Wednesday, December 31, 2008

മതേതരത്വം ഹംമ്മ്മം....

ഇക്കഴിഞ്ഞ ദിവസം ഒരു സുഹ്രത്തുമായി സംസാരിച്ചപ്പോള്‍ അറിയാനിടയായ കാര്യമാണ്‌ ബാംഗ്ലൂരില്‍ മുസ്ലീംസിന്‌ വീട്‌ വാടകയ്ക്‌ നല്‍കാന്‍ വീട്ടുടമകള്‍ വിമുഖത കാണിക്കുന്നു എന്നത്‌. കേട്ടപ്പോള്‍ വളരെ ഷോക്കിംഗ്‌ ആയി തോന്നി. ഇത്തരം ഒരു നടപടി സുരക്ഷ നല്‍കും എന്നു വിശ്വസിക്കുന്നുവൊ? തീവ്രവാദത്തിന്റെ പേരില്‍ ഒരു കമ്യൂണിറ്റി ഇത്തരം പീഡനങ്ങള്‍ അനുഭവിക്കുന്നത്‌ തികച്ചും അനഭിലഷണീയമാണ്‌.ഇത്തരം അവഗണനകള്‍ അവരുടെ വികാരം വ്രണപ്പെടുത്താനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല താനും.

എന്റെ മറ്റൊരു സുഹ്രത്തിനുണ്ടായ അനുഭവം കുറിക്കട്ടെ. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം വിവാഹനിശ്ചയത്തിനായി നാട്ടിലേക്ക്‌ പുറപ്പെട്ടപ്പോള്‍, തമാശയ്കായി (അങ്ങിനെ കരുതാന്‍ ബുദ്ധിമുട്ടുണ്ട്‌ എങ്കിലും) അദ്ദേഹത്തിന്റെ സുഹ്രത്തുക്കള്‍ ലഗ്ഗേജിന്റെ പുറത്ത്‌ മലയാളത്തില്‍ "ഇതില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന്" കുറിച്ചു. സമയദോഷമെന്ന് പറയട്ടെ, എയര്‍പോര്‍ട്ട്‌ സ്റ്റാഫ്‌ ഒരു മലയാളി ആയിരുന്നു. അദ്ദേഹം ഇത്‌ കാണുകയും സുഹ്രത്ത്‌ മുസ്ലീമാണ്‌ എന്ന തിരിച്ചറിവ്‌ മൂലം കൂടുതല്‍ അലര്‍ട്ടായി ചെക്കിംഗ്‌ നടത്തുകയും ചെയ്തു. ഒടുവില്‍ അദ്ദേഹത്തിന്‌ 2 ദിവസം കസ്റ്റഡിയില്‍ ഇരിക്കേണ്ടി വന്നു. മാത്രമല്ല ജോലി തന്നെ തുലാസിലാവുകയും ചെയ്തു.

മുംബൈ അറ്റാക്കിന്‌ പകരമായി പാകിസ്താന്‍ അറ്റാക്ക്‌ ചെയ്യണം എന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ പ്രതികരിക്കുന്നത്‌ കഴിഞ്ഞ ദിവസം ഏതോ ഒരു റ്റി വി ചാനലില്‍ കാണാനിടയായി. അതായത്‌ ഇവിടെ കുറെപ്പേര്‍ മരിച്ചതിന്‌ പകരമായി അവിടെയും കൊല്ലിനെടാ കുറെ എണ്ണത്തിനേ എന്ന്. അതിന്റെ ആകെത്തുക കുറെ മരണങ്ങള്‍ എന്നല്ലാതെ മറ്റൊന്നുമല്ല. വളരെ ന്യൂനപക്ഷമായ ഒരു സംഘം ആളുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്‌ രണ്ട്‌ രാജ്യത്തെ നിരപരാധികള്‍ ബലിയാടാകണോ? അത്‌ വീണ്ടും കുറെ നിരപരാധികളെ തീവ്രവാദികളായി മാറാനല്ലേ സഹായിക്കൂ?

മാത്രുഭൂമിയില്‍ കുറച്ച്‌ നാള്‍ മുന്‍പ്‌ ടെററിസ്റ്റുകളുടെ ഉദ്ദേശ്യമെന്തായിരുന്നിരിക്കും എന്നതിനെ കുറിച്ച്‌ ഒരു ലേഖനം വായിക്കാനിടയായി. ലേഖകന്‍ സ്ഥാപിക്കുന്നത്‌, ഇന്ത്യയിലെ സാമ്പത്തികതലസ്ഥാനം ആക്രമിക്കുന്നത്‌ വഴി സാമ്പത്തികമായ ഒരു തകര്‍ച്ചയല്ല മറിച്ച്‌ അവര്‍ ആഗ്രഹിക്കുന്നത്‌ യുദ്ധം തന്നെ ആണ്‌ എന്നായിരുന്നു.

അമേരിക്കയിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴും ഒബാമ അഫ്ഘാന്‍ പ്രദേശത്തെ പട്ടാളത്തെ പിന്‌വലിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്‌ കൊണ്ട്‌ തന്നെ തീവ്രവാദകേന്ദ്രമായി ലോകം കാണുന്ന ആ മേഖലയില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ആയാസകരമായിത്തന്നെ തുടരും

മുംബൈ ആക്രമണം കഴിഞ്ഞുള്ള പല ചര്‍ച്ചകളിലും നാം തിരിച്ചറിഞ്ഞതാണ്‌, പാകിസ്ഥാനിലെ സാധാരണക്കാര്‍ ഒരിക്കലും തീവ്രവാദികളെ സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല എന്ന വസ്തുത. പക്ഷെ ഇന്ത്യയുമായി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ തീര്‍ച്ചയായും യുദ്ധത്തിന്‌ പാക്കിസ്ഥാനെ സഹായിക്കാന്‍ തീവ്രവാദികളുണ്ടാകും, അവര്‍ വൈകാതെ തന്നെ ജനങ്ങളുടെ കണ്ണില്‍ പ്രിയപ്പെട്ടവരാകും.

അദ്ദേഹം നിരത്തുന്ന ചില നിരീക്ഷണങ്ങള്‍ ഇവയായിരുന്നു. ആസൂത്രണം ചെയ്തത്‌ പാകിസ്താനിലാണെന്ന് എല്ലാത്തെളിവുകളും അവശേഷിപ്പിച്ച്‌ ഇങ്ങനെ ഒരു ആക്രമണം നടത്തിയത്‌, വ്യക്തമായ അജണ്ടയോടെ തന്നെ ആവണം. അതായത് യുദ്ധം കൊണ്ട് ആര്‍ക്കേലും നേട്ടം ഉണ്ടാകുന്നെന്കില്‍ അത് തീവ്രവാദികള്‍ക്ക് തന്നെ.

മുംബൈയില്‍ ആക്രമണം നടക്കുമ്പോള്‍ റ്റി വി യില്‍ ആരോ അയച്ച ഒരു കമന്റ്‌ ഇങ്ങനെ "രാജ്‌ താക്കറെ എവിടെ? അദ്ദേഹം അറിയുന്നുണ്ടോ അദ്ദേഹത്തിന്റെ ഉറക്കം സുരക്ഷിതമാക്കുന്നത്‌ മഹാരാഷ്ട്രക്കാരല്ലാത്ത പട്ടാളക്കാരാണെന്ന്?"

കഴിഞ്ഞ കുറേ മാസങ്ങളായി തമിഴ്‌ നാട്ടില്‍ കണ്ടുവരുന്നത്‌ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ ഉള്ള പ്രതിഷേധമാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇത്തരം പ്രതിഷേധസമരങ്ങള്‍ നടത്തുന്നത്‌ തമിഴ്‌ ചാനലുകള്‍ ആഘോഷമായി കാണിക്കുന്നു. ശ്രീലങ്കയിലെ തമിഴ്‌ ജനത കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിക്കുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ നമ്മുടെ തന്നെ സഹോദരന്മാര്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മക്കെതിരെ പ്രതിഷേധിക്കാന്‍ അവര്‍ മറന്നു. മാധ്യമങ്ങളില്‍ എല്‍ ടി ടി ഇ യെ സഹായിക്കാന്‍ ശ്രമിച്ച തമിഴന്മാരെ അറസ്റ്റ്‌ ചെയ്ത്‌ എന്ന് വായിക്കുമ്പോല്‍ തോന്നി പോകാറുണ്ട്‌, ഇത്‌ തന്നെ അല്ലേ നമ്മള്‍ പാകിസ്താന്റെ നേരെ ആരൊപിക്കുന്നത്‌? ശ്രീലങ്ക ഇത്തരക്കാരെ വിട്ട്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്താകും അവസ്ഥ?

ഒരു ആക്രമണം നേരിടുമ്പോള്‍ മാത്രം നാം ഒന്നെന്ന ചിന്തയും അല്ല്ലാത്തപ്പോള്‍ രാജ്യത്തിനുള്ളില്‍ സ്വയം ആക്രമണം അഴിച്ച്‌ വിടുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മള്‍ അധ:പതിച്ച്‌ തുടങ്ങിയിരിക്കുന്നുവോ? "അന്‍പേ ശിവം" എന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍ മാധവനോട്‌ പറയുന്ന ഡയലോഗ്‌ ഇങ്ങനെ "തീവ്രവാദികള്‍ എന്നെ പോലെ വിരൂപന്മാരിയിരിക്കണമെന്നില്ല, നിന്നെ പോലെ സുന്ദരന്മാരായിരിക്കും". നമ്മുടെ സഹോദരന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത സമൂഹം എങ്ങനെ തീവ്രവാദികളെ നിറവും വര്‍ഗ്ഗവും കൊണ്ട്‌ തിരിച്ചറിയും?

Sunday, December 21, 2008

20 - 20 ( 20 മൈനസ്‌ 20)

വേലിയില്‍ ഇരുന്ന അച്ചായനെ എടുത്ത്‌ തോളത്ത്‌ വെച്ചു എന്ന പോലെ ആയി 20-20 എന്ന ചലച്ചിത്രകാവ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രത്തെക്കുറിച്ച്‌ അനഭിലഷണീയമായ അഭിപ്രായപ്രകടനം നടത്തിയത്‌. ചിത്രം എനിക്ക്‌ കാണാന്‍ സാധിച്ചത്‌ കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോഴാണ്‌. അതായത്‌ റിലീസിങ്ങിനു ഏകദേശം ഒരു മാസത്തിനു ശേഷം. എന്റെ കാഴ്ചപ്പാടുകളില്‍ ഒരുപക്ഷെ ആ കലപ്പഴക്കത്തിന്റെ ഇമ്പാക്റ്റും ഉണ്ടാകും.

മലയാളികള്‍ക്ക്‌ അഭിമാനിക്കാനും തമിഴന്റെയും തെലുങ്കന്റെയും ഒക്കെ മുന്‍പില്‍ ഞെളിഞ്ഞ്‌ നിന്ന്, കാണെടാ ഞങ്ങളുടെ ചലച്ചിത്ര വിസ്മയം എന്നും പറയാന്‍ അവസരം നല്‍കുന്ന ചിത്രം അത്രെ. അങ്ങനെ പറയുമ്പോള്‍ ശ്രദ്ധിക്കുക, അവര്‍ക്കാര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ ആവണം വിളിച്ച്‌ കൂവാന്‍.

ചിത്രം കാണാന്‍ തീയറ്ററില്‍ ഇരിക്കുന്നവരെക്കാള്‍ കൂടുതല്‍ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം. നിങ്ങളാരെക്കൊണ്ട്‌ പറ്റുമെടാ ഈ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍. (ചിലപ്പോള്‍ വല്ല കാര്‍ട്ടൂണ്‍ സിനിമക്കാര്‍ക്ക്‌ മാത്രം തകര്‍ക്കാന്‍ പറ്റുന്ന റെക്കോര്‍ഡ്‌ )

ചിത്രത്തിന്റെ ആകെത്തുക എന്തെന്ന് ഏതാനും വരികളില്‍ വിവരിച്ച ഗിരീഷ്‌ പുത്തഞ്ചേരിയുടെ രചന ഇങ്ങനെ "നീയും പാതി ഞാനും പാതി നെഞ്ചില്‍ തത്തും ഗാനം പാതി". അതന്നെ ചിത്രവും ഉദ്ദേശിച്ചത്‌. എല്ലാം പപ്പാതി. വില്ലന്മാരുടെ എണ്ണത്തില്‍ വരെ വ്യക്തമായ ഒരു വീതം വെപ്പ്‌ നടത്താനായി എന്നത്‌ ശ്ലാഘനീയം തന്നെ.

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ട തിരക്കഥ. എത്ര ഗതികേട്‌ വന്നാലും തിരക്കഥാക്രുത്തുകള്‍ എന്തൊക്കെ ചെയ്യരുത്‌ എന്നതും പാഠ്യവിഷയമാകേണ്ടതാണല്ലോ. എന്തായാലും ദിലീപ്‌ നല്‍കിയ ലിസ്റ്റിലെ താരങ്ങളെ അങ്ങിംഗ്‌ ഡേറ്റ്‌ നോക്കി കുത്തിനിറയ്കുക എന്നത്‌ അത്ര എളുപ്പമുള്ള ജോലി അല്ല. അത്തരുണത്തില്‍ ഒരു പക്ഷെ ഈ തിരക്കഥ മാനേജ്‌മന്റ്‌ കോഴ്കിലും പാഠ്യവിഷയമാക്കാവുന്നതാണ്‌.

ആദ്യമായാണ്‌ മലയാളചലച്ചിത്രത്തിനു തീയറ്ററുകളില്‍ ഇങ്ങനെ ചില പ്രതികരണങ്ങള്‍ കാണുന്നത്‌. അതായത്‌ ലാലേട്ടന്റെ ഇന്റ്രൊഡക്ഷന്‍ സീന്‍ കണ്ട്‌ സങ്കടം വന്ന ഫാന്‍സ്‌ സ്ക്രീനിലേയ്ക്‌ ചെരിപ്പെറിഞ്ഞാണ്‌ രോഷം തീര്‍ത്തത്‌. ഇത്തരമൊരു ഫാന്‍ ഭ്രാന്ത്‌ നമുക്ക്‌ അപമാനകരമല്ലേ? തമിഴന്മാര്‍ സ്ക്രീന്‍ കീറി, തീയറ്റര്‍ കത്തിച്ചു തുടങ്ങിയ അന്ധമായ ആരാധനയുടെ കഥകള്‍ കേട്ട്‌ ചിരിച്ച്‌ നടന്നിരുന്ന മലയാളികള്‍ ഇതിപ്പോള്‍ അതിലും താഴാന്‍ ഞങ്ങള്‍ക്കാകുമേ എന്ന് കാണിച്ച്‌ തുടങ്ങിരിക്കുന്നു.

ചിത്രത്തില്‍ അങ്ങിങ്ങായി പരസ്യങ്ങളും താരങ്ങളുടെ ഡയലോഗായി കുത്തിനിറയ്കുക ഉണ്ടായി. ഒരുപക്ഷെ 20-20 എന്ന പേര്‌ സാധൂകരിക്കാനായിരിക്കണം. ഇങ്ങനെ ഒരു ചിത്രം കൊണ്ട്‌ അമ്മയ്കും ദിലീപിനും മാത്രമായിരിക്കും എന്തെങ്കിലും തരത്തിലുള്ള പ്രയോജനം. ഒരിക്കലും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ചിത്രമായി മാറാന്‍ ഇത്തരത്തിലൊരു പ്രതിഭാസംഗമത്തിനു കഴിയാത്തത്‌ നിരാശജനകം തന്നെ.

അമ്മ പ്രസിഡന്റായത്‌ കൊണ്ടാകും ഇന്നസന്റ്‌ ചിത്രത്തിലുടനീളം അങ്ങിങ്ങ്‌ തലകാണിച്ച്‌ പോരുന്നത്‌. പക്ഷെ ഇന്നസെന്റും ജഗദീഷും തുടങ്ങി ഒരു പിടി നല്ല താരങ്ങള്‍ ശൂന്യതയില്‍ നിന്ന് ഹാസ്യമുണ്ടാക്കാനുള്ള വിഫലശ്രമം നടത്തുന്ന കാഴ്ചയും പ്രേക്ഷകരെ നിരാശരാക്കുകയും ബോറടിപ്പിക്കുകയും ചെയ്യും.

ഈ താരങ്ങളെല്ലാം ഒരുമിച്ച്‌ വേണമെന്നില്ല മലയാളത്തില്‍ ഒരു ചിത്രം വന്‍ വിജയമാകാന്‍, മറിച്ച്‌ കാമ്പുള്ള കഥയും നല്ലാ കഥാഖ്യാനശൈലിയും മാത്രം മതി. ഇത്‌ പലകുറി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണ്‌. അങ്ങനെയിരിക്കെ ഇത്രയഥികം താരങ്ങളെ ഒരുമിച്ച്‌ ലഭിച്ചപ്പോള്‍ നല്ല കാമ്പുള്ള ഒരു കഥ മെനഞ്ഞ്‌, ഇത്തരമൊരു അത്യപൂര്‍വ്വമായ കൂട്ടുചേരല്‍ അവിസ്മരണീയമാക്കുകയായിരുന്നു ദിലീപെന്ന 'കലാകാരന്‍' (കച്ചവടക്കാരന്‍ മാത്രമല്ലല്ലൊ) ചെയ്യേണ്ടിയിരുന്നത്‌. ചിത്രം നല്ലതാണെങ്കില്‍ അമ്മയിലെ എല്ലാ താരങ്ങളും ഇല്ല എന്ന് പറഞ്ഞു ആരും ചിത്രം കാണാന്‍ പോകാതിരിക്കില്ലല്ലോ.

ഇനി അഞ്ച്‌ നായകരെയും ഇത്രയധികം താരങ്ങളെയും ഒരുമിച്ച്‌ അണിനിരത്തണം എന്ന് നിര്‍ബന്ധമായിരുന്നെങ്കില്‍, തീര്‍ച്ചയായും ദിലീപിനു മഹാഭാരതകഥ ചലച്ചിത്രമാക്കിമാറ്റാമായിരുന്നു !!! ഏതെങ്കിലും ഒരു താരത്തിന്റെ ഫാന്‍ അല്ലാത്ത പ്രേക്ഷകര്‍ക്ക്‌ ഇത്തരമൊരു തട്ടിക്കൂട്ട്‌ ചിത്രം ദഹിക്കുമെന്ന് ഈയുള്ളവന്റെ സാമാന്യബുദ്ധിക്ക്‌ തോന്നുന്നില്ല. അത്‌ തന്നെ ആവണം ആദ്യദിവസങ്ങളില്‍ ഇരമ്പിക്കയറുന്ന ഫാന്‍സിന്റെ പോക്കറ്റില്‍ നിന്ന് അധികചര്‍ജ്‌ ഈടാക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ദിലീപിന്‌ തോന്നാന്‍ കാരണം. എന്തായാലും അത്തരമൊരു നടപടി കടയ്കലേ നുള്ളിയത്‌ പ്രോത്സാഹനീയം തന്നെ.

ഭാരതത്തിലെ തന്നെ മികച്ച കലാകാരന്മാരുള്ള, മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന ചലച്ചിത്രസമൂഹം ഇത്തരത്തില്‍ മോശമാകുന്നത്‌ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസ്യകരമല്ല. കഴിഞ്ഞവര്‍ഷം നിങ്ങളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഏതെങ്കില്‍ ചിത്രത്തിന്‌ ജന്മം നല്‍കാന്‍ മലയാളസിനിമയ്കായോ എന്ന് ആലോചിച്ച്‌ നോക്കാവുന്നതാണ്‌. എന്തോ ചില സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി പേനയുന്തുന്നവരും ഇത്തരം കച്ചവടതാല്‍പര്യങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നത്‌ നല്ലതിനാകില്ല.

ചിത്രം കഴിഞ്ഞിറങ്ങിയപ്പോള്‍ വളരെ രസകരമായ ഒരു കമന്റ്‌ കേട്ടത്‌ ഇങ്ങനെ "വിജയരാഘവന്റെ ഡേറ്റ്‌ കിട്ടിയില്ല ഇല്ലെങ്കില്‍ മമ്മൂക്ക തട്ടിയേനെ" :)

Wednesday, November 05, 2008

'ട്വന്റി ട്വന്റി' ഉം ഫാന്‍സും പിന്നെ നമ്മളും


ട്വന്റി ട്വന്റി യുടെ പോസ്റര്‍ കണ്ടു മോഹന്‍ലാല്‍ ഫാന്‍സിനു ഹാലിളകി എന്ന വാര്‍ത്ത അല്‍പ്പം അതിശയത്തോടെ തന്നെ ആണ് വായിച്ചത്. അഞ്ച് സ്റ്റാറുകള്‍ നിരന്നു നില്ക്കുന്ന പോസ്ടറില്‍ മമ്മൂട്ടിയെ നടുവില്‍ നിര്‍ത്തിയത് മോഹന്‍ലാലിന്റെ പ്രാധാന്യം കുറച്ച് കാണിക്കാനല്ലേ എന്നാണു ലാലേട്ടന്‍ ഫാന്‍സിന്റെ സംശയം. ഇതിപ്പോള്‍ എങ്ങനെ റീ ഡിസൈന്‍ ചെയ്താലും ഏതേലും ഒരു സ്റാര്‍ നടുവില്‍ പെട്ട് പോകും. കഴിഞ്ഞില്ലേ കഥ!!

വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നെന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ലോ ബഡ്ജറ്റ് എന്ന ചട്ടക്കൂട്ടില്‍ നിന്നു കൊണ്ട്ട് സൃഷ്ടിക്കുന്നു (ഓര്‍ സൃഷ്ടിച്ചിരുന്നു. പാസ്റ്റ് ടെന്‍സ്!!!) എന്നും അവകാശപ്പെടുന്ന മലയാളി സമൂഹത്തിനു അപമാനമല്ലേ ഇങ്ങനത്തെ ചെയ്തികള്‍? ഇത്തരം പേക്കൂത്തുകളുടെ ഉപജ്ഞാതാക്കളായ തമിഴ് ഫാന്‍സ്‌ പോലും അന്ധമായ ഫാന്ഷിപ്പിനു അര്‍ദ്ധവിരാമം നല്കി തുടങ്ങിയിരിക്കുന്നു എന്നത് തന്നെ ആണ് തമിഴ് ചലചിത്ര രംഗത്ത് പുതിയ പരീക്ഷണങ്ങളും നല്ല ചിത്രങ്ങളും സമ്മാനിക്കുന്നത്. ഇക്കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കാന്‍, കഴിഞ്ഞ വര്ഷത്തെ മികച്ച നടിയ്ക്കുള്ള പുരസ്കാരം പ്രിയാമണിയ്ക് നേടിക്കൊടുത്ത പരുത്തിവീരന്‍ തമിഴ് നാട്ടില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നുവെങ്കില്‍, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഏറ്റ് വാങ്ങിയ പുലിജന്മത്തിന് തീയറ്ററുകള്‍ തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും ഉടന്‍ തന്നെ ചാന്ദ്രയാന്‍ മിഷന്‍ സക്സസ് ആയാല്‍, ഇത്തരം ഫാന്‍സിനെ ഒക്കെ കയറ്റി വിടാന്‍ ഒരു താവളമായി എന്ന് ആശ്വസിക്കാം.

പോസ്റര്‍ പ്രശ്നം പരിഹരിക്കാന്‍ എനിക്ക് തോന്നുന്ന ഒരേ ഒരു മാര്‍ഗം ഇവരെ വട്ടത്തില്‍ നിര്‍ത്തി ഒരു പോസ്റര്‍ അടിച്ചിറക്കുക എന്നതാണ്. ( വേറെ എന്തേലും അല്ഗോരിതംസ് അറിയുമെങ്കില്‍ നിര്ദ്ധേശിക്കാവുന്നതാണ്. )അതാകുമ്പോള്‍ സന്ദര്‍ഭത്തിനും ചേരും. പ്രേക്ഷകരെ പല പല മുഖങ്ങള്‍ സ്പീഡില്‍ സ്പീഡില്‍ കാണിച്ച് വട്ടം കറക്കുക എന്നതാണല്ലോ ഇങ്ങനത്തെ ചിത്രങ്ങളുടെ ഉദ്ദേശ്യം.

ബെര്‍ളി തോമസിന്റെ അത്യുഗ്രന്‍ റിവ്യു വായിച്ചു. അത് കാശ് പോയവന്റെ ഉച്ചത്തിലുള്ള നിലവിളി ആകാനെ സാധ്യത ഉള്ളൂ. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ഷോട്ടും പാട്ടും ഡയലോഗും വരെ പങ്കിട്ടെടുതോ പപ്പാതി എന്ന് ചൊല്ലി ഫാസില്‍ വീതം വെച്ച് കളിച്ച് ഫാന്‍സിനെ തൃപ്തിപെടുത്തിയപ്പോള്‍, ഒരു നല്ല ശതമാനം
പ്രേക്ഷകരെന്കിലും ഈ കൂട്ടായ്മയില്‍നിന്നു ഏറെക്കുറെ പ്രതീക്ഷിച്ച് നിരാശരാവുകയാണ് ചെയ്തത്.

ഇന്നിപ്പോള്‍ ട്വന്റി ട്വന്റി യില്‍ എത്തി നില്‍ക്കുമ്പോള്‍, ബാലരമയിലെ മായാവിയുടെ പോലും വറൈടി സൃഷ്ടിക്കാന്‍ ഇന്നേവരെ സാധിക്കാത്ത ഉദയകൃഷ്ണ - സിബി കെ തോമസ് ടീമിന് ഒരു പറ്റം താരങ്ങളുടെ കാള്‍ഷീറ്റ് നോക്കി കഥ ഉണ്ടാക്കേണ്ട ഗതികേട് വന്നിരിക്കുകയാണ്. ഇങ്ങനത്തെ ഒരു അവസ്ഥയില്‍ എം ടി - പദ്മരാജന്‍ ടീം ആയാലും പടം മോശമാകാനെ സാധ്യത ഉള്ളൂ.

രസകരമായ ഒരു കമന്റ് ഇക്കൂട്ടത്തില്‍ കേട്ടത് ഇങ്ങനെ "ഇവന്മാരെ ഒറ്റയ്കൊറ്റയ്ക്ക് സഹിക്കാന്‍ തന്നെ പാടാണ്, അപ്പോളാ ഗ്രൂപ്പ് അറ്റാക്ക്".

ഇങ്ങനെ ഫാന്‍സിനെ രസിപ്പിക്കാന്‍, മാര്‍ക്കറ്റ് ട്രെന്റ് എന്ന പേരില്‍ തനിക്ക് ചേരാത്ത വേഷം കെട്ടാന്‍ ശ്രമിക്കുന്ന താരങ്ങളോട് നമുക്ക് പറയാനുള്ള ഡയലോഗ് രഞ്ജിത്ത് നേരത്തെ എഴുതി വെച്ചിട്ടുണ്ട്.
"കാലം നിനക്ക് മുന്‍പില്‍ ഒരു വിളക്കായ് തെളിയുമ്പോള്‍, അതിന്റെ നേര്‍ക്ക് തുപ്പരുത്"

Thursday, June 19, 2008

മുല്ലവള്ളിയും തേന്മാവും

ഇവനെന്തടാ ഈ പഴയസിനിമാപ്പേരു പറഞ്ഞ്‌ ബ്ലോഗ്ഗുന്നത്‌ എന്ന സംശയം സ്വാഭാവികമായതിനാല്‍ ഉല്‍ഭവസ്ഥാനത്തിനെക്കുറിച്ച്‌ കയ്യോടെ പറഞ്ഞേക്കാം. ഹരിയേട്ടന്റെ ഈ പോസ്റ്റും അതിന്റെ കീഴെ ചിത്രകോരന്‍ മാഷിന്റെ കമന്റും വായിച്ചപ്പോള്‍ വി കെ പ്രകാശിനെക്കുറിച്ച്‌, അങ്ങേരുടെ 5 പടങ്ങളില്‍ 3 എണ്ണം കാണുകയും ഒന്നു കേള്‍ക്കുകയും മറ്റൊന്ന് ഹരിയേട്ടന്റെബ്ലോഗില്‍ വായിക്കുകയും ചെയ്ത ആള്‍ എന്ന ആത്മവിശ്വാസത്തില്‍ ഒരു പോസ്റ്റ്‌ കാച്ചാന്‍ ഉന്മേഷം കിട്ടിയത്‌.

ഹരിയേട്ടന്റെ അഭിപ്രായത്തോട്‌ എനിക്കും യോജിപ്പ്‌ തന്നെ. മലയാളത്തില്‍ സാങ്കേതിക തികവിന്റെ കാര്യത്തില്‍ അഗ്രഗണ്യീയമാണ്‌ വി കെ പ്രകാശിന്റെ ചിത്രങ്ങള്‍. ഓരോ ഷോട്ടിനും ഗാനരംഗങ്ങള്‍ക്കും പ്രത്യേകമായ ദ്രശ്യഭംഗി നല്‍കാന്‍ കഴിയുന്നു എന്നത്‌ അഭിനന്ദനീയം തന്നെ. വിനയനെയോ ജയരാജിനെയോ പോലെ കുറെ തമിഴ്‌ പടങ്ങള്‍ ഒരുമിച്ച്‌ കണ്ടതിന്റെ ഹാങ്ങോവറില്‍ ക്യാമറ, എല്‍ പി സ്കൂളിലെ കുട്ടികള്‍ കുട കറക്കുന്നത്‌ പോലെ വട്ടം കറക്കി പ്രേക്ഷകനെ അത്രയ്ക്കങ്ങ്‌ ഭ്രാന്ത്‌ പിടിപ്പിക്കുന്നില്ല എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം.

ചുവടെ ചേര്‍ത്തിരിക്കുന്ന ഗാനരംഗത്തിന്റെ ദ്രശ്യഭംഗിയെക്കുറിച്ച്‌ എതിരഭിപ്രായമുണ്ടോ???




മറ്റൊരെണ്ണം - എന്റെ പ്രിയപ്പെട്ടത്‌.
മലയാളത്തിന്റെ കുറഞ്ഞ ബഡ്ജറ്റില്‍ നിന്നാണ്‌ ഇങ്ങനെ ചിത്രീകരിക്കുന്നതും ഇതൊന്നും ഫോറിന്‍ ലോക്കേഷനുകളല്ല എന്നതും ശ്രദ്ധിക്കുക.



അവസാനമായി പോസിറ്റീവിലെ ഒരു ഗാനരംഗം. സെറ്റിട്ട്‌ ഇത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്‌ എന്നെ ആകര്‍ഷിച്ച ഘടകം.



ശെടാ, അറുബോറന്‍ ചിത്രങ്ങളുടെ സംവിധായകനെക്കുറിച്ച്‌ ഇത്രയ്കങ്ങ്‌ പുകഴ്ത്താന്‍ അങ്ങേരുടെ അടുത്ത ചിത്രത്തില്‍ എനിക്ക്‌ ചാന്‍സ്‌ തന്നിട്ടുണ്ടോ എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ ബാക്കി കൂടെ പറയട്ടെ.

മനോഹരമായ ഗാനരംഗങ്ങള്‍. അതിമനോഹരമായ ട്രയിലര്‍സ്‌. ഇതൊക്കെ നിഷ്പ്രഭമാക്കി കളയാന്‍ പോന്ന തരത്തിലുള്ള അറുബോറന്‍ ചിത്രം. ഇതാണ്‌ വി കെ പ്രകാശ്‌ ചിത്രങ്ങളെക്കുറിച്ച്‌ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ എന്റെ ഡെഫനിഷന്‍(പുനരധിവാസം ഭേദമായിരുന്നു).

വി കെ പ്രകാശിന്റെ പേരു കേള്‍ക്കുമ്പോളെ എനിക്ക്‌ പൊട്ടിച്ചിരി സമ്മാനിക്കുന്ന ഒരു കുഞ്ഞ്‌ സംഭവം ചേര്‍ത്ത്‌ കൊണ്ട്‌ ഈ പോസ്റ്റിനു സമാധി കുറിക്കട്ടെ.

മുല്ലവള്ളിയും തേന്മാവും എന്ന ചിത്രം റിലീസായ സമയം ഗാനരംഗങ്ങള്‍ കണ്ട്‌ ത്രില്ലടിച്ച്‌ പോകണോ വേണ്ടയോ എന്ന ഡെയിലമോയില്‍ നില്‍ക്കവേ ഒരു കൂട്ടുകാരനോട്‌ അഭിപ്രായം ചോദിക്കുകയുണ്ടായി.

"അളിയാ നീ മുല്ലവള്ളിയും തേന്മാവും കണ്ടോ?"
"ങ്ങാ..."
"എപ്പടി ഇരുക്ക്‌?"
"ഫര്‍സ്റ്റ്‌ ഹാല്‍ഫ്‌ കഴിഞ്ഞാല്‍ പേടിയാകും"
"അതെന്താ പടം സസ്പെന്‍സ്‌ ആണോ? ഹോറര്‍?"
"അല്ലല്ല സസ്പെന്‍സ്‌ ഒന്നും അല്ല। ഇന്റര്‍വല്‍ സമയം ആകുമ്പോള്‍ തീയറ്ററില്‍ നീമാത്രമല്ലേ കാണൂ. ആരായാലും അല്‍പം പേടി തോന്നില്ലേ?"

Thursday, May 15, 2008

നോക്കുകൂലി

ഇന്നു രാവിലെ കിട്ടിയ ഒരു ഇ-മെയില്‍ ആണ്. സംഭവം അല്പം ഒന്നു ചിരിപ്പിക്കും...

Project Managers will starve to death !!!

Monday, April 28, 2008

സേവാഗ്‌ 309 നോട്ട്‌ ഔട്ട്‌

കണക്കില്‍ പിശകൊന്നുമില്ല. സംഭവഗതികള്‍ മേലെ പറഞ്ഞപ്രകാരം തന്നെ ആയിരുന്നു ചെന്നൈ ടെസ്റ്റില്‍ വെള്ളിയാഴ്ച സ്റ്റപ്സ്‌ എടുക്കുമ്പോള്‍. അങ്ങനെ സ്കോര്‍കാര്‍ഡ്‌ നോക്കിയ ഒരു ദുര്‍ബലനിമിഷം എന്റെ ഉള്ളില്‍ എവിടെയോ തലപൊക്കിയ ഒരു ചിന്ത പെട്ടെന്നു ലോട്ടസ്‌ നോട്സ്‌ വഴി ഒരു ഇ-മെയിലായി പറന്നു.

സബ്ജക്ട്‌ ലൈന്‍ ഇങ്ങനെ " നമുക്ക്‌ പോകാം നാളേ?"

കേട്ട പാതി കേക്കാത്ത പാതി അഭി(അനിയന്‍ കുട്ടി) റിപ്ലൈ കാച്ചി. "പോകാന്‍ ഞാന്‍ തയ്യാര്‍. ഈ കുതിരയെ പിടിച്ച്‌ കെട്ടാന്‍ നിങ്ങളോ?"

ഇത്രയ്കൊരു ശുഷ്കാന്തി പ്രതീക്ഷിച്ചല്ല ഞാന്‍ മെയില്‍ കാച്ചിയത്‌. എങ്കിലും അവനെ പിന്തിരിപ്പിക്കാനായി മിഥുനത്തില്‍ ലാലേട്ടന്‍ പറയുന്നത്‌ പോലെ ചില പ്രയോഗങ്ങള്‍ നടത്തി. "ഗ്രൗണ്ടില്‍ ഭയങ്കര ചൂടായിരിക്കും. വെയില്‍ കൊണ്ട്‌ കറുത്ത്‌ പോയാല്‍ 'എന്‌ഗേജ്ഡ്‌ വധു' തന്നെ നിന്നെ വേണ്ടെന്ന് പറയും. എനിക്കാണേല്‍ ഒന്നുപോലും കിട്ടാണ്ടും ആകും ഭാവിയില്‍."

ഉടന്‍ വരുന്നു മറുപടി. "അതൊന്നും സാരമില്ലളിയാ. സേവാഗ്‌ 400 അടിക്കുന്നു നമ്മള്‍ തിരിച്‌ പോരുന്നു. സേവാഗിന്‌ 400 അടിക്കാന്‍ എന്ത്‌ ടൈം വേണം"

"വാസ്തവം വാസ്തവം. എങ്കില്‍ ഇന്നു ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ്‌ ഒരു പ്ലാന്‍ ഉണ്ടാക്കി എന്റെ മേശപ്പുറത്ത്‌ വയ്കൂ. "

"അതിത്ര ആലോച്ചിക്കാനെന്തിരിക്കുന്നു. നാളെ കുറച്ച്‌ നേരത്തെ തന്നെ എണീറ്റ്‌ പോയേക്കാം."

"നേരത്തെ എന്നു പറഞ്ഞാല്‍ ഒരു പത്ത്‌ പത്തര അല്ലേ? അപ്പോ പോയാല്‍ മതിയോടാ?" വെള്ളിയാഴ്ചകളില്‍ ഞാനങ്ങെനെ മുന്‍പിന്‍ നോക്കാതെ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയും.

"ഭ്ഹ ----------------------------------" ('-' ഒക്കെ നിങ്ങള്‍ക്ക്‌ മനോധര്‍മ്മം പോലെ ഫില്‍ ചെയ്യാവുന്നതാണ്‌.)

ഒരു ഒഫീഷ്യല്‍ മയില്‍ ഐ ഡി കൊണ്ട്‌ ലോകത്ത്‌ ഇന്നേവരെ ആരും വിളിക്കാത്ത തെറിയിലൂടെ അഭി അയച്ച പ്ലാന്‍, അവനെ മുഗ്ദകണ്ഠം പ്രശംസിച്ച്‌ കൊണ്ട്‌ അപ്പ്രൂവ്‌ ചെയ്തു. "പോയേക്കാം. കാലത്തെ തന്നെ പോയേക്കാം."

പിറ്റേന്ന് രാവിലെ കിളി ചിലച്ചു. ആ പാട്ടിലെ പോലെ 'കിലുകിലെ കൈവള ചിലച്ചു'. ഈ ചിലപ്പ്‌ എവിടുന്നെന്ന് നോക്കാന്‍ കണ്ണുമിഴിച്ചപ്പോളാണ്‌ മൊബയ്‌ല്‌ അതിരാവിലെ ഉണര്‍ന്നിരിക്കുന്നത്‌ കണ്ടത്‌.

ഒരു ക്ലോസര്‍ ലുക്കില്‍ കാര്യം മനസ്സിലായി. ഉണര്‍ന്നതല്ല, ഉണര്‍ത്തിയതാ. "അഭി കോളിംഗ്‌" എന്നു ചെറുപയര്‍ വലിപ്പത്തില്‍ ആ സ്ക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട്‌ ഫ്ലാഷ്‌ ബാക്കുകള്‍ ഓടി എത്തി. എന്തിനാ നല്ലോരു സാറ്റര്‍ഡേ ആയിട്ട്‌ അവന്റെ എനര്‍ജി കളയുന്നത്‌. ചാടി ഫോണ്‍ എടുത്ത്‌ ഒരു രണ്ടരക്കട്ടയ്ക്‌ ശ്രുതി ചേര്‍ത്ത്‌ മൊഴിഞ്ഞു " മോനേ നീ എണീറ്റോ. കുറച്ക്‌ കൂടി ഉറങ്ങിക്കൊട്ട്‌ എന്ന് കരുതി ഞാന്‍ വിളിക്കാഞ്ഞതാ."

"മതീടാ മതീട്ടാ. നീ പ്രീ ഡിഗ്രീയ്ക്‌ പഠിയ്കുമ്പോള്‍ ഞാന്‍ പോളീലാ പഠിയ്കാന്‍ പോയതാ. ഒരുപാട്‌ നമ്പര്‍ വേണ്ടട്ടാ. 7 മണിയാകുമ്പോള്‍ ഞാനവിടെ എത്തും അപ്പോ റെഡി ആയി നിന്നില്ലേല്‍"

"മതി മതി" ഓരോന്ന് പറഞ്ഞ്‌ അവനെ വാശിപിടിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ച്‌ ഞാന്‍ പാതി വഴി തടഞ്ഞു കൊണ്ട്‌ തുടര്‍ന്നു
"ഞങ്ങള്‍ തലയോലപ്പറമ്പ്‌ കാര്‌ ക്ഷത്രിയന്മാരാ. ഒരു വാക്ക്‌ പറഞ്ഞാല്‍ വാക്കാ. 6.55 ഞാന്‍ റെഡി ആയിരിക്കും. ഇത്‌ സത്യം സത്യം സത്യം."

"ഊം ഊം. ശരി"

വാച്ചില്‍ സമയം നോക്കിയപ്പോള്‍ എന്റെ കണ്ണില്‍ ഒരു നയാഗ്ര നിറഞ്ഞു. സാമദ്രോഹി. 6.15 ന്‌ എണീറ്റിരിക്കുവാ. ഇവനെ ഒക്കെ ഉടനെ പിടിച്ച്‌ കെട്ടിച്ച്‌ വിട്ടില്ലേല്‍ ഇത്‌ പോലെ സമൂഹത്തിന്‌ മൊത്തം ദ്രോഹം ചെയ്ത്‌ കളയും. മനസ്സ്സില്‍ ഓര്‍ത്ത്‌ കൊണ്ട്‌ എണീറ്റു.

മിനുട്ട്‌ സൂചി 7 ഇല്‍ എത്തിയപ്പോള്‍ ഞാന്‍ കുളിമുറിയിലെ സാധകം അവസാനഘട്ടത്തിലായിരുന്നു. അപ്പോള്‍ പുറത്ത്‌ നിന്ന് ത്രുശ്ശൂര്‍ സ്ലാങ്ങില്‍ കോലക്കുഴല്‍ വിളികേട്ടോ? കേട്ടത്‌ പോലെ. കുളിമുറിയിലെ കച്ചേരി അവസാനിപ്പിച്ച്‌ ഞാന്‍ ചാടി ഇറങ്ങി ചോദിച്ചു."പോകാം?"

പുറത്ത്‌ സ്കൂളില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടിയെപ്പോലെ കയ്യില്‍ ബാഗും, ബാഗിനുള്ളില്‍ വാട്ടര്‍ ബോട്ടിലും വരെ നിറച്ച്‌ അഭി, വെല്‍ പ്രിപ്പേര്‍ഡ്‌ ആയിട്ട്‌.

അങ്ങനെ ചരിത്രപ്രധാനമായ യാത്രയ്ക്‌ തുടക്കമായി ബിനു അണ്ണന്റെ ശകടത്തില്‍. രാവിലെ ആയോണ്ട്‌ ട്രാഫിക്‌ കുറവായിരിക്കും എന്ന ആത്മഗതത്തോടെ അഭി ആക്സിലേറ്ററിനെ ആക്രമിക്കാന്‍ തുടങ്ങി.

അവന്റെ ഹെല്‍മറ്റിന്റെയും തോളെല്ലിന്റെയും ഗ്യാപ്പിലൂടെ ഒന്നു രണ്ട്‌ വട്ടം ഞാന്‍ സ്പീഡോമീറ്ററില്‍ കണ്ണെത്തിക്കാന്‍ നോക്കി. രക്ഷയില്ല. ഇവന്‍ എന്ത്‌ സ്പീഡിലാകും പറത്തുന്നത്‌ എന്നറിയാന്‍ സ്വധസിദ്ധമായ ഒരു ആകാംക്ഷ. അതോണ്ട്‌ ശ്രമം ഉപേക്ഷിച്ചില്ല. എന്റെ മനസ്സറിഞ്ഞെന്ന പോലെ ഭഗവാന്‍ വണ്ടി ഒരു കുഴിയില്‍ ചാടിച്ച്‌ തരുകയും, തല്‍ഫലമായി ഞാന്‍ ഉയര്‍ന്ന് പൊങ്ങി അംബരചുംബനം നടത്തി തിരിച്ച്‌ വരുകയും ചെയ്തപ്പോള്‍ മാര്‍ഗമധ്യേ ഒരു മിന്നായം പോലെ സ്പീഡോമീറ്റര്‍ കാണാനൊരു അവസരം സംജാതമായി. ഡ്രാക്കുള വെളുത്തുള്ളി കണ്ടത് പോലെ എനിക്കൊരു മനം പുരട്ടല്‍ അനുഭവപ്പെട്ടു.

ആ അക്കങ്ങള്‍ കണ്ടതും മനസ്സ്‌ നേരെ തലയോലപ്പറമ്പിലേക്ക്‌ സഞ്ചരിച്ചു. ബസ്‌ സ്റ്റാന്റിന്‌ സമീപമാണ്‌ ബോയ്സ്‌ ഹയ്‌ സ്കൂള്‍. ബസ്സിലിറങ്ങി നടന്ന് പോകാം. അവിടെ മ്രതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നു. ആളുകള്‍ പിറുപിറിക്കുന്നുണ്ട്‌ ഈ ശരീരം പൊതുദര്‍ശനത്തിന്‌ വയ്ചതിന്റെ പൊരുളിനെപ്പറ്റി. ആരൊ ഒരാള്‍ സമാധാനം പറയുന്നുണ്ട്‌ "ഒന്നുമില്ലേലും ചെന്നൈയില്‍ നിന്ന് കൊണ്ട്‌ വരുന്ന ബോഡി ആണല്ലോ നാലുപേര്‌ കണ്ട്‌ പോട്ടെ എന്ന്". പഞ്ചായത്ത്‌ പ്രസിഡന്റിനെ റീത്ത്‌ സമര്‍പ്പിച്ച്‌ കൊണ്ട്‌ അകാലത്തില്‍ പൊഴിഞ്ഞ്‌ പോയ പ്രതിഭയായിരുന്നു എന്ന് മൊഴിഞ്ഞു. മാക്സിമമം 3 റീത്ത്‌, അതില്‍ കൂടുതല്‍ കിട്ടാനുള്ള വകുപ്പില്ലെങ്കിലും 3 ഉറപ്പാണ്‌ എന്നായിരുന്നു എന്റെ ഒരു കാല്‍ക്കുലേഷന്‍. പക്ഷേ നിലവില്‍ രണ്ടെണ്ണമേ ഉള്ളൂ. ആരെടാ ചതിച്ചത്‌ എന്നോര്‍ത്ത്‌ ഞാന്‍ റീത്തിലെ ടൈറ്റില്‍ വായിച്ച്‌ തുടങ്ങിയപ്പോള്‍ വണ്ടി സഡണ്‍ ബ്രേക്ക്‌ ഇട്ട്‌ നിന്നു.

ഞാന്‍ കണ്ണ്‍ തുറന്ന് ചുറ്റുപാടും നോക്കി ഏതേലും ബസ്സിന്റെ അടിയിലാണോ നിര്‍ത്തിയിരിക്കുന്നത്‌? ഇല്ല തന്നെ. സംഭവം ഒരു ട്രാഫിക്‌ സിഗ്നലാണ്‌.

"നീ ഉറങ്ങിപ്പോയോ?" അഭീസ്‌ ക്വസ്റ്റന്‍.

"തന്നെ തന്നെ. ചെറുതായിട്ട്‌"

വണ്ടി വീണ്ടും പറത്തുകയും നാട്ടുകാരും ശത്രുക്കളും വരെ എന്നെ പുകഴ്ത്തി പറയുന്നത്‌ സ്വപ്നത്തില്‍ ദര്‍ശിച്ച്‌ ഞാന്‍ നിര്‍വ്രതിയടയുകയും ചെയ്തു.

ഒടുവില്‍ വണ്ടി ചെപ്പോക്ക്‌ സ്റ്റേഡിയത്തിനെ അരകിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിച്ചപ്പോള്‍ നീണ്ട ക്യൂ വ്യക്തമായി കണ്ട്‌ തുടങ്ങുകയും ചെയ്തു. പെട്ടെന്ന് ഞങ്ങള്‍ സ്റ്റ്രാറ്റജി ഫോം ചെയ്ത്‌, ഞാന്‍ ക്യൂവിനെ ലക്ഷ്യമാക്കിയും അവന്‍ ബൈക്ക്‌ പാര്‍ക്കിംഗ്‌ ലക്ഷ്യമാക്ക്യും യാത്രയാരംഭിച്ചു.

ഒരുപാട്‌ ക്യൂ നിരകളില്‍ സുന്ദരന്മാര്‍ക്ക്‌ നില്‍ക്കാന്‍ കൊള്ളാവുന്ന ഒരു ക്യൂവില്‍ ഞാന്‍ നിലയുറപ്പിച്ചു. വൈകാതെ തന്നെ അഭി എന്റെ പിന്നിലായി ക്യൂവില്‍ സ്ഥാനം പിടിച്ചു. 8 മണിക്ക്‌ വെയില്‍ കൊള്ളുന്നത്‌ ആരോഗ്യത്തിനു നല്ലതാണെന്നും അതിരാവിലെ എണീറ്റാല്‍ ഉന്മേഷം കിട്ടുമെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഒക്കെ ഉള്ള നിരവധി തത്വങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഞങ്ങള്‍ നില്‍ക്കുന്നത്‌ എത്ര രൂപയുടെ ടിക്കറ്റിന്റെ ക്യൂവിലാണെന്ന് പോലും അറിവുണ്ടായിരുന്നില്ല, ഞങ്ങള്‍ക്കെന്നല്ല ആര്‍ക്കും തന്നെ.

ടിക്കറ്റ്‌ നിരക്ക്‌ ചൊദിക്കാന്‍ തുനിഞ്ഞപ്പോളാണ്‌ ഡ്യൂട്ടിക്ക്‌ നില്‍ക്കുന്ന പോലീസ്‌ കാരന്‍ തന്റെ അറിവിന്റെ അക്ഷയഖനി "മാച്ച്‌ എപ്പോളാ സാറെ തുടങ്ങുന്നത്‌" എന്ന് ചോദിച്ക ചേട്ടന്റെ മുന്‍പില്‍ തുറന്നത്‌ "മാച്ച്‌ ഉടനെ തന്നെ തുടങ്ങും മോഹന്‍ ബഗാന്‍ എത്തിക്കൊള്ളട്ടെ" എന്ന്.

ഇങ്ങനത്തെ സാഹചര്യത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നാം അനുകൂലിക്കേണ്ടത്‌ ഭൂരിപക്ഷാഭിപ്രായത്തെ ആണല്ലോ. അതോണ്ട്‌ ടിക്കറ്റ്‌ റേറ്റ്‌ 250 തന്നെ. മൂന്നരത്തരം.

മണിക്കൂറുകളോളം ആ ക്യൂവില്‍ ചാഞ്ഞും ചരിഞ്ഞും നിവര്‍ന്നും നിന്നു. ഒരു ക്യൂ കൊണ്ട്‌ തന്നെ ഇന്‍ഡ്യയില്‍ എത്രമാത്രം പേര്‍ ജീവിച്ച്‌ പോകുന്നു എന്നു ആ ദിവസം മനസ്സിലായി. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക്‌ വിശറി, തൊപ്പ്പ്പി, കുപ്പി എന്നു വേണ്ട ലോണ്‍ വരെ കൊടുക്കുന്നവര്‍ ഞങ്ങളെ സമീപിച്ചു. ഒന്നു രണ്ട്‌ ചേട്ടന്മാര്‍ വിരൂപന്മാരുടെ മുഖത്തെല്ലാം ഇന്ത്യന്‍ ഫ്ലാഗ്‌ വരച്ച്‌ അവരെ ഗ്ലാമറുള്ള ദേശസ്നേഹികളാക്കുന്നുണ്ടായിരുന്നു.

മുന്‍പില്‍ നിന്ന പീക്കിരിപ്പിള്ളേരെ ഞങ്ങള്‍ ആദ്യം മൈന്റ്‌ ചെയ്തില്ലെങ്കിലും അവര്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചെടുത്തു. ക്യൂവില്‍ നില്‍ക്കുന്ന സമയത്ത്‌ പോലും ആ കുഞ്ഞുങ്ങള്‍ എന്തോ ഗ്രുഹപാഠം ചെയ്യുന്നുണ്ടായിരുന്നു. അടുത്ത്‌ ശ്രദ്ധിച്ചപ്പോളാണ്‌ അവര്‍ പോസ്റ്ററെഴുതുകയാണെന്ന സത്യം മനസ്സിലായത്‌.

"സേവാാഗ്‌" എന്ന് കുറിച്ച്‌ വലത്‌ വശത്ത്‌ ചുവപ്പ്‌ നിറം പകര്‍ത്തിയിട്ടുണ്ടായിരുന്നു. ഇത്‌ വല്ല മോഡേണ്‍ ആര്‍ട്ടും ആയിരിക്കും പക്ഷേ സ്പെല്ലിംഗ്‌ തെറ്റാണല്ലോ എന്നാലോചിച്ച്‌ ഞങ്ങള്‍ നിന്നപ്പോളാണ്‌ കൂട്ടത്തില്‍ പീക്കിരി അതിന്റെ മീനിംഗ്‌ മറ്റൊരുത്തന്‌ പറഞ്ഞ്‌ കൊടുത്തത്‌ ആഗ്‌ എന്ന് പറഞ്ഞാല്‍ തീ, സേവാഗ്‌ ആളിക്കത്തുന്നത്‌ കൊണ്ടാണ്‌ വലത്‌ വശത്ത്‌ ചുവപ്പ്‌ നിറം പോലും.

"കൊള്ളാല്ലോ ചുള്ളന്‍" അഭിയുടെ കമന്റ്‌.
എന്നെക്കാളും കൂടുതല്‍ ഹിന്ദി പടം കണ്ടിട്ടുള്ള ആളായത്‌ കൊണ്ട്‌ അഭിയുടെ കമന്റ്‌ ഞാനും അംഗീകരിച്ചു "നാളെ ഭരണയന്ത്രം തിരിക്കേണ്ട ടീംസ്‌ അല്ലേ. കൊള്ളാം."

പെട്ടെന്ന് 'ബില്ല'യില്‍ നയന്‍ താര യുടെ ഇന്റ്രോഡക്ഷന്‍ സീനില്‍ തീയറ്ററില്‍ കേട്ടത്‌ പോലെ ഒരു ആവേശവും ഇരമ്പലും.

"എന്തൂട്രാ ടിക്കറ്റ്‌ കൊടുത്ത്‌ തുടങ്ങ്യോ"
"അറിഞ്ഞൂടാ അളിയാ. വേറെന്തോ ആണെന്ന് തോന്നുന്നു"

ഊഹാപോഹങ്ങള്‍ക്ക് ഉത്തമനായ ഞാന്‍ ഇക്കുറിയും മാനം കളഞ്ഞില്ല. ഒരു ബസ്‌ പെട്ടെന്ന് ഞങ്ങളുടെ റോഡിലേക്ക്‌ തിരിഞ്ഞു. 'ടീം ഇന്‍ഡ്യ' അതിനുള്ളിലിരിക്കുന്നു. 'ടി സി എസ്‌' ഇന്റെ ബസ്സ്‌ പോകുമ്പോള്‍ ചാര്‍ജ്‌ പോയ ബാറ്ററികളെ പോലെ അതിനുള്ളില്‍ ഇരിക്കുന്ന മനുഷ്യക്കോലമുള്ള നിര്‍ജ്ജീവജന്തുക്കളെ അനുസ്മരിപ്പിക്കുന്ന കാഴ്ച. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ തല കണ്ടു. നമ്മള്‍ കാണാത്ത്‌ ഗ്രൗണ്ടോ എന്ന ഭാവത്തില്‍ മുന്‍പില്‍ തന്നെ ഇരിക്കുന്നു. പിന്നെ കുംബ്ലയേയും ദ്രാവിഡിനേയുമെല്ലാം ഒരു മിന്നായം പോലെ. എല്ലാരെയും പ്രദര്‍ശിപ്പിക്കാന്‍ പാകത്തിലുള്ള ബസ്സും. ടിക്കറ്റ്‌ കിട്ടാത്തവര്‍ക്ക്‌ ഒരാശ്വസമാകാനായിരിക്കും ബി സി സി ഐ ഇങ്ങനെ ഒരു ബസ്സ്‌ കണ്ട്‌ പിടിച്ചത്‌.

"അല്ല എന്താ അളിയാ ഈ സച്ചിന്‍ മുന്‍പില്‍ തന്നെ ഇരിക്കുന്നത്‌. സാധാരണ സീനീയേഴ്സ്‌ പുറകിലല്ലെ ഇരിക്കുക. അതല്ലേ അതിന്റെ ഒരു ഗമ'

"അത്‌ ചിലപ്പോ ഡ്രൈവര്‍ക്ക്‌ വഴി അറിയില്ലായിരിക്കും ഗ്രൗണ്ടിലെത്താന്‍. ഇങ്ങേരാകുമ്പോ വര്‍ഷം കുറെ ആയില്ലേ ഈ പണി തുടങ്ങിയിട്ട്‌"

"ശരിയാണല്ലോ. ലോജിക്കലി കറക്റ്റ്‌."

ചലനം എന്നത്‌ ഒരു ആപേക്ഷിക പ്രതിഭാസം ആണെന്ന് മുന്‍പിലെ പയ്യന്‍ നീങ്ങിത്തുടങ്ങ്യത്‌ കണ്ടപ്പോള്‍ മനസ്സില്‍ ഓര്‍ത്തു. ടിക്കറ്റ്‌ കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ചടക്കത്തോടെ നിന്ന പീക്കിരികള്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ ക്യൂ വിട്ട്‌ ഓടുന്നത്‌ കണ്ടു. പീക്കിരികള്‍ മാത്രമല്ല ഞങ്ങളുടെ മുന്‍പിലും പിന്‍പിലും നില്‍ക്കുന്ന പലരും.

ഓടുന്ന പെണ്ണിനേം ഓവറായിട്ട്‌ നീങ്ങുന്ന ക്യൂവിന്റെയും പിറകെ പോകരുതെന്ന് ഞങ്ങള്‍ ചെന്നൈക്കാരുടെ ആത്മീയാചാര്യന്‍ ശ്രീ ശ്രീ രജനികാന്ത്‌ ഏതോ ഒരു പടത്തില്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ഞങ്ങള്‍ ക്യൂ മാറാതെ അവിടെത്തന്നെ നിലയുറപ്പിച്ചു, മറ്റുള്ള എല്ലാരും പോയി ഞങ്ങള്‍ നിന്നിരുന്ന ക്യൂ ഒരു ക്യൂ അല്ലാതാകുന്നത്‌ വരെ.


എന്താണ്‌ സംഭവിക്കുന്നത്‌. ക്യൂ ഇതല്ലേ? വേറെ ക്യൂ ഉണ്ടോ? ടിക്കറ്റ്‌ കൊടുക്കുന്ന ക്യൂവും ടിക്കറ്റ്‌ കയ്യിലുള്ളവര്‍ക്ക്‌ സ്റ്റേഡിയത്തില്‍ കയറാന്‍ വേറേ ക്യൂവും? ഒഴുക്കിനെതിരെ നീന്തണോ അതോ ഓടുന്ന പട്ടിക്ക്‌ ഒരുമുഴം നീട്ടി എറിയണോ? ഓടുക തന്നെ ഓടുക.

പിന്നീടുള്ള നിമിഷങ്ങളില്‍ സംഭവിച്ചത്‌ ഞാന്‍ കഷ്ടപ്പെട്ട്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത്‌ ചുവടെ ചേര്‍ക്കുന്നു

എല്ലാരും ഓടുന്നു...പുതിയ ക്യൂ....പുതിയ ആളുകള്‍...ടിക്കറ്റ്‌ നിരക്ക്‌ 300...ക്യൂവിന്റെ തല ചെറുതായിക്കാണുന്നു...സ്വന്തം തല ചെറുതായി ചുറ്റുന്നു...പീക്കിരികളെ കാണ്മാനില്ല...കാണാനുള്ളത്‌ പോക്കിരികളെ മാത്രം...ടിക്കറ്റ്‌ കൊടുക്കുന്നു...ക്യൂ നീങ്ങുന്നു...പോലീസുകാര്‍ ചുറ്റിലും...ടിക്കറ്റ്‌ തീര്‍ന്നെന്നൊരു അഭ്യൂഹം...ചാനലുകാര്‍...പോലീസ്‌...ലാത്തിചാര്‍ജ്ജ്‌...ഓട്ടം...പോലീസ്‌...ലാത്തി...വെയില്‍...തലചുറ്റല്‍...ജീവന്‍ വിലപ്പെട്ടത്‌...റെയില്‍ വേ സ്റ്റേഷന്‍...എസ്കേപ്പ്ഡ്‌...അഭി...

റെയില്‍ വേ സ്റ്റേഷനിലെത്തി മൊത്തത്തില്‍ കുടഞ്ഞ്‌ നോക്കി...എല്ലാ ശരീരഭാഗങ്ങളും പഴയ ഷേപ്പില്‍ തന്നെ ഉണ്ട്‌...ഒന്നും ഊരിപ്പോയിട്ടില്ല...റെയില്‍ വേ സ്റ്റേഷന്റെ മുകളില്‍ കയറിയപ്പോള്‍ സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്‌ കാണ്മാനായി..ഒപ്പം ആരവവും കേട്ട്‌ തുടങ്ങി...

"കളി തുടങ്ങിക്കാണും" ഐക്യദാര്‍ഡ്യത്തോടെ ഞങ്ങളുടെ ആത്മഗതം.

"വീട്ടില്‍ പോയേക്കാം" ഞാനും അഭിയും വീണ്ടും ഒരേ സ്വരത്തില്‍.

വീട്ടിലേക്കെത്തുന്ന വഴി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ സേവാഗും സച്ചിനും വന്ന വഴിക്ക്‌ മടങ്ങിയതായുള്ള ശുഭവാര്‍ത്ത കേട്ടു.

"ടിക്കറ്റ് കിട്ടിയില്ലേല്‍ എന്താ വിലമതിക്കാനാകാത്ത അനുഭവങ്ങളല്ലേ നേടിയത് ഈ ചെറുപ്രായത്തില്‍ തന്നെ.."

"വാസ്തവം വാസ്തവം "

"ഈ ആള്‍ക്കാര്‍ക്കൊക്കെ പ്രാന്താണോ വെയിലത്ത്‌ അവിടെ പോയിരുന്ന് കളി കാണാന്‍" റൂമിലെ ഫാനിനടിയിലിരുന്നു ടിവിയില്‍ കളി കണ്ട്‌ കൊണ്ട്‌ അഭി ചോദിച്ചു.

ദ്രാവിഡ്‌ പുന്നമടക്കായലില്‍ നീങ്ങുന്ന കാവാലം ചുണ്ടനില്‍ മാത്രുകയില്‍ തുഴയുകയും ലക്ഷ്മണ്‍ സിംഗിളെടുത്ത്‌ അമരത്ത്‌ പോയി നിന്ന് ഇതെല്ലാം കണ്ട്‌ താളമിട്ട്‌ നില്‍ക്കുന്നതുമായ കാഴച കണ്ടപ്പോള്‍ തോന്നി "നമ്മളെത്ര ഭാഗ്യവാന്മാര്‍"!!!

Thursday, April 03, 2008

'അഞ്ചാതേ'

ടൈറ്റിലിനെക്കുറിച്‌ പറയുന്നതിനു മുന്‍പ്‌ കഴിഞ്ഞ പോസ്റ്റിനു വന്ന ഒരു കമന്റിനു മറുപടി പറഞ്ഞു തുടങ്ങിക്കൊള്ളട്ടെ. ബാബു കല്യാണം കുറിച്ചത്‌ 'പൂട്ടിക്കെട്ടി പോയോ' എന്നായിരുന്നു. ഞാന്‍ ഒരുത്തന്‍ പോയാല്‍ ബൂലോഗത്ത്‌ എന്തെലും പ്രോബ്ലം ഉണ്ടാകും എന്നല്ല, ഒരാളുകുറഞ്ഞാല്‍ ഒരാളു കുറഞ്ഞില്ലേ (മനസ്സിലായില്ലല്ലേ അതാണ്‌ മോഡേണ്‍ ആര്‍ട്ട്‌. മോഡേണ്‍ ബ്രഡ്‌ എന്ന് കേട്ടിട്ടില്ലേ അത്‌ പോലെ ഒരു സാധനം). ഇനി ഒരറിയിപ്പുണ്ടാകുന്നത്‌ വരെ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതല്ല എന്നൊരു ബോര്‍ഡ്‌ വയ്കാന്‍ പോലും സമയം കിട്ടാത്തത്ര ബിസി ആയിരുന്നു. 'എന്തൂട്ട്‌ ബിസി എന്റിഷ്ടാ' എന്നല്ലെ ചേട്ടന്‍/ചേച്ചി ഇപ്പോള്‍ മനസ്സില്‍ വിചാരിച്ചത്‌. അപ്പൊ ഈ 'ഗ്യാപ്പിന്റെ' കാരണങ്ങള്‍ പരഞ്ഞ്‌ തുടങ്ങാം എന്നോര്‍ത്തു.

കാരണങ്ങള്‍ ഒരു ഉത്തരകടലാസിലെ പോലെ അക്കമിട്ട്‌ നിരത്താം.

1. സമയം കിട്ടിയില്ല.

സമയം ഉണ്ടാക്കണമെടാ കൊശവാ, ഞങ്ങക്കൊക്കെ എന്താ 25 മണിക്കൂര്‍ ഉണ്ടോ ദിവസം എന്നു പറയാന്‍ തോന്നുന്നുണ്ടോ? ഞാനിങ്ങനെ കുറെ നാള്‍ യാത്രയില്‍ ആയിരുന്നു. ഓള്‍ കര്‍ണ്ണാടക ട്രിപ്പ്‌ ഫ്രം ചെന്നൈ. ( ഇപ്പോ ഇതാരെലും കേട്ടാല്‍ എന്നെ കരുണാനിധിയുടെ ചാരന്‍ എന്ന് തെറ്റിധരിക്കാന്‍ സാധ്യതയുണ്ട്‌! ) എല്ലാം കഴിഞ്ഞ്‌ മടങ്ങിയെത്തിയപ്പോള്‍ പണി തീര്‍ന്നില്ല എന്ന് മാനേജരുടെ വക അലമുറ. പണി ചെയ്യേണ്ട സമയത്ത്‌ പണിയെടുത്തില്ലേല്‍ പണിയെല്ലാം കൂടിച്ചേര്‍ന്ന് വന്‍ പണിയാകും എന്നാണല്ലോ പഴമക്കാര്‍ പറഞ്ഞിരിക്കുന്നത്‌. എന്തായാലും അപ്പറഞ്ഞത്‌ സംഭവിച്ചു. കഴിഞ്ഞ കുറെക്കാലമായി ഹിന്ദുപേപ്പറില്‍ 'പടം' നോക്കല്‍ പോലും നടക്കുന്നില്ല.

2. ഇന്റര്‍നെറ്റ്‌ നോട്ട്‌ വര്‍ക്കിംഗ്‌

എയര്‍ ടെല്‍ ആണേ ഞാന്‍ ഉപയോഗിക്കുന്ന കണക്ഷന്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ സനീഷ്‌ ബയോഡാറ്റ അപ്‌ ലോഡ്‌ ചെയ്യാന്‍ നോക്കുമ്പോല്‍ എക്സ്പ്ലോറര്‍ ആകെ പരതി വിവശനായി പറയുന്നു 'പേജ്‌ നോട്ട്‌ ഫൗണ്ട്‌'. ഇജ്ജാതി പ്രോബ്ലംസ്‌ ഉണ്ടായാല്‍ ഞാന്‍ ഉടന്‍ സംഭവസ്ഥലത്ത്‌ നിന്ന് വലിയുകയാണ്‌ പതിവ്‌. എന്തെന്നാല്‍ അവന്‍ പോളിമര്‍ എഞ്ചിനീയറിങ്ങും ഞാന്‍ കമ്പ്യൂട്ടറും ആണെന്ന നിസ്സാരകാര്യം പറഞ്ഞ്‌ അവന്‍ എന്റെ അടുത്ത്‌ സംശയം ചോദിച്ച്‌ കളയും. അന്നു പക്ഷേ പിടി കൊടുക്കാതെ രക്ഷപെടാന്‍ പറ്റിയില്ല. വൈക്കത്തപ്പനെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ തുടങ്ങിയ എന്റെ അനാലിസിസ്‌ ഒടുവില്‍ നമ്മുടെ ടൈറ്റില്‍ ആയി. ഇന്റര്‍നെറ്റ്‌ നോട്ട്‌ വര്‍ക്കിംഗ്‌. ഫോണും വര്‍ക്‌ ചെയ്യുന്നില്ല. എന്റെ പൊന്നു പുള്ളേ നോക്കണെ, ഇവന്മാര്‍ ബില്ലടച്ചില്ല എന്ന നിസ്സാരകാരണം പറഞ്ഞ്‌ കണക്ഷന്‍ കട്ട്‌ ചെയ്ത്‌ കളഞ്ഞു. എന്ത്‌ കൊണ്ട്‌ ബില്ലടച്ചില്ല എന്നാണെങ്കില്‍ പ്ലീസ്‌ റെഫര്‍ ടു പോയിന്റ്‌ 1.

3. ഒരു ഹാര്‍ഡ്‌ ഡിസ്ക്‌ വാങ്ങി.

ലതും ലിതും തമ്മില്‍ എന്ത്‌ ബന്ധം എന്നണോ? (ബന്ധമുള്ളത്‌ കൊണ്ടാണല്ലോ ഇവിടെ എഴുതുന്നത്‌. ഹല്ല പിന്നെ). ഒരു 160 ജിബി എക്സ്ടേണല്‍ ഹാര്‍ഡ്‌ ഡിസ്ക്‌ വാങ്ങി. അതോടെ 160 ജി ബി സിനിമകള്‍ സ്റ്റോര്‍ ചെയ്യാന്‍ സ്ഥലം ആയല്ല്ലോ. പിന്നെ ആ സിനിമകള്‍ കണ്ട്‌ തീര്‍ക്കണ്ട്‌ ചടങ്ങായല്ലോ. അങ്ങനെ പല വേള്‍ഡ്‌ ക്ലാസ്സിക്കുകളും കണ്ട്‌ കണ്‍കുളിര്‍മയാര്‍ന്നു. (ശ്രീജിത്തിനു നന്ദി.) പഠിക്കുന്ന കാലം മുതല്‍ മനസ്സില്‍ കയറിക്കൂടി ഇപ്പോളും മായാതെ സ്ട്രോങ്ങായി നില്‍ക്കുന്ന ഒരാഗ്രഹം ആണു ഒരു ഫിലിം ഡയറക്ട്‌ ചെയ്യണം മരിക്കുന്നതിനു മുന്പ് എന്നാണ്. (ഈ ബ്ലോഗ്ഗ്‌ വായിക്കുന്ന് ഏതേലും പ്രൊഡ്യൂസര്‍ ഉണ്ടെങ്കില്‍ പ്ലീസ്‌ കോണ്ടാക്റ്റ്‌ മി.) ആ ആഗ്രഹത്തിനു ഒരു മുതല്‍ക്കൂട്ടാണല്ലോ എന്റെ ഈ സിനിമാ പ്രാന്ത്‌.

ദാറ്റ്‌ സ്‌ ഓള്‍ യുവര്‍ ഓണര്‍.

ഇത്രയൊക്കെയെ ഉള്ളൂ കാരണങ്ങള്‍.ഈ കാലഘട്ടത്തില്‍ ഞാനൊരു ബാങ്ക്‌ ടെസ്റ്റും എഴുതി. ചെന്നൈയിലെ പരീക്ഷ രീതികളെ കുറിച്ക്‌ നേരിട്ട്‌ കണ്ട്‌ പഠിക്കാനും പണ്ട്‌ ലോണ്‍ തന്ന ബാങ്കിനോട്‌ നന്ദികേട്‌ കാണിക്കരുതല്ലോ എന്നും ഓര്‍ത്ത്‌. (അല്ലാണ്ട്‌ അച്ഛന്റെ നിര്‍ബന്ധപ്രകാരമൊന്നുമല്ല ഛേ). പിന്നെ പതിവ്‌ പോലെ ഒരുപാട്‌ കാശ്‌ തീയറ്റര്‍ കാര്‍ക്കും കൊടുത്തു തീര്‍ത്തു.

ഇക്കുറി കണ്ട ചിത്രങ്ങളില്‍ വ്യത്യസ്തമായി തോന്നിയ ഒരു ചിത്രം ആണ്‌ ഈ ബ്ലോഗിന്റെ ടൈറ്റില്‍. 'അന്ജാതെ' (പേടിക്കാതെ എന്നാണ് അര്‍ത്ഥം എന്ന് തോന്നുന്നു.)

ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്. തമിഴ്‌ ചിത്രമായത്‌ കൊണ്ട്‌ പല പതിവ്‌ തമിഴ്‌ പ്രതിഭാസങ്ങളും കാണാം. പക്ഷെ തീര്‍ച്ചയായും നിങ്ങളെ ഈ ചിത്രം രസിപ്പിക്കും. ഓരോ സീനും ത്രില്ലടിപ്പിക്കും. ഒരല്‍പം കരയിപ്പിക്കും ഒരു പക്ഷേ. ഏതോ മിക്സിയുടെ പരസ്യത്തിലെ പോലെ ഞാന്‍ ഗ്യാരന്റി.

ഹരിയേട്ടന്‍ ഇതിനെക്കുറിച്ച്‌ റിവ്യൂ എഴുതിയോ എന്നു നോക്കാന്‍ സമയം കിട്ടിയില്ല. എന്തായാലും ഗ്രേറ്റ്‌ വര്‍ക്ക്‌ ബൈ മിഷ്ക്കിന്‍ ആന്‍ഡ്‌ ടീം. ആരും മിസ്സ്‌ ചെയ്യല്ലേ ഈ ചിത്രം.

ഇനി ഓഫീസില്‍ പോകട്ടെ, ഒന്നു രണ്ട്‌ പോസ്റ്റുകള്‍ക്കുള്ള സംഭവങ്ങള്‍ മനസ്സിലുണ്ട്‌. ഉടന്‍ മടങ്ങിവരാം.

Tuesday, January 22, 2008

മലയാളിചെക്കന് ബംഗാളിപ്പെണ്ണ്

(ഇതൊരു ബംഗാളി നാടോടി കഥയുടെ മലയാള പരിഭാഷ ആണെന്ന് പറയണം എന്നുന്ട്ട്. നിങ്ങള്‍ വിശ്വസിക്കാമോ?)

എന്ട്രന്‍സ് കഴിഞ്ഞപ്പോള്‍ അച്ഛന്‌ എന്നെ കാര്‍ണിവലിലോ മറ്റോ കത്തിയെറിയാന്‍ വിട്ടിരുന്നെങ്കില്‍ എന്നൊരു ചിന്ത ഉദിച്ചത്‌. അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല കാരണം തികഞ്ഞൊരു അഭ്യാസിയുടെ മെയ്‌ വഴക്കത്തോടെയായിരുന്നുവല്ലോ എന്റെ എന്ട്രന്‍സ് കറക്കിക്കുത്തല്‍.

എന്റെ റാങ്കിന്റെ സവിശേഷത കൊണ്ട്‌ റാങ്കിന്റെ അത്ര തന്നെ തുക ലോണ്‍ എടുത്ത്‌ വര്‍ഷാവര്‍ഷം ഫീസായി അടച്ച്‌ പഠിക്കേണ്ടതായി വന്നു. കോളേജ്‌ ജീവിതത്തിന്റെ അവസാന സെമസ്റ്റര്‍ വരെയുള്ള കാലങ്ങളില്‍ എന്നെ ബാങ്ക്‌ മാനേജര്‍ നേരിട്ട്‌ വന്ന് ജപ്തി ചെയ്യുന്നതും ശമ്പളം കൊണ്ട്‌ ലോണ്‍ അടയ്കാം എന്ന വ്യവസ്ഥയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്കായി നിര്‍ത്തുന്നതും മുടങ്ങാതെ സ്വപ്നം കണ്ട്‌ നിര്‍വ്രതിയടയാറുണ്ടായിരുന്നു. ഇങ്ങനൊരു സ്വപ്നം മനസ്സില്‍ ജീവപര്യന്തം അനുഭവിച്ചിരുന്നത്‌ കൊണ്ട്‌ കോളേജില്‍ പിറകേ വന്ന പെണ്‍കുട്ടികളോടെല്ലാം സൊറ പറയുന്നതിനു പകരം തെറി പറയാനാണ്‌ തോന്നിയിരുന്നത്‌.(എന്റെ ഒരു വിനയം!!) കഴുത്തില്‍ കയര്‍ വീണുകിടക്കുന്നവനെങ്ങനെ മറ്റൊരു കഴുത്തില്‍ താലിക്കയര്‍ കുരുക്കും.

കാര്യങ്ങളിങ്ങനെ പോകുമ്പോളാണ്‌ 'ഭാവി മൃദുലം ക്ലിപ്തം' എന്നൊരു സോഫ്റ്റ്‌ വെയര്‍ സ്ഥാപനം പിള്ളേരെ പിടിക്കാന്‍ ഇറങ്ങ്യത്‌. പേരുപോലെ ഭാവി മൃദുലം ആകുമെന്നൊരു പ്രതീക്ഷയില്‍ ഈയുള്ളവനും പങ്കെടുത്തു ആ കാര്‍ണിവലില്‍.

ചിറകില്ലാത്ത കാക്കകള്‍ പോലും മലന്നു പറക്കുന്ന, പ്രതിപക്ഷ നേതാവ് പോലും ഭരണത്തെ അനുമോദിക്കുന്ന(മാവേലി നാട് സന്കല്പം), എസ് ടി കാരനോട് പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍ ചിരിച്ച് കൊണ്ട്ട് സംസാരിക്കുന്ന, വിനയന്റെ പടം പോലും റിലീസ് ആകാത്ത, സര്‍ക്കാര്‍ ഓഫീസുകള്‍ പത്ത് മണിക്ക് പ്രവര്‍ത്തിക്കുന്ന, സേക്രട്ടിയെട്ടിന്റെ മുന്‍പില്‍ ഒരു സമരപ്പന്തല്‍ പോലും ഇല്ലാത്ത, അങ്ങനെ പ്രതീക്ഷകള്‍ പാടെ തെറ്റിക്കുന്ന ചില വെള്ളിയാഴ്ചകള്‍ ഉണ്ട്ട്. അത്തരത്തില്‍ പെട്ട ഒന്നായിരുന്നു അന്നും. വിധിയുടെ ഈ സവിശേഷസ്വഭാവം മൂലമോ മറ്റോ ഭാവി മൃദുലമാക്കാന്‍ എന്നെയും കൂട്ടത്തില്‍ കൂട്ടാന്‍ തീരുമാനിച്ചു ആ പിള്ളേരെപ്പിടുത്തക്കാര്‍.

ഒരു ജോലി വാഗ്ദാനം ലഭിച്ചതിനു ശേഷമാണ്‌ എനിക്കിത്രയും അഹങ്കാരം ഉണ്ടെന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്‌. നാലാള്‍ കൂടിയിരുക്കുന്നിടത്ത്‌ സാമ്പാര്‍ വിളമ്പി മാത്രം എക്സ്‌ പീരിയന്‍സ്‌ ഉള്ളവന്‍ ടെക്നോളജി വിളമ്പാന്‍ തുടങ്ങിയതും എങ്ങനെ ഇന്റര്‍വ്യൂവറെ നേരിടാം എന്നൊക്കെ പറഞ്ഞു തുടങ്ങിയതും ആ കാലഘട്ടത്തിലാണ്‌.

ഏതാണ്ട്‌ ആ കാലത്ത്‌ തന്നെയാണ്‌ എനിക്ക്‌ ഈ ബ്ലോഗിന്‌ ആധാരമായ സംഭവത്തിനു നാന്ദി കുറിപ്പിച്ച ഇ-മെയില്‍ വരുന്നത്‌. (അത്‌ അയച്ചത്‌ ഏതോ ഒരു ഫീമെയില്‍ ആയിരുന്നു, പേര്‌ ഓര്‍മ്മയില്ല. എങ്കിലും സാരമില്ല നമ്മുടെ കഥയില്‍ ആയമ്മയ്ക്‌ കര്‍ട്ടന്‍ വലിക്കുന്നവന്‌ ചായ കൊടുക്കുവാനുള്ള ഗസ്റ്റ്‌ റോള്‍ മാത്രമേ ഉള്ളൂ.)

ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഉടന്‍ പെട്ടിയും കിടക്കയും കെട്ടിപ്പെറുക്കിപോന്നോളൂ, നിങ്ങക്ക്‌ ഞാന്‍ പണിതരാം എന്നായിരുന്നു ആ സന്ദേശം. ജീവിതത്തില്‍ ആദ്യമായി അയച്ച മെയിലിന്‌ റിപ്ലേ അല്ലാത്ത, ഫോര്‍വേഡ്‌ അല്ലാത്ത ഒരു മെയില്‍ എന്റെ ഇന്‍ബോക്സ്‌ കാണുന്നത്‌. കൗതുകം കൊണ്ട്‌ പല ആംഗിളുകളില്‍ ആ മെയില്‍ പഠിച്ച്‌ നോക്കി. അതില്‍ ഏതോ ഒരു ആംഗിളില്‍ നോക്കുമ്പോളാണ്‌ ഒരു ഇ-മെയില്‍ വിലാസം എന്റെ ശ്രദ്ധയില്‍ പെട്ടത്‌. 'സൗമ്യ അറ്റ്‌ യാഹൂ.കോം'

വാറ്റുകാരനു ഒരു കുളയട്ടയെ കണ്ട സന്തോഷം. വെറുതെ വിടുമോ? ഉടന്‍ തന്നെ സൗമ്യയെ എന്റെ യാഹൂ മെസ്സഞ്ചറില്‍ ആഡ്‌ ചെയ്തു. യാഹൂ!!!

ഒടുവില്‍ ഏതോ ഒരു രാത്രി 11 മണിയോടടുപ്പിച്ച്‌ അവള്‍ വന്നു. അന്നു മഴ പെയ്യുന്നുണ്ടായിരുന്നു.('തൂവാനത്തുമ്പികള്‍'ഇലെ ക്ലാര വന്നതുപോലെ.) പരിപ്പ്‌ വടയുടെ ഗന്ധവും എനിക്കനുഭവപ്പെട്ടു.

എന്റെ ഫ്രണ്ട്സ്‌ റിക്വസ്റ്റ്‌ സ്വീകരിച്ച്‌ സൗമ്യ ആദ്യമായി അയച്ച 'ഹായ്‌' ഇന്നും എന്റെ ഓര്‍മ്മകളില്‍ മസ്തകം ഉയര്‍ത്തി നില്‍പ്പുണ്ട്‌.(വേറെ അങ്ങനെ നില്‍ക്കുന്നത്‌ രവികുമാര്‍ സാര്‍ കോണ്ടക്ട്‌ സര്‍ട്ടിഫിക്കറ്റില്‍ ഒന്ന് ഇരുത്തിമൂളിക്കൊണ്ട്‌ എഴുതിയ 'ഗുഡ്‌' ആണ്‌)

ഞങ്ങളുടെ ആദ്യരാത്രി ഏവം പുരോഗമിച്ചു.(അതിന്റെ മലയാള പരിഭാഷ...ഇടയ്കിടയ്ക്‌ ഇംഗ്ലീഷും)

'തനിക്ക്‌ 'ഭാവി മൃദുല'ത്തില്‍ കിട്ടി അല്ലേ'
'ഉവ്വ്‌'
'എനിക്കും കിട്ടി'
'ഉവ്വോ'
'എന്താ മുഴുവന്‍ പേര്‌'
'സൗമ്യദീപ്‌ ചൗധരി' അവള്‍ പേര്‌ നീട്ടിപ്പറഞ്ഞ്‌ അഹങ്കരിച്ചു.
'താങ്കളുടേതോ'
'പാട്ടത്തില്‍ സോമശേഖരന്‍ അജിത്ത്‌' ഞാനും വിട്ടു കൊടുത്തില്ല
'ഏതാ ദേശം?'
'ബംഗാള്‍'
'ഓ. ആ കടലിന്റെ ലെഫ്റ്റ്‌ അല്ലേ? ഞാന്‍ കേരള. മറ്റേ ആ കടലില്ലെ അതിന്റെ റൈറ്റ്‌.' പരസ്പരം ഞങ്ങള്‍ വഴി പറഞ്ഞ്‌ മനസ്സിലാക്കി.

'ഒരുപാട്‌ നീളമാണല്ലോ പേരിന്‌. ഞാന്‍ അജിത്ത്‌ എന്ന് വിളിക്കാം' അവളറിയുന്നില്ലല്ലോ ചൂണ്ടക്കോളുത്ത്‌ എറിഞ്ഞത്‌ തിമിംഗലത്തിനാണെന്ന്.

'തന്റെ പേരിനും എന്തൊരു നീളം. ഞാന്‍ എന്ത്‌ വിളിക്കണം'
നിഷ്കളങ്കനായ കുട്ടി ആണെങ്കില്‍ പോലും അവന്‍ ഐസ്‌ ക്രീം കണ്ടാല്‍ അമ്മയോട്‌ ചോദിക്കുക 'അതെന്താ അമ്മേ, എന്തിനു ഉപയോഗിക്കുന്നതാ?' എന്നാണാല്ലോ.

"എങ്കില്‍ സൗമ്യദീപ്‌ എന്ന് വിളിച്ചോളു." മറുപടി.

"വേണ്ട ഞാന്‍ സൗമ്യ എന്നു വിളിക്കാം." ഞാന്‍ സ്വാതന്ത്ര്യത്തോടെ അരുളിച്ചെയ്തു.
യാഹൂ മെസ്സഞ്ചറില്‍ ഒരു സ്മെയിലി തെളിഞ്ഞു. ബംഗാളിപ്പെണ്ണിന്റെ മനസ്സില്‍ കൂട്‌ കൂട്ടാന്‍ പണിപ്പെടുന്ന മലയാളിപ്പയ്യന്‌ ആദ്യത്തെ പച്ചക്കൊടി.

ബംഗാളി, മലയാളി, എന്തൂട്ടാ പ്രാസം. ഞാന്‍ മനസ്സില്‍ കരുതി.
പിന്നീട്‌ ജോയിനിംഗ്‌ ഡേറ്റും അങ്ങനെ പല പല ഓഫീഷ്യല്‍ ചര്‍ച്ചകളും നടത്തി ഞങ്ങള്‍. ഒരുപാട്‌ സംസാരിക്കണം എന്നുണ്ടെങ്കിലും തലയോലപ്പറമ്പിലെ ഡയല്‍ അപ്പിന്റെ സവിശേഷസ്വഭാവം മൂലം കൂടുതല്‍ സമയം കണക്റ്റ്‌ ചെയ്യാനുള്ള ഉണര്‍ത്ത്‌ പാട്ട്‌ കേട്ടിരിക്കല്‍ ആയിരുന്നു. അതിനാല്‍ ഞങ്ങളുടെ സംഭാഷണങ്ങള്‍ എന്നും മിനുട്ട്‌ സൂചി 90ഡിഗ്രി കറങ്ങുന്നതില്‍ കൂടുതല്‍ നീണ്ടിരുന്നീല്ല.

പിന്നീട്‌ പലപല രാത്രികളിലും മഴയും പരിപ്പുവടയുടെ ഗന്ധവും ഇണ ചേരുകയുണ്ടായി എങ്കിലും മുകളില്‍ പറഞ്ഞ കാരണം കൊണ്ട്‌ തന്നെ ചാറ്റ് വിണ്ടോവില്‍ നിന്നു ഇ-മേയിലിലെക്ക് ഞങ്ങള്‍ക്ക് കൂടു വിട്ട കൂടു മാറേണ്ടി വന്നു. എങ്കിലും ചാറ്റ് വിണ്ടോയെ പൂര്‍ണമായും ഉപേക്ഷിചോന്നുമില്ല.

10-ആം ക്ലാസ്സിലെ മകന്റെ ഹിന്ദിയിലെ ഉജ്ജ്വല പ്രതിഭ കണ്ട്‌ അമ്പരന്നതിനാലും അന്നമ്മ ടീച്ചര്‍ എക്കാലത്തെയും ശത്രു ആയിപ്പോകുമോ എന്ന ഭയത്തിനാലും ജ്യോത്സനെക്കാണാന്‍ പോയ എന്റെ അമ്മയോട്‌ അദ്ദേഹം അരുളിച്ചെയ്തത്‌ ഞാന്‍ ജനിച്ച സമയത്ത്‌ ഒരു ഹിന്ദിക്കാരന്റെ ജേഴ്സി പശു പ്രണയനൈരാശ്യത്താല്‍ 'എന്‍ എസ്‌ എസ്‌' ഇന്റെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയും ഇതില്‍ കുപിതനായ ഹിന്ദിക്കാരന്‍ ആ സവിശേഷമുഹൂര്‍ത്തത്തില്‍ ഭൂജാതനായ എന്നെ, ഹിന്ദിയില്‍ ചന്ദനക്കുറിക്കാരന്‍ (പൊട്ടന്‍ എന്നും പറയാം) ആയിപ്പോകട്ടെ എന്ന് ശപിക്കുകയും ചെയ്തത്രെ. എങ്കിലും അദ്ദേഹം നിര്‍ദ്ദേശിച്ച സവിശേഷപൂജകളുടെ ഫലമായി 21-ആം വയസ്സില്‍ ഹിന്ദി പഠിക്കാന്‍ ഒരു നിമിത്തം ഉണ്ടാകും എന്നും, അതിലും ഫലമുണ്ടായില്ലെങ്കില്‍ ശേഷം ചിന്ത്യം എന്നും ആയിരുന്നു കര്‍മ്മയോഗം.

അതിന്റെ ലേര്‍ണേഴ്സ്‌ ടെസ്റ്റ്‌ എന്ന പോലെ ഞാന്‍ സര്‍ദ്ദാര്‍ജി ജോക്സില്‍ ശ്രദ്ധ പതിപ്പിച്ക്‌ തുടങ്ങിയിരുന്നു.

ആവശ്യം ആണല്ലോ സൃഷ്ടിയുടെ മദര്‍. ബംഗാളിപ്പെണ്ണിന്റയടുത്ത്‌ 'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വ്രദ്ധന്റെ' കഥ ഒന്നും പറഞ്ഞ്‌ ഫലം ഇല്ലല്ലോ എന്ന് കരുതി ഉണ്ടായ മനസ്താപത്തിന്റെ സന്തതി ആയിരുന്നു ഈ സര്‍ദ്ദാര്‍ ജോക്ക്സ്‌. ഹിന്ദി അക്ഷരങ്ങളെ കാണുമ്പോള്‍ എനിക്ക്‌ കഴുത്തില്‍ കുരുക്കിട്ട്‌ ആത്മഹത്യ ചെയ്തവരെപ്പോലെ തോന്നിയിരുന്നു പണ്ടൊക്കെ. ആവശ്യം അതിന്റെ കരാളഹസ്തങ്ങള്‍ മുറുക്കിയപ്പോള്‍, ഞാന്‍ ആ ആത്മഹത്യക്കാരെ പോസ്റ്റ്‌ മാര്‍ട്ടം ചെയ്യുന്ന ഡോക്ടറെപ്പോലെ നോക്കിക്കാണാന്‍ തുടങ്ങി.

(മാത്രമല്ല ബംഗാളില്‍ എനിക്ക് വേറെ പേരിനെങ്കിലും പരിചയം ഉള്ളത് സൌരവ് ഗാംഗുലിയും സത്യജിത് റേയും മാത്രമാണല്ലോ)

ഒടുവില്‍ ഒരു രാത്രിയില്‍ എന്നോട്‌ നാണത്തോടെയാവണം അവള്‍ ചോദിച്ചു. 'ഡു യു ഹാവ്‌ എനി ലവ്‌ അഫയര്‍സ്‌?'

സര്‍ദാര്‍ ജോക്സിന്റെയും ഒഫീഷ്യല്‍ മാറ്ററിന്റെയും ട്രാക്കില്‍ മാത്രം ഓടിക്കൊണ്ടിരുന്ന വണ്ടിക്ക്‌ ഒരു ഓഫ്‌ ടോപ്പിക്കിലൂടെ പുതിയൊരു ഹായ്‌ വേ തുറന്നു തന്നു ആ ചോദ്യം.

ചാറ്റ്‌ വിന്‍ഡോ തിളങ്ങി. "ഡു യു ഹാവ്‌ എനി ലവ്‌ അഫയര്‍സ്‌?"

എത്ര സുന്ദരമായ ചോദ്യം. ഈ ചോദ്യത്തിനു ആരും ക്രുത്യമായ ഉത്തരം നല്‍കില്ല എങ്കിലും, ചോദ്യകര്‍ത്താവിന്റെ മാനസസഞ്ചാരത്തെക്കുറിച്ച്‌ ഒരുപാട്‌ ഊഹാപോഹങ്ങള്‍ക്ക്‌ വഴിവെക്കാന്‍ സഹായിക്കുന്ന ഒന്നാണല്ലോ ഇത്തരത്തിലൊരു ചോദ്യം.അവള്‍ക്കെന്തോ ഒരു ഇത്‌ അല്ലെങ്കില്‍ അത്‌ തോന്ന്യോണ്ടാണല്ലോ ഇങ്ങനെയൊരു ചോദ്യം.

അപ്പോള്‍ നമ്മള്‍ നിരാശപ്പെടുത്താന്‍ പാടില്ല. ഒട്ടും നിരാശജനിപ്പിക്കാത്ത ഒരു ചോദ്യം തിരിച്ചും എയ്തു.

"വാട്ട്‌ അബോട്ട്‌ യു??"

അപ്പോള്‍ ചാറ്റ്‌ വിന്‍ഡോവില്‍ തെളിഞ്ഞ 'നോ' യും ഫീസ്‌ ഇനിയും അടയ്ക്കാനുണ്ടോ സാറെ എന്നു യൂണിവേഴ്സിറ്റിയില്‍ ചോദിച്ചപ്പോള്‍ കേട്ട 'നോ'യും ആണ്‌ ജീവിതത്തില്‍ എന്നെ സന്തോഷിപ്പിച്ച 'നോ'കള്‍.('നോ'യ്കും അത്ര മധുരം ഉണ്ടാകും ചിലപ്പോള്‍.)

ആഗസ്റ്റ്‌ 16. അതിനു മുന്‍പ്‌ ഒരു ജോയിനിംഗ്‌ ഡേറ്റ്‌ ഉണ്ടായിരുന്നു എങ്കില്‍ അവള്‍ ജോയിന്‍ ചെയ്തില്ല. എന്തോ നിസ്സാരകാരണം പറഞ്ഞുവെങ്കിലും യഥാര്‍ഥ കാരണത്തെക്കുറിച്ച്‌ എന്റെ മനസ്സില്‍ ഒരു ധാരണ ഉണ്ടായിരുന്നു. "ഷി ഡോണ്ട്‌ വാണ്ട്‌ ടു ജോയിന്‍ വിത്തൗട്ട്‌ മി". (ചില പെണ്ണുങ്ങള്‍ അങ്ങനെയാണല്ലോ. ഒന്നും സമ്മതിച്ച്‌ തരൂല്ലല്ലോ.)

ആഗസ്റ്റ്‌ 16 വരാന്‍ ഞങ്ങള്‍ കാത്തിരുന്നു. അവള്‍ ബംഗാളിലും ഞാന്‍ കേരളത്തിലും. പോകുന്നതിനു മുന്‍പ്‌ അവസാനം ഓണ്‍ലൈന്‍ കണ്ട ദിവസം അവള്‍ ചോദിചു. (അതിന്റെ മലയാള പരിഭാഷ. വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മലയാളത്തില്‍ ആക്കുന്നു:) )
"നമ്മള്‍ ഒടുവില്‍ കാണാന്‍ പോകുന്നു അല്യോ"
"അതേ"
"കണ്ടാല്‍ എങ്ങനെ തിരിച്ചറിയും"
'മതിലുകള്‍'ഇല്‍ നാരായണി ബഷീറിനോട്‌ ചോദിച്ച ചോദ്യത്തിന്റെ സമാനസ്വഭാവം ഉള്ള ഒന്ന്.
"കണ്ടാല്‍ എനിക്ക്‌ മനസ്സിലാകും" ഞാന്‍ വാക്കുകളില്‍ ആത്മവിശ്വാസം വെറുതെ കുത്തി നിറച്ചു.
അവളൊന്നു ചിരിച്ചു.
"എനിക്ക്‌ ഒരു പക്ഷെ പിടികിട്ടില്ലാ ട്ടോ. അങ്ങനാണേല്‍ എന്നെ കാണുമ്പോള്‍ വന്നാല്‍ മതി" അവള്‍ നയം വ്യക്തമാക്കി.

എന്റെ മനസ്സില്‍ അവളെക്കുറിച്ച്‌ അത്ര വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നില്ല. ബോബ്‌ ചെയ്ത മുടിയും കുപ്പിക്കണ്ണാടിയും ഒക്കെ ധരിച്ച ഒരു ഭീകരരൂപമായിരിക്കുമോ അതോ ഒരു ബംഗാളി സുന്ദരിക്ക്‌ ചേര്‍ന്ന അംഗലാവണ്യങ്ങളോട്‌ ചേര്‍ന്ന ഒരു രൂപമോ?

കാത്തിരുന്നു കാണുക തന്നെ. സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ഇന്ത്യാക്കാരനും തന്റെ രാജ്യത്തെ മറ്റൊരു പ്രജയെക്കുറിച്ച്‌ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകില്ല. അങ്ങനെ ആഗസ്റ്റ്‌ 15 കടന്നുപോയി.

ഒടുവില്‍ ജോയിനിംഗ്‌ ദിവസം ഭൂജാതനായി. ഏതോ ഒരു ഫോര്‍മല്‍ ഷര്‍ട്ടിനുള്ളില്‍ കയറിക്കൂടി ഞാന്‍ ഓഫീസില്‍ എത്തി. അന്നു ഞാന്‍ തലമുടി ചീവാന്‍ എടുത്ത സമയം കൊണ്ട്‌ ഒരാനയെ കുളിപ്പിക്കാമായിരുന്നു എന്നും അതിനു സ്പെന്റ്‌ ചെയ്ത എനര്‍ജി കൊണ്ട്‌ ഒരു ടര്‍ബൈന്‍ കറക്കാമായിരുന്നു എന്നും അസൂയക്കാരും പാണനും പാടി നടന്നു.

തൂവാനത്തുമ്പികളിലെപോലെ അവസാന സീന്‍ പോലെ അന്ന് മാത്രം മഴ പെയ്തില്ല.

ഓഫീസില്‍ എത്ത്യപ്പോള്‍ ശിവരാത്രി ദിവസം ത്രശ്ശൂര്‍ പൂരം ആലുവാ മണപ്പുറത്തേക്ക്‌ മാറ്റ്യാല്‍ എന്നപോലെ ജനപ്രവാഹം. ഓഫീസ്‌ ട്രെയിനിംഗ്‌ റൂമില്‍ കറങ്ങി നടന്ന എനിക്ക്‌ എല്ലാം അപരിചിത മുഖങ്ങള്‍ മാത്രം. ഇക്കൂട്ടത്തില്‍ എവിടെയോ എന്റെ ബംഗാളി മുഖം ഒളിച്ചിരിപ്പുണ്ടല്ലോ. എന്നെ തിരയുന്ന രണ്ട്‌ കണ്ണുകള്‍ ഉണ്ട്‌.(രണ്ട്‌ കണ്ണുണ്ട്‌ എന്നതെല്ലാം സങ്കല്‍പ്പം മാത്രം) അതെങ്ങനെ കണ്ടെത്തും.

ആരോടേലും ചോദിച്ച്‌ അവളെ കണ്ടെത്തുക എന്നത്‌ ഞാന്‍ മുന്‍പ്‌ പറഞ്ഞ പ്രസ്താവനകളുടെ പൊള്ളത്തരം വെളിവാക്കും എന്നതിനാല്‍ അതിനു തുനിയുക സാധ്യമല്ല. ഇജ്ജാതി ചിന്തകളേയും മുറുകെ കെട്ടിപ്പിടിച്ച്‌ ഞാന്‍ ഒരു കസേരയില്‍ ഇരുന്നു.

ഒടുവില്‍ എച്‌ ആര്‍ സുന്ദരി ഓരോരുത്തരെ ആയി പരിചയപ്പെടുത്തുന്ന കര്‍മ്മം ആരംഭിച്ചു. ഞാന്‍ സൗമ്യ എന്ന പേരിനായി കാതോര്‍ത്ത്‌ ഇരുന്നു. (അവളെന്റെ പേരിനായും കാതോര്‍ത്തിരുന്നിരിക്കണം)

ഒടുവില്‍ എന്റെ ആകാംക്ഷ കണ്ട്‌ കരളലിഞ്ഞിട്ടോ മറ്റോ ദൈവം എച്‌ ആര്‍ ചേച്ചിയുടെ നാവില്‍ സൗമ്യയെ എത്തിച്ച്‌ കൊടുത്തു.

ഒരു നിമിഷം മൗനം. ബഹളത്തിനിടയില്‍ ഞാന്‍ മാത്രമേ അത്‌ കേട്ടുള്ളോ അതോ എനിക്ക്‌ ചിത്തഭ്രമത്തിന്റെ ആരംഭമാണോ?

വീണ്ടൂം ആ പേരു വിളിച്ചു. എനിക്ക്‌ ധൈര്യം കൈവന്നു. "ഇല്ല ഭ്രാന്ത്‌ പിടിച്ചിട്ടില്ല"

മുന്‍പില്‍ എവിടെയോ ഒരു കസേരയില്‍ മാത്രം അനക്കം. ഒരു ബോബ്‌ ചെയ്ത തല പൊങ്ങുന്നു. ആ തല ഒഴികെ ഒന്നും ദ്രശ്യമല്ല. ഒടുവില്‍ ആ തലയുടെ കീഴെ ഉള്ള ഉടലും ദ്യശ്യമായിത്തുടങ്ങി. ഞാന്‍ മോഹാലസ്യപ്പെട്ട്‌ പോയില്ല എന്നേ ഉള്ളൂ.

സൗമ്യദീപ്‌ ചൗധരി എന്ന എന്റെ സൗമ്യ ഒരു ആണ്‍കുട്ടി ആയിരുന്നു!!!

'ഷി ഈസ്‌ എ മാന്‍' ട്രൂത്തില്‍ മമ്മൂട്ടി പറഞ്ഞ അതേ വാചകം ഞാന്‍ ഓര്‍മ്മിച്ചു.

ഇതെങ്ങനെ സംഭവിച്ചു. പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയോട്‌ 'സെക്സ്‌' ചോദിക്കുന്നത്‌ പാപം ആയതിനാല്‍ ഞാന്‍ അത്‌ ഒരിക്കലും ചോദിച്ചിരുന്നില്ല. "ബട്ട്‌ ഹേ ബംഗാളി, ഇങ്ങനെ ഒന്നുണ്ടെങ്കില്‍ അത്‌ അറിയിക്കുക നിന്റെ ധര്‍മ്മം ആയിരുന്നില്ലേ"

എന്റെ മനസ്സില്‍ ഉണ്ടായിരുന്ന സൗമ്യയും എന്റെ കണ്മുന്‍പില്‍ ഉണ്ടായിരുന്ന സൗമ്യയും തമ്മില്‍ കട്ടന്‍ കാപ്പിയും കൊക്കക്കോളയും തമ്മിലുള്ള സാമ്യം പോലുമില്ല.

തൊട്ടടുത്ത്‌ സീറ്റില്‍ ഇരുന്ന ത്രുശ്ശൂര്‍ കാരി സ്മൃതി, ത്രശ്ശൂര്‍ അമേരിക്കയിലും വൈക്കം ലോകത്തിന്റെ വേറെ ഒരു കോണിലും ആണെന്ന മട്ടില്‍ ആംഗലേയത്തില്‍ മൊഴിഞ്ഞു,
"സംതിംഗ്‌ ഈസ്‌ റോങ്ങ്‌"
"വാഴ്‌വേ മായം" കഷ്ടപ്പെട്ട്‌ ഞാന്‍ ചിരിച്‌ കാണിച്ചു.

പണ്ട്‌ എന്റെ ഒരു സുഹ്രത്ത്‌ അവന്റെ കണക്ക്‌ പുസ്തകത്തിന്റെ അവസാന താളുകളില്‍ കുറിച്ച്‌ വച്ചിരുന്ന സിനിമാഗാനത്തിന്റെ വരികള്‍ എന്റെ കണ്ണില്‍ അപ്പോള്‍ തെളിഞ്ഞ്‌ വന്നു.

"കരയുന്ന തിരമാലകളെ ചിരിക്കുന്ന പൂക്കളെ
അറിയില്ല നിങ്ങള്‍ക്കെന്റെ അടങ്ങാത്ത ജന്മദു:ഖം."

അന്ന് ശ്വാസം നേരെ ആയതിനു ശേഷം ഞാന്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍, ഇലക്ഷന്‍ നേരിടുന്ന രാഷ്ട്രീയക്കാരന്റെ ചിരിയോട് കൂടി, സൗമ്യയെ പരിചയപ്പെടുകയും ഞാന്‍ കണ്ട്‌ പിടിച്ചെന്ന പോലെ അവനോട്‌ മിണ്ടുകയും ചെയ്തു.

അന്നും ഇന്നും അവനെ കാണുമ്പോള്‍ എന്റെ മനസ്സ്‌ തേങ്ങും

"എനിക്ക്‌ പിറക്കാതെ പോയ കാമുകി ആണല്ലോ ഉണ്ണീ നീ"


***********പതിവ്‌ പോലെ അശുഭം***********

Thursday, January 10, 2008

ഒരു ന്യൂ ഇയര്‍ രാവിന്റെ ഓര്‍മ്മയ്ക്ക്‌!!!

'ദ നൈറ്റ്‌ ഈസ്‌ സ്റ്റില്‍ യങ്ങ്‌' നിറം പകര്‍ത്തിയ ഗ്ലാസ്‌ കയ്യില്‍ ബലമായി അമര്‍ത്തിപ്പിടിച്ച്‌ ബാലു പറയുന്നുണ്ടായിരുന്നു. നൈറ്റോ, സന്ധ്യാനേരമല്ലേ ആയിട്ടുള്ളൂ? എന്റെ കണ്ണില്‍ രാത്രി അപ്പോഴും ഒരു ഗര്‍ഭസ്ഥശിശു എന്നതില്‍ കവിഞ്ഞ്‌ വളര്‍ച്ച പ്രാപിച്ചിട്ടില്ലായിരുന്നു. എങ്കിലും ഞാന്‍ ആ പ്രസ്താവന ഖണ്ഡിക്കുകയുണ്ടായില്ല. ബാലുവിന്റെ സന്തോഷമാണല്ലോ നമുക്ക്‌ പ്രധാനം(അല്ലാതെ പേടിച്ചിട്ടൊന്നുമല്ല ഛേ!)

ഗ്ലാസ്സുകളില്‍ നുരയും പതയും നിറഞ്ഞു.

'പുതുവര്‍ഷം വന്നണയാന്‍ ഇനിയും 5 മണിക്കൂര്‍ കൂടി ഉണ്ട്‌' വാച്ചില്‍ സൂക്ഷിച്ച്‌ നോക്കിക്കോണ്ട്‌ അരുണ്‍ അറിയിച്ചു. (അരുണ്‍കുമാര്‍ സി വി എന്ന ഈ ജീവിയെ 'സീവി' എന്ന അപരനാമത്തില്‍ ആണ്‌ ചെന്നൈ നഗരം അറിയുന്നത്‌. ടൈപ്പിംഗ്‌ എഫര്‍ട്ട്‌ കുറയ്കാന്‍ ഞാനും അങ്ങനെ പറയട്ടെ.)

നിറച്ച ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിയപ്പോള്‍ അനൂപേട്ടന്‍ ആണ്‌ ആദ്യം 'ചിയേഴ്സ്‌' പറഞ്ഞത്‌. അതോടൊപ്പം മറ്റ്‌ ശബ്ദങ്ങളും ആപ്തവാക്യം ഏറ്റ്‌ ചൊല്ലി. നാടോടുമ്പോള്‍ നടുവേ തന്നെ എന്ന് മനസ്സില്‍ കുറിച്ച്‌ ഞാനും ഒരു ഗ്ലാസ്സെടുത്ത്‌ ആഞ്ഞ്‌ മുട്ടിച്ചു. 'ചിയേഴ്സ്‌'

'മദ്യപാനം സര്‍വ്വധനാല്‍ പ്രധാനം' എന്നായത്‌ കൊണ്ട്‌ ഓര്‍ഡറുകള്‍ കൂടിക്കൊണ്ടേയിരുന്നു. ഇതിനിടയില്‍ ഒരു ലാര്‍ജ്‌ വോഡ്കയുമായി വന്ന ബേറര്‍ ചിരിച്ച്‌ കൊണ്ട്‌ ചൂളമടിക്കുന്നുണ്ടായിരുന്നു. എന്താണാവോ ഈ ചൂളമടിയ്ക്‌ പിന്നില്‍ എന്നറിയാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എത്തിച്ച്‌ നോക്കി. ഞങ്ങളുടെ ബില്‍ തുക ആയിരം തികഞ്ഞിരിക്കുന്നു! കുഡോസ്‌!

'പുതുവര്‍ഷം വന്നണയാന്‍ ഇനിയും നാലു മണിക്കൂര്‍' സിവിയുടെ വാച്ച്‌ സമയമറിയിച്ചു.
'നൈറ്റ്‌ ഈസ്‌ സ്റ്റില്‍ യങ്ങ്‌ അളിയാ, നീ പാട്‌' ബാലുവിന്റെ അനുമതി ലഭിച്ചു.

സിവി പാടിത്തുടങ്ങി. അങ്ങനെ ഒടുവില്‍ സംഗീതസഭയ്ക്‌ തുടക്കമായി.

"പുലരിയില്‍ ഇളവെയിലാടും പുഴ പാടുകയായ്‌....
പ്രിയമൊട്‌ കുയില്‍മൊഴി തൂകും കാവേരി നീ....(2)

മലര്‍വാക തന്‍ നിറതാലവും
അതിലായിരം കുളിര്‍ ജ്വാലയും
വരവേല്‍ക്കയാണിതിലേ ആരോമലേ.....

ആകാശമാകെ കണിമലര്‍ കതിരുമായി പുലരി പോയ്‌ വരൂ...
പുതുമണ്ണിനു പൂവിടാന്‍ കൊതിയായ്‌ നീ വരൂ...."
[നമുക്ക്‌ പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍]



പാട്ട്‌ തീര്‍ന്ന ഉടന്‍, ഉരുള്‍പെട്ടലില്‍ പെട്ട ആട്ടിന്‍ കുട്ടിയെപ്പൊലെ പകച്ച്‌ നിന്ന തമിഴ്‌ പയ്യനെ നോക്കി അറിയാവുന്ന തമിഴില്‍ സിവി പറഞ്ഞു. "എങ്കളുക്ക്‌ റൊമ്പ പിടിച്ച ഒരു പാടല്‍. മോഹന്‍ലാല്‍, കേള്‍വിപ്പെട്ടിരിക്കിയാ?"

ദുര്‍വ്വാസാവ്‌ പണ്ട്‌ ക്വസ്റ്റന്‍ ചോദിക്കുമ്പോള്‍ ആളുകള്‍ക്കുണ്ടായിക്കൊണ്ടിരുന്ന ആ ഒരു ഡെയിലമോ ഇല്ലേ, അതനുഭവപ്പെട്ടതു കൊണ്ടോ മറ്റോ തമിഴ്‌ പയ്യന്‍ അടൂര്‍ ഗോപാലക്രഷ്ണന്റെ പടത്തില്‍ വേണു നാഗവള്ളി മാത്രമുള്ള ഷോട്ടിലെന്ന പോലെ നിര്‍വാണം പ്രാപിച്ച്‌ നിലകൊണ്ടു.

ശബ്ദങ്ങളെല്ലാം ഒന്ന് ഉയര്‍ന്ന് പൊങ്ങി നിലച്ചു. ഒടുവില്‍ അനൂപേട്ടന്റെ 'ചേട്ടാ ഒരു വോഡ്കാ' എന്ന അനൗണ്‍സ്മെന്റില്‍ വീണ്ടും രംഗം ചൂട്‌ പിടിച്ചു.

തമിഴ്‌ പയ്യന്റെ മുഖത്ത്‌ നിന്ന് കണ്ണെടുക്കാതിരുന്ന സിവിയുടെ താടിക്ക്‌ തട്ടി അനൂപേട്ടന്‍ തുടങ്ങി.(ഒപ്പം സിവിയും)

"ഈ വഴിയരികില്‍..ഈ തിരുനടയില്‍.. [2]
പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടി..
മഞ്ഞിന്‍ തുകില്‍ പദം എഴും സുമതടങ്ങള്‍ പൂകി..

മരന്ദ കണങ്ങളൊഴുക്കി മനസ്സില്‍കുറിച്ചു തരുന്നു നിന്‍ സംഗീതം....

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ..
തൂവെളിച്ചം കോരിനില്‍ക്കും പൂക്കനിയല്ലേ..
ആകാശം താഴുന്നു..
നീഹരം തൂകുന്നു.
കതിരൊളികള്‍ പടരുന്നൂ
ഇരുളലകള്‍ അകലുന്നൂ..
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി.. "
[താളവട്ടം]

എനിക്ക്‌ ഹിസ്‌ ഹൈനസ്‌ അബ്ദുള്ളയിലെ 'നാദരൂപിണി' ഗാനരംഗം ഓര്‍മ്മ വന്നു. അതേ പോലെ ഒരു സംഗീതസഭ ഇവിടേയും. 'പഞ്ചമം', 'ഗാന്ധാരം' എന്നതിനൊക്കെ പകരം ക്രത്യമായ ഇടവേളകളില്‍ ചേട്ടന്മാര്‌ പറഞ്ഞോണ്ടിരിക്കുന്നത്‌ 'വിസ്കി', 'വോഡ്ക', 'സോഡ' എന്നൊക്കെ ആണെന്ന് മാത്രം.

"ഇനി രണ്ട്‌ മണിക്കൂര്‍ മാത്രമേയുള്ളൂവത്രേ പുതുവര്‍ഷം വന്നുചേരാന്‍." വീണ്ടും സിവി വാച്ചില്‍ നോക്കി വാചാലനായി.

മുന്‍പിലിരുന്ന കപ്പ തോണ്ടിക്കൊണ്ട്‌ നിരാശകലര്‍ന്ന കണ്ണുകളോടെ സിവി എന്നോടു പറഞ്ഞു. "ഈ കള്ളും കപ്പയും കരിമീനും ലാലേട്ടനും എന്നും മലയാളിയുടെ വീക്ക്നെസ്സാ, ആള്‍ക്കാരെത്ര കുറ്റം പറഞ്ഞാലും."

അപ്പോഴാണ്‌ ഞാന്‍ വിഷയം ശ്രദ്ധിച്ചത്‌. ലാലേട്ടന്റെ ഗോള്‍ഡന്‍ ഗാനങ്ങള്‍ ആണ്‌ ബോധം മറയുന്ന അവസരത്തിലും ഈണം തെറ്റാതെ, വരികള്‍ മുറിയാതെ പാടുന്നത്‌. അതും സിവിയുടെ ശൈലിയില്‍ ഒരു ഗാനം പാടിത്തുടങ്ങുന്നത്‌ അനുപല്ലവിയില്‍ നിന്ന് മാത്രം. പല്ലവി പാടി ഗാനം അവസാനിപ്പിക്കും.

അനുപല്ലവിയില്‍ നിന്നു പല്ലവിയിലെക്ക് തിരിച്ച് ഒഴുകുന്ന ഗാനധാര.
"തികച്ചും ഇന്ററസ്റ്റിംഗ്‌" ഞാന്‍ മനസ്സില്‍ കരുതി.

"കള്ളും കപ്പയും കരിമീനും ലാലേട്ടനും എന്നും മലയാളിയുടെ വീക്ക്നെസ്സാ, ആള്‍ക്കാരെത്ര കുറ്റം പറഞ്ഞാലും. ഇനിയും കാശെത്ര വേണേലും കളയും ഇവര്‍ക്ക്‌ വേണ്ടി." സിവി ഒരു ലോട്ടറിവില്‍പനക്കാരന്റെ ആത്മാര്‍ത്ഥതയോടെ തുടര്‍ന്നുകൊണ്ടിരുന്നു.

അവസാനത്തെ വാചകം ബാറിന്റെ ഡോറില്‍ തട്ടി പ്രതിധ്വനിച്ചു. അതുവഴി കടന്നു വന്ന വെയിറ്റര്‍ മൂന്നാമതും ചൂളമടിച്ചു. ഇക്കുറി എനിക്കതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ വൈകിയില്ല. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. 144 പ്രഖ്യാപിക്കാനൊന്നും സാധിക്കില്ലല്ലോ. ലാലേട്ടന്റെ സിനിമ ഹിറ്റാവാത്തത്‌ വരെ ഉള്ള വിഷമങ്ങള്‍ ഈ ന്യൂ ഇയറിനു മുന്‍പ്‌ ഇവിടെ പറഞ്ഞ്‌ തീര്‍ക്കാനുണ്ടല്ലോ സഖാക്കള്‍ക്ക്‌.

ഭാഗ്യവശാല്‍ മൂന്നാമത്തെ ചൂളമടി കഴിഞ്ഞപ്പോഴേക്കും ലാലേട്ടന്‍ വഴിമാറുകയും പകരം ട്രിവാണ്ട്രത്തെ ഏതോ ബാറിലെ പോളേട്ടന്‍ ചാര്‍ജ്‌ എടുക്കുകയും ചെയ്തു.ലാലേട്ടനില്‍ നിന്ന് പോളേട്ടനില്‍ എത്തിച്ചത്‌ 'തൂവാനത്തുമ്പികള്‍' ആയിരുന്നു.( 'ഡേവിഡേട്ടാ ഒരു ബിയര്‍, ചില്‍ഡ്‌' ഓര്‍ക്കുമല്ലോ!)

ട്രിവാണ്ട്രത്തെ പ്രസ്തുത ബാറില്‍ എല്ലാവരും സഹപാഠികളേക്കാള്‍ പരിചയക്കാരായിരുന്നു പോലും. അവരെക്കുറിച്ചോര്‍ത്തപ്പോള് നനഞ്ഞ കോഴി, തൂവല്‍ കുടയുന്നത്‌ പോലുള്ള ശബ്ദത്തില്‍ ഒരു ദീര്‍ഘനിശ്വാസം പുറപ്പെടുവിച്ചു അനൂപേട്ടന്‍. അദ്ദേഹം ഫ്യൂസായ ബള്‍ബ്‌ പോലിരിക്കുന്നത്‌ കണ്ട്‌ സഹതാപം തോന്നിയിട്ടോ, അതോ മോങ്ങാനിരിക്കുന്ന നായയെ കണ്ടാല്‍ മണ്ടരി ബാധിച്ച തേങ്ങാ കയ്യില്‍ പിടിച്ചവന്‌ തോന്നുന്ന വികാരവിക്ഷോഭത്തിനാലോ സിവി മറ്റൊരു പാട്ടെടുത്ത്‌ മറിച്ചിട്ടു.

"എന്റെ ഓര്‍മ്മയില്‍ പൂത്ത്‌ നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍ നിന്നും പറന്ന് പോയൊരു ജീവ ചൈതന്യമേ..

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍.
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍ കിളീ."
[നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌]


ഇക്കുറിയും സംഗതികള്‍ ഒക്കെ കറക്റ്റ്‌ തന്നെ. പാട്ടിന്‌ ത്രോ കിട്ടാനോ മറ്റോ കാലിയായ ബിയര്‍ കുപ്പിയെടുത്ത്‌ വലിച്ചെറിയുകയും ചെയ്തു.

അനൂപേട്ടന്‍ അപ്പോഴും ട്രിവാണ്ട്രത്തെ ചിന്തയില്‍ നിന്ന് പൂര്‍ണ്ണവിമുക്തനായിരുന്നില്ല. 'ചെന്നൈ'യില്‍ ബാറില്‍ അത്ര നല്ല ഒരു റിലേഷന്‍ ഉണ്ടാക്കാന്‍ സാധിക്കാത്തതിലുള്ള വേദന കണ്ണുകളില്‍ അപ്പോഴും ദ്രശ്യമായിരുന്നു.

ഭാഷയാണോ അതിനൊരു വിലങങ് തടി. ആ വിഷമം ഒട്ടേറെ വോട്കകളായി മാറി. ഗ്രഹണി പിടിച്ച പിള്ളേരും ചക്ക കൂട്ടാനും തമിലുള്ള റിലേഷന്‍ എനിക്ക് ഏറെക്കുറെ പിടികിട്ടി തുടങ്ങി.

അപ്പോഴാണ്‌ ബാറിലെ ടൈ കെട്ടിയ ചേട്ടന്‍(മാനേജര്‍ ആണെന്ന് തോന്നുന്നു) എന്റരികില്‍ വന്ന്, ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന പുവാലന്റെ ചിരിയോടെ, ഒരു വെറും ഹായ്‌ പറഞ്ഞത്‌.

ഭാഷാസ്വാധീനമില്ലാത്തതിനാല്‍ ബാറില്‍ റിലേഷന്‍ ഉണ്ടാക്കാന്‍ പറ്റാത്തതിന്റെ പേരില്‍ ഇരുന്ന് വെള്ളമടിക്കുന്ന സുഹ്രത്തുക്കള്‍ക്ക്‌ മുന്‍പില്‍ വെച്ച്‌ വെറും ഒരു ഹായ്‌ പറയുക എന്നത്‌ കൊണ്ട്‌ തന്നെ അദ്ദേഹം, അപ്പമെങ്കിലും വാങ്ങാമെന്ന് കരുതി ക്യൂവില്‍ നില്‍ക്കുന്നവന്‌ അരവണവിതരണം ചെയ്യുക പോലുള്ള ഒരു പുണ്യപ്രവര്‍ത്തി ആണ് നടത്തിയത്.

"ഹല്ലോ" ഞാന്‍ തേടിനടന്ന സുഹ്രത്തിനെ ഓര്‍ക്കൂട്ടില്‍ കണ്ടത്‌ പോലെ റിയാക്റ്റ്‌ ചെയ്തു.

ഉറങ്ങിക്കിടന്ന ബാലുവിനെ "എടാ, എണീക്ക്‌ നൈറ്റ്‌ ഈസ്‌ സ്റ്റില്‍ യങ്ങ്‌' എന്നൊക്കെ പറഞ്ഞ്‌ തട്ടി ഉണര്‍ത്തി. ഇനി സംഭവിക്കാന്‍ പോകുന്ന രംഗങ്ങളെല്ലാം അവര്‍ക്കൊരു ന്യൂ ഇയര്‍ കണി ആയിക്കൊള്ളട്ടേ എന്നെന്റെ വിശാലമനസ്സില്‍ തോന്നി..

"ആര്‍ക്കേലും എന്തേലും വേണോ" അഹങ്കാരത്തിന്റെ ലാര്‍ജില്‍ ആത്മവിശ്വാസത്തിന്റെ സോഡ ഒഴിച്ച്‌ ഞാന്‍ ചോദിച്ചു.

ചെരിപ്പ്‌ മേടിക്കാന്‍ പോയപ്പോള്‍ കാലൊടിഞ്ഞവനെപ്പോലെ എല്ലാരും മൗനം പാലിച്ചു.

"യാരുക്കും എതും വേണാങ്കേ". നാലാമത്തെ ചൂളമടി മുഴങ്ങിയത്‌ മുക്കാല്‍ മണിക്കൂര്‍ മുന്‍പായിരുന്നതിനാല്‍ ബില്‍ തുക 5000ഓട്‌ അടുത്തുകാണുമെന്ന് എനിക്ക്‌ തോന്നി.

"നീങ്കെ പോണ സാറ്റര്‍ഡേ വന്തിരുന്തതാ?" മാനേജര്‍ ചിരിച്ച്‌ കൊണ്ടൊരു കുശലം ചോദിച്ചു. ('നിങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച വന്നിരുന്നുവോ')

എനിക്കയാളോട്‌ അതിഭയങ്കരമായ സ്നേഹവും ബഹുമാനവും തോന്നി. എത്ര കസ്റ്റമേര്‍സ്‌ കയറി ഇറങ്ങി പോകുന്നുണ്ടാകും. അതിലൊരാളെ ഇത്ര ക്രത്യമായി ഓര്‍ത്തിരിക്കാന്‍ കഴിയുന്നിവെന്നത്‌ ഭയങ്കര സംഭവം തന്നെ. ജോലിയോടുള്ള ഡെഡിക്കേഷന്‍, അതിന്റെ കാര്യത്തില്‍ ഒരു പക്ഷെ റിക്കി പോണ്ടിംഗ് മാത്രമുന്ടാകും ഈ മനുഷ്യന്റെ മുന്നിലായി. കസ്ടമര്‍ സാടിസ്ഫാക്ഷന്‍ എന്നത് നിസ്സാര കാര്യമല്ലല്ലോ, അത് ഇയാള്‍ ഒരു പരിപ്പുവട തിന്നുന്ന ലാഘവത്തില്‍ നെടിയെടുതിരിക്കുന്നു.

ഇനി ആര്‍ക്ക് വെള്ളമടിക്കണം എന്ന് തോന്നിയാലും ഇവിടെ തന്നെ കൊണ്ട്ട് വരണം. ഹോംലി അറ്റ്‌മോസ്ഫിയര്‍ എന്നൊക്കെ പറയുന്നത് ചില്ലറ കാര്യമാണോ. കഴിഞ്ഞ ആഴ്ച ഞാന്‍ ഇവിടെ വന്നത് ഇത്ര ക്രത്യമായി ഓര്‍ത്ത് വച്ചിരിക്കുന്നു. ഇനി ഇയാള്‍ എന്റെ ആരാധകനോ മറ്റോ ആണോ. എന്റെ ചിന്തകള്‍ പെട്ടെന്ന് തന്നെ കാടുകേറി അവിടെ കുറച്ച് സ്ഥലവും കയ്യേറി.

എവെരി ആക്ഷന്‍ ഹാസ് ഈക്വല്‍ ആന്ട്ട് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്നാണല്ലോ. റിയാക്ഷന്‍ കാണപ്പെട്ടത് അനൂപേട്ടന്റെ മുഖത്താണ്‌. അനൂപേട്ടന്റെ മുഖം പേട്ട റെയില്‍ വേ സ്റ്റേഷനില്‍ ട്രയിന്‍ കാത്ത്‌ നിന്നവനെപോലെ തുടുത്തു.

ആ മുഖഭാവം എന്റെ കോണ്‍ഫിഡന്‍സിന്‌ കോമ്പ്ലാനില്‍ ബൂസ്റ്റ്‌ കലക്കി തന്നു. " ആമാങ്കെ, നാനും മത്ത ഫ്രണ്ട്സുമാ വന്തിരുന്തത്‌" (കവി ഉദ്ദേശിച്ചതെന്തെന്നാല്‍ ഞാനും വേറെ ചില സുഹ്രത്തുക്കളുമായി കഴിഞ്ഞയാഴ്ച വന്നിരുന്നു)

എന്റെ ഉത്തരം കേട്ടപ്പോള്‍ നമ്മുടെ മാനേജര്‍ക്കും സന്തോഷമായി. അദ്ദേഹത്തിന്റെ ഓര്‍മ്മ ശക്തിക്കുള്ള ഒരു അവാര്‍ഡ് ആയിരുന്നല്ലോ അത്‌.'മികച്ച ഓര്‍മ്മക്കാരന്‍ 2007'

ഞാന്‍ ഒന്ന് ഹാന്‍ഡ്‌ വാഷ്‌ ചെയ്ത്‌ വരാമേ എന്ന് പറഞ്ഞ്‌ നടന്ന് നീങ്ങുമ്പോള്‍ മാനേജര്‍ എന്റെ പിറകേ വന്ന് ഇപ്രകാരം അരുളിച്ചെയ്തു.

"സാര്‍, ലാസ്റ്റ്‌ സാറ്റര്‍ഡേ നീങ്ക ബില്ല് മുഴുസാ പേ പണ്ണലേ, 500 രൂപ കമ്മിയായിരുന്തത്‌. ഇന്ത പയ്യന്‍ പിന്നാലേ വരുമ്പോത്‌ നീങ്ക കലമ്പീട്ടാര്‌" അതായത്‌ ഞാനാകുന്ന മാന്യന്‍ ലാസ്റ്റ്‌ സാറ്റര്‍ഡേ അവിടെ ബില്ല് തുക 500 രൂപ കുറച്ചാണ്‌ കൊടുത്തത്‌ പോലും.

കാശി തേടി കിഴക്കൊട്ട്ട് നടന്നവന്‍ കാര്‍ഗിലില്‍ എത്തിയ പോലായി.

"ഹേ മനുഷ്യാ, ഞാന്‍ നിങ്ങളെ അറിയാതെ ബഹുമാനിച്ച് പോയല്ലോ. " മനസ്സ് ഇപ്രകാരം പിടഞ്ഞു.

വില്‍ക്കുന്നതിന്‌ മുന്‍പ്‌ വെയ്റ്റ്‌ കൂട്ടിപ്പറയുന്ന ഒരു ഇറച്ചിവെട്ടിക്കാരന്റെ സ്നേഹം ആണ്‌ അയാള്‍ കാട്ടിയതെന്ന് അപ്പോഴാണെനിക്ക്‌ മനസ്സിലായത്‌.

അങ്ങനെ ഒരു 500 രൂപാ ചതി നടന്നിട്ടുണ്ടോ? കഴിഞ്ഞ ആഴ്ച. ഓര്‍മ്മകള്‍ മരവിച്ചത്‌ പോലെ. കൂടുതല്‍ ക്വസ്റ്റ്യനിങ്ങിന്‌ പോയാല്‍ സംഭവം ഫ്ലാഷാകും. ഒരല്‍പം മുന്‍പ്‌ എന്നെ ബഹുമാനിക്കുകയും അസൂയയോടെ നോക്കുകയും ചെയ്ത മദ്യപാനി സംഘം, വെടിക്കെട്ട്‌ കഴിഞ്ഞ ശേഷം പടക്കക്കാരനെ ജനം നോക്കുന്ന ലാഘവത്തില്‍ നോക്കി നോവിക്കും. വേണ്ടാ. അതിലും ഭേദം ഈ 500 രൂപ കൊടുക്കുന്നത്‌ തന്നെ. "സ്വാഭിമാനം മലയാളികള്‍ക്ക്‌ മ്രതിയേക്കാള്‍ ഭയാനകം " എന്നാണല്ലോ.

'500 രൂപയുടെ ഒരു ഗാന്ധി'മാര്‍ഗം സ്വീകരിക്കാം. ഒരു നോട്ടില്‍ തീരുന്ന പ്രശ്നം എന്തിന് നമ്മള്‍ വഷളാക്കുന്നു.

ഒരത്യാവശ്യത്തിന്‌ നോക്കുമ്പോള്‍ കയ്യില്‍ കാശില്ലാത്തത്‌ സ്ഥിരമായതിനാല്‍ ഒരുപാട് തപ്പാനൊന്നും നില്‍ക്കാതെ അനൂപേട്ടന്റെ കീശയില്‍ നിന്ന് ഒരു 500 രൂപ സംഘടിപ്പിക്കാന്‍ സ്രഷ്ടിക്കുന്ന കഥയില്‍, മാനേജരുടെ ഇളയമകള്‍ക്കായി അത്യപൂര്‍വ്വമായ അസുഖം തീരുമാനിക്കുകയാണ്‌ ഞാന്‍ ചെയ്തത്‌.

എനിക്ക്‌ 500 രൂപ തന്നതിനോടൊപ്പം അഞ്ചാമത്തെ ചൂളമടിക്ക്‌ ട്രിഗര്‍ നല്‍കാന്‍ അനൂപേട്ടന്‍ ഒരു വോഡ്ക ഓര്‍ഡര്‍ ചെയ്തു. പണം മാനേജരെ ഏല്‍പ്പിച്ച്‌ മടങ്ങിവന്നപ്പോള്‍ സിവി വാച്ച്‌ നോക്കി ന്യൂ ഇയര്‍ വന്നു എന്നറിയിച്ചു. എല്ലാവരും പരസ്പരം
ന്യൂ ഇയര്‍ വിഷ്‌ ചെയ്തപ്പോള്‍ അനൂപേട്ടന്‍ വോഡ്ക ഒരു കവിളിറക്കി എന്നോട്‌ പറഞ്ഞു. "യു ആര്‍ ലക്കി അളിയാ, ആഫ്റ്റര്‍ ഓള്‍ ഇറ്റ്‌ ഈസ്‌ ചാരിറ്റി റൈറ്റ്‌. ദാറ്റ്‌ റ്റൂ ഓണ്‍ ദ ന്യൂ ഇയര്‍ ഈവ്‌"

ഞാന്‍ അല്പനിമിഷം മുന്പ് കണി എന്ന് കരുതിയത് കെണി ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത് വൈകി ആണല്ലോ എന്നും വര്‍ഷത്തിന്റെ അവസാനദിനം വരെയും കൃത്യമായി പണികിട്ടിയല്ലോ എന്നും ഓര്‍ത്ത് "അതെ അതെ" എന്ന് മാത്രം പറഞ്ഞ തല കുലുക്കി.

അല്പം അസുയയും നിരാശയും ആ സമയം വിലയാടിക്കൊന്ടിരുന്ന പാവം ആ മദ്യപാനികളുടെ മനസ്സില്‍ ഞാന്‍ ആയിട്ട് ശാന്തമാക്കുന്നത് ശരിയല്ലല്ലോ!!!ഞാന്‍ ഒന്നും തിരുത്താന്‍ പോയില്ല.

സന്ദര്ഭോചിതം ആയി അപ്പോഴും സിവി പാടുന്നുണ്ടായിരുന്നു.
"മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ തകര്‍ന്നെ തക തക താ...
ചതിച്ചില്ലേ നീ ചതി ചതിച്ചില്ലേ നീ ചതിച്ചേ തക തക താ.....
അതിരുകാക്കും മലയൊന്ന് തുടുത്തേ തുടുത്തേ തക തക്‌ താ.....
അങ്ങ്‌ കിഴക്കത്തേ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്‌
പേറ്റ്‌ നോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തക തക താ..."
[സര്‍വ്വകലാശാല]


പാട്ടിനിടയില്‍ എപ്പോളോ അഞ്ചാമത്തെ ചൂളമടി കേട്ടപ്പോള്‍ തന്നെ ഞാന്‍ ബാധ കൂടിയവനെ പോലെ പിടഞ്ഞെണീറ്റ് പറഞ്ഞു. "ഈ ന്യൂ ഇയറിനു ഉള്ളത് ആയല്ലോ? പോലാമാ?"