'ദ നൈറ്റ് ഈസ് സ്റ്റില്‍ യങ്ങ്' നിറം പകര്‍ത്തിയ ഗ്ലാസ് കയ്യില്‍ ബലമായി അമര്‍ത്തിപ്പിടിച്ച് ബാലു പറയുന്നുണ്ടായിരുന്നു. നൈറ്റോ, സന്ധ്യാനേരമല്ലേ ആയിട്ടുള്ളൂ? എന്റെ കണ്ണില്‍ രാത്രി അപ്പോഴും ഒരു ഗര്‍ഭസ്ഥശിശു എന്നതില്‍ കവിഞ്ഞ് വളര്‍ച്ച പ്രാപിച്ചിട്ടില്ലായിരുന്നു. എങ്കിലും ഞാന്‍ ആ പ്രസ്താവന ഖണ്ഡിക്കുകയുണ്ടായില്ല. ബാലുവിന്റെ സന്തോഷമാണല്ലോ നമുക്ക് പ്രധാനം(അല്ലാതെ പേടിച്ചിട്ടൊന്നുമല്ല ഛേ!)
ഗ്ലാസ്സുകളില്‍ നുരയും പതയും നിറഞ്ഞു.
'പുതുവര്‍ഷം വന്നണയാന്‍ ഇനിയും 5 മണിക്കൂര്‍ കൂടി ഉണ്ട്' വാച്ചില്‍ സൂക്ഷിച്ച് നോക്കിക്കോണ്ട് അരുണ്‍ അറിയിച്ചു. (അരുണ്‍കുമാര്‍ സി വി എന്ന ഈ ജീവിയെ 'സീവി' എന്ന അപരനാമത്തില്‍ ആണ് ചെന്നൈ നഗരം അറിയുന്നത്. ടൈപ്പിംഗ് എഫര്‍ട്ട് കുറയ്കാന്‍ ഞാനും അങ്ങനെ പറയട്ടെ.)
നിറച്ച ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിയപ്പോള്‍ അനൂപേട്ടന്‍ ആണ് ആദ്യം 'ചിയേഴ്സ്' പറഞ്ഞത്. അതോടൊപ്പം മറ്റ് ശബ്ദങ്ങളും ആപ്തവാക്യം ഏറ്റ് ചൊല്ലി. നാടോടുമ്പോള്‍ നടുവേ തന്നെ എന്ന് മനസ്സില്‍ കുറിച്ച് ഞാനും ഒരു ഗ്ലാസ്സെടുത്ത് ആഞ്ഞ് മുട്ടിച്ചു. 'ചിയേഴ്സ്'
'മദ്യപാനം സര്‍വ്വധനാല്‍ പ്രധാനം' എന്നായത് കൊണ്ട് ഓര്‍ഡറുകള്‍ കൂടിക്കൊണ്ടേയിരുന്നു. ഇതിനിടയില്‍ ഒരു ലാര്‍ജ് വോഡ്കയുമായി വന്ന ബേറര്‍ ചിരിച്ച് കൊണ്ട് ചൂളമടിക്കുന്നുണ്ടായിരുന്നു. എന്താണാവോ ഈ ചൂളമടിയ്ക് പിന്നില്‍ എന്നറിയാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എത്തിച്ച് നോക്കി. ഞങ്ങളുടെ ബില്‍ തുക ആയിരം തികഞ്ഞിരിക്കുന്നു! കുഡോസ്!
'പുതുവര്‍ഷം വന്നണയാന്‍ ഇനിയും നാലു മണിക്കൂര്‍' സിവിയുടെ വാച്ച് സമയമറിയിച്ചു.
'നൈറ്റ് ഈസ് സ്റ്റില്‍ യങ്ങ് അളിയാ, നീ പാട്' ബാലുവിന്റെ അനുമതി ലഭിച്ചു.
സിവി പാടിത്തുടങ്ങി. അങ്ങനെ ഒടുവില്‍ സംഗീതസഭയ്ക് തുടക്കമായി.
"പുലരിയില്‍ ഇളവെയിലാടും പുഴ പാടുകയായ്....
പ്രിയമൊട് കുയില്‍മൊഴി തൂകും കാവേരി നീ....(2)
മലര്‍വാക തന്‍ നിറതാലവും
അതിലായിരം കുളിര്‍ ജ്വാലയും
വരവേല്‍ക്കയാണിതിലേ ആരോമലേ.....
ആകാശമാകെ കണിമലര്‍ കതിരുമായി പുലരി പോയ് വരൂ...
പുതുമണ്ണിനു പൂവിടാന്‍ കൊതിയായ് നീ വരൂ...."
[നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍]
പാട്ട് തീര്‍ന്ന ഉടന്‍, ഉരുള്‍പെട്ടലില്‍ പെട്ട ആട്ടിന്‍ കുട്ടിയെപ്പൊലെ പകച്ച് നിന്ന തമിഴ് പയ്യനെ നോക്കി അറിയാവുന്ന തമിഴില്‍ സിവി പറഞ്ഞു. "എങ്കളുക്ക് റൊമ്പ പിടിച്ച ഒരു പാടല്‍. മോഹന്‍ലാല്‍, കേള്‍വിപ്പെട്ടിരിക്കിയാ?"
ദുര്‍വ്വാസാവ് പണ്ട് ക്വസ്റ്റന്‍ ചോദിക്കുമ്പോള്‍ ആളുകള്‍ക്കുണ്ടായിക്കൊണ്ടിരുന്ന ആ ഒരു ഡെയിലമോ ഇല്ലേ, അതനുഭവപ്പെട്ടതു കൊണ്ടോ മറ്റോ തമിഴ് പയ്യന്‍ അടൂര്‍ ഗോപാലക്രഷ്ണന്റെ പടത്തില്‍ വേണു നാഗവള്ളി മാത്രമുള്ള ഷോട്ടിലെന്ന പോലെ നിര്‍വാണം പ്രാപിച്ച് നിലകൊണ്ടു.
ശബ്ദങ്ങളെല്ലാം ഒന്ന് ഉയര്‍ന്ന് പൊങ്ങി നിലച്ചു. ഒടുവില്‍ അനൂപേട്ടന്റെ 'ചേട്ടാ ഒരു വോഡ്കാ' എന്ന അനൗണ്‍സ്മെന്റില്‍ വീണ്ടും രംഗം ചൂട് പിടിച്ചു.
തമിഴ് പയ്യന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതിരുന്ന സിവിയുടെ താടിക്ക് തട്ടി അനൂപേട്ടന്‍ തുടങ്ങി.(ഒപ്പം സിവിയും)
"ഈ വഴിയരികില്‍..ഈ തിരുനടയില്‍.. [2]
പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടി..
മഞ്ഞിന്‍ തുകില്‍ പദം എഴും സുമതടങ്ങള്‍ പൂകി..
മരന്ദ കണങ്ങളൊഴുക്കി മനസ്സില്‍കുറിച്ചു തരുന്നു നിന്‍ സംഗീതം....
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ..
തൂവെളിച്ചം കോരിനില്‍ക്കും പൂക്കനിയല്ലേ..
ആകാശം താഴുന്നു..
നീഹരം തൂകുന്നു.
കതിരൊളികള്‍ പടരുന്നൂ
ഇരുളലകള്‍ അകലുന്നൂ..
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി.. "
[താളവട്ടം]
എനിക്ക് ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'നാദരൂപിണി' ഗാനരംഗം ഓര്‍മ്മ വന്നു. അതേ പോലെ ഒരു സംഗീതസഭ ഇവിടേയും. 'പഞ്ചമം', 'ഗാന്ധാരം' എന്നതിനൊക്കെ പകരം ക്രത്യമായ ഇടവേളകളില്‍ ചേട്ടന്മാര് പറഞ്ഞോണ്ടിരിക്കുന്നത് 'വിസ്കി', 'വോഡ്ക', 'സോഡ' എന്നൊക്കെ ആണെന്ന് മാത്രം.
"ഇനി രണ്ട് മണിക്കൂര്‍ മാത്രമേയുള്ളൂവത്രേ പുതുവര്‍ഷം വന്നുചേരാന്‍." വീണ്ടും സിവി വാച്ചില്‍ നോക്കി വാചാലനായി.
മുന്‍പിലിരുന്ന കപ്പ തോണ്ടിക്കൊണ്ട് നിരാശകലര്‍ന്ന കണ്ണുകളോടെ സിവി എന്നോടു പറഞ്ഞു. "ഈ കള്ളും കപ്പയും കരിമീനും ലാലേട്ടനും എന്നും മലയാളിയുടെ വീക്ക്നെസ്സാ, ആള്‍ക്കാരെത്ര കുറ്റം പറഞ്ഞാലും."
അപ്പോഴാണ് ഞാന്‍ വിഷയം ശ്രദ്ധിച്ചത്. ലാലേട്ടന്റെ ഗോള്‍ഡന്‍ ഗാനങ്ങള്‍ ആണ് ബോധം മറയുന്ന അവസരത്തിലും ഈണം തെറ്റാതെ, വരികള്‍ മുറിയാതെ പാടുന്നത്. അതും സിവിയുടെ ശൈലിയില്‍ ഒരു ഗാനം പാടിത്തുടങ്ങുന്നത് അനുപല്ലവിയില്‍ നിന്ന് മാത്രം. പല്ലവി പാടി ഗാനം അവസാനിപ്പിക്കും.
അനുപല്ലവിയില്‍ നിന്നു പല്ലവിയിലെക്ക് തിരിച്ച് ഒഴുകുന്ന ഗാനധാര.
"തികച്ചും ഇന്ററസ്റ്റിംഗ്" ഞാന്‍ മനസ്സില്‍ കരുതി.
"കള്ളും കപ്പയും കരിമീനും ലാലേട്ടനും എന്നും മലയാളിയുടെ വീക്ക്നെസ്സാ, ആള്‍ക്കാരെത്ര കുറ്റം പറഞ്ഞാലും. ഇനിയും കാശെത്ര വേണേലും കളയും ഇവര്‍ക്ക് വേണ്ടി." സിവി ഒരു ലോട്ടറിവില്‍പനക്കാരന്റെ ആത്മാര്‍ത്ഥതയോടെ തുടര്‍ന്നുകൊണ്ടിരുന്നു.
അവസാനത്തെ വാചകം ബാറിന്റെ ഡോറില്‍ തട്ടി പ്രതിധ്വനിച്ചു. അതുവഴി കടന്നു വന്ന വെയിറ്റര്‍ മൂന്നാമതും ചൂളമടിച്ചു. ഇക്കുറി എനിക്കതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ വൈകിയില്ല. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. 144 പ്രഖ്യാപിക്കാനൊന്നും സാധിക്കില്ലല്ലോ. ലാലേട്ടന്റെ സിനിമ ഹിറ്റാവാത്തത് വരെ ഉള്ള വിഷമങ്ങള്‍ ഈ ന്യൂ ഇയറിനു മുന്‍പ് ഇവിടെ പറഞ്ഞ് തീര്‍ക്കാനുണ്ടല്ലോ സഖാക്കള്‍ക്ക്.
ഭാഗ്യവശാല്‍ മൂന്നാമത്തെ ചൂളമടി കഴിഞ്ഞപ്പോഴേക്കും ലാലേട്ടന്‍ വഴിമാറുകയും പകരം ട്രിവാണ്ട്രത്തെ ഏതോ ബാറിലെ പോളേട്ടന്‍ ചാര്‍ജ് എടുക്കുകയും ചെയ്തു.ലാലേട്ടനില്‍ നിന്ന് പോളേട്ടനില്‍ എത്തിച്ചത് 'തൂവാനത്തുമ്പികള്‍' ആയിരുന്നു.( 'ഡേവിഡേട്ടാ ഒരു ബിയര്‍, ചില്‍ഡ്' ഓര്‍ക്കുമല്ലോ!)
ട്രിവാണ്ട്രത്തെ പ്രസ്തുത ബാറില്‍ എല്ലാവരും സഹപാഠികളേക്കാള്‍ പരിചയക്കാരായിരുന്നു പോലും. അവരെക്കുറിച്ചോര്‍ത്തപ്പോള് നനഞ്ഞ കോഴി, തൂവല്‍ കുടയുന്നത് പോലുള്ള ശബ്ദത്തില്‍ ഒരു ദീര്‍ഘനിശ്വാസം പുറപ്പെടുവിച്ചു അനൂപേട്ടന്‍. അദ്ദേഹം ഫ്യൂസായ ബള്‍ബ് പോലിരിക്കുന്നത് കണ്ട് സഹതാപം തോന്നിയിട്ടോ, അതോ മോങ്ങാനിരിക്കുന്ന നായയെ കണ്ടാല്‍ മണ്ടരി ബാധിച്ച തേങ്ങാ കയ്യില്‍ പിടിച്ചവന് തോന്നുന്ന വികാരവിക്ഷോഭത്തിനാലോ സിവി മറ്റൊരു പാട്ടെടുത്ത് മറിച്ചിട്ടു.
"എന്റെ ഓര്‍മ്മയില്‍ പൂത്ത് നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍ നിന്നും പറന്ന് പോയൊരു ജീവ ചൈതന്യമേ..
ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍.
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍ കിളീ."
[നോക്കെത്താ ദൂരത്ത് കണ്ണും നട്ട്]
ഇക്കുറിയും സംഗതികള്‍ ഒക്കെ കറക്റ്റ് തന്നെ. പാട്ടിന് ത്രോ കിട്ടാനോ മറ്റോ കാലിയായ ബിയര്‍ കുപ്പിയെടുത്ത് വലിച്ചെറിയുകയും ചെയ്തു.
അനൂപേട്ടന്‍ അപ്പോഴും ട്രിവാണ്ട്രത്തെ ചിന്തയില്‍ നിന്ന് പൂര്‍ണ്ണവിമുക്തനായിരുന്നില്ല. 'ചെന്നൈ'യില്‍ ബാറില്‍ അത്ര നല്ല ഒരു റിലേഷന്‍ ഉണ്ടാക്കാന്‍ സാധിക്കാത്തതിലുള്ള വേദന കണ്ണുകളില്‍ അപ്പോഴും ദ്രശ്യമായിരുന്നു.
ഭാഷയാണോ അതിനൊരു വിലങങ് തടി. ആ വിഷമം ഒട്ടേറെ വോട്കകളായി മാറി. ഗ്രഹണി പിടിച്ച പിള്ളേരും ചക്ക കൂട്ടാനും തമിലുള്ള റിലേഷന്‍ എനിക്ക് ഏറെക്കുറെ പിടികിട്ടി തുടങ്ങി.
അപ്പോഴാണ് ബാറിലെ ടൈ കെട്ടിയ ചേട്ടന്‍(മാനേജര്‍ ആണെന്ന് തോന്നുന്നു) എന്റരികില്‍ വന്ന്, ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന പുവാലന്റെ ചിരിയോടെ, ഒരു വെറും ഹായ് പറഞ്ഞത്.
ഭാഷാസ്വാധീനമില്ലാത്തതിനാല്‍ ബാറില്‍ റിലേഷന്‍ ഉണ്ടാക്കാന്‍ പറ്റാത്തതിന്റെ പേരില്‍ ഇരുന്ന് വെള്ളമടിക്കുന്ന സുഹ്രത്തുക്കള്‍ക്ക് മുന്‍പില്‍ വെച്ച് വെറും ഒരു ഹായ് പറയുക എന്നത് കൊണ്ട് തന്നെ അദ്ദേഹം, അപ്പമെങ്കിലും വാങ്ങാമെന്ന് കരുതി ക്യൂവില്‍ നില്‍ക്കുന്നവന് അരവണവിതരണം ചെയ്യുക പോലുള്ള ഒരു പുണ്യപ്രവര്‍ത്തി ആണ് നടത്തിയത്.
"ഹല്ലോ" ഞാന്‍ തേടിനടന്ന സുഹ്രത്തിനെ ഓര്‍ക്കൂട്ടില്‍ കണ്ടത് പോലെ റിയാക്റ്റ് ചെയ്തു.
ഉറങ്ങിക്കിടന്ന ബാലുവിനെ "എടാ, എണീക്ക് നൈറ്റ് ഈസ് സ്റ്റില്‍ യങ്ങ്' എന്നൊക്കെ പറഞ്ഞ് തട്ടി ഉണര്‍ത്തി. ഇനി സംഭവിക്കാന്‍ പോകുന്ന രംഗങ്ങളെല്ലാം അവര്‍ക്കൊരു ന്യൂ ഇയര്‍ കണി ആയിക്കൊള്ളട്ടേ എന്നെന്റെ വിശാലമനസ്സില്‍ തോന്നി..
"ആര്‍ക്കേലും എന്തേലും വേണോ" അഹങ്കാരത്തിന്റെ ലാര്‍ജില്‍ ആത്മവിശ്വാസത്തിന്റെ സോഡ ഒഴിച്ച് ഞാന്‍ ചോദിച്ചു.
ചെരിപ്പ് മേടിക്കാന്‍ പോയപ്പോള്‍ കാലൊടിഞ്ഞവനെപ്പോലെ എല്ലാരും മൗനം പാലിച്ചു.
"യാരുക്കും എതും വേണാങ്കേ". നാലാമത്തെ ചൂളമടി മുഴങ്ങിയത് മുക്കാല്‍ മണിക്കൂര്‍ മുന്‍പായിരുന്നതിനാല്‍ ബില്‍ തുക 5000ഓട് അടുത്തുകാണുമെന്ന് എനിക്ക് തോന്നി.
"നീങ്കെ പോണ സാറ്റര്‍ഡേ വന്തിരുന്തതാ?" മാനേജര്‍ ചിരിച്ച് കൊണ്ടൊരു കുശലം ചോദിച്ചു. ('നിങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച വന്നിരുന്നുവോ')
എനിക്കയാളോട് അതിഭയങ്കരമായ സ്നേഹവും ബഹുമാനവും തോന്നി. എത്ര കസ്റ്റമേര്‍സ് കയറി ഇറങ്ങി പോകുന്നുണ്ടാകും. അതിലൊരാളെ ഇത്ര ക്രത്യമായി ഓര്‍ത്തിരിക്കാന്‍ കഴിയുന്നിവെന്നത് ഭയങ്കര സംഭവം തന്നെ. ജോലിയോടുള്ള ഡെഡിക്കേഷന്‍, അതിന്റെ കാര്യത്തില്‍ ഒരു പക്ഷെ റിക്കി പോണ്ടിംഗ് മാത്രമുന്ടാകും ഈ മനുഷ്യന്റെ മുന്നിലായി. കസ്ടമര്‍ സാടിസ്ഫാക്ഷന്‍ എന്നത് നിസ്സാര കാര്യമല്ലല്ലോ, അത് ഇയാള്‍ ഒരു പരിപ്പുവട തിന്നുന്ന ലാഘവത്തില്‍ നെടിയെടുതിരിക്കുന്നു.
ഇനി ആര്‍ക്ക് വെള്ളമടിക്കണം എന്ന് തോന്നിയാലും ഇവിടെ തന്നെ കൊണ്ട്ട് വരണം. ഹോംലി അറ്റ്‌മോസ്ഫിയര്‍ എന്നൊക്കെ പറയുന്നത് ചില്ലറ കാര്യമാണോ. കഴിഞ്ഞ ആഴ്ച ഞാന്‍ ഇവിടെ വന്നത് ഇത്ര ക്രത്യമായി ഓര്‍ത്ത് വച്ചിരിക്കുന്നു. ഇനി ഇയാള്‍ എന്റെ ആരാധകനോ മറ്റോ ആണോ. എന്റെ ചിന്തകള്‍ പെട്ടെന്ന് തന്നെ കാടുകേറി അവിടെ കുറച്ച് സ്ഥലവും കയ്യേറി.
എവെരി ആക്ഷന്‍ ഹാസ് ഈക്വല്‍ ആന്ട്ട് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്നാണല്ലോ. റിയാക്ഷന്‍ കാണപ്പെട്ടത് അനൂപേട്ടന്റെ മുഖത്താണ്. അനൂപേട്ടന്റെ മുഖം പേട്ട റെയില്‍ വേ സ്റ്റേഷനില്‍ ട്രയിന്‍ കാത്ത് നിന്നവനെപോലെ തുടുത്തു.
ആ മുഖഭാവം എന്റെ കോണ്‍ഫിഡന്‍സിന് കോമ്പ്ലാനില്‍ ബൂസ്റ്റ് കലക്കി തന്നു. " ആമാങ്കെ, നാനും മത്ത ഫ്രണ്ട്സുമാ വന്തിരുന്തത്" (കവി ഉദ്ദേശിച്ചതെന്തെന്നാല്‍ ഞാനും വേറെ ചില സുഹ്രത്തുക്കളുമായി കഴിഞ്ഞയാഴ്ച വന്നിരുന്നു)
എന്റെ ഉത്തരം കേട്ടപ്പോള്‍ നമ്മുടെ മാനേജര്‍ക്കും സന്തോഷമായി. അദ്ദേഹത്തിന്റെ ഓര്‍മ്മ ശക്തിക്കുള്ള ഒരു അവാര്‍ഡ് ആയിരുന്നല്ലോ അത്.'മികച്ച ഓര്‍മ്മക്കാരന്‍ 2007'
ഞാന്‍ ഒന്ന് ഹാന്‍ഡ് വാഷ് ചെയ്ത് വരാമേ എന്ന് പറഞ്ഞ് നടന്ന് നീങ്ങുമ്പോള്‍ മാനേജര്‍ എന്റെ പിറകേ വന്ന് ഇപ്രകാരം അരുളിച്ചെയ്തു.
"സാര്‍, ലാസ്റ്റ് സാറ്റര്‍ഡേ നീങ്ക ബില്ല് മുഴുസാ പേ പണ്ണലേ, 500 രൂപ കമ്മിയായിരുന്തത്. ഇന്ത പയ്യന്‍ പിന്നാലേ വരുമ്പോത് നീങ്ക കലമ്പീട്ടാര്" അതായത് ഞാനാകുന്ന മാന്യന്‍ ലാസ്റ്റ് സാറ്റര്‍ഡേ അവിടെ ബില്ല് തുക 500 രൂപ കുറച്ചാണ് കൊടുത്തത് പോലും.
കാശി തേടി കിഴക്കൊട്ട്ട് നടന്നവന്‍ കാര്‍ഗിലില്‍ എത്തിയ പോലായി.
"ഹേ മനുഷ്യാ, ഞാന്‍ നിങ്ങളെ അറിയാതെ ബഹുമാനിച്ച് പോയല്ലോ. " മനസ്സ് ഇപ്രകാരം പിടഞ്ഞു.
വില്‍ക്കുന്നതിന് മുന്‍പ് വെയ്റ്റ് കൂട്ടിപ്പറയുന്ന ഒരു ഇറച്ചിവെട്ടിക്കാരന്റെ സ്നേഹം ആണ് അയാള്‍ കാട്ടിയതെന്ന് അപ്പോഴാണെനിക്ക് മനസ്സിലായത്.
അങ്ങനെ ഒരു 500 രൂപാ ചതി നടന്നിട്ടുണ്ടോ? കഴിഞ്ഞ ആഴ്ച. ഓര്‍മ്മകള്‍ മരവിച്ചത് പോലെ. കൂടുതല്‍ ക്വസ്റ്റ്യനിങ്ങിന് പോയാല്‍ സംഭവം ഫ്ലാഷാകും. ഒരല്‍പം മുന്‍പ് എന്നെ ബഹുമാനിക്കുകയും അസൂയയോടെ നോക്കുകയും ചെയ്ത മദ്യപാനി സംഘം, വെടിക്കെട്ട് കഴിഞ്ഞ ശേഷം പടക്കക്കാരനെ ജനം നോക്കുന്ന ലാഘവത്തില്‍ നോക്കി നോവിക്കും. വേണ്ടാ. അതിലും ഭേദം ഈ 500 രൂപ കൊടുക്കുന്നത് തന്നെ. "സ്വാഭിമാനം മലയാളികള്‍ക്ക് മ്രതിയേക്കാള്‍ ഭയാനകം " എന്നാണല്ലോ.
'500 രൂപയുടെ ഒരു ഗാന്ധി'മാര്‍ഗം സ്വീകരിക്കാം. ഒരു നോട്ടില്‍ തീരുന്ന പ്രശ്നം എന്തിന് നമ്മള്‍ വഷളാക്കുന്നു.
ഒരത്യാവശ്യത്തിന് നോക്കുമ്പോള്‍ കയ്യില്‍ കാശില്ലാത്തത് സ്ഥിരമായതിനാല്‍ ഒരുപാട് തപ്പാനൊന്നും നില്‍ക്കാതെ അനൂപേട്ടന്റെ കീശയില്‍ നിന്ന് ഒരു 500 രൂപ സംഘടിപ്പിക്കാന്‍ സ്രഷ്ടിക്കുന്ന കഥയില്‍, മാനേജരുടെ ഇളയമകള്‍ക്കായി അത്യപൂര്‍വ്വമായ അസുഖം തീരുമാനിക്കുകയാണ് ഞാന്‍ ചെയ്തത്.
എനിക്ക് 500 രൂപ തന്നതിനോടൊപ്പം അഞ്ചാമത്തെ ചൂളമടിക്ക് ട്രിഗര്‍ നല്‍കാന്‍ അനൂപേട്ടന്‍ ഒരു വോഡ്ക ഓര്‍ഡര്‍ ചെയ്തു. പണം മാനേജരെ ഏല്‍പ്പിച്ച് മടങ്ങിവന്നപ്പോള്‍ സിവി വാച്ച് നോക്കി ന്യൂ ഇയര്‍ വന്നു എന്നറിയിച്ചു. എല്ലാവരും പരസ്പരം
ന്യൂ ഇയര്‍ വിഷ് ചെയ്തപ്പോള്‍ അനൂപേട്ടന്‍ വോഡ്ക ഒരു കവിളിറക്കി എന്നോട് പറഞ്ഞു. "യു ആര്‍ ലക്കി അളിയാ, ആഫ്റ്റര്‍ ഓള്‍ ഇറ്റ് ഈസ് ചാരിറ്റി റൈറ്റ്. ദാറ്റ് റ്റൂ ഓണ്‍ ദ ന്യൂ ഇയര്‍ ഈവ്"
ഞാന്‍ അല്പനിമിഷം മുന്പ് കണി എന്ന് കരുതിയത് കെണി ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത് വൈകി ആണല്ലോ എന്നും വര്‍ഷത്തിന്റെ അവസാനദിനം വരെയും കൃത്യമായി പണികിട്ടിയല്ലോ എന്നും ഓര്‍ത്ത് "അതെ അതെ" എന്ന് മാത്രം പറഞ്ഞ തല കുലുക്കി.
അല്പം അസുയയും നിരാശയും ആ സമയം വിലയാടിക്കൊന്ടിരുന്ന പാവം ആ മദ്യപാനികളുടെ മനസ്സില്‍ ഞാന്‍ ആയിട്ട് ശാന്തമാക്കുന്നത് ശരിയല്ലല്ലോ!!!ഞാന്‍ ഒന്നും തിരുത്താന്‍ പോയില്ല.
സന്ദര്ഭോചിതം ആയി അപ്പോഴും സിവി പാടുന്നുണ്ടായിരുന്നു.
"മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ തകര്‍ന്നെ തക തക താ...
ചതിച്ചില്ലേ നീ ചതി ചതിച്ചില്ലേ നീ ചതിച്ചേ തക തക താ.....
അതിരുകാക്കും മലയൊന്ന് തുടുത്തേ തുടുത്തേ തക തക് താ.....
അങ്ങ് കിഴക്കത്തേ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്
പേറ്റ് നോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തക തക താ..."
[സര്‍വ്വകലാശാല]
പാട്ടിനിടയില്‍ എപ്പോളോ അഞ്ചാമത്തെ ചൂളമടി കേട്ടപ്പോള്‍ തന്നെ ഞാന്‍ ബാധ കൂടിയവനെ പോലെ പിടഞ്ഞെണീറ്റ് പറഞ്ഞു. "ഈ ന്യൂ ഇയറിനു ഉള്ളത് ആയല്ലോ? പോലാമാ?"
Thursday, January 10, 2008
Subscribe to:
Posts (Atom)