Thursday, December 20, 2007

നിമിഷങ്ങള്‍ക്ക് നീളം കൂടുമ്പോള്‍...

രവി അന്ന് ഉറക്കം ഞെട്ടി എഴുന്നേറ്റു. ആകെ വിയര്‍ത്തിരിക്കുന്നു. നരച്ച മീശയുടെ തുമ്പില്‍ വിയര്‍പ്പ്‌ തുള്ളികള്‍. പക്ഷെ ഓര്‍മ്മകള്‍ നരക്കില്ലല്ലോ. ഇന്നിനി ഉറക്കം പ്രയാസമാണ്‌. അടുത്ത്‌ കിടക്കുന്ന ഭാര്യയേയും മകനേയും ഉണര്‍ത്താതെ ഹാളിലേക്ക്‌ നടന്നു.

ടിവി ഓണ്‍ ചെയ്തു. ഏതോ ഒരു പത്മരാജന്‍ സ്രഷ്ടിയുടെ അന്ത്യയാമങ്ങള്‍. സൗഹ്രുദത്തിന്റെ അന്ത്യം ഒഴിവാക്കാനെന്ന പോലെ ആത്മാഹുതി ചെയ്യുന്ന രണ്ട്‌ പെണ്‍കുട്ടികള്‍.(ഒരു ലെസ്ബിയന്‍ ചിന്താഗതിയോ).രവിയുടെ ചിന്തകള്‍ വീണ്ടും ചൂട്‌ പിടിച്ചു. തനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു സൗഹ്രുദം. താഴേക്ക്‌ ഇറ്റുവീണ വിയര്‍പ്പ്‌ തുള്ളി ആ നഷ്ടത്തെയാണോ പ്രതിനിധാനം ചെയ്യുന്നത്‌?അനിത, സഹപാഠിയായിരുന്നു, ചാറ്റ്‌ ഫ്രണ്ടായിരുന്നു. ഇല്ല അതിലുമേറെയായിരുന്നു. ഇന്നും വറ്റാത്ത ഓര്‍മയുടെ ഉറവ പറയുന്നു,ഇപ്പോഴും ഉച്ചത്തില്‍ തേങ്ങുന്ന ഹ്രദയുമിടുപ്പുകള്‍ തെളിയിക്കുന്നു, ആ സത്യം.

അവള്‍ കാമുകിയായിരുന്നില്ല, അവന്റെ ജീവിതത്തിലെ വസന്തങ്ങള്‍ വിരിയിച്ച പ്രിയ തോഴിയായിരുന്നു. പതിവായി ഉറക്കം ഞെട്ടി ഉണര്‍ന്ന രാവുകളില്‍ അവള്‍ക്ക്‌ താന്‍ കൂട്ടായിരുന്നു, ഇന്റര്‍നെറ്റിലൂടെ. മനസ്സുകള്‍ തമ്മിലുള്ള അസാധാരണ കമ്യൂണിക്കേഷന്‍ അതാണ്‌ ഞങ്ങളെ അടുപ്പിച്ചിരുന്നത്‌. അവളെ സംബന്ധിച്ച്‌ എല്ലാം എനിക്കറിയാമായിരുന്നു തിരിച്ച്‌ അവള്‍ക്കും. ആണ്‍ പെണ്‍ സൗഹ്രുദത്തിനു ഒരു വരമ്പ്‌ ആവശ്യമില്ല. എങ്കിലും ഈ നശിച്ച സമൂഹത്തെ എനിക്ക്‌ പേടിയായിരുന്നു, ഒരിക്കലും ക്ലാസ്സ്‌ റൂമിലെ ഞങ്ങളുടെ സംഭാഷണം ഒരു നോട്ട്‌ ബുക്ക്‌ ചോദിക്കലിനപ്പുറം പോയിരുന്നില്ല. അവളുടെ ഭാവി എന്നാല്‍ ക്രൂശിക്കപ്പെടുന്നത്‌ കാണാന്‍ അശക്തനായതിനാല്‍ ഈ യാഥാസ്തിതികന്റെ മനസ്സ്‌ തീരുമാനിച്ചതായിരുന്നു അത്‌.
എങ്കിലും എന്നെ സംബന്ധിച്ച്‌ അവള്‍ക്കെല്ലാം അറിയാമായിരുന്നു തിരിച്ച്‌ അവള്‍ക്കും.

ബ്ലഡ്‌ റിലേഷന്‍സ്‌ ഒരിക്കലും ഒരിക്കലും 'സിമുലേറ്റ്‌' ചെയ്യാന്‍ പറ്റില്ലല്ലോ എന്നാലും ഉറക്കം പിടിക്കുന്നതിനു മുന്‍പ്‌ അവള്‍ അയച്ചിരുന്ന ചുംബനം ഒരിക്കലും എന്റെ സിരകളെ ചൂട്‌ പിടിപ്പിച്ചിരുന്നില്ല. തിരിച്ചവള്‍ക്കും. ചില രാത്രികളില്‍ സ്നേഹപുരസ്സരം പറഞ്ഞിരുന്നു അവള്‍ 'നിന്നെ ഞാന്‍ നഷ്ടപ്പെടുത്തില്ല ഒരിക്കലും'. പക്ഷെ ഞാന്‍ അവളെ നഷ്ടപ്പെടുത്തി.

ആനന്ദ്‌, അവനായിരുന്നു ഞങ്ങളുടെ സൗഹ്രുദത്തിന്റെ സാഗരത്തെ കീറി മുറിച്ചത്‌. അല്ല അവന്‍ എന്റെ ചിന്തയെ മാത്രമാവാം കീറിമുറിച്ചത്‌. പൊസ്സസ്സീവ്‌ നെസ്സ്‌ എന്ന വിഷം എന്റെ സിരകളില്‍ ഇംജക്ട്‌ ചെയ്ത്‌ കൊണ്ടാണ്‌ അവന്‍ കടന്നു വന്നത്‌. ആനന്ദിന്റെ ബൈക്കിന്റെ പിന്നിലിരുന്നു പോകുന്ന അനിതയുടെ കാഴ്ചകള്‍ എനിക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അതിലായിരുന്നു അകല്‍ച്ചയുടെ തുടക്കം.പിന്നീട് കാരണങ്ങള്‍ ഉണ്ടായി. ഉണ്ടാക്കി. എങ്കിലും മുടങ്ങാതെ അവള്‍ അവളുടെ ബെസ്റ്റ്‌ ഫ്രണ്ടിനായി ഓഫ്‌ ലൈന്‍ മെസ്സേജ്‌ അയച്ച്‌ കാത്തിരുന്നു. ഇതെല്ലാം വെറും കാപട്യമാണ്‌. പെണ്ണിന്റെ യഥാര്‍ദ്ധമുഖം ഇതാണ്‌. ഞാനങ്ങനെ അടിയുറച്ച്‌ വിശ്വസിച്ചു.

കാപട്യത്തിന്റെ സ്ത്രീരൂപത്തോട്‌ മിണ്ടാതായി. അവളെ വെറുക്കാന്‍ തുടങ്ങിയൊ? അറിയില്ല. ഒരു സുപ്രഭാതത്തില്‍ അവളുടെ ഫോണ്‍ കോള്‍ ആണ്‌ എന്നെ ഉണര്‍ത്തിയത്‌. അവളുടെ വിവാഹനിശ്ചയം ആണത്രെ. 'എന്റെ ക്ലോസ്‌ ഫ്രണ്ട്സിനെ മാത്രമെ ഞാന്‍ ക്ഷണിക്കുന്നുള്ളു നീ വരണം'. നിന്റെ ക്ലോസ്‌ ഫ്രണ്ട്സ്‌ വരും എന്നു പറഞ്ഞ്‌ ഞാന്‍ ആ ഫോണ്‍ സംഭാഷണം നിറുത്തിയപ്പോള്‍ മറുതലയ്കല്‍ ഒരു തേങ്ങല്‍ കേട്ടുവോ?

ആ ദിനം ഞാന്‍ മദ്യലഹരിയിലാണ്ടു. ഇവനാണെന്റെ ക്ലോസ്‌ ഫ്രണ്ടെന്നു ഞാന്‍ സ്വയം വിശ്വസിപ്പിച്ചു. അവളുടെ വിവാഹ നിസ്ചയത്തിനു ഞാന്‍ പോയില്ല. ഞാന്‍ തിരക്കുള്ളവനായി സ്വയം ഭാവിച്ചു. വീണ്ടും ഒരിക്കല്‍ കൂടി അവള്‍ വിളിച്ചു. പറഞ്ഞതിത്രമാത്രം. 'ഒരിക്കലും പരസ്പരം നഷ്ടപ്പെടുത്തില്ലെന്ന് തീരുമാനിച്ചവരാണ്‌ നാം ഇപ്പോള്‍' വീണ്ടും ഒരു തേങ്ങല്‍ ആ വാക്യം പൂരിപ്പിച്ചു. 'ഐ ഹേറ്റ്‌ ദിസ്‌' എന്ന് എന്റെ പുതിയ ക്ലോസ്‌ ഫ്രണ്ട്‌ എന്നെക്കൊണ്ട്‌ മറുപടി കൊടുത്തു.

പിന്നീട് ഒരുപാട് നാള്‍ അവളെക്കുറിച്ച് അറിഞ്ഞതേയില്ല. അറിയാനായി തിരക്കിയതുമില്ല. ചിന്തയുടെ അതിര്ത്തിവരമ്പിനപ്പുറത്തെക്ക് അവളെ ആട്ടിപ്പായിക്കാന്‍ മന:പൂര്‍വ്വം ശ്രമിച്ചു.
അവളുടെ മരണവാര്‍ത്തയായിരുന്നു ഒരുപാട് നാളുകള്‍ക്ക് ഒടുവില്‍ എന്നെ തേടിഎത്തിയത്. തികച്ചും അവശ്വസനീയാമായി. ഹൃദയം പൊട്ടിയാവും മരിച്ചത്‌. എനിക്ക്‌ അവളെ കാണാന്‍ ഉള്ള കരുത്തുണ്ടായിരുന്നില്ല. ഇക്കുറിയും അവളെത്തേടി പോയില്ല.

അവളുടെ തേങ്ങല്‍ പൂരിപ്പിച്ചത്‌ പോലെ ഞാനാണോ അവളെ നഷ്ടപ്പെടുത്തിയത്‌. അറിയില്ല അറിയില്ല. അവളുടെ ഓര്‍മ്മയ്കെന്ന പോലെ നാളുകളായി ഞാന്‍ ഉറക്കം ഞെട്ടുന്നു. ഇതെല്ലാം വീണ്ടും ഓര്‍ക്കുന്നു.

വാച്ച്‌ മാന്‍ മോട്ടോര്‍ ഓണ്‍ ചെയ്ത ശബ്ദം കേള്‍ക്കുന്നു. നേരം വെളുത്തിരിക്കുന്നു. ശരീരമാകെ വിയര്‍ത്ത്‌ കുളിച്ചിരിക്കുന്നു, മനസ്സും ചൂട്‌ പിടിച്ചിരിക്കുന്നു.

ഫ്ലാറ്റ്‌ ഓണറുടെ കാരുണ്യത്തില്‍ കിട്ടുന്ന തണുത്ത വെള്ളം ശരീരത്തെ തണുപ്പിച്ചോളും. മനസ്സിനായി ഒരു ഗസലും.

പെട്ടെന്ന് റൂമില്‍ ലൈറ്റ്‌ ഓണായി.
ഭാര്യ ഉണര്‍ന്നിരിക്കുന്നു. 'രവിയേട്ടാ എന്താ പറ്റ്യേ'
'ഒന്നുമില്ല ഉറക്കം പോയി'.
'ഇതെന്താ എന്നുമിങ്ങനെ ഉറക്കമില്ലാതെ, എന്റെ കൃഷ്ണാ.'
'ഒന്നുമില്ല കൊതുക്‌ കടിച്ചിട്ടാ' ഒരു നുണ തട്ടിവിട്ടു.
ഭാര്യ ആകെ വിഷമത്തോടെ രവിയെ നോക്കി ഇരുന്നു.
'ഞാന്‍ ഒന്നു കുളിക്കട്ടെ നീ കിടന്നോ' എന്നു പറഞ്ഞ്‌ കതക്‌ ചാരുമ്പോള്‍ തോന്നി ഇവളോട്‌ എല്ലാം പറഞ്ഞാല്‍ ചിലപ്പ്പ്പോള്‍ ആശ്വാസം കിട്ടും എന്നു.
മനസ്സ്‌ തിരുത്തി.
'വേണ്ട ഭര്‍ത്താവിന്റെ കാര്യത്തില്‍ അവള്‍ പൊസ്സസ്സീവാ'

3 comments:

ഏ.ആര്‍. നജീം said...

ങൂം..... :)

ശ്രീ said...

കഥ ആയാലും അനുഭവ കഥ ആയാലും വളരെ ടച്ചിങ്ങ്!


സൌഹൃദങ്ങള്‍‌ ഒരിയ്ക്കലും നഷ്ടപ്പെടുത്തരുത്. സമയം പോലെ ഇതൊന്നു നോക്കൂ.

Eccentric said...

ശ്രീ, ഇത് എഴുതി തുടങ്ങ്യപ്പോള്‍ വളരെ സില്ലി ആയ കാരണം ആണ് ഞാന്‍ പറഞ്ഞത് എന്ന് തോന്നിയത് കൊണ്ടോ മറ്റോ ഒരുപാട്നാള്‍ ഡ്രാഫ്റ്റ് ആക്കി വച്ചതിനു ശേഷമാണ് ഇത് വെളിച്ചം കാണിച്ചത്. ശ്രീയുടെ ലേഖനം വായിച്ചു, വളരെ ഇഷ്ടമായി. ഒപ്പം ഒരു കൊണ്ഫിടന്സും. ഇത്ര ചെറിയ കാര്യങ്ങള്‍ മതി സൌഹ്രദങ്ങള്‍ പൊലിയാന്‍ എന്ന് തോന്നുന്ന മറ്റൊരാളും ഉണ്ട്ട് എന്നറിഞ്ഞതില്‍.....