Thursday, August 16, 2007

വാക്കത്തി

ബസ്‌ സ്റ്റാന്‍ഡ്‌ വരികയും മറ്റൊരു മൂലയില്‍ കുറേ തമിഴ്‌ മക്കള്‍ ടെന്റ്‌ കെട്ടുകയും ചെയ്തതോടെയാണ്‌ ഞങ്ങള്‍ കുടിയിറക്കപ്പെട്ടത്‌. ഞങ്ങള്‍ എന്നാല്‍ പഞ്ചായത്തിലെ പ്രമുഖ ക്രിക്കറ്റ്‌ സ്നേഹികളെന്നോ ഭ്രാന്തന്മാരെന്നോ ഒക്കെ വിശേഷിക്കപ്പെടുന്ന ഒരു സംഘം. പഴയ കളിസ്ഥലമായിരുന്ന മിനി സ്റ്റേഡിയം ആണ്‌ ബസ്‌ സ്റ്റാന്‍ഡായും തമിഴ്‌ നാടായും മാറിയത്‌.

ടീമിനെക്കുറിച്ച്‌ നാലുവാക്ക്‌ പറയട്ടെ. താരതമ്യേന തെറ്റില്ലാത്ത ടീം. മിക്കവാറും ടൂര്‍ണമെന്റുകളെല്ലാം പങ്കെടുക്കും. കണ്‍സിസ്റ്റന്റായി വിജയിച്ചിരുന്ന ഒരു ചരിത്രം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ്‌ ടീമിന്റെ നെടുംതൂണാരുന്ന മനോജേട്ടന്‍ ജോലി കിട്ടി ദുബായ്ക്ക്‌ പോയത്‌. പോകാന്‍ നേരം ടീമിനെ കുറെ നേരം ഉപദേശിച്ച്‌ നേരെയാക്കാന്‍ ശ്രമിച്ചു. വല്ലപ്പോഴെങ്കിലും പന്ത്‌ ഓഫ്‌ സൈഡില്‍ കളിക്ക്‌ മക്കളേ, വൈഡ്‌ അധികം എറിയരുതെ എന്നൊക്കെ. ഞങ്ങളുടെ നാട്ടിലെ ടൂര്‍ണമെന്റുകളുടെ പ്രത്യേകതയായിരുന്നു നീളം കുറഞ്ഞ ഓഫ്‌ സൈഡ്‌ ഫീല്‍ഡ്‌. എങ്കിലും ആകാശം നോക്കി ബാറ്റ്‌ വീശിയിരുന്ന ഞങ്ങളാരും ഓഫ്‌ സൈഡിനെ മൈന്റ്‌ ചെയ്തിരുന്നില്ല. മനോജേട്ടന്റെ ഓഫ്‌ സൈഡ്‌ ഷോട്ടുകളാണ്‌ പലപ്പോഴും കപ്പായി മാറിയിരുന്നത്‌.

യാത്ര പുറപ്പെടുന്നതിന്‌ മുന്‍പ്‌ മാനോജേട്ടന്‍ വീണ്ടും ഓര്‍മിപ്പിച്ചു. "ഓഫ്‌ സൈഡ്‌..."
"അക്കാര്യം ഞങ്ങളേറ്റെന്നേ...." നിശ്ശേഷം സംശയമില്ലാതെ ഞങ്ങള്‍ തലകുലുക്കി. വട്ടക്കളം കപ്പിന്റെ ഫൈനല്‍സ്‌ ആണ്‌ ഉണ്ടായിരുന്നത്‌.

മനോജേട്ടന്റെ നാവില്‍ ഗുളികനുണ്ടായിരുന്നു. പറഞ്ഞത്‌ അച്ചട്ടായി ഫലിച്ചു. ലെഗ്‌ സൈഡിലെ ഞങ്ങളുടെ സിക്സര്‍ സ്വപ്നങ്ങള്‍ ഫീല്‍ഡര്‍മാരുടെ കയ്യിലൊതുങ്ങിയപ്പോള്‍ ഓഫ്‌ സൈഡ്‌ അനാഥനായിക്കിടന്നു. ഭംഗിയായി ഫൈനല്‍ തോറ്റു. റൂട്ട്‌ കോസ്‌ അനാലിസിസ്‌ നടത്തി മനോജേട്ടന്റെ നാവിലെ ഗുളികനെ കയ്യോടെ പൊക്കി ഞങ്ങള്‍. 'നമ്മള്‍ പൊരുതി തോറ്റു അങ്ങേരുടെ നാക്കണ്‌ എല്ലാത്തിനും കാരണം'.

പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന പോലെ ആണ്‌ കളി തോറ്റ്‌ മടങ്ങിവന്ന് ഗ്രൗണ്ടിന്റെ അവസ്ഥ കണ്ടപ്പോള്‍ തോന്നിയത്‌. മൂന്നാറിലെ റിസോര്‍ട്ട്‌ ഉടമ നിന്നപോലെ ഇതികര്‍ത്തവ്യഥാമൂഡരായി ഞങ്ങള്‍. പിച്ചിലെ മണ്ണ്‍ കുഴിച്ച്‌ ചട്ടിയുണ്ടാക്കുന്ന തിരക്കിലും ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ മറന്നില്ല പാണ്ടിയണ്ണന്‍.

അങ്ങനെ കിടപ്പാടം നഷ്ടപ്പെട്ട ഒരു പറ്റം ചെറുപ്പക്കാര്‍ നടത്തിയ 'ടീമായണം' ആണ്‌ ഒടുവില്‍ അമ്പലഗ്രൗണ്ടിലെത്തിച്ചത്‌. സംഭവം ഗ്രൗണ്ടൊക്കെ കൊള്ളാം. പക്ഷെ പതിവ്‌ പോലെ ഒരു സൈഡിന്‌ നീളക്കുറവ്‌. ആ ഭാഗം ഓഫ്‌ സൈഡായി വരത്തക്കവിധത്തില്‍ കമ്പ്‌ കുത്തി കളി തുടങ്ങി. ഓഫ്‌ സൈഡ്‌ നമ്മക്ക്‌ പണ്ടേ ഹറാമാണല്ലോ!!

'പുഴു'വിനെപ്പോലുള്ള ഇളയതലമുറ കൈ കറക്കിത്തുടങ്ങിയ സമയമായിരുന്നത്‌ കൊണ്ടോ എന്തോ, ഒരു പാട്‌ സ്ട്രെയിറ്റ്‌ സിക്സറുകള്‍ പാഞ്ഞ്‌ കൊണ്ടിരുന്ന് നേരെ മുന്‍പിലുള്ള ശ്രീകൃഷ്ണസന്നിധിയിലേക്ക്‌. ഹൈന്ദവസിക്സറുകള്‍ കൈ നീട്ടി സ്വീകരിക്കപ്പെട്ടിരുന്നെങ്കിലും മറ്റുള്ളവയ്കെല്ലാം വിലക്ക്‌ ഏര്‍പ്പെടുത്തണമെന്നായിരുന്നു അമ്പലക്കമ്മറ്റി തീരുമാനം. അങ്ങനെ ഞങ്ങളുടെ പിച്ചിന്റെ സ്ഥാനം മാറി. (മുജീബേട്ടനും അടിക്കണമല്ലോ സിക്സര്‍!!)

ഞങ്ങളുടെ ക്രിക്കറ്റ്‌ ചരിത്രത്തിലാദ്യമായി ചെറിയ ലെഗ്‌ സൈഡ്‌ അങ്ങനെ രൂപീക്രിതമായി. യഥാര്‍ത്ഥത്തില്‍ കേന്ദ്രകഥാപാത്രം വാക്കത്തിയുടെ രംഗപ്രവേശം ഈ ഘട്ടത്തിലാണ്‌. വാക്കത്തിയെ പരിചയപ്പെടുത്തട്ടെ. ലെഗ്‌ സൈഡിലെ ചെറിയൊരു മാളികയുടെ ഉടമസ്ഥനായിരുന്നു വാക്കത്തി എന്ന പരമേശ്വരന്‍ നായര്‍. പരമേശ്വരന്‍ നായര്‍ വാക്കത്തിയാവാന്‍ കാരണം വാക്കത്തിയുമായുള്ള അദ്ദേഹത്തിന്റെ അഭേദ്യ ബന്ധമായിരുന്നു.

ലെഗ്‌ സൈഡിലെ സിക്സറുകള്‍ വാക്കത്തിയുടെ ടാജ്‌ മഹാളിനു മുത്തം കൊടുക്കുന്നത്‌ പതിവായിരുന്നു. പന്തുകൊണ്ടാല്‍ ഓട്‌ പൊട്ടും. അതാണല്ലോ ശാസ്ത്രം. ഇതെല്ലാം ശാസ്ത്രം പഠിക്കാത്തതിനാലോ മറ്റോ വാക്കത്തിക്ക്‌ സഹനീയമായിരുന്നില്ല,

ലെഗ്‌ സൈഡിലെ അക്രമണം അതിരുകടന്നപ്പോള്‍ കയ്യിലൊരു വാക്കത്തിയുമായി അദ്ദേഹം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കാന്‍ തുടങ്ങി. അതിര്‍ത്തി കടക്കുന്ന പന്തുകളെല്ലാം വാക്കത്തിയുടെ മൂര്‍ച്ചയറിഞ്ഞു. സ്വാശ്രയനിയമം പോലെ അവയൊക്കെ കീറിപ്പോയി!! കളിനടക്കുന്ന സമയം തൊടിയില്‍ ഒരു തേങ്ങ വീണാല്‍ പോലും അവയെല്ലാം വാക്കത്തിയുടെ ചൂടറിഞ്ഞേ നിലം പതിച്ചിരുന്നുള്ളൂ. അമ്പലക്കമ്മറ്റിക്കാരെക്കാളും മതേതരത്വ ചിന്താഗതിക്കാരനായിരുന്നു വാക്കത്തി അങ്കിള്‍. ജാതിമത ചിന്തകള്‍ക്ക്‌ ഉപരിയായി കര്‍മ്മമാണ്‌ മഹത്വമെന്ന് അദ്ദേഹം പ്രവര്‍ത്തിയിലൂടെ കാട്ടിത്തന്നു ഞങ്ങള്‍ക്ക്‌.

വാക്കത്തിക്കാരു മണികെട്ടും എന്നായി ഏവരുടേയും ചിന്ത. ടൂര്‍ണമെന്റുകള്‍ തോറ്റ്‌ ശീലമുണ്ടായിരുന്നതിനാല്‍ വാക്കത്തിക്ക്‌ മുന്‍പില്‍ തോല്‍ക്കുക ഞങ്ങള്‍ക്കൊരു വിഷയമേ ആയിരുന്നില്ല. മുജീബേട്ടന്‍ പറഞ്ഞത്‌ പോലെ 'ഓന്‍ ഞമ്മടെ നല്ലതിനു ബേണ്ടി പറയണതല്ലേ, പ്രായമായ ആളല്ലേ ഞമ്മക്ക്‌ ക്ഷമിക്കാം ന്ന്'. എല്ലാരും ആജ്ഞ ശിരസാവഹിച്ചു. ലെഗ്‌ സൈഡ്‌ ഏറെ പാട്‌ പെട്ട്‌ ഉപേക്ഷിച്ചു, എല്ലാരും ഓഫ്‌ സൈഡ്‌ മാത്രം കേന്ദ്രീകരിച്ച്‌ കളി ആരംഭിച്ചു. മാസം കുറച്ച്‌ കഴിഞ്ഞ്‌ ഓഫ്‌ സൈഡ്‌ കേമന്മാര്‍ ആയി മാറി ഞങ്ങളുടെ ടീം. എല്ലാം വാക്കത്തി എന്ന വലിയ മനുഷ്യന്‍ കാരണം. വീണ്ടും കപ്പുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങി പതിവുപോലെ. ഇതിനിടയ്ക്‌ വാക്കത്തി ഇഹലോകവാസം വെടിഞ്ഞു. എങ്കിലും അദ്ദേഹം നല്‍കിയ കോച്ചിംഗ്‌ ഞങ്ങളാരും മറന്നില്ല.

അദ്ദേഹത്തിന്റെ ഓര്‍മക്കായി ടീം ആ നാമധേയം സ്വീകരിച്ചു, വര്‍ഷവര്‍ഷം വാക്കത്തി ട്രോഫിക്കായി ടൂര്‍ണമന്റ്‌ നടത്താന്‍ തുടങ്ങി. ഇന്നും വാക്കത്തിയുടെ നാമധേയം അമ്പലഗ്രൗണ്ടിന്റെ മതിലില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിയിട്ടുണ്ട്‌. ഒരു ടീമിനെ മുഴുവനായി കണ്ണുരുട്ടാതെ, വടി എടുക്കാതെ വിജയത്തിലേക്ക്‌ നയിച്ച മഹാനായ കോച്ചിന്റെ നാമധേയം.

തീര്‍ച്ചയായും ബംഗാളിലും ഉണ്ടായിരുന്നിരിക്കും ഇത്തരത്തിലൊരു വാക്കത്തി. ഇല്ലെങ്കില്‍ ബംഗാളിനെങ്ങനെ സൗരവ്‌ ഗാംഗുലിമാരെ ശ്രുഷ്ടിക്കാന്‍ പറ്റുന്നു.

4 comments:

ഉറുമ്പ്‌ /ANT said...

:)

Visala Manaskan said...

എന്റെ പുഴുപ്പുലീ...

എനിക്ക് പുകഴ്ത്തുമൊഴികള്‍ കിട്ടാനില്ല. എനിക്കങ്ങിനെ സംഭവിക്കുന്നതല്ല. ജീന്‍ വഴി കിട്ടിയ സിദ്ധിയാണേയ്. ഓഫ് സൈഡ് കളി പഠിപ്പിച്ച ആ മാന്യവാക്കത്തിയദ്ദേഹത്തിന് ഇതിലും വിട്ടൊരു അംഗീകാരം കൊടുക്കാനില്ല പുഴൂ.

വാഴ്ത്തുക്കള്‍. ബ്ലോഗിന് ഹാസ്യ മൂച്ച് മാന്ദ്യം സംഭവിക്കുമ്പോള്‍ ഓരോരോ സ്റ്റാറുകള്‍ അവതാരമെടുക്കാറുണ്ട്. വക്കാരിയായും അരവിന്ദനായും ഇടിവാളായും കുറുമാനായും തമനുവായും ലോനപ്പനായും അങ്ങിനെയങ്ങിനെ...

അവരുടെ കൂട്ടത്തിലേക്ക് ദാ മറ്റൊരു വേന്ദ്രന്‍!!

ഒരുപാട് ഒരുപാട് എഴുതുക. കലക്കന്‍ എഴുത്താണ്. വാഴ്ത്തുക്കള്‍!

സ്‌നേഹത്തോടെ ഫാനത്തോടെ..

Anonymous said...

±d¢i d¤r¤©l ,

Ò£l¢YY¢v Aa¬h¡i¢ Fc¢´¤ F¨Ê fܤ l¡´Y¢i¢v Ag¢hc« ©Y¡¼¢iY¤ C©¸¡w d¤r¤ “ l¡´·¢” li¢O©¸¡w BX¤. f¢ o¢ o¢ ¨F l¡´Y¢¨i F±Yi¤« ©lL« Baj¢´¤¨h¼¤ ±dY£È¢´¤¼¤.

Yk¨i¡kdsuf¢¨Ê hXh¤¾ H¡thJw l£uV¤« C¹¨c ©d¡j¨¶ !

J¤º½¡i¢

Anonymous said...

Thank you for making my relative " the great Vakkathi" a hero here in the bloggers world. i am eagerly waiting for the BCCI to recommend him for Dronacharya award.

More stories with the flavour of Thalayoalaparambu is welcome !!Keep going