Thursday, June 19, 2008

മുല്ലവള്ളിയും തേന്മാവും

ഇവനെന്തടാ ഈ പഴയസിനിമാപ്പേരു പറഞ്ഞ്‌ ബ്ലോഗ്ഗുന്നത്‌ എന്ന സംശയം സ്വാഭാവികമായതിനാല്‍ ഉല്‍ഭവസ്ഥാനത്തിനെക്കുറിച്ച്‌ കയ്യോടെ പറഞ്ഞേക്കാം. ഹരിയേട്ടന്റെ ഈ പോസ്റ്റും അതിന്റെ കീഴെ ചിത്രകോരന്‍ മാഷിന്റെ കമന്റും വായിച്ചപ്പോള്‍ വി കെ പ്രകാശിനെക്കുറിച്ച്‌, അങ്ങേരുടെ 5 പടങ്ങളില്‍ 3 എണ്ണം കാണുകയും ഒന്നു കേള്‍ക്കുകയും മറ്റൊന്ന് ഹരിയേട്ടന്റെബ്ലോഗില്‍ വായിക്കുകയും ചെയ്ത ആള്‍ എന്ന ആത്മവിശ്വാസത്തില്‍ ഒരു പോസ്റ്റ്‌ കാച്ചാന്‍ ഉന്മേഷം കിട്ടിയത്‌.

ഹരിയേട്ടന്റെ അഭിപ്രായത്തോട്‌ എനിക്കും യോജിപ്പ്‌ തന്നെ. മലയാളത്തില്‍ സാങ്കേതിക തികവിന്റെ കാര്യത്തില്‍ അഗ്രഗണ്യീയമാണ്‌ വി കെ പ്രകാശിന്റെ ചിത്രങ്ങള്‍. ഓരോ ഷോട്ടിനും ഗാനരംഗങ്ങള്‍ക്കും പ്രത്യേകമായ ദ്രശ്യഭംഗി നല്‍കാന്‍ കഴിയുന്നു എന്നത്‌ അഭിനന്ദനീയം തന്നെ. വിനയനെയോ ജയരാജിനെയോ പോലെ കുറെ തമിഴ്‌ പടങ്ങള്‍ ഒരുമിച്ച്‌ കണ്ടതിന്റെ ഹാങ്ങോവറില്‍ ക്യാമറ, എല്‍ പി സ്കൂളിലെ കുട്ടികള്‍ കുട കറക്കുന്നത്‌ പോലെ വട്ടം കറക്കി പ്രേക്ഷകനെ അത്രയ്ക്കങ്ങ്‌ ഭ്രാന്ത്‌ പിടിപ്പിക്കുന്നില്ല എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം.

ചുവടെ ചേര്‍ത്തിരിക്കുന്ന ഗാനരംഗത്തിന്റെ ദ്രശ്യഭംഗിയെക്കുറിച്ച്‌ എതിരഭിപ്രായമുണ്ടോ???




മറ്റൊരെണ്ണം - എന്റെ പ്രിയപ്പെട്ടത്‌.
മലയാളത്തിന്റെ കുറഞ്ഞ ബഡ്ജറ്റില്‍ നിന്നാണ്‌ ഇങ്ങനെ ചിത്രീകരിക്കുന്നതും ഇതൊന്നും ഫോറിന്‍ ലോക്കേഷനുകളല്ല എന്നതും ശ്രദ്ധിക്കുക.



അവസാനമായി പോസിറ്റീവിലെ ഒരു ഗാനരംഗം. സെറ്റിട്ട്‌ ഇത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്‌ എന്നെ ആകര്‍ഷിച്ച ഘടകം.



ശെടാ, അറുബോറന്‍ ചിത്രങ്ങളുടെ സംവിധായകനെക്കുറിച്ച്‌ ഇത്രയ്കങ്ങ്‌ പുകഴ്ത്താന്‍ അങ്ങേരുടെ അടുത്ത ചിത്രത്തില്‍ എനിക്ക്‌ ചാന്‍സ്‌ തന്നിട്ടുണ്ടോ എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ ബാക്കി കൂടെ പറയട്ടെ.

മനോഹരമായ ഗാനരംഗങ്ങള്‍. അതിമനോഹരമായ ട്രയിലര്‍സ്‌. ഇതൊക്കെ നിഷ്പ്രഭമാക്കി കളയാന്‍ പോന്ന തരത്തിലുള്ള അറുബോറന്‍ ചിത്രം. ഇതാണ്‌ വി കെ പ്രകാശ്‌ ചിത്രങ്ങളെക്കുറിച്ച്‌ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ എന്റെ ഡെഫനിഷന്‍(പുനരധിവാസം ഭേദമായിരുന്നു).

വി കെ പ്രകാശിന്റെ പേരു കേള്‍ക്കുമ്പോളെ എനിക്ക്‌ പൊട്ടിച്ചിരി സമ്മാനിക്കുന്ന ഒരു കുഞ്ഞ്‌ സംഭവം ചേര്‍ത്ത്‌ കൊണ്ട്‌ ഈ പോസ്റ്റിനു സമാധി കുറിക്കട്ടെ.

മുല്ലവള്ളിയും തേന്മാവും എന്ന ചിത്രം റിലീസായ സമയം ഗാനരംഗങ്ങള്‍ കണ്ട്‌ ത്രില്ലടിച്ച്‌ പോകണോ വേണ്ടയോ എന്ന ഡെയിലമോയില്‍ നില്‍ക്കവേ ഒരു കൂട്ടുകാരനോട്‌ അഭിപ്രായം ചോദിക്കുകയുണ്ടായി.

"അളിയാ നീ മുല്ലവള്ളിയും തേന്മാവും കണ്ടോ?"
"ങ്ങാ..."
"എപ്പടി ഇരുക്ക്‌?"
"ഫര്‍സ്റ്റ്‌ ഹാല്‍ഫ്‌ കഴിഞ്ഞാല്‍ പേടിയാകും"
"അതെന്താ പടം സസ്പെന്‍സ്‌ ആണോ? ഹോറര്‍?"
"അല്ലല്ല സസ്പെന്‍സ്‌ ഒന്നും അല്ല। ഇന്റര്‍വല്‍ സമയം ആകുമ്പോള്‍ തീയറ്ററില്‍ നീമാത്രമല്ലേ കാണൂ. ആരായാലും അല്‍പം പേടി തോന്നില്ലേ?"