ഇക്കഴിഞ്ഞ ദിവസം ഒരു സുഹ്രത്തുമായി സംസാരിച്ചപ്പോള്‍ അറിയാനിടയായ കാര്യമാണ് ബാംഗ്ലൂരില്‍ മുസ്ലീംസിന് വീട് വാടകയ്ക് നല്‍കാന്‍ വീട്ടുടമകള്‍ വിമുഖത കാണിക്കുന്നു എന്നത്. കേട്ടപ്പോള്‍ വളരെ ഷോക്കിംഗ് ആയി തോന്നി. ഇത്തരം ഒരു നടപടി സുരക്ഷ നല്‍കും എന്നു വിശ്വസിക്കുന്നുവൊ? തീവ്രവാദത്തിന്റെ പേരില്‍ ഒരു കമ്യൂണിറ്റി ഇത്തരം പീഡനങ്ങള്‍ അനുഭവിക്കുന്നത് തികച്ചും അനഭിലഷണീയമാണ്.ഇത്തരം അവഗണനകള്‍ അവരുടെ വികാരം വ്രണപ്പെടുത്താനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല താനും.
എന്റെ മറ്റൊരു സുഹ്രത്തിനുണ്ടായ അനുഭവം കുറിക്കട്ടെ. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം വിവാഹനിശ്ചയത്തിനായി നാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍, തമാശയ്കായി (അങ്ങിനെ കരുതാന്‍ ബുദ്ധിമുട്ടുണ്ട് എങ്കിലും) അദ്ദേഹത്തിന്റെ സുഹ്രത്തുക്കള്‍ ലഗ്ഗേജിന്റെ പുറത്ത് മലയാളത്തില്‍ "ഇതില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന്" കുറിച്ചു. സമയദോഷമെന്ന് പറയട്ടെ, എയര്‍പോര്‍ട്ട് സ്റ്റാഫ് ഒരു മലയാളി ആയിരുന്നു. അദ്ദേഹം ഇത് കാണുകയും സുഹ്രത്ത് മുസ്ലീമാണ് എന്ന തിരിച്ചറിവ് മൂലം കൂടുതല്‍ അലര്‍ട്ടായി ചെക്കിംഗ് നടത്തുകയും ചെയ്തു. ഒടുവില്‍ അദ്ദേഹത്തിന് 2 ദിവസം കസ്റ്റഡിയില്‍ ഇരിക്കേണ്ടി വന്നു. മാത്രമല്ല ജോലി തന്നെ തുലാസിലാവുകയും ചെയ്തു.
മുംബൈ അറ്റാക്കിന് പകരമായി പാകിസ്താന്‍ അറ്റാക്ക് ചെയ്യണം എന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ പ്രതികരിക്കുന്നത് കഴിഞ്ഞ ദിവസം ഏതോ ഒരു റ്റി വി ചാനലില്‍ കാണാനിടയായി. അതായത് ഇവിടെ കുറെപ്പേര്‍ മരിച്ചതിന് പകരമായി അവിടെയും കൊല്ലിനെടാ കുറെ എണ്ണത്തിനേ എന്ന്. അതിന്റെ ആകെത്തുക കുറെ മരണങ്ങള്‍ എന്നല്ലാതെ മറ്റൊന്നുമല്ല. വളരെ ന്യൂനപക്ഷമായ ഒരു സംഘം ആളുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന് രണ്ട് രാജ്യത്തെ നിരപരാധികള്‍ ബലിയാടാകണോ? അത് വീണ്ടും കുറെ നിരപരാധികളെ തീവ്രവാദികളായി മാറാനല്ലേ സഹായിക്കൂ?
മാത്രുഭൂമിയില്‍ കുറച്ച് നാള്‍ മുന്‍പ് ടെററിസ്റ്റുകളുടെ ഉദ്ദേശ്യമെന്തായിരുന്നിരിക്കും എന്നതിനെ കുറിച്ച് ഒരു ലേഖനം വായിക്കാനിടയായി. ലേഖകന്‍ സ്ഥാപിക്കുന്നത്, ഇന്ത്യയിലെ സാമ്പത്തികതലസ്ഥാനം ആക്രമിക്കുന്നത് വഴി സാമ്പത്തികമായ ഒരു തകര്‍ച്ചയല്ല മറിച്ച് അവര്‍ ആഗ്രഹിക്കുന്നത് യുദ്ധം തന്നെ ആണ് എന്നായിരുന്നു.
അമേരിക്കയിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴും ഒബാമ അഫ്ഘാന്‍ പ്രദേശത്തെ പട്ടാളത്തെ പിന്‌വലിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ തീവ്രവാദകേന്ദ്രമായി ലോകം കാണുന്ന ആ മേഖലയില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ആയാസകരമായിത്തന്നെ തുടരും
മുംബൈ ആക്രമണം കഴിഞ്ഞുള്ള പല ചര്‍ച്ചകളിലും നാം തിരിച്ചറിഞ്ഞതാണ്, പാകിസ്ഥാനിലെ സാധാരണക്കാര്‍ ഒരിക്കലും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന വസ്തുത. പക്ഷെ ഇന്ത്യയുമായി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ തീര്‍ച്ചയായും യുദ്ധത്തിന് പാക്കിസ്ഥാനെ സഹായിക്കാന്‍ തീവ്രവാദികളുണ്ടാകും, അവര്‍ വൈകാതെ തന്നെ ജനങ്ങളുടെ കണ്ണില്‍ പ്രിയപ്പെട്ടവരാകും.
അദ്ദേഹം നിരത്തുന്ന ചില നിരീക്ഷണങ്ങള്‍ ഇവയായിരുന്നു. ആസൂത്രണം ചെയ്തത് പാകിസ്താനിലാണെന്ന് എല്ലാത്തെളിവുകളും അവശേഷിപ്പിച്ച് ഇങ്ങനെ ഒരു ആക്രമണം നടത്തിയത്, വ്യക്തമായ അജണ്ടയോടെ തന്നെ ആവണം. അതായത് യുദ്ധം കൊണ്ട് ആര്‍ക്കേലും നേട്ടം ഉണ്ടാകുന്നെന്കില്‍ അത് തീവ്രവാദികള്‍ക്ക് തന്നെ.
മുംബൈയില്‍ ആക്രമണം നടക്കുമ്പോള്‍ റ്റി വി യില്‍ ആരോ അയച്ച ഒരു കമന്റ് ഇങ്ങനെ "രാജ് താക്കറെ എവിടെ? അദ്ദേഹം അറിയുന്നുണ്ടോ അദ്ദേഹത്തിന്റെ ഉറക്കം സുരക്ഷിതമാക്കുന്നത് മഹാരാഷ്ട്രക്കാരല്ലാത്ത പട്ടാളക്കാരാണെന്ന്?"
കഴിഞ്ഞ കുറേ മാസങ്ങളായി തമിഴ് നാട്ടില്‍ കണ്ടുവരുന്നത് ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ ഉള്ള പ്രതിഷേധമാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇത്തരം പ്രതിഷേധസമരങ്ങള്‍ നടത്തുന്നത് തമിഴ് ചാനലുകള്‍ ആഘോഷമായി കാണിക്കുന്നു. ശ്രീലങ്കയിലെ തമിഴ് ജനത കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിക്കുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ നമ്മുടെ തന്നെ സഹോദരന്മാര്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മക്കെതിരെ പ്രതിഷേധിക്കാന്‍ അവര്‍ മറന്നു. മാധ്യമങ്ങളില്‍ എല്‍ ടി ടി ഇ യെ സഹായിക്കാന്‍ ശ്രമിച്ച തമിഴന്മാരെ അറസ്റ്റ് ചെയ്ത് എന്ന് വായിക്കുമ്പോല്‍ തോന്നി പോകാറുണ്ട്, ഇത് തന്നെ അല്ലേ നമ്മള്‍ പാകിസ്താന്റെ നേരെ ആരൊപിക്കുന്നത്? ശ്രീലങ്ക ഇത്തരക്കാരെ വിട്ട് കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്താകും അവസ്ഥ?
ഒരു ആക്രമണം നേരിടുമ്പോള്‍ മാത്രം നാം ഒന്നെന്ന ചിന്തയും അല്ല്ലാത്തപ്പോള്‍ രാജ്യത്തിനുള്ളില്‍ സ്വയം ആക്രമണം അഴിച്ച് വിടുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മള്‍ അധ:പതിച്ച് തുടങ്ങിയിരിക്കുന്നുവോ? "അന്‍പേ ശിവം" എന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍ മാധവനോട് പറയുന്ന ഡയലോഗ് ഇങ്ങനെ "തീവ്രവാദികള്‍ എന്നെ പോലെ വിരൂപന്മാരിയിരിക്കണമെന്നില്ല, നിന്നെ പോലെ സുന്ദരന്മാരായിരിക്കും". നമ്മുടെ സഹോദരന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത സമൂഹം എങ്ങനെ തീവ്രവാദികളെ നിറവും വര്‍ഗ്ഗവും കൊണ്ട് തിരിച്ചറിയും?
Wednesday, December 31, 2008
Subscribe to:
Posts (Atom)