Sunday, March 29, 2009

സാഗര്‍ അലിയാസ് ജാക്കി

കഴിഞ്ഞ ആഴ്ചയിലെ ഏതോ ഒരു പാതിരാത്രിയില്‍ ഉറങ്ങാനായി കണ്ണടച്ചപ്പോള്‍ ആണ് "സത്യം തീയടരില്‍ സത്യമായിട്ടും സാഗര്‍ അലിയാസ് ജാക്കി" എന്ന് റൂം മേറ്റ് ടോം പറഞ്ഞത്. ചെന്നൈല്‍ റിലീസ് ചെയ്യുന്ന മലയാളം പടങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാ ആഗ്രഹമുള്ളതിനാല്‍ ഇന്നിനീ ടിക്കറ്റ് ബുക്ക് ചെയ്തിട്ട മതി ഉറക്കം എന്ന് വിചാരിച്ച് ബുക്ക് ചെയ്ത്, പണിയൊക്കെ ഇനി തിന്കലാഴ്ച ബാക്കി ചെയ്യാം ചേട്ടാ എന്ന് ഓഫീസില്‍ പറഞ്ഞു ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാണ്ട് തീയറ്ററില്‍ ചെന്ന എനിക്ക് ഇത് തന്നെ കിട്ടണം. നന്ദി ലാലേട്ടാ നന്ദി.

അമല്‍ നീരദ്, ബിഗ് ബി യ്ക്ക് ശേഷം ലാലേട്ടനെ മസില്‍ പിടിപ്പിച്ച് ക്ലോസ് ഷോട്ട്സിലും സ്ലോ മോഷനിലും മാത്രമായി ചിത്രീകരിച്ച ആദ്യ മലയാള ചിത്രം "സാഗര്‍ അലിയാസ് ജാക്കി". ലാലേട്ടന്‍ പറഞ്ഞ വരുമ്പോള്‍ ചിലപ്പോള്‍ അത് ഏലിയാസ് ആകും. പ്ലീസ് ഡോണ്ട് മിസ്‌ അന്ടര്‍ സ്റ്റാന്റ്റ്.

എസ് എന്‍ സ്വാമി ആണ് തിരക്കഥ. അതും മറ്റൊരു അത്ഭുതം ആണ്. കഥയില്ലാതെ തിരക്കഥ എഴുതുക എന്നതൊരു നിസ്സാര കാര്യമല്ലല്ലോ. ലാലേട്ടന്‍ തെക്കും വടക്കും നടക്കുന്നതും പോകുന്ന വഴിയില്‍ കണ്ടുമുട്ടുന്ന സുന്ദരിമാരുടെയും സുന്ദരന്‍മാരായ വില്ലന്മാരുടെയും വില കൂടിയ കുറെ വണ്ടികളുടേയും കഥയാണ്‌ സാഗര്‍ അഥവാ ജാക്കി.

എനിക്ക് തോന്നുന്നത് ചിത്രീകരണത്തിന്റെ ചിലവ് കുറയ്കാന്‍ ലാലേട്ടനെ കേരളത്തില്‍ നിന്ന് ദുബായ്ക്ക് നടത്തിയാണ് കൊണ്ട്ട് പോയത് എന്നാണു (ചില ആനകളെ കൊണ്ടു പോകുന്നത് പോലെ) ഒപ്പം നടപ്പ് പല ആംഗിളില്‍ ഒപ്പിയെടുത്ത് വെട്ടി മുറിച്ച്, പുട്ടിനു പീര പോലെ അവിടിവിടെ അങ്ങട്ട് വിതറി.

മനോഹരമായ ഒട്ടേറെ ആംഗിളുകളിലൂടെ അമല്‍ നീരദ് ഒരു കാര്യം പ്രൂവ് ചെയ്തു എങ്ങനെ നോക്കിയാലും ലാലേട്ടന്റെ കുടവയര്‍ തന്നെ മുന്‍പില്‍!! ഇതൊന്നും പോരാഞ്ഞിട്ട് മലയാളസിനിമാ ഇന്നേവരെ കാണാത്ത ഒരു നൃത്തരൂപം അവതരിപ്പിക്കാനായി കല്യാണം കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തി പോയി മടങ്ങി വന്ന ജ്യോതിര്‍മയീയെ തന്നെ തിരഞ്ഞെടുത്തത് ഒരൊന്നൊന്നര കാസ്റ്റിംഗ് ആയി പോയി. (ആ കുട്ടിക്ക് എന്ത് പറ്റി കല്യാണം കഴിഞ്ഞപ്പോള്‍ വല്ല ബാധ കേറിയോ? )

ലാലേട്ടന്റെ പഴയ നായിക ശോഭന മടങ്ങിയെത്തിയത് ഒരു കുട്ടിയുടെ അമ്മയായിട്ടാണ്. ബട്ട് ലാലെട്ടനിപ്പോലും ബാച്ചിലര്‍ തന്നെ.പടയപ്പ എന്ന ചിത്രത്തില്‍ ഷര്‍ട്ടൂരി സോമാലിയന്‍ കുട്ടികളെ പോലെ നിക്കുന്ന രജനീ കാന്തിനെ നോക്കി അബ്ബാസ് കാച്ചുന്നത് "വൌ വാട്ട് എ മാന്‍" എന്നാണ്. ഇത് പറഞ്ഞു കുറെ തമിഴന്മാരെ കളിയാക്കിയതിന്റെ പാപമാണെന്ന് തോന്നുന്നു, സിക്സ് പാക്കുകളുടെ കാലത്ത് 'സ്കൂള്‍ ബാഗ്' മായി നില്‍ക്കുന്നവയസ്സന്‍ ലാലെട്ടനോട് ഇഷ്ടം ആണെന്ന് പറയുന്ന ഭാവനയെ കണ്ടപ്പോള്‍ കണ്ണുനീരായി പുറത്ത് വന്നത്. അത് കൊണ്ടും തീരാതെ ഒരു പാട്ടും. ലാലേട്ടന്‍ മുന്‍പില്‍ ഭാവന പിന്നില്‍ അങ്ങനെ കണ്ട മലയും പുഴയും ഒക്കെ നടന്നു ഭാവനയെ സംബധിച്ചിടത്തോളം ലാലെട്ടനാകുന്ന മലയെ ചുറ്റി ഒരു പ്രേമം.

സ്മാള്‍ ലെറ്റര്‍ കണ്ടാല്‍ പച്ച വര വരയ്ക്കുന്ന മൈക്രോസോഫ്റ്റ് വേര്‍്ഡിനെ പോലെ പാവം വില്ലന്‍ എപ്പോള്‍ ലാലേട്ടനെ കണ്ടാലും ഇവനെ ഞാന്‍ ഇപ്പൊ പോകച്ച് കളയും എന്ന് പറഞ്ഞ തോക്കും പിടിചോന്റ്റ് വന്നു അതെറിഞ്ഞ് കളഞ്ഞ് ഇടി മേടിച്ച് കൂട്ടും. ഈ തോക്ക് ചൂണ്ടി പിടിചിട്ട് പിന്നെ അതെറിഞ്ഞ് കളഞ്ഞ് ഇടി കൂടുന്നതിന്റെ ലോജിക്ക് എന്താണ്? സോഷ്യലിസം ആണോ?

ഞങ്ങളോട് ക്ഷമിക്കണേ എസ് എന്‍ സ്വാമി, ലാലേട്ടന്‍, അമല്‍ നീരദ്, ആന്റണി പെരുമ്പാവൂര്‍ സാറുമ്മാരെ, ഇങ്ങനെ ആയാല്‍ ഇനി മലയാളസിനിമയുടെ വ്യാജ ഡി വി ഡി ഒക്കെ ഇല്ലാണ്ടാവാന്‍ അധിക താമസം ഉണ്ടാവില്ല. മലയാള സിനിമ കാണാനേ ആരുമില്ലാത്തപ്പോള്‍ പിന്നെ ഡി വി ഡി ഉപയോഗശൂന്യം ആണല്ലോ.എന്തൊക്കെ ആയാലും ടൈറ്റിലും ചില സീനുകളും ഒക്കെ മനോഹരമായിരുന്നു. പക്ഷെ ഈ സ്ലോ മോഷനൊക്കെ ഒരു ലിമിറ്റില്ലേ?

ചിത്രത്തെ കുറിച്ച് ഒറ്റ വാചകത്തില്‍ സ്റ്റൈലിഷ് ആന്‍ഡ് ബോറിംഗ് ചിത്രം.

ഇതൊന്നും കൊണ്ട്ട് ഞാന്‍ പഠിയ്ക്കാന്‍ പോകുന്നില്ല കസിനോവയും ഹരിഹര്‍ നഗറും ഒക്കെ കാണാന്‍ ആദ്യം തന്നെ കാണും. അതെന്കിലും നന്നാവുമായിരിക്കും !!!

തീയടരില്‍ കേട്ട്ടത് : ലാലേട്ടന്‍ ഫാന്‍സിന്റെ സംഘഗാനം "മമ്മൂട്ടി ക്യാന്‍ ഡാന്‍സ് സാലാ"!!!