(ഇതൊരു ബംഗാളി നാടോടി കഥയുടെ മലയാള പരിഭാഷ ആണെന്ന് പറയണം എന്നുന്ട്ട്. നിങ്ങള്‍ വിശ്വസിക്കാമോ?)
എന്ട്രന്‍സ് കഴിഞ്ഞപ്പോള്‍ അച്ഛന് എന്നെ കാര്‍ണിവലിലോ മറ്റോ കത്തിയെറിയാന്‍ വിട്ടിരുന്നെങ്കില്‍ എന്നൊരു ചിന്ത ഉദിച്ചത്. അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല കാരണം തികഞ്ഞൊരു അഭ്യാസിയുടെ മെയ് വഴക്കത്തോടെയായിരുന്നുവല്ലോ എന്റെ എന്ട്രന്‍സ് കറക്കിക്കുത്തല്‍.
എന്റെ റാങ്കിന്റെ സവിശേഷത കൊണ്ട് റാങ്കിന്റെ അത്ര തന്നെ തുക ലോണ്‍ എടുത്ത് വര്‍ഷാവര്‍ഷം ഫീസായി അടച്ച് പഠിക്കേണ്ടതായി വന്നു. കോളേജ് ജീവിതത്തിന്റെ അവസാന സെമസ്റ്റര്‍ വരെയുള്ള കാലങ്ങളില്‍ എന്നെ ബാങ്ക് മാനേജര്‍ നേരിട്ട് വന്ന് ജപ്തി ചെയ്യുന്നതും ശമ്പളം കൊണ്ട് ലോണ്‍ അടയ്കാം എന്ന വ്യവസ്ഥയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്കായി നിര്‍ത്തുന്നതും മുടങ്ങാതെ സ്വപ്നം കണ്ട് നിര്‍വ്രതിയടയാറുണ്ടായിരുന്നു. ഇങ്ങനൊരു സ്വപ്നം മനസ്സില്‍ ജീവപര്യന്തം അനുഭവിച്ചിരുന്നത് കൊണ്ട് കോളേജില്‍ പിറകേ വന്ന പെണ്‍കുട്ടികളോടെല്ലാം സൊറ പറയുന്നതിനു പകരം തെറി പറയാനാണ് തോന്നിയിരുന്നത്.(എന്റെ ഒരു വിനയം!!) കഴുത്തില്‍ കയര്‍ വീണുകിടക്കുന്നവനെങ്ങനെ മറ്റൊരു കഴുത്തില്‍ താലിക്കയര്‍ കുരുക്കും.
കാര്യങ്ങളിങ്ങനെ പോകുമ്പോളാണ് 'ഭാവി മൃദുലം ക്ലിപ്തം' എന്നൊരു സോഫ്റ്റ് വെയര്‍ സ്ഥാപനം പിള്ളേരെ പിടിക്കാന്‍ ഇറങ്ങ്യത്. പേരുപോലെ ഭാവി മൃദുലം ആകുമെന്നൊരു പ്രതീക്ഷയില്‍ ഈയുള്ളവനും പങ്കെടുത്തു ആ കാര്‍ണിവലില്‍.
ചിറകില്ലാത്ത കാക്കകള്‍ പോലും മലന്നു പറക്കുന്ന, പ്രതിപക്ഷ നേതാവ് പോലും ഭരണത്തെ അനുമോദിക്കുന്ന(മാവേലി നാട് സന്കല്പം), എസ് ടി കാരനോട് പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍ ചിരിച്ച് കൊണ്ട്ട് സംസാരിക്കുന്ന, വിനയന്റെ പടം പോലും റിലീസ് ആകാത്ത, സര്‍ക്കാര്‍ ഓഫീസുകള്‍ പത്ത് മണിക്ക് പ്രവര്‍ത്തിക്കുന്ന, സേക്രട്ടിയെട്ടിന്റെ മുന്‍പില്‍ ഒരു സമരപ്പന്തല്‍ പോലും ഇല്ലാത്ത, അങ്ങനെ പ്രതീക്ഷകള്‍ പാടെ തെറ്റിക്കുന്ന ചില വെള്ളിയാഴ്ചകള്‍ ഉണ്ട്ട്. അത്തരത്തില്‍ പെട്ട ഒന്നായിരുന്നു അന്നും. വിധിയുടെ ഈ സവിശേഷസ്വഭാവം മൂലമോ മറ്റോ ഭാവി മൃദുലമാക്കാന്‍ എന്നെയും കൂട്ടത്തില്‍ കൂട്ടാന്‍ തീരുമാനിച്ചു ആ പിള്ളേരെപ്പിടുത്തക്കാര്‍.
ഒരു ജോലി വാഗ്ദാനം ലഭിച്ചതിനു ശേഷമാണ് എനിക്കിത്രയും അഹങ്കാരം ഉണ്ടെന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്. നാലാള്‍ കൂടിയിരുക്കുന്നിടത്ത് സാമ്പാര്‍ വിളമ്പി മാത്രം എക്സ് പീരിയന്‍സ് ഉള്ളവന്‍ ടെക്നോളജി വിളമ്പാന്‍ തുടങ്ങിയതും എങ്ങനെ ഇന്റര്‍വ്യൂവറെ നേരിടാം എന്നൊക്കെ പറഞ്ഞു തുടങ്ങിയതും ആ കാലഘട്ടത്തിലാണ്.
ഏതാണ്ട് ആ കാലത്ത് തന്നെയാണ് എനിക്ക് ഈ ബ്ലോഗിന് ആധാരമായ സംഭവത്തിനു നാന്ദി കുറിപ്പിച്ച ഇ-മെയില്‍ വരുന്നത്. (അത് അയച്ചത് ഏതോ ഒരു ഫീമെയില്‍ ആയിരുന്നു, പേര് ഓര്‍മ്മയില്ല. എങ്കിലും സാരമില്ല നമ്മുടെ കഥയില്‍ ആയമ്മയ്ക് കര്‍ട്ടന്‍ വലിക്കുന്നവന് ചായ കൊടുക്കുവാനുള്ള ഗസ്റ്റ് റോള്‍ മാത്രമേ ഉള്ളൂ.)
ക്ലാസ്സ് കഴിഞ്ഞാല്‍ ഉടന്‍ പെട്ടിയും കിടക്കയും കെട്ടിപ്പെറുക്കിപോന്നോളൂ, നിങ്ങക്ക് ഞാന്‍ പണിതരാം എന്നായിരുന്നു ആ സന്ദേശം. ജീവിതത്തില്‍ ആദ്യമായി അയച്ച മെയിലിന് റിപ്ലേ അല്ലാത്ത, ഫോര്‍വേഡ് അല്ലാത്ത ഒരു മെയില്‍ എന്റെ ഇന്‍ബോക്സ് കാണുന്നത്. കൗതുകം കൊണ്ട് പല ആംഗിളുകളില്‍ ആ മെയില്‍ പഠിച്ച് നോക്കി. അതില്‍ ഏതോ ഒരു ആംഗിളില്‍ നോക്കുമ്പോളാണ് ഒരു ഇ-മെയില്‍ വിലാസം എന്റെ ശ്രദ്ധയില്‍ പെട്ടത്. 'സൗമ്യ അറ്റ് യാഹൂ.കോം'
വാറ്റുകാരനു ഒരു കുളയട്ടയെ കണ്ട സന്തോഷം. വെറുതെ വിടുമോ? ഉടന്‍ തന്നെ സൗമ്യയെ എന്റെ യാഹൂ മെസ്സഞ്ചറില്‍ ആഡ് ചെയ്തു. യാഹൂ!!!
ഒടുവില്‍ ഏതോ ഒരു രാത്രി 11 മണിയോടടുപ്പിച്ച് അവള്‍ വന്നു. അന്നു മഴ പെയ്യുന്നുണ്ടായിരുന്നു.('തൂവാനത്തുമ്പികള്‍'ഇലെ ക്ലാര വന്നതുപോലെ.) പരിപ്പ് വടയുടെ ഗന്ധവും എനിക്കനുഭവപ്പെട്ടു.
എന്റെ ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ച് സൗമ്യ ആദ്യമായി അയച്ച 'ഹായ്' ഇന്നും എന്റെ ഓര്‍മ്മകളില്‍ മസ്തകം ഉയര്‍ത്തി നില്‍പ്പുണ്ട്.(വേറെ അങ്ങനെ നില്‍ക്കുന്നത് രവികുമാര്‍ സാര്‍ കോണ്ടക്ട് സര്‍ട്ടിഫിക്കറ്റില്‍ ഒന്ന് ഇരുത്തിമൂളിക്കൊണ്ട് എഴുതിയ 'ഗുഡ്' ആണ്)
ഞങ്ങളുടെ ആദ്യരാത്രി ഏവം പുരോഗമിച്ചു.(അതിന്റെ മലയാള പരിഭാഷ...ഇടയ്കിടയ്ക് ഇംഗ്ലീഷും)
'തനിക്ക് 'ഭാവി മൃദുല'ത്തില്‍ കിട്ടി അല്ലേ'
'ഉവ്വ്'
'എനിക്കും കിട്ടി'
'ഉവ്വോ'
'എന്താ മുഴുവന്‍ പേര്'
'സൗമ്യദീപ് ചൗധരി' അവള്‍ പേര് നീട്ടിപ്പറഞ്ഞ് അഹങ്കരിച്ചു.
'താങ്കളുടേതോ'
'പാട്ടത്തില്‍ സോമശേഖരന്‍ അജിത്ത്' ഞാനും വിട്ടു കൊടുത്തില്ല
'ഏതാ ദേശം?'
'ബംഗാള്‍'
'ഓ. ആ കടലിന്റെ ലെഫ്റ്റ് അല്ലേ? ഞാന്‍ കേരള. മറ്റേ ആ കടലില്ലെ അതിന്റെ റൈറ്റ്.' പരസ്പരം ഞങ്ങള്‍ വഴി പറഞ്ഞ് മനസ്സിലാക്കി.
'ഒരുപാട് നീളമാണല്ലോ പേരിന്. ഞാന്‍ അജിത്ത് എന്ന് വിളിക്കാം' അവളറിയുന്നില്ലല്ലോ ചൂണ്ടക്കോളുത്ത് എറിഞ്ഞത് തിമിംഗലത്തിനാണെന്ന്.
'തന്റെ പേരിനും എന്തൊരു നീളം. ഞാന്‍ എന്ത് വിളിക്കണം'
നിഷ്കളങ്കനായ കുട്ടി ആണെങ്കില്‍ പോലും അവന്‍ ഐസ് ക്രീം കണ്ടാല്‍ അമ്മയോട് ചോദിക്കുക 'അതെന്താ അമ്മേ, എന്തിനു ഉപയോഗിക്കുന്നതാ?' എന്നാണാല്ലോ.
"എങ്കില്‍ സൗമ്യദീപ് എന്ന് വിളിച്ചോളു." മറുപടി.
"വേണ്ട ഞാന്‍ സൗമ്യ എന്നു വിളിക്കാം." ഞാന്‍ സ്വാതന്ത്ര്യത്തോടെ അരുളിച്ചെയ്തു.
യാഹൂ മെസ്സഞ്ചറില്‍ ഒരു സ്മെയിലി തെളിഞ്ഞു. ബംഗാളിപ്പെണ്ണിന്റെ മനസ്സില്‍ കൂട് കൂട്ടാന്‍ പണിപ്പെടുന്ന മലയാളിപ്പയ്യന് ആദ്യത്തെ പച്ചക്കൊടി.
ബംഗാളി, മലയാളി, എന്തൂട്ടാ പ്രാസം. ഞാന്‍ മനസ്സില്‍ കരുതി.
പിന്നീട് ജോയിനിംഗ് ഡേറ്റും അങ്ങനെ പല പല ഓഫീഷ്യല്‍ ചര്‍ച്ചകളും നടത്തി ഞങ്ങള്‍. ഒരുപാട് സംസാരിക്കണം എന്നുണ്ടെങ്കിലും തലയോലപ്പറമ്പിലെ ഡയല്‍ അപ്പിന്റെ സവിശേഷസ്വഭാവം മൂലം കൂടുതല്‍ സമയം കണക്റ്റ് ചെയ്യാനുള്ള ഉണര്‍ത്ത് പാട്ട് കേട്ടിരിക്കല്‍ ആയിരുന്നു. അതിനാല്‍ ഞങ്ങളുടെ സംഭാഷണങ്ങള്‍ എന്നും മിനുട്ട് സൂചി 90ഡിഗ്രി കറങ്ങുന്നതില്‍ കൂടുതല്‍ നീണ്ടിരുന്നീല്ല.
പിന്നീട് പലപല രാത്രികളിലും മഴയും പരിപ്പുവടയുടെ ഗന്ധവും ഇണ ചേരുകയുണ്ടായി എങ്കിലും മുകളില്‍ പറഞ്ഞ കാരണം കൊണ്ട് തന്നെ ചാറ്റ് വിണ്ടോവില്‍ നിന്നു ഇ-മേയിലിലെക്ക് ഞങ്ങള്‍ക്ക് കൂടു വിട്ട കൂടു മാറേണ്ടി വന്നു. എങ്കിലും ചാറ്റ് വിണ്ടോയെ പൂര്‍ണമായും ഉപേക്ഷിചോന്നുമില്ല.
10-ആം ക്ലാസ്സിലെ മകന്റെ ഹിന്ദിയിലെ ഉജ്ജ്വല പ്രതിഭ കണ്ട് അമ്പരന്നതിനാലും അന്നമ്മ ടീച്ചര്‍ എക്കാലത്തെയും ശത്രു ആയിപ്പോകുമോ എന്ന ഭയത്തിനാലും ജ്യോത്സനെക്കാണാന്‍ പോയ എന്റെ അമ്മയോട് അദ്ദേഹം അരുളിച്ചെയ്തത് ഞാന്‍ ജനിച്ച സമയത്ത് ഒരു ഹിന്ദിക്കാരന്റെ ജേഴ്സി പശു പ്രണയനൈരാശ്യത്താല്‍ 'എന്‍ എസ് എസ്' ഇന്റെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയും ഇതില്‍ കുപിതനായ ഹിന്ദിക്കാരന്‍ ആ സവിശേഷമുഹൂര്‍ത്തത്തില്‍ ഭൂജാതനായ എന്നെ, ഹിന്ദിയില്‍ ചന്ദനക്കുറിക്കാരന്‍ (പൊട്ടന്‍ എന്നും പറയാം) ആയിപ്പോകട്ടെ എന്ന് ശപിക്കുകയും ചെയ്തത്രെ. എങ്കിലും അദ്ദേഹം നിര്‍ദ്ദേശിച്ച സവിശേഷപൂജകളുടെ ഫലമായി 21-ആം വയസ്സില്‍ ഹിന്ദി പഠിക്കാന്‍ ഒരു നിമിത്തം ഉണ്ടാകും എന്നും, അതിലും ഫലമുണ്ടായില്ലെങ്കില്‍ ശേഷം ചിന്ത്യം എന്നും ആയിരുന്നു കര്‍മ്മയോഗം.
അതിന്റെ ലേര്‍ണേഴ്സ് ടെസ്റ്റ് എന്ന പോലെ ഞാന്‍ സര്‍ദ്ദാര്‍ജി ജോക്സില്‍ ശ്രദ്ധ പതിപ്പിച്ക് തുടങ്ങിയിരുന്നു.
ആവശ്യം ആണല്ലോ സൃഷ്ടിയുടെ മദര്‍. ബംഗാളിപ്പെണ്ണിന്റയടുത്ത് 'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വ്രദ്ധന്റെ' കഥ ഒന്നും പറഞ്ഞ് ഫലം ഇല്ലല്ലോ എന്ന് കരുതി ഉണ്ടായ മനസ്താപത്തിന്റെ സന്തതി ആയിരുന്നു ഈ സര്‍ദ്ദാര്‍ ജോക്ക്സ്. ഹിന്ദി അക്ഷരങ്ങളെ കാണുമ്പോള്‍ എനിക്ക് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്തവരെപ്പോലെ തോന്നിയിരുന്നു പണ്ടൊക്കെ. ആവശ്യം അതിന്റെ കരാളഹസ്തങ്ങള്‍ മുറുക്കിയപ്പോള്‍, ഞാന്‍ ആ ആത്മഹത്യക്കാരെ പോസ്റ്റ് മാര്‍ട്ടം ചെയ്യുന്ന ഡോക്ടറെപ്പോലെ നോക്കിക്കാണാന്‍ തുടങ്ങി.
(മാത്രമല്ല ബംഗാളില്‍ എനിക്ക് വേറെ പേരിനെങ്കിലും പരിചയം ഉള്ളത് സൌരവ് ഗാംഗുലിയും സത്യജിത് റേയും മാത്രമാണല്ലോ)
ഒടുവില്‍ ഒരു രാത്രിയില്‍ എന്നോട് നാണത്തോടെയാവണം അവള്‍ ചോദിച്ചു. 'ഡു യു ഹാവ് എനി ലവ് അഫയര്‍സ്?'
സര്‍ദാര്‍ ജോക്സിന്റെയും ഒഫീഷ്യല്‍ മാറ്ററിന്റെയും ട്രാക്കില്‍ മാത്രം ഓടിക്കൊണ്ടിരുന്ന വണ്ടിക്ക് ഒരു ഓഫ് ടോപ്പിക്കിലൂടെ പുതിയൊരു ഹായ് വേ തുറന്നു തന്നു ആ ചോദ്യം.
ചാറ്റ് വിന്‍ഡോ തിളങ്ങി. "ഡു യു ഹാവ് എനി ലവ് അഫയര്‍സ്?"
എത്ര സുന്ദരമായ ചോദ്യം. ഈ ചോദ്യത്തിനു ആരും ക്രുത്യമായ ഉത്തരം നല്‍കില്ല എങ്കിലും, ചോദ്യകര്‍ത്താവിന്റെ മാനസസഞ്ചാരത്തെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ക്ക് വഴിവെക്കാന്‍ സഹായിക്കുന്ന ഒന്നാണല്ലോ ഇത്തരത്തിലൊരു ചോദ്യം.അവള്‍ക്കെന്തോ ഒരു ഇത് അല്ലെങ്കില്‍ അത് തോന്ന്യോണ്ടാണല്ലോ ഇങ്ങനെയൊരു ചോദ്യം.
അപ്പോള്‍ നമ്മള്‍ നിരാശപ്പെടുത്താന്‍ പാടില്ല. ഒട്ടും നിരാശജനിപ്പിക്കാത്ത ഒരു ചോദ്യം തിരിച്ചും എയ്തു.
"വാട്ട് അബോട്ട് യു??"
അപ്പോള്‍ ചാറ്റ് വിന്‍ഡോവില്‍ തെളിഞ്ഞ 'നോ' യും ഫീസ് ഇനിയും അടയ്ക്കാനുണ്ടോ സാറെ എന്നു യൂണിവേഴ്സിറ്റിയില്‍ ചോദിച്ചപ്പോള്‍ കേട്ട 'നോ'യും ആണ് ജീവിതത്തില്‍ എന്നെ സന്തോഷിപ്പിച്ച 'നോ'കള്‍.('നോ'യ്കും അത്ര മധുരം ഉണ്ടാകും ചിലപ്പോള്‍.)
ആഗസ്റ്റ് 16. അതിനു മുന്‍പ് ഒരു ജോയിനിംഗ് ഡേറ്റ് ഉണ്ടായിരുന്നു എങ്കില്‍ അവള്‍ ജോയിന്‍ ചെയ്തില്ല. എന്തോ നിസ്സാരകാരണം പറഞ്ഞുവെങ്കിലും യഥാര്‍ഥ കാരണത്തെക്കുറിച്ച് എന്റെ മനസ്സില്‍ ഒരു ധാരണ ഉണ്ടായിരുന്നു. "ഷി ഡോണ്ട് വാണ്ട് ടു ജോയിന്‍ വിത്തൗട്ട് മി". (ചില പെണ്ണുങ്ങള്‍ അങ്ങനെയാണല്ലോ. ഒന്നും സമ്മതിച്ച് തരൂല്ലല്ലോ.)
ആഗസ്റ്റ് 16 വരാന്‍ ഞങ്ങള്‍ കാത്തിരുന്നു. അവള്‍ ബംഗാളിലും ഞാന്‍ കേരളത്തിലും. പോകുന്നതിനു മുന്‍പ് അവസാനം ഓണ്‍ലൈന്‍ കണ്ട ദിവസം അവള്‍ ചോദിചു. (അതിന്റെ മലയാള പരിഭാഷ. വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് മലയാളത്തില്‍ ആക്കുന്നു:) )
"നമ്മള്‍ ഒടുവില്‍ കാണാന്‍ പോകുന്നു അല്യോ"
"അതേ"
"കണ്ടാല്‍ എങ്ങനെ തിരിച്ചറിയും"
'മതിലുകള്‍'ഇല്‍ നാരായണി ബഷീറിനോട് ചോദിച്ച ചോദ്യത്തിന്റെ സമാനസ്വഭാവം ഉള്ള ഒന്ന്.
"കണ്ടാല്‍ എനിക്ക് മനസ്സിലാകും" ഞാന്‍ വാക്കുകളില്‍ ആത്മവിശ്വാസം വെറുതെ കുത്തി നിറച്ചു.
അവളൊന്നു ചിരിച്ചു.
"എനിക്ക് ഒരു പക്ഷെ പിടികിട്ടില്ലാ ട്ടോ. അങ്ങനാണേല്‍ എന്നെ കാണുമ്പോള്‍ വന്നാല്‍ മതി" അവള്‍ നയം വ്യക്തമാക്കി.
എന്റെ മനസ്സില്‍ അവളെക്കുറിച്ച് അത്ര വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നില്ല. ബോബ് ചെയ്ത മുടിയും കുപ്പിക്കണ്ണാടിയും ഒക്കെ ധരിച്ച ഒരു ഭീകരരൂപമായിരിക്കുമോ അതോ ഒരു ബംഗാളി സുന്ദരിക്ക് ചേര്‍ന്ന അംഗലാവണ്യങ്ങളോട് ചേര്‍ന്ന ഒരു രൂപമോ?
കാത്തിരുന്നു കാണുക തന്നെ. സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ഇന്ത്യാക്കാരനും തന്റെ രാജ്യത്തെ മറ്റൊരു പ്രജയെക്കുറിച്ച് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകില്ല. അങ്ങനെ ആഗസ്റ്റ് 15 കടന്നുപോയി.
ഒടുവില്‍ ജോയിനിംഗ് ദിവസം ഭൂജാതനായി. ഏതോ ഒരു ഫോര്‍മല്‍ ഷര്‍ട്ടിനുള്ളില്‍ കയറിക്കൂടി ഞാന്‍ ഓഫീസില്‍ എത്തി. അന്നു ഞാന്‍ തലമുടി ചീവാന്‍ എടുത്ത സമയം കൊണ്ട് ഒരാനയെ കുളിപ്പിക്കാമായിരുന്നു എന്നും അതിനു സ്പെന്റ് ചെയ്ത എനര്‍ജി കൊണ്ട് ഒരു ടര്‍ബൈന്‍ കറക്കാമായിരുന്നു എന്നും അസൂയക്കാരും പാണനും പാടി നടന്നു.
തൂവാനത്തുമ്പികളിലെപോലെ അവസാന സീന്‍ പോലെ അന്ന് മാത്രം മഴ പെയ്തില്ല.
ഓഫീസില്‍ എത്ത്യപ്പോള്‍ ശിവരാത്രി ദിവസം ത്രശ്ശൂര്‍ പൂരം ആലുവാ മണപ്പുറത്തേക്ക് മാറ്റ്യാല്‍ എന്നപോലെ ജനപ്രവാഹം. ഓഫീസ് ട്രെയിനിംഗ് റൂമില്‍ കറങ്ങി നടന്ന എനിക്ക് എല്ലാം അപരിചിത മുഖങ്ങള്‍ മാത്രം. ഇക്കൂട്ടത്തില്‍ എവിടെയോ എന്റെ ബംഗാളി മുഖം ഒളിച്ചിരിപ്പുണ്ടല്ലോ. എന്നെ തിരയുന്ന രണ്ട് കണ്ണുകള്‍ ഉണ്ട്.(രണ്ട് കണ്ണുണ്ട് എന്നതെല്ലാം സങ്കല്‍പ്പം മാത്രം) അതെങ്ങനെ കണ്ടെത്തും.
ആരോടേലും ചോദിച്ച് അവളെ കണ്ടെത്തുക എന്നത് ഞാന്‍ മുന്‍പ് പറഞ്ഞ പ്രസ്താവനകളുടെ പൊള്ളത്തരം വെളിവാക്കും എന്നതിനാല്‍ അതിനു തുനിയുക സാധ്യമല്ല. ഇജ്ജാതി ചിന്തകളേയും മുറുകെ കെട്ടിപ്പിടിച്ച് ഞാന്‍ ഒരു കസേരയില്‍ ഇരുന്നു.
ഒടുവില്‍ എച് ആര്‍ സുന്ദരി ഓരോരുത്തരെ ആയി പരിചയപ്പെടുത്തുന്ന കര്‍മ്മം ആരംഭിച്ചു. ഞാന്‍ സൗമ്യ എന്ന പേരിനായി കാതോര്‍ത്ത് ഇരുന്നു. (അവളെന്റെ പേരിനായും കാതോര്‍ത്തിരുന്നിരിക്കണം)
ഒടുവില്‍ എന്റെ ആകാംക്ഷ കണ്ട് കരളലിഞ്ഞിട്ടോ മറ്റോ ദൈവം എച് ആര്‍ ചേച്ചിയുടെ നാവില്‍ സൗമ്യയെ എത്തിച്ച് കൊടുത്തു.
ഒരു നിമിഷം മൗനം. ബഹളത്തിനിടയില്‍ ഞാന്‍ മാത്രമേ അത് കേട്ടുള്ളോ അതോ എനിക്ക് ചിത്തഭ്രമത്തിന്റെ ആരംഭമാണോ?
വീണ്ടൂം ആ പേരു വിളിച്ചു. എനിക്ക് ധൈര്യം കൈവന്നു. "ഇല്ല ഭ്രാന്ത് പിടിച്ചിട്ടില്ല"
മുന്‍പില്‍ എവിടെയോ ഒരു കസേരയില്‍ മാത്രം അനക്കം. ഒരു ബോബ് ചെയ്ത തല പൊങ്ങുന്നു. ആ തല ഒഴികെ ഒന്നും ദ്രശ്യമല്ല. ഒടുവില്‍ ആ തലയുടെ കീഴെ ഉള്ള ഉടലും ദ്യശ്യമായിത്തുടങ്ങി. ഞാന്‍ മോഹാലസ്യപ്പെട്ട് പോയില്ല എന്നേ ഉള്ളൂ.
സൗമ്യദീപ് ചൗധരി എന്ന എന്റെ സൗമ്യ ഒരു ആണ്‍കുട്ടി ആയിരുന്നു!!!
'ഷി ഈസ് എ മാന്‍' ട്രൂത്തില്‍ മമ്മൂട്ടി പറഞ്ഞ അതേ വാചകം ഞാന്‍ ഓര്‍മ്മിച്ചു.
ഇതെങ്ങനെ സംഭവിച്ചു. പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയോട് 'സെക്സ്' ചോദിക്കുന്നത് പാപം ആയതിനാല്‍ ഞാന്‍ അത് ഒരിക്കലും ചോദിച്ചിരുന്നില്ല. "ബട്ട് ഹേ ബംഗാളി, ഇങ്ങനെ ഒന്നുണ്ടെങ്കില്‍ അത് അറിയിക്കുക നിന്റെ ധര്‍മ്മം ആയിരുന്നില്ലേ"
എന്റെ മനസ്സില്‍ ഉണ്ടായിരുന്ന സൗമ്യയും എന്റെ കണ്മുന്‍പില്‍ ഉണ്ടായിരുന്ന സൗമ്യയും തമ്മില്‍ കട്ടന്‍ കാപ്പിയും കൊക്കക്കോളയും തമ്മിലുള്ള സാമ്യം പോലുമില്ല.
തൊട്ടടുത്ത് സീറ്റില്‍ ഇരുന്ന ത്രുശ്ശൂര്‍ കാരി സ്മൃതി, ത്രശ്ശൂര്‍ അമേരിക്കയിലും വൈക്കം ലോകത്തിന്റെ വേറെ ഒരു കോണിലും ആണെന്ന മട്ടില്‍ ആംഗലേയത്തില്‍ മൊഴിഞ്ഞു,
"സംതിംഗ് ഈസ് റോങ്ങ്"
"വാഴ്‌വേ മായം" കഷ്ടപ്പെട്ട് ഞാന്‍ ചിരിച് കാണിച്ചു.
പണ്ട് എന്റെ ഒരു സുഹ്രത്ത് അവന്റെ കണക്ക് പുസ്തകത്തിന്റെ അവസാന താളുകളില്‍ കുറിച്ച് വച്ചിരുന്ന സിനിമാഗാനത്തിന്റെ വരികള്‍ എന്റെ കണ്ണില്‍ അപ്പോള്‍ തെളിഞ്ഞ് വന്നു.
"കരയുന്ന തിരമാലകളെ ചിരിക്കുന്ന പൂക്കളെ
അറിയില്ല നിങ്ങള്‍ക്കെന്റെ അടങ്ങാത്ത ജന്മദു:ഖം."
അന്ന് ശ്വാസം നേരെ ആയതിനു ശേഷം ഞാന്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍, ഇലക്ഷന്‍ നേരിടുന്ന രാഷ്ട്രീയക്കാരന്റെ ചിരിയോട് കൂടി, സൗമ്യയെ പരിചയപ്പെടുകയും ഞാന്‍ കണ്ട് പിടിച്ചെന്ന പോലെ അവനോട് മിണ്ടുകയും ചെയ്തു.
അന്നും ഇന്നും അവനെ കാണുമ്പോള്‍ എന്റെ മനസ്സ് തേങ്ങും
"എനിക്ക് പിറക്കാതെ പോയ കാമുകി ആണല്ലോ ഉണ്ണീ നീ"
***********പതിവ് പോലെ അശുഭം***********
Tuesday, January 22, 2008
Subscribe to:
Posts (Atom)