Monday, April 28, 2008

സേവാഗ്‌ 309 നോട്ട്‌ ഔട്ട്‌

കണക്കില്‍ പിശകൊന്നുമില്ല. സംഭവഗതികള്‍ മേലെ പറഞ്ഞപ്രകാരം തന്നെ ആയിരുന്നു ചെന്നൈ ടെസ്റ്റില്‍ വെള്ളിയാഴ്ച സ്റ്റപ്സ്‌ എടുക്കുമ്പോള്‍. അങ്ങനെ സ്കോര്‍കാര്‍ഡ്‌ നോക്കിയ ഒരു ദുര്‍ബലനിമിഷം എന്റെ ഉള്ളില്‍ എവിടെയോ തലപൊക്കിയ ഒരു ചിന്ത പെട്ടെന്നു ലോട്ടസ്‌ നോട്സ്‌ വഴി ഒരു ഇ-മെയിലായി പറന്നു.

സബ്ജക്ട്‌ ലൈന്‍ ഇങ്ങനെ " നമുക്ക്‌ പോകാം നാളേ?"

കേട്ട പാതി കേക്കാത്ത പാതി അഭി(അനിയന്‍ കുട്ടി) റിപ്ലൈ കാച്ചി. "പോകാന്‍ ഞാന്‍ തയ്യാര്‍. ഈ കുതിരയെ പിടിച്ച്‌ കെട്ടാന്‍ നിങ്ങളോ?"

ഇത്രയ്കൊരു ശുഷ്കാന്തി പ്രതീക്ഷിച്ചല്ല ഞാന്‍ മെയില്‍ കാച്ചിയത്‌. എങ്കിലും അവനെ പിന്തിരിപ്പിക്കാനായി മിഥുനത്തില്‍ ലാലേട്ടന്‍ പറയുന്നത്‌ പോലെ ചില പ്രയോഗങ്ങള്‍ നടത്തി. "ഗ്രൗണ്ടില്‍ ഭയങ്കര ചൂടായിരിക്കും. വെയില്‍ കൊണ്ട്‌ കറുത്ത്‌ പോയാല്‍ 'എന്‌ഗേജ്ഡ്‌ വധു' തന്നെ നിന്നെ വേണ്ടെന്ന് പറയും. എനിക്കാണേല്‍ ഒന്നുപോലും കിട്ടാണ്ടും ആകും ഭാവിയില്‍."

ഉടന്‍ വരുന്നു മറുപടി. "അതൊന്നും സാരമില്ലളിയാ. സേവാഗ്‌ 400 അടിക്കുന്നു നമ്മള്‍ തിരിച്‌ പോരുന്നു. സേവാഗിന്‌ 400 അടിക്കാന്‍ എന്ത്‌ ടൈം വേണം"

"വാസ്തവം വാസ്തവം. എങ്കില്‍ ഇന്നു ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ്‌ ഒരു പ്ലാന്‍ ഉണ്ടാക്കി എന്റെ മേശപ്പുറത്ത്‌ വയ്കൂ. "

"അതിത്ര ആലോച്ചിക്കാനെന്തിരിക്കുന്നു. നാളെ കുറച്ച്‌ നേരത്തെ തന്നെ എണീറ്റ്‌ പോയേക്കാം."

"നേരത്തെ എന്നു പറഞ്ഞാല്‍ ഒരു പത്ത്‌ പത്തര അല്ലേ? അപ്പോ പോയാല്‍ മതിയോടാ?" വെള്ളിയാഴ്ചകളില്‍ ഞാനങ്ങെനെ മുന്‍പിന്‍ നോക്കാതെ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയും.

"ഭ്ഹ ----------------------------------" ('-' ഒക്കെ നിങ്ങള്‍ക്ക്‌ മനോധര്‍മ്മം പോലെ ഫില്‍ ചെയ്യാവുന്നതാണ്‌.)

ഒരു ഒഫീഷ്യല്‍ മയില്‍ ഐ ഡി കൊണ്ട്‌ ലോകത്ത്‌ ഇന്നേവരെ ആരും വിളിക്കാത്ത തെറിയിലൂടെ അഭി അയച്ച പ്ലാന്‍, അവനെ മുഗ്ദകണ്ഠം പ്രശംസിച്ച്‌ കൊണ്ട്‌ അപ്പ്രൂവ്‌ ചെയ്തു. "പോയേക്കാം. കാലത്തെ തന്നെ പോയേക്കാം."

പിറ്റേന്ന് രാവിലെ കിളി ചിലച്ചു. ആ പാട്ടിലെ പോലെ 'കിലുകിലെ കൈവള ചിലച്ചു'. ഈ ചിലപ്പ്‌ എവിടുന്നെന്ന് നോക്കാന്‍ കണ്ണുമിഴിച്ചപ്പോളാണ്‌ മൊബയ്‌ല്‌ അതിരാവിലെ ഉണര്‍ന്നിരിക്കുന്നത്‌ കണ്ടത്‌.

ഒരു ക്ലോസര്‍ ലുക്കില്‍ കാര്യം മനസ്സിലായി. ഉണര്‍ന്നതല്ല, ഉണര്‍ത്തിയതാ. "അഭി കോളിംഗ്‌" എന്നു ചെറുപയര്‍ വലിപ്പത്തില്‍ ആ സ്ക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട്‌ ഫ്ലാഷ്‌ ബാക്കുകള്‍ ഓടി എത്തി. എന്തിനാ നല്ലോരു സാറ്റര്‍ഡേ ആയിട്ട്‌ അവന്റെ എനര്‍ജി കളയുന്നത്‌. ചാടി ഫോണ്‍ എടുത്ത്‌ ഒരു രണ്ടരക്കട്ടയ്ക്‌ ശ്രുതി ചേര്‍ത്ത്‌ മൊഴിഞ്ഞു " മോനേ നീ എണീറ്റോ. കുറച്ക്‌ കൂടി ഉറങ്ങിക്കൊട്ട്‌ എന്ന് കരുതി ഞാന്‍ വിളിക്കാഞ്ഞതാ."

"മതീടാ മതീട്ടാ. നീ പ്രീ ഡിഗ്രീയ്ക്‌ പഠിയ്കുമ്പോള്‍ ഞാന്‍ പോളീലാ പഠിയ്കാന്‍ പോയതാ. ഒരുപാട്‌ നമ്പര്‍ വേണ്ടട്ടാ. 7 മണിയാകുമ്പോള്‍ ഞാനവിടെ എത്തും അപ്പോ റെഡി ആയി നിന്നില്ലേല്‍"

"മതി മതി" ഓരോന്ന് പറഞ്ഞ്‌ അവനെ വാശിപിടിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ച്‌ ഞാന്‍ പാതി വഴി തടഞ്ഞു കൊണ്ട്‌ തുടര്‍ന്നു
"ഞങ്ങള്‍ തലയോലപ്പറമ്പ്‌ കാര്‌ ക്ഷത്രിയന്മാരാ. ഒരു വാക്ക്‌ പറഞ്ഞാല്‍ വാക്കാ. 6.55 ഞാന്‍ റെഡി ആയിരിക്കും. ഇത്‌ സത്യം സത്യം സത്യം."

"ഊം ഊം. ശരി"

വാച്ചില്‍ സമയം നോക്കിയപ്പോള്‍ എന്റെ കണ്ണില്‍ ഒരു നയാഗ്ര നിറഞ്ഞു. സാമദ്രോഹി. 6.15 ന്‌ എണീറ്റിരിക്കുവാ. ഇവനെ ഒക്കെ ഉടനെ പിടിച്ച്‌ കെട്ടിച്ച്‌ വിട്ടില്ലേല്‍ ഇത്‌ പോലെ സമൂഹത്തിന്‌ മൊത്തം ദ്രോഹം ചെയ്ത്‌ കളയും. മനസ്സ്സില്‍ ഓര്‍ത്ത്‌ കൊണ്ട്‌ എണീറ്റു.

മിനുട്ട്‌ സൂചി 7 ഇല്‍ എത്തിയപ്പോള്‍ ഞാന്‍ കുളിമുറിയിലെ സാധകം അവസാനഘട്ടത്തിലായിരുന്നു. അപ്പോള്‍ പുറത്ത്‌ നിന്ന് ത്രുശ്ശൂര്‍ സ്ലാങ്ങില്‍ കോലക്കുഴല്‍ വിളികേട്ടോ? കേട്ടത്‌ പോലെ. കുളിമുറിയിലെ കച്ചേരി അവസാനിപ്പിച്ച്‌ ഞാന്‍ ചാടി ഇറങ്ങി ചോദിച്ചു."പോകാം?"

പുറത്ത്‌ സ്കൂളില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടിയെപ്പോലെ കയ്യില്‍ ബാഗും, ബാഗിനുള്ളില്‍ വാട്ടര്‍ ബോട്ടിലും വരെ നിറച്ച്‌ അഭി, വെല്‍ പ്രിപ്പേര്‍ഡ്‌ ആയിട്ട്‌.

അങ്ങനെ ചരിത്രപ്രധാനമായ യാത്രയ്ക്‌ തുടക്കമായി ബിനു അണ്ണന്റെ ശകടത്തില്‍. രാവിലെ ആയോണ്ട്‌ ട്രാഫിക്‌ കുറവായിരിക്കും എന്ന ആത്മഗതത്തോടെ അഭി ആക്സിലേറ്ററിനെ ആക്രമിക്കാന്‍ തുടങ്ങി.

അവന്റെ ഹെല്‍മറ്റിന്റെയും തോളെല്ലിന്റെയും ഗ്യാപ്പിലൂടെ ഒന്നു രണ്ട്‌ വട്ടം ഞാന്‍ സ്പീഡോമീറ്ററില്‍ കണ്ണെത്തിക്കാന്‍ നോക്കി. രക്ഷയില്ല. ഇവന്‍ എന്ത്‌ സ്പീഡിലാകും പറത്തുന്നത്‌ എന്നറിയാന്‍ സ്വധസിദ്ധമായ ഒരു ആകാംക്ഷ. അതോണ്ട്‌ ശ്രമം ഉപേക്ഷിച്ചില്ല. എന്റെ മനസ്സറിഞ്ഞെന്ന പോലെ ഭഗവാന്‍ വണ്ടി ഒരു കുഴിയില്‍ ചാടിച്ച്‌ തരുകയും, തല്‍ഫലമായി ഞാന്‍ ഉയര്‍ന്ന് പൊങ്ങി അംബരചുംബനം നടത്തി തിരിച്ച്‌ വരുകയും ചെയ്തപ്പോള്‍ മാര്‍ഗമധ്യേ ഒരു മിന്നായം പോലെ സ്പീഡോമീറ്റര്‍ കാണാനൊരു അവസരം സംജാതമായി. ഡ്രാക്കുള വെളുത്തുള്ളി കണ്ടത് പോലെ എനിക്കൊരു മനം പുരട്ടല്‍ അനുഭവപ്പെട്ടു.

ആ അക്കങ്ങള്‍ കണ്ടതും മനസ്സ്‌ നേരെ തലയോലപ്പറമ്പിലേക്ക്‌ സഞ്ചരിച്ചു. ബസ്‌ സ്റ്റാന്റിന്‌ സമീപമാണ്‌ ബോയ്സ്‌ ഹയ്‌ സ്കൂള്‍. ബസ്സിലിറങ്ങി നടന്ന് പോകാം. അവിടെ മ്രതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നു. ആളുകള്‍ പിറുപിറിക്കുന്നുണ്ട്‌ ഈ ശരീരം പൊതുദര്‍ശനത്തിന്‌ വയ്ചതിന്റെ പൊരുളിനെപ്പറ്റി. ആരൊ ഒരാള്‍ സമാധാനം പറയുന്നുണ്ട്‌ "ഒന്നുമില്ലേലും ചെന്നൈയില്‍ നിന്ന് കൊണ്ട്‌ വരുന്ന ബോഡി ആണല്ലോ നാലുപേര്‌ കണ്ട്‌ പോട്ടെ എന്ന്". പഞ്ചായത്ത്‌ പ്രസിഡന്റിനെ റീത്ത്‌ സമര്‍പ്പിച്ച്‌ കൊണ്ട്‌ അകാലത്തില്‍ പൊഴിഞ്ഞ്‌ പോയ പ്രതിഭയായിരുന്നു എന്ന് മൊഴിഞ്ഞു. മാക്സിമമം 3 റീത്ത്‌, അതില്‍ കൂടുതല്‍ കിട്ടാനുള്ള വകുപ്പില്ലെങ്കിലും 3 ഉറപ്പാണ്‌ എന്നായിരുന്നു എന്റെ ഒരു കാല്‍ക്കുലേഷന്‍. പക്ഷേ നിലവില്‍ രണ്ടെണ്ണമേ ഉള്ളൂ. ആരെടാ ചതിച്ചത്‌ എന്നോര്‍ത്ത്‌ ഞാന്‍ റീത്തിലെ ടൈറ്റില്‍ വായിച്ച്‌ തുടങ്ങിയപ്പോള്‍ വണ്ടി സഡണ്‍ ബ്രേക്ക്‌ ഇട്ട്‌ നിന്നു.

ഞാന്‍ കണ്ണ്‍ തുറന്ന് ചുറ്റുപാടും നോക്കി ഏതേലും ബസ്സിന്റെ അടിയിലാണോ നിര്‍ത്തിയിരിക്കുന്നത്‌? ഇല്ല തന്നെ. സംഭവം ഒരു ട്രാഫിക്‌ സിഗ്നലാണ്‌.

"നീ ഉറങ്ങിപ്പോയോ?" അഭീസ്‌ ക്വസ്റ്റന്‍.

"തന്നെ തന്നെ. ചെറുതായിട്ട്‌"

വണ്ടി വീണ്ടും പറത്തുകയും നാട്ടുകാരും ശത്രുക്കളും വരെ എന്നെ പുകഴ്ത്തി പറയുന്നത്‌ സ്വപ്നത്തില്‍ ദര്‍ശിച്ച്‌ ഞാന്‍ നിര്‍വ്രതിയടയുകയും ചെയ്തു.

ഒടുവില്‍ വണ്ടി ചെപ്പോക്ക്‌ സ്റ്റേഡിയത്തിനെ അരകിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിച്ചപ്പോള്‍ നീണ്ട ക്യൂ വ്യക്തമായി കണ്ട്‌ തുടങ്ങുകയും ചെയ്തു. പെട്ടെന്ന് ഞങ്ങള്‍ സ്റ്റ്രാറ്റജി ഫോം ചെയ്ത്‌, ഞാന്‍ ക്യൂവിനെ ലക്ഷ്യമാക്കിയും അവന്‍ ബൈക്ക്‌ പാര്‍ക്കിംഗ്‌ ലക്ഷ്യമാക്ക്യും യാത്രയാരംഭിച്ചു.

ഒരുപാട്‌ ക്യൂ നിരകളില്‍ സുന്ദരന്മാര്‍ക്ക്‌ നില്‍ക്കാന്‍ കൊള്ളാവുന്ന ഒരു ക്യൂവില്‍ ഞാന്‍ നിലയുറപ്പിച്ചു. വൈകാതെ തന്നെ അഭി എന്റെ പിന്നിലായി ക്യൂവില്‍ സ്ഥാനം പിടിച്ചു. 8 മണിക്ക്‌ വെയില്‍ കൊള്ളുന്നത്‌ ആരോഗ്യത്തിനു നല്ലതാണെന്നും അതിരാവിലെ എണീറ്റാല്‍ ഉന്മേഷം കിട്ടുമെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഒക്കെ ഉള്ള നിരവധി തത്വങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഞങ്ങള്‍ നില്‍ക്കുന്നത്‌ എത്ര രൂപയുടെ ടിക്കറ്റിന്റെ ക്യൂവിലാണെന്ന് പോലും അറിവുണ്ടായിരുന്നില്ല, ഞങ്ങള്‍ക്കെന്നല്ല ആര്‍ക്കും തന്നെ.

ടിക്കറ്റ്‌ നിരക്ക്‌ ചൊദിക്കാന്‍ തുനിഞ്ഞപ്പോളാണ്‌ ഡ്യൂട്ടിക്ക്‌ നില്‍ക്കുന്ന പോലീസ്‌ കാരന്‍ തന്റെ അറിവിന്റെ അക്ഷയഖനി "മാച്ച്‌ എപ്പോളാ സാറെ തുടങ്ങുന്നത്‌" എന്ന് ചോദിച്ക ചേട്ടന്റെ മുന്‍പില്‍ തുറന്നത്‌ "മാച്ച്‌ ഉടനെ തന്നെ തുടങ്ങും മോഹന്‍ ബഗാന്‍ എത്തിക്കൊള്ളട്ടെ" എന്ന്.

ഇങ്ങനത്തെ സാഹചര്യത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നാം അനുകൂലിക്കേണ്ടത്‌ ഭൂരിപക്ഷാഭിപ്രായത്തെ ആണല്ലോ. അതോണ്ട്‌ ടിക്കറ്റ്‌ റേറ്റ്‌ 250 തന്നെ. മൂന്നരത്തരം.

മണിക്കൂറുകളോളം ആ ക്യൂവില്‍ ചാഞ്ഞും ചരിഞ്ഞും നിവര്‍ന്നും നിന്നു. ഒരു ക്യൂ കൊണ്ട്‌ തന്നെ ഇന്‍ഡ്യയില്‍ എത്രമാത്രം പേര്‍ ജീവിച്ച്‌ പോകുന്നു എന്നു ആ ദിവസം മനസ്സിലായി. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക്‌ വിശറി, തൊപ്പ്പ്പി, കുപ്പി എന്നു വേണ്ട ലോണ്‍ വരെ കൊടുക്കുന്നവര്‍ ഞങ്ങളെ സമീപിച്ചു. ഒന്നു രണ്ട്‌ ചേട്ടന്മാര്‍ വിരൂപന്മാരുടെ മുഖത്തെല്ലാം ഇന്ത്യന്‍ ഫ്ലാഗ്‌ വരച്ച്‌ അവരെ ഗ്ലാമറുള്ള ദേശസ്നേഹികളാക്കുന്നുണ്ടായിരുന്നു.

മുന്‍പില്‍ നിന്ന പീക്കിരിപ്പിള്ളേരെ ഞങ്ങള്‍ ആദ്യം മൈന്റ്‌ ചെയ്തില്ലെങ്കിലും അവര്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചെടുത്തു. ക്യൂവില്‍ നില്‍ക്കുന്ന സമയത്ത്‌ പോലും ആ കുഞ്ഞുങ്ങള്‍ എന്തോ ഗ്രുഹപാഠം ചെയ്യുന്നുണ്ടായിരുന്നു. അടുത്ത്‌ ശ്രദ്ധിച്ചപ്പോളാണ്‌ അവര്‍ പോസ്റ്ററെഴുതുകയാണെന്ന സത്യം മനസ്സിലായത്‌.

"സേവാാഗ്‌" എന്ന് കുറിച്ച്‌ വലത്‌ വശത്ത്‌ ചുവപ്പ്‌ നിറം പകര്‍ത്തിയിട്ടുണ്ടായിരുന്നു. ഇത്‌ വല്ല മോഡേണ്‍ ആര്‍ട്ടും ആയിരിക്കും പക്ഷേ സ്പെല്ലിംഗ്‌ തെറ്റാണല്ലോ എന്നാലോചിച്ച്‌ ഞങ്ങള്‍ നിന്നപ്പോളാണ്‌ കൂട്ടത്തില്‍ പീക്കിരി അതിന്റെ മീനിംഗ്‌ മറ്റൊരുത്തന്‌ പറഞ്ഞ്‌ കൊടുത്തത്‌ ആഗ്‌ എന്ന് പറഞ്ഞാല്‍ തീ, സേവാഗ്‌ ആളിക്കത്തുന്നത്‌ കൊണ്ടാണ്‌ വലത്‌ വശത്ത്‌ ചുവപ്പ്‌ നിറം പോലും.

"കൊള്ളാല്ലോ ചുള്ളന്‍" അഭിയുടെ കമന്റ്‌.
എന്നെക്കാളും കൂടുതല്‍ ഹിന്ദി പടം കണ്ടിട്ടുള്ള ആളായത്‌ കൊണ്ട്‌ അഭിയുടെ കമന്റ്‌ ഞാനും അംഗീകരിച്ചു "നാളെ ഭരണയന്ത്രം തിരിക്കേണ്ട ടീംസ്‌ അല്ലേ. കൊള്ളാം."

പെട്ടെന്ന് 'ബില്ല'യില്‍ നയന്‍ താര യുടെ ഇന്റ്രോഡക്ഷന്‍ സീനില്‍ തീയറ്ററില്‍ കേട്ടത്‌ പോലെ ഒരു ആവേശവും ഇരമ്പലും.

"എന്തൂട്രാ ടിക്കറ്റ്‌ കൊടുത്ത്‌ തുടങ്ങ്യോ"
"അറിഞ്ഞൂടാ അളിയാ. വേറെന്തോ ആണെന്ന് തോന്നുന്നു"

ഊഹാപോഹങ്ങള്‍ക്ക് ഉത്തമനായ ഞാന്‍ ഇക്കുറിയും മാനം കളഞ്ഞില്ല. ഒരു ബസ്‌ പെട്ടെന്ന് ഞങ്ങളുടെ റോഡിലേക്ക്‌ തിരിഞ്ഞു. 'ടീം ഇന്‍ഡ്യ' അതിനുള്ളിലിരിക്കുന്നു. 'ടി സി എസ്‌' ഇന്റെ ബസ്സ്‌ പോകുമ്പോള്‍ ചാര്‍ജ്‌ പോയ ബാറ്ററികളെ പോലെ അതിനുള്ളില്‍ ഇരിക്കുന്ന മനുഷ്യക്കോലമുള്ള നിര്‍ജ്ജീവജന്തുക്കളെ അനുസ്മരിപ്പിക്കുന്ന കാഴ്ച. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ തല കണ്ടു. നമ്മള്‍ കാണാത്ത്‌ ഗ്രൗണ്ടോ എന്ന ഭാവത്തില്‍ മുന്‍പില്‍ തന്നെ ഇരിക്കുന്നു. പിന്നെ കുംബ്ലയേയും ദ്രാവിഡിനേയുമെല്ലാം ഒരു മിന്നായം പോലെ. എല്ലാരെയും പ്രദര്‍ശിപ്പിക്കാന്‍ പാകത്തിലുള്ള ബസ്സും. ടിക്കറ്റ്‌ കിട്ടാത്തവര്‍ക്ക്‌ ഒരാശ്വസമാകാനായിരിക്കും ബി സി സി ഐ ഇങ്ങനെ ഒരു ബസ്സ്‌ കണ്ട്‌ പിടിച്ചത്‌.

"അല്ല എന്താ അളിയാ ഈ സച്ചിന്‍ മുന്‍പില്‍ തന്നെ ഇരിക്കുന്നത്‌. സാധാരണ സീനീയേഴ്സ്‌ പുറകിലല്ലെ ഇരിക്കുക. അതല്ലേ അതിന്റെ ഒരു ഗമ'

"അത്‌ ചിലപ്പോ ഡ്രൈവര്‍ക്ക്‌ വഴി അറിയില്ലായിരിക്കും ഗ്രൗണ്ടിലെത്താന്‍. ഇങ്ങേരാകുമ്പോ വര്‍ഷം കുറെ ആയില്ലേ ഈ പണി തുടങ്ങിയിട്ട്‌"

"ശരിയാണല്ലോ. ലോജിക്കലി കറക്റ്റ്‌."

ചലനം എന്നത്‌ ഒരു ആപേക്ഷിക പ്രതിഭാസം ആണെന്ന് മുന്‍പിലെ പയ്യന്‍ നീങ്ങിത്തുടങ്ങ്യത്‌ കണ്ടപ്പോള്‍ മനസ്സില്‍ ഓര്‍ത്തു. ടിക്കറ്റ്‌ കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ചടക്കത്തോടെ നിന്ന പീക്കിരികള്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ ക്യൂ വിട്ട്‌ ഓടുന്നത്‌ കണ്ടു. പീക്കിരികള്‍ മാത്രമല്ല ഞങ്ങളുടെ മുന്‍പിലും പിന്‍പിലും നില്‍ക്കുന്ന പലരും.

ഓടുന്ന പെണ്ണിനേം ഓവറായിട്ട്‌ നീങ്ങുന്ന ക്യൂവിന്റെയും പിറകെ പോകരുതെന്ന് ഞങ്ങള്‍ ചെന്നൈക്കാരുടെ ആത്മീയാചാര്യന്‍ ശ്രീ ശ്രീ രജനികാന്ത്‌ ഏതോ ഒരു പടത്തില്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ഞങ്ങള്‍ ക്യൂ മാറാതെ അവിടെത്തന്നെ നിലയുറപ്പിച്ചു, മറ്റുള്ള എല്ലാരും പോയി ഞങ്ങള്‍ നിന്നിരുന്ന ക്യൂ ഒരു ക്യൂ അല്ലാതാകുന്നത്‌ വരെ.


എന്താണ്‌ സംഭവിക്കുന്നത്‌. ക്യൂ ഇതല്ലേ? വേറെ ക്യൂ ഉണ്ടോ? ടിക്കറ്റ്‌ കൊടുക്കുന്ന ക്യൂവും ടിക്കറ്റ്‌ കയ്യിലുള്ളവര്‍ക്ക്‌ സ്റ്റേഡിയത്തില്‍ കയറാന്‍ വേറേ ക്യൂവും? ഒഴുക്കിനെതിരെ നീന്തണോ അതോ ഓടുന്ന പട്ടിക്ക്‌ ഒരുമുഴം നീട്ടി എറിയണോ? ഓടുക തന്നെ ഓടുക.

പിന്നീടുള്ള നിമിഷങ്ങളില്‍ സംഭവിച്ചത്‌ ഞാന്‍ കഷ്ടപ്പെട്ട്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത്‌ ചുവടെ ചേര്‍ക്കുന്നു

എല്ലാരും ഓടുന്നു...പുതിയ ക്യൂ....പുതിയ ആളുകള്‍...ടിക്കറ്റ്‌ നിരക്ക്‌ 300...ക്യൂവിന്റെ തല ചെറുതായിക്കാണുന്നു...സ്വന്തം തല ചെറുതായി ചുറ്റുന്നു...പീക്കിരികളെ കാണ്മാനില്ല...കാണാനുള്ളത്‌ പോക്കിരികളെ മാത്രം...ടിക്കറ്റ്‌ കൊടുക്കുന്നു...ക്യൂ നീങ്ങുന്നു...പോലീസുകാര്‍ ചുറ്റിലും...ടിക്കറ്റ്‌ തീര്‍ന്നെന്നൊരു അഭ്യൂഹം...ചാനലുകാര്‍...പോലീസ്‌...ലാത്തിചാര്‍ജ്ജ്‌...ഓട്ടം...പോലീസ്‌...ലാത്തി...വെയില്‍...തലചുറ്റല്‍...ജീവന്‍ വിലപ്പെട്ടത്‌...റെയില്‍ വേ സ്റ്റേഷന്‍...എസ്കേപ്പ്ഡ്‌...അഭി...

റെയില്‍ വേ സ്റ്റേഷനിലെത്തി മൊത്തത്തില്‍ കുടഞ്ഞ്‌ നോക്കി...എല്ലാ ശരീരഭാഗങ്ങളും പഴയ ഷേപ്പില്‍ തന്നെ ഉണ്ട്‌...ഒന്നും ഊരിപ്പോയിട്ടില്ല...റെയില്‍ വേ സ്റ്റേഷന്റെ മുകളില്‍ കയറിയപ്പോള്‍ സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്‌ കാണ്മാനായി..ഒപ്പം ആരവവും കേട്ട്‌ തുടങ്ങി...

"കളി തുടങ്ങിക്കാണും" ഐക്യദാര്‍ഡ്യത്തോടെ ഞങ്ങളുടെ ആത്മഗതം.

"വീട്ടില്‍ പോയേക്കാം" ഞാനും അഭിയും വീണ്ടും ഒരേ സ്വരത്തില്‍.

വീട്ടിലേക്കെത്തുന്ന വഴി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ സേവാഗും സച്ചിനും വന്ന വഴിക്ക്‌ മടങ്ങിയതായുള്ള ശുഭവാര്‍ത്ത കേട്ടു.

"ടിക്കറ്റ് കിട്ടിയില്ലേല്‍ എന്താ വിലമതിക്കാനാകാത്ത അനുഭവങ്ങളല്ലേ നേടിയത് ഈ ചെറുപ്രായത്തില്‍ തന്നെ.."

"വാസ്തവം വാസ്തവം "

"ഈ ആള്‍ക്കാര്‍ക്കൊക്കെ പ്രാന്താണോ വെയിലത്ത്‌ അവിടെ പോയിരുന്ന് കളി കാണാന്‍" റൂമിലെ ഫാനിനടിയിലിരുന്നു ടിവിയില്‍ കളി കണ്ട്‌ കൊണ്ട്‌ അഭി ചോദിച്ചു.

ദ്രാവിഡ്‌ പുന്നമടക്കായലില്‍ നീങ്ങുന്ന കാവാലം ചുണ്ടനില്‍ മാത്രുകയില്‍ തുഴയുകയും ലക്ഷ്മണ്‍ സിംഗിളെടുത്ത്‌ അമരത്ത്‌ പോയി നിന്ന് ഇതെല്ലാം കണ്ട്‌ താളമിട്ട്‌ നില്‍ക്കുന്നതുമായ കാഴച കണ്ടപ്പോള്‍ തോന്നി "നമ്മളെത്ര ഭാഗ്യവാന്മാര്‍"!!!

5 comments:

kunjammayi said...

hi,thalayolaparambila alle njanum aviduthukariya

സാല്‍ജോҐsaljo said...

8 മണിക്ക്‌ വെയില്‍ കൊള്ളുന്നത്‌ ആരോഗ്യത്തിനു നല്ലതാണെന്നും അതിരാവിലെ എണീറ്റാല്‍ ഉന്മേഷം കിട്ടുമെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഒക്കെ ഉള്ള നിരവധി തത്വങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.



ചലനം എന്നത്‌ ഒരു ആപേക്ഷിക പ്രതിഭാസം ആണെന്ന് മുന്‍പിലെ പയ്യന്‍ നീങ്ങിത്തുടങ്ങ്യത്‌ കണ്ടപ്പോള്‍ മനസ്സില്‍ ഓര്‍ത്തു.


നന്നായിരിക്കുന്നു രസികന്‍ ഉപമകള്‍!
ഒടുവില്‍ അല്പം ധൃതികൂടിയോ?


............
gr^ = ഗൃ

ചിതല്‍ said...

അത്‌ ചിലപ്പോ ഡ്രൈവര്‍ക്ക്‌ വഴി അറിയില്ലായിരിക്കും ഗ്രൗണ്ടിലെത്താന്‍. ഇങ്ങേരാകുമ്പോ വര്‍ഷം കുറെ ആയില്ലേ ഈ പണി തുടങ്ങിയിട്ട്‌...

great...ചിന്ത....

അനിയന്‍കുട്ടി | aniyankutti said...

ഹിഹിഹി.. ഇപ്പഴാ വായിച്ചത്. നന്നായിണ്ട്... :)

പിന്നെ നാളെ ഞാന്‍ തിരിച്ച് വരുന്നു മോനേ... ഒരു നീണ്ട ഇടവേളക്ക് ശേഷം... :) ദ ഹണിമൂണ്‍ ഈസ് ഓവര്‍...:(

അഖില്‍ ചന്ദ്രന്‍ said...

kidilam machane.. Nee chathu pokunnathu njanum swapnam kandu... Vandi break ittappam senti aayipoyathu vayanakkara!!