Monday, February 02, 2009

അക്കരകാഴ്ചകള്‍

ചലച്ചിത്രങ്ങളുടെ റിവ്യൂവിനെച്ചൊല്ലി ഈ ലോകത്തും അതിന്റെ ഭാഗമായി ബൂലോകത്തും ഒക്കെ വിവാദ ബ്ലോഗുകളും ചര്‍ച്ചകളും കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണല്ലോ. മിക്കവാറും മലയാളചിത്രങ്ങളുടെ റിവ്യൂ പോസ്റ്റുകള്‍ വായിക്കാന്‍ "ഇതെങ്കിലും നല്ലതാവും" എന്ന മെന്റാലിറ്റിയോടെ വന്നു "ഇതും മോശമായല്ലോ" എന്ന നിരാശയോടെ മടങ്ങാനാണ്‌ പാവം ബ്ലോഗ്‌ വായനക്കാരുടെ വിധി. തുടര്‍ച്ചയായി മോശം ചിത്രങ്ങള്‍ നല്‍കുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഒന്നും ബ്ലോഗ്‌ റിവ്യൂക്കാരുടെ യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് തന്നെ ആണ്‌ എന്റെ അഭിപ്രായം. അതായത്‌ ജോ പറഞ്ഞത്‌ പോലെ പടം പച്ചപിടിച്ചിട്ട്‌ പോസ്റ്റിടാം എന്നൊരു സഹാനുഭൂതി ആവശ്യമില്ല തന്നെ.

ശരി, വിഷയത്തിലേക്ക്‌ കടക്കട്ടെ. എന്നെപ്പോലെ നല്ലൊരു വിഭാഗം പ്രേക്ഷകര്‍ മലയാളത്തില്‍ നല്ലതൊന്നും കാണാതെ നിരാശരായിരിക്കുന്നുണ്ട്‌. ഈ നിരാശ എല്ലാ റിവ്യൂവിലും കമന്റ്‌ വിഭാഗത്തില്‍ പ്രകടമാണ്‌ താനും. നമുക്കിന്നും ആശ്വാസം കണ്ടെത്താന്‍ മലയാളസിനിമയുടെ 10-15 വര്‍ഷം പിന്നാക്കം സഞ്ചരിക്കേണ്ടതായും വരുന്നു. ഇന്നത്തെ ഭൂരിഭാഗം മലയാളചലച്ചിത്രങ്ങള്‍ക്കും നല്‍കാന്‍ കഴിയാത്ത ക്വാളിറ്റിയോടെ ഇതാ ഒരു മലയാളം സീരിയല്‍. "അക്കരകാഴ്ചകള്‍". മലയാളസിനിമക്കാര്‍ എവിടെയോ മറന്ന് പോയ ശുദ്ധഹാസ്യം, ഒരു ടി വി സീരിയലിലും നിങ്ങള്‍ കാണാത്ത മനോഹരമായ ചിത്രീകരണം, നവാഗതരായ അണിയറക്കാരുടെ (അഭിനേതാക്കള്‍ ഉള്‍പ്പടെ) അതുല്യ പ്രകടനം എന്നിവയാണ്‌ ഇതിനെ വ്യത്യസ്തമാക്കുന്നത്‌. ഇതിന്റെ ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌.

ഇത്‌ കൈരളി ടിവിയില്‍ ശനിയാഴ്ചകളില്‍ രാവിലെ 9 മണിക്കാണ്‌ സമ്പ്രേഷണം ചെയ്യുന്നത്‌. മാത്രമല്ല എല്ലാ എപ്പിസോഡുകളും യൂട്യൂബില്‍ ലഭ്യമാണ്‌. അമേരിക്കയില്‍ ജീവിക്കുന്ന ജോര്‍ജ്ജ്‌ എന്ന നാട്ടിന്‍പുറത്ത്‌കാരനായ, പച്ചമലയാളിയുടെയും അയാളുടെ ചുറ്റുമുള്ള മറ്റുള്ളവരുടേയും കഥയാണ്‌ ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ്‌ അതിമനോഹരമായി അവതരിപ്പിക്കുന്നത്‌. കണ്‍സിസ്റ്റന്റായി ചിരിപ്പിക്കുക എന്നത്‌ വളരെ ശ്രമകരമായ ജോലി ആണ്‌. അതില്‍ "ഇന്‍ഫേമസ്‌ കോക്കനട്ട്സിന്റെ" ബാനറില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെല്ലാം വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. പ്രത്യേകിച്ചും സ്ക്രിപ്റ്റ്‌ റൈറ്റര്‍ അജയനും സംവിധായകന്‍ എബിയും പിന്നെ ജോര്‍ജ്ജ്‌ അച്ചായനായി തകര്‍ക്കുന്ന ജോസുകുട്ടിയും.

ഇതിനെക്കുറിച്ച്‌ ബ്ലോഗ്‌ ലോകത്തില്‍ ആരും സംസാരിച്ച്‌ കണ്ടില്ല. അത്‌ കൊണ്ട്‌ ഞാനിവിടെ കുറിക്കാമെന്ന് വച്ചു. നിങ്ങളിതുവരെ ഈ പ്രോഗ്രാം കണ്ടിട്ടില്ലെങ്കില്‍ ആദ്യ എപ്പിസോഡ്‌ ഇതാ ഇവിടെ, ഒന്ന് കണ്ട്‌ നോക്കൂ.

ഇതിനു മുന്‍പ്‌ കണ്ടവര്‍ക്കായി, ഓര്‍ക്കുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കുന്ന ചിലത്‌...."എവരി വൈന്‍ ഹാസ്‌ ഇറ്റ്‌സ്‌ ഓണ്‍ സ്റ്റോറി", ഗിരിഗിരിയുടെ ആത്മകഥാംശമുള്ള കവിത "ശാരികേ നീയോ ശ്യാമിന്റെ കൂടെ പോയി"...

പുറം കണ്ണികള്‍

1. മാതൃഭൂമിയില്‍
2. സിഫിയില്‍
3. 'ഹിന്ദു'വില്‍
4. 'വിക്കി'യില്‍

ഞാനിങ്ങനെ ഒരു അഭിപ്രായം പാതിരാത്രിയില്‍ നടത്തിയത് ഈ ചേട്ടന്മാര്‍ എന്റെ സ്വന്തകാരയത് കൊണ്ടല്ല എന്ന് ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു... (ഇനി എന്നെ എന്നാ ചെയ്യാന്‍ പറ്റുമെടാ ഉ‌വേ? )