. മൂന്നാറിലെ റിസോര്‍ട്ട്‌ ഉടമ നിന്നപോലെ ഇതികര്‍ത്തവ്യഥാമൂഡരായി ഞങ്ങള്‍. പിച്ചിലെ മണ്ണ്‍ കുഴിച്ച്‌ ചട്ടിയുണ്ടാക്കുന്ന തിരക്കിലും ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ മറന്നില്ല പാണ്ടിയണ്ണന്‍.

അങ്ങനെ കിടപ്പാടം നഷ്ടപ്പെട്ട ഒരു പറ്റം ചെറുപ്പക്കാര്‍ നടത്തിയ 'ടീമായണം' ആണ്‌ ഒടുവില്‍ അമ്പലഗ്രൗണ്ടിലെത്തിച്ചത്‌. സംഭവം ഗ്രൗണ്ടൊക്കെ കൊള്ളാം. പക്ഷെ പതിവ്‌ പോലെ ഒരു സൈഡിന്‌ നീളക്കുറവ്‌. ആ ഭാഗം ഓഫ്‌ സൈഡായി വരത്തക്കവിധത്തില്‍ കമ്പ്‌ കുത്തി കളി തുടങ്ങി. ഓഫ്‌ സൈഡ്‌ നമ്മക്ക്‌ പണ്ടേ ഹറാമാണല്ലോ!!

'പുഴു'വിനെപ്പോലുള്ള ഇളയതലമുറ കൈ കറക്കിത്തുടങ്ങിയ സമയമായിരുന്നത്‌ കൊണ്ടോ എന്തോ, ഒരു പാട്‌ സ്ട്രെയിറ്റ്‌ സിക്സറുകള്‍ പാഞ്ഞ്‌ കൊണ്ടിരുന്ന് നേരെ മുന്‍പിലുള്ള ശ്രീകൃഷ്ണസന്നിധിയിലേക്ക്‌. ഹൈന്ദവസിക്സറുകള്‍ കൈ നീട്ടി സ്വീകരിക്കപ്പെട്ടിരുന്നെങ്കിലും മറ്റുള്ളവയ്കെല്ലാം വിലക്ക്‌ ഏര്‍പ്പെടുത്തണമെന്നായിരുന്നു അമ്പലക്കമ്മറ്റി തീരുമാനം. അങ്ങനെ ഞങ്ങളുടെ പിച്ചിന്റെ സ്ഥാനം മാറി. (മുജീബേട്ടനും അടിക്കണമല്ലോ സിക്സര്‍!!)

ഞങ്ങളുടെ ക്രിക്കറ്റ്‌ ചരിത്രത്തിലാദ്യമായി ചെറിയ ലെഗ്‌ സൈഡ്‌ അങ്ങനെ രൂപീക്രിതമായി. യഥാര്‍ത്ഥത്തില്‍ കേന്ദ്രകഥാപാത്രം വാക്കത്തിയുടെ രംഗപ്രവേശം ഈ ഘട്ടത്തിലാണ്‌. വാക്കത്തിയെ പരിചയപ്പെടുത്തട്ടെ. ലെഗ്‌ സൈഡിലെ ചെറിയൊരു മാളികയുടെ ഉടമസ്ഥനായിരുന്നു വാക്കത്തി എന്ന പരമേശ്വരന്‍ നായര്‍. പരമേശ്വരന്‍ നായര്‍ വാക്കത്തിയാവാന്‍ കാരണം വാക്കത്തിയുമായുള്ള അദ്ദേഹത്തിന്റെ അഭേദ്യ ബന്ധമായിരുന്നു.

ലെഗ്‌ സൈഡിലെ സിക്സറുകള്‍ വാക്കത്തിയുടെ ടാജ്‌ മഹാളിനു മുത്തം കൊടുക്കുന്നത്‌ പതിവായിരുന്നു. പന്തുകൊണ്ടാല്‍ ഓട്‌ പൊട്ടും. അതാണല്ലോ ശാസ്ത്രം. ഇതെല്ലാം ശാസ്ത്രം പഠിക്കാത്തതിനാലോ മറ്റോ വാക്കത്തിക്ക്‌ സഹനീയമായിരുന്നില്ല,

ലെഗ്‌ സൈഡിലെ അക്രമണം അതിരുകടന്നപ്പോള്‍ കയ്യിലൊരു വാക്കത്തിയുമായി അദ്ദേഹം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കാന്‍ തുടങ്ങി. അതിര്‍ത്തി കടക്കുന്ന പന്തുകളെല്ലാം വാക്കത്തിയുടെ മൂര്‍ച്ചയറിഞ്ഞു. സ്വാശ്രയനിയമം പോലെ അവയൊക്കെ കീറിപ്പോയി!! കളിനടക്കുന്ന സമയം തൊടിയില്‍ ഒരു തേങ്ങ വീണാല്‍ പോലും അവയെല്ലാം വാക്കത്തിയുടെ ചൂടറിഞ്ഞേ നിലം പതിച്ചിരുന്നുള്ളൂ. അമ്പലക്കമ്മറ്റിക്കാരെക്കാളും മതേതരത്വ ചിന്താഗതിക്കാരനായിരുന്നു വാക്കത്തി അങ്കിള്‍. ജാതിമത ചിന്തകള്‍ക്ക്‌ ഉപരിയായി കര്‍മ്മമാണ്‌ മഹത്വമെന്ന് അദ്ദേഹം പ്രവര്‍ത്തിയിലൂടെ കാട്ടിത്തന്നു ഞങ്ങള്‍ക്ക്‌.

വാക്കത്തിക്കാരു മണികെട്ടും എന്നായി ഏവരുടേയും ചിന്ത. ടൂര്‍ണമെന്റുകള്‍ തോറ്റ്‌ ശീലമുണ്ടായിരുന്നതിനാല്‍ വാക്കത്തിക്ക്‌ മുന്‍പില്‍ തോല്‍ക്കുക ഞങ്ങള്‍ക്കൊരു വിഷയമേ ആയിരുന്നില്ല. മുജീബേട്ടന്‍ പറഞ്ഞത്‌ പോലെ 'ഓന്‍ ഞമ്മടെ നല്ലതിനു ബേണ്ടി പറയണതല്ലേ, പ്രായമായ ആളല്ലേ ഞമ്മക്ക്‌ ക്ഷമിക്കാം ന്ന്'. എല്ലാരും ആജ്ഞ ശിരസാവഹിച്ചു. ലെഗ്‌ സൈഡ്‌ ഏറെ പാട്‌ പെട്ട്‌ ഉപേക്ഷിച്ചു, എല്ലാരും ഓഫ്‌ സൈഡ്‌ മാത്രം കേന്ദ്രീകരിച്ച്‌ കളി ആരംഭിച്ചു. മാസം കുറച്ച്‌ കഴിഞ്ഞ്‌ ഓഫ്‌ സൈഡ്‌ കേമന്മാര്‍ ആയി മാറി ഞങ്ങളുടെ ടീം. എല്ലാം വാക്കത്തി എന്ന വലിയ മനുഷ്യന്‍ കാരണം. വീണ്ടും കപ്പുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങി പതിവുപോലെ. ഇതിനിടയ്ക്‌ വാക്കത്തി ഇഹലോകവാസം വെടിഞ്ഞു. എങ്കിലും അദ്ദേഹം നല്‍കിയ കോച്ചിംഗ്‌ ഞങ്ങളാരും മറന്നില്ല.

അദ്ദേഹത്തിന്റെ ഓര്‍മക്കായി ടീം ആ നാമധേയം സ്വീകരിച്ചു, വര്‍ഷവര്‍ഷം വാക്കത്തി ട്രോഫിക്കായി ടൂര്‍ണമന്റ്‌ നടത്താന്‍ തുടങ്ങി. ഇന്നും വാക്കത്തിയുടെ നാമധേയം അമ്പലഗ്രൗണ്ടിന്റെ മതിലില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിയിട്ടുണ്ട്‌. ഒരു ടീമിനെ മുഴുവനായി കണ്ണുരുട്ടാതെ, വടി എടുക്കാതെ വിജയത്തിലേക്ക്‌ നയിച്ച മഹാനായ കോച്ചിന്റെ നാമധേയം.

തീര്‍ച്ചയായും ബംഗാളിലും ഉണ്ടായിരുന്നിരിക്കും ഇത്തരത്തിലൊരു വാക്കത്തി. ഇല്ലെങ്കില്‍ ബംഗാളിനെങ്ങനെ സൗരവ്‌ ഗാംഗുലിമാരെ ശ്രുഷ്ടിക്കാന്‍ പറ്റുന്നു.

Friday, July 20, 2007

വിനോദയാത്ര - വിവേകത്തിന്റേയും

കഴിഞ്ഞ ദിവസം വിനോദയാത്ര എന്ന ചിത്രം കാണാനിടയായതാണ്‌ ഈ ബ്ലോഗിന്‌ ആധാരം. എന്റെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ സംരംഭം. പതിവ്‌ പോലെ തന്നെ ചിത്രം ജനഹ്രദയങ്ങളില്‍ ആഴ്‌ന്നിറങ്ങി. എന്നാല്‍ ഇക്കുറി എനിക്കൊരുപാട്‌ പുതുമകള്‍(മഹിമകള്‍) തോന്നി. അതിവിടെ കുറിച്ചിടട്ടെ.

സംവിധായകനെന്ന നിലയില്‍ മാത്രമല്ല നല്ലൊരു തിരക്കഥ രചയിതാവ്‌ കൂടിയാണ്‌ താനെന്ന് സത്യന്‍ അന്തിക്കാട്‌ തെളിയിച്ചു.(ഇദ്ദേഹം ഒരു ഗാനരചയിതാവായാണ്‌ സിനിമയില്‍ വരവ്‌ കുറിച്ചത്‌.) തിരക്കഥാരചനയില്‍ നാന്ദികുറിച്ച 'രസതന്ത്ര'ത്തില്‍ നിന്നും വളര്‍ച്ചയുടെ കാതങ്ങള്‍ പിന്നിട്ടിരിക്കുന്നു അദ്ദേഹം വിനോദയാത്രയില്‍ എത്തി നില്‍ക്കുമ്പോള്‍. അദ്ദേഹത്തിന്റെ തന്നെ ക്ലാസ്സിക്കുകളുടെ പട്ടികയില്‍(നാടോടിക്കാറ്റും സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനവും ടി പി ബാലഗോപാലനും തുടങ്ങി..) ശ്രദ്ധേയമായ സ്ഥാനം പിടിക്കുന്ന ഒന്നാണ്‌ ഈ ചിത്രം.

ചിത്രത്തിനെ ആകര്‍ഷണീയമാക്കുന്നത്‌ ചിത്രത്തിന്റെ കാലികപ്രസക്തിയും ആവിഷ്കാരശൈലിയും തന്നെ. വ്യക്തമായ ഉദ്ദേശ്യങ്ങളില്ലാതെ ജീവിതം മുന്നോട്ട്‌ നീക്കുന്ന നായകയുവാവ്‌. ഇതില്‍ വളരെ രസകരമായി എനിക്ക്‌ തോന്നിയത്‌ അദ്ദേഹം ഒരു റോള്‍ മോഡലിനെ തേടി നടക്കുകയാണ്‌. ഇത്തരക്കാരെ നിരവധി എനിക്കറിയാം, സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കാതെ മറ്റുള്ളവരെ അനുകരിച്ച്‌ കാലം കഴിക്കുന്ന കൂട്ടര്‍(ഒന്നോര്‍ത്താല്‍ ചിത്രത്തിലേക്കാള്‍ രസകരമാണ്‌ ഇത്തരക്കാരോടുള്ള സമ്പര്‍ക്കം). ചിത്രത്തില്‍ ആദ്യാവസാനം പ്രതിപാദിക്കുന്നതും ഒടുവില്‍ നായകനിലൂടെ കഥ എത്തിനില്‍ക്കുന്നതും ഇത്തരം ഉദ്യമങ്ങളുടെ പൊള്ളത്തരങ്ങളിലാണ്‌. ചിത്രത്തിന്റെ ഒടുവില്‍ ജീവിതപ്രാരാബ്ദങ്ങളെ നേരിടാന്‍ പ്രാപ്തനാക്കുന്നത്‌ റോള്‍ മോഡല്‍ അല്ല മറിച്ച്‌ പുതുതായി കടന്നു വന്ന ലക്ഷ്യവും അത്‌ നേടണമെന്ന ആവശ്യകതയുമാണ്‌.

ചിത്രത്തിന്റെ പ്രത്യേകത ഒറ്റ വാചകത്തില്‍ പറയുകയാണെങ്കില്‍ " നമുക്കെല്ലാം സുപരിചിതമായ ആശയം നമുക്കെല്ലാം സുപരിചിതമായ കഥാപാത്രങ്ങളിലൂടെ പറഞ്ഞ്‌ നമ്മളെ എല്ലാം അതിശയപ്പെടുത്താന്‍" സത്യന്‍ അന്തിക്കാടിനായി. (ഈ അവസരത്തില്‍ കമല്‍ ഹാസന്റെ അന്‍ബേ ശിവം ഓര്‍ത്ത്‌ പോകുന്നു. 'സ്നേഹമാണ്‌ ദൈവം' എന്നാണ്‌ പതിവ്‌ തമിഴ്‌ ചേരുവകളില്ലാത്ത ഈ ചിത്രം മുഴുനീളെ പറയുന്നത്‌). ചിത്രത്തിലെ നായികാ കഥാപാത്രം പറയുന്നപോലെ 'വീട്ടിലെ നിത്യോപയോഗസാധനങ്ങളുടെ വില പോലുമറിയാതെ അമേരിക്കയുടെ കാര്യമാലോചിച്ച്‌ നടക്കുന്നതിലെന്ത്‌ കാര്യം?'. ചിത്രത്തിലെ തമിഴ്‌ ബാലന്റെ കഥാപാത്രമെല്ലാം ശ്രദ്ധേയമായി.(തമിഴില്‍ സ്വപ്നം കാണുന്ന സീന്‍ രസകരവും!!!). ചുരുക്കത്തില്‍ ചിത്രത്തില്‍ നിങ്ങള്‍ക്ക്‌ പരിചയമില്ലത്ത ഒരു കഥാപാത്രം പോലുമില്ല, പക്ഷെ അവര്‍ നിങ്ങളെ വല്ലാതെ അതിശയിപ്പിക്കും തീര്‍ച്ച.

ക്ലൈമാക്സില്‍ നായികയെ നായകന്‍ പുണരുമ്പോള്‍ പുല്‍നാമ്പുകള്‍ക്ക്‌ പുതുജീവന്‍ നല്‍കി മഴ പെയ്യുന്ന സീന്‍ വളരെ സിമ്പോളിക്കായി.(മഴയെ സ്നേഹിക്കുന്ന നായികയുടെ അച്ഛന്‍ കഥാപാത്രത്തിന്റെ സാന്നിധ്യവും). ഈ ബ്ലോഗ്‌ വായിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ ഞാന്‍ ഗ്യാരന്റി ചെയ്യുന്നത്‌ ഒന്നു മാത്രമാണ്‌. മലയാള ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ തീര്‍ച്ചയായും ഒരൊന്നാന്തരം വിരുന്നാവും ഈ ചിത്രം. ചിത്രം കഴിഞ്ഞ്‌ വീട്ടിലേക്കുള്ള മടക്കയാത്രയില്‍ മനസ്സില്‍ ഒരല്‍പം സന്തോഷവും.

Thursday, May 10, 2007

വല്യേച്ചി

അപ്പന്റെ കഠിനാധ്വാനമൊന്നുകൊണ്ട്‌ മാത്രമാണ്‌ നാലാം വയസ്സില്‍ തന്നെ സുമതി വല്യേച്ചിയായി മാറിയത്‌. വല്യേച്ചിയെന്ന് പറയുമ്പോള്‍ ഇളയ ഒന്നില്‍ കൂടുതല്‍ സഹോദരങ്ങളുണ്ടെന്ന് സാരം. മൂത്ത കുട്ടിയേയാണ്‌ മിക്കവാറും മാതാപിതാക്കള്‍ തങ്ങളുടെ എല്ലാ അഭിവൃദ്ധിക്കും കാരണമായി പറയാറുള്ളത്‌. സുമതിയുടെ അപ്പന്‍ ചാക്കോ ചേട്ടനും അങ്ങനെ തന്നെ. 'വെല്‍ ബിഗണ്‍ ഈസ്‌ ഹാഫ്‌ ഡണ്‍' എന്നാണ്‌ അദ്ധേഹത്തിന്റെ അഭിപ്രായം. അതായത്‌ സുമതിക്ക്‌ ജന്മം നല്‍കിയതില്‍ പിന്നെ ഏലിയാമ്മ ചേടത്തിക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല. എല്ലാവര്‍ഷവും ഒരു പ്രസവം വീതം. ചാക്കോ ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഫ്രീ ചെക്ക്‌ അപ്പ്‌' എല്ലാ വര്‍ഷവും. മദ്ധ്യവേനലവധിയുടെ സമയത്ത്‌ മുടങ്ങാതെ ചാക്കോ ചേട്ടന്‍ പ്രിയ പത്നിക്ക്‌ ഈ 'ഫ്രീ ചെക്ക്‌ അപ്പ്‌' ലഭ്യമാക്കി പോന്നു.

സുമതിക്ക്‌ 24 വയസ്സെത്തിയപ്പോള്‍ വീട്ടില്‍ ശബരിമലയിലെ പൊന്‍പടികള്‍ പോലെ പതിനെട്ടെണ്ണം. കണക്കില്‍ പിശകൊന്നുമില്ല്ല. ഇടയ്ക്‌ ഒന്നു രണ്ട്‌ വട്ടം ചില സാങ്കേതിക കാരണങ്ങളാല്‍ പരുപാടിയില്‍ തടസ്സം നേരിട്ടുവെന്നാണ്‌ ചാക്കോ മൊഴി. ചാക്കോ ചേട്ടന്‍ ഒരു ചെത്തുകാരനായിരുന്നു കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. കുട്ടികളുടെ എണ്ണം രണ്ടക്കം തികഞ്ഞതില്‍ പിന്നെ ചാക്കോ ചേട്ടന്‍ പണിക്ക്‌ പോകാറില്ല. ആത്മാര്‍ത്ഥതയുള്ള തൊഴിലാളികള്‍ ഒരു കാര്യത്തിലെ ഒരു സമയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാടുള്ളുവത്രെ. പക്ഷെ കുട്ടികളൊക്കെ പഴയതിലും സുഖമായിത്തന്നെ കഴിഞ്ഞു. അക്കാര്യത്തില്‍ ചാക്കോചേട്ടന്‍ കറക്ടായി ശ്രദ്ധിച്ച്‌ പോന്നു. അപ്പന്‍ പണിയെടുക്കാതെങ്ങനെ മക്കള്‍ സുഖിച്ചതെന്നാണോ? അതല്ലേ സ്പോണ്‍സര്‍ഷിപ്പ്‌.

കുട്ടികളെ ഒന്നും ചാക്കോ ചേട്ടന്‍ സ്കൂളില്‍ വിട്ടിരുന്നില്ല. സാമ്പത്തികം തന്നെ കാരണം. '2 3 ഡിവിഷനുള്ള പിള്ളേരിവിടെത്തന്നെ ഉണ്ടല്ലോ' എന്ന് പറഞ്ഞ്‌ ആദ്യം ആ പടി കേറി വന്നത്‌ നാരായണന്‍ കുട്ടി മാഷാണ്‌. പൊക്കം നോക്കി 9 പേരെ മാഷ്‌ സ്കൂളിലേക്ക്‌ കൊണ്ട്‌ പോയി. ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാന്‍. പകരമായി 9 മക്കളേയും മാഷ്‌ സ്കൂളില്‍ ചേര്‍ത്ത്‌ പഠിപ്പിച്ചു, പിന്നെ എല്ലാമാസവും വീട്ടിലേക്കുള്ള അരിയും സാധനങ്ങളും കറക്ടായി എത്തിച്ച്‌ പോന്നു. മാഷും ഹാപ്പി മക്കളും ഹാപ്പി ചാക്കോ ചേട്ടനും ഹാപ്പ്പ്പി.

മക്കളിലഞ്ചാറെണ്ണം പ്രായപൂര്‍ത്തിയായതോടെ ചാക്കോചേട്ടന്‍ കോളടിച്ചു. അരിയില്‍ നിന്നും ബിരിയാണിയിലേക്ക്‌ പൊയി അദ്ദേഹതിതിന്റെ സ്റ്റാറ്റസ്‌. നാട്ടിലെന്തെങ്കിലും ജാഥ അത്‌ ഏത്‌ പാര്‍ട്ടിയുടെയൊ യൂണിയന്റേതോ ആയിക്കോള്ളട്ടെ, അണികളെ സംഘടിപ്പിക്കാന്‍ ചാക്കോ ചേട്ടന്റെ വീട്ടിലേക്കാവും അവര്‍ ആദ്യമെത്തുക. പിന്നെ പാര്‍ട്ടി മീറ്റിങ്ങുകള്‍, ശക്തി പ്രകടനങ്ങള്‍ എന്നു വേണ്ട ഫാന്‍സ്‌ ക്ലബ്ബ്‌ കാര്‍ സിനിമ ഹിറ്റാക്കാന്‍ വരെ ചാക്കോച്ചേട്ടനെയും മക്കളേയും ആശ്രയിച്ച്‌ പോന്നു. കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും ചാക്കോ ചേട്ടന്‍ പതിവൊന്നും തെറ്റിച്ചില്ല. എല്ലാ മദ്ധ്യവേനലവധിക്കും സുമതിയുടെ അമ്മച്ചി ഏലിയാമ്മച്ചേട്ടത്തിയുടെ റിലീസ്‌ മുടങ്ങാതെ ഉണ്ടാവും. ഒന്ന് രണ്ട്‌ പ്രാവശ്യം ആശുപത്രി ഉദ്ഖാടനം തന്നെ ചേട്ടത്തിയുടെ റിലീസ്‌ ആയിരുന്നു.

കവിളിലെ നുണക്കുഴിയിലും കണ്ണിന്റെ കോണിലുമെല്ലാം നാണം മൊട്ടിട്ട്‌ തുടങ്ങിയപ്പോള്‍ സുമതിക്ക്‌ തോന്നിത്തുടങ്ങി അപ്പനൊരല്‍പ്പം ഓവറല്ലേ? അപ്പനായിപ്പോയില്ലേ എന്ത്‌ പറയാനാ? സുമതി ചില ക്ലൂ ഒക്കെ കോടുത്ത്‌ നോക്കി. അപ്പനൊരു കുലുക്കവുമില്ല. ഏലിയാമ്മചേട്ടത്തിക്ക്‌ ആ ക്ലൂ കൊറച്ച്‌ പിടികിട്ടിയ പോലെ ഒരു നോട്ടം. ആ സമയത്താണ്‌ സുമതിക്ക്‌ ജോയിച്ചന്റെ കല്യാണാലോചനയുമായി ബ്രോക്കര്‍ കുഞ്ഞവറാന്‍ ചാക്കോചേട്ടന്റെ വീട്ടിലെത്തിയത്‌. വലിയ കസ്റ്റമറായതോണ്ട്‌ കുഞ്ഞവറാന്റെ വക ചില ഓഫറുകളൊക്കെ ഉണ്ടായിരുന്നു. 'സ്ത്രീധനത്തിന്റെ 10% ഡിസ്കൗണ്ട്‌, കല്യാണത്തിനു ഭക്ഷണം കുഞ്ഞവറാന്‍ വക. മാത്രമല്ല കല്യാണം കഴിഞ്ഞിറങ്ങുമ്പോള്‍ ചാക്കോ ചേട്ടന്‌ കുഞ്ഞവറാന്റെ വക ഒരു കുപ്പിയും പോക്കറ്റ്‌ മണിയും വേറെ. പക്ഷെ ഒരേ ഒരു വ്യവസ്ഥ. ചാക്കോ ചേട്ടന്റെ ഫാമിലിയുടെ എല്ലാ കല്യാണ ഇടപാടുകളും കുഞ്ഞവറാന്‍ ആന്‍ഡ്‌ ഫാമിലിക്ക്‌ തീറെഴുതിക്കൊടുക്കണം. ദീര്‍ഖവീക്ഷണക്കാരനായതോണ്ടാവണം കുഞ്ഞവറാന്‍ തന്റെ ഫാമിലിക്ക്‌ വേണ്ടി തീറെഴുതി വാങ്ങിയത്‌.

സുമതിക്ക്‌ ജോയിച്ചനെ കണ്ടപ്പോളേ ഇഷ്ടമായി. സിഗര്‍ട്ട്‌ വലിയില്ല കള്ളു കുടിയില്ല അങ്ങനെ യാതൊരു ദുശീലങ്ങളുമില്ല. പിന്നെ ആകെ ഉള്ള ഒരു കുഴപ്പം ഭയങ്കര വാശിക്കാരനാ. അതൊക്കെ ഇന്നത്തെക്കാലത്ത്‌ ഒരു കുറവാണോ? ജോയിച്ചനാകട്ടെ വീട്ടിലെ തിരക്ക്‌ കാരണം സുമതിയെ ശരിക്കങ്ങ്‌ കാണാനൊത്തില്ല. അതൊക്കെ ഫര്‍സ്റ്റ്‌ നൈറ്റില്‍ കണാമെന്നേ എന്നു കുഞ്ഞവറാന്‍ ആശ്വസിപ്പിച്ചു. കല്യാണം പള്ളിയില്‍ വച്ചാണ്‌ നടന്നത്‌. ആദ്യത്തെ പന്തിക്ക്‌ തന്നെ ഫുള്‍ ഫാമിലി ഫുഡ്‌ കഴിക്കാനിരുന്നു. രണ്ടാമത്തെ പന്തിയായപ്പോള്‍ കുഞ്ഞവറാന്‍ ചേട്ടന്‌ ഹോട്ടലില്‍ നിന്ന് ഫുഡ്‌ വരുത്തിക്കേണ്ട്‌ വന്നു. സുമതി പോകുന്നതോടെ കട്ടിലില്‍ കിടക്കാമല്ലോ എന്ന് ഇളയവളായ മോളിക്കുട്ടി സ്വപ്നം കണ്ടു. കല്യാണം കഴിഞ്ഞ്‌ സുമതി പോയപ്പ്പ്പോള്‍ എല്ലാവരുടെയും മുഖത്ത്‌ ഒരാശ്വാസം ആയിരുന്നു(സുമതിയുടെ മുഖത്ത്‌ പോലും).

കല്യാണം കഴിഞ്ഞ്‌ നാലാം നാള്‍ സുമതിയും ജോയിച്ചനും ചാക്കോച്ചേട്ടന്റെ വീട്ടിലെത്തി. മരുമകനെ ട്രീറ്റ്‌ ചെയ്യാനായി ചാക്കോ ചേട്ടന്‍ നല്ലാ ഒന്നന്തരം സാധനം കരുതി വെച്ചിരുന്നു. കുടിച്ച്‌ ബോധം കെട്ട്‌ രണ്ട്‌ പേരും വാഗ്വാദത്തിലെത്തുകയും ചാക്കോച്ചേട്ടന്‍ ജോയിച്ചനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ജോയിച്ചന്‍ അച്ചാര്‍ തൊട്ട്‌ നാക്കില്‍ വച്ച്‌ സത്യം ചെയ്തു. 'അപ്പന്റെ അടുത്ത റിലീസിന്‌ മുന്‍പ്‌ എന്റെ കുട്ടിയുടെ 28 ഞാന്‍ നടത്തിയില്ലേല്‍ എന്റെ പേര്‌ അപ്പന്റെ പട്ടിക്കിട്ടോ'. 'എന്റെ പട്ടിക്കൊണ്ടെടാ 10 പിള്ളേരെന്ന്' ചാക്കോച്ചന്‍ തിരിചടിച്ചു. ജോയിച്ചന്റെ കോപം ആളിക്കത്തി. 'അപ്പന്റെ റെക്കോഡ്‌ ഞാന്‍ തകര്‍ക്കും' എന്ന് വെല്ലുവിളിച്ച്‌ ജോയിച്ചന്‍ രംഗം വിട്ടു.

അന്ന് രാത്രിയില്‍ ജോയിച്ചന്‍ ഉറങ്ങിയില്ല. ഇനിയുള്ള രാത്രികളെങ്കിലും ഉറങ്ങാന്‍ വേണ്ടി സുമതിയും ഉറക്കം കളഞ്ഞ്‌ അങ്ങേരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ജോയിച്ചന്‍ പക്ഷേ വാശിക്കാരനായിപ്പോയില്ലേ.

എന്നാലും ഇത്‌ ഭയങ്കര ചതിയായിപ്പോയി. സുമതി മനസ്സില്‍ വിചാരിച്ചു. ഇനി എന്തെങ്കിലും ചെയ്യാതെ നിവര്‍ത്തിയില്ല. എന്താണ്‌ നമ്മടെ ടാര്‍ജറ്റ്‌ എന്നെങ്കിലും അറിയണ്ടേ? സുമതി നേരേ വീട്ടില്‍ പോയി അമ്മച്ചിയോട്‌ കരഞ്ഞുകൊണ്ട്‌ വിവരം പറഞ്ഞു. അമ്മച്ചിയും നിസ്സഹായ ആയിരുന്നു. തെക്കോട്ടും വടക്കോട്ടും തിരിഞ്ഞിരുന്ന് രണ്ട്‌ പേരും തലപുകച്ചു. ഒടുവില്‍ സുമതിയാണ്‌ ഒരു സൊലൂഷന്‍ കണ്ടെത്തിയത്‌. 'ഗ്ലോബല്‍ വാര്‍മിംഗ്‌.'

അടുത്ത ദിവസം മുതല്‍ ചാക്കോച്ചേട്ടന്‍ അടുത്ത്‌ വന്നിരിക്കുമ്പോള്‍ ഏലിയാമ്മ ചേട്ടത്തി പറയും. 'ഹൊ എന്തൊരു ചൂടാ നിങ്ങളങ്ങോട്ട്‌ മാറി ഇരുന്നേ'. ഇതൊരു സ്ഥിരം പല്ലവിയായപ്പോള്‍ ഗ്ലോബല്‍ വാര്‍മിങ്ങിന്റെ ദൂഷ്യഫലങ്ങള്‍ ചാക്കോ ചേട്ടനും അനുഭവിച്ച്‌ തൊടങ്ങി. എന്ത്‌ ചെയ്യണമെന്നറിയാതെ താഴേക്ക്‌ നോക്കുമ്പോള്‍ പായില്‍ നീന്തിനടക്കുന്ന ഇളയവള്‍ മേരിക്കുട്ടി പല്ലുവരാത്ത മോണക്കാട്ടി ഇളിച്ച്‌ കാണിച്ച്‌. ദേഷ്യം സഹിക്കവയ്യാതെ ചാക്കോചേട്ടന്‍ പറഞ്ഞു. 'ഗ്ലോബല്‍ വാര്‍മിംഗ്‌ നേരത്തെ വന്നിരുന്നേല്‍ നീ ഇങ്ങോട്ട്‌ വരില്ലായിരുന്നു അതോര്‍ത്താല്‍ നന്നു

വാല്‍ക്കഷ്ണം : ചില ടിവി പരിപാടികളില്‍ പറയുന്നത്‌ പോലെ 'ഈ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കരുത്‌'

Friday, January 12, 2007

മുല്ലപ്പെരിയാര്‍ പൊട്ടുമ്പോള്‍.............


മുല്ലപ്പെരിയാര്‍ പ്രശ്നമാണെന്നും ചര്‍ച്ചാവിഷയം എന്നു കണ്ടപ്പോള്‍ അവസരം നന്നായി ഉപയോഗിച്ചത്‌ നമ്മുടെ പത്രക്കാരാണ്‌. ദിവസവും പേപ്പറിന്റെ തലക്കെട്ട്‌ ജലനിരപ്പാണ്‌. ള്‍ ദിവസവും പേപ്പറിന്റെ തലക്കെട്ട്‌ ജലനിരപ്പാണ്‌. അതോടൊപ്പ്പ്പം ഡിറ്റക്ടീവ്‌ നോവലിസ്റ്റിന്‍പ്പോലും ഞെട്ടിപ്പിക്കുന്ന കഥകളും.
ഇതിനേക്കാള്‍ 'പുഴു'വിന്‌ രസകരമായി തോന്നിയത്‌ നമ്മളുടെ രാഷ്ട്രീയമാണ്‌. മുല്ലപ്പെരിയാര്‍ പ്രശ്നം കൊടുമ്പിരികൊള്ളാന്‍ തിരുമ്പാടി ബൈ ഇലക്ഷന്‍ ആണു മുഖ്യപ്രതി. സദ്ദാം ഹുസൈന്‍ വരെ വോട്ട്‌ നല്‍കുമ്പോള്‍ നമ്മളുടെ മുല്ലപ്പെരിയാറിന്‌ കൈ കെട്ടി നോക്കിയിരിക്കാന്‍ പറ്റുമോ.
മുല്ലപ്പെരിയാറിലെ വെള്ളം പൊങ്ങുമ്പോള്‍ എല്‍ ഡി എഫ്‌ ഓടി നടന്ന് റിസര്‍ച്ച്‌ നടത്തി. കുടവയരിന്‌ ഒരുപാട്‌ മന്ത്രിമാര്‍ വ്യായാമം നല്‍കി. അണക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക്‌ നോക്കുക, തമില്‍നാട്‌ വന്ന് വെള്ളം കോരിക്കോണ്ട്‌ പോകാതിരിക്കാന്‍ മന്ത്രി കാവല്‍ കിടന്നു തേക്കടിയില്‍. കാവല്‍കിടക്കുമ്പോളും വെറുതെയിരുന്നില്ല. അണക്കെട്ടിന്റെ അടിത്തട്ട്‌ വിസിറ്റ്‌ ചെയ്തിട്ടുള്ള കരിമീനിനെ നേരിട്ട്‌ ടെസ്റ്റ്‌ ചെയ്യുകയായിരുന്നു.
യു ഡി എഫിനു വെറുതെയിരിക്കാന്‍ പറ്റുമൊ? ഉടന്‍ കാസര്‍ഗോഡിനു വണ്ടിപിടിച്ചതാണ്‌, പദയാത്ര നടത്താന്‍. ഭാഗ്യം അതെന്തോ ഉണ്ടായില്ല. താമര അണക്കെട്ടിന്‌ മുകളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്രേ. എന്തിനിതൊക്കെ? ആരെ കളിയാകാന്‍?എന്താണെങ്കിലും അഭ്യാസം നമ്മള്‍ കൊറെ നടത്തിയെങ്കിലും വെള്ളം ഇപ്പോളും അവരുടെ കയ്യില്‍. ആകെ ഒരി പ്രയോജനമുണ്ടായത്‌ നാല്‌ നീ പോടാ മോനേ ദിനേശാ സ്റ്റെയില്‌ ഡയലോഗ്‌ കാച്ചി അച്ചുമാമന്‍ ഹീറോ ആയത്‌ മാത്രമാണ്‌.
പുഴു ഇപ്പോളോര്‍ക്കുന്നത്‌ 'ഗുരു'വിലെ ചിലരംഗങ്ങളാണ്‌. കാഴ്ചയുള്ള കേരളീയരെയൊക്കെ അന്ധന്മാരാക്കി നമ്മുടെ രാഷ്ട്രീയക്കാര്‍ തമാശകളിക്കുമ്പോള്‍ കറുത്തകണ്ണാടി വച്ച്‌ ഭരിക്കുന്ന കരുണാനിധി അവിടെയിരുന്ന് ഇവിടുത്തെ കാര്യങ്ങള്‍ കണ്ട്രോള്‍ ചെയ്യുന്നു. കലികാലമെന്നല്ലാതെ എന്ത്‌ പറയാന്‍.