Tuesday, September 26, 2006

അപ്പോയിന്‍റ്മെന്‍റ് ലെറ്റര്‍

ഇന്നാണ് പ‌ത്താം ത‌ര‌ത്തിന്‍റെ റിസല്‍ട്ട് വരുന്നത്.

ലിറ്റില്‍ മേരി സ്ക്കൂളിനെ സംബന്ധിച്ചിട‌ത്തോളം അത്ര ശുഭ‌മ‌ല്ലാത്തോരു പ്രഭാതം.ബാബു പതിവില്ലാത്ത വിധം ആശന്കാകുലനായിരുന്നു. അരുതാത്തതെന്തെന്കിലും സംഭവിക്കുമോ?റിസ്ക് എടുക്കുകയല്ലേ പുള്ളിക്കാരന്‍റെ സഹായം കൂടെയുള്ളത് നല്ലതാ. വിളക്ക് കൊളുത്തി പ്രാ൪ത്ഥിച്ചു. 5 നിമിഷം മൌനം.
അമ്മയുടെ മുഖത്ത് ഒരു വൈഷമ്യം. ആകെ വീടിനുള്ള ഒരു വരുമാനം ബാബുവാണ്. അത് കൂടെ ഇല്ലാതായാല്‍....അവന്‍ അമ്മയുടെ കൈ പിടിച്ചു. "ഇല്ലമ്മേ ഒന്നും പേടിക്കണ്‍ടാ. മുകളില്‍ ഒരുത്തന്‍ എല്ലാം കണ്‍ടുകോണ്‍ടിരിപ്പുണ്‍ടല്ലോ അങ്ങനെയൊന്നും നമ്മളെ കൈ വിടില്ല."
സ്കൂളിന്‍റെ മണി( വീടിന്‍റെ അപ്പച്ചട്ടി )കൈയ്യിലെടുത്തു പതുക്കെ നടന്നു.
അമ്മ ദീ൪ഘനിശ്വാസത്തോടെ ബാബുവിന്‍റെ പോക്ക് നോക്കി നിന്നു.
രാവിലെ മാനേജരച്ചനെ കാണണം. കഴിഞ്ഞമാസത്തെ കുടിശിക വാങ്ങാനുണ്‍ട്. ഇതൊരു പക്ഷേ അങ്ങേരുടെ കൈയ്യില്‍ നിന്ന് കിട്ടുന്ന അവസാനത്തെ ശന്പളം(അങ്ങനെ പ‌റ‌യാമോ?) ആകുമോ?


പൂഴി മണ്ണ് നിറഞ്ഞ പാതയാണ്. കടത്ത് കടന്ന് അരക്കാതം നടന്നാ‍ല്‍ സ്കൂളെത്തി. ഇതൊരു പക്ഷെ അങ്ങോട്ടുള്ള അവസാന യാത്രയുടെ ആരംഭമാവാം. സതീശന്‍ എതിരെ പാഞ്ഞ് വരുന്നുണ്‍ട് പത്രക്കെട്ടുമായി. ഇന്നവന്‍ താമസിച്ചെന്ന് തോന്നുന്നു.
"റിസല്‍ട്ട് വിവരമൊന്നും പത്രത്തിലില്ലല്ലോ അല്ലേ""അത് മന്ത്രി നേരിട്ട് പ്രഖ്യാപിക്കുകയുള്ളൂ. നാളത്തെ പത്രത്തില്‍ വരും."ബാബു ചിന്താമൂകനായി."നീ ധൈര്യമായിരിക്കെടാ" സതീശന്‍ ആശ്വസിപ്പിച്ചു.
ബാബു വീണ്‍ടും നട‌ന്നു. അവന്‍ ആലോചിക്കാന്‍ തുട‌ങ്ങി ക‌ഴിഞ്ഞുപോയ വര്‍ഷ‌ങ്ങള്‍. കൊല്ലം പ‌തിനേഴാകുന്നു ഇപ്പോള്‍ താന്‍ ഈ വ‌ഴിയുടെ നിത്യസ‌ന്ദ൪ശകനായിട്ട്. പ‌തിനേഴ് കൊല്ലങ്ങള്‍.

എത്ര എത്ര സുന്ദ‌ര‌നിമിഷ‌ങ്ങ‌ളാണ് സ്കൂള്‍ ത‌നിക്ക് നല്‍കിയത്.
ആദ്യമായി അച്ഛന്‍റെ കൈ പിടിച്ച് സ്കൂളിലേക്ക് പോയത്.
ആദ്യമായി അച്ഛന്‍റെ ക‌ണ്ണ് വെട്ടിച്ച് ഷാപ്പില്‍ പോയത്.
ഈ പുഴ‌യില്‍ വീണ‌ 'വീണ‌ക്കുട്ടിയെ' നീന്ത‌ല‌റിയാത്ത് താന്‍ കോരിയെടുത്ത് ര‌ക്ഷിച്ചത്. അതിന് ഹെഡ് മാസ്റ്റര്‍ ധീര‌ത‌യ്ക്കുള്ള‌ അവാ൪ഡ് ത‌ന്നത്.
പ്രഥ‌മ‌ശ്രുശ്രൂഷ‌യുടെ ഭാഗ‌മായി ക്രത്രിമശ്വാസം കൊടുക്കാന്‍ നോക്കിയ‌പ്പോള്‍ വീണ‌ക്കുട്ടി താടിക്ക് ത‌ട്ടിയതും ഒക്കെ ഈ ക‌ട‌വ‌ത്ത് വ‌ച്ചായിരുന്നു.

അന്ന് താന്‍ ഏഴാം തരത്തിലായിരുന്നു. തേഡ് ഇയ൪!!!.

പിന്നെയും വ൪ഷങ്ങള്‍ അതിന്‍റെ പാട്ടിന് പോയി.

അതേ വീണക്കുട്ടി മടങ്ങി വന്നു. സ്കൂളിലേക്ക്. ഹിന്ദി ടീച്ചറിന്‍റെ വേഷത്തില്‍.
താന്‍ ഒന്‍പതാം തരത്തിലായിരുന്നു അപ്പോള്‍. ആദ്യത്തെ വര്‍ഷം. ഹിന്ദി ടീച്ചറായാലും അതെന്നും ഞാന്‍ കോരിയെടുത്ത ത‌ന്‍റെ വീണക്കുട്ടി അല്ലേ.

ഉച്ച‌ക്ക‌ഞ്ഞി വിള‌ന്പുന്ന‌തിനിട‌യില്‍ താന്‍ കണ്‍ടു സാരിയുടുത്ത നില്‍ക്കുന്ന വീണ‌ക്കുട്ടിയെ..ബെല്ലടക്കാന്‍ പോയ‌പ്പോള്‍ ഓടിവ‌രുന്ന വീണ‌ക്കുട്ടീയെ കണ്‍ട് നിന്ന കാഴ്ച‌ അറിയാതെ അവന്‍റെ ചുണ്‍ടില്‍ ഒരു മ്രദുമ‌ന്ദ‌ഹാസം ന‌ല്കി.

താന്‍ സ്കൂളീനൊരു വിദ്യാര്‍ത്ഥി മാത്രമായിരുന്നില്ല. നെടും തൂണായിരുന്നു.ഇന്നത്തെ റിസല്‍ട്ട് അതിനൊരു പ‌ക്ഷെ ത‌ന്നെ സ്കൂളില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്ക‌നാകും.ഇല്ല അനര്‍ത്ഥ‌ങ്ങ‌ളൊന്നും സംഭ‌വിക്കില്ല.

മാനേജ‌ര‌ച്ചന്‍റെ മുറിയിലെത്തി. അവന്‍റെ മുഖ‌ത്തെ വിള൪ച്ച ശ്രദ്ധിച്ച് അച്ചന് കാര്യം മ‌ന‌സ്സിലായെന്ന‌പോലെ അച്ചന്‍ തുട൪ന്നു. നീ പേടിക്കണ്‍ടാ, ഞാനും നിന‌ക്കായി ക൪ത്താവിനോട് പ്രാ൪ത്ഥിച്ചിട്ടുണ്‍ട്.

അച്ചന്‍ 600 രൂപ അവന്‍റെ കൈയ്യില്‍ കൊടുത്തു. 100 രൂപ കൂടുതലൂണ്‍ട്.അവന്‍ നിര്‍ന്നിമേഷനായി നോക്കി നിന്നു. ഒടുവില്‍ പതുക്കെ സ്കൂള്‍ മുറ്റത്തേക്ക് നടന്നു.ഇന്നല്‍പ്പം ആഞ്ഞടിച്ചു ബെല്ലില്‍. 17 പ്രാവശ്യം.

നേരം 11 ആയി. റിസല്‍ട്ട് അറിഞ്ഞ് തുടങ്ങി.ഹെഡ്മാസ്റ്റ൪ ബാബുവിന്‍റെ റിസല്‍ട്ട് കമ്പ്യൂട്ടറില്‍ നോക്കി.സാറിന്‍റെ കണ്ണല്പം ചുമന്നിരുന്നൊ?
അടുത്ത് വന്ന് അദ്ദേഹം പറഞ്ഞു.

" നീ ഈ സ്കൂളിന്‍റെ മൂത്തകാരണവരാടാ. നിന്നോട് ഞാനെങ്ങനെ ഇറങ്ങി പോകാന്‍ പറയും. നീ പാസ്സായെടാ"

ബാബു വെള്ളിടി കൊണ്‍ടത് പോലേ ഇരുന്നു.
അവന്‍ വാവിട്ട് കരയുകയാണ്.

"ഏത് കഴുവേറിയാടാ എന്‍റെ പേപ്പറ് നോക്കിയത്."

അദ്ധ്യാപക൪ അവനെ ആശ്വസിപ്പിക്കാന്‍ നോക്കി. അവ൪ക്കും കരച്ചില്‍ വന്നു.
അവന്‍ കഞ്ഞിപ്പുരയിലേക്ക് നോക്കി.
ഞാനില്ലാതെ അവിടെയെങ്ങനെ തീ പുകയും.
ഞാനില്ലാതെ അപ്പച്ചട്ടി എങ്ങനെ ശബ്ദിക്കും.
എങ്ങനെ സമയമറിയിക്കുംഞാനില്ലാതെ ഹെഡ്മാസ്റ്റ൪ക്കാര് മുറുക്കാന്‍ കൊടുക്കും.
കപ്യാരില്ലാത്തപ്പോളാരെന്കിലും മരിച്ചാല്‍ ആരിനി പള്ളിമണി അടിക്കും.
എന്‍റെ വീട്ടീലിനി എന്തുണ്ട് വരുമാനം.

അയ്യോ എനിക്കൊന്നുമറിയില്ല.
എന്‍റെ തല ചുറ്റുന്നു.

അവന്‍ വാവിട്ട് കരയുകയാണ്.

അച്ചന്‍ നടന്നുവന്നു. അവന്‍റെ അടുത്തിരുന്നു. സര്‍ക്കറിന് നിന്നെ വേണ്‍ടെന്കിലും ഞങ്ങക്ക് നിന്നെ വേണമെടാ.സ൪ക്കാറ് ചെയ്ത തെറ്റിന് നീ എന്തിനാ അനുഭവിക്കുന്നത്. തെറ്റ് ചെയ്യുന്നവന്‍ അതിന്‍റെ ശിക്ഷയും അനുഭവിക്കണം.

ഇതാ നിന്‍റെ അപ്പോയിന്‍റ്മെന്‍റ് ലെറ്റര്‍. നീ ഇന്നു മുതല്‍ ഇവിടുത്തെ പ്യൂണാണ്. നിനക്കുള്ള ശമ്പളം തെറ്റ് ചെയ്ത സ൪ക്കാറ് തന്നെ നല്‍കട്ടേ.
ശുഭം

Sunday, September 24, 2006

'നീ' എങ്ങ‌നെയുണ്‍ടായി????

സംഭവം ന‌ട‌ന്നത് കുറ‌ച്ച് കാലം മുമ്പാണ്.
എന്‍റെ ഒരു സുഹ്രുത്താണ് ക‌ഥാനായ‌കന്‍. ന‌മ്മുടെ നായ‌കന്‍ ടി.ടി.സി. ഒന്നാം റാംക് ക‌ര‌സ്ത‌മാക്കിയ‌ ആളാണ്. വൈകാതെ ത‌ന്നെ അടുത്തുള്ള‌ എല്‍ . പി സ്ക്കൂളില്‍ കുട്ടികളെ ക‌ണ്ണുരുട്ടിക്കാട്ടാനായി ചേക്കേറി. അന്ന‌ക്കുട്ടി ടീച്ച‌റിന് ഇനി ര‌ണ്ട‌ര‌മാസം കൂടിയേയുള്ളൂ സ൪വീസ്. അത് ക‌ഴിഞ്ഞാല്‍ പിന്നെ ന‌മ്മുടെ നായ‌ക‌നാണ് ഒരുപ‌റ്റം കുട്ടികളെ ന‌യിക്കേണ്‍ടത്.

ഒരു റാംകുകാരന്‍റെ ഗ൪വ്വ് നായ‌ക‌നുന്‍ടെന്നാണ് സ്വതവേ അസൂയ‌ക്കാര‌നായ‌ 'പുഴു'വിന്‍റെ ഭാഷ്യം.
രണ്ടാം ക്ളാസ്സിലെ കുട്ടിക‌ളെയാണ് നേരിടേണ്ടത്. ഒന്നാം റാന്ക് കാരന് രണ്ടാം ക്ളാസ് കുട്ടികളെ പേടിക്ക‌ണ്ട് കാര്യം ഉണ്ടോ???

ബ‍ന്‍ചിന് ചുറ്റും ഓടിക്ക‌ളിക്കുന്ന‌ ഒരു പ‌റ്റം കുട്ടികളെ കണ്‍ട്കൊണ്‍ടാണ് നായ‌കന്‍ ക‌ട‌ന്ന് ചെല്ലുന്നത്. കുട്ടികളെ കൈയ്യിലെടുക്കണം ഉട‍ന്‍ ത‌ന്നെ. അതിനൊരു പൊടിക്കൈ എന്ന നില‌ക്ക് കുറ‌ച്ച് ചൊക്ളേറ്റ് കൈയ്യില്‍ ക‌രുതിയാണ് നായ‌കന്‍റെ എന്‍ട്രി. നായ‌കന്‍ ക‌രുതിയ‌പോലേ എളുപ്പ‌മ‌ല്ലായിരുന്നു കാര്യ‌ങ്ങള്‍. ചോക്ളേറ്റ് വിത‌രണം അക്ര്‌മ‌ത്തില്‍ കലാശിച്ചു. ക‌ണ്ണീരൊളിപ്പിച്ച് നില്‍ക്കുന്ന മുഖ‌ങ്ങള്‍ക്ക് ന‌ടുവില്‍ ഇതിക൪ത്തവ്യഥ‌മൂഠ‌നായി നിന്നു നമ്മുടെ നായ‌കന്‍.

രംഗം ശാന്ത‌മാക്കാന്‍ നായ‌കന്‍ ഒരു വഴി കണ്‍ടെത്തി. ഒരു ക‌ടംക‌ഥ പ‌റയാം. നായ‌കന്‍ കുട്ടിക‌ളോടായി പ‌റ‌ഞ്ഞു. സാ൪ ഒരു കടംകഥ പ‌റയാം അത് ക‌ഴിഞ്ഞാ‍ല്‍ നിങ്ങ‌ളോരോരുത്തരും പ‌റ‌യണം. കുട്ടികള്‍ക്കൊക്കെ പെരുത്ത് സ‌ന്തോഷം. അങ്ങനെ ക‌ഥയും പാട്ടും ഒക്കെയായി നേരം പോകാ‍ന്‍ തുട‌ങ്ങി.

തന്‍റെ എന്‍ട്രീ ക‌ല‌ക്കി എന്ന വിശ്വാസ‌ത്തോടെ ദീര്‍ഘ‌നിശ്വാസ‌മിടുമ്പോഴാണ് അത് സംഭ‌വിച്ചത്. എക്സ്ട്രാ ടൈമില്‍ ഒരു ഗോളു വീണത് പോലെയായി. ഉച്ച‌യൂണിന് ബെല്ല് വീഴാന്‍ നിമിഷ‌ങ്ങള്‍ മാത്രം. അപ്പോളാണ് കൂട്ട‌ത്തില്‍ കുഞ്ഞായ‌ ഒരുത്തന് സംശയം. അതോ കടം ക‌ഥ‌യുടെ ഭാഗ‌മായി വ‌ന്നതോ?ചോദ്യം ഇതാണ് ' നീ എങ്ങ‌നെയുണ്‍ടായി 'ചെറുക്കന്‍ ചോദ്യം ഉന്ന‌യിച്ചതൊ ര‌മ‌ണിചേച്ചിയുടെ മോനോട്.

എല്ലാം കൈവിട്ട് പോകുന്ന‌ അവ‌സ്ഥ‌യായി. മ്രുദുല‌വികാര‌ങ്ങളെ വ‌ളരെ സൂക്ഷിച്ച് വേണ‌മെല്ലോ കൈകാര്യം ചെയ്യാന്‍. മീന‌ച്ചൂടില്‍ പോലും ന‌മ്മുടെ നായ‌കന്‍ ഇങ്ങനെ വിയ൪ത്തിട്ടില്ല. ആദ്യദിവ‌സ‌ത്തെ ചോദ്യത്തില്‍ ത‌ന്നെ സാ൪ കുഴ‌ങ്ങാന്‍ പാടില്ലാല്ലോ. എന്ത് ചെയ്യാന്‍? ഇത്തിരിപ്പോന്ന ഈ കുരുന്നുക‌ളുടെ മ‌ന‌സ്സില്‍ അറിയാന്‍ ഇത്രമാത്രം ആഗ്രഹ‌മുണ്‍ടാകുമെന്ന് ടി.ടി.സി. ക്ളാസ്സ് റൂമില്‍ 'വെട്ടിയൊട്ടിച്ച്' ന‌ട‌ന്ന കാല‌ത്ത് ന‌മ്മുടെ നായ‌കന്‍ അറിഞ്ഞിരുന്നില്ല.

ചോദ്യമുയ൪ത്തിയ ചെറുക്കന്‍ ആകാംക്ഷ‌യോടെ നില്‍ക്കുക‌യാണ്. ര‌മ‌ണിചേച്ചിയുടെ മോന്‍റെ ക‌ണ്ണുക‌ളില്‍ ഒരു ചാറ്റല്‍ മഴ പെയ്യുന്നുണ്‍ടൊ? ഈ ചോദ്യത്തിന്‍റെ ശരിയായ ഉത്തരം ഒരു പക്ഷെ രമണി ചേച്ചിക്ക് പറയാന്‍ കഴിയുമായിരിക്കും.???

പക്ഷേ ഇപ്പോള്‍ എങ്ങനെ തടി തപ്പും. !!!

ഈ സമയത്താണ് ദേവദൂതിയെപ്പോലെ അന്നക്കുട്ടി ടീച്ച൪ വന്നത്. നായകന്‍റെ നില്‍പ്പിലേ പന്തികേടില്‍ നിന്ന് അവ൪ക്ക് കാര്യത്തിന്‍റെ ഏകദേശരൂപം പിടികിട്ടി.
ചെറുക്കന്‍ വീണ്‍ടും തൊള്ള തുറന്നു, ചോദ്യം ഒന്നുകൂടെ പരിഷ്കരിച്ച് ചോദിക്കാന്‍.

ശ‌രിക്കും ഇവന്‍ എങ്ങ‌നെയാ ഉണ്‍ടായത് എന്ന് നായകന്‍റെ മ‌ന‌സ്സില്‍ ഒരു ചോദ്യമുണ൪ന്നു.

നായകന്‍ ദയനീയ ഭാവത്തില്‍ അന്നക്കുട്ടി ടീച്ചറെ നോക്കി. ടീച്ചറുടെ മുഖത്ത് ഒരു ചെറുപുന്ചിരി മിന്നിമാഞ്ഞപോലെ.

പതിയെ നടന്നു വന്ന് ചോക്കെടുത്ത് ബോ൪ഡില്‍ വരച്ചു.
'ന'
ഇനി ഒരു ദീ൪ഘം കൂടി.
'നീ'
ഇങ്ങനെയാ നീ ഉണ്‍ടായത്.

കുട്ടികളുടെ മുഖത്ത് അറിവ് ലഭിച്ചതിന്‍റെ നി൪വ്രുതി.
ഉച്ചകഴിഞ്ഞ് പി.റ്റി.എ. മീറ്റിങ്ങായത് കൊണ്‍ട് ക്ളാസ്സില്ല എന്നോരു അറിയിപ്പും ടീച്ചറുടെ വക.
കുട്ടികള്‍ ആഘോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

നേരിയ ഒരാശ്വാസം തോന്നിയെന്‍കിലും നാളത്തെ ചോദ്യമെന്തായിരിക്കും എന്ന ശന്കയോടെ നായകന്‍ നടന്നു.

Monday, September 04, 2006

ഇന്‍സ്റ്റന്‍റ് ഓണം

"ഈസ് ഇറ്റ് സംതിങ്ങ് ലൈക്ക് ബെര്‍ലിന്‍ വാള്‍ മമ്മാ"
ഈ ചോദ്യം കേട്ടാണ് സുരേഷ് ഉറക്കമുണര്‍ന്നത്. 4 വയസ്സുകാരി അമ്മുവിന്‍റേതാണ് ചോദ്യം. പിന്നെ കാണുന്നത് നല്ല ഒന്നാന്തരം തല്ലാണ്. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറച്ചില്‍, കുട്ടികള്‍ക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ തിരക്കി എന്നൊക്കെയാണ് ചാര്‍ജ്. സന്ദര്‍ഭവും സാരസ്യവും മനസ്സിലാകാതെ സുരേഷ് കുറേ നേരമങ്ങ് നിന്നു. ഒടുവില്‍ അമ്മുവിന്‍റെ വായില്‍ നിന്നാണ് ഉത്തരം കിട്ടിയത്.

ടി വി യില്‍ നിന്നെങ്ങോ അവള്‍ മാവേലി എന്ന് കേക്കുകയുണ്ടായി. അവള്‍ ആ വേലിയെക്കുറിച്ച് അമ്മയോട് തിരക്കുകയും ചെയ്തു. അമ്മയുടെ അറിവിന്‍റെ പരിധിക്ക് പുറത്ത് നിന്ന് ചോദ്യം ചോദിക്കാന്‍ ഇന്ത്യയിലൊരുകുട്ടിക്കും അവകാശമില്ല എന്ന് പാവം അപ്പോളാണ് അറിഞ്ഞത്.
മാവേലിയെന്നത് മഹത്തായ് ഒരു വേലി തന്നെ എന്ന് സുരേഷിനും തോന്നി. മതങ്ങളുടെ വേലിക്കെട്ടിന് മുകളിലായി മനസ്സുകളെ വേലി കെട്ടി ഒന്നാക്കിയ ഒരു നാമം.

തിരുവോണദിനം ഇങ്ങനെയൊരു ഓണത്തല്ല് കാണാന് പറ്റുമെന്ന് അവന്‍ കരുതിയേയില്ല. മകളുടെ കണ്ണുനീര്‍ ഇതിനകം കാര്‍ട്ടൂണ്‍ ചാനലിന് വഴി മാറിയിരുന്നു. തന്‍റെ ബാല്യത്തിലേക്ക് അവന്‍റെ മനസ്സ് സന്‍ചരിക്കാന്‍ തുടങ്ങി. തുമ്പപ്പൂവിന്‍റെ വിശുദ്ധിയായിരുന്നു അവയ്ക്ക്. പുതുമഴയൂടെ സുഗന്ധമുണ്‍ടായിരുന്നു അവയ്ക്ക്. ഇന്നും ഓ൪മ്മിക്കുമ്പോള്‍ ഒരു പുംചിരിയുടെ സുഖം നല്‍കുന്നവയാണവ‌. അമ്മുവിനോ, ഇനിയൊരുകാലത്ത് അവള്‍ക്കോ൪ക്കാന്‍ കാ൪ട്ടൂണ്‍കഥാപാത്രങ്ങള്‍ മാത്രമായിരിക്കും.

ഇതെല്ലാം ഓ൪ത്ത് സമയം പോയത് അറിഞ്ഞില്ല. ഓണമാണെന്‍കിലും ഇന്നും പോണം ഓഫീസീല്‍.
കുളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോളും മനസ്സില്‍ ഓണത്തിന്‍റെ ചിത്രങ്ങള്‍ ഒളി മങ്ങാതെ തെളിഞ്ഞ് കിടന്നു. അപ്പോളാണ് ഓണത്തിന് സ്പെഷ്യല്‍ ഭക്ഷണം ഭാര്യ ഉണ്‍ടാക്കി വച്ചിരിക്കുന്നത് കണ്ടത്.

ഓണം സ്പെഷ്യല്‍ മാഗി നൂഡില്‍സ്. ഓണം തന്നെ പാക്കറ്റിലാ പിന്നെ ഭക്ഷണം അങ്ങനെയാവാതിരിക്കുമോ..വീട് പൂട്ടി പുറത്തിറങ്ങി. അമ്മു തന്‍റെ 5 കിലോബാഗ് എടുത്ത് 'പോകാം മമ്മാ' എന്നു പറഞ്ഞ് കാറിലേക്കോടി.

പൂക്കളം ഇല്ല മുറ്റത്ത്. പകരം കുറച്ച് വാടിയ ഇലകളും പൂവും. പ്രക്രുതി തനിക്കായി ഒരുക്കിയ പൂക്കളമാണെന്ന് സ്വയം സമാധാനിച്ചു. ഫ്ലാറ്റില്‍ വെറെയുള്ള പന്ചാബിയും തമിഴനുമെല്ലാം എന്തിനോ വേണ്‍ടി പായുന്നത് കണ്ടു. ഇതാവും നാനാത്വത്തിലെ അനാധത്വം എന്ന് അവന് തോന്നി. മനസ്സിന് ഒരു സുഖം തോന്നുന്നില്ലെന്കിലും കാറിന്‍റെ താക്കോല്‍ ഭാര്യയെ ഏല്പിക്കാന്‍ അവന് തോന്നിയില്ല.ഈ നശിച്ച ചിന്തകള്‍ക്ക് ഒരവസാനം ലഭിക്കാന്‍ ഡ്റൈവിങ്ങ് ഒരു പക്ഷെ സഹായിച്ചേക്കും.

പോകുന്ന വഴിയെല്ലാം ഭാര്യയും മോളും പരിചയക്കരായ ആന്‍റിമാരോടും അന്‍കിളുമാരോടും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടു.
"ഹാപ്പി ഓണം!!!!"
"ഹാപ്പി ഓണം!!!!"
"ഹാപ്പി ഓണം!!!!"
"കാപ്പി വേണം................!!!!!!!!!!!!!!!"

ട്രാഫിക് സിഗ്നലിലെത്തി. മറ്റെല്ലാരെയും പോലെ റെഡ് സിഗ്നലിനെ അവഗണിച്ച് വേഗം കൂടിയ ലോകത്തേക്ക് വേഗം കൂട്ടി അവനും യാത്ര തുടങ്ങി.....

ഇതാവട്ടെ ഓണപ്പാച്ചില്‍...........