"താരാട്ട് പാടിയാലെ ഉറങ്ങാറുള്ളൂ.....
അവന് പൊന്നുമ്മ നല്‍കിയാലേ ഉണരാറുള്ളൂ...."
ചെവിയില്‍ ദാസേട്ടന് തകര്‍ക്കുമ്പോള്‍ എനിക്ക് തോന്നി ഒന്നുറുങ്ങാന്‍ ഇത്ര ഡെമോ കാണിക്കണേല്‍ എന്തൊരു അഹങ്കാരി ആയിരിക്കും ആ ചെറുക്കന് എന്ന്. പാതി അടഞ്ഞ കണ്ണ് കൊണ്ട്ട് വാച്ചില്‍ നോക്കി. മിനുറ്റ് സൂചി പന്ത്രണ്ടില്‍ ഉമ്മ വെച്ചിട്ടും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ മണിക്കൂര്‍ സൂചി മൂന്നിന്റെ മുന്പില് മൂക്ക് കുത്തി ഇരിക്കുന്നു.
കാണാതെ പോയ പതിനാറു ബൈറ്റ് നാളെ അമ്മായി കാലത്ത് മടങ്ങി വരുന്നതിനു മുന്‍പ് കണ്ടെത്തികൊള്ളാം എന്ന ജാമ്യതിന്മേലാണ് മാനെജരുമാരെല്ലാം ഉറങ്ങാന്‍ പോയിരിക്കുന്നത്. മെമ്മറി ലീക്കാണത്രേ. കിച്ചൂന്റെ അപ്പൂപ്പനും ഉണ്ടായിരുന്നു വയസ്സാം കാലത്ത് ഇത പോലെ ചെറിയൊരു മെമ്മറി ലീക്ക്. അന്നൊരു വൈദ്യനോടും ആരും ഒരു രാത്രി കൊണ്ട്ട് ഇത് മാറ്റി തരണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. മനുഷ്യനില്ലാത്ത പരിഗണന എന്തിനാപ്പോ ഈ മിഷീന്!!!
ഇത്യാദി ചിന്തകളില്‍പെട്ട്, സൈക്കൊസിസിനും സൈദാപേട്ടിനും ഇടയ്ക് കൂവം റിവറിന്റെ മേലെ കൂടി ഉള്ള നേരിയ നൂല്‍പ്പാലത്തിലൂടെ ഞാന്‍ മനസ്സ് കൊണ്ട്ട് ഒരു ഭ്രാന്തനെ പോലെ സഞ്ചരിച്ച് കൊണ്ട് മേലോട്ട് നോക്കിയിരിക്കുമ്പോളാണ് ചെവിയില്‍ വേണുഗോപാലിന്റെ മധുരസ്വരം മുഴങ്ങിയത് "ഉണരുമീഗാനം ഉരുകുമെന്നുള്ളം". മൂന്നാംപക്കത്തിലെ ഗാനം. "മൂന്നാം പക്കം" ചിന്തിച്ച് തുടങ്ങിയാല്‍ പതിവായി എത്തി നിക്കുക ഒരേ സ്ഥലത്താണ്. അത് കുറച്ച് പഴയ ഒരു സംഭവമാണ്. തല വിറ്റ് (തല തിന്നാന്‍ കൊടുത്ത് എന്നും പറയാം) കഞ്ഞി കുടി തുടങ്ങുന്നതിനു മുന്‍പുള്ള കാലത്തെ സംഭവം.
*****************
ഗോവന്‍ കാറ്റൊന്ന് ആഞ്ഞ് വീശിയപ്പോള്‍, എണ്ണയും വെള്ളവും കണ്ടിട്ട് വര്‍ഷങ്ങളായതിന്റെ വേദനകൊണ്ടോ മറ്റോ റീജയുടെ തലയില്‍ നിന്ന് ഡിവോഴ്സ് വാങ്ങിവന്ന ഒരു മുടി പപ്പന്റെ നാസാരന്ദ്രങ്ങളെ തഴുകിയതിന്റെ പ്രതിഫലനമെന്നോണം അവന് അറിഞ്ഞൊന്നു തുമ്മി "ഹാ....... ഛീ......."
പപ്പന്‍സ് അലാറം ഇങ്ങനെ അടിച്ചപ്പോള്‍ സൈഡില്‍ ചാരിക്കിടന്നുറങ്ങുകയായിരുന്ന ഞാന്‍ കണ്ണ് ചിമ്മി നോക്കി. സന്ധ്യ ആയിരിക്കുന്നു. സമയം 5 മണിയോടടുക്കുന്നു. ഞാനൊന്നു നടക്കട്ടെ എന്ന് ആത്മഗതം ആന അമറുന്ന ശബ്ദത്തില്‍ പറഞ്ഞു അവന് ബസ്സിനുള്ളില്‍ "ഈവെനിംഗ് വാക്ക്"ഇനു പോയി. പിന്നിലെ ഞങ്ങളുടെ സീറ്റ് മുതല്‍ ഡ്രൈവറുടെ സീറ്റ് വരെ നടന്നെത്താന്‍ ഒരു പെണ്ണിനു 2 കുശലം എന്ന അനുപാതത്തില്‍ അവന് ഏകദേശം 20 മിനുറ്റ് ചിലവഴിച്ചു.
ബസ്സ് ഏതൊ ഹൈവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. ബസ്സിന്റെ പിന്‍ബാഗത്തായി, ഞാന്‍ ഉറക്കത്തിലേക്ക് വീഴുന്നതിനു തൊട്ട് മുന്‍പ് വരെ സജീവമായിരുന്നു ബാറില്‍ നിന്ന് അനക്കമൊന്നും കേള്‍ക്കുന്നില്ല. മിക്കവാറും എല്ലാവരും തന്നെ ഉറക്കത്തിലാണ്. എന്റേതൊഴിച്ചാല്‍, അഞ്ചാറ് ജോടി കണ്ണുകള്‍ മാത്രം തുറന്നിരിപ്പുണ്ട്. അതില്‍ ചിലതെല്ലാം പരസ്പരം നോക്കി ഇരിക്കുന്നു. (ഞങ്ങളുടെ കോളേജ് ജീവിതത്തിന്റെ അവസാന സെമസ്ടറിന്റെ തിരശ്ശീലവീഴാറായപ്പോള്‍, ഞങ്ങളുടെ നേതാവായ മൂത്താപ്പയുടെ നേത്രുത്വത്തില്‍ പ്രിന്‍സിപ്പലിന്റെ കയ്യും കാലും തിരുമ്മി സംഘടിപ്പിച 'ഇന്റസ്ട്രിയല്‍ വിസിറ്റ്' ആണ് രംഗം. ഗോവയിലെ എല്ലാ ഇന്‍ഡസ്റ്റ്രികളെയും സന്ദര്‍ശിച്ച് ഇന്റസ്റ്റ്രിയല്‍ പ്രോഡക്റ്റ്സ് കുപ്പിയില്‍ വാങ്ങി വെച് യാത്ര തുടരുന്നു. ഒന്നു രണ്ട് പേര് ഗോവന്‍ ഇന്റസ്റ്റ്രിയല്‍ ക്ലൈമറ്റ് പിടിക്കാത്തതിന്റെ ഹാങ്ങ് ഓവറില്‍ പിന്‍സീറ്റില്‍ മയങ്ങിക്കിടക്കുന്നു.)
പരസ്പരം നോക്കി ഇരിക്കുന്ന കണ്ണുകളുടെ ഉടമസ്തരുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. മടങ്ങിചെന്നാല്‍ ഞങ്ങളെ എല്ലാരെയും നേരിടാന്‍ കാത്തിരിക്കുന്നത് ഇന്റേണല്‍ മാര്‍ക്കും ക്വസ്റ്റ്യന്‍ പേപ്പറും അവയെ നേരിടാന്‍ മനസ്സിന് ശക്തി സംഭരിച് കൊണ്ട് ചെല്ലുന്ന വിരലിലെണ്ണാവുന്ന ദിനങ്ങളും മാത്രമാണ്.
പുറകിലെ കൂട്ടത്തിനിടയില്‍ ആളെ കേറ്റാന്‍ നടക്കുന്ന ഓട്ടോക്കാരന്റേതുപോലെ വിടര്‍ന്ന ഒരു ജോഡി കണ്ണ് കാണാനായത് തോമാച്ചന്റെ ചെവികള്‍ക്കിടയിലാണ്. അവന്റെ കണ്ണുകളെ വിടര്‍ത്തിയ പ്രേരകശക്തിയെക്കുറിച്ചുള്ള അനാലിസിസ് ബസ്സിലെ ടി വി യില്‍ എത്തിച്ചു. ടിവിയില്‍ പത്മരാജന്റെ "മൂന്നാം പക്കം" ഓടുന്നു. ജയറാമും കൂട്ടരും കടലില്‍ കുളിക്കാന്‍ പോകുന്ന രംഗം. തിരിച്ചെത്താന്‍ പറ്റാത്തവണ്ണം കടലിലേക്ക് വലിച്ചെടുക്കപ്പെടുന്ന ജയറാം, ഏതോ തിരയില്‍ പെട്ട് അകന്നകന്ന് കാഴ്ചയില്‍ നിന്ന് മങ്ങുമ്പോള്‍ നിസ്സഹായരായി കരയില്‍ നിന്ന് പൊട്ടിക്കരയുന്ന അശോകനും കൂട്ടരും. തോമാച്ചന്റെ പോലെ തന്നെ എന്റെ കണ്ണുകളും ഇമവെട്ടാതെ സിനിമയില്‍ ലയിച്ചിരുന്നു പോയി.
"ഈ ടോമെന്താ എപ്പോളും ഡ്രൈവറുടെ സീറ്റിന്റെ സൈഡില്‍ പോയിരിക്കുന്നേ? ഇവനെന്താ വണ്ടിയില്‍ സീറ്റില്ലേ??" രസംകൊല്ലുന്നതില്‍ എം ടെക് എടുത്ത പപ്പന്റെ ചോദ്യം.
"മുമ്പില്‍ തന്നെ ഇരുന്നാല്‍ എല്ലാം ആദ്യം കാണാല്ലോ. പിന്നെ ഇങ്ങനത്തെ ശല്യങ്ങളെയും നേരിടണ്ട " മറുപടി പറഞ്ഞ് ഞാന്‍ വീണ്ടും ടി വി യില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴെക്കും ടി വി ഓഫായിരുന്നു. വണ്ടി സൈഡ് ചേര്‍ത്ത് നിര്‍ത്തി.
ടോം പെട്ടെന്ന് ചാടി എണീറ്റ് അനൗണ്‍സ് ചെയ്തു "ചെക്ക് പോസ്റ്റെത്തി. ചെക്കിംഗ് ഉണ്ട്. കയ്യില്‍ കുപ്പി വല്ലതും ഉണ്ടെങ്കില്‍ ഫൈന്‍ അടയ്കേണ്ടി വരും". ഞങ്ങളെ ഭയപ്പെടുത്താനോ മറ്റോ ടൂര്‍ ബഡ്ജറ്റിനേക്കാള്‍ വലിയൊരു തുക അവന് ഫൈന്‍ എമൗണ്ടായി പ്രഖ്യാപിക്കുകയും ചെയ്തു.
"എന്താപ്പോ ചെയ്യുക? കുപ്പികള്‍ കുറേ ഇനിയും മിച്ചമുണ്ടല്ലോ?" പപ്പന്റെ ക്യൂരിയോസിറ്റ് നിറഞ്ഞ ചോദ്യം.
"അതിനെന്താപ്പൊ. നമുക്ക് അതങ്ങ് ഫിനിഷ് ചെയ്തേക്കാമെന്നേ" ആപത്ത്ഹരനായ ഇക്കാ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. മൂത്താപ്പാ ഉടന്‍ തന്നെ ഉറങ്ങിക്കിടന്നിരുന്ന "ടാങ്കു"കളെ വിളിച്ചുണര്‍ത്തി. "ചലോ ബാക്ക് സീറ്റ്"
മൊബൈല്‍ ബാര്‍ അങ്ങനെ നിമിഷാര്‍ദ്ധത്തില്‍ സജ്ജീക്രതമായി. ഒരുമയുണ്ടെങ്കില്‍ എരുമയുടെ പുറത്തും കിടക്കാം എന്ന് പ്രൂവ് ചെയ്തു, മിച്ചമുണ്ടായിരുന്ന കുപ്പികളെല്ലാം മിച്ചമില്ലാത്ത കുപ്പികളായി മാററി. ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന എഞ്ചിനീയറിംഗ് കോളേജിന്റെ വണ്ടികണ്ട്, കോളൊത്തതിന്റെ സന്തോഷത്തില്‍ രണ്ട് പോലീസുകാര്‍ വണ്ടിയിലേക്ക് ചെക്കിങ്ങിനായി നടന്നെത്തി. നടന്ന് വന്നവരുടെ തലയ്ക്ക് മുകളിലൂടെ കിട്ടു മിച്ചമായി വന്ന കുപ്പി എറിഞ്ഞുടച്ച് ചന്ദ്രോത്സവത്തിലെ ലാലേട്ടന്റെ ഡയലോഗ് രൂപത്തില്‍ കാച്ചി "ആ കുപ്പി ഭൂതകാലത്തില്‍ ഉണ്ടായിരുന്നു. വര്‍ത്തമാനത്തില്‍ അത് ആ കുറ്റിക്കാട്ടില്‍ പൊട്ടിച്ചിതറിയിരിക്കുന്നു. ഭാവിയില്‍..." മുഴുമിപ്പിക്കുന്നതിനു മുന്‍പെ മൂത്താപ്പാ അവനെ പിടിച്ചിരുത്തി. "വര്‍ത്തമാനം പറയുന്ന ഈ ഭൂതം കാരണം നമ്മളുടെ ഭാവി എന്താകുവോ എന്തോ"
പോലീസ് കാര്‍ ബസ്സിലെത്തിയപ്പോള്‍ കുപ്പി പോയിട്ട് ഒരു ഡപ്പി പോലുമില്ല കണ്ടുപിടിക്കാന്‍. കമ്യൂണിക്കേഷന്‍ സ്കില്‍സ് ഇമ്പ്രൂവ് ചെയ്യാന്‍ കിട്ടിയ സാഹചര്യം പപ്പന് നന്നായി വിനിയോഗിച്ചു "വി ഡോണ്ട് ഹാവ് ലിക്കര്‍ വിത്ത് അസ് സാര്‍" പപ്പന്റെ ട്രാന്‍സ്മിറ്ററില്‍ നിന്ന് പുറപ്പെട്ട മെസ്സേജ് ഡെസ്റ്റിനേഷനില്‍ എത്തിയപ്പോള്‍ ആദ്യത്തെ പോലീസ് കാരന് തിരിഞ്ഞ് നിന്ന് കൂട്ടുകാരനോട് പറഞ്ഞു "ഞാനപ്പോളെ പറഞ്ഞില്ലേ സ്മിര്‍ണ്ണോഫ് ആണെന്നു?"
പപ്പന് ഒരു കാല് തൊടുപുഴയില്‍ ഇനി ഒരെണ്ണം കൂത്താട്ടുകുളത്തും എന്ന മാത്രുകയില്‍ നിന്നു. "എനി പ്രോബ്ലം സാര്‍?"
പോലീസ് കാരന് തേടിയ പാമ്പിന്റെ തോളില്‍ കയ്യിട്ട് കൊണ്ട് പറഞ്ഞു "മോനേ, ഇതൊക്കെ ഞങ്ങള്‍ സ്ഥിരം കാണുന്നതാണ്. എവിടെയാ സാധനം ഇരിക്കുന്നതെന്ന് പറഞ്ഞാല്‍, അത്ര വേഗം നിങ്ങള്‍ക്ക് സ്ഥലം കാലിയാക്കാം. ഇല്ലെങ്കില്‍ ഓരോ ബാഗു തുറന്ന് പരിശോധിക്കേണ്ടിവരും. ചെയ്യുന്ന പണി കൂടുന്തോറും തരുന്ന പണിയും കൂടൂം. മനസ്സിലായോ?"
"മനസ്സിലായി സാര്‍"
"എവിടെടാ സാധനം"
പപ്പന്റെ കണ്ണുകള്‍ നിറഞ്ഞു. സിക്സ് പാക്കിനു പകരം ദൈവം അവനു കൊടുത്ത ഫാമിലി പാക്ക് വയറില്‍ തൊട്ടു കൊണ്ട്ട് പറഞ്ഞു "ഇതിനുള്ളിലാണ് സാര്‍. ഇതിന് ഫൈന്‍ അടയ്കണോ"
പപ്പന്റെ സത്യസന്ധതയില്‍ സംത്രപ്തനായത് കൊണ്ടോ മറ്റോ പോലീസുകാര്‍ പിന്നീടൊരു വാക്ക് പോലും ഉരിയാടാതെ സ്ഥലം വിട്ടു. വണ്ടി വീണ്ടും യാത്ര തുടങ്ങി. പേരറിയാത്ത ഏതോ ഒരു ഗോവന്‍ ബീച്ചിലേക്ക്. ഇനി അധികം ദൂരമില്ല എന്ന കാരണം കൊണ്ട് തന്നെ ടി വി നിശ്ചലാവസ്ഥയില്‍ സ്ഥിതി ചെയ്തു.
"കടലിലേക്കാള്‍ വെള്ളം നിന്റെ വയറിലുണ്ടോ?" ബീച്ച് വരെ സമയം പോകാനായി ഞാന്‍ പപ്പനെ ഒന്ന് ചൊറിഞ്ഞു നോക്കി.
"ബീച്ചെത്തുമ്പോള്‍ വിളിച്ചേക്ക്" മറുപടി അര്‍ഹിക്കാത്ത ക്വസ്റ്റ്യന്‍ അവഗണിച്ച്, പപ്പന് റീജയുടെ കൂന്തല്‍ സ്പര്‍ശമേറ്റ് ഒരു ടെമ്പററി മയക്കത്തിലേക്ക് വീണു.
പകുത്തിക്ക് നിന്ന് പോയ മൂന്നാം പക്കത്തെ കുറിച്ച് ആലൊച്ചിചിരുന്ന് ബീച്ചെത്തിയപ്പോഴാണു അറിഞ്ഞത്. പപ്പനെ കുലുക്കി എണീപ്പിച്ചപ്പോള്‍ മൂത്താപ്പയും സംഘവും ട്രൗസറിട്ട് വെള്ളത്തിലിറങ്ങാന്‍ റെഡി ആയി വന്നു. വിജയ് മല്യയുടെ ഇന്ഡസ്റ്റ്രിയില് ഓവറായി വിസിറ്റ് ചെയ്ത ഒന്ന് രണ്ട് പേര്‍ക്ക് ട്രൗസര്‍ മാറ്റണ്ട് തന്നെ വെള്ളത്തിലാവന്‍ സാധിച്ചു. ജന്മനാ ബോധമില്ലാത്തതിനേയും ടെമ്പററിയായി ബോധം നശിച്ചതിനേയും മിച്ചമുള്ളതിനേയുമെല്ലാം ചവിട്ടിക്കൂട്ടി ഒരു കാളപൂട്ടുകാരന്റെ മെയ് വഴക്കത്തോടെ ജോസഫ് സാര്‍ ബീച്ചിലേക്ക് ഇടത് കാല് വെച്ചിറങ്ങി(സാര്‍ പഴയ കമ്യൂണിസ്ടാണല്ലൊ). ഒപ്പം കയ്യില്‍ ഒരു ഫുട്ബോളും.
എന്നെപോലെ, കടലിന്റെ സൈഡില്‍ പോകാം എന്ന് തിമിംഗലത്തിനു പെട്ടെന്നെങ്ങാനും തോന്നിയാലോ എന്ന അളവില്‍ ശുഭാഭ്തിവിശ്വാസം കൈമുതലായി ഉള്ളവര്‍ക്ക് വേണ്ടിയാണ് ഈ ഫുട്ബോള്‍. 'വെള്ളത്തിലുള്ളവര്‍ക്ക്' ഫുട്ട് തന്നെ ഇപ്പൊള്‍ ബോളുപോലെ ആണല്ലൊ.
ഫുട്ബോള്‍ കളിയും വെള്ളത്തില്‍ കളിയുമൊക്കെ നീണ്ട് നീണ്ട് പോയി. ഒടുവില്‍ സന്ധ്യയായി, തങ്കനേതാ തങ്കമ്മയേതാ എന്ന് തിരിച്ചറിയാന്‍ പറ്റാണ്ടായപ്പോള്‍ ജോസഫ് സാര്‍ ഫൈനല്‍ വിസിലൂതി. "കരയിലും വെള്ളത്തിലും കിടക്കുന്ന കീടങ്ങള്‍ ഉടന്‍ തന്നെ ഷീനാ മിസ്സിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യൂ". (ഷീനാ മിസ്സിന്റെ അടുത്ത് എന്ന് പറഞ്ഞാല്‍ അമ്പിളിയുടെ സൈഡില്‍)
എല്ലാവരും പരിക്ഷീണരായി വട്ടം കൂടിയപ്പോള്‍, "ആരും ഇപ്പോഴെങ്കിലും പ്രോക്സി അടിക്കരുത് പ്ലീസ്" എന്ന അഭ്യര്‍ത്ഥനയോടെ ജോസഫ് സര് എണ്ണമെടുത്ത് തുടങ്ങി. എണ്ണമെടുത്തതിനുശേഷം നെറ്റി ചുളിച്ചുകൊണ്ട് "ആരാടാ കുറവ്" എന്ന ചോദ്യത്തിന്,
"ആരും കുറഞ്ഞതല്ല, ജോണി വാക്കര്‍ അല്പം കൂടിയതാകും സാറെ" എന്ന് ഇക്ക മറുപടി കൊടുത്തു.
വീണ്ടും സാര്‍ എണ്ണം എടുത്തത് തെറ്റിയപ്പോള്‍, ഇത് ജോണി വാക്കറിന്ടേതാണോ അതോ സാറിന് എണ്ണാനറിയാത്തതിന്റെതാണോ എന്നൊക്കെ ആലോചിച്ച് അങ്ങനെ നിക്കുമ്പോളാണു, മൂത്താപ്പയെ കാണുന്നില്ല എന്ന് അമ്പിളി വിളിച്ച് പറഞ്ഞത്. അമ്പിളി പറഞ്ഞത് കൊണ്ട്ട് മാത്രം ഇക്ക ഉള്‍പ്പടെ ഞങ്ങള്‍ എല്ലാരും വിശ്വസിച്ചു. "ശരിയാ മൂത്താപ്പയെ ഞാനും കാണുന്നില്ല". അതിപ്പോ അമ്പിളി സത്യം മാത്രം പറയുന്ന കുട്ടിയായത് കൊണ്ടൊന്നുമല്ല, അമ്പിളി പറഞ്ഞാല്‍ ഞങ്ങക്കൊക്കെ വിശ്വാസമാ :)
"ഞങ്ങള്‍ കുളികഴിഞ്ഞ് കേറിയപ്പോള്‍ അവന് നീന്തുന്നുണ്ടായിരുന്നു സാര്‍" പപ്പനാണു പറഞ്ഞത്.
ജോസഫ് സാര്‍ കടലിലേക്ക് എത്തി നോക്കിയപ്പോള്‍ അല്പം ദൂരെയായി ഒരു തല കാണുന്നു. ഞങ്ങളെല്ലാവരും മൂത്തപ്പയെ അലറിവിളിക്കാന്‍ തുടങ്ങി. അവന് മറുപടിയായി കൈ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഓരോ തിരമാല വരുമ്പോളും അവന്റെ തല കാണാതാകുന്നു വീണ്ടും നീന്തുന്നത് കാണാം. എല്ലാവരും അലറി വിളിക്കാന്‍ തുടങ്ങി.
"അവന് തിരിച്ച് വരാന്‍ പറ്റാതായോ സാര്‍" എന്നു കൂട്ടത്തില്‍ ആരോ സംശയം പ്രകടിപ്പിച്ച നിമിഷം അതൊരു നിലവിളിയായി മാറാന്‍ തുടങ്ങി. ദേഷ്യവും സങ്കടവുമെല്ലാം ഒരു നിമിഷം കൊണ്ട് സാറിന്റെ മുഖത്തേക്ക് ഇരച്ച് കയറി. സാറും ഞങ്ങളോടൊപ്പം ഉച്ചത്തില്‍ വിളിക്കാന്‍ തുടങ്ങി.
"അവന് ഭാരതപ്പുഴ നീന്തിക്കടക്കുന്നതാ, അങ്ങനെ ഒന്നുമാവില്ല." ഇക്കാ ധൈര്യം പകര്‍ന്നു. ഇതിനകം പപ്പനും കൂട്ടരും മൂത്താപ്പയെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങിയിരുന്നു.
പെണ്‍കുട്ടികളില്‍ ചിലര്‍ കരഞ്ഞു തുടങ്ങി. മറ്റു ചിലര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പപ്പനും മറ്റുചിലരും മൂതാപ്പയെ ലക്ഷ്യമാക്കി നീന്തിക്കൊണ്ടിരുന്നു. മൂന്നാം പക്കത്തിലെ രംഗങ്ങള്‍ വേട്ടയാടുന്ന ഒരു പ്രതീതി. മൂത്താപ്പാ ഓരോ നിമിഷവും ഞങ്ങളില്‍ നിന്ന് അകന്നു പോയ്കോണ്ടിരിക്കുന്നു. നിസ്സഹായരായി ഞങ്ങളെല്ലാം കരയില്‍ നില്ക്കുന്നു. പപ്പനും കൂട്ടരും ഓരോ തിരമാല വരുമ്പോഴും മൂത്താപ്പയുമായി കൂടുതല്‍ അകന്നു പോയ്കൊണ്ടിരുന്നു.
പപ്പനും കൂട്ടരും ആവുന്നത്ര ശക്തിയില്‍ നീന്തിക്കൊണ്ടേയിരുന്നു. സന്ധ്യ ആയതോടെ ബീച്ചിലെ ഗാര്‍്ഡ്സിനെ ഒന്നും കാണാനുണ്ടായിരുന്നില്ല. പലരും കരഞ്ഞു തുടങ്ങിയിരുന്നു. ആവുന്നത്ര ശക്തിയില്‍ കരയിലേക്ക് നീന്താന്‍ ഞങ്ങളെല്ലാവരും മൂത്താപ്പയോട് വിളിച്ച കൂവിക്കൊണ്ടിരുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടത് പോലെ ഏതോ ഒരു നിമിഷം അവന് അല്പം മുന്നോട്ടായാന്‍ സാധിച്ചു. ഇതിനകം അടുത്തെത്തിയ പപ്പനും കൂട്ടരും അവന്റെ മുടിയില്‍ കുത്തിപ്പിടിച്ചു. ഒരു വട്ടം കയ്യില്‍ നിന്ന് കുതറി പോയി എങ്കിലും അടുത്ത തവണ ബലമായി പിടിച്ച് കൊണ്ട്ട് പപ്പന് കരയിലേക്ക് നീന്തി തുടങ്ങി. ഉള്ളിലെ തീ അല്പം ഒന്ന് അണഞ്ഞ് തുടങ്ങി എല്ലാരുടെയും.
പപ്പനും സംഘവും കരയോടടുത്തപ്പോള്‍ ദേഷ്യം സഹിക്കവയ്യാതെ ജോസഫ് സാറും സാറിന്റെ ഉള്ളിലെ ജോണി വാക്കറും ചേര്‍ന്ന് "ഒന്ന് പൊട്ടിക്കെടാ ആ - മോനെ" എന്ന് ഉച്ചത്തില്‍ വിളിച്ച കൂവുന്നുണ്ടായിരുന്നു. കരയില്‍ എത്താറായപ്പോള്‍ ജോസഫ് സാര്‍ ഉടന്‍ തന്നെ തന്റെ കര്‍ത്തവ്യത്തില്‍ വ്യാപ്രുതനായി അവനുള്ള പ്രഥമസൃസ്രൂഷ നല്‍കാനായി തയ്യാറായി. അടുത്തെത്തിയപ്പോള്‍ വി ഐ പി ഫ്രെഞ്ചി ധരിച്ചിരിക്കുന്നത് കണ്ട്, "ഓനിതെന്താ കടലമ്മ കൊടുത്തോ" എന്ന ഡയലോഗോടെ അടുത്തെത്തി ഇക്ക ആണ് സംഭവം കണ്ടെത്തിയത്.
പപ്പന് ആന്‍ഡ് ഗ്യാന്ഗ് കടല്‍ കടന്നു നീന്തി പോയി പിടിച്ച് കൊണ്ടു വന്നതാ മൂത്താപ്പയെ അല്ല, പകരം നീന്താനിറങ്ങിയ ഏതോ ഒരു ഗോവാക്കാരനെ. അപ്പോള്‍ മൂത്താപ്പ എവിടെ എന്നോര്‍ത്ത് എല്ലാരും പകച്ച് നില്ക്കുമ്പോള്, കടലമ്മയുടെ വിരിമാറിലൂടെ അതാ നടന്നു വരുന്നു മൂത്താപ്പ.
"നീയിത് എവിടെ പോയി കിടക്കുവായിരുന്നു" ഇക്കാസ് ക്വസ്റ്യന്‍.
"ആരോ വെള്ളത്തില്‍ പോയില്ലേ ഞാന്‍ പപ്പന്റെ കൂടെ രക്ഷിക്കാന്‍ പോയെക്കുവായിരുന്നു." മൂത്താപ്പ മൂരിനിവര്‍ത്തി പറഞ്ഞു.
കരഞ്ഞുകൊണ്ടിരുന്ന മുഖങ്ങളിലൊക്കെ ഒരു ചിരി വിടര്‍ന്നെങ്കിലും, സന്ദര്‍ഭം ശരിയല്ലാതതിനാല്‍ എല്ലാരും ഒന്ന് അടക്കി പിടിച്ച് നിന്നു. എല്ലാരും പകച്ച് നില്ക്കവേ, നീന്താന്‍ പോയി പാതിവഴിയില്‍ വച്ച് നിര്‍ബന്ധപൂര്‍വ്വം രക്ഷിക്കപ്പെട്ട്, ഇനി ഇവരെന്നെ എന്ത് ചെയ്യും എന്ന ആശങ്കയോടെ, ഒരു പറ്റം പെണ്‍കുട്ടികളുടെ നടുവില്‍ വി ഐ പി ഫ്രെഞ്ചിയുടെ പരസ്യമെന്ന കണക്കിന് മലര്‍ന്നു കിടക്കുകയാണ് പാവം ഗോവാക്കാരന്.
ഇനിയിപ്പോ എന്ത് ചെയ്യുമെന്ന ഭാവത്തില്‍ ജോസഫ് സാര്‍ ഇക്കയെ മിഴിച്ച് നോക്കി. ആപത്ത്ഹരനായ ഇക്ക, "ജോസഫ് സാറേ വിട്ടോടാ" എന്ന് വിളിച്ച കൂവിക്കൊണ്ട് ഞങ്ങളെ ലീഡ് ചെയ്ത് ഓട്ടം തുടങ്ങി. കാര്യം ഫിസിക്കല്‍ ട്രെയിനര്‍ ഒക്കെ ആണെങ്കിലും ആപത്ത് ഘട്ടത്തില്‍ സ്പോര്‍ട്സ് ചതിച്ചത് കൊണ്ട്ട് ജോസഫ് സാറിന്റെ പേഴ്സ് കാലിയാവുകയും തദ്വാര അന്നേവരെ കേള്‍ക്കാത്തചില ഇംഗ്ലീഷ് വാക്കുകള്‍ കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു.
കാശല്‍പ്പം പോയാലെന്താ, ആഫ്ടര്‍ ഓള് എക്സ്പീരിയന്‍സ് ആണല്ലോ പ്രധാനം.
വണ്ടി വീണ്ടും നീങ്ങി തുടങ്ങിയപ്പോള്‍ ജോസഫ് സാറിനെ ഒന്ന് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നെലും ആര്‍കും അത്ര ധൈര്യം വന്നില്ല. അംബിളിക്ക് പോലും. സാറിനിപ്പോള്‍ കുറെ ഇംഗ്ലീഷ് കൂടുതല്‍ അറിയാല്ലോ!!!.
*****************
ഒരു നിമിഷം ഒന്ന് പൊട്ടിചിരിച്ച് കണ്ണ് തുറന്നപ്പോള്‍ കംബ്യൂട്ടര് മുന്പില് സ്ക്രീന്‍ ചിമ്മി നില്ക്കുന്നു. ചെവിയില്‍ ദാസേട്ടന് വീണ്ടും തകര്‍ക്കുന്നു.
"പാതിരാപുള്ളുണര്‍ന്നു പരല്‍മുല്ല കാടുണര്‍ന്നു
പാഴ്മുളം കൂട്ടിലെ കാറ്റുണര്‍ന്നു".
തന്നെ സത്യം തന്നെ ഒരുമാതിരി ഉറങ്ങാന്‍ കിടന്ന എല്ലാരും എണീറ്റ് കാണും. ഇനി ആ പതിനാറു ബൈറ്റ് ഒന്നും കൂടി പരതിയിട്ട് വേണം എനിക്കൊന്നു ഉറങ്ങാന്‍. ഒരു ഗുഡ്നൈറ്റ് തീരുന്നതിനു മുന്‍പ് അങ്ങനെ വീണ്ടുമൊരു ഗുഡ് മോണിംഗ്!!!
Monday, May 11, 2009
Subscribe to:
Post Comments (Atom)
17 comments:
തകര്‍ത്തിഷ്ടാ... സിനിമാക്കഥ പോലെ ഉണ്ട്.... നല്ലോണം ചിരിപ്പിച്ചു
വാചകം ചിലതൊക്കെ ഭൂതമാണോ ഭാവിയാണോ എന്ന് സംഷയം തോന്നിപ്പിക്കുന്നു... അതൂടെ ശരി ആക്കിയാല്‍ പോസ്റ്റ് ഒന്നൂടെ കിടിലം ആവും..
ചിരിച്ചു കൊണ്ട് വായിച്ചു തുടങ്ങി, ഇടയ്ക്കല്പ്പം ടെന്‍ഷനായി, അവസാനം പൊട്ടിച്ചിരിച്ചു കൊണ്ട് അവസാനിപ്പിച്ചു. ശ്രീഹരി പറഞ്ഞതു പോലെ സിനിമയില്‍ പ്രയോഗിച്ചാല്‍ പോലും ഹിറ്റ് ആകുന്ന രംഗം തന്നെ.
മൂത്താപ്പ ആളു കൊള്ളാം. :)
ശ്രീ പറഞ്ഞാണ് ഇവിടെയെത്തിയത്. പ്രതീക്ഷതെറ്റിയില്ല, നല്ല അവതരണം, നല്ല കഥ. താങ്കള്‍ “പുലികള്‍ക്കിടയിലെ സിംഹം തന്നെ” സംശയമില്ല :-)
നല്ല അവതരണം
:)
ഹിഹിഹി... കലക്കീടാ. :)
മൂത്താപ്പക്കെവിടെന്നാ പുതിയ ജെട്ടി...ഹിഹിഹിഹി???!!! നല്ല രസത്തില്‍ വായിച്ചു :)
ഹി ഹി! as usual, സ്പാറി!!!
ഈ മൂത്താപ്പ മറ്റേ ലവനല്ലേ, ഹാരിസ്!!!
moothappa lavan thanne :)
Appuvannaaa and all other annans, thanks :). ingott aale refer cheyth sreeyk oru chayem oru bondayum koduthe.
njangalum gao ku aanu final year tour poyathu... :) ee blog athinte oru orma puthikkalaayi.. kalakki
തകര്‍പ്പന്‍ അവതരണം...ആദ്യം ചിരിപ്പിച്ചും പിന്നെ വല്ലാണ്ടൊന്നു ടെന്‍ഷനടിപ്പിച്ചും കൊണ്ടുപോയി...അവസാനം ശുഭമായി എല്ലാം കലാശിച്ചപ്പോഴാണു ശ്വാസം നേരെ വീണതു...:)
Dear Eccentric Alias Puzhu..
ഞാന്‍ താങ്കളുടെ പുതിയ fan.. എഴുത്ത് കലക്കിയിട്ടുണ്ട് കേട്ടോ .. by the way, എന്റെയും രാജ്യം തലയോലപ്പറമ്പ് ആണ് ...
നിങ്ങക്കൊക്കെ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം കൂട്ടുകാരെ.
പണിക്കര്‍ മാഷേ, തലയോലപ്പറമ്പില്‍ എവിടെ ആയിട്ട് വരും? (പ്രൊഫൈല്‍ വായിച്ച ഒരു ഇടി വെച്ച് തരാന്‍ തോന്നി. തലയോലപറമ്പ് സിറ്റി എന്നെ ഞാന്‍ പറയാറുള്ളൂ. അതിനെ ഒരു ഗ്രാമം എന്നൊക്കെ വിളിക്കണോ. അറിയാത്തവര്‍ ചുമ്മാ വിചാരിച്ചോട്ടെ ന്നെ :) )
ഓ ലവന് ആരുന്നോ മൂത്താപ്പ.. അത് അറിഞ്ഞിട്ടു വയിചിരുന്നെങ്ങില് കുറച്ചു കൂടി രസം ഉണ്ടായേനെ.. ഛെ മിസ്സ് ആക്കി.. ആ റീജയുടെ കാര്‍കൂന്തല്‍ സ്പര്‍ശം ഏറ്റു ഉറങ്ങിയപ്പോള്‍ ലവന് ബോധം ഇല്ലാഞ്ഞത് നന്നായി.. ഉണ്ടാരുന്നേല്‍ അവന്റെ ബോധം പോയേനെ..എന്തായാലും കിടിലന്‍ സാധനം.. ഞാന്‍ ഒരു നിര്‍മാതാവിനെ തപ്പി നടക്കുവാ.. ഒരു സിനിമ പിടിക്കാന്‍.. നിനക്ക് തന്നേക്കാം.. കഥയും തിരക്കഥയും.. ഹീറോ ആയിട്ട് ഞാന്‍ ഉണ്ടല്ലോ...
:=D
പുഴുവേ, ഇപ്ലേ കണ്ടുള്ളൂ.
കിടു തന്നെ
ഫ്ലാഷ് ബാക്ക് ആരംഭം
ഗോവന്‍ കാറ്റൊന്ന് ആഞ്ഞ് വീശിയപ്പോള്‍, എണ്ണയും വെള്ളവും കണ്ടിട്ട് വര്‍ഷങ്ങളായതിന്റെ വേദനകൊണ്ടോ മറ്റോ റീജയുടെ തലയില്‍ നിന്ന് ഡിവോഴ്സ് വാങ്ങിവന്ന ഒരു മുടി പപ്പന്റെ നാസാരന്ദ്രങ്ങളെ തഴുകിയതിന്റെ പ്രതിഫലനമെന്നോണം അവന് അറിഞ്ഞൊന്നു തുമ്മി "ഹാ....... ഛീ......."
നടന്ന് വന്നവരുടെ തലയ്ക്ക് മുകളിലൂടെ കിട്ടു മിച്ചമായി വന്ന കുപ്പി എറിഞ്ഞുടച്ച് ചന്ദ്രോത്സവത്തിലെ ലാലേട്ടന്റെ ഡയലോഗ് രൂപത്തില്‍ കാച്ചി "ആ കുപ്പി ഭൂതകാലത്തില്‍ ഉണ്ടായിരുന്നു. വര്‍ത്തമാനത്തില്‍ അത് ആ കുറ്റിക്കാട്ടില്‍ പൊട്ടിച്ചിതറിയിരിക്കുന്നു. ഭാവിയില്‍..." മുഴുമിപ്പിക്കുന്നതിനു മുന്‍പെ മൂത്താപ്പാ അവനെ പിടിച്ചിരുത്തി. "വര്‍ത്തമാനം പറയുന്ന ഈ ഭൂതം കാരണം നമ്മളുടെ ഭാവി എന്താകുവോ എന്തോ"
vodcafox: hihihihihihuhuhuhuhahahahaha!
Post a Comment