Thursday, May 10, 2007

വല്യേച്ചി

അപ്പന്റെ കഠിനാധ്വാനമൊന്നുകൊണ്ട്‌ മാത്രമാണ്‌ നാലാം വയസ്സില്‍ തന്നെ സുമതി വല്യേച്ചിയായി മാറിയത്‌. വല്യേച്ചിയെന്ന് പറയുമ്പോള്‍ ഇളയ ഒന്നില്‍ കൂടുതല്‍ സഹോദരങ്ങളുണ്ടെന്ന് സാരം. മൂത്ത കുട്ടിയേയാണ്‌ മിക്കവാറും മാതാപിതാക്കള്‍ തങ്ങളുടെ എല്ലാ അഭിവൃദ്ധിക്കും കാരണമായി പറയാറുള്ളത്‌. സുമതിയുടെ അപ്പന്‍ ചാക്കോ ചേട്ടനും അങ്ങനെ തന്നെ. 'വെല്‍ ബിഗണ്‍ ഈസ്‌ ഹാഫ്‌ ഡണ്‍' എന്നാണ്‌ അദ്ധേഹത്തിന്റെ അഭിപ്രായം. അതായത്‌ സുമതിക്ക്‌ ജന്മം നല്‍കിയതില്‍ പിന്നെ ഏലിയാമ്മ ചേടത്തിക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല. എല്ലാവര്‍ഷവും ഒരു പ്രസവം വീതം. ചാക്കോ ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഫ്രീ ചെക്ക്‌ അപ്പ്‌' എല്ലാ വര്‍ഷവും. മദ്ധ്യവേനലവധിയുടെ സമയത്ത്‌ മുടങ്ങാതെ ചാക്കോ ചേട്ടന്‍ പ്രിയ പത്നിക്ക്‌ ഈ 'ഫ്രീ ചെക്ക്‌ അപ്പ്‌' ലഭ്യമാക്കി പോന്നു.

സുമതിക്ക്‌ 24 വയസ്സെത്തിയപ്പോള്‍ വീട്ടില്‍ ശബരിമലയിലെ പൊന്‍പടികള്‍ പോലെ പതിനെട്ടെണ്ണം. കണക്കില്‍ പിശകൊന്നുമില്ല്ല. ഇടയ്ക്‌ ഒന്നു രണ്ട്‌ വട്ടം ചില സാങ്കേതിക കാരണങ്ങളാല്‍ പരുപാടിയില്‍ തടസ്സം നേരിട്ടുവെന്നാണ്‌ ചാക്കോ മൊഴി. ചാക്കോ ചേട്ടന്‍ ഒരു ചെത്തുകാരനായിരുന്നു കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. കുട്ടികളുടെ എണ്ണം രണ്ടക്കം തികഞ്ഞതില്‍ പിന്നെ ചാക്കോ ചേട്ടന്‍ പണിക്ക്‌ പോകാറില്ല. ആത്മാര്‍ത്ഥതയുള്ള തൊഴിലാളികള്‍ ഒരു കാര്യത്തിലെ ഒരു സമയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാടുള്ളുവത്രെ. പക്ഷെ കുട്ടികളൊക്കെ പഴയതിലും സുഖമായിത്തന്നെ കഴിഞ്ഞു. അക്കാര്യത്തില്‍ ചാക്കോചേട്ടന്‍ കറക്ടായി ശ്രദ്ധിച്ച്‌ പോന്നു. അപ്പന്‍ പണിയെടുക്കാതെങ്ങനെ മക്കള്‍ സുഖിച്ചതെന്നാണോ? അതല്ലേ സ്പോണ്‍സര്‍ഷിപ്പ്‌.

കുട്ടികളെ ഒന്നും ചാക്കോ ചേട്ടന്‍ സ്കൂളില്‍ വിട്ടിരുന്നില്ല. സാമ്പത്തികം തന്നെ കാരണം. '2 3 ഡിവിഷനുള്ള പിള്ളേരിവിടെത്തന്നെ ഉണ്ടല്ലോ' എന്ന് പറഞ്ഞ്‌ ആദ്യം ആ പടി കേറി വന്നത്‌ നാരായണന്‍ കുട്ടി മാഷാണ്‌. പൊക്കം നോക്കി 9 പേരെ മാഷ്‌ സ്കൂളിലേക്ക്‌ കൊണ്ട്‌ പോയി. ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാന്‍. പകരമായി 9 മക്കളേയും മാഷ്‌ സ്കൂളില്‍ ചേര്‍ത്ത്‌ പഠിപ്പിച്ചു, പിന്നെ എല്ലാമാസവും വീട്ടിലേക്കുള്ള അരിയും സാധനങ്ങളും കറക്ടായി എത്തിച്ച്‌ പോന്നു. മാഷും ഹാപ്പി മക്കളും ഹാപ്പി ചാക്കോ ചേട്ടനും ഹാപ്പ്പ്പി.

മക്കളിലഞ്ചാറെണ്ണം പ്രായപൂര്‍ത്തിയായതോടെ ചാക്കോചേട്ടന്‍ കോളടിച്ചു. അരിയില്‍ നിന്നും ബിരിയാണിയിലേക്ക്‌ പൊയി അദ്ദേഹതിതിന്റെ സ്റ്റാറ്റസ്‌. നാട്ടിലെന്തെങ്കിലും ജാഥ അത്‌ ഏത്‌ പാര്‍ട്ടിയുടെയൊ യൂണിയന്റേതോ ആയിക്കോള്ളട്ടെ, അണികളെ സംഘടിപ്പിക്കാന്‍ ചാക്കോ ചേട്ടന്റെ വീട്ടിലേക്കാവും അവര്‍ ആദ്യമെത്തുക. പിന്നെ പാര്‍ട്ടി മീറ്റിങ്ങുകള്‍, ശക്തി പ്രകടനങ്ങള്‍ എന്നു വേണ്ട ഫാന്‍സ്‌ ക്ലബ്ബ്‌ കാര്‍ സിനിമ ഹിറ്റാക്കാന്‍ വരെ ചാക്കോച്ചേട്ടനെയും മക്കളേയും ആശ്രയിച്ച്‌ പോന്നു. കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും ചാക്കോ ചേട്ടന്‍ പതിവൊന്നും തെറ്റിച്ചില്ല. എല്ലാ മദ്ധ്യവേനലവധിക്കും സുമതിയുടെ അമ്മച്ചി ഏലിയാമ്മച്ചേട്ടത്തിയുടെ റിലീസ്‌ മുടങ്ങാതെ ഉണ്ടാവും. ഒന്ന് രണ്ട്‌ പ്രാവശ്യം ആശുപത്രി ഉദ്ഖാടനം തന്നെ ചേട്ടത്തിയുടെ റിലീസ്‌ ആയിരുന്നു.

കവിളിലെ നുണക്കുഴിയിലും കണ്ണിന്റെ കോണിലുമെല്ലാം നാണം മൊട്ടിട്ട്‌ തുടങ്ങിയപ്പോള്‍ സുമതിക്ക്‌ തോന്നിത്തുടങ്ങി അപ്പനൊരല്‍പ്പം ഓവറല്ലേ? അപ്പനായിപ്പോയില്ലേ എന്ത്‌ പറയാനാ? സുമതി ചില ക്ലൂ ഒക്കെ കോടുത്ത്‌ നോക്കി. അപ്പനൊരു കുലുക്കവുമില്ല. ഏലിയാമ്മചേട്ടത്തിക്ക്‌ ആ ക്ലൂ കൊറച്ച്‌ പിടികിട്ടിയ പോലെ ഒരു നോട്ടം. ആ സമയത്താണ്‌ സുമതിക്ക്‌ ജോയിച്ചന്റെ കല്യാണാലോചനയുമായി ബ്രോക്കര്‍ കുഞ്ഞവറാന്‍ ചാക്കോചേട്ടന്റെ വീട്ടിലെത്തിയത്‌. വലിയ കസ്റ്റമറായതോണ്ട്‌ കുഞ്ഞവറാന്റെ വക ചില ഓഫറുകളൊക്കെ ഉണ്ടായിരുന്നു. 'സ്ത്രീധനത്തിന്റെ 10% ഡിസ്കൗണ്ട്‌, കല്യാണത്തിനു ഭക്ഷണം കുഞ്ഞവറാന്‍ വക. മാത്രമല്ല കല്യാണം കഴിഞ്ഞിറങ്ങുമ്പോള്‍ ചാക്കോ ചേട്ടന്‌ കുഞ്ഞവറാന്റെ വക ഒരു കുപ്പിയും പോക്കറ്റ്‌ മണിയും വേറെ. പക്ഷെ ഒരേ ഒരു വ്യവസ്ഥ. ചാക്കോ ചേട്ടന്റെ ഫാമിലിയുടെ എല്ലാ കല്യാണ ഇടപാടുകളും കുഞ്ഞവറാന്‍ ആന്‍ഡ്‌ ഫാമിലിക്ക്‌ തീറെഴുതിക്കൊടുക്കണം. ദീര്‍ഖവീക്ഷണക്കാരനായതോണ്ടാവണം കുഞ്ഞവറാന്‍ തന്റെ ഫാമിലിക്ക്‌ വേണ്ടി തീറെഴുതി വാങ്ങിയത്‌.

സുമതിക്ക്‌ ജോയിച്ചനെ കണ്ടപ്പോളേ ഇഷ്ടമായി. സിഗര്‍ട്ട്‌ വലിയില്ല കള്ളു കുടിയില്ല അങ്ങനെ യാതൊരു ദുശീലങ്ങളുമില്ല. പിന്നെ ആകെ ഉള്ള ഒരു കുഴപ്പം ഭയങ്കര വാശിക്കാരനാ. അതൊക്കെ ഇന്നത്തെക്കാലത്ത്‌ ഒരു കുറവാണോ? ജോയിച്ചനാകട്ടെ വീട്ടിലെ തിരക്ക്‌ കാരണം സുമതിയെ ശരിക്കങ്ങ്‌ കാണാനൊത്തില്ല. അതൊക്കെ ഫര്‍സ്റ്റ്‌ നൈറ്റില്‍ കണാമെന്നേ എന്നു കുഞ്ഞവറാന്‍ ആശ്വസിപ്പിച്ചു. കല്യാണം പള്ളിയില്‍ വച്ചാണ്‌ നടന്നത്‌. ആദ്യത്തെ പന്തിക്ക്‌ തന്നെ ഫുള്‍ ഫാമിലി ഫുഡ്‌ കഴിക്കാനിരുന്നു. രണ്ടാമത്തെ പന്തിയായപ്പോള്‍ കുഞ്ഞവറാന്‍ ചേട്ടന്‌ ഹോട്ടലില്‍ നിന്ന് ഫുഡ്‌ വരുത്തിക്കേണ്ട്‌ വന്നു. സുമതി പോകുന്നതോടെ കട്ടിലില്‍ കിടക്കാമല്ലോ എന്ന് ഇളയവളായ മോളിക്കുട്ടി സ്വപ്നം കണ്ടു. കല്യാണം കഴിഞ്ഞ്‌ സുമതി പോയപ്പ്പ്പോള്‍ എല്ലാവരുടെയും മുഖത്ത്‌ ഒരാശ്വാസം ആയിരുന്നു(സുമതിയുടെ മുഖത്ത്‌ പോലും).

കല്യാണം കഴിഞ്ഞ്‌ നാലാം നാള്‍ സുമതിയും ജോയിച്ചനും ചാക്കോച്ചേട്ടന്റെ വീട്ടിലെത്തി. മരുമകനെ ട്രീറ്റ്‌ ചെയ്യാനായി ചാക്കോ ചേട്ടന്‍ നല്ലാ ഒന്നന്തരം സാധനം കരുതി വെച്ചിരുന്നു. കുടിച്ച്‌ ബോധം കെട്ട്‌ രണ്ട്‌ പേരും വാഗ്വാദത്തിലെത്തുകയും ചാക്കോച്ചേട്ടന്‍ ജോയിച്ചനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ജോയിച്ചന്‍ അച്ചാര്‍ തൊട്ട്‌ നാക്കില്‍ വച്ച്‌ സത്യം ചെയ്തു. 'അപ്പന്റെ അടുത്ത റിലീസിന്‌ മുന്‍പ്‌ എന്റെ കുട്ടിയുടെ 28 ഞാന്‍ നടത്തിയില്ലേല്‍ എന്റെ പേര്‌ അപ്പന്റെ പട്ടിക്കിട്ടോ'. 'എന്റെ പട്ടിക്കൊണ്ടെടാ 10 പിള്ളേരെന്ന്' ചാക്കോച്ചന്‍ തിരിചടിച്ചു. ജോയിച്ചന്റെ കോപം ആളിക്കത്തി. 'അപ്പന്റെ റെക്കോഡ്‌ ഞാന്‍ തകര്‍ക്കും' എന്ന് വെല്ലുവിളിച്ച്‌ ജോയിച്ചന്‍ രംഗം വിട്ടു.

അന്ന് രാത്രിയില്‍ ജോയിച്ചന്‍ ഉറങ്ങിയില്ല. ഇനിയുള്ള രാത്രികളെങ്കിലും ഉറങ്ങാന്‍ വേണ്ടി സുമതിയും ഉറക്കം കളഞ്ഞ്‌ അങ്ങേരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ജോയിച്ചന്‍ പക്ഷേ വാശിക്കാരനായിപ്പോയില്ലേ.

എന്നാലും ഇത്‌ ഭയങ്കര ചതിയായിപ്പോയി. സുമതി മനസ്സില്‍ വിചാരിച്ചു. ഇനി എന്തെങ്കിലും ചെയ്യാതെ നിവര്‍ത്തിയില്ല. എന്താണ്‌ നമ്മടെ ടാര്‍ജറ്റ്‌ എന്നെങ്കിലും അറിയണ്ടേ? സുമതി നേരേ വീട്ടില്‍ പോയി അമ്മച്ചിയോട്‌ കരഞ്ഞുകൊണ്ട്‌ വിവരം പറഞ്ഞു. അമ്മച്ചിയും നിസ്സഹായ ആയിരുന്നു. തെക്കോട്ടും വടക്കോട്ടും തിരിഞ്ഞിരുന്ന് രണ്ട്‌ പേരും തലപുകച്ചു. ഒടുവില്‍ സുമതിയാണ്‌ ഒരു സൊലൂഷന്‍ കണ്ടെത്തിയത്‌. 'ഗ്ലോബല്‍ വാര്‍മിംഗ്‌.'

അടുത്ത ദിവസം മുതല്‍ ചാക്കോച്ചേട്ടന്‍ അടുത്ത്‌ വന്നിരിക്കുമ്പോള്‍ ഏലിയാമ്മ ചേട്ടത്തി പറയും. 'ഹൊ എന്തൊരു ചൂടാ നിങ്ങളങ്ങോട്ട്‌ മാറി ഇരുന്നേ'. ഇതൊരു സ്ഥിരം പല്ലവിയായപ്പോള്‍ ഗ്ലോബല്‍ വാര്‍മിങ്ങിന്റെ ദൂഷ്യഫലങ്ങള്‍ ചാക്കോ ചേട്ടനും അനുഭവിച്ച്‌ തൊടങ്ങി. എന്ത്‌ ചെയ്യണമെന്നറിയാതെ താഴേക്ക്‌ നോക്കുമ്പോള്‍ പായില്‍ നീന്തിനടക്കുന്ന ഇളയവള്‍ മേരിക്കുട്ടി പല്ലുവരാത്ത മോണക്കാട്ടി ഇളിച്ച്‌ കാണിച്ച്‌. ദേഷ്യം സഹിക്കവയ്യാതെ ചാക്കോചേട്ടന്‍ പറഞ്ഞു. 'ഗ്ലോബല്‍ വാര്‍മിംഗ്‌ നേരത്തെ വന്നിരുന്നേല്‍ നീ ഇങ്ങോട്ട്‌ വരില്ലായിരുന്നു അതോര്‍ത്താല്‍ നന്നു

വാല്‍ക്കഷ്ണം : ചില ടിവി പരിപാടികളില്‍ പറയുന്നത്‌ പോലെ 'ഈ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കരുത്‌'

2 comments:

Babu Kalyanam said...

aliya kidilam!!! kidilolkidilam!!!!!!!

അനിയന്‍കുട്ടി | aniyankutti said...

പ്യുഴൂ...നന്നായിണ്ട്.. വാല്‍ക്കഷ്ണത്തിന്റെ കാര്യം ഞാനൊന്നാലോചിക്കട്ടെ... എന്നാലും ഏലിയാമ്മച്ചേടത്തിയെ ഞാനങ്ങട് സമ്മതിച്ചൂട്ടാ.... ഹൌ!! എല്ലാ ഭാര്യമാര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ...ല്ലേ....?