Tuesday, December 04, 2007

ഒരു മറവിയുടെ കഥ (ഓര്‍മ്മക്കുറിപ്പ്)

കാലമാകുന്ന കാസറ്റ്‌ അല്‍പം റിവൈന്‍ഡ്‌ ചെയ്യേണ്ടിയിരിക്കുന്നു ഈ സംഭവത്തിലേക്കെത്താന്‍. എഞ്ചിനീയറിംഗ്‌ കോളേജില്‍ ഫൈനല്‍ ഇയര്‍ വായ്നോട്ടം നടത്തുന്ന കാലം. സമാധാനത്തോടെ നടക്കുന്ന മനസ്സുകള്‍ക്കെല്ലാം അല്‍പം അങ്കലാപ്പുണ്ടാകുന്നത്‌ ഇക്കാലഘട്ടത്തിലാണ്‌, എന്തെന്നാല്‍ കൂട്ടത്തില്‍ തലവര തെളിഞ്ഞവന്മാരൊക്കെ(അവളുമാരും, ഫെമിനിസ്റ്റുകളേ ക്ഷമിക്കൂ) ഏതേലും കമ്പനികളുടെ ഓഫര്‍ തരപ്പെടുത്തി ഇതിലും നല്ലത്‌ എന്തേലും കിട്ടുമോയെന്നും തലവര തെളിയാത്തവര്‍ പഴയ വടക്കന്‍പാട്ട്‌ ചിത്രങ്ങളിലെ പ്രേം നസീറിനെപ്പോലെ ഇനി വരുന്ന ജോബ്‌ ഫെയറില്‍ വെന്നിക്കൊടിപാറിക്കുമെന്നും പ്രതീക്ഷ നിറച്ച്‌ നടക്കുന്നത്‌ ഈ ടൈമിലാണ്‌.

ഞങ്ങള്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രം പ്രവേശനം നല്‍കിയിരുന്നത്‌ കൊണ്ടും പുലിയെ അതിന്റെ മടയിലോ, പുലിക്ക്‌ സൗകര്യപ്രദമായ എവിടെയെങ്കിലുമോ വച്ച്‌ നേരിടുന്നതാണ്‌ മാന്യത എന്ന് ഉത്തമബോധ്യം ഉള്ളത്‌ കൊണ്ടും കോളേജിന്‌ പുറത്ത് എവിടെയെങ്കിലുമാണ് ഇജ്ജാതി ജോബ്‌ ഹണ്ടിന്‌ പോയിരുന്നത്‌.(അതെ അങ്ങനെയും പറയാം!!)

എര്‍ണാകുളത്തിന്‌ ടെസ്റ്റെഴുതാന്‍ പോയാല്‍ നെയ്യപ്പം തിന്നുന്നത്‌ പോലെ, പലതാണ്‌ ഗുണം. എന്താച്ചാല്‍ ഏതൊരു ഉത്സവത്തേയും പെരുന്നാളിനേയും വെല്ലുന്ന 'കളേഴ്സ്‌' കളക്ഷന്‍ തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ചില തുണിക്കടയുടെ പരസ്യം പോലെ, നിങ്ങളുടെ മനസ്സിനിണങ്ങുന്ന എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന ആകര്‍ഷകമായ കളക്ഷന്‍ ഇതാ ഇവിടെ മാത്രം.

ജോലി കിട്ടാത്തവര്‍ക്ക്‌ അല്‍പം പോലും നിരാശ ഉണ്ടാവാതിരിക്കാന്‍ ദൈവം മനപ്പൂര്‍വം ചെയ്തതാവാം. എന്തെന്നാല്‍ ടെസ്റ്റ്‌ കഴിഞ്ഞ്‌ ചീറ്റിപ്പോയ പടക്കം പോലെ നടന്ന് നീങ്ങുമ്പോള്‍ മനസ്സിന്റെ കോണില്‍ സ്വയം സമാധാനിപ്പിക്കാന്‍ ഒരു എക്കോ കേള്‍ക്കാം 'അവള്‍ക്കും കിട്ടീട്ടില്ലേ അവള്‍ക്കും കിട്ടീട്ടില്ലേ' എന്ന്.

പിന്നെ റിലീസ്‌ പടം, പോക്കറ്റ്‌ മണിയില്‍ കുത്തനെ ഒരു കയറ്റം അങ്ങനെ ആകര്‍ഷകങ്ങളായ പല നേട്ടങ്ങളും ഉണ്ട്‌. ചില രാഷ്ട്രീയക്കാര്‍ 'ഞാനൊന്ന് തിരുവനന്തപുരത്തിന്‌ പോയിവരട്ടെ' എന്ന് ആശ്വസിക്കുന്നത് പോലെ ആയിരുന്നു ബഹുഭുരിപക്ഷത്തിനും മേല്‍പ്പറഞ്ഞ എറണാകുളം യാത്രകള്‍. ഒരു ടെസ്റ്റ്‌ കഴിഞ്ഞ്‌ മടങ്ങി വന്നാല്‍ പിന്നെ കുറെ നാളേക്ക്‌ കാര്യങ്ങളെല്ലാം കുശാല്‍.

ഇതേ സമയം മക്കള്‍ക്കായി അമ്മമാര്‍ വഴിപാടുകള്‍ മുറയ്ക്‌ നേര്‍ന്ന് ഭഗവാന്മാര്‍ക്കും നേട്ടമുണ്ടാക്കിപ്പോന്നു. മുഴുക്കാപ്പ്‌, ചുറ്റുവിളക്ക്‌, ദീപാരാധന എന്നിവയില്‍ നിന്നൊക്കെ വഴിപാട്‌ ശയനപ്രദക്ഷിണങ്ങളിലേക്ക്‌ നീങ്ങുകയാണെന്ന് ഹിന്റ്‌ കിട്ടിയപ്പോള്‍ അപകടം മണത്തറിഞ്ഞ്‌ ഞാന്‍ പഠനത്തിന്‌ പതിവില്ലാതെ ആക്കം കൂട്ടി, ടെസ്റ്റിന്‌ കയറുന്നതിന്‌ മുന്‍പായി അവസാനവട്ടം ബുക്കിന്റെ പേജ്‌ മറിക്കല്‍ ചടങ്ങ്‌ നടക്കുന്ന വേളയില്‍ ഒരു പെണ്‍കുട്ട്‌ എന്നെത്തന്നെ നോക്കി അടുത്തേക്ക്‌ നടക്കുന്നുണ്ടായിരുന്നു.

കയ്യിലെ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ടെക്സ്റ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ എന്തൊക്കേയോ അതിന്റെ അധികപ്രസംഗിയായ 'ഓതര്‍' എഴുതിപ്പിടിപ്പിച്ചിരുന്നത്‌ കൊണ്ടും ആ ബുക്ക്‌ തന്നെ കയ്യില്‍ പിടിക്കാന്‍ മാത്രം ആത്മബന്ധം ഞാനും ആ സബ്ജക്ടും തമ്മില്‍ ഇല്ലാത്തത്‌ കൊണ്ടും ഇന്നത്തേത്‌ പോലെ തന്നെ എനിക്ക്‌ അന്നും അഹങ്കാരവും ആരോഗ്യവും ഇല്ലാതിരുന്നതിനാലും ഞാനും എന്റെ സുഹ്രത്തായ സൂരജും ചേര്‍ന്നാണ്‌ ആ 'ഗാണ്ഡീവം' ഉയര്‍ത്തിനിര്‍ത്തിയിരുന്നത്‌.

എന്തേലും ഡൗബ്ട്‌ ചോദിക്കാനാകുമോ ആ നോട്ടവും സഞ്ചാരവും? എങ്കില്‍ നല്ല കഥയായി. ഇലക്ട്രിസിറ്റി ബില്ലടയ്കാന്‍ ചെന്നവനോട്‌ കെ എസ്‌ ഇ ബി യിലെ ഫ്യൂസ്‌ കെട്ടിത്തരാമോ എന്ന് ചോദിച്ചത്‌ പോലെയാകും.

ഞാന്‍ ബുക്കില്‍ വിരലോടിച്ച്‌ കണ്ണ് ബുക്കില്‍ത്തന്നെ പതിപ്പിച്ച്‌ സൂരജിനോട്‌ പറഞ്ഞു. 'നമുക്കാത്തണലത്തോട്ട്‌ മാറിനിന്നാലോ?'
അവനെന്റെ റിക്വസ്റ്റ്‌ സ്നേഹപൂര്‍വ്വം നിരസിച്ചു. സ്നേഹമില്ലാത്തവന്‍.

അപ്പോഴേക്കും സഞ്ചരിച്ച്‌ കോണ്ടിരുന്ന പെണ്‍കുട്ടി എന്റെയടുത്തെത്തി ക്ലച്ച്‌ ചവിട്ടി ന്യൂട്രലില്‍ ഇട്ട്‌ കുറ്റിയടിച്ചു.
'അജിത്തല്ലേ? ഓര്‍മ്മയുണ്ടോ ഈ മുഖം?'
'അതേ അജിത്താണ്‌, ഓര്‍മ്മയുണ്ടോ എന്നോ? നല്ല ചോദ്യം. മറക്കാന്‍ പറ്റുമോ നിങ്ങളെയൊക്കെ' എന്റെ മനോധര്‍മം പൂണ്ട്‌ വിളയാടി.

വാസ്തവത്തില്‍ എനിക്കൊരു പിടിയും കിട്ടിയില്ല. പണ്ടേതോ പടത്തില്‍ രണ്‍ജി പണിക്കര്‍ എഴുതിപ്പിടിപ്പിച്ച ഡയലോഗ്‌ കട്ടെടുത്തോണ്ട്‌ വന്നിരിക്കുന്നു എന്നു മാത്രം മനസ്സിലായി. എനിക്കിങ്ങനെ സംഭവിക്കാറുള്ളതല്ലല്ലോ. മറക്കുകയോ അതും ഒരു പെണ്‍കുട്ടിയേ. എനിക്ക്‌ അപരിചിതയായ ഒരു പെണ്‍കുട്ടി തേടിവരാന്‍ മാത്രം ഞാനന്ന് ഫേമസും ആയിട്ടുണ്ടായിരുന്നില്ല(ഇതെഴുതുമ്പോള്‍ എന്റെ മുഖത്തെ ഭാവം വിനയം).

ടെസ്റ്റെഴുതാനുള്ള കോണ്‍ഫിഡന്‍സ്‌ മുഴുവന്‍ നശിച്ചു. കാണാന്‍ തെറ്റില്ലാത്ത ഒരു പെണ്‍കുട്ടി ഇങ്ങോട്ട്‌ വന്ന് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചിട്ടും തിരിച്ചറിയാന്‍ പറ്റാത്ത ഞാന്‍ ഏതാനും മണിക്കൂറുകള്‍ മുന്‍പ്‌ മാത്രം പരിചയപ്പെട്ട ഈ പുസ്തകത്തിലെ 'ആട്ടുങ്കാട്ടം' പോലെ കുനുകുനുത്ത അക്ഷരങ്ങളില്‍ തൂങ്ങിക്കിടന്നിരുന്ന ടെക്നോളജി എങ്ങനെ ഓര്‍ത്ത്‌ വയ്കും.

ഇജ്ജാതിച്ചിന്തകളുമായി ഞാന്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ സൂരജിന്റെ സംശയം. 'ആരാ അളിയാ ഇത്‌?'
അത്‌ തന്നെ തിരിച്ച്‌ അവനോടും അവളോടും ചോദിക്കണമെന്ന് എനിക്ക്‌ തോന്നി. മന്യതയുടെയും കോമണ്‍ സേന്‍സിന്റെയും പേരില്‍ ഞാനവനോട് ക്ഷമിച്ചു.

അവനിപ്പോള്‍ അവള്‍ ആരാണെന്ന് അറിയണം. എനിക്കിപ്പോള്‍ അവളെ മുഷുപ്പിക്കാതെ എന്തേലും സംസാരിക്കണം. ഇലയ്കും മുള്ളിനും മരത്തിനും കേട്‌ പറ്റാതിരിക്കാനായി ഞാന്‍ സൂരജിനോട്‌ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു.

'ഇതെന്റെ ഫ്രണ്ടാണ്‌'
അവളുടെ മുഖത്തേക്ക്‌ നോക്കിയിട്ട്‌. 'ഇവനെന്റെ ക്ലാസ്സ്‌ മേറ്റാണ്‌'

സൂരജ്‌ കളത്തിലിറങ്ങി. 'ഞാന്‍ സൂരജ്‌.'
പേര്‌ പറഞ്ഞ്‌ അവളെ പരിചയപ്പെടുത്താനുള്ള ബാധ്യത എന്നിലേക്ക്‌ വരാതിരിക്കാന്‍ ഞാന്‍ ഒരു തുമ്മല്‍ സൃഷ്ടിച്ച്‌ കര്‍ച്ചീഫ്‌ കൊണ്ട്‌ മുഖം പൊത്തി.
'ഞാന്‍ സോണിയ.' എന്റെ കൂട്ടുകാരി സ്വയം പരിചയപ്പെടുത്തി.
'ഏത്‌ കോളേജാ? എവിടെയാ വീട്‌' സൂരജിന്റെ ശരീരത്തില്‍ ജി എസ്‌ പ്രദീപിന്റെ ആത്മാവ്‌ കയറിയെന്ന് എനിക്ക്‌ തോന്നി.
എല്ലാത്തിനും സോണിയ മറുപടികള്‍ കൊടുത്തുകൊണ്ടിരുന്നു.
'നിനക്കെന്താ ഇങ്ങനെ തുമ്മല്‍' എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ തിരക്കാനും കൂട്ടുകാരി മറന്നില്ല.

ഞാന്‍ കര്‍ച്ചീഫ്‌ മാറ്റി മൊഴിഞ്ഞു. 'കാലാവസ്ഥാമാറ്റം. ക്ലൈമറ്റ്‌ ചേഞ്ചേ'

പിന്നെ ഒന്നു രണ്ട്‌ സേഫായ ചോദ്യങ്ങള്‍ ഞാന്‍ ഉതിര്‍ത്തു, 'വീട്ടിലെല്ലാര്‍ക്കും സുഖമാണോ? ഒരുപാട്‌ നാളായി കണ്ടിട്ട്‌ അല്ലേ ശരിക്കും' എന്നൊക്കെ.

പക്ഷേ സൂരജിനിപ്പോഴും സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. എന്റെ നേരെ നോക്കിക്കോണ്ട്‌ ' നിങ്ങള്‍ക്ക്‌ രണ്ടാള്‍ക്കും എങ്ങനെയാ പരിചയം?'

'അറാം തമ്പുരാന്‍'ഇല്‍ ലാലേട്ടന്‍ പറഞ്ഞത്‌ പോലെ 'ബുദ്ധനും ശങ്കരനും. അവര്‍ക്കും പണികിട്ടിയത്‌ ഇത്‌ പോലെ ഉത്തരം അറിയാത്ത ചോദ്യത്തിന്റെ മുന്‍പിലാണെന്ന്' എനിക്ക്‌ ബോദ്ധ്യമായി. തലവരയുടെ മേല്‍ നെറോലാക്‌ എക്സല്‍ കൊണ്ട്‌ പേയിന്റ്‌ ചെയ്താലും പ്രയോജനമില്ലല്ലോ.

ഇപ്പോള്‍ നുണയനും ഫ്രണ്ടിനെ മറന്നവനും അത്‌ മറച്ച്‌ വച്ച്‌ 2 ഫ്രണ്ട്സിനെ കുരങ്ങ്‌ കളിപ്പിക്കുകയും ചെയ്തവനെന്ന് പഴി എനിക്ക്‌ കേള്‍ക്കേണ്ടിവരുമല്ലോ എന്നൊക്കെ ഉള്ളാ ചിന്ത എന്റെ ഉള്ളില്‍ വളരെ വേഗം ഫ്ലാഷ്‌ ചെയ്യാന്‍ തുടങ്ങി.ചീട്ടുകളിക്ക്‌ പിടിക്കപ്പെട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പീഡനക്കേസ്‌ ചുമക്കേണ്ടിവന്നവനേപ്പോലെ ഞാന്‍ നിന്നു.

പെട്ടെന്നൊരു കാറ്റ്‌ വീശുകയും ആ കാറ്റത്തെന്തോ പറന്നെന്റെ നാസാരന്ധ്രങ്ങളില്‍ പതിച്ചതിന്റെ ഫലമായി ഞാന്‍ ആഞ്ഞ്‌ തുമ്മുകയും ചെയ്തു.

എന്റെ തുമ്മലില്‍ സഹാനുഭൂതി തോന്നിയ കൂട്ടുകാരി മുഴുമിപ്പിച്ചു. 'ഞങ്ങള്‍ കോളേജില്‍ ഒരുമിച്ച്‌ പഠിച്ചതാ. രണ്ട്‌ ക്ലാസ്സായിരുന്നു. സെക്കന്റ്‌ ലാംഗ്വേജ്‌ ഒരുമിച്ച്‌'

ഉടന്‍ എന്റെ ഓര്‍മ്മയുടെ അണക്കെട്ട്‌ പൊട്ടുകയും ആ കുത്തൊഴുക്കില്‍ പെട്ട്‌ സോണിയയെ എനിക്ക്‌ ഓര്‍മ്മ വരുകയും ചെയ്തു. സാംബശിവന്‌ മന്‍സ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പ്രീ ഡിഗ്രി കഥകളില്‍ ചിലത്‌ ചീന്തിയെടുത്ത്‌ വിളമ്പി. സോണിയയ്ക്‌ സന്തോഷമായി. സൂരജിനുമുണ്ടായി അറിവിന്റെ ആത്മനിര്‍വൃതി. എന്റെ നഷ്ടപ്പെട്ട കോണ്‍ഫിഡന്‍സ്‌ മടങ്ങിവന്നു. ഒരു ക്ലൂ കിട്ടിയാല്‍ ഇപ്പോളും നമ്മള്‍ പുലി തന്നെ.

തക്കസമയത്ത്‌ രക്ഷിച്ച സര്‍വ്വചരാചരങ്ങള്‍ക്കും അധിപനായ ശക്തിക്ക്‌ ഒരു ഡെഡിക്കേഷന്‍ എന്ന കണക്കേ ഞാന്‍ തുടര്‍ച്ചയായി തുമ്മിക്കൊണ്ടേയിരുന്നു. എന്റെ തുമ്മല്‍ കൗണ്ട്‌ ചെയ്തിട്ടോ മറ്റോ സോണിയ പറഞ്ഞു. 'ഒന്‍പതടിച്ചെന്നു തോന്നുന്നു. ഞാന്‍ എക്സാം ഹോളിലേക്ക്‌ പോകട്ടെ'

ബൈ പറഞ്ഞ്‌ നടന്ന് നീങ്ങുമ്പോള്‍ സൂരജിനെന്റെ മുഖത്തെ കണ്ഫ്യുഷന്‍സ് പൂര്‍ണമായും മാറിയിട്ടുണ്ടായിരുന്നില്ല.