വേലിയില്‍ ഇരുന്ന അച്ചായനെ എടുത്ത് തോളത്ത് വെച്ചു എന്ന പോലെ ആയി 20-20 എന്ന ചലച്ചിത്രകാവ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രത്തെക്കുറിച്ച് അനഭിലഷണീയമായ അഭിപ്രായപ്രകടനം നടത്തിയത്. ചിത്രം എനിക്ക് കാണാന്‍ സാധിച്ചത് കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോഴാണ്. അതായത് റിലീസിങ്ങിനു ഏകദേശം ഒരു മാസത്തിനു ശേഷം. എന്റെ കാഴ്ചപ്പാടുകളില്‍ ഒരുപക്ഷെ ആ കലപ്പഴക്കത്തിന്റെ ഇമ്പാക്റ്റും ഉണ്ടാകും.
മലയാളികള്‍ക്ക് അഭിമാനിക്കാനും തമിഴന്റെയും തെലുങ്കന്റെയും ഒക്കെ മുന്‍പില്‍ ഞെളിഞ്ഞ് നിന്ന്, കാണെടാ ഞങ്ങളുടെ ചലച്ചിത്ര വിസ്മയം എന്നും പറയാന്‍ അവസരം നല്‍കുന്ന ചിത്രം അത്രെ. അങ്ങനെ പറയുമ്പോള്‍ ശ്രദ്ധിക്കുക, അവര്‍ക്കാര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ ആവണം വിളിച്ച് കൂവാന്‍.
ചിത്രം കാണാന്‍ തീയറ്ററില്‍ ഇരിക്കുന്നവരെക്കാള്‍ കൂടുതല്‍ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം. നിങ്ങളാരെക്കൊണ്ട് പറ്റുമെടാ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍. (ചിലപ്പോള്‍ വല്ല കാര്‍ട്ടൂണ്‍ സിനിമക്കാര്‍ക്ക് മാത്രം തകര്‍ക്കാന്‍ പറ്റുന്ന റെക്കോര്‍ഡ് )
ചിത്രത്തിന്റെ ആകെത്തുക എന്തെന്ന് ഏതാനും വരികളില്‍ വിവരിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ രചന ഇങ്ങനെ "നീയും പാതി ഞാനും പാതി നെഞ്ചില്‍ തത്തും ഗാനം പാതി". അതന്നെ ചിത്രവും ഉദ്ദേശിച്ചത്. എല്ലാം പപ്പാതി. വില്ലന്മാരുടെ എണ്ണത്തില്‍ വരെ വ്യക്തമായ ഒരു വീതം വെപ്പ് നടത്താനായി എന്നത് ശ്ലാഘനീയം തന്നെ.
ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ട തിരക്കഥ. എത്ര ഗതികേട് വന്നാലും തിരക്കഥാക്രുത്തുകള്‍ എന്തൊക്കെ ചെയ്യരുത് എന്നതും പാഠ്യവിഷയമാകേണ്ടതാണല്ലോ. എന്തായാലും ദിലീപ് നല്‍കിയ ലിസ്റ്റിലെ താരങ്ങളെ അങ്ങിംഗ് ഡേറ്റ് നോക്കി കുത്തിനിറയ്കുക എന്നത് അത്ര എളുപ്പമുള്ള ജോലി അല്ല. അത്തരുണത്തില്‍ ഒരു പക്ഷെ ഈ തിരക്കഥ മാനേജ്‌മന്റ് കോഴ്കിലും പാഠ്യവിഷയമാക്കാവുന്നതാണ്.
ആദ്യമായാണ് മലയാളചലച്ചിത്രത്തിനു തീയറ്ററുകളില്‍ ഇങ്ങനെ ചില പ്രതികരണങ്ങള്‍ കാണുന്നത്. അതായത് ലാലേട്ടന്റെ ഇന്റ്രൊഡക്ഷന്‍ സീന്‍ കണ്ട് സങ്കടം വന്ന ഫാന്‍സ് സ്ക്രീനിലേയ്ക് ചെരിപ്പെറിഞ്ഞാണ് രോഷം തീര്‍ത്തത്. ഇത്തരമൊരു ഫാന്‍ ഭ്രാന്ത് നമുക്ക് അപമാനകരമല്ലേ? തമിഴന്മാര്‍ സ്ക്രീന്‍ കീറി, തീയറ്റര്‍ കത്തിച്ചു തുടങ്ങിയ അന്ധമായ ആരാധനയുടെ കഥകള്‍ കേട്ട് ചിരിച്ച് നടന്നിരുന്ന മലയാളികള്‍ ഇതിപ്പോള്‍ അതിലും താഴാന്‍ ഞങ്ങള്‍ക്കാകുമേ എന്ന് കാണിച്ച് തുടങ്ങിരിക്കുന്നു.
ചിത്രത്തില്‍ അങ്ങിങ്ങായി പരസ്യങ്ങളും താരങ്ങളുടെ ഡയലോഗായി കുത്തിനിറയ്കുക ഉണ്ടായി. ഒരുപക്ഷെ 20-20 എന്ന പേര് സാധൂകരിക്കാനായിരിക്കണം. ഇങ്ങനെ ഒരു ചിത്രം കൊണ്ട് അമ്മയ്കും ദിലീപിനും മാത്രമായിരിക്കും എന്തെങ്കിലും തരത്തിലുള്ള പ്രയോജനം. ഒരിക്കലും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ചിത്രമായി മാറാന്‍ ഇത്തരത്തിലൊരു പ്രതിഭാസംഗമത്തിനു കഴിയാത്തത് നിരാശജനകം തന്നെ.
അമ്മ പ്രസിഡന്റായത് കൊണ്ടാകും ഇന്നസന്റ് ചിത്രത്തിലുടനീളം അങ്ങിങ്ങ് തലകാണിച്ച് പോരുന്നത്. പക്ഷെ ഇന്നസെന്റും ജഗദീഷും തുടങ്ങി ഒരു പിടി നല്ല താരങ്ങള്‍ ശൂന്യതയില്‍ നിന്ന് ഹാസ്യമുണ്ടാക്കാനുള്ള വിഫലശ്രമം നടത്തുന്ന കാഴ്ചയും പ്രേക്ഷകരെ നിരാശരാക്കുകയും ബോറടിപ്പിക്കുകയും ചെയ്യും.
ഈ താരങ്ങളെല്ലാം ഒരുമിച്ച് വേണമെന്നില്ല മലയാളത്തില്‍ ഒരു ചിത്രം വന്‍ വിജയമാകാന്‍, മറിച്ച് കാമ്പുള്ള കഥയും നല്ലാ കഥാഖ്യാനശൈലിയും മാത്രം മതി. ഇത് പലകുറി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. അങ്ങനെയിരിക്കെ ഇത്രയഥികം താരങ്ങളെ ഒരുമിച്ച് ലഭിച്ചപ്പോള്‍ നല്ല കാമ്പുള്ള ഒരു കഥ മെനഞ്ഞ്, ഇത്തരമൊരു അത്യപൂര്‍വ്വമായ കൂട്ടുചേരല്‍ അവിസ്മരണീയമാക്കുകയായിരുന്നു ദിലീപെന്ന 'കലാകാരന്‍' (കച്ചവടക്കാരന്‍ മാത്രമല്ലല്ലൊ) ചെയ്യേണ്ടിയിരുന്നത്. ചിത്രം നല്ലതാണെങ്കില്‍ അമ്മയിലെ എല്ലാ താരങ്ങളും ഇല്ല എന്ന് പറഞ്ഞു ആരും ചിത്രം കാണാന്‍ പോകാതിരിക്കില്ലല്ലോ.
ഇനി അഞ്ച് നായകരെയും ഇത്രയധികം താരങ്ങളെയും ഒരുമിച്ച് അണിനിരത്തണം എന്ന് നിര്‍ബന്ധമായിരുന്നെങ്കില്‍, തീര്‍ച്ചയായും ദിലീപിനു മഹാഭാരതകഥ ചലച്ചിത്രമാക്കിമാറ്റാമായിരുന്നു !!! ഏതെങ്കിലും ഒരു താരത്തിന്റെ ഫാന്‍ അല്ലാത്ത പ്രേക്ഷകര്‍ക്ക് ഇത്തരമൊരു തട്ടിക്കൂട്ട് ചിത്രം ദഹിക്കുമെന്ന് ഈയുള്ളവന്റെ സാമാന്യബുദ്ധിക്ക് തോന്നുന്നില്ല. അത് തന്നെ ആവണം ആദ്യദിവസങ്ങളില്‍ ഇരമ്പിക്കയറുന്ന ഫാന്‍സിന്റെ പോക്കറ്റില്‍ നിന്ന് അധികചര്‍ജ് ഈടാക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ദിലീപിന് തോന്നാന്‍ കാരണം. എന്തായാലും അത്തരമൊരു നടപടി കടയ്കലേ നുള്ളിയത് പ്രോത്സാഹനീയം തന്നെ.
ഭാരതത്തിലെ തന്നെ മികച്ച കലാകാരന്മാരുള്ള, മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന ചലച്ചിത്രസമൂഹം ഇത്തരത്തില്‍ മോശമാകുന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസ്യകരമല്ല. കഴിഞ്ഞവര്‍ഷം നിങ്ങളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഏതെങ്കില്‍ ചിത്രത്തിന് ജന്മം നല്‍കാന്‍ മലയാളസിനിമയ്കായോ എന്ന് ആലോചിച്ച് നോക്കാവുന്നതാണ്. എന്തോ ചില സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി പേനയുന്തുന്നവരും ഇത്തരം കച്ചവടതാല്‍പര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് നല്ലതിനാകില്ല.
ചിത്രം കഴിഞ്ഞിറങ്ങിയപ്പോള്‍ വളരെ രസകരമായ ഒരു കമന്റ് കേട്ടത് ഇങ്ങനെ "വിജയരാഘവന്റെ ഡേറ്റ് കിട്ടിയില്ല ഇല്ലെങ്കില്‍ മമ്മൂക്ക തട്ടിയേനെ" :)
Sunday, December 21, 2008
Subscribe to:
Posts (Atom)