Monday, April 12, 2010

അതങ്ങനെ ശരിയാക്കി

പന്ത്രണ്ടില്‍ വ്യാഴനും പതിനാലില്‍ ശുക്രനും എന്നൊക്കെ കനിയാന്മാര് പറയുന്നത് പോലെ, മുന്നൂറില്‍ സെറ്റ് മാക്സും മുന്നൂട്ടിരണ്ടില്‍ ഇന്ത്യവിഷനും ഇതിനിടയ്ക്ക് മുന്നൂറ്റൊന്നില്‍ ടൈംസ് നൌ ന്റെ അപഹാരവും കാരണം ചില്ലറ ടെന്‍ഷന്‍ ആണോ അനുഭവിച്ചത്।

കുട്ടി കളി നിര്‍ത്തുമോ അതോ പച്ച്ചക്കുപ്പയം ഇട്ടു കളിക്കാന്‍ വരുമോ എന്ന ജാതി ആശന്കകള്‍ ഒന്നും അല്ല ഇതിന്റെ കാരണം, പകരം, പരസ്യത്തിന്റെ ഇടവേളകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഐ പി എല്ലിന്റെ ഇടയ്ക്ക് കടന്നു വരുന്ന ആ ചിരി ഉണ്ടല്ലോ, അര്‍ഹിക്കാത്തത് വീണു കിട്ടിയ അക്ഷയ് കുമാറിന്റെ ചിരി, അതൊഴിവാക്കാന്‍ ചാനല്‍ മറ്റുംപോഴോക്കെ "ബ്രികിംഗ് ന്യൂസ്" എന്ന പരസ്യ വാചകം കണ്ടപ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടി എന്നാണു ആദ്യം വിചാരിച്ചത്. പിന്നെ പിന്നെ ആണ് കുട്ടീടെ മുഖം കൂടി കണ്ടു തുടങ്ങിയത്. ഒന്നുമില്ലേലും ഇന്ത്യക്കാരെ ഒക്കെ ടെന്നീസ് കളി പഠിപ്പിച്ച കുട്ടി അല്ലെ, സ്മരണ വേണമല്ലോ തേവരെ. സൊ എന്താ സംഭവിച്ചേ എന്നറിയാതെ തരമില്ലല്ലോ. അങ്ങനെ തുടങ്ങിയ ടെന്‍ഷന്‍ ഒടുവില്‍ ഇന്നൊരു തീരുമാനം ആയി എന്നറിഞ്ഞതില്‍ സന്തോഷം. എന്റെ കല്യാണത്തിന് പോലും ഞാന്‍ ഇങ്ങനെ ടെന്‍ഷന്‍ അടിച്ചിട്ടില്ല. സന്തോഷം.

പക്ഷെ ഇപ്പോളും എനിക്ക് മനസ്സിലാകാത്ത ഒന്നുണ്ട്, കുട്ടി ആരെ കെട്ടണം, ആരെ കെട്ടണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുട്ടിക്കില്ലേ? കുട്ടിക്കില്ലാത്ത വിഷമം ഇവര്‍ക്കെന്തിനാ?

Friday, March 26, 2010

വിമ്മിഷ്ടം

ഞാന്‍ - "ഏതു നേരത്താണോ ന്യൂടില്‍സ് ഉണ്ടാക്കാന്‍ തോന്നിയത്. തിന്നപ്പോ രസമുണ്ടായി എന്നത് ശരി തന്നെ, പക്ഷെ ഈ പത്രം എങ്ങനെ ഇനി വൃത്തിയാക്കും എന്റെ കപ്യാരെ?"
"അതിനെന്തിഷ്ടാ നീ വറി ചെയ്യണത്, നീയാ സ്കൃബ് ഇങ്ങട്ട് എടത്തെ.." ചാലക്കുടി മുരളീരവം.
ഞാന്‍ - "എന്നുവെച്ചാല്‍ ഈ പച്ച കളറുള്ള ചകിരി ആണോ?"
മു - "അതന്നെ"
ഞാ - "ഇന്നാ. ഇതെങ്ങേനെയാ ഇപ്പൊ വൃത്തിയാക്കുക"
മു - "ഒരു തുള്ളി സ്ക്രുബിലെക്ക് ഒഴിക്കുക, എന്നിട്ട ഉരയ്കുക, ഗടി നല്ല വെള്ള കളറിലാ തെളങ്ങും"
ഞാ - "ഒരു തുള്ളികൊണ്ടോ? ഇതെന്താ ഫോറിനാ? "
മു - "ഹഹഹ"
(ഉരച്ചിട്ടും ഉരച്ചിട്ടും വൃതിയാകാതെ കണ്ട് വിഷമത്തോടെ) മു - "കുറച്ചൂടി ഒഴിച്ചേ"
ഞാ - "ഹൈ ഒരു തുള്ളി പോരെ അപ്പൊ?"
മു - "ഒന്ന് മതീന്നെ. ശരവണഭവനിലെ കേസരി പാത്രം വൃത്തിയാക്കിയത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ ടി വി യില്"
ഞാ - "അത് ശരി। അതിനു അവര്‍ക്ക് കൊടുത്ത ആ തുള്ളി തന്നെ വാങ്ങേണ്ടി വരും. ഒപ്പം ആ പയ്യനേം കൂടി വിളിക്കേണ്ടി വരും കഴുകാന്‍"

Monday, May 11, 2009

മൂന്നാം പക്കം

"താരാട്ട് പാടിയാലെ ഉറങ്ങാറുള്ളൂ.....
അവന്‍ പൊന്നുമ്മ നല്‍കിയാലേ ഉണരാറുള്ളൂ...."
ചെവിയില്‍ ദാസേട്ടന്‍ തകര്‍ക്കുമ്പോള്‍ എനിക്ക് തോന്നി ഒന്നുറുങ്ങാന്‍ ഇത്ര ഡെമോ കാണിക്കണേല്‍ എന്തൊരു അഹങ്കാരി ആയിരിക്കും ആ ചെറുക്കന്‍ എന്ന്. പാതി അടഞ്ഞ കണ്ണ് കൊണ്ട്ട് വാച്ചില്‍ നോക്കി. മിനുറ്റ് സൂചി പന്ത്രണ്ടില്‍ ഉമ്മ വെച്ചിട്ടും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ മണിക്കൂര്‍ സൂചി മൂന്നിന്റെ മുന്‍പില്‍ മൂക്ക് കുത്തി ഇരിക്കുന്നു.

കാണാതെ പോയ പതിനാറു ബൈറ്റ് നാളെ അമ്മായി കാലത്ത് മടങ്ങി വരുന്നതിനു മുന്പ് കണ്ടെത്തികൊള്ളാം എന്ന ജാമ്യതിന്മേലാണ് മാനെജരുമാരെല്ലാം ഉറങ്ങാന്‍ പോയിരിക്കുന്നത്. മെമ്മറി ലീക്കാണത്രേ. കിച്ചൂന്റെ അപ്പൂപ്പനും ഉണ്ടായിരുന്നു വയസ്സാം കാലത്ത്‌ ഇത പോലെ ചെറിയൊരു മെമ്മറി ലീക്ക്‌. അന്നൊരു വൈദ്യനോടും ആരും ഒരു രാത്രി കൊണ്ട്ട് ഇത് മാറ്റി തരണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. മനുഷ്യനില്ലാത്ത പരിഗണന എന്തിനാപ്പോ ഈ മിഷീന്!!!

ഇത്യാദി ചിന്തകളില്‍പെട്ട്, സൈക്കൊസിസിനും സൈദാപേട്ടിനും ഇടയ്ക് കൂവം റിവറിന്റെ മേലെ കൂടി ഉള്ള നേരിയ നൂല്‍പ്പാലത്തിലൂടെ ഞാന്‍ മനസ്സ്‌ കൊണ്ട്ട് ഒരു ഭ്രാന്തനെ പോലെ സഞ്ചരിച്ച് കൊണ്ട് മേലോട്ട് നോക്കിയിരിക്കുമ്പോളാണ് ചെവിയില്‍ വേണുഗോപാലിന്റെ മധുരസ്വരം മുഴങ്ങിയത് "ഉണരുമീഗാനം ഉരുകുമെന്നുള്ളം". മൂന്നാംപക്കത്തിലെ ഗാനം. "മൂന്നാം പക്കം" ചിന്തിച്ച് തുടങ്ങിയാല്‍ പതിവായി എത്തി നിക്കുക ഒരേ സ്ഥലത്താണ്. അത് കുറച്ച് പഴയ ഒരു സംഭവമാണ്. തല വിറ്റ് (തല തിന്നാന്‍ കൊടുത്ത് എന്നും പറയാം) കഞ്ഞി കുടി തുടങ്ങുന്നതിനു മുന്‍പുള്ള കാലത്തെ സംഭവം.

*****************

ഗോവന്‍ കാറ്റൊന്ന്‌ ആഞ്ഞ്‌ വീശിയപ്പോള്‍, എണ്ണയും വെള്ളവും കണ്ടിട്ട്‌ വര്‍ഷങ്ങളായതിന്റെ വേദനകൊണ്ടോ മറ്റോ റീജയുടെ തലയില്‍ നിന്ന്‌ ഡിവോഴ്സ്‌ വാങ്ങിവന്ന ഒരു മുടി പപ്പന്റെ നാസാരന്ദ്രങ്ങളെ തഴുകിയതിന്റെ പ്രതിഫലനമെന്നോണം അവന്‍ അറിഞ്ഞൊന്നു തുമ്മി "ഹാ....... ഛീ......."

പപ്പന്‍സ്‌ അലാറം ഇങ്ങനെ അടിച്ചപ്പോള്‍ സൈഡില്‍ ചാരിക്കിടന്നുറങ്ങുകയായിരുന്ന ഞാന്‍ കണ്ണ്‌ ചിമ്മി നോക്കി. സന്ധ്യ ആയിരിക്കുന്നു. സമയം 5 മണിയോടടുക്കുന്നു. ഞാനൊന്നു നടക്കട്ടെ എന്ന് ആത്മഗതം ആന അമറുന്ന ശബ്ദത്തില്‍ പറഞ്ഞു അവന്‍ ബസ്സിനുള്ളില്‍ "ഈവെനിംഗ്‌ വാക്ക്‌"ഇനു പോയി. പിന്നിലെ ഞങ്ങളുടെ സീറ്റ്‌ മുതല്‍ ഡ്രൈവറുടെ സീറ്റ്‌ വരെ നടന്നെത്താന്‍ ഒരു പെണ്ണിനു 2 കുശലം എന്ന അനുപാതത്തില്‍ അവന്‍ ഏകദേശം 20 മിനുറ്റ്‌ ചിലവഴിച്ചു.

ബസ്സ്‌ ഏതൊ ഹൈവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. ബസ്സിന്റെ പിന്‍ബാഗത്തായി, ഞാന്‍ ഉറക്കത്തിലേക്ക്‌ വീഴുന്നതിനു തൊട്ട്‌ മുന്‍പ്‌ വരെ സജീവമായിരുന്നു ബാറില്‍ നിന്ന്‌ അനക്കമൊന്നും കേള്‍ക്കുന്നില്ല. മിക്കവാറും എല്ലാവരും തന്നെ ഉറക്കത്തിലാണ്‌. എന്റേതൊഴിച്ചാല്‍, അഞ്ചാറ്‌ ജോടി കണ്ണുകള്‍ മാത്രം തുറന്നിരിപ്പുണ്ട്‌. അതില്‍ ചിലതെല്ലാം പരസ്പരം നോക്കി ഇരിക്കുന്നു. (ഞങ്ങളുടെ കോളേജ്‌ ജീവിതത്തിന്റെ അവസാന സെമസ്ടറിന്റെ തിരശ്ശീലവീഴാറായപ്പോള്‍, ഞങ്ങളുടെ നേതാവായ മൂത്താപ്പയുടെ നേത്രുത്വത്തില്‍ പ്രിന്‍സിപ്പലിന്റെ കയ്യും കാലും തിരുമ്മി സംഘടിപ്പിച 'ഇന്റസ്ട്രിയല്‍ വിസിറ്റ്‌' ആണ്‌ രംഗം. ഗോവയിലെ എല്ലാ ഇന്‍ഡസ്റ്റ്രികളെയും സന്ദര്‍ശിച്ച്‌ ഇന്റസ്റ്റ്രിയല്‍ പ്രോഡക്റ്റ്സ്‌ കുപ്പിയില്‍ വാങ്ങി വെച്‌ യാത്ര തുടരുന്നു. ഒന്നു രണ്ട്‌ പേര്‍ ഗോവന്‍ ഇന്റസ്റ്റ്രിയല്‍ ക്ലൈമറ്റ്‌ പിടിക്കാത്തതിന്റെ ഹാങ്ങ്‌ ഓവറില്‍ പിന്‍സീറ്റില്‍ മയങ്ങിക്കിടക്കുന്നു.)

പരസ്പരം നോക്കി ഇരിക്കുന്ന കണ്ണുകളുടെ ഉടമസ്തരുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. മടങ്ങിചെന്നാല്‍ ഞങ്ങളെ എല്ലാരെയും നേരിടാന്‍ കാത്തിരിക്കുന്നത്‌ ഇന്റേണല്‍ മാര്‍ക്കും ക്വസ്റ്റ്യന്‍ പേപ്പറും അവയെ നേരിടാന്‍ മനസ്സിന്‌ ശക്തി സംഭരിച്‌ കൊണ്ട്‌ ചെല്ലുന്ന വിരലിലെണ്ണാവുന്ന ദിനങ്ങളും മാത്രമാണ്‌.

പുറകിലെ കൂട്ടത്തിനിടയില്‍ ആളെ കേറ്റാന്‍ നടക്കുന്ന ഓട്ടോക്കാരന്റേതുപോലെ വിടര്‍ന്ന ഒരു ജോഡി കണ്ണ്‌ കാണാനായത്‌ തോമാച്ചന്റെ ചെവികള്‍ക്കിടയിലാണ്‌. അവന്റെ കണ്ണുകളെ വിടര്‍ത്തിയ പ്രേരകശക്തിയെക്കുറിച്ചുള്ള അനാലിസിസ്‌ ബസ്സിലെ ടി വി യില്‍ എത്തിച്ചു. ടിവിയില്‍ പത്മരാജന്റെ "മൂന്നാം പക്കം" ഓടുന്നു. ജയറാമും കൂട്ടരും കടലില്‍ കുളിക്കാന്‍ പോകുന്ന രംഗം. തിരിച്ചെത്താന്‍ പറ്റാത്തവണ്ണം കടലിലേക്ക്‌ വലിച്ചെടുക്കപ്പെടുന്ന ജയറാം, ഏതോ തിരയില്‍ പെട്ട്‌ അകന്നകന്ന്‌ കാഴ്ചയില്‍ നിന്ന്‌ മങ്ങുമ്പോള്‍ നിസ്സഹായരായി കരയില്‍ നിന്ന്‌ പൊട്ടിക്കരയുന്ന അശോകനും കൂട്ടരും. തോമാച്ചന്റെ പോലെ തന്നെ എന്റെ കണ്ണുകളും ഇമവെട്ടാതെ സിനിമയില്‍ ലയിച്ചിരുന്നു പോയി.

"ഈ ടോമെന്താ എപ്പോളും ഡ്രൈവറുടെ സീറ്റിന്റെ സൈഡില്‍ പോയിരിക്കുന്നേ? ഇവനെന്താ വണ്ടിയില്‍ സീറ്റില്ലേ??" രസംകൊല്ലുന്നതില്‍ എം ടെക്‌ എടുത്ത പപ്പന്റെ ചോദ്യം.

"മുമ്പില്‍ തന്നെ ഇരുന്നാല്‍ എല്ലാം ആദ്യം കാണാല്ലോ. പിന്നെ ഇങ്ങനത്തെ ശല്യങ്ങളെയും നേരിടണ്ട " മറുപടി പറഞ്ഞ്‌ ഞാന്‍ വീണ്ടും ടി വി യില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴെക്കും ടി വി ഓഫായിരുന്നു. വണ്ടി സൈഡ്‌ ചേര്‍ത്ത്‌ നിര്‍ത്തി.

ടോം പെട്ടെന്ന്‌ ചാടി എണീറ്റ്‌ അനൗണ്‍സ്‌ ചെയ്തു "ചെക്ക്‌ പോസ്റ്റെത്തി. ചെക്കിംഗ്‌ ഉണ്ട്‌. കയ്യില്‍ കുപ്പി വല്ലതും ഉണ്ടെങ്കില്‍ ഫൈന്‍ അടയ്കേണ്ടി വരും". ഞങ്ങളെ ഭയപ്പെടുത്താനോ മറ്റോ ടൂര്‍ ബഡ്ജറ്റിനേക്കാള്‍ വലിയൊരു തുക അവന്‍ ഫൈന്‍ എമൗണ്ടായി പ്രഖ്യാപിക്കുകയും ചെയ്തു.

"എന്താപ്പോ ചെയ്യുക? കുപ്പികള്‍ കുറേ ഇനിയും മിച്ചമുണ്ടല്ലോ?" പപ്പന്റെ ക്യൂരിയോസിറ്റ്‌ നിറഞ്ഞ ചോദ്യം.

"അതിനെന്താപ്പൊ. നമുക്ക്‌ അതങ്ങ്‌ ഫിനിഷ്‌ ചെയ്തേക്കാമെന്നേ" ആപത്ത്‌ഹരനായ ഇക്കാ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. മൂത്താപ്പാ ഉടന്‍ തന്നെ ഉറങ്ങിക്കിടന്നിരുന്ന "ടാങ്കു"കളെ വിളിച്ചുണര്‍ത്തി. "ചലോ ബാക്ക്‌ സീറ്റ്‌"

മൊബൈല്‍ ബാര്‍ അങ്ങനെ നിമിഷാര്‍ദ്ധത്തില്‍ സജ്ജീക്രതമായി. ഒരുമയുണ്ടെങ്കില്‍ എരുമയുടെ പുറത്തും കിടക്കാം എന്ന്‌ പ്രൂവ്‌ ചെയ്തു, മിച്ചമുണ്ടായിരുന്ന കുപ്പികളെല്ലാം മിച്ചമില്ലാത്ത കുപ്പികളായി മാററി. ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന എഞ്ചിനീയറിംഗ്‌ കോളേജിന്റെ വണ്ടികണ്ട്‌, കോളൊത്തതിന്റെ സന്തോഷത്തില്‍ രണ്ട്‌ പോലീസുകാര്‍ വണ്ടിയിലേക്ക്‌ ചെക്കിങ്ങിനായി നടന്നെത്തി. നടന്ന്‌ വന്നവരുടെ തലയ്ക്ക്‌ മുകളിലൂടെ കിട്ടു മിച്ചമായി വന്ന കുപ്പി എറിഞ്ഞുടച്ച്‌ ചന്ദ്രോത്സവത്തിലെ ലാലേട്ടന്റെ ഡയലോഗ്‌ രൂപത്തില്‍ കാച്ചി "ആ കുപ്പി ഭൂതകാലത്തില്‍ ഉണ്ടായിരുന്നു. വര്‍ത്തമാനത്തില്‍ അത്‌ ആ കുറ്റിക്കാട്ടില്‍ പൊട്ടിച്ചിതറിയിരിക്കുന്നു. ഭാവിയില്‍..." മുഴുമിപ്പിക്കുന്നതിനു മുന്‍പെ മൂത്താപ്പാ അവനെ പിടിച്ചിരുത്തി. "വര്‍ത്തമാനം പറയുന്ന ഈ ഭൂതം കാരണം നമ്മളുടെ ഭാവി എന്താകുവോ എന്തോ"

പോലീസ്‌ കാര്‍ ബസ്സിലെത്തിയപ്പോള്‍ കുപ്പി പോയിട്ട്‌ ഒരു ഡപ്പി പോലുമില്ല കണ്ടുപിടിക്കാന്‍. കമ്യൂണിക്കേഷന്‍ സ്കില്‍സ്‌ ഇമ്പ്രൂവ്‌ ചെയ്യാന്‍ കിട്ടിയ സാഹചര്യം പപ്പന്‍ നന്നായി വിനിയോഗിച്ചു "വി ഡോണ്ട്‌ ഹാവ്‌ ലിക്കര്‍ വിത്ത്‌ അസ്‌ സാര്‍" പപ്പന്റെ ട്രാന്‍സ്മിറ്ററില്‍ നിന്ന്‌ പുറപ്പെട്ട മെസ്സേജ്‌ ഡെസ്റ്റിനേഷനില്‍ എത്തിയപ്പോള്‍ ആദ്യത്തെ പോലീസ്‌ കാരന്‍ തിരിഞ്ഞ്‌ നിന്ന്‌ കൂട്ടുകാരനോട്‌ പറഞ്ഞു "ഞാനപ്പോളെ പറഞ്ഞില്ലേ സ്മിര്‍ണ്ണോഫ്‌ ആണെന്നു?"

പപ്പന്‍ ഒരു കാല്‌ തൊടുപുഴയില്‍ ഇനി ഒരെണ്ണം കൂത്താട്ടുകുളത്തും എന്ന മാത്രുകയില്‍ നിന്നു. "എനി പ്രോബ്ലം സാര്‍?"
പോലീസ്‌ കാരന്‍ തേടിയ പാമ്പിന്റെ തോളില്‍ കയ്യിട്ട്‌ കൊണ്ട്‌ പറഞ്ഞു "മോനേ, ഇതൊക്കെ ഞങ്ങള്‍ സ്ഥിരം കാണുന്നതാണ്‌. എവിടെയാ സാധനം ഇരിക്കുന്നതെന്ന്‌ പറഞ്ഞാല്‍, അത്ര വേഗം നിങ്ങള്‍ക്ക്‌ സ്ഥലം കാലിയാക്കാം. ഇല്ലെങ്കില്‍ ഓരോ ബാഗു തുറന്ന്‌ പരിശോധിക്കേണ്ടിവരും. ചെയ്യുന്ന പണി കൂടുന്തോറും തരുന്ന പണിയും കൂടൂം. മനസ്സിലായോ?"

"മനസ്സിലായി സാര്‍"
"എവിടെടാ സാധനം"
പപ്പന്റെ കണ്ണുകള്‍ നിറഞ്ഞു. സിക്സ് പാക്കിനു പകരം ദൈവം അവനു കൊടുത്ത ഫാമിലി പാക്ക് വയറില്‍ തൊട്ടു കൊണ്ട്ട് പറഞ്ഞു "ഇതിനുള്ളിലാണ്‌ സാര്‍. ഇതിന്‌ ഫൈന്‍ അടയ്കണോ"

പപ്പന്റെ സത്യസന്ധതയില്‍ സംത്രപ്തനായത്‌ കൊണ്ടോ മറ്റോ പോലീസുകാര്‍ പിന്നീടൊരു വാക്ക്‌ പോലും ഉരിയാടാതെ സ്ഥലം വിട്ടു. വണ്ടി വീണ്ടും യാത്ര തുടങ്ങി. പേരറിയാത്ത ഏതോ ഒരു ഗോവന്‍ ബീച്ചിലേക്ക്‌. ഇനി അധികം ദൂരമില്ല എന്ന കാരണം കൊണ്ട്‌ തന്നെ ടി വി നിശ്ചലാവസ്ഥയില്‍ സ്ഥിതി ചെയ്തു.

"കടലിലേക്കാള്‍ വെള്ളം നിന്റെ വയറിലുണ്ടോ?" ബീച്ച് വരെ സമയം പോകാനായി ഞാന്‍ പപ്പനെ ഒന്ന് ചൊറിഞ്ഞു നോക്കി.
"ബീച്ചെത്തുമ്പോള്‍ വിളിച്ചേക്ക്‌" മറുപടി അര്‍ഹിക്കാത്ത ക്വസ്റ്റ്യന്‍ അവഗണിച്ച്‌, പപ്പന്‍ റീജയുടെ കൂന്തല്‍ സ്പര്‍ശമേറ്റ്‌ ഒരു ടെമ്പററി മയക്കത്തിലേക്ക്‌ വീണു.

പകുത്തിക്ക്‌ നിന്ന് പോയ മൂന്നാം പക്കത്തെ കുറിച്ച്‌ ആലൊച്ചിചിരുന്ന് ബീച്ചെത്തിയപ്പോഴാണു അറിഞ്ഞത്‌. പപ്പനെ കുലുക്കി എണീപ്പിച്ചപ്പോള്‍ മൂത്താപ്പയും സംഘവും ട്രൗസറിട്ട്‌ വെള്ളത്തിലിറങ്ങാന്‍ റെഡി ആയി വന്നു. വിജയ്‌ മല്യയുടെ ഇന്‍ഡസ്റ്റ്രിയില്‍ ഓവറായി വിസിറ്റ്‌ ചെയ്ത ഒന്ന് രണ്ട്‌ പേര്‍ക്ക്‌ ട്രൗസര്‍ മാറ്റണ്ട്‌ തന്നെ വെള്ളത്തിലാവന്‍ സാധിച്ചു. ജന്മനാ ബോധമില്ലാത്തതിനേയും ടെമ്പററിയായി ബോധം നശിച്ചതിനേയും മിച്ചമുള്ളതിനേയുമെല്ലാം ചവിട്ടിക്കൂട്ടി ഒരു കാളപൂട്ടുകാരന്റെ മെയ്‌ വഴക്കത്തോടെ ജോസഫ്‌ സാര്‍ ബീച്ചിലേക്ക് ഇടത്‌ കാല്‍ വെച്ചിറങ്ങി(സാര്‍ പഴയ കമ്യൂണിസ്ടാണല്ലൊ). ഒപ്പം കയ്യില്‍ ഒരു ഫുട്ബോളും.

എന്നെപോലെ, കടലിന്റെ സൈഡില്‍ പോകാം എന്ന് തിമിംഗലത്തിനു പെട്ടെന്നെങ്ങാനും തോന്നിയാലോ എന്ന അളവില്‍ ശുഭാഭ്തിവിശ്വാസം കൈമുതലായി ഉള്ളവര്‍ക്ക്‌ വേണ്ടിയാണ് ഈ ഫുട്ബോള്‍‍. 'വെള്ളത്തിലുള്ളവര്‍ക്ക്‌' ഫുട്ട്‌ തന്നെ ഇപ്പൊള്‍ ബോളുപോലെ ആണല്ലൊ.

ഫുട്ബോള്‍ കളിയും വെള്ളത്തില്‍ കളിയുമൊക്കെ നീണ്ട്‌ നീണ്ട്‌ പോയി. ഒടുവില്‍ സന്ധ്യയായി, തങ്കനേതാ തങ്കമ്മയേതാ എന്ന് തിരിച്ചറിയാന്‍ പറ്റാണ്ടായപ്പോള്‍ ജോസഫ്‌ സാര്‍ ഫൈനല്‍ വിസിലൂതി. "കരയിലും വെള്ളത്തിലും കിടക്കുന്ന കീടങ്ങള്‍ ഉടന്‍ തന്നെ ഷീനാ മിസ്സിന്റെ അടുത്ത്‌ റിപ്പോര്‍ട്ട് ചെയ്യൂ". (ഷീനാ മിസ്സിന്റെ അടുത്ത്‌ എന്ന് പറഞ്ഞാല്‍ അമ്പിളിയുടെ സൈഡില്‍)

എല്ലാവരും പരിക്ഷീണരായി വട്ടം കൂടിയപ്പോള്‍, "ആരും ഇപ്പോഴെങ്കിലും പ്രോക്സി അടിക്കരുത്‌ പ്ലീസ്‌" എന്ന അഭ്യര്‍ത്ഥനയോടെ ജോസഫ്‌ സര്‍ എണ്ണമെടുത്ത് തുടങ്ങി. എണ്ണമെടുത്തതിനുശേഷം നെറ്റി ചുളിച്ചുകൊണ്ട് "ആരാടാ കുറവ്‌" എന്ന ചോദ്യത്തിന്,
"ആരും കുറഞ്ഞതല്ല, ജോണി വാക്കര്‍ അല്പം കൂടിയതാകും സാറെ" എന്ന് ഇക്ക മറുപടി കൊടുത്തു.

വീണ്ടും സാര്‍ എണ്ണം എടുത്തത് തെറ്റിയപ്പോള്‍, ഇത് ജോണി വാക്കറിന്ടേതാണോ അതോ സാറിന് എണ്ണാനറിയാത്തതിന്റെതാണോ എന്നൊക്കെ ആലോചിച്ച് അങ്ങനെ നിക്കുമ്പോളാണു, മൂത്താപ്പയെ കാണുന്നില്ല എന്ന് അമ്പിളി വിളിച്ച് പറഞ്ഞത്. അമ്പിളി പറഞ്ഞത് കൊണ്ട്ട് മാത്രം ഇക്ക ഉള്‍പ്പടെ ഞങ്ങള്‍ എല്ലാരും വിശ്വസിച്ചു. "ശരിയാ മൂത്താപ്പയെ ഞാനും കാണുന്നില്ല". അതിപ്പോ അമ്പിളി സത്യം മാത്രം പറയുന്ന കുട്ടിയായത്‌ കൊണ്ടൊന്നുമല്ല, അമ്പിളി പറഞ്ഞാല്‍ ഞങ്ങക്കൊക്കെ വിശ്വാസമാ :)

"ഞങ്ങള്‍ കുളികഴിഞ്ഞ്‌ കേറിയപ്പോള്‍ അവന്‍ നീന്തുന്നുണ്ടായിരുന്നു സാര്‍" പപ്പനാണു പറഞ്ഞത്‌.

ജോസഫ്‌ സാര്‍ കടലിലേക്ക്‌ എത്തി നോക്കിയപ്പോള്‍ അല്‍പം ദൂരെയായി ഒരു തല കാണുന്നു. ഞങ്ങളെല്ലാവരും മൂത്തപ്പയെ അലറിവിളിക്കാന്‍ തുടങ്ങി. അവന്‍ മറുപടിയായി കൈ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌. ഓരോ തിരമാല വരുമ്പോളും അവന്റെ തല കാണാതാകുന്നു വീണ്ടും നീന്തുന്നത് കാണാം. എല്ലാവരും അലറി വിളിക്കാന്‍ തുടങ്ങി.

"അവന്‍ തിരിച്ച്‌ വരാന്‍ പറ്റാതായോ സാര്‍" എന്നു കൂട്ടത്തില്‍ ആരോ സംശയം പ്രകടിപ്പിച്ച നിമിഷം അതൊരു നിലവിളിയായി മാറാന്‍ തുടങ്ങി. ദേഷ്യവും സങ്കടവുമെല്ലാം ഒരു നിമിഷം കൊണ്ട്‌ സാറിന്റെ മുഖത്തേക്ക്‌ ഇരച്ച്‌ കയറി. സാറും ഞങ്ങളോടൊപ്പം ഉച്ചത്തില്‍ വിളിക്കാന്‍ തുടങ്ങി.

"അവന്‍ ഭാരതപ്പുഴ നീന്തിക്കടക്കുന്നതാ, അങ്ങനെ ഒന്നുമാവില്ല." ഇക്കാ ധൈര്യം പകര്‍ന്നു. ഇതിനകം പപ്പനും കൂട്ടരും മൂത്താപ്പയെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങിയിരുന്നു.

പെണ്‍കുട്ടികളില്‍ ചിലര്‍ കരഞ്ഞു തുടങ്ങി. മറ്റു ചിലര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പപ്പനും മറ്റുചിലരും മൂതാപ്പയെ ലക്ഷ്യമാക്കി നീന്തിക്കൊണ്ടിരുന്നു. മൂന്നാം പക്കത്തിലെ രംഗങ്ങള്‍ വേട്ടയാടുന്ന ഒരു പ്രതീതി. മൂത്താപ്പാ ഓരോ നിമിഷവും ഞങ്ങളില്‍ നിന്ന് അകന്നു പോയ്കോണ്ടിരിക്കുന്നു. നിസ്സഹായരായി ഞങ്ങളെല്ലാം കരയില്‍ നില്‍ക്കുന്നു. പപ്പനും കൂട്ടരും ഓരോ തിരമാല വരുമ്പോഴും മൂത്താപ്പയുമായി കൂടുതല്‍ അകന്നു പോയ്കൊണ്ടിരുന്നു.

പപ്പനും കൂട്ടരും ആവുന്നത്ര ശക്തിയില് നീന്തിക്കൊണ്ടേയിരുന്നു. സന്ധ്യ ആയതോടെ ബീച്ചിലെ ഗാര്‍്ഡ്സിനെ ഒന്നും കാണാനുണ്ടായിരുന്നില്ല. പലരും കരഞ്ഞു തുടങ്ങിയിരുന്നു. ആവുന്നത്ര ശക്തിയില് കരയിലേക്ക്‌ നീന്താന്‍ ഞങ്ങളെല്ലാവരും മൂത്താപ്പയോട് വിളിച്ച കൂവിക്കൊണ്ടിരുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടത് പോലെ ഏതോ ഒരു നിമിഷം അവന്‍ അല്പം മുന്നോട്ടായാന്‍ സാധിച്ചു. ഇതിനകം അടുത്തെത്തിയ പപ്പനും കൂട്ടരും അവന്റെ മുടിയില്‍ കുത്തിപ്പിടിച്ചു. ഒരു വട്ടം കയ്യില്‍ നിന്ന് കുതറി പോയി എങ്കിലും അടുത്ത തവണ ബലമായി പിടിച്ച് കൊണ്ട്ട് പപ്പന്‍ കരയിലേക്ക്‌ നീന്തി തുടങ്ങി. ഉള്ളിലെ തീ അല്പം ഒന്ന് അണഞ്ഞ് തുടങ്ങി എല്ലാരുടെയും.

പപ്പനും സംഘവും കരയോടടുത്തപ്പോള്‍ ദേഷ്യം സഹിക്കവയ്യാതെ ജോസഫ്‌ സാറും സാറിന്റെ ഉള്ളിലെ ജോണി വാക്കറും ചേര്‍ന്ന് "ഒന്ന് പൊട്ടിക്കെടാ ആ - മോനെ" എന്ന് ഉച്ചത്തില്‍ വിളിച്ച കൂവുന്നുണ്ടായിരുന്നു. കരയില്‍ എത്താറായപ്പോള്‍ ജോസഫ്‌ സാര്‍ ഉടന്‍ തന്നെ തന്റെ കര്‍ത്തവ്യത്തില്‍ വ്യാപ്രുതനായി അവനുള്ള പ്രഥമസൃസ്രൂഷ നല്‍കാനായി തയ്യാറായി. അടുത്തെത്തിയപ്പോള്‍ വി ഐ പി ഫ്രെഞ്ചി ധരിച്ചിരിക്കുന്നത് കണ്ട്, "ഓനിതെന്താ കടലമ്മ കൊടുത്തോ" എന്ന ഡയലോഗോടെ അടുത്തെത്തി ഇക്ക ആണ് സംഭവം കണ്ടെത്തിയത്‌.

പപ്പന്‍ ആന്‍ഡ്‌ ഗ്യാന്ഗ് കടല്‍ കടന്നു നീന്തി പോയി പിടിച്ച് കൊണ്ടു വന്നതാ മൂത്താപ്പയെ അല്ല, പകരം നീന്താനിറങ്ങിയ ഏതോ ഒരു ഗോവാക്കാരനെ. അപ്പോള്‍ മൂത്താപ്പ എവിടെ എന്നോര്‍ത്ത് എല്ലാരും പകച്ച് നില്‍ക്കുമ്പോള്‍, കടലമ്മയുടെ വിരിമാറിലൂടെ അതാ നടന്നു വരുന്നു മൂത്താപ്പ.
"നീയിത്‌ എവിടെ പോയി കിടക്കുവായിരുന്നു" ഇക്കാസ്‌ ക്വസ്റ്യന്‍.
"ആരോ വെള്ളത്തില്‍ പോയില്ലേ ഞാന്‍ പപ്പന്റെ കൂടെ രക്ഷിക്കാന്‍ പോയെക്കുവായിരുന്നു." മൂത്താപ്പ മൂരിനിവര്‍ത്തി പറഞ്ഞു.

കരഞ്ഞുകൊണ്ടിരുന്ന മുഖങ്ങളിലൊക്കെ ഒരു ചിരി വിടര്‍ന്നെങ്കിലും, സന്ദര്‍ഭം ശരിയല്ലാതതിനാല്‍ എല്ലാരും ഒന്ന് അടക്കി പിടിച്ച് നിന്നു. എല്ലാരും പകച്ച് നില്‍ക്കവേ, നീന്താന്‍ പോയി പാതിവഴിയില്‍ വച്ച് നിര്ബന്ധപൂര്‍വ്വം രക്ഷിക്കപ്പെട്ട്, ഇനി ഇവരെന്നെ എന്ത് ചെയ്യും എന്ന ആശങ്കയോടെ, ഒരു പറ്റം പെണ്‍കുട്ടികളുടെ നടുവില്‍ വി ഐ പി ഫ്രെഞ്ചിയുടെ പരസ്യമെന്ന കണക്കിന് മലര്‍ന്നു കിടക്കുകയാണ് പാവം ഗോവാക്കാരന്‍.

ഇനിയിപ്പോ എന്ത് ചെയ്യുമെന്ന ഭാവത്തില്‍ ജോസഫ്‌ സാര്‍ ഇക്കയെ മിഴിച്ച് നോക്കി. ആപത്ത്‌ഹരനായ ഇക്ക, "ജോസഫ്‌ സാറേ വിട്ടോടാ" എന്ന് വിളിച്ച കൂവിക്കൊണ്ട് ഞങ്ങളെ ലീഡ്‌ ചെയ്ത്‌ ഓട്ടം തുടങ്ങി. കാര്യം ഫിസിക്കല്‍ ട്രെയിനര്‍ ഒക്കെ ആണെങ്കിലും ആപത്ത്‌ ഘട്ടത്തില്‍ സ്പോര്‍ട്സ് ചതിച്ചത്‌ കൊണ്ട്ട് ജോസഫ്‌ സാറിന്റെ പേഴ്സ്‌ കാലിയാവുകയും തദ്വാര അന്നേവരെ കേള്‍ക്കാത്തചില ഇംഗ്ലീഷ്‌ വാക്കുകള്‍ കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു.

കാശല്‍പ്പം പോയാലെന്താ, ആഫ്ടര്‍ ഓള്‍ എക്സ്പീരിയന്‍സ് ആണല്ലോ പ്രധാനം.

വണ്ടി വീണ്ടും നീങ്ങി തുടങ്ങിയപ്പോള്‍ ജോസഫ്‌ സാറിനെ ഒന്ന് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നെലും ആര്‍കും അത്ര ധൈര്യം വന്നില്ല. അംബിളിക്ക് പോലും. സാറിനിപ്പോള്‍ കുറെ ഇംഗ്ലീഷ്‌ കൂടുതല്‍ അറിയാല്ലോ!!!.

*****************

ഒരു നിമിഷം ഒന്ന് പൊട്ടിചിരിച്ച് കണ്ണ് തുറന്നപ്പോള്‍ കംബ്യൂട്ടര്‍ മുന്‍പില്‍ സ്ക്രീന്‍ ചിമ്മി നില്‍ക്കുന്നു. ചെവിയില്‍ ദാസേട്ടന്‍ വീണ്ടും തകര്‍ക്കുന്നു.
"പാതിരാപുള്ളുണര്‍ന്നു പരല്‍മുല്ല കാടുണര്‍ന്നു
പാഴ്മുളം കൂട്ടിലെ കാറ്റുണര്‍ന്നു".
തന്നെ സത്യം തന്നെ ഒരുമാതിരി ഉറങ്ങാന്‍ കിടന്ന എല്ലാരും എണീറ്റ്‌ കാണും. ഇനി ആ പതിനാറു ബൈറ്റ് ഒന്നും കൂടി പരതിയിട്ട് വേണം എനിക്കൊന്നു ഉറങ്ങാന്‍. ഒരു ഗുഡ്നൈറ്റ് തീരുന്നതിനു മുന്‍പ്‌ അങ്ങനെ വീണ്ടുമൊരു ഗുഡ്‌ മോണിംഗ്!!!

Sunday, March 29, 2009

സാഗര്‍ അലിയാസ് ജാക്കി

കഴിഞ്ഞ ആഴ്ചയിലെ ഏതോ ഒരു പാതിരാത്രിയില്‍ ഉറങ്ങാനായി കണ്ണടച്ചപ്പോള്‍ ആണ് "സത്യം തീയടരില്‍ സത്യമായിട്ടും സാഗര്‍ അലിയാസ് ജാക്കി" എന്ന് റൂം മേറ്റ് ടോം പറഞ്ഞത്. ചെന്നൈല്‍ റിലീസ് ചെയ്യുന്ന മലയാളം പടങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാ ആഗ്രഹമുള്ളതിനാല്‍ ഇന്നിനീ ടിക്കറ്റ് ബുക്ക് ചെയ്തിട്ട മതി ഉറക്കം എന്ന് വിചാരിച്ച് ബുക്ക് ചെയ്ത്, പണിയൊക്കെ ഇനി തിന്കലാഴ്ച ബാക്കി ചെയ്യാം ചേട്ടാ എന്ന് ഓഫീസില്‍ പറഞ്ഞു ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാണ്ട് തീയറ്ററില്‍ ചെന്ന എനിക്ക് ഇത് തന്നെ കിട്ടണം. നന്ദി ലാലേട്ടാ നന്ദി.

അമല്‍ നീരദ്, ബിഗ് ബി യ്ക്ക് ശേഷം ലാലേട്ടനെ മസില്‍ പിടിപ്പിച്ച് ക്ലോസ് ഷോട്ട്സിലും സ്ലോ മോഷനിലും മാത്രമായി ചിത്രീകരിച്ച ആദ്യ മലയാള ചിത്രം "സാഗര്‍ അലിയാസ് ജാക്കി". ലാലേട്ടന്‍ പറഞ്ഞ വരുമ്പോള്‍ ചിലപ്പോള്‍ അത് ഏലിയാസ് ആകും. പ്ലീസ് ഡോണ്ട് മിസ്‌ അന്ടര്‍ സ്റ്റാന്റ്റ്.

എസ് എന്‍ സ്വാമി ആണ് തിരക്കഥ. അതും മറ്റൊരു അത്ഭുതം ആണ്. കഥയില്ലാതെ തിരക്കഥ എഴുതുക എന്നതൊരു നിസ്സാര കാര്യമല്ലല്ലോ. ലാലേട്ടന്‍ തെക്കും വടക്കും നടക്കുന്നതും പോകുന്ന വഴിയില്‍ കണ്ടുമുട്ടുന്ന സുന്ദരിമാരുടെയും സുന്ദരന്‍മാരായ വില്ലന്മാരുടെയും വില കൂടിയ കുറെ വണ്ടികളുടേയും കഥയാണ്‌ സാഗര്‍ അഥവാ ജാക്കി.

എനിക്ക് തോന്നുന്നത് ചിത്രീകരണത്തിന്റെ ചിലവ് കുറയ്കാന്‍ ലാലേട്ടനെ കേരളത്തില്‍ നിന്ന് ദുബായ്ക്ക് നടത്തിയാണ് കൊണ്ട്ട് പോയത് എന്നാണു (ചില ആനകളെ കൊണ്ടു പോകുന്നത് പോലെ) ഒപ്പം നടപ്പ് പല ആംഗിളില്‍ ഒപ്പിയെടുത്ത് വെട്ടി മുറിച്ച്, പുട്ടിനു പീര പോലെ അവിടിവിടെ അങ്ങട്ട് വിതറി.

മനോഹരമായ ഒട്ടേറെ ആംഗിളുകളിലൂടെ അമല്‍ നീരദ് ഒരു കാര്യം പ്രൂവ് ചെയ്തു എങ്ങനെ നോക്കിയാലും ലാലേട്ടന്റെ കുടവയര്‍ തന്നെ മുന്‍പില്‍!! ഇതൊന്നും പോരാഞ്ഞിട്ട് മലയാളസിനിമാ ഇന്നേവരെ കാണാത്ത ഒരു നൃത്തരൂപം അവതരിപ്പിക്കാനായി കല്യാണം കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തി പോയി മടങ്ങി വന്ന ജ്യോതിര്‍മയീയെ തന്നെ തിരഞ്ഞെടുത്തത് ഒരൊന്നൊന്നര കാസ്റ്റിംഗ് ആയി പോയി. (ആ കുട്ടിക്ക് എന്ത് പറ്റി കല്യാണം കഴിഞ്ഞപ്പോള്‍ വല്ല ബാധ കേറിയോ? )

ലാലേട്ടന്റെ പഴയ നായിക ശോഭന മടങ്ങിയെത്തിയത് ഒരു കുട്ടിയുടെ അമ്മയായിട്ടാണ്. ബട്ട് ലാലെട്ടനിപ്പോലും ബാച്ചിലര്‍ തന്നെ.പടയപ്പ എന്ന ചിത്രത്തില്‍ ഷര്‍ട്ടൂരി സോമാലിയന്‍ കുട്ടികളെ പോലെ നിക്കുന്ന രജനീ കാന്തിനെ നോക്കി അബ്ബാസ് കാച്ചുന്നത് "വൌ വാട്ട് എ മാന്‍" എന്നാണ്. ഇത് പറഞ്ഞു കുറെ തമിഴന്മാരെ കളിയാക്കിയതിന്റെ പാപമാണെന്ന് തോന്നുന്നു, സിക്സ് പാക്കുകളുടെ കാലത്ത് 'സ്കൂള്‍ ബാഗ്' മായി നില്‍ക്കുന്നവയസ്സന്‍ ലാലെട്ടനോട് ഇഷ്ടം ആണെന്ന് പറയുന്ന ഭാവനയെ കണ്ടപ്പോള്‍ കണ്ണുനീരായി പുറത്ത് വന്നത്. അത് കൊണ്ടും തീരാതെ ഒരു പാട്ടും. ലാലേട്ടന്‍ മുന്‍പില്‍ ഭാവന പിന്നില്‍ അങ്ങനെ കണ്ട മലയും പുഴയും ഒക്കെ നടന്നു ഭാവനയെ സംബധിച്ചിടത്തോളം ലാലെട്ടനാകുന്ന മലയെ ചുറ്റി ഒരു പ്രേമം.

സ്മാള്‍ ലെറ്റര്‍ കണ്ടാല്‍ പച്ച വര വരയ്ക്കുന്ന മൈക്രോസോഫ്റ്റ് വേര്‍്ഡിനെ പോലെ പാവം വില്ലന്‍ എപ്പോള്‍ ലാലേട്ടനെ കണ്ടാലും ഇവനെ ഞാന്‍ ഇപ്പൊ പോകച്ച് കളയും എന്ന് പറഞ്ഞ തോക്കും പിടിചോന്റ്റ് വന്നു അതെറിഞ്ഞ് കളഞ്ഞ് ഇടി മേടിച്ച് കൂട്ടും. ഈ തോക്ക് ചൂണ്ടി പിടിചിട്ട് പിന്നെ അതെറിഞ്ഞ് കളഞ്ഞ് ഇടി കൂടുന്നതിന്റെ ലോജിക്ക് എന്താണ്? സോഷ്യലിസം ആണോ?

ഞങ്ങളോട് ക്ഷമിക്കണേ എസ് എന്‍ സ്വാമി, ലാലേട്ടന്‍, അമല്‍ നീരദ്, ആന്റണി പെരുമ്പാവൂര്‍ സാറുമ്മാരെ, ഇങ്ങനെ ആയാല്‍ ഇനി മലയാളസിനിമയുടെ വ്യാജ ഡി വി ഡി ഒക്കെ ഇല്ലാണ്ടാവാന്‍ അധിക താമസം ഉണ്ടാവില്ല. മലയാള സിനിമ കാണാനേ ആരുമില്ലാത്തപ്പോള്‍ പിന്നെ ഡി വി ഡി ഉപയോഗശൂന്യം ആണല്ലോ.എന്തൊക്കെ ആയാലും ടൈറ്റിലും ചില സീനുകളും ഒക്കെ മനോഹരമായിരുന്നു. പക്ഷെ ഈ സ്ലോ മോഷനൊക്കെ ഒരു ലിമിറ്റില്ലേ?

ചിത്രത്തെ കുറിച്ച് ഒറ്റ വാചകത്തില്‍ സ്റ്റൈലിഷ് ആന്‍ഡ് ബോറിംഗ് ചിത്രം.

ഇതൊന്നും കൊണ്ട്ട് ഞാന്‍ പഠിയ്ക്കാന്‍ പോകുന്നില്ല കസിനോവയും ഹരിഹര്‍ നഗറും ഒക്കെ കാണാന്‍ ആദ്യം തന്നെ കാണും. അതെന്കിലും നന്നാവുമായിരിക്കും !!!

തീയടരില്‍ കേട്ട്ടത് : ലാലേട്ടന്‍ ഫാന്‍സിന്റെ സംഘഗാനം "മമ്മൂട്ടി ക്യാന്‍ ഡാന്‍സ് സാലാ"!!!

Monday, February 02, 2009

അക്കരകാഴ്ചകള്‍

ചലച്ചിത്രങ്ങളുടെ റിവ്യൂവിനെച്ചൊല്ലി ഈ ലോകത്തും അതിന്റെ ഭാഗമായി ബൂലോകത്തും ഒക്കെ വിവാദ ബ്ലോഗുകളും ചര്‍ച്ചകളും കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണല്ലോ. മിക്കവാറും മലയാളചിത്രങ്ങളുടെ റിവ്യൂ പോസ്റ്റുകള്‍ വായിക്കാന്‍ "ഇതെങ്കിലും നല്ലതാവും" എന്ന മെന്റാലിറ്റിയോടെ വന്നു "ഇതും മോശമായല്ലോ" എന്ന നിരാശയോടെ മടങ്ങാനാണ്‌ പാവം ബ്ലോഗ്‌ വായനക്കാരുടെ വിധി. തുടര്‍ച്ചയായി മോശം ചിത്രങ്ങള്‍ നല്‍കുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഒന്നും ബ്ലോഗ്‌ റിവ്യൂക്കാരുടെ യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് തന്നെ ആണ്‌ എന്റെ അഭിപ്രായം. അതായത്‌ ജോ പറഞ്ഞത്‌ പോലെ പടം പച്ചപിടിച്ചിട്ട്‌ പോസ്റ്റിടാം എന്നൊരു സഹാനുഭൂതി ആവശ്യമില്ല തന്നെ.

ശരി, വിഷയത്തിലേക്ക്‌ കടക്കട്ടെ. എന്നെപ്പോലെ നല്ലൊരു വിഭാഗം പ്രേക്ഷകര്‍ മലയാളത്തില്‍ നല്ലതൊന്നും കാണാതെ നിരാശരായിരിക്കുന്നുണ്ട്‌. ഈ നിരാശ എല്ലാ റിവ്യൂവിലും കമന്റ്‌ വിഭാഗത്തില്‍ പ്രകടമാണ്‌ താനും. നമുക്കിന്നും ആശ്വാസം കണ്ടെത്താന്‍ മലയാളസിനിമയുടെ 10-15 വര്‍ഷം പിന്നാക്കം സഞ്ചരിക്കേണ്ടതായും വരുന്നു. ഇന്നത്തെ ഭൂരിഭാഗം മലയാളചലച്ചിത്രങ്ങള്‍ക്കും നല്‍കാന്‍ കഴിയാത്ത ക്വാളിറ്റിയോടെ ഇതാ ഒരു മലയാളം സീരിയല്‍. "അക്കരകാഴ്ചകള്‍". മലയാളസിനിമക്കാര്‍ എവിടെയോ മറന്ന് പോയ ശുദ്ധഹാസ്യം, ഒരു ടി വി സീരിയലിലും നിങ്ങള്‍ കാണാത്ത മനോഹരമായ ചിത്രീകരണം, നവാഗതരായ അണിയറക്കാരുടെ (അഭിനേതാക്കള്‍ ഉള്‍പ്പടെ) അതുല്യ പ്രകടനം എന്നിവയാണ്‌ ഇതിനെ വ്യത്യസ്തമാക്കുന്നത്‌. ഇതിന്റെ ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌.

ഇത്‌ കൈരളി ടിവിയില്‍ ശനിയാഴ്ചകളില്‍ രാവിലെ 9 മണിക്കാണ്‌ സമ്പ്രേഷണം ചെയ്യുന്നത്‌. മാത്രമല്ല എല്ലാ എപ്പിസോഡുകളും യൂട്യൂബില്‍ ലഭ്യമാണ്‌. അമേരിക്കയില്‍ ജീവിക്കുന്ന ജോര്‍ജ്ജ്‌ എന്ന നാട്ടിന്‍പുറത്ത്‌കാരനായ, പച്ചമലയാളിയുടെയും അയാളുടെ ചുറ്റുമുള്ള മറ്റുള്ളവരുടേയും കഥയാണ്‌ ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ്‌ അതിമനോഹരമായി അവതരിപ്പിക്കുന്നത്‌. കണ്‍സിസ്റ്റന്റായി ചിരിപ്പിക്കുക എന്നത്‌ വളരെ ശ്രമകരമായ ജോലി ആണ്‌. അതില്‍ "ഇന്‍ഫേമസ്‌ കോക്കനട്ട്സിന്റെ" ബാനറില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെല്ലാം വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. പ്രത്യേകിച്ചും സ്ക്രിപ്റ്റ്‌ റൈറ്റര്‍ അജയനും സംവിധായകന്‍ എബിയും പിന്നെ ജോര്‍ജ്ജ്‌ അച്ചായനായി തകര്‍ക്കുന്ന ജോസുകുട്ടിയും.

ഇതിനെക്കുറിച്ച്‌ ബ്ലോഗ്‌ ലോകത്തില്‍ ആരും സംസാരിച്ച്‌ കണ്ടില്ല. അത്‌ കൊണ്ട്‌ ഞാനിവിടെ കുറിക്കാമെന്ന് വച്ചു. നിങ്ങളിതുവരെ ഈ പ്രോഗ്രാം കണ്ടിട്ടില്ലെങ്കില്‍ ആദ്യ എപ്പിസോഡ്‌ ഇതാ ഇവിടെ, ഒന്ന് കണ്ട്‌ നോക്കൂ.

ഇതിനു മുന്‍പ്‌ കണ്ടവര്‍ക്കായി, ഓര്‍ക്കുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കുന്ന ചിലത്‌...."എവരി വൈന്‍ ഹാസ്‌ ഇറ്റ്‌സ്‌ ഓണ്‍ സ്റ്റോറി", ഗിരിഗിരിയുടെ ആത്മകഥാംശമുള്ള കവിത "ശാരികേ നീയോ ശ്യാമിന്റെ കൂടെ പോയി"...

പുറം കണ്ണികള്‍

1. മാതൃഭൂമിയില്‍
2. സിഫിയില്‍
3. 'ഹിന്ദു'വില്‍
4. 'വിക്കി'യില്‍

ഞാനിങ്ങനെ ഒരു അഭിപ്രായം പാതിരാത്രിയില്‍ നടത്തിയത് ഈ ചേട്ടന്മാര്‍ എന്റെ സ്വന്തകാരയത് കൊണ്ടല്ല എന്ന് ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു... (ഇനി എന്നെ എന്നാ ചെയ്യാന്‍ പറ്റുമെടാ ഉ‌വേ? )

Wednesday, December 31, 2008

മതേതരത്വം ഹംമ്മ്മം....

ഇക്കഴിഞ്ഞ ദിവസം ഒരു സുഹ്രത്തുമായി സംസാരിച്ചപ്പോള്‍ അറിയാനിടയായ കാര്യമാണ്‌ ബാംഗ്ലൂരില്‍ മുസ്ലീംസിന്‌ വീട്‌ വാടകയ്ക്‌ നല്‍കാന്‍ വീട്ടുടമകള്‍ വിമുഖത കാണിക്കുന്നു എന്നത്‌. കേട്ടപ്പോള്‍ വളരെ ഷോക്കിംഗ്‌ ആയി തോന്നി. ഇത്തരം ഒരു നടപടി സുരക്ഷ നല്‍കും എന്നു വിശ്വസിക്കുന്നുവൊ? തീവ്രവാദത്തിന്റെ പേരില്‍ ഒരു കമ്യൂണിറ്റി ഇത്തരം പീഡനങ്ങള്‍ അനുഭവിക്കുന്നത്‌ തികച്ചും അനഭിലഷണീയമാണ്‌.ഇത്തരം അവഗണനകള്‍ അവരുടെ വികാരം വ്രണപ്പെടുത്താനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല താനും.

എന്റെ മറ്റൊരു സുഹ്രത്തിനുണ്ടായ അനുഭവം കുറിക്കട്ടെ. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം വിവാഹനിശ്ചയത്തിനായി നാട്ടിലേക്ക്‌ പുറപ്പെട്ടപ്പോള്‍, തമാശയ്കായി (അങ്ങിനെ കരുതാന്‍ ബുദ്ധിമുട്ടുണ്ട്‌ എങ്കിലും) അദ്ദേഹത്തിന്റെ സുഹ്രത്തുക്കള്‍ ലഗ്ഗേജിന്റെ പുറത്ത്‌ മലയാളത്തില്‍ "ഇതില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന്" കുറിച്ചു. സമയദോഷമെന്ന് പറയട്ടെ, എയര്‍പോര്‍ട്ട്‌ സ്റ്റാഫ്‌ ഒരു മലയാളി ആയിരുന്നു. അദ്ദേഹം ഇത്‌ കാണുകയും സുഹ്രത്ത്‌ മുസ്ലീമാണ്‌ എന്ന തിരിച്ചറിവ്‌ മൂലം കൂടുതല്‍ അലര്‍ട്ടായി ചെക്കിംഗ്‌ നടത്തുകയും ചെയ്തു. ഒടുവില്‍ അദ്ദേഹത്തിന്‌ 2 ദിവസം കസ്റ്റഡിയില്‍ ഇരിക്കേണ്ടി വന്നു. മാത്രമല്ല ജോലി തന്നെ തുലാസിലാവുകയും ചെയ്തു.

മുംബൈ അറ്റാക്കിന്‌ പകരമായി പാകിസ്താന്‍ അറ്റാക്ക്‌ ചെയ്യണം എന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ പ്രതികരിക്കുന്നത്‌ കഴിഞ്ഞ ദിവസം ഏതോ ഒരു റ്റി വി ചാനലില്‍ കാണാനിടയായി. അതായത്‌ ഇവിടെ കുറെപ്പേര്‍ മരിച്ചതിന്‌ പകരമായി അവിടെയും കൊല്ലിനെടാ കുറെ എണ്ണത്തിനേ എന്ന്. അതിന്റെ ആകെത്തുക കുറെ മരണങ്ങള്‍ എന്നല്ലാതെ മറ്റൊന്നുമല്ല. വളരെ ന്യൂനപക്ഷമായ ഒരു സംഘം ആളുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്‌ രണ്ട്‌ രാജ്യത്തെ നിരപരാധികള്‍ ബലിയാടാകണോ? അത്‌ വീണ്ടും കുറെ നിരപരാധികളെ തീവ്രവാദികളായി മാറാനല്ലേ സഹായിക്കൂ?

മാത്രുഭൂമിയില്‍ കുറച്ച്‌ നാള്‍ മുന്‍പ്‌ ടെററിസ്റ്റുകളുടെ ഉദ്ദേശ്യമെന്തായിരുന്നിരിക്കും എന്നതിനെ കുറിച്ച്‌ ഒരു ലേഖനം വായിക്കാനിടയായി. ലേഖകന്‍ സ്ഥാപിക്കുന്നത്‌, ഇന്ത്യയിലെ സാമ്പത്തികതലസ്ഥാനം ആക്രമിക്കുന്നത്‌ വഴി സാമ്പത്തികമായ ഒരു തകര്‍ച്ചയല്ല മറിച്ച്‌ അവര്‍ ആഗ്രഹിക്കുന്നത്‌ യുദ്ധം തന്നെ ആണ്‌ എന്നായിരുന്നു.

അമേരിക്കയിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴും ഒബാമ അഫ്ഘാന്‍ പ്രദേശത്തെ പട്ടാളത്തെ പിന്‌വലിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്‌ കൊണ്ട്‌ തന്നെ തീവ്രവാദകേന്ദ്രമായി ലോകം കാണുന്ന ആ മേഖലയില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ആയാസകരമായിത്തന്നെ തുടരും

മുംബൈ ആക്രമണം കഴിഞ്ഞുള്ള പല ചര്‍ച്ചകളിലും നാം തിരിച്ചറിഞ്ഞതാണ്‌, പാകിസ്ഥാനിലെ സാധാരണക്കാര്‍ ഒരിക്കലും തീവ്രവാദികളെ സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല എന്ന വസ്തുത. പക്ഷെ ഇന്ത്യയുമായി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ തീര്‍ച്ചയായും യുദ്ധത്തിന്‌ പാക്കിസ്ഥാനെ സഹായിക്കാന്‍ തീവ്രവാദികളുണ്ടാകും, അവര്‍ വൈകാതെ തന്നെ ജനങ്ങളുടെ കണ്ണില്‍ പ്രിയപ്പെട്ടവരാകും.

അദ്ദേഹം നിരത്തുന്ന ചില നിരീക്ഷണങ്ങള്‍ ഇവയായിരുന്നു. ആസൂത്രണം ചെയ്തത്‌ പാകിസ്താനിലാണെന്ന് എല്ലാത്തെളിവുകളും അവശേഷിപ്പിച്ച്‌ ഇങ്ങനെ ഒരു ആക്രമണം നടത്തിയത്‌, വ്യക്തമായ അജണ്ടയോടെ തന്നെ ആവണം. അതായത് യുദ്ധം കൊണ്ട് ആര്‍ക്കേലും നേട്ടം ഉണ്ടാകുന്നെന്കില്‍ അത് തീവ്രവാദികള്‍ക്ക് തന്നെ.

മുംബൈയില്‍ ആക്രമണം നടക്കുമ്പോള്‍ റ്റി വി യില്‍ ആരോ അയച്ച ഒരു കമന്റ്‌ ഇങ്ങനെ "രാജ്‌ താക്കറെ എവിടെ? അദ്ദേഹം അറിയുന്നുണ്ടോ അദ്ദേഹത്തിന്റെ ഉറക്കം സുരക്ഷിതമാക്കുന്നത്‌ മഹാരാഷ്ട്രക്കാരല്ലാത്ത പട്ടാളക്കാരാണെന്ന്?"

കഴിഞ്ഞ കുറേ മാസങ്ങളായി തമിഴ്‌ നാട്ടില്‍ കണ്ടുവരുന്നത്‌ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ ഉള്ള പ്രതിഷേധമാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇത്തരം പ്രതിഷേധസമരങ്ങള്‍ നടത്തുന്നത്‌ തമിഴ്‌ ചാനലുകള്‍ ആഘോഷമായി കാണിക്കുന്നു. ശ്രീലങ്കയിലെ തമിഴ്‌ ജനത കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിക്കുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ നമ്മുടെ തന്നെ സഹോദരന്മാര്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മക്കെതിരെ പ്രതിഷേധിക്കാന്‍ അവര്‍ മറന്നു. മാധ്യമങ്ങളില്‍ എല്‍ ടി ടി ഇ യെ സഹായിക്കാന്‍ ശ്രമിച്ച തമിഴന്മാരെ അറസ്റ്റ്‌ ചെയ്ത്‌ എന്ന് വായിക്കുമ്പോല്‍ തോന്നി പോകാറുണ്ട്‌, ഇത്‌ തന്നെ അല്ലേ നമ്മള്‍ പാകിസ്താന്റെ നേരെ ആരൊപിക്കുന്നത്‌? ശ്രീലങ്ക ഇത്തരക്കാരെ വിട്ട്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്താകും അവസ്ഥ?

ഒരു ആക്രമണം നേരിടുമ്പോള്‍ മാത്രം നാം ഒന്നെന്ന ചിന്തയും അല്ല്ലാത്തപ്പോള്‍ രാജ്യത്തിനുള്ളില്‍ സ്വയം ആക്രമണം അഴിച്ച്‌ വിടുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മള്‍ അധ:പതിച്ച്‌ തുടങ്ങിയിരിക്കുന്നുവോ? "അന്‍പേ ശിവം" എന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍ മാധവനോട്‌ പറയുന്ന ഡയലോഗ്‌ ഇങ്ങനെ "തീവ്രവാദികള്‍ എന്നെ പോലെ വിരൂപന്മാരിയിരിക്കണമെന്നില്ല, നിന്നെ പോലെ സുന്ദരന്മാരായിരിക്കും". നമ്മുടെ സഹോദരന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത സമൂഹം എങ്ങനെ തീവ്രവാദികളെ നിറവും വര്‍ഗ്ഗവും കൊണ്ട്‌ തിരിച്ചറിയും?

Sunday, December 21, 2008

20 - 20 ( 20 മൈനസ്‌ 20)

വേലിയില്‍ ഇരുന്ന അച്ചായനെ എടുത്ത്‌ തോളത്ത്‌ വെച്ചു എന്ന പോലെ ആയി 20-20 എന്ന ചലച്ചിത്രകാവ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രത്തെക്കുറിച്ച്‌ അനഭിലഷണീയമായ അഭിപ്രായപ്രകടനം നടത്തിയത്‌. ചിത്രം എനിക്ക്‌ കാണാന്‍ സാധിച്ചത്‌ കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോഴാണ്‌. അതായത്‌ റിലീസിങ്ങിനു ഏകദേശം ഒരു മാസത്തിനു ശേഷം. എന്റെ കാഴ്ചപ്പാടുകളില്‍ ഒരുപക്ഷെ ആ കലപ്പഴക്കത്തിന്റെ ഇമ്പാക്റ്റും ഉണ്ടാകും.

മലയാളികള്‍ക്ക്‌ അഭിമാനിക്കാനും തമിഴന്റെയും തെലുങ്കന്റെയും ഒക്കെ മുന്‍പില്‍ ഞെളിഞ്ഞ്‌ നിന്ന്, കാണെടാ ഞങ്ങളുടെ ചലച്ചിത്ര വിസ്മയം എന്നും പറയാന്‍ അവസരം നല്‍കുന്ന ചിത്രം അത്രെ. അങ്ങനെ പറയുമ്പോള്‍ ശ്രദ്ധിക്കുക, അവര്‍ക്കാര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ ആവണം വിളിച്ച്‌ കൂവാന്‍.

ചിത്രം കാണാന്‍ തീയറ്ററില്‍ ഇരിക്കുന്നവരെക്കാള്‍ കൂടുതല്‍ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം. നിങ്ങളാരെക്കൊണ്ട്‌ പറ്റുമെടാ ഈ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍. (ചിലപ്പോള്‍ വല്ല കാര്‍ട്ടൂണ്‍ സിനിമക്കാര്‍ക്ക്‌ മാത്രം തകര്‍ക്കാന്‍ പറ്റുന്ന റെക്കോര്‍ഡ്‌ )

ചിത്രത്തിന്റെ ആകെത്തുക എന്തെന്ന് ഏതാനും വരികളില്‍ വിവരിച്ച ഗിരീഷ്‌ പുത്തഞ്ചേരിയുടെ രചന ഇങ്ങനെ "നീയും പാതി ഞാനും പാതി നെഞ്ചില്‍ തത്തും ഗാനം പാതി". അതന്നെ ചിത്രവും ഉദ്ദേശിച്ചത്‌. എല്ലാം പപ്പാതി. വില്ലന്മാരുടെ എണ്ണത്തില്‍ വരെ വ്യക്തമായ ഒരു വീതം വെപ്പ്‌ നടത്താനായി എന്നത്‌ ശ്ലാഘനീയം തന്നെ.

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ട തിരക്കഥ. എത്ര ഗതികേട്‌ വന്നാലും തിരക്കഥാക്രുത്തുകള്‍ എന്തൊക്കെ ചെയ്യരുത്‌ എന്നതും പാഠ്യവിഷയമാകേണ്ടതാണല്ലോ. എന്തായാലും ദിലീപ്‌ നല്‍കിയ ലിസ്റ്റിലെ താരങ്ങളെ അങ്ങിംഗ്‌ ഡേറ്റ്‌ നോക്കി കുത്തിനിറയ്കുക എന്നത്‌ അത്ര എളുപ്പമുള്ള ജോലി അല്ല. അത്തരുണത്തില്‍ ഒരു പക്ഷെ ഈ തിരക്കഥ മാനേജ്‌മന്റ്‌ കോഴ്കിലും പാഠ്യവിഷയമാക്കാവുന്നതാണ്‌.

ആദ്യമായാണ്‌ മലയാളചലച്ചിത്രത്തിനു തീയറ്ററുകളില്‍ ഇങ്ങനെ ചില പ്രതികരണങ്ങള്‍ കാണുന്നത്‌. അതായത്‌ ലാലേട്ടന്റെ ഇന്റ്രൊഡക്ഷന്‍ സീന്‍ കണ്ട്‌ സങ്കടം വന്ന ഫാന്‍സ്‌ സ്ക്രീനിലേയ്ക്‌ ചെരിപ്പെറിഞ്ഞാണ്‌ രോഷം തീര്‍ത്തത്‌. ഇത്തരമൊരു ഫാന്‍ ഭ്രാന്ത്‌ നമുക്ക്‌ അപമാനകരമല്ലേ? തമിഴന്മാര്‍ സ്ക്രീന്‍ കീറി, തീയറ്റര്‍ കത്തിച്ചു തുടങ്ങിയ അന്ധമായ ആരാധനയുടെ കഥകള്‍ കേട്ട്‌ ചിരിച്ച്‌ നടന്നിരുന്ന മലയാളികള്‍ ഇതിപ്പോള്‍ അതിലും താഴാന്‍ ഞങ്ങള്‍ക്കാകുമേ എന്ന് കാണിച്ച്‌ തുടങ്ങിരിക്കുന്നു.

ചിത്രത്തില്‍ അങ്ങിങ്ങായി പരസ്യങ്ങളും താരങ്ങളുടെ ഡയലോഗായി കുത്തിനിറയ്കുക ഉണ്ടായി. ഒരുപക്ഷെ 20-20 എന്ന പേര്‌ സാധൂകരിക്കാനായിരിക്കണം. ഇങ്ങനെ ഒരു ചിത്രം കൊണ്ട്‌ അമ്മയ്കും ദിലീപിനും മാത്രമായിരിക്കും എന്തെങ്കിലും തരത്തിലുള്ള പ്രയോജനം. ഒരിക്കലും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ചിത്രമായി മാറാന്‍ ഇത്തരത്തിലൊരു പ്രതിഭാസംഗമത്തിനു കഴിയാത്തത്‌ നിരാശജനകം തന്നെ.

അമ്മ പ്രസിഡന്റായത്‌ കൊണ്ടാകും ഇന്നസന്റ്‌ ചിത്രത്തിലുടനീളം അങ്ങിങ്ങ്‌ തലകാണിച്ച്‌ പോരുന്നത്‌. പക്ഷെ ഇന്നസെന്റും ജഗദീഷും തുടങ്ങി ഒരു പിടി നല്ല താരങ്ങള്‍ ശൂന്യതയില്‍ നിന്ന് ഹാസ്യമുണ്ടാക്കാനുള്ള വിഫലശ്രമം നടത്തുന്ന കാഴ്ചയും പ്രേക്ഷകരെ നിരാശരാക്കുകയും ബോറടിപ്പിക്കുകയും ചെയ്യും.

ഈ താരങ്ങളെല്ലാം ഒരുമിച്ച്‌ വേണമെന്നില്ല മലയാളത്തില്‍ ഒരു ചിത്രം വന്‍ വിജയമാകാന്‍, മറിച്ച്‌ കാമ്പുള്ള കഥയും നല്ലാ കഥാഖ്യാനശൈലിയും മാത്രം മതി. ഇത്‌ പലകുറി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണ്‌. അങ്ങനെയിരിക്കെ ഇത്രയഥികം താരങ്ങളെ ഒരുമിച്ച്‌ ലഭിച്ചപ്പോള്‍ നല്ല കാമ്പുള്ള ഒരു കഥ മെനഞ്ഞ്‌, ഇത്തരമൊരു അത്യപൂര്‍വ്വമായ കൂട്ടുചേരല്‍ അവിസ്മരണീയമാക്കുകയായിരുന്നു ദിലീപെന്ന 'കലാകാരന്‍' (കച്ചവടക്കാരന്‍ മാത്രമല്ലല്ലൊ) ചെയ്യേണ്ടിയിരുന്നത്‌. ചിത്രം നല്ലതാണെങ്കില്‍ അമ്മയിലെ എല്ലാ താരങ്ങളും ഇല്ല എന്ന് പറഞ്ഞു ആരും ചിത്രം കാണാന്‍ പോകാതിരിക്കില്ലല്ലോ.

ഇനി അഞ്ച്‌ നായകരെയും ഇത്രയധികം താരങ്ങളെയും ഒരുമിച്ച്‌ അണിനിരത്തണം എന്ന് നിര്‍ബന്ധമായിരുന്നെങ്കില്‍, തീര്‍ച്ചയായും ദിലീപിനു മഹാഭാരതകഥ ചലച്ചിത്രമാക്കിമാറ്റാമായിരുന്നു !!! ഏതെങ്കിലും ഒരു താരത്തിന്റെ ഫാന്‍ അല്ലാത്ത പ്രേക്ഷകര്‍ക്ക്‌ ഇത്തരമൊരു തട്ടിക്കൂട്ട്‌ ചിത്രം ദഹിക്കുമെന്ന് ഈയുള്ളവന്റെ സാമാന്യബുദ്ധിക്ക്‌ തോന്നുന്നില്ല. അത്‌ തന്നെ ആവണം ആദ്യദിവസങ്ങളില്‍ ഇരമ്പിക്കയറുന്ന ഫാന്‍സിന്റെ പോക്കറ്റില്‍ നിന്ന് അധികചര്‍ജ്‌ ഈടാക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ദിലീപിന്‌ തോന്നാന്‍ കാരണം. എന്തായാലും അത്തരമൊരു നടപടി കടയ്കലേ നുള്ളിയത്‌ പ്രോത്സാഹനീയം തന്നെ.

ഭാരതത്തിലെ തന്നെ മികച്ച കലാകാരന്മാരുള്ള, മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന ചലച്ചിത്രസമൂഹം ഇത്തരത്തില്‍ മോശമാകുന്നത്‌ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസ്യകരമല്ല. കഴിഞ്ഞവര്‍ഷം നിങ്ങളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഏതെങ്കില്‍ ചിത്രത്തിന്‌ ജന്മം നല്‍കാന്‍ മലയാളസിനിമയ്കായോ എന്ന് ആലോചിച്ച്‌ നോക്കാവുന്നതാണ്‌. എന്തോ ചില സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി പേനയുന്തുന്നവരും ഇത്തരം കച്ചവടതാല്‍പര്യങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നത്‌ നല്ലതിനാകില്ല.

ചിത്രം കഴിഞ്ഞിറങ്ങിയപ്പോള്‍ വളരെ രസകരമായ ഒരു കമന്റ്‌ കേട്ടത്‌ ഇങ്ങനെ "വിജയരാഘവന്റെ ഡേറ്റ്‌ കിട്ടിയില്ല ഇല്ലെങ്കില്‍ മമ്മൂക്ക തട്ടിയേനെ" :)

Wednesday, November 05, 2008

'ട്വന്റി ട്വന്റി' ഉം ഫാന്‍സും പിന്നെ നമ്മളും


ട്വന്റി ട്വന്റി യുടെ പോസ്റര്‍ കണ്ടു മോഹന്‍ലാല്‍ ഫാന്‍സിനു ഹാലിളകി എന്ന വാര്‍ത്ത അല്‍പ്പം അതിശയത്തോടെ തന്നെ ആണ് വായിച്ചത്. അഞ്ച് സ്റ്റാറുകള്‍ നിരന്നു നില്ക്കുന്ന പോസ്ടറില്‍ മമ്മൂട്ടിയെ നടുവില്‍ നിര്‍ത്തിയത് മോഹന്‍ലാലിന്റെ പ്രാധാന്യം കുറച്ച് കാണിക്കാനല്ലേ എന്നാണു ലാലേട്ടന്‍ ഫാന്‍സിന്റെ സംശയം. ഇതിപ്പോള്‍ എങ്ങനെ റീ ഡിസൈന്‍ ചെയ്താലും ഏതേലും ഒരു സ്റാര്‍ നടുവില്‍ പെട്ട് പോകും. കഴിഞ്ഞില്ലേ കഥ!!

വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നെന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ലോ ബഡ്ജറ്റ് എന്ന ചട്ടക്കൂട്ടില്‍ നിന്നു കൊണ്ട്ട് സൃഷ്ടിക്കുന്നു (ഓര്‍ സൃഷ്ടിച്ചിരുന്നു. പാസ്റ്റ് ടെന്‍സ്!!!) എന്നും അവകാശപ്പെടുന്ന മലയാളി സമൂഹത്തിനു അപമാനമല്ലേ ഇങ്ങനത്തെ ചെയ്തികള്‍? ഇത്തരം പേക്കൂത്തുകളുടെ ഉപജ്ഞാതാക്കളായ തമിഴ് ഫാന്‍സ്‌ പോലും അന്ധമായ ഫാന്ഷിപ്പിനു അര്‍ദ്ധവിരാമം നല്കി തുടങ്ങിയിരിക്കുന്നു എന്നത് തന്നെ ആണ് തമിഴ് ചലചിത്ര രംഗത്ത് പുതിയ പരീക്ഷണങ്ങളും നല്ല ചിത്രങ്ങളും സമ്മാനിക്കുന്നത്. ഇക്കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കാന്‍, കഴിഞ്ഞ വര്ഷത്തെ മികച്ച നടിയ്ക്കുള്ള പുരസ്കാരം പ്രിയാമണിയ്ക് നേടിക്കൊടുത്ത പരുത്തിവീരന്‍ തമിഴ് നാട്ടില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നുവെങ്കില്‍, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഏറ്റ് വാങ്ങിയ പുലിജന്മത്തിന് തീയറ്ററുകള്‍ തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും ഉടന്‍ തന്നെ ചാന്ദ്രയാന്‍ മിഷന്‍ സക്സസ് ആയാല്‍, ഇത്തരം ഫാന്‍സിനെ ഒക്കെ കയറ്റി വിടാന്‍ ഒരു താവളമായി എന്ന് ആശ്വസിക്കാം.

പോസ്റര്‍ പ്രശ്നം പരിഹരിക്കാന്‍ എനിക്ക് തോന്നുന്ന ഒരേ ഒരു മാര്‍ഗം ഇവരെ വട്ടത്തില്‍ നിര്‍ത്തി ഒരു പോസ്റര്‍ അടിച്ചിറക്കുക എന്നതാണ്. ( വേറെ എന്തേലും അല്ഗോരിതംസ് അറിയുമെങ്കില്‍ നിര്ദ്ധേശിക്കാവുന്നതാണ്. )അതാകുമ്പോള്‍ സന്ദര്‍ഭത്തിനും ചേരും. പ്രേക്ഷകരെ പല പല മുഖങ്ങള്‍ സ്പീഡില്‍ സ്പീഡില്‍ കാണിച്ച് വട്ടം കറക്കുക എന്നതാണല്ലോ ഇങ്ങനത്തെ ചിത്രങ്ങളുടെ ഉദ്ദേശ്യം.

ബെര്‍ളി തോമസിന്റെ അത്യുഗ്രന്‍ റിവ്യു വായിച്ചു. അത് കാശ് പോയവന്റെ ഉച്ചത്തിലുള്ള നിലവിളി ആകാനെ സാധ്യത ഉള്ളൂ. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ഷോട്ടും പാട്ടും ഡയലോഗും വരെ പങ്കിട്ടെടുതോ പപ്പാതി എന്ന് ചൊല്ലി ഫാസില്‍ വീതം വെച്ച് കളിച്ച് ഫാന്‍സിനെ തൃപ്തിപെടുത്തിയപ്പോള്‍, ഒരു നല്ല ശതമാനം
പ്രേക്ഷകരെന്കിലും ഈ കൂട്ടായ്മയില്‍നിന്നു ഏറെക്കുറെ പ്രതീക്ഷിച്ച് നിരാശരാവുകയാണ് ചെയ്തത്.

ഇന്നിപ്പോള്‍ ട്വന്റി ട്വന്റി യില്‍ എത്തി നില്‍ക്കുമ്പോള്‍, ബാലരമയിലെ മായാവിയുടെ പോലും വറൈടി സൃഷ്ടിക്കാന്‍ ഇന്നേവരെ സാധിക്കാത്ത ഉദയകൃഷ്ണ - സിബി കെ തോമസ് ടീമിന് ഒരു പറ്റം താരങ്ങളുടെ കാള്‍ഷീറ്റ് നോക്കി കഥ ഉണ്ടാക്കേണ്ട ഗതികേട് വന്നിരിക്കുകയാണ്. ഇങ്ങനത്തെ ഒരു അവസ്ഥയില്‍ എം ടി - പദ്മരാജന്‍ ടീം ആയാലും പടം മോശമാകാനെ സാധ്യത ഉള്ളൂ.

രസകരമായ ഒരു കമന്റ് ഇക്കൂട്ടത്തില്‍ കേട്ടത് ഇങ്ങനെ "ഇവന്മാരെ ഒറ്റയ്കൊറ്റയ്ക്ക് സഹിക്കാന്‍ തന്നെ പാടാണ്, അപ്പോളാ ഗ്രൂപ്പ് അറ്റാക്ക്".

ഇങ്ങനെ ഫാന്‍സിനെ രസിപ്പിക്കാന്‍, മാര്‍ക്കറ്റ് ട്രെന്റ് എന്ന പേരില്‍ തനിക്ക് ചേരാത്ത വേഷം കെട്ടാന്‍ ശ്രമിക്കുന്ന താരങ്ങളോട് നമുക്ക് പറയാനുള്ള ഡയലോഗ് രഞ്ജിത്ത് നേരത്തെ എഴുതി വെച്ചിട്ടുണ്ട്.
"കാലം നിനക്ക് മുന്‍പില്‍ ഒരു വിളക്കായ് തെളിയുമ്പോള്‍, അതിന്റെ നേര്‍ക്ക് തുപ്പരുത്"

Thursday, June 19, 2008

മുല്ലവള്ളിയും തേന്മാവും

ഇവനെന്തടാ ഈ പഴയസിനിമാപ്പേരു പറഞ്ഞ്‌ ബ്ലോഗ്ഗുന്നത്‌ എന്ന സംശയം സ്വാഭാവികമായതിനാല്‍ ഉല്‍ഭവസ്ഥാനത്തിനെക്കുറിച്ച്‌ കയ്യോടെ പറഞ്ഞേക്കാം. ഹരിയേട്ടന്റെ ഈ പോസ്റ്റും അതിന്റെ കീഴെ ചിത്രകോരന്‍ മാഷിന്റെ കമന്റും വായിച്ചപ്പോള്‍ വി കെ പ്രകാശിനെക്കുറിച്ച്‌, അങ്ങേരുടെ 5 പടങ്ങളില്‍ 3 എണ്ണം കാണുകയും ഒന്നു കേള്‍ക്കുകയും മറ്റൊന്ന് ഹരിയേട്ടന്റെബ്ലോഗില്‍ വായിക്കുകയും ചെയ്ത ആള്‍ എന്ന ആത്മവിശ്വാസത്തില്‍ ഒരു പോസ്റ്റ്‌ കാച്ചാന്‍ ഉന്മേഷം കിട്ടിയത്‌.

ഹരിയേട്ടന്റെ അഭിപ്രായത്തോട്‌ എനിക്കും യോജിപ്പ്‌ തന്നെ. മലയാളത്തില്‍ സാങ്കേതിക തികവിന്റെ കാര്യത്തില്‍ അഗ്രഗണ്യീയമാണ്‌ വി കെ പ്രകാശിന്റെ ചിത്രങ്ങള്‍. ഓരോ ഷോട്ടിനും ഗാനരംഗങ്ങള്‍ക്കും പ്രത്യേകമായ ദ്രശ്യഭംഗി നല്‍കാന്‍ കഴിയുന്നു എന്നത്‌ അഭിനന്ദനീയം തന്നെ. വിനയനെയോ ജയരാജിനെയോ പോലെ കുറെ തമിഴ്‌ പടങ്ങള്‍ ഒരുമിച്ച്‌ കണ്ടതിന്റെ ഹാങ്ങോവറില്‍ ക്യാമറ, എല്‍ പി സ്കൂളിലെ കുട്ടികള്‍ കുട കറക്കുന്നത്‌ പോലെ വട്ടം കറക്കി പ്രേക്ഷകനെ അത്രയ്ക്കങ്ങ്‌ ഭ്രാന്ത്‌ പിടിപ്പിക്കുന്നില്ല എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം.

ചുവടെ ചേര്‍ത്തിരിക്കുന്ന ഗാനരംഗത്തിന്റെ ദ്രശ്യഭംഗിയെക്കുറിച്ച്‌ എതിരഭിപ്രായമുണ്ടോ???




മറ്റൊരെണ്ണം - എന്റെ പ്രിയപ്പെട്ടത്‌.
മലയാളത്തിന്റെ കുറഞ്ഞ ബഡ്ജറ്റില്‍ നിന്നാണ്‌ ഇങ്ങനെ ചിത്രീകരിക്കുന്നതും ഇതൊന്നും ഫോറിന്‍ ലോക്കേഷനുകളല്ല എന്നതും ശ്രദ്ധിക്കുക.



അവസാനമായി പോസിറ്റീവിലെ ഒരു ഗാനരംഗം. സെറ്റിട്ട്‌ ഇത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്‌ എന്നെ ആകര്‍ഷിച്ച ഘടകം.



ശെടാ, അറുബോറന്‍ ചിത്രങ്ങളുടെ സംവിധായകനെക്കുറിച്ച്‌ ഇത്രയ്കങ്ങ്‌ പുകഴ്ത്താന്‍ അങ്ങേരുടെ അടുത്ത ചിത്രത്തില്‍ എനിക്ക്‌ ചാന്‍സ്‌ തന്നിട്ടുണ്ടോ എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ ബാക്കി കൂടെ പറയട്ടെ.

മനോഹരമായ ഗാനരംഗങ്ങള്‍. അതിമനോഹരമായ ട്രയിലര്‍സ്‌. ഇതൊക്കെ നിഷ്പ്രഭമാക്കി കളയാന്‍ പോന്ന തരത്തിലുള്ള അറുബോറന്‍ ചിത്രം. ഇതാണ്‌ വി കെ പ്രകാശ്‌ ചിത്രങ്ങളെക്കുറിച്ച്‌ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ എന്റെ ഡെഫനിഷന്‍(പുനരധിവാസം ഭേദമായിരുന്നു).

വി കെ പ്രകാശിന്റെ പേരു കേള്‍ക്കുമ്പോളെ എനിക്ക്‌ പൊട്ടിച്ചിരി സമ്മാനിക്കുന്ന ഒരു കുഞ്ഞ്‌ സംഭവം ചേര്‍ത്ത്‌ കൊണ്ട്‌ ഈ പോസ്റ്റിനു സമാധി കുറിക്കട്ടെ.

മുല്ലവള്ളിയും തേന്മാവും എന്ന ചിത്രം റിലീസായ സമയം ഗാനരംഗങ്ങള്‍ കണ്ട്‌ ത്രില്ലടിച്ച്‌ പോകണോ വേണ്ടയോ എന്ന ഡെയിലമോയില്‍ നില്‍ക്കവേ ഒരു കൂട്ടുകാരനോട്‌ അഭിപ്രായം ചോദിക്കുകയുണ്ടായി.

"അളിയാ നീ മുല്ലവള്ളിയും തേന്മാവും കണ്ടോ?"
"ങ്ങാ..."
"എപ്പടി ഇരുക്ക്‌?"
"ഫര്‍സ്റ്റ്‌ ഹാല്‍ഫ്‌ കഴിഞ്ഞാല്‍ പേടിയാകും"
"അതെന്താ പടം സസ്പെന്‍സ്‌ ആണോ? ഹോറര്‍?"
"അല്ലല്ല സസ്പെന്‍സ്‌ ഒന്നും അല്ല। ഇന്റര്‍വല്‍ സമയം ആകുമ്പോള്‍ തീയറ്ററില്‍ നീമാത്രമല്ലേ കാണൂ. ആരായാലും അല്‍പം പേടി തോന്നില്ലേ?"

Thursday, May 15, 2008

നോക്കുകൂലി

ഇന്നു രാവിലെ കിട്ടിയ ഒരു ഇ-മെയില്‍ ആണ്. സംഭവം അല്പം ഒന്നു ചിരിപ്പിക്കും...

Project Managers will starve to death !!!

Monday, April 28, 2008

സേവാഗ്‌ 309 നോട്ട്‌ ഔട്ട്‌

കണക്കില്‍ പിശകൊന്നുമില്ല. സംഭവഗതികള്‍ മേലെ പറഞ്ഞപ്രകാരം തന്നെ ആയിരുന്നു ചെന്നൈ ടെസ്റ്റില്‍ വെള്ളിയാഴ്ച സ്റ്റപ്സ്‌ എടുക്കുമ്പോള്‍. അങ്ങനെ സ്കോര്‍കാര്‍ഡ്‌ നോക്കിയ ഒരു ദുര്‍ബലനിമിഷം എന്റെ ഉള്ളില്‍ എവിടെയോ തലപൊക്കിയ ഒരു ചിന്ത പെട്ടെന്നു ലോട്ടസ്‌ നോട്സ്‌ വഴി ഒരു ഇ-മെയിലായി പറന്നു.

സബ്ജക്ട്‌ ലൈന്‍ ഇങ്ങനെ " നമുക്ക്‌ പോകാം നാളേ?"

കേട്ട പാതി കേക്കാത്ത പാതി അഭി(അനിയന്‍ കുട്ടി) റിപ്ലൈ കാച്ചി. "പോകാന്‍ ഞാന്‍ തയ്യാര്‍. ഈ കുതിരയെ പിടിച്ച്‌ കെട്ടാന്‍ നിങ്ങളോ?"

ഇത്രയ്കൊരു ശുഷ്കാന്തി പ്രതീക്ഷിച്ചല്ല ഞാന്‍ മെയില്‍ കാച്ചിയത്‌. എങ്കിലും അവനെ പിന്തിരിപ്പിക്കാനായി മിഥുനത്തില്‍ ലാലേട്ടന്‍ പറയുന്നത്‌ പോലെ ചില പ്രയോഗങ്ങള്‍ നടത്തി. "ഗ്രൗണ്ടില്‍ ഭയങ്കര ചൂടായിരിക്കും. വെയില്‍ കൊണ്ട്‌ കറുത്ത്‌ പോയാല്‍ 'എന്‌ഗേജ്ഡ്‌ വധു' തന്നെ നിന്നെ വേണ്ടെന്ന് പറയും. എനിക്കാണേല്‍ ഒന്നുപോലും കിട്ടാണ്ടും ആകും ഭാവിയില്‍."

ഉടന്‍ വരുന്നു മറുപടി. "അതൊന്നും സാരമില്ലളിയാ. സേവാഗ്‌ 400 അടിക്കുന്നു നമ്മള്‍ തിരിച്‌ പോരുന്നു. സേവാഗിന്‌ 400 അടിക്കാന്‍ എന്ത്‌ ടൈം വേണം"

"വാസ്തവം വാസ്തവം. എങ്കില്‍ ഇന്നു ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ്‌ ഒരു പ്ലാന്‍ ഉണ്ടാക്കി എന്റെ മേശപ്പുറത്ത്‌ വയ്കൂ. "

"അതിത്ര ആലോച്ചിക്കാനെന്തിരിക്കുന്നു. നാളെ കുറച്ച്‌ നേരത്തെ തന്നെ എണീറ്റ്‌ പോയേക്കാം."

"നേരത്തെ എന്നു പറഞ്ഞാല്‍ ഒരു പത്ത്‌ പത്തര അല്ലേ? അപ്പോ പോയാല്‍ മതിയോടാ?" വെള്ളിയാഴ്ചകളില്‍ ഞാനങ്ങെനെ മുന്‍പിന്‍ നോക്കാതെ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയും.

"ഭ്ഹ ----------------------------------" ('-' ഒക്കെ നിങ്ങള്‍ക്ക്‌ മനോധര്‍മ്മം പോലെ ഫില്‍ ചെയ്യാവുന്നതാണ്‌.)

ഒരു ഒഫീഷ്യല്‍ മയില്‍ ഐ ഡി കൊണ്ട്‌ ലോകത്ത്‌ ഇന്നേവരെ ആരും വിളിക്കാത്ത തെറിയിലൂടെ അഭി അയച്ച പ്ലാന്‍, അവനെ മുഗ്ദകണ്ഠം പ്രശംസിച്ച്‌ കൊണ്ട്‌ അപ്പ്രൂവ്‌ ചെയ്തു. "പോയേക്കാം. കാലത്തെ തന്നെ പോയേക്കാം."

പിറ്റേന്ന് രാവിലെ കിളി ചിലച്ചു. ആ പാട്ടിലെ പോലെ 'കിലുകിലെ കൈവള ചിലച്ചു'. ഈ ചിലപ്പ്‌ എവിടുന്നെന്ന് നോക്കാന്‍ കണ്ണുമിഴിച്ചപ്പോളാണ്‌ മൊബയ്‌ല്‌ അതിരാവിലെ ഉണര്‍ന്നിരിക്കുന്നത്‌ കണ്ടത്‌.

ഒരു ക്ലോസര്‍ ലുക്കില്‍ കാര്യം മനസ്സിലായി. ഉണര്‍ന്നതല്ല, ഉണര്‍ത്തിയതാ. "അഭി കോളിംഗ്‌" എന്നു ചെറുപയര്‍ വലിപ്പത്തില്‍ ആ സ്ക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട്‌ ഫ്ലാഷ്‌ ബാക്കുകള്‍ ഓടി എത്തി. എന്തിനാ നല്ലോരു സാറ്റര്‍ഡേ ആയിട്ട്‌ അവന്റെ എനര്‍ജി കളയുന്നത്‌. ചാടി ഫോണ്‍ എടുത്ത്‌ ഒരു രണ്ടരക്കട്ടയ്ക്‌ ശ്രുതി ചേര്‍ത്ത്‌ മൊഴിഞ്ഞു " മോനേ നീ എണീറ്റോ. കുറച്ക്‌ കൂടി ഉറങ്ങിക്കൊട്ട്‌ എന്ന് കരുതി ഞാന്‍ വിളിക്കാഞ്ഞതാ."

"മതീടാ മതീട്ടാ. നീ പ്രീ ഡിഗ്രീയ്ക്‌ പഠിയ്കുമ്പോള്‍ ഞാന്‍ പോളീലാ പഠിയ്കാന്‍ പോയതാ. ഒരുപാട്‌ നമ്പര്‍ വേണ്ടട്ടാ. 7 മണിയാകുമ്പോള്‍ ഞാനവിടെ എത്തും അപ്പോ റെഡി ആയി നിന്നില്ലേല്‍"

"മതി മതി" ഓരോന്ന് പറഞ്ഞ്‌ അവനെ വാശിപിടിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ച്‌ ഞാന്‍ പാതി വഴി തടഞ്ഞു കൊണ്ട്‌ തുടര്‍ന്നു
"ഞങ്ങള്‍ തലയോലപ്പറമ്പ്‌ കാര്‌ ക്ഷത്രിയന്മാരാ. ഒരു വാക്ക്‌ പറഞ്ഞാല്‍ വാക്കാ. 6.55 ഞാന്‍ റെഡി ആയിരിക്കും. ഇത്‌ സത്യം സത്യം സത്യം."

"ഊം ഊം. ശരി"

വാച്ചില്‍ സമയം നോക്കിയപ്പോള്‍ എന്റെ കണ്ണില്‍ ഒരു നയാഗ്ര നിറഞ്ഞു. സാമദ്രോഹി. 6.15 ന്‌ എണീറ്റിരിക്കുവാ. ഇവനെ ഒക്കെ ഉടനെ പിടിച്ച്‌ കെട്ടിച്ച്‌ വിട്ടില്ലേല്‍ ഇത്‌ പോലെ സമൂഹത്തിന്‌ മൊത്തം ദ്രോഹം ചെയ്ത്‌ കളയും. മനസ്സ്സില്‍ ഓര്‍ത്ത്‌ കൊണ്ട്‌ എണീറ്റു.

മിനുട്ട്‌ സൂചി 7 ഇല്‍ എത്തിയപ്പോള്‍ ഞാന്‍ കുളിമുറിയിലെ സാധകം അവസാനഘട്ടത്തിലായിരുന്നു. അപ്പോള്‍ പുറത്ത്‌ നിന്ന് ത്രുശ്ശൂര്‍ സ്ലാങ്ങില്‍ കോലക്കുഴല്‍ വിളികേട്ടോ? കേട്ടത്‌ പോലെ. കുളിമുറിയിലെ കച്ചേരി അവസാനിപ്പിച്ച്‌ ഞാന്‍ ചാടി ഇറങ്ങി ചോദിച്ചു."പോകാം?"

പുറത്ത്‌ സ്കൂളില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടിയെപ്പോലെ കയ്യില്‍ ബാഗും, ബാഗിനുള്ളില്‍ വാട്ടര്‍ ബോട്ടിലും വരെ നിറച്ച്‌ അഭി, വെല്‍ പ്രിപ്പേര്‍ഡ്‌ ആയിട്ട്‌.

അങ്ങനെ ചരിത്രപ്രധാനമായ യാത്രയ്ക്‌ തുടക്കമായി ബിനു അണ്ണന്റെ ശകടത്തില്‍. രാവിലെ ആയോണ്ട്‌ ട്രാഫിക്‌ കുറവായിരിക്കും എന്ന ആത്മഗതത്തോടെ അഭി ആക്സിലേറ്ററിനെ ആക്രമിക്കാന്‍ തുടങ്ങി.

അവന്റെ ഹെല്‍മറ്റിന്റെയും തോളെല്ലിന്റെയും ഗ്യാപ്പിലൂടെ ഒന്നു രണ്ട്‌ വട്ടം ഞാന്‍ സ്പീഡോമീറ്ററില്‍ കണ്ണെത്തിക്കാന്‍ നോക്കി. രക്ഷയില്ല. ഇവന്‍ എന്ത്‌ സ്പീഡിലാകും പറത്തുന്നത്‌ എന്നറിയാന്‍ സ്വധസിദ്ധമായ ഒരു ആകാംക്ഷ. അതോണ്ട്‌ ശ്രമം ഉപേക്ഷിച്ചില്ല. എന്റെ മനസ്സറിഞ്ഞെന്ന പോലെ ഭഗവാന്‍ വണ്ടി ഒരു കുഴിയില്‍ ചാടിച്ച്‌ തരുകയും, തല്‍ഫലമായി ഞാന്‍ ഉയര്‍ന്ന് പൊങ്ങി അംബരചുംബനം നടത്തി തിരിച്ച്‌ വരുകയും ചെയ്തപ്പോള്‍ മാര്‍ഗമധ്യേ ഒരു മിന്നായം പോലെ സ്പീഡോമീറ്റര്‍ കാണാനൊരു അവസരം സംജാതമായി. ഡ്രാക്കുള വെളുത്തുള്ളി കണ്ടത് പോലെ എനിക്കൊരു മനം പുരട്ടല്‍ അനുഭവപ്പെട്ടു.

ആ അക്കങ്ങള്‍ കണ്ടതും മനസ്സ്‌ നേരെ തലയോലപ്പറമ്പിലേക്ക്‌ സഞ്ചരിച്ചു. ബസ്‌ സ്റ്റാന്റിന്‌ സമീപമാണ്‌ ബോയ്സ്‌ ഹയ്‌ സ്കൂള്‍. ബസ്സിലിറങ്ങി നടന്ന് പോകാം. അവിടെ മ്രതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നു. ആളുകള്‍ പിറുപിറിക്കുന്നുണ്ട്‌ ഈ ശരീരം പൊതുദര്‍ശനത്തിന്‌ വയ്ചതിന്റെ പൊരുളിനെപ്പറ്റി. ആരൊ ഒരാള്‍ സമാധാനം പറയുന്നുണ്ട്‌ "ഒന്നുമില്ലേലും ചെന്നൈയില്‍ നിന്ന് കൊണ്ട്‌ വരുന്ന ബോഡി ആണല്ലോ നാലുപേര്‌ കണ്ട്‌ പോട്ടെ എന്ന്". പഞ്ചായത്ത്‌ പ്രസിഡന്റിനെ റീത്ത്‌ സമര്‍പ്പിച്ച്‌ കൊണ്ട്‌ അകാലത്തില്‍ പൊഴിഞ്ഞ്‌ പോയ പ്രതിഭയായിരുന്നു എന്ന് മൊഴിഞ്ഞു. മാക്സിമമം 3 റീത്ത്‌, അതില്‍ കൂടുതല്‍ കിട്ടാനുള്ള വകുപ്പില്ലെങ്കിലും 3 ഉറപ്പാണ്‌ എന്നായിരുന്നു എന്റെ ഒരു കാല്‍ക്കുലേഷന്‍. പക്ഷേ നിലവില്‍ രണ്ടെണ്ണമേ ഉള്ളൂ. ആരെടാ ചതിച്ചത്‌ എന്നോര്‍ത്ത്‌ ഞാന്‍ റീത്തിലെ ടൈറ്റില്‍ വായിച്ച്‌ തുടങ്ങിയപ്പോള്‍ വണ്ടി സഡണ്‍ ബ്രേക്ക്‌ ഇട്ട്‌ നിന്നു.

ഞാന്‍ കണ്ണ്‍ തുറന്ന് ചുറ്റുപാടും നോക്കി ഏതേലും ബസ്സിന്റെ അടിയിലാണോ നിര്‍ത്തിയിരിക്കുന്നത്‌? ഇല്ല തന്നെ. സംഭവം ഒരു ട്രാഫിക്‌ സിഗ്നലാണ്‌.

"നീ ഉറങ്ങിപ്പോയോ?" അഭീസ്‌ ക്വസ്റ്റന്‍.

"തന്നെ തന്നെ. ചെറുതായിട്ട്‌"

വണ്ടി വീണ്ടും പറത്തുകയും നാട്ടുകാരും ശത്രുക്കളും വരെ എന്നെ പുകഴ്ത്തി പറയുന്നത്‌ സ്വപ്നത്തില്‍ ദര്‍ശിച്ച്‌ ഞാന്‍ നിര്‍വ്രതിയടയുകയും ചെയ്തു.

ഒടുവില്‍ വണ്ടി ചെപ്പോക്ക്‌ സ്റ്റേഡിയത്തിനെ അരകിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിച്ചപ്പോള്‍ നീണ്ട ക്യൂ വ്യക്തമായി കണ്ട്‌ തുടങ്ങുകയും ചെയ്തു. പെട്ടെന്ന് ഞങ്ങള്‍ സ്റ്റ്രാറ്റജി ഫോം ചെയ്ത്‌, ഞാന്‍ ക്യൂവിനെ ലക്ഷ്യമാക്കിയും അവന്‍ ബൈക്ക്‌ പാര്‍ക്കിംഗ്‌ ലക്ഷ്യമാക്ക്യും യാത്രയാരംഭിച്ചു.

ഒരുപാട്‌ ക്യൂ നിരകളില്‍ സുന്ദരന്മാര്‍ക്ക്‌ നില്‍ക്കാന്‍ കൊള്ളാവുന്ന ഒരു ക്യൂവില്‍ ഞാന്‍ നിലയുറപ്പിച്ചു. വൈകാതെ തന്നെ അഭി എന്റെ പിന്നിലായി ക്യൂവില്‍ സ്ഥാനം പിടിച്ചു. 8 മണിക്ക്‌ വെയില്‍ കൊള്ളുന്നത്‌ ആരോഗ്യത്തിനു നല്ലതാണെന്നും അതിരാവിലെ എണീറ്റാല്‍ ഉന്മേഷം കിട്ടുമെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഒക്കെ ഉള്ള നിരവധി തത്വങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഞങ്ങള്‍ നില്‍ക്കുന്നത്‌ എത്ര രൂപയുടെ ടിക്കറ്റിന്റെ ക്യൂവിലാണെന്ന് പോലും അറിവുണ്ടായിരുന്നില്ല, ഞങ്ങള്‍ക്കെന്നല്ല ആര്‍ക്കും തന്നെ.

ടിക്കറ്റ്‌ നിരക്ക്‌ ചൊദിക്കാന്‍ തുനിഞ്ഞപ്പോളാണ്‌ ഡ്യൂട്ടിക്ക്‌ നില്‍ക്കുന്ന പോലീസ്‌ കാരന്‍ തന്റെ അറിവിന്റെ അക്ഷയഖനി "മാച്ച്‌ എപ്പോളാ സാറെ തുടങ്ങുന്നത്‌" എന്ന് ചോദിച്ക ചേട്ടന്റെ മുന്‍പില്‍ തുറന്നത്‌ "മാച്ച്‌ ഉടനെ തന്നെ തുടങ്ങും മോഹന്‍ ബഗാന്‍ എത്തിക്കൊള്ളട്ടെ" എന്ന്.

ഇങ്ങനത്തെ സാഹചര്യത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നാം അനുകൂലിക്കേണ്ടത്‌ ഭൂരിപക്ഷാഭിപ്രായത്തെ ആണല്ലോ. അതോണ്ട്‌ ടിക്കറ്റ്‌ റേറ്റ്‌ 250 തന്നെ. മൂന്നരത്തരം.

മണിക്കൂറുകളോളം ആ ക്യൂവില്‍ ചാഞ്ഞും ചരിഞ്ഞും നിവര്‍ന്നും നിന്നു. ഒരു ക്യൂ കൊണ്ട്‌ തന്നെ ഇന്‍ഡ്യയില്‍ എത്രമാത്രം പേര്‍ ജീവിച്ച്‌ പോകുന്നു എന്നു ആ ദിവസം മനസ്സിലായി. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക്‌ വിശറി, തൊപ്പ്പ്പി, കുപ്പി എന്നു വേണ്ട ലോണ്‍ വരെ കൊടുക്കുന്നവര്‍ ഞങ്ങളെ സമീപിച്ചു. ഒന്നു രണ്ട്‌ ചേട്ടന്മാര്‍ വിരൂപന്മാരുടെ മുഖത്തെല്ലാം ഇന്ത്യന്‍ ഫ്ലാഗ്‌ വരച്ച്‌ അവരെ ഗ്ലാമറുള്ള ദേശസ്നേഹികളാക്കുന്നുണ്ടായിരുന്നു.

മുന്‍പില്‍ നിന്ന പീക്കിരിപ്പിള്ളേരെ ഞങ്ങള്‍ ആദ്യം മൈന്റ്‌ ചെയ്തില്ലെങ്കിലും അവര്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചെടുത്തു. ക്യൂവില്‍ നില്‍ക്കുന്ന സമയത്ത്‌ പോലും ആ കുഞ്ഞുങ്ങള്‍ എന്തോ ഗ്രുഹപാഠം ചെയ്യുന്നുണ്ടായിരുന്നു. അടുത്ത്‌ ശ്രദ്ധിച്ചപ്പോളാണ്‌ അവര്‍ പോസ്റ്ററെഴുതുകയാണെന്ന സത്യം മനസ്സിലായത്‌.

"സേവാാഗ്‌" എന്ന് കുറിച്ച്‌ വലത്‌ വശത്ത്‌ ചുവപ്പ്‌ നിറം പകര്‍ത്തിയിട്ടുണ്ടായിരുന്നു. ഇത്‌ വല്ല മോഡേണ്‍ ആര്‍ട്ടും ആയിരിക്കും പക്ഷേ സ്പെല്ലിംഗ്‌ തെറ്റാണല്ലോ എന്നാലോചിച്ച്‌ ഞങ്ങള്‍ നിന്നപ്പോളാണ്‌ കൂട്ടത്തില്‍ പീക്കിരി അതിന്റെ മീനിംഗ്‌ മറ്റൊരുത്തന്‌ പറഞ്ഞ്‌ കൊടുത്തത്‌ ആഗ്‌ എന്ന് പറഞ്ഞാല്‍ തീ, സേവാഗ്‌ ആളിക്കത്തുന്നത്‌ കൊണ്ടാണ്‌ വലത്‌ വശത്ത്‌ ചുവപ്പ്‌ നിറം പോലും.

"കൊള്ളാല്ലോ ചുള്ളന്‍" അഭിയുടെ കമന്റ്‌.
എന്നെക്കാളും കൂടുതല്‍ ഹിന്ദി പടം കണ്ടിട്ടുള്ള ആളായത്‌ കൊണ്ട്‌ അഭിയുടെ കമന്റ്‌ ഞാനും അംഗീകരിച്ചു "നാളെ ഭരണയന്ത്രം തിരിക്കേണ്ട ടീംസ്‌ അല്ലേ. കൊള്ളാം."

പെട്ടെന്ന് 'ബില്ല'യില്‍ നയന്‍ താര യുടെ ഇന്റ്രോഡക്ഷന്‍ സീനില്‍ തീയറ്ററില്‍ കേട്ടത്‌ പോലെ ഒരു ആവേശവും ഇരമ്പലും.

"എന്തൂട്രാ ടിക്കറ്റ്‌ കൊടുത്ത്‌ തുടങ്ങ്യോ"
"അറിഞ്ഞൂടാ അളിയാ. വേറെന്തോ ആണെന്ന് തോന്നുന്നു"

ഊഹാപോഹങ്ങള്‍ക്ക് ഉത്തമനായ ഞാന്‍ ഇക്കുറിയും മാനം കളഞ്ഞില്ല. ഒരു ബസ്‌ പെട്ടെന്ന് ഞങ്ങളുടെ റോഡിലേക്ക്‌ തിരിഞ്ഞു. 'ടീം ഇന്‍ഡ്യ' അതിനുള്ളിലിരിക്കുന്നു. 'ടി സി എസ്‌' ഇന്റെ ബസ്സ്‌ പോകുമ്പോള്‍ ചാര്‍ജ്‌ പോയ ബാറ്ററികളെ പോലെ അതിനുള്ളില്‍ ഇരിക്കുന്ന മനുഷ്യക്കോലമുള്ള നിര്‍ജ്ജീവജന്തുക്കളെ അനുസ്മരിപ്പിക്കുന്ന കാഴ്ച. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ തല കണ്ടു. നമ്മള്‍ കാണാത്ത്‌ ഗ്രൗണ്ടോ എന്ന ഭാവത്തില്‍ മുന്‍പില്‍ തന്നെ ഇരിക്കുന്നു. പിന്നെ കുംബ്ലയേയും ദ്രാവിഡിനേയുമെല്ലാം ഒരു മിന്നായം പോലെ. എല്ലാരെയും പ്രദര്‍ശിപ്പിക്കാന്‍ പാകത്തിലുള്ള ബസ്സും. ടിക്കറ്റ്‌ കിട്ടാത്തവര്‍ക്ക്‌ ഒരാശ്വസമാകാനായിരിക്കും ബി സി സി ഐ ഇങ്ങനെ ഒരു ബസ്സ്‌ കണ്ട്‌ പിടിച്ചത്‌.

"അല്ല എന്താ അളിയാ ഈ സച്ചിന്‍ മുന്‍പില്‍ തന്നെ ഇരിക്കുന്നത്‌. സാധാരണ സീനീയേഴ്സ്‌ പുറകിലല്ലെ ഇരിക്കുക. അതല്ലേ അതിന്റെ ഒരു ഗമ'

"അത്‌ ചിലപ്പോ ഡ്രൈവര്‍ക്ക്‌ വഴി അറിയില്ലായിരിക്കും ഗ്രൗണ്ടിലെത്താന്‍. ഇങ്ങേരാകുമ്പോ വര്‍ഷം കുറെ ആയില്ലേ ഈ പണി തുടങ്ങിയിട്ട്‌"

"ശരിയാണല്ലോ. ലോജിക്കലി കറക്റ്റ്‌."

ചലനം എന്നത്‌ ഒരു ആപേക്ഷിക പ്രതിഭാസം ആണെന്ന് മുന്‍പിലെ പയ്യന്‍ നീങ്ങിത്തുടങ്ങ്യത്‌ കണ്ടപ്പോള്‍ മനസ്സില്‍ ഓര്‍ത്തു. ടിക്കറ്റ്‌ കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ചടക്കത്തോടെ നിന്ന പീക്കിരികള്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ ക്യൂ വിട്ട്‌ ഓടുന്നത്‌ കണ്ടു. പീക്കിരികള്‍ മാത്രമല്ല ഞങ്ങളുടെ മുന്‍പിലും പിന്‍പിലും നില്‍ക്കുന്ന പലരും.

ഓടുന്ന പെണ്ണിനേം ഓവറായിട്ട്‌ നീങ്ങുന്ന ക്യൂവിന്റെയും പിറകെ പോകരുതെന്ന് ഞങ്ങള്‍ ചെന്നൈക്കാരുടെ ആത്മീയാചാര്യന്‍ ശ്രീ ശ്രീ രജനികാന്ത്‌ ഏതോ ഒരു പടത്തില്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ഞങ്ങള്‍ ക്യൂ മാറാതെ അവിടെത്തന്നെ നിലയുറപ്പിച്ചു, മറ്റുള്ള എല്ലാരും പോയി ഞങ്ങള്‍ നിന്നിരുന്ന ക്യൂ ഒരു ക്യൂ അല്ലാതാകുന്നത്‌ വരെ.


എന്താണ്‌ സംഭവിക്കുന്നത്‌. ക്യൂ ഇതല്ലേ? വേറെ ക്യൂ ഉണ്ടോ? ടിക്കറ്റ്‌ കൊടുക്കുന്ന ക്യൂവും ടിക്കറ്റ്‌ കയ്യിലുള്ളവര്‍ക്ക്‌ സ്റ്റേഡിയത്തില്‍ കയറാന്‍ വേറേ ക്യൂവും? ഒഴുക്കിനെതിരെ നീന്തണോ അതോ ഓടുന്ന പട്ടിക്ക്‌ ഒരുമുഴം നീട്ടി എറിയണോ? ഓടുക തന്നെ ഓടുക.

പിന്നീടുള്ള നിമിഷങ്ങളില്‍ സംഭവിച്ചത്‌ ഞാന്‍ കഷ്ടപ്പെട്ട്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത്‌ ചുവടെ ചേര്‍ക്കുന്നു

എല്ലാരും ഓടുന്നു...പുതിയ ക്യൂ....പുതിയ ആളുകള്‍...ടിക്കറ്റ്‌ നിരക്ക്‌ 300...ക്യൂവിന്റെ തല ചെറുതായിക്കാണുന്നു...സ്വന്തം തല ചെറുതായി ചുറ്റുന്നു...പീക്കിരികളെ കാണ്മാനില്ല...കാണാനുള്ളത്‌ പോക്കിരികളെ മാത്രം...ടിക്കറ്റ്‌ കൊടുക്കുന്നു...ക്യൂ നീങ്ങുന്നു...പോലീസുകാര്‍ ചുറ്റിലും...ടിക്കറ്റ്‌ തീര്‍ന്നെന്നൊരു അഭ്യൂഹം...ചാനലുകാര്‍...പോലീസ്‌...ലാത്തിചാര്‍ജ്ജ്‌...ഓട്ടം...പോലീസ്‌...ലാത്തി...വെയില്‍...തലചുറ്റല്‍...ജീവന്‍ വിലപ്പെട്ടത്‌...റെയില്‍ വേ സ്റ്റേഷന്‍...എസ്കേപ്പ്ഡ്‌...അഭി...

റെയില്‍ വേ സ്റ്റേഷനിലെത്തി മൊത്തത്തില്‍ കുടഞ്ഞ്‌ നോക്കി...എല്ലാ ശരീരഭാഗങ്ങളും പഴയ ഷേപ്പില്‍ തന്നെ ഉണ്ട്‌...ഒന്നും ഊരിപ്പോയിട്ടില്ല...റെയില്‍ വേ സ്റ്റേഷന്റെ മുകളില്‍ കയറിയപ്പോള്‍ സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്‌ കാണ്മാനായി..ഒപ്പം ആരവവും കേട്ട്‌ തുടങ്ങി...

"കളി തുടങ്ങിക്കാണും" ഐക്യദാര്‍ഡ്യത്തോടെ ഞങ്ങളുടെ ആത്മഗതം.

"വീട്ടില്‍ പോയേക്കാം" ഞാനും അഭിയും വീണ്ടും ഒരേ സ്വരത്തില്‍.

വീട്ടിലേക്കെത്തുന്ന വഴി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ സേവാഗും സച്ചിനും വന്ന വഴിക്ക്‌ മടങ്ങിയതായുള്ള ശുഭവാര്‍ത്ത കേട്ടു.

"ടിക്കറ്റ് കിട്ടിയില്ലേല്‍ എന്താ വിലമതിക്കാനാകാത്ത അനുഭവങ്ങളല്ലേ നേടിയത് ഈ ചെറുപ്രായത്തില്‍ തന്നെ.."

"വാസ്തവം വാസ്തവം "

"ഈ ആള്‍ക്കാര്‍ക്കൊക്കെ പ്രാന്താണോ വെയിലത്ത്‌ അവിടെ പോയിരുന്ന് കളി കാണാന്‍" റൂമിലെ ഫാനിനടിയിലിരുന്നു ടിവിയില്‍ കളി കണ്ട്‌ കൊണ്ട്‌ അഭി ചോദിച്ചു.

ദ്രാവിഡ്‌ പുന്നമടക്കായലില്‍ നീങ്ങുന്ന കാവാലം ചുണ്ടനില്‍ മാത്രുകയില്‍ തുഴയുകയും ലക്ഷ്മണ്‍ സിംഗിളെടുത്ത്‌ അമരത്ത്‌ പോയി നിന്ന് ഇതെല്ലാം കണ്ട്‌ താളമിട്ട്‌ നില്‍ക്കുന്നതുമായ കാഴച കണ്ടപ്പോള്‍ തോന്നി "നമ്മളെത്ര ഭാഗ്യവാന്മാര്‍"!!!

Thursday, April 03, 2008

'അഞ്ചാതേ'

ടൈറ്റിലിനെക്കുറിച്‌ പറയുന്നതിനു മുന്‍പ്‌ കഴിഞ്ഞ പോസ്റ്റിനു വന്ന ഒരു കമന്റിനു മറുപടി പറഞ്ഞു തുടങ്ങിക്കൊള്ളട്ടെ. ബാബു കല്യാണം കുറിച്ചത്‌ 'പൂട്ടിക്കെട്ടി പോയോ' എന്നായിരുന്നു. ഞാന്‍ ഒരുത്തന്‍ പോയാല്‍ ബൂലോഗത്ത്‌ എന്തെലും പ്രോബ്ലം ഉണ്ടാകും എന്നല്ല, ഒരാളുകുറഞ്ഞാല്‍ ഒരാളു കുറഞ്ഞില്ലേ (മനസ്സിലായില്ലല്ലേ അതാണ്‌ മോഡേണ്‍ ആര്‍ട്ട്‌. മോഡേണ്‍ ബ്രഡ്‌ എന്ന് കേട്ടിട്ടില്ലേ അത്‌ പോലെ ഒരു സാധനം). ഇനി ഒരറിയിപ്പുണ്ടാകുന്നത്‌ വരെ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതല്ല എന്നൊരു ബോര്‍ഡ്‌ വയ്കാന്‍ പോലും സമയം കിട്ടാത്തത്ര ബിസി ആയിരുന്നു. 'എന്തൂട്ട്‌ ബിസി എന്റിഷ്ടാ' എന്നല്ലെ ചേട്ടന്‍/ചേച്ചി ഇപ്പോള്‍ മനസ്സില്‍ വിചാരിച്ചത്‌. അപ്പൊ ഈ 'ഗ്യാപ്പിന്റെ' കാരണങ്ങള്‍ പരഞ്ഞ്‌ തുടങ്ങാം എന്നോര്‍ത്തു.

കാരണങ്ങള്‍ ഒരു ഉത്തരകടലാസിലെ പോലെ അക്കമിട്ട്‌ നിരത്താം.

1. സമയം കിട്ടിയില്ല.

സമയം ഉണ്ടാക്കണമെടാ കൊശവാ, ഞങ്ങക്കൊക്കെ എന്താ 25 മണിക്കൂര്‍ ഉണ്ടോ ദിവസം എന്നു പറയാന്‍ തോന്നുന്നുണ്ടോ? ഞാനിങ്ങനെ കുറെ നാള്‍ യാത്രയില്‍ ആയിരുന്നു. ഓള്‍ കര്‍ണ്ണാടക ട്രിപ്പ്‌ ഫ്രം ചെന്നൈ. ( ഇപ്പോ ഇതാരെലും കേട്ടാല്‍ എന്നെ കരുണാനിധിയുടെ ചാരന്‍ എന്ന് തെറ്റിധരിക്കാന്‍ സാധ്യതയുണ്ട്‌! ) എല്ലാം കഴിഞ്ഞ്‌ മടങ്ങിയെത്തിയപ്പോള്‍ പണി തീര്‍ന്നില്ല എന്ന് മാനേജരുടെ വക അലമുറ. പണി ചെയ്യേണ്ട സമയത്ത്‌ പണിയെടുത്തില്ലേല്‍ പണിയെല്ലാം കൂടിച്ചേര്‍ന്ന് വന്‍ പണിയാകും എന്നാണല്ലോ പഴമക്കാര്‍ പറഞ്ഞിരിക്കുന്നത്‌. എന്തായാലും അപ്പറഞ്ഞത്‌ സംഭവിച്ചു. കഴിഞ്ഞ കുറെക്കാലമായി ഹിന്ദുപേപ്പറില്‍ 'പടം' നോക്കല്‍ പോലും നടക്കുന്നില്ല.

2. ഇന്റര്‍നെറ്റ്‌ നോട്ട്‌ വര്‍ക്കിംഗ്‌

എയര്‍ ടെല്‍ ആണേ ഞാന്‍ ഉപയോഗിക്കുന്ന കണക്ഷന്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ സനീഷ്‌ ബയോഡാറ്റ അപ്‌ ലോഡ്‌ ചെയ്യാന്‍ നോക്കുമ്പോല്‍ എക്സ്പ്ലോറര്‍ ആകെ പരതി വിവശനായി പറയുന്നു 'പേജ്‌ നോട്ട്‌ ഫൗണ്ട്‌'. ഇജ്ജാതി പ്രോബ്ലംസ്‌ ഉണ്ടായാല്‍ ഞാന്‍ ഉടന്‍ സംഭവസ്ഥലത്ത്‌ നിന്ന് വലിയുകയാണ്‌ പതിവ്‌. എന്തെന്നാല്‍ അവന്‍ പോളിമര്‍ എഞ്ചിനീയറിങ്ങും ഞാന്‍ കമ്പ്യൂട്ടറും ആണെന്ന നിസ്സാരകാര്യം പറഞ്ഞ്‌ അവന്‍ എന്റെ അടുത്ത്‌ സംശയം ചോദിച്ച്‌ കളയും. അന്നു പക്ഷേ പിടി കൊടുക്കാതെ രക്ഷപെടാന്‍ പറ്റിയില്ല. വൈക്കത്തപ്പനെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ തുടങ്ങിയ എന്റെ അനാലിസിസ്‌ ഒടുവില്‍ നമ്മുടെ ടൈറ്റില്‍ ആയി. ഇന്റര്‍നെറ്റ്‌ നോട്ട്‌ വര്‍ക്കിംഗ്‌. ഫോണും വര്‍ക്‌ ചെയ്യുന്നില്ല. എന്റെ പൊന്നു പുള്ളേ നോക്കണെ, ഇവന്മാര്‍ ബില്ലടച്ചില്ല എന്ന നിസ്സാരകാരണം പറഞ്ഞ്‌ കണക്ഷന്‍ കട്ട്‌ ചെയ്ത്‌ കളഞ്ഞു. എന്ത്‌ കൊണ്ട്‌ ബില്ലടച്ചില്ല എന്നാണെങ്കില്‍ പ്ലീസ്‌ റെഫര്‍ ടു പോയിന്റ്‌ 1.

3. ഒരു ഹാര്‍ഡ്‌ ഡിസ്ക്‌ വാങ്ങി.

ലതും ലിതും തമ്മില്‍ എന്ത്‌ ബന്ധം എന്നണോ? (ബന്ധമുള്ളത്‌ കൊണ്ടാണല്ലോ ഇവിടെ എഴുതുന്നത്‌. ഹല്ല പിന്നെ). ഒരു 160 ജിബി എക്സ്ടേണല്‍ ഹാര്‍ഡ്‌ ഡിസ്ക്‌ വാങ്ങി. അതോടെ 160 ജി ബി സിനിമകള്‍ സ്റ്റോര്‍ ചെയ്യാന്‍ സ്ഥലം ആയല്ല്ലോ. പിന്നെ ആ സിനിമകള്‍ കണ്ട്‌ തീര്‍ക്കണ്ട്‌ ചടങ്ങായല്ലോ. അങ്ങനെ പല വേള്‍ഡ്‌ ക്ലാസ്സിക്കുകളും കണ്ട്‌ കണ്‍കുളിര്‍മയാര്‍ന്നു. (ശ്രീജിത്തിനു നന്ദി.) പഠിക്കുന്ന കാലം മുതല്‍ മനസ്സില്‍ കയറിക്കൂടി ഇപ്പോളും മായാതെ സ്ട്രോങ്ങായി നില്‍ക്കുന്ന ഒരാഗ്രഹം ആണു ഒരു ഫിലിം ഡയറക്ട്‌ ചെയ്യണം മരിക്കുന്നതിനു മുന്പ് എന്നാണ്. (ഈ ബ്ലോഗ്ഗ്‌ വായിക്കുന്ന് ഏതേലും പ്രൊഡ്യൂസര്‍ ഉണ്ടെങ്കില്‍ പ്ലീസ്‌ കോണ്ടാക്റ്റ്‌ മി.) ആ ആഗ്രഹത്തിനു ഒരു മുതല്‍ക്കൂട്ടാണല്ലോ എന്റെ ഈ സിനിമാ പ്രാന്ത്‌.

ദാറ്റ്‌ സ്‌ ഓള്‍ യുവര്‍ ഓണര്‍.

ഇത്രയൊക്കെയെ ഉള്ളൂ കാരണങ്ങള്‍.ഈ കാലഘട്ടത്തില്‍ ഞാനൊരു ബാങ്ക്‌ ടെസ്റ്റും എഴുതി. ചെന്നൈയിലെ പരീക്ഷ രീതികളെ കുറിച്ക്‌ നേരിട്ട്‌ കണ്ട്‌ പഠിക്കാനും പണ്ട്‌ ലോണ്‍ തന്ന ബാങ്കിനോട്‌ നന്ദികേട്‌ കാണിക്കരുതല്ലോ എന്നും ഓര്‍ത്ത്‌. (അല്ലാണ്ട്‌ അച്ഛന്റെ നിര്‍ബന്ധപ്രകാരമൊന്നുമല്ല ഛേ). പിന്നെ പതിവ്‌ പോലെ ഒരുപാട്‌ കാശ്‌ തീയറ്റര്‍ കാര്‍ക്കും കൊടുത്തു തീര്‍ത്തു.

ഇക്കുറി കണ്ട ചിത്രങ്ങളില്‍ വ്യത്യസ്തമായി തോന്നിയ ഒരു ചിത്രം ആണ്‌ ഈ ബ്ലോഗിന്റെ ടൈറ്റില്‍. 'അന്ജാതെ' (പേടിക്കാതെ എന്നാണ് അര്‍ത്ഥം എന്ന് തോന്നുന്നു.)

ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്. തമിഴ്‌ ചിത്രമായത്‌ കൊണ്ട്‌ പല പതിവ്‌ തമിഴ്‌ പ്രതിഭാസങ്ങളും കാണാം. പക്ഷെ തീര്‍ച്ചയായും നിങ്ങളെ ഈ ചിത്രം രസിപ്പിക്കും. ഓരോ സീനും ത്രില്ലടിപ്പിക്കും. ഒരല്‍പം കരയിപ്പിക്കും ഒരു പക്ഷേ. ഏതോ മിക്സിയുടെ പരസ്യത്തിലെ പോലെ ഞാന്‍ ഗ്യാരന്റി.

ഹരിയേട്ടന്‍ ഇതിനെക്കുറിച്ച്‌ റിവ്യൂ എഴുതിയോ എന്നു നോക്കാന്‍ സമയം കിട്ടിയില്ല. എന്തായാലും ഗ്രേറ്റ്‌ വര്‍ക്ക്‌ ബൈ മിഷ്ക്കിന്‍ ആന്‍ഡ്‌ ടീം. ആരും മിസ്സ്‌ ചെയ്യല്ലേ ഈ ചിത്രം.

ഇനി ഓഫീസില്‍ പോകട്ടെ, ഒന്നു രണ്ട്‌ പോസ്റ്റുകള്‍ക്കുള്ള സംഭവങ്ങള്‍ മനസ്സിലുണ്ട്‌. ഉടന്‍ മടങ്ങിവരാം.

Tuesday, January 22, 2008

മലയാളിചെക്കന് ബംഗാളിപ്പെണ്ണ്

(ഇതൊരു ബംഗാളി നാടോടി കഥയുടെ മലയാള പരിഭാഷ ആണെന്ന് പറയണം എന്നുന്ട്ട്. നിങ്ങള്‍ വിശ്വസിക്കാമോ?)

എന്ട്രന്‍സ് കഴിഞ്ഞപ്പോള്‍ അച്ഛന്‌ എന്നെ കാര്‍ണിവലിലോ മറ്റോ കത്തിയെറിയാന്‍ വിട്ടിരുന്നെങ്കില്‍ എന്നൊരു ചിന്ത ഉദിച്ചത്‌. അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല കാരണം തികഞ്ഞൊരു അഭ്യാസിയുടെ മെയ്‌ വഴക്കത്തോടെയായിരുന്നുവല്ലോ എന്റെ എന്ട്രന്‍സ് കറക്കിക്കുത്തല്‍.

എന്റെ റാങ്കിന്റെ സവിശേഷത കൊണ്ട്‌ റാങ്കിന്റെ അത്ര തന്നെ തുക ലോണ്‍ എടുത്ത്‌ വര്‍ഷാവര്‍ഷം ഫീസായി അടച്ച്‌ പഠിക്കേണ്ടതായി വന്നു. കോളേജ്‌ ജീവിതത്തിന്റെ അവസാന സെമസ്റ്റര്‍ വരെയുള്ള കാലങ്ങളില്‍ എന്നെ ബാങ്ക്‌ മാനേജര്‍ നേരിട്ട്‌ വന്ന് ജപ്തി ചെയ്യുന്നതും ശമ്പളം കൊണ്ട്‌ ലോണ്‍ അടയ്കാം എന്ന വ്യവസ്ഥയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്കായി നിര്‍ത്തുന്നതും മുടങ്ങാതെ സ്വപ്നം കണ്ട്‌ നിര്‍വ്രതിയടയാറുണ്ടായിരുന്നു. ഇങ്ങനൊരു സ്വപ്നം മനസ്സില്‍ ജീവപര്യന്തം അനുഭവിച്ചിരുന്നത്‌ കൊണ്ട്‌ കോളേജില്‍ പിറകേ വന്ന പെണ്‍കുട്ടികളോടെല്ലാം സൊറ പറയുന്നതിനു പകരം തെറി പറയാനാണ്‌ തോന്നിയിരുന്നത്‌.(എന്റെ ഒരു വിനയം!!) കഴുത്തില്‍ കയര്‍ വീണുകിടക്കുന്നവനെങ്ങനെ മറ്റൊരു കഴുത്തില്‍ താലിക്കയര്‍ കുരുക്കും.

കാര്യങ്ങളിങ്ങനെ പോകുമ്പോളാണ്‌ 'ഭാവി മൃദുലം ക്ലിപ്തം' എന്നൊരു സോഫ്റ്റ്‌ വെയര്‍ സ്ഥാപനം പിള്ളേരെ പിടിക്കാന്‍ ഇറങ്ങ്യത്‌. പേരുപോലെ ഭാവി മൃദുലം ആകുമെന്നൊരു പ്രതീക്ഷയില്‍ ഈയുള്ളവനും പങ്കെടുത്തു ആ കാര്‍ണിവലില്‍.

ചിറകില്ലാത്ത കാക്കകള്‍ പോലും മലന്നു പറക്കുന്ന, പ്രതിപക്ഷ നേതാവ് പോലും ഭരണത്തെ അനുമോദിക്കുന്ന(മാവേലി നാട് സന്കല്പം), എസ് ടി കാരനോട് പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍ ചിരിച്ച് കൊണ്ട്ട് സംസാരിക്കുന്ന, വിനയന്റെ പടം പോലും റിലീസ് ആകാത്ത, സര്‍ക്കാര്‍ ഓഫീസുകള്‍ പത്ത് മണിക്ക് പ്രവര്‍ത്തിക്കുന്ന, സേക്രട്ടിയെട്ടിന്റെ മുന്‍പില്‍ ഒരു സമരപ്പന്തല്‍ പോലും ഇല്ലാത്ത, അങ്ങനെ പ്രതീക്ഷകള്‍ പാടെ തെറ്റിക്കുന്ന ചില വെള്ളിയാഴ്ചകള്‍ ഉണ്ട്ട്. അത്തരത്തില്‍ പെട്ട ഒന്നായിരുന്നു അന്നും. വിധിയുടെ ഈ സവിശേഷസ്വഭാവം മൂലമോ മറ്റോ ഭാവി മൃദുലമാക്കാന്‍ എന്നെയും കൂട്ടത്തില്‍ കൂട്ടാന്‍ തീരുമാനിച്ചു ആ പിള്ളേരെപ്പിടുത്തക്കാര്‍.

ഒരു ജോലി വാഗ്ദാനം ലഭിച്ചതിനു ശേഷമാണ്‌ എനിക്കിത്രയും അഹങ്കാരം ഉണ്ടെന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്‌. നാലാള്‍ കൂടിയിരുക്കുന്നിടത്ത്‌ സാമ്പാര്‍ വിളമ്പി മാത്രം എക്സ്‌ പീരിയന്‍സ്‌ ഉള്ളവന്‍ ടെക്നോളജി വിളമ്പാന്‍ തുടങ്ങിയതും എങ്ങനെ ഇന്റര്‍വ്യൂവറെ നേരിടാം എന്നൊക്കെ പറഞ്ഞു തുടങ്ങിയതും ആ കാലഘട്ടത്തിലാണ്‌.

ഏതാണ്ട്‌ ആ കാലത്ത്‌ തന്നെയാണ്‌ എനിക്ക്‌ ഈ ബ്ലോഗിന്‌ ആധാരമായ സംഭവത്തിനു നാന്ദി കുറിപ്പിച്ച ഇ-മെയില്‍ വരുന്നത്‌. (അത്‌ അയച്ചത്‌ ഏതോ ഒരു ഫീമെയില്‍ ആയിരുന്നു, പേര്‌ ഓര്‍മ്മയില്ല. എങ്കിലും സാരമില്ല നമ്മുടെ കഥയില്‍ ആയമ്മയ്ക്‌ കര്‍ട്ടന്‍ വലിക്കുന്നവന്‌ ചായ കൊടുക്കുവാനുള്ള ഗസ്റ്റ്‌ റോള്‍ മാത്രമേ ഉള്ളൂ.)

ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഉടന്‍ പെട്ടിയും കിടക്കയും കെട്ടിപ്പെറുക്കിപോന്നോളൂ, നിങ്ങക്ക്‌ ഞാന്‍ പണിതരാം എന്നായിരുന്നു ആ സന്ദേശം. ജീവിതത്തില്‍ ആദ്യമായി അയച്ച മെയിലിന്‌ റിപ്ലേ അല്ലാത്ത, ഫോര്‍വേഡ്‌ അല്ലാത്ത ഒരു മെയില്‍ എന്റെ ഇന്‍ബോക്സ്‌ കാണുന്നത്‌. കൗതുകം കൊണ്ട്‌ പല ആംഗിളുകളില്‍ ആ മെയില്‍ പഠിച്ച്‌ നോക്കി. അതില്‍ ഏതോ ഒരു ആംഗിളില്‍ നോക്കുമ്പോളാണ്‌ ഒരു ഇ-മെയില്‍ വിലാസം എന്റെ ശ്രദ്ധയില്‍ പെട്ടത്‌. 'സൗമ്യ അറ്റ്‌ യാഹൂ.കോം'

വാറ്റുകാരനു ഒരു കുളയട്ടയെ കണ്ട സന്തോഷം. വെറുതെ വിടുമോ? ഉടന്‍ തന്നെ സൗമ്യയെ എന്റെ യാഹൂ മെസ്സഞ്ചറില്‍ ആഡ്‌ ചെയ്തു. യാഹൂ!!!

ഒടുവില്‍ ഏതോ ഒരു രാത്രി 11 മണിയോടടുപ്പിച്ച്‌ അവള്‍ വന്നു. അന്നു മഴ പെയ്യുന്നുണ്ടായിരുന്നു.('തൂവാനത്തുമ്പികള്‍'ഇലെ ക്ലാര വന്നതുപോലെ.) പരിപ്പ്‌ വടയുടെ ഗന്ധവും എനിക്കനുഭവപ്പെട്ടു.

എന്റെ ഫ്രണ്ട്സ്‌ റിക്വസ്റ്റ്‌ സ്വീകരിച്ച്‌ സൗമ്യ ആദ്യമായി അയച്ച 'ഹായ്‌' ഇന്നും എന്റെ ഓര്‍മ്മകളില്‍ മസ്തകം ഉയര്‍ത്തി നില്‍പ്പുണ്ട്‌.(വേറെ അങ്ങനെ നില്‍ക്കുന്നത്‌ രവികുമാര്‍ സാര്‍ കോണ്ടക്ട്‌ സര്‍ട്ടിഫിക്കറ്റില്‍ ഒന്ന് ഇരുത്തിമൂളിക്കൊണ്ട്‌ എഴുതിയ 'ഗുഡ്‌' ആണ്‌)

ഞങ്ങളുടെ ആദ്യരാത്രി ഏവം പുരോഗമിച്ചു.(അതിന്റെ മലയാള പരിഭാഷ...ഇടയ്കിടയ്ക്‌ ഇംഗ്ലീഷും)

'തനിക്ക്‌ 'ഭാവി മൃദുല'ത്തില്‍ കിട്ടി അല്ലേ'
'ഉവ്വ്‌'
'എനിക്കും കിട്ടി'
'ഉവ്വോ'
'എന്താ മുഴുവന്‍ പേര്‌'
'സൗമ്യദീപ്‌ ചൗധരി' അവള്‍ പേര്‌ നീട്ടിപ്പറഞ്ഞ്‌ അഹങ്കരിച്ചു.
'താങ്കളുടേതോ'
'പാട്ടത്തില്‍ സോമശേഖരന്‍ അജിത്ത്‌' ഞാനും വിട്ടു കൊടുത്തില്ല
'ഏതാ ദേശം?'
'ബംഗാള്‍'
'ഓ. ആ കടലിന്റെ ലെഫ്റ്റ്‌ അല്ലേ? ഞാന്‍ കേരള. മറ്റേ ആ കടലില്ലെ അതിന്റെ റൈറ്റ്‌.' പരസ്പരം ഞങ്ങള്‍ വഴി പറഞ്ഞ്‌ മനസ്സിലാക്കി.

'ഒരുപാട്‌ നീളമാണല്ലോ പേരിന്‌. ഞാന്‍ അജിത്ത്‌ എന്ന് വിളിക്കാം' അവളറിയുന്നില്ലല്ലോ ചൂണ്ടക്കോളുത്ത്‌ എറിഞ്ഞത്‌ തിമിംഗലത്തിനാണെന്ന്.

'തന്റെ പേരിനും എന്തൊരു നീളം. ഞാന്‍ എന്ത്‌ വിളിക്കണം'
നിഷ്കളങ്കനായ കുട്ടി ആണെങ്കില്‍ പോലും അവന്‍ ഐസ്‌ ക്രീം കണ്ടാല്‍ അമ്മയോട്‌ ചോദിക്കുക 'അതെന്താ അമ്മേ, എന്തിനു ഉപയോഗിക്കുന്നതാ?' എന്നാണാല്ലോ.

"എങ്കില്‍ സൗമ്യദീപ്‌ എന്ന് വിളിച്ചോളു." മറുപടി.

"വേണ്ട ഞാന്‍ സൗമ്യ എന്നു വിളിക്കാം." ഞാന്‍ സ്വാതന്ത്ര്യത്തോടെ അരുളിച്ചെയ്തു.
യാഹൂ മെസ്സഞ്ചറില്‍ ഒരു സ്മെയിലി തെളിഞ്ഞു. ബംഗാളിപ്പെണ്ണിന്റെ മനസ്സില്‍ കൂട്‌ കൂട്ടാന്‍ പണിപ്പെടുന്ന മലയാളിപ്പയ്യന്‌ ആദ്യത്തെ പച്ചക്കൊടി.

ബംഗാളി, മലയാളി, എന്തൂട്ടാ പ്രാസം. ഞാന്‍ മനസ്സില്‍ കരുതി.
പിന്നീട്‌ ജോയിനിംഗ്‌ ഡേറ്റും അങ്ങനെ പല പല ഓഫീഷ്യല്‍ ചര്‍ച്ചകളും നടത്തി ഞങ്ങള്‍. ഒരുപാട്‌ സംസാരിക്കണം എന്നുണ്ടെങ്കിലും തലയോലപ്പറമ്പിലെ ഡയല്‍ അപ്പിന്റെ സവിശേഷസ്വഭാവം മൂലം കൂടുതല്‍ സമയം കണക്റ്റ്‌ ചെയ്യാനുള്ള ഉണര്‍ത്ത്‌ പാട്ട്‌ കേട്ടിരിക്കല്‍ ആയിരുന്നു. അതിനാല്‍ ഞങ്ങളുടെ സംഭാഷണങ്ങള്‍ എന്നും മിനുട്ട്‌ സൂചി 90ഡിഗ്രി കറങ്ങുന്നതില്‍ കൂടുതല്‍ നീണ്ടിരുന്നീല്ല.

പിന്നീട്‌ പലപല രാത്രികളിലും മഴയും പരിപ്പുവടയുടെ ഗന്ധവും ഇണ ചേരുകയുണ്ടായി എങ്കിലും മുകളില്‍ പറഞ്ഞ കാരണം കൊണ്ട്‌ തന്നെ ചാറ്റ് വിണ്ടോവില്‍ നിന്നു ഇ-മേയിലിലെക്ക് ഞങ്ങള്‍ക്ക് കൂടു വിട്ട കൂടു മാറേണ്ടി വന്നു. എങ്കിലും ചാറ്റ് വിണ്ടോയെ പൂര്‍ണമായും ഉപേക്ഷിചോന്നുമില്ല.

10-ആം ക്ലാസ്സിലെ മകന്റെ ഹിന്ദിയിലെ ഉജ്ജ്വല പ്രതിഭ കണ്ട്‌ അമ്പരന്നതിനാലും അന്നമ്മ ടീച്ചര്‍ എക്കാലത്തെയും ശത്രു ആയിപ്പോകുമോ എന്ന ഭയത്തിനാലും ജ്യോത്സനെക്കാണാന്‍ പോയ എന്റെ അമ്മയോട്‌ അദ്ദേഹം അരുളിച്ചെയ്തത്‌ ഞാന്‍ ജനിച്ച സമയത്ത്‌ ഒരു ഹിന്ദിക്കാരന്റെ ജേഴ്സി പശു പ്രണയനൈരാശ്യത്താല്‍ 'എന്‍ എസ്‌ എസ്‌' ഇന്റെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയും ഇതില്‍ കുപിതനായ ഹിന്ദിക്കാരന്‍ ആ സവിശേഷമുഹൂര്‍ത്തത്തില്‍ ഭൂജാതനായ എന്നെ, ഹിന്ദിയില്‍ ചന്ദനക്കുറിക്കാരന്‍ (പൊട്ടന്‍ എന്നും പറയാം) ആയിപ്പോകട്ടെ എന്ന് ശപിക്കുകയും ചെയ്തത്രെ. എങ്കിലും അദ്ദേഹം നിര്‍ദ്ദേശിച്ച സവിശേഷപൂജകളുടെ ഫലമായി 21-ആം വയസ്സില്‍ ഹിന്ദി പഠിക്കാന്‍ ഒരു നിമിത്തം ഉണ്ടാകും എന്നും, അതിലും ഫലമുണ്ടായില്ലെങ്കില്‍ ശേഷം ചിന്ത്യം എന്നും ആയിരുന്നു കര്‍മ്മയോഗം.

അതിന്റെ ലേര്‍ണേഴ്സ്‌ ടെസ്റ്റ്‌ എന്ന പോലെ ഞാന്‍ സര്‍ദ്ദാര്‍ജി ജോക്സില്‍ ശ്രദ്ധ പതിപ്പിച്ക്‌ തുടങ്ങിയിരുന്നു.

ആവശ്യം ആണല്ലോ സൃഷ്ടിയുടെ മദര്‍. ബംഗാളിപ്പെണ്ണിന്റയടുത്ത്‌ 'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വ്രദ്ധന്റെ' കഥ ഒന്നും പറഞ്ഞ്‌ ഫലം ഇല്ലല്ലോ എന്ന് കരുതി ഉണ്ടായ മനസ്താപത്തിന്റെ സന്തതി ആയിരുന്നു ഈ സര്‍ദ്ദാര്‍ ജോക്ക്സ്‌. ഹിന്ദി അക്ഷരങ്ങളെ കാണുമ്പോള്‍ എനിക്ക്‌ കഴുത്തില്‍ കുരുക്കിട്ട്‌ ആത്മഹത്യ ചെയ്തവരെപ്പോലെ തോന്നിയിരുന്നു പണ്ടൊക്കെ. ആവശ്യം അതിന്റെ കരാളഹസ്തങ്ങള്‍ മുറുക്കിയപ്പോള്‍, ഞാന്‍ ആ ആത്മഹത്യക്കാരെ പോസ്റ്റ്‌ മാര്‍ട്ടം ചെയ്യുന്ന ഡോക്ടറെപ്പോലെ നോക്കിക്കാണാന്‍ തുടങ്ങി.

(മാത്രമല്ല ബംഗാളില്‍ എനിക്ക് വേറെ പേരിനെങ്കിലും പരിചയം ഉള്ളത് സൌരവ് ഗാംഗുലിയും സത്യജിത് റേയും മാത്രമാണല്ലോ)

ഒടുവില്‍ ഒരു രാത്രിയില്‍ എന്നോട്‌ നാണത്തോടെയാവണം അവള്‍ ചോദിച്ചു. 'ഡു യു ഹാവ്‌ എനി ലവ്‌ അഫയര്‍സ്‌?'

സര്‍ദാര്‍ ജോക്സിന്റെയും ഒഫീഷ്യല്‍ മാറ്ററിന്റെയും ട്രാക്കില്‍ മാത്രം ഓടിക്കൊണ്ടിരുന്ന വണ്ടിക്ക്‌ ഒരു ഓഫ്‌ ടോപ്പിക്കിലൂടെ പുതിയൊരു ഹായ്‌ വേ തുറന്നു തന്നു ആ ചോദ്യം.

ചാറ്റ്‌ വിന്‍ഡോ തിളങ്ങി. "ഡു യു ഹാവ്‌ എനി ലവ്‌ അഫയര്‍സ്‌?"

എത്ര സുന്ദരമായ ചോദ്യം. ഈ ചോദ്യത്തിനു ആരും ക്രുത്യമായ ഉത്തരം നല്‍കില്ല എങ്കിലും, ചോദ്യകര്‍ത്താവിന്റെ മാനസസഞ്ചാരത്തെക്കുറിച്ച്‌ ഒരുപാട്‌ ഊഹാപോഹങ്ങള്‍ക്ക്‌ വഴിവെക്കാന്‍ സഹായിക്കുന്ന ഒന്നാണല്ലോ ഇത്തരത്തിലൊരു ചോദ്യം.അവള്‍ക്കെന്തോ ഒരു ഇത്‌ അല്ലെങ്കില്‍ അത്‌ തോന്ന്യോണ്ടാണല്ലോ ഇങ്ങനെയൊരു ചോദ്യം.

അപ്പോള്‍ നമ്മള്‍ നിരാശപ്പെടുത്താന്‍ പാടില്ല. ഒട്ടും നിരാശജനിപ്പിക്കാത്ത ഒരു ചോദ്യം തിരിച്ചും എയ്തു.

"വാട്ട്‌ അബോട്ട്‌ യു??"

അപ്പോള്‍ ചാറ്റ്‌ വിന്‍ഡോവില്‍ തെളിഞ്ഞ 'നോ' യും ഫീസ്‌ ഇനിയും അടയ്ക്കാനുണ്ടോ സാറെ എന്നു യൂണിവേഴ്സിറ്റിയില്‍ ചോദിച്ചപ്പോള്‍ കേട്ട 'നോ'യും ആണ്‌ ജീവിതത്തില്‍ എന്നെ സന്തോഷിപ്പിച്ച 'നോ'കള്‍.('നോ'യ്കും അത്ര മധുരം ഉണ്ടാകും ചിലപ്പോള്‍.)

ആഗസ്റ്റ്‌ 16. അതിനു മുന്‍പ്‌ ഒരു ജോയിനിംഗ്‌ ഡേറ്റ്‌ ഉണ്ടായിരുന്നു എങ്കില്‍ അവള്‍ ജോയിന്‍ ചെയ്തില്ല. എന്തോ നിസ്സാരകാരണം പറഞ്ഞുവെങ്കിലും യഥാര്‍ഥ കാരണത്തെക്കുറിച്ച്‌ എന്റെ മനസ്സില്‍ ഒരു ധാരണ ഉണ്ടായിരുന്നു. "ഷി ഡോണ്ട്‌ വാണ്ട്‌ ടു ജോയിന്‍ വിത്തൗട്ട്‌ മി". (ചില പെണ്ണുങ്ങള്‍ അങ്ങനെയാണല്ലോ. ഒന്നും സമ്മതിച്ച്‌ തരൂല്ലല്ലോ.)

ആഗസ്റ്റ്‌ 16 വരാന്‍ ഞങ്ങള്‍ കാത്തിരുന്നു. അവള്‍ ബംഗാളിലും ഞാന്‍ കേരളത്തിലും. പോകുന്നതിനു മുന്‍പ്‌ അവസാനം ഓണ്‍ലൈന്‍ കണ്ട ദിവസം അവള്‍ ചോദിചു. (അതിന്റെ മലയാള പരിഭാഷ. വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മലയാളത്തില്‍ ആക്കുന്നു:) )
"നമ്മള്‍ ഒടുവില്‍ കാണാന്‍ പോകുന്നു അല്യോ"
"അതേ"
"കണ്ടാല്‍ എങ്ങനെ തിരിച്ചറിയും"
'മതിലുകള്‍'ഇല്‍ നാരായണി ബഷീറിനോട്‌ ചോദിച്ച ചോദ്യത്തിന്റെ സമാനസ്വഭാവം ഉള്ള ഒന്ന്.
"കണ്ടാല്‍ എനിക്ക്‌ മനസ്സിലാകും" ഞാന്‍ വാക്കുകളില്‍ ആത്മവിശ്വാസം വെറുതെ കുത്തി നിറച്ചു.
അവളൊന്നു ചിരിച്ചു.
"എനിക്ക്‌ ഒരു പക്ഷെ പിടികിട്ടില്ലാ ട്ടോ. അങ്ങനാണേല്‍ എന്നെ കാണുമ്പോള്‍ വന്നാല്‍ മതി" അവള്‍ നയം വ്യക്തമാക്കി.

എന്റെ മനസ്സില്‍ അവളെക്കുറിച്ച്‌ അത്ര വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നില്ല. ബോബ്‌ ചെയ്ത മുടിയും കുപ്പിക്കണ്ണാടിയും ഒക്കെ ധരിച്ച ഒരു ഭീകരരൂപമായിരിക്കുമോ അതോ ഒരു ബംഗാളി സുന്ദരിക്ക്‌ ചേര്‍ന്ന അംഗലാവണ്യങ്ങളോട്‌ ചേര്‍ന്ന ഒരു രൂപമോ?

കാത്തിരുന്നു കാണുക തന്നെ. സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ഇന്ത്യാക്കാരനും തന്റെ രാജ്യത്തെ മറ്റൊരു പ്രജയെക്കുറിച്ച്‌ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകില്ല. അങ്ങനെ ആഗസ്റ്റ്‌ 15 കടന്നുപോയി.

ഒടുവില്‍ ജോയിനിംഗ്‌ ദിവസം ഭൂജാതനായി. ഏതോ ഒരു ഫോര്‍മല്‍ ഷര്‍ട്ടിനുള്ളില്‍ കയറിക്കൂടി ഞാന്‍ ഓഫീസില്‍ എത്തി. അന്നു ഞാന്‍ തലമുടി ചീവാന്‍ എടുത്ത സമയം കൊണ്ട്‌ ഒരാനയെ കുളിപ്പിക്കാമായിരുന്നു എന്നും അതിനു സ്പെന്റ്‌ ചെയ്ത എനര്‍ജി കൊണ്ട്‌ ഒരു ടര്‍ബൈന്‍ കറക്കാമായിരുന്നു എന്നും അസൂയക്കാരും പാണനും പാടി നടന്നു.

തൂവാനത്തുമ്പികളിലെപോലെ അവസാന സീന്‍ പോലെ അന്ന് മാത്രം മഴ പെയ്തില്ല.

ഓഫീസില്‍ എത്ത്യപ്പോള്‍ ശിവരാത്രി ദിവസം ത്രശ്ശൂര്‍ പൂരം ആലുവാ മണപ്പുറത്തേക്ക്‌ മാറ്റ്യാല്‍ എന്നപോലെ ജനപ്രവാഹം. ഓഫീസ്‌ ട്രെയിനിംഗ്‌ റൂമില്‍ കറങ്ങി നടന്ന എനിക്ക്‌ എല്ലാം അപരിചിത മുഖങ്ങള്‍ മാത്രം. ഇക്കൂട്ടത്തില്‍ എവിടെയോ എന്റെ ബംഗാളി മുഖം ഒളിച്ചിരിപ്പുണ്ടല്ലോ. എന്നെ തിരയുന്ന രണ്ട്‌ കണ്ണുകള്‍ ഉണ്ട്‌.(രണ്ട്‌ കണ്ണുണ്ട്‌ എന്നതെല്ലാം സങ്കല്‍പ്പം മാത്രം) അതെങ്ങനെ കണ്ടെത്തും.

ആരോടേലും ചോദിച്ച്‌ അവളെ കണ്ടെത്തുക എന്നത്‌ ഞാന്‍ മുന്‍പ്‌ പറഞ്ഞ പ്രസ്താവനകളുടെ പൊള്ളത്തരം വെളിവാക്കും എന്നതിനാല്‍ അതിനു തുനിയുക സാധ്യമല്ല. ഇജ്ജാതി ചിന്തകളേയും മുറുകെ കെട്ടിപ്പിടിച്ച്‌ ഞാന്‍ ഒരു കസേരയില്‍ ഇരുന്നു.

ഒടുവില്‍ എച്‌ ആര്‍ സുന്ദരി ഓരോരുത്തരെ ആയി പരിചയപ്പെടുത്തുന്ന കര്‍മ്മം ആരംഭിച്ചു. ഞാന്‍ സൗമ്യ എന്ന പേരിനായി കാതോര്‍ത്ത്‌ ഇരുന്നു. (അവളെന്റെ പേരിനായും കാതോര്‍ത്തിരുന്നിരിക്കണം)

ഒടുവില്‍ എന്റെ ആകാംക്ഷ കണ്ട്‌ കരളലിഞ്ഞിട്ടോ മറ്റോ ദൈവം എച്‌ ആര്‍ ചേച്ചിയുടെ നാവില്‍ സൗമ്യയെ എത്തിച്ച്‌ കൊടുത്തു.

ഒരു നിമിഷം മൗനം. ബഹളത്തിനിടയില്‍ ഞാന്‍ മാത്രമേ അത്‌ കേട്ടുള്ളോ അതോ എനിക്ക്‌ ചിത്തഭ്രമത്തിന്റെ ആരംഭമാണോ?

വീണ്ടൂം ആ പേരു വിളിച്ചു. എനിക്ക്‌ ധൈര്യം കൈവന്നു. "ഇല്ല ഭ്രാന്ത്‌ പിടിച്ചിട്ടില്ല"

മുന്‍പില്‍ എവിടെയോ ഒരു കസേരയില്‍ മാത്രം അനക്കം. ഒരു ബോബ്‌ ചെയ്ത തല പൊങ്ങുന്നു. ആ തല ഒഴികെ ഒന്നും ദ്രശ്യമല്ല. ഒടുവില്‍ ആ തലയുടെ കീഴെ ഉള്ള ഉടലും ദ്യശ്യമായിത്തുടങ്ങി. ഞാന്‍ മോഹാലസ്യപ്പെട്ട്‌ പോയില്ല എന്നേ ഉള്ളൂ.

സൗമ്യദീപ്‌ ചൗധരി എന്ന എന്റെ സൗമ്യ ഒരു ആണ്‍കുട്ടി ആയിരുന്നു!!!

'ഷി ഈസ്‌ എ മാന്‍' ട്രൂത്തില്‍ മമ്മൂട്ടി പറഞ്ഞ അതേ വാചകം ഞാന്‍ ഓര്‍മ്മിച്ചു.

ഇതെങ്ങനെ സംഭവിച്ചു. പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയോട്‌ 'സെക്സ്‌' ചോദിക്കുന്നത്‌ പാപം ആയതിനാല്‍ ഞാന്‍ അത്‌ ഒരിക്കലും ചോദിച്ചിരുന്നില്ല. "ബട്ട്‌ ഹേ ബംഗാളി, ഇങ്ങനെ ഒന്നുണ്ടെങ്കില്‍ അത്‌ അറിയിക്കുക നിന്റെ ധര്‍മ്മം ആയിരുന്നില്ലേ"

എന്റെ മനസ്സില്‍ ഉണ്ടായിരുന്ന സൗമ്യയും എന്റെ കണ്മുന്‍പില്‍ ഉണ്ടായിരുന്ന സൗമ്യയും തമ്മില്‍ കട്ടന്‍ കാപ്പിയും കൊക്കക്കോളയും തമ്മിലുള്ള സാമ്യം പോലുമില്ല.

തൊട്ടടുത്ത്‌ സീറ്റില്‍ ഇരുന്ന ത്രുശ്ശൂര്‍ കാരി സ്മൃതി, ത്രശ്ശൂര്‍ അമേരിക്കയിലും വൈക്കം ലോകത്തിന്റെ വേറെ ഒരു കോണിലും ആണെന്ന മട്ടില്‍ ആംഗലേയത്തില്‍ മൊഴിഞ്ഞു,
"സംതിംഗ്‌ ഈസ്‌ റോങ്ങ്‌"
"വാഴ്‌വേ മായം" കഷ്ടപ്പെട്ട്‌ ഞാന്‍ ചിരിച്‌ കാണിച്ചു.

പണ്ട്‌ എന്റെ ഒരു സുഹ്രത്ത്‌ അവന്റെ കണക്ക്‌ പുസ്തകത്തിന്റെ അവസാന താളുകളില്‍ കുറിച്ച്‌ വച്ചിരുന്ന സിനിമാഗാനത്തിന്റെ വരികള്‍ എന്റെ കണ്ണില്‍ അപ്പോള്‍ തെളിഞ്ഞ്‌ വന്നു.

"കരയുന്ന തിരമാലകളെ ചിരിക്കുന്ന പൂക്കളെ
അറിയില്ല നിങ്ങള്‍ക്കെന്റെ അടങ്ങാത്ത ജന്മദു:ഖം."

അന്ന് ശ്വാസം നേരെ ആയതിനു ശേഷം ഞാന്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍, ഇലക്ഷന്‍ നേരിടുന്ന രാഷ്ട്രീയക്കാരന്റെ ചിരിയോട് കൂടി, സൗമ്യയെ പരിചയപ്പെടുകയും ഞാന്‍ കണ്ട്‌ പിടിച്ചെന്ന പോലെ അവനോട്‌ മിണ്ടുകയും ചെയ്തു.

അന്നും ഇന്നും അവനെ കാണുമ്പോള്‍ എന്റെ മനസ്സ്‌ തേങ്ങും

"എനിക്ക്‌ പിറക്കാതെ പോയ കാമുകി ആണല്ലോ ഉണ്ണീ നീ"


***********പതിവ്‌ പോലെ അശുഭം***********

Thursday, January 10, 2008

ഒരു ന്യൂ ഇയര്‍ രാവിന്റെ ഓര്‍മ്മയ്ക്ക്‌!!!

'ദ നൈറ്റ്‌ ഈസ്‌ സ്റ്റില്‍ യങ്ങ്‌' നിറം പകര്‍ത്തിയ ഗ്ലാസ്‌ കയ്യില്‍ ബലമായി അമര്‍ത്തിപ്പിടിച്ച്‌ ബാലു പറയുന്നുണ്ടായിരുന്നു. നൈറ്റോ, സന്ധ്യാനേരമല്ലേ ആയിട്ടുള്ളൂ? എന്റെ കണ്ണില്‍ രാത്രി അപ്പോഴും ഒരു ഗര്‍ഭസ്ഥശിശു എന്നതില്‍ കവിഞ്ഞ്‌ വളര്‍ച്ച പ്രാപിച്ചിട്ടില്ലായിരുന്നു. എങ്കിലും ഞാന്‍ ആ പ്രസ്താവന ഖണ്ഡിക്കുകയുണ്ടായില്ല. ബാലുവിന്റെ സന്തോഷമാണല്ലോ നമുക്ക്‌ പ്രധാനം(അല്ലാതെ പേടിച്ചിട്ടൊന്നുമല്ല ഛേ!)

ഗ്ലാസ്സുകളില്‍ നുരയും പതയും നിറഞ്ഞു.

'പുതുവര്‍ഷം വന്നണയാന്‍ ഇനിയും 5 മണിക്കൂര്‍ കൂടി ഉണ്ട്‌' വാച്ചില്‍ സൂക്ഷിച്ച്‌ നോക്കിക്കോണ്ട്‌ അരുണ്‍ അറിയിച്ചു. (അരുണ്‍കുമാര്‍ സി വി എന്ന ഈ ജീവിയെ 'സീവി' എന്ന അപരനാമത്തില്‍ ആണ്‌ ചെന്നൈ നഗരം അറിയുന്നത്‌. ടൈപ്പിംഗ്‌ എഫര്‍ട്ട്‌ കുറയ്കാന്‍ ഞാനും അങ്ങനെ പറയട്ടെ.)

നിറച്ച ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിയപ്പോള്‍ അനൂപേട്ടന്‍ ആണ്‌ ആദ്യം 'ചിയേഴ്സ്‌' പറഞ്ഞത്‌. അതോടൊപ്പം മറ്റ്‌ ശബ്ദങ്ങളും ആപ്തവാക്യം ഏറ്റ്‌ ചൊല്ലി. നാടോടുമ്പോള്‍ നടുവേ തന്നെ എന്ന് മനസ്സില്‍ കുറിച്ച്‌ ഞാനും ഒരു ഗ്ലാസ്സെടുത്ത്‌ ആഞ്ഞ്‌ മുട്ടിച്ചു. 'ചിയേഴ്സ്‌'

'മദ്യപാനം സര്‍വ്വധനാല്‍ പ്രധാനം' എന്നായത്‌ കൊണ്ട്‌ ഓര്‍ഡറുകള്‍ കൂടിക്കൊണ്ടേയിരുന്നു. ഇതിനിടയില്‍ ഒരു ലാര്‍ജ്‌ വോഡ്കയുമായി വന്ന ബേറര്‍ ചിരിച്ച്‌ കൊണ്ട്‌ ചൂളമടിക്കുന്നുണ്ടായിരുന്നു. എന്താണാവോ ഈ ചൂളമടിയ്ക്‌ പിന്നില്‍ എന്നറിയാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എത്തിച്ച്‌ നോക്കി. ഞങ്ങളുടെ ബില്‍ തുക ആയിരം തികഞ്ഞിരിക്കുന്നു! കുഡോസ്‌!

'പുതുവര്‍ഷം വന്നണയാന്‍ ഇനിയും നാലു മണിക്കൂര്‍' സിവിയുടെ വാച്ച്‌ സമയമറിയിച്ചു.
'നൈറ്റ്‌ ഈസ്‌ സ്റ്റില്‍ യങ്ങ്‌ അളിയാ, നീ പാട്‌' ബാലുവിന്റെ അനുമതി ലഭിച്ചു.

സിവി പാടിത്തുടങ്ങി. അങ്ങനെ ഒടുവില്‍ സംഗീതസഭയ്ക്‌ തുടക്കമായി.

"പുലരിയില്‍ ഇളവെയിലാടും പുഴ പാടുകയായ്‌....
പ്രിയമൊട്‌ കുയില്‍മൊഴി തൂകും കാവേരി നീ....(2)

മലര്‍വാക തന്‍ നിറതാലവും
അതിലായിരം കുളിര്‍ ജ്വാലയും
വരവേല്‍ക്കയാണിതിലേ ആരോമലേ.....

ആകാശമാകെ കണിമലര്‍ കതിരുമായി പുലരി പോയ്‌ വരൂ...
പുതുമണ്ണിനു പൂവിടാന്‍ കൊതിയായ്‌ നീ വരൂ...."
[നമുക്ക്‌ പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍]



പാട്ട്‌ തീര്‍ന്ന ഉടന്‍, ഉരുള്‍പെട്ടലില്‍ പെട്ട ആട്ടിന്‍ കുട്ടിയെപ്പൊലെ പകച്ച്‌ നിന്ന തമിഴ്‌ പയ്യനെ നോക്കി അറിയാവുന്ന തമിഴില്‍ സിവി പറഞ്ഞു. "എങ്കളുക്ക്‌ റൊമ്പ പിടിച്ച ഒരു പാടല്‍. മോഹന്‍ലാല്‍, കേള്‍വിപ്പെട്ടിരിക്കിയാ?"

ദുര്‍വ്വാസാവ്‌ പണ്ട്‌ ക്വസ്റ്റന്‍ ചോദിക്കുമ്പോള്‍ ആളുകള്‍ക്കുണ്ടായിക്കൊണ്ടിരുന്ന ആ ഒരു ഡെയിലമോ ഇല്ലേ, അതനുഭവപ്പെട്ടതു കൊണ്ടോ മറ്റോ തമിഴ്‌ പയ്യന്‍ അടൂര്‍ ഗോപാലക്രഷ്ണന്റെ പടത്തില്‍ വേണു നാഗവള്ളി മാത്രമുള്ള ഷോട്ടിലെന്ന പോലെ നിര്‍വാണം പ്രാപിച്ച്‌ നിലകൊണ്ടു.

ശബ്ദങ്ങളെല്ലാം ഒന്ന് ഉയര്‍ന്ന് പൊങ്ങി നിലച്ചു. ഒടുവില്‍ അനൂപേട്ടന്റെ 'ചേട്ടാ ഒരു വോഡ്കാ' എന്ന അനൗണ്‍സ്മെന്റില്‍ വീണ്ടും രംഗം ചൂട്‌ പിടിച്ചു.

തമിഴ്‌ പയ്യന്റെ മുഖത്ത്‌ നിന്ന് കണ്ണെടുക്കാതിരുന്ന സിവിയുടെ താടിക്ക്‌ തട്ടി അനൂപേട്ടന്‍ തുടങ്ങി.(ഒപ്പം സിവിയും)

"ഈ വഴിയരികില്‍..ഈ തിരുനടയില്‍.. [2]
പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടി..
മഞ്ഞിന്‍ തുകില്‍ പദം എഴും സുമതടങ്ങള്‍ പൂകി..

മരന്ദ കണങ്ങളൊഴുക്കി മനസ്സില്‍കുറിച്ചു തരുന്നു നിന്‍ സംഗീതം....

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ..
തൂവെളിച്ചം കോരിനില്‍ക്കും പൂക്കനിയല്ലേ..
ആകാശം താഴുന്നു..
നീഹരം തൂകുന്നു.
കതിരൊളികള്‍ പടരുന്നൂ
ഇരുളലകള്‍ അകലുന്നൂ..
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി.. "
[താളവട്ടം]

എനിക്ക്‌ ഹിസ്‌ ഹൈനസ്‌ അബ്ദുള്ളയിലെ 'നാദരൂപിണി' ഗാനരംഗം ഓര്‍മ്മ വന്നു. അതേ പോലെ ഒരു സംഗീതസഭ ഇവിടേയും. 'പഞ്ചമം', 'ഗാന്ധാരം' എന്നതിനൊക്കെ പകരം ക്രത്യമായ ഇടവേളകളില്‍ ചേട്ടന്മാര്‌ പറഞ്ഞോണ്ടിരിക്കുന്നത്‌ 'വിസ്കി', 'വോഡ്ക', 'സോഡ' എന്നൊക്കെ ആണെന്ന് മാത്രം.

"ഇനി രണ്ട്‌ മണിക്കൂര്‍ മാത്രമേയുള്ളൂവത്രേ പുതുവര്‍ഷം വന്നുചേരാന്‍." വീണ്ടും സിവി വാച്ചില്‍ നോക്കി വാചാലനായി.

മുന്‍പിലിരുന്ന കപ്പ തോണ്ടിക്കൊണ്ട്‌ നിരാശകലര്‍ന്ന കണ്ണുകളോടെ സിവി എന്നോടു പറഞ്ഞു. "ഈ കള്ളും കപ്പയും കരിമീനും ലാലേട്ടനും എന്നും മലയാളിയുടെ വീക്ക്നെസ്സാ, ആള്‍ക്കാരെത്ര കുറ്റം പറഞ്ഞാലും."

അപ്പോഴാണ്‌ ഞാന്‍ വിഷയം ശ്രദ്ധിച്ചത്‌. ലാലേട്ടന്റെ ഗോള്‍ഡന്‍ ഗാനങ്ങള്‍ ആണ്‌ ബോധം മറയുന്ന അവസരത്തിലും ഈണം തെറ്റാതെ, വരികള്‍ മുറിയാതെ പാടുന്നത്‌. അതും സിവിയുടെ ശൈലിയില്‍ ഒരു ഗാനം പാടിത്തുടങ്ങുന്നത്‌ അനുപല്ലവിയില്‍ നിന്ന് മാത്രം. പല്ലവി പാടി ഗാനം അവസാനിപ്പിക്കും.

അനുപല്ലവിയില്‍ നിന്നു പല്ലവിയിലെക്ക് തിരിച്ച് ഒഴുകുന്ന ഗാനധാര.
"തികച്ചും ഇന്ററസ്റ്റിംഗ്‌" ഞാന്‍ മനസ്സില്‍ കരുതി.

"കള്ളും കപ്പയും കരിമീനും ലാലേട്ടനും എന്നും മലയാളിയുടെ വീക്ക്നെസ്സാ, ആള്‍ക്കാരെത്ര കുറ്റം പറഞ്ഞാലും. ഇനിയും കാശെത്ര വേണേലും കളയും ഇവര്‍ക്ക്‌ വേണ്ടി." സിവി ഒരു ലോട്ടറിവില്‍പനക്കാരന്റെ ആത്മാര്‍ത്ഥതയോടെ തുടര്‍ന്നുകൊണ്ടിരുന്നു.

അവസാനത്തെ വാചകം ബാറിന്റെ ഡോറില്‍ തട്ടി പ്രതിധ്വനിച്ചു. അതുവഴി കടന്നു വന്ന വെയിറ്റര്‍ മൂന്നാമതും ചൂളമടിച്ചു. ഇക്കുറി എനിക്കതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ വൈകിയില്ല. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. 144 പ്രഖ്യാപിക്കാനൊന്നും സാധിക്കില്ലല്ലോ. ലാലേട്ടന്റെ സിനിമ ഹിറ്റാവാത്തത്‌ വരെ ഉള്ള വിഷമങ്ങള്‍ ഈ ന്യൂ ഇയറിനു മുന്‍പ്‌ ഇവിടെ പറഞ്ഞ്‌ തീര്‍ക്കാനുണ്ടല്ലോ സഖാക്കള്‍ക്ക്‌.

ഭാഗ്യവശാല്‍ മൂന്നാമത്തെ ചൂളമടി കഴിഞ്ഞപ്പോഴേക്കും ലാലേട്ടന്‍ വഴിമാറുകയും പകരം ട്രിവാണ്ട്രത്തെ ഏതോ ബാറിലെ പോളേട്ടന്‍ ചാര്‍ജ്‌ എടുക്കുകയും ചെയ്തു.ലാലേട്ടനില്‍ നിന്ന് പോളേട്ടനില്‍ എത്തിച്ചത്‌ 'തൂവാനത്തുമ്പികള്‍' ആയിരുന്നു.( 'ഡേവിഡേട്ടാ ഒരു ബിയര്‍, ചില്‍ഡ്‌' ഓര്‍ക്കുമല്ലോ!)

ട്രിവാണ്ട്രത്തെ പ്രസ്തുത ബാറില്‍ എല്ലാവരും സഹപാഠികളേക്കാള്‍ പരിചയക്കാരായിരുന്നു പോലും. അവരെക്കുറിച്ചോര്‍ത്തപ്പോള് നനഞ്ഞ കോഴി, തൂവല്‍ കുടയുന്നത്‌ പോലുള്ള ശബ്ദത്തില്‍ ഒരു ദീര്‍ഘനിശ്വാസം പുറപ്പെടുവിച്ചു അനൂപേട്ടന്‍. അദ്ദേഹം ഫ്യൂസായ ബള്‍ബ്‌ പോലിരിക്കുന്നത്‌ കണ്ട്‌ സഹതാപം തോന്നിയിട്ടോ, അതോ മോങ്ങാനിരിക്കുന്ന നായയെ കണ്ടാല്‍ മണ്ടരി ബാധിച്ച തേങ്ങാ കയ്യില്‍ പിടിച്ചവന്‌ തോന്നുന്ന വികാരവിക്ഷോഭത്തിനാലോ സിവി മറ്റൊരു പാട്ടെടുത്ത്‌ മറിച്ചിട്ടു.

"എന്റെ ഓര്‍മ്മയില്‍ പൂത്ത്‌ നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍ നിന്നും പറന്ന് പോയൊരു ജീവ ചൈതന്യമേ..

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍.
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍ കിളീ."
[നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌]


ഇക്കുറിയും സംഗതികള്‍ ഒക്കെ കറക്റ്റ്‌ തന്നെ. പാട്ടിന്‌ ത്രോ കിട്ടാനോ മറ്റോ കാലിയായ ബിയര്‍ കുപ്പിയെടുത്ത്‌ വലിച്ചെറിയുകയും ചെയ്തു.

അനൂപേട്ടന്‍ അപ്പോഴും ട്രിവാണ്ട്രത്തെ ചിന്തയില്‍ നിന്ന് പൂര്‍ണ്ണവിമുക്തനായിരുന്നില്ല. 'ചെന്നൈ'യില്‍ ബാറില്‍ അത്ര നല്ല ഒരു റിലേഷന്‍ ഉണ്ടാക്കാന്‍ സാധിക്കാത്തതിലുള്ള വേദന കണ്ണുകളില്‍ അപ്പോഴും ദ്രശ്യമായിരുന്നു.

ഭാഷയാണോ അതിനൊരു വിലങങ് തടി. ആ വിഷമം ഒട്ടേറെ വോട്കകളായി മാറി. ഗ്രഹണി പിടിച്ച പിള്ളേരും ചക്ക കൂട്ടാനും തമിലുള്ള റിലേഷന്‍ എനിക്ക് ഏറെക്കുറെ പിടികിട്ടി തുടങ്ങി.

അപ്പോഴാണ്‌ ബാറിലെ ടൈ കെട്ടിയ ചേട്ടന്‍(മാനേജര്‍ ആണെന്ന് തോന്നുന്നു) എന്റരികില്‍ വന്ന്, ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന പുവാലന്റെ ചിരിയോടെ, ഒരു വെറും ഹായ്‌ പറഞ്ഞത്‌.

ഭാഷാസ്വാധീനമില്ലാത്തതിനാല്‍ ബാറില്‍ റിലേഷന്‍ ഉണ്ടാക്കാന്‍ പറ്റാത്തതിന്റെ പേരില്‍ ഇരുന്ന് വെള്ളമടിക്കുന്ന സുഹ്രത്തുക്കള്‍ക്ക്‌ മുന്‍പില്‍ വെച്ച്‌ വെറും ഒരു ഹായ്‌ പറയുക എന്നത്‌ കൊണ്ട്‌ തന്നെ അദ്ദേഹം, അപ്പമെങ്കിലും വാങ്ങാമെന്ന് കരുതി ക്യൂവില്‍ നില്‍ക്കുന്നവന്‌ അരവണവിതരണം ചെയ്യുക പോലുള്ള ഒരു പുണ്യപ്രവര്‍ത്തി ആണ് നടത്തിയത്.

"ഹല്ലോ" ഞാന്‍ തേടിനടന്ന സുഹ്രത്തിനെ ഓര്‍ക്കൂട്ടില്‍ കണ്ടത്‌ പോലെ റിയാക്റ്റ്‌ ചെയ്തു.

ഉറങ്ങിക്കിടന്ന ബാലുവിനെ "എടാ, എണീക്ക്‌ നൈറ്റ്‌ ഈസ്‌ സ്റ്റില്‍ യങ്ങ്‌' എന്നൊക്കെ പറഞ്ഞ്‌ തട്ടി ഉണര്‍ത്തി. ഇനി സംഭവിക്കാന്‍ പോകുന്ന രംഗങ്ങളെല്ലാം അവര്‍ക്കൊരു ന്യൂ ഇയര്‍ കണി ആയിക്കൊള്ളട്ടേ എന്നെന്റെ വിശാലമനസ്സില്‍ തോന്നി..

"ആര്‍ക്കേലും എന്തേലും വേണോ" അഹങ്കാരത്തിന്റെ ലാര്‍ജില്‍ ആത്മവിശ്വാസത്തിന്റെ സോഡ ഒഴിച്ച്‌ ഞാന്‍ ചോദിച്ചു.

ചെരിപ്പ്‌ മേടിക്കാന്‍ പോയപ്പോള്‍ കാലൊടിഞ്ഞവനെപ്പോലെ എല്ലാരും മൗനം പാലിച്ചു.

"യാരുക്കും എതും വേണാങ്കേ". നാലാമത്തെ ചൂളമടി മുഴങ്ങിയത്‌ മുക്കാല്‍ മണിക്കൂര്‍ മുന്‍പായിരുന്നതിനാല്‍ ബില്‍ തുക 5000ഓട്‌ അടുത്തുകാണുമെന്ന് എനിക്ക്‌ തോന്നി.

"നീങ്കെ പോണ സാറ്റര്‍ഡേ വന്തിരുന്തതാ?" മാനേജര്‍ ചിരിച്ച്‌ കൊണ്ടൊരു കുശലം ചോദിച്ചു. ('നിങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച വന്നിരുന്നുവോ')

എനിക്കയാളോട്‌ അതിഭയങ്കരമായ സ്നേഹവും ബഹുമാനവും തോന്നി. എത്ര കസ്റ്റമേര്‍സ്‌ കയറി ഇറങ്ങി പോകുന്നുണ്ടാകും. അതിലൊരാളെ ഇത്ര ക്രത്യമായി ഓര്‍ത്തിരിക്കാന്‍ കഴിയുന്നിവെന്നത്‌ ഭയങ്കര സംഭവം തന്നെ. ജോലിയോടുള്ള ഡെഡിക്കേഷന്‍, അതിന്റെ കാര്യത്തില്‍ ഒരു പക്ഷെ റിക്കി പോണ്ടിംഗ് മാത്രമുന്ടാകും ഈ മനുഷ്യന്റെ മുന്നിലായി. കസ്ടമര്‍ സാടിസ്ഫാക്ഷന്‍ എന്നത് നിസ്സാര കാര്യമല്ലല്ലോ, അത് ഇയാള്‍ ഒരു പരിപ്പുവട തിന്നുന്ന ലാഘവത്തില്‍ നെടിയെടുതിരിക്കുന്നു.

ഇനി ആര്‍ക്ക് വെള്ളമടിക്കണം എന്ന് തോന്നിയാലും ഇവിടെ തന്നെ കൊണ്ട്ട് വരണം. ഹോംലി അറ്റ്‌മോസ്ഫിയര്‍ എന്നൊക്കെ പറയുന്നത് ചില്ലറ കാര്യമാണോ. കഴിഞ്ഞ ആഴ്ച ഞാന്‍ ഇവിടെ വന്നത് ഇത്ര ക്രത്യമായി ഓര്‍ത്ത് വച്ചിരിക്കുന്നു. ഇനി ഇയാള്‍ എന്റെ ആരാധകനോ മറ്റോ ആണോ. എന്റെ ചിന്തകള്‍ പെട്ടെന്ന് തന്നെ കാടുകേറി അവിടെ കുറച്ച് സ്ഥലവും കയ്യേറി.

എവെരി ആക്ഷന്‍ ഹാസ് ഈക്വല്‍ ആന്ട്ട് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്നാണല്ലോ. റിയാക്ഷന്‍ കാണപ്പെട്ടത് അനൂപേട്ടന്റെ മുഖത്താണ്‌. അനൂപേട്ടന്റെ മുഖം പേട്ട റെയില്‍ വേ സ്റ്റേഷനില്‍ ട്രയിന്‍ കാത്ത്‌ നിന്നവനെപോലെ തുടുത്തു.

ആ മുഖഭാവം എന്റെ കോണ്‍ഫിഡന്‍സിന്‌ കോമ്പ്ലാനില്‍ ബൂസ്റ്റ്‌ കലക്കി തന്നു. " ആമാങ്കെ, നാനും മത്ത ഫ്രണ്ട്സുമാ വന്തിരുന്തത്‌" (കവി ഉദ്ദേശിച്ചതെന്തെന്നാല്‍ ഞാനും വേറെ ചില സുഹ്രത്തുക്കളുമായി കഴിഞ്ഞയാഴ്ച വന്നിരുന്നു)

എന്റെ ഉത്തരം കേട്ടപ്പോള്‍ നമ്മുടെ മാനേജര്‍ക്കും സന്തോഷമായി. അദ്ദേഹത്തിന്റെ ഓര്‍മ്മ ശക്തിക്കുള്ള ഒരു അവാര്‍ഡ് ആയിരുന്നല്ലോ അത്‌.'മികച്ച ഓര്‍മ്മക്കാരന്‍ 2007'

ഞാന്‍ ഒന്ന് ഹാന്‍ഡ്‌ വാഷ്‌ ചെയ്ത്‌ വരാമേ എന്ന് പറഞ്ഞ്‌ നടന്ന് നീങ്ങുമ്പോള്‍ മാനേജര്‍ എന്റെ പിറകേ വന്ന് ഇപ്രകാരം അരുളിച്ചെയ്തു.

"സാര്‍, ലാസ്റ്റ്‌ സാറ്റര്‍ഡേ നീങ്ക ബില്ല് മുഴുസാ പേ പണ്ണലേ, 500 രൂപ കമ്മിയായിരുന്തത്‌. ഇന്ത പയ്യന്‍ പിന്നാലേ വരുമ്പോത്‌ നീങ്ക കലമ്പീട്ടാര്‌" അതായത്‌ ഞാനാകുന്ന മാന്യന്‍ ലാസ്റ്റ്‌ സാറ്റര്‍ഡേ അവിടെ ബില്ല് തുക 500 രൂപ കുറച്ചാണ്‌ കൊടുത്തത്‌ പോലും.

കാശി തേടി കിഴക്കൊട്ട്ട് നടന്നവന്‍ കാര്‍ഗിലില്‍ എത്തിയ പോലായി.

"ഹേ മനുഷ്യാ, ഞാന്‍ നിങ്ങളെ അറിയാതെ ബഹുമാനിച്ച് പോയല്ലോ. " മനസ്സ് ഇപ്രകാരം പിടഞ്ഞു.

വില്‍ക്കുന്നതിന്‌ മുന്‍പ്‌ വെയ്റ്റ്‌ കൂട്ടിപ്പറയുന്ന ഒരു ഇറച്ചിവെട്ടിക്കാരന്റെ സ്നേഹം ആണ്‌ അയാള്‍ കാട്ടിയതെന്ന് അപ്പോഴാണെനിക്ക്‌ മനസ്സിലായത്‌.

അങ്ങനെ ഒരു 500 രൂപാ ചതി നടന്നിട്ടുണ്ടോ? കഴിഞ്ഞ ആഴ്ച. ഓര്‍മ്മകള്‍ മരവിച്ചത്‌ പോലെ. കൂടുതല്‍ ക്വസ്റ്റ്യനിങ്ങിന്‌ പോയാല്‍ സംഭവം ഫ്ലാഷാകും. ഒരല്‍പം മുന്‍പ്‌ എന്നെ ബഹുമാനിക്കുകയും അസൂയയോടെ നോക്കുകയും ചെയ്ത മദ്യപാനി സംഘം, വെടിക്കെട്ട്‌ കഴിഞ്ഞ ശേഷം പടക്കക്കാരനെ ജനം നോക്കുന്ന ലാഘവത്തില്‍ നോക്കി നോവിക്കും. വേണ്ടാ. അതിലും ഭേദം ഈ 500 രൂപ കൊടുക്കുന്നത്‌ തന്നെ. "സ്വാഭിമാനം മലയാളികള്‍ക്ക്‌ മ്രതിയേക്കാള്‍ ഭയാനകം " എന്നാണല്ലോ.

'500 രൂപയുടെ ഒരു ഗാന്ധി'മാര്‍ഗം സ്വീകരിക്കാം. ഒരു നോട്ടില്‍ തീരുന്ന പ്രശ്നം എന്തിന് നമ്മള്‍ വഷളാക്കുന്നു.

ഒരത്യാവശ്യത്തിന്‌ നോക്കുമ്പോള്‍ കയ്യില്‍ കാശില്ലാത്തത്‌ സ്ഥിരമായതിനാല്‍ ഒരുപാട് തപ്പാനൊന്നും നില്‍ക്കാതെ അനൂപേട്ടന്റെ കീശയില്‍ നിന്ന് ഒരു 500 രൂപ സംഘടിപ്പിക്കാന്‍ സ്രഷ്ടിക്കുന്ന കഥയില്‍, മാനേജരുടെ ഇളയമകള്‍ക്കായി അത്യപൂര്‍വ്വമായ അസുഖം തീരുമാനിക്കുകയാണ്‌ ഞാന്‍ ചെയ്തത്‌.

എനിക്ക്‌ 500 രൂപ തന്നതിനോടൊപ്പം അഞ്ചാമത്തെ ചൂളമടിക്ക്‌ ട്രിഗര്‍ നല്‍കാന്‍ അനൂപേട്ടന്‍ ഒരു വോഡ്ക ഓര്‍ഡര്‍ ചെയ്തു. പണം മാനേജരെ ഏല്‍പ്പിച്ച്‌ മടങ്ങിവന്നപ്പോള്‍ സിവി വാച്ച്‌ നോക്കി ന്യൂ ഇയര്‍ വന്നു എന്നറിയിച്ചു. എല്ലാവരും പരസ്പരം
ന്യൂ ഇയര്‍ വിഷ്‌ ചെയ്തപ്പോള്‍ അനൂപേട്ടന്‍ വോഡ്ക ഒരു കവിളിറക്കി എന്നോട്‌ പറഞ്ഞു. "യു ആര്‍ ലക്കി അളിയാ, ആഫ്റ്റര്‍ ഓള്‍ ഇറ്റ്‌ ഈസ്‌ ചാരിറ്റി റൈറ്റ്‌. ദാറ്റ്‌ റ്റൂ ഓണ്‍ ദ ന്യൂ ഇയര്‍ ഈവ്‌"

ഞാന്‍ അല്പനിമിഷം മുന്പ് കണി എന്ന് കരുതിയത് കെണി ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത് വൈകി ആണല്ലോ എന്നും വര്‍ഷത്തിന്റെ അവസാനദിനം വരെയും കൃത്യമായി പണികിട്ടിയല്ലോ എന്നും ഓര്‍ത്ത് "അതെ അതെ" എന്ന് മാത്രം പറഞ്ഞ തല കുലുക്കി.

അല്പം അസുയയും നിരാശയും ആ സമയം വിലയാടിക്കൊന്ടിരുന്ന പാവം ആ മദ്യപാനികളുടെ മനസ്സില്‍ ഞാന്‍ ആയിട്ട് ശാന്തമാക്കുന്നത് ശരിയല്ലല്ലോ!!!ഞാന്‍ ഒന്നും തിരുത്താന്‍ പോയില്ല.

സന്ദര്ഭോചിതം ആയി അപ്പോഴും സിവി പാടുന്നുണ്ടായിരുന്നു.
"മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ തകര്‍ന്നെ തക തക താ...
ചതിച്ചില്ലേ നീ ചതി ചതിച്ചില്ലേ നീ ചതിച്ചേ തക തക താ.....
അതിരുകാക്കും മലയൊന്ന് തുടുത്തേ തുടുത്തേ തക തക്‌ താ.....
അങ്ങ്‌ കിഴക്കത്തേ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്‌
പേറ്റ്‌ നോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തക തക താ..."
[സര്‍വ്വകലാശാല]


പാട്ടിനിടയില്‍ എപ്പോളോ അഞ്ചാമത്തെ ചൂളമടി കേട്ടപ്പോള്‍ തന്നെ ഞാന്‍ ബാധ കൂടിയവനെ പോലെ പിടഞ്ഞെണീറ്റ് പറഞ്ഞു. "ഈ ന്യൂ ഇയറിനു ഉള്ളത് ആയല്ലോ? പോലാമാ?"

Thursday, December 20, 2007

നിമിഷങ്ങള്‍ക്ക് നീളം കൂടുമ്പോള്‍...

രവി അന്ന് ഉറക്കം ഞെട്ടി എഴുന്നേറ്റു. ആകെ വിയര്‍ത്തിരിക്കുന്നു. നരച്ച മീശയുടെ തുമ്പില്‍ വിയര്‍പ്പ്‌ തുള്ളികള്‍. പക്ഷെ ഓര്‍മ്മകള്‍ നരക്കില്ലല്ലോ. ഇന്നിനി ഉറക്കം പ്രയാസമാണ്‌. അടുത്ത്‌ കിടക്കുന്ന ഭാര്യയേയും മകനേയും ഉണര്‍ത്താതെ ഹാളിലേക്ക്‌ നടന്നു.

ടിവി ഓണ്‍ ചെയ്തു. ഏതോ ഒരു പത്മരാജന്‍ സ്രഷ്ടിയുടെ അന്ത്യയാമങ്ങള്‍. സൗഹ്രുദത്തിന്റെ അന്ത്യം ഒഴിവാക്കാനെന്ന പോലെ ആത്മാഹുതി ചെയ്യുന്ന രണ്ട്‌ പെണ്‍കുട്ടികള്‍.(ഒരു ലെസ്ബിയന്‍ ചിന്താഗതിയോ).രവിയുടെ ചിന്തകള്‍ വീണ്ടും ചൂട്‌ പിടിച്ചു. തനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു സൗഹ്രുദം. താഴേക്ക്‌ ഇറ്റുവീണ വിയര്‍പ്പ്‌ തുള്ളി ആ നഷ്ടത്തെയാണോ പ്രതിനിധാനം ചെയ്യുന്നത്‌?അനിത, സഹപാഠിയായിരുന്നു, ചാറ്റ്‌ ഫ്രണ്ടായിരുന്നു. ഇല്ല അതിലുമേറെയായിരുന്നു. ഇന്നും വറ്റാത്ത ഓര്‍മയുടെ ഉറവ പറയുന്നു,ഇപ്പോഴും ഉച്ചത്തില്‍ തേങ്ങുന്ന ഹ്രദയുമിടുപ്പുകള്‍ തെളിയിക്കുന്നു, ആ സത്യം.

അവള്‍ കാമുകിയായിരുന്നില്ല, അവന്റെ ജീവിതത്തിലെ വസന്തങ്ങള്‍ വിരിയിച്ച പ്രിയ തോഴിയായിരുന്നു. പതിവായി ഉറക്കം ഞെട്ടി ഉണര്‍ന്ന രാവുകളില്‍ അവള്‍ക്ക്‌ താന്‍ കൂട്ടായിരുന്നു, ഇന്റര്‍നെറ്റിലൂടെ. മനസ്സുകള്‍ തമ്മിലുള്ള അസാധാരണ കമ്യൂണിക്കേഷന്‍ അതാണ്‌ ഞങ്ങളെ അടുപ്പിച്ചിരുന്നത്‌. അവളെ സംബന്ധിച്ച്‌ എല്ലാം എനിക്കറിയാമായിരുന്നു തിരിച്ച്‌ അവള്‍ക്കും. ആണ്‍ പെണ്‍ സൗഹ്രുദത്തിനു ഒരു വരമ്പ്‌ ആവശ്യമില്ല. എങ്കിലും ഈ നശിച്ച സമൂഹത്തെ എനിക്ക്‌ പേടിയായിരുന്നു, ഒരിക്കലും ക്ലാസ്സ്‌ റൂമിലെ ഞങ്ങളുടെ സംഭാഷണം ഒരു നോട്ട്‌ ബുക്ക്‌ ചോദിക്കലിനപ്പുറം പോയിരുന്നില്ല. അവളുടെ ഭാവി എന്നാല്‍ ക്രൂശിക്കപ്പെടുന്നത്‌ കാണാന്‍ അശക്തനായതിനാല്‍ ഈ യാഥാസ്തിതികന്റെ മനസ്സ്‌ തീരുമാനിച്ചതായിരുന്നു അത്‌.
എങ്കിലും എന്നെ സംബന്ധിച്ച്‌ അവള്‍ക്കെല്ലാം അറിയാമായിരുന്നു തിരിച്ച്‌ അവള്‍ക്കും.

ബ്ലഡ്‌ റിലേഷന്‍സ്‌ ഒരിക്കലും ഒരിക്കലും 'സിമുലേറ്റ്‌' ചെയ്യാന്‍ പറ്റില്ലല്ലോ എന്നാലും ഉറക്കം പിടിക്കുന്നതിനു മുന്‍പ്‌ അവള്‍ അയച്ചിരുന്ന ചുംബനം ഒരിക്കലും എന്റെ സിരകളെ ചൂട്‌ പിടിപ്പിച്ചിരുന്നില്ല. തിരിച്ചവള്‍ക്കും. ചില രാത്രികളില്‍ സ്നേഹപുരസ്സരം പറഞ്ഞിരുന്നു അവള്‍ 'നിന്നെ ഞാന്‍ നഷ്ടപ്പെടുത്തില്ല ഒരിക്കലും'. പക്ഷെ ഞാന്‍ അവളെ നഷ്ടപ്പെടുത്തി.

ആനന്ദ്‌, അവനായിരുന്നു ഞങ്ങളുടെ സൗഹ്രുദത്തിന്റെ സാഗരത്തെ കീറി മുറിച്ചത്‌. അല്ല അവന്‍ എന്റെ ചിന്തയെ മാത്രമാവാം കീറിമുറിച്ചത്‌. പൊസ്സസ്സീവ്‌ നെസ്സ്‌ എന്ന വിഷം എന്റെ സിരകളില്‍ ഇംജക്ട്‌ ചെയ്ത്‌ കൊണ്ടാണ്‌ അവന്‍ കടന്നു വന്നത്‌. ആനന്ദിന്റെ ബൈക്കിന്റെ പിന്നിലിരുന്നു പോകുന്ന അനിതയുടെ കാഴ്ചകള്‍ എനിക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അതിലായിരുന്നു അകല്‍ച്ചയുടെ തുടക്കം.പിന്നീട് കാരണങ്ങള്‍ ഉണ്ടായി. ഉണ്ടാക്കി. എങ്കിലും മുടങ്ങാതെ അവള്‍ അവളുടെ ബെസ്റ്റ്‌ ഫ്രണ്ടിനായി ഓഫ്‌ ലൈന്‍ മെസ്സേജ്‌ അയച്ച്‌ കാത്തിരുന്നു. ഇതെല്ലാം വെറും കാപട്യമാണ്‌. പെണ്ണിന്റെ യഥാര്‍ദ്ധമുഖം ഇതാണ്‌. ഞാനങ്ങനെ അടിയുറച്ച്‌ വിശ്വസിച്ചു.

കാപട്യത്തിന്റെ സ്ത്രീരൂപത്തോട്‌ മിണ്ടാതായി. അവളെ വെറുക്കാന്‍ തുടങ്ങിയൊ? അറിയില്ല. ഒരു സുപ്രഭാതത്തില്‍ അവളുടെ ഫോണ്‍ കോള്‍ ആണ്‌ എന്നെ ഉണര്‍ത്തിയത്‌. അവളുടെ വിവാഹനിശ്ചയം ആണത്രെ. 'എന്റെ ക്ലോസ്‌ ഫ്രണ്ട്സിനെ മാത്രമെ ഞാന്‍ ക്ഷണിക്കുന്നുള്ളു നീ വരണം'. നിന്റെ ക്ലോസ്‌ ഫ്രണ്ട്സ്‌ വരും എന്നു പറഞ്ഞ്‌ ഞാന്‍ ആ ഫോണ്‍ സംഭാഷണം നിറുത്തിയപ്പോള്‍ മറുതലയ്കല്‍ ഒരു തേങ്ങല്‍ കേട്ടുവോ?

ആ ദിനം ഞാന്‍ മദ്യലഹരിയിലാണ്ടു. ഇവനാണെന്റെ ക്ലോസ്‌ ഫ്രണ്ടെന്നു ഞാന്‍ സ്വയം വിശ്വസിപ്പിച്ചു. അവളുടെ വിവാഹ നിസ്ചയത്തിനു ഞാന്‍ പോയില്ല. ഞാന്‍ തിരക്കുള്ളവനായി സ്വയം ഭാവിച്ചു. വീണ്ടും ഒരിക്കല്‍ കൂടി അവള്‍ വിളിച്ചു. പറഞ്ഞതിത്രമാത്രം. 'ഒരിക്കലും പരസ്പരം നഷ്ടപ്പെടുത്തില്ലെന്ന് തീരുമാനിച്ചവരാണ്‌ നാം ഇപ്പോള്‍' വീണ്ടും ഒരു തേങ്ങല്‍ ആ വാക്യം പൂരിപ്പിച്ചു. 'ഐ ഹേറ്റ്‌ ദിസ്‌' എന്ന് എന്റെ പുതിയ ക്ലോസ്‌ ഫ്രണ്ട്‌ എന്നെക്കൊണ്ട്‌ മറുപടി കൊടുത്തു.

പിന്നീട് ഒരുപാട് നാള്‍ അവളെക്കുറിച്ച് അറിഞ്ഞതേയില്ല. അറിയാനായി തിരക്കിയതുമില്ല. ചിന്തയുടെ അതിര്ത്തിവരമ്പിനപ്പുറത്തെക്ക് അവളെ ആട്ടിപ്പായിക്കാന്‍ മന:പൂര്‍വ്വം ശ്രമിച്ചു.
അവളുടെ മരണവാര്‍ത്തയായിരുന്നു ഒരുപാട് നാളുകള്‍ക്ക് ഒടുവില്‍ എന്നെ തേടിഎത്തിയത്. തികച്ചും അവശ്വസനീയാമായി. ഹൃദയം പൊട്ടിയാവും മരിച്ചത്‌. എനിക്ക്‌ അവളെ കാണാന്‍ ഉള്ള കരുത്തുണ്ടായിരുന്നില്ല. ഇക്കുറിയും അവളെത്തേടി പോയില്ല.

അവളുടെ തേങ്ങല്‍ പൂരിപ്പിച്ചത്‌ പോലെ ഞാനാണോ അവളെ നഷ്ടപ്പെടുത്തിയത്‌. അറിയില്ല അറിയില്ല. അവളുടെ ഓര്‍മ്മയ്കെന്ന പോലെ നാളുകളായി ഞാന്‍ ഉറക്കം ഞെട്ടുന്നു. ഇതെല്ലാം വീണ്ടും ഓര്‍ക്കുന്നു.

വാച്ച്‌ മാന്‍ മോട്ടോര്‍ ഓണ്‍ ചെയ്ത ശബ്ദം കേള്‍ക്കുന്നു. നേരം വെളുത്തിരിക്കുന്നു. ശരീരമാകെ വിയര്‍ത്ത്‌ കുളിച്ചിരിക്കുന്നു, മനസ്സും ചൂട്‌ പിടിച്ചിരിക്കുന്നു.

ഫ്ലാറ്റ്‌ ഓണറുടെ കാരുണ്യത്തില്‍ കിട്ടുന്ന തണുത്ത വെള്ളം ശരീരത്തെ തണുപ്പിച്ചോളും. മനസ്സിനായി ഒരു ഗസലും.

പെട്ടെന്ന് റൂമില്‍ ലൈറ്റ്‌ ഓണായി.
ഭാര്യ ഉണര്‍ന്നിരിക്കുന്നു. 'രവിയേട്ടാ എന്താ പറ്റ്യേ'
'ഒന്നുമില്ല ഉറക്കം പോയി'.
'ഇതെന്താ എന്നുമിങ്ങനെ ഉറക്കമില്ലാതെ, എന്റെ കൃഷ്ണാ.'
'ഒന്നുമില്ല കൊതുക്‌ കടിച്ചിട്ടാ' ഒരു നുണ തട്ടിവിട്ടു.
ഭാര്യ ആകെ വിഷമത്തോടെ രവിയെ നോക്കി ഇരുന്നു.
'ഞാന്‍ ഒന്നു കുളിക്കട്ടെ നീ കിടന്നോ' എന്നു പറഞ്ഞ്‌ കതക്‌ ചാരുമ്പോള്‍ തോന്നി ഇവളോട്‌ എല്ലാം പറഞ്ഞാല്‍ ചിലപ്പ്പ്പോള്‍ ആശ്വാസം കിട്ടും എന്നു.
മനസ്സ്‌ തിരുത്തി.
'വേണ്ട ഭര്‍ത്താവിന്റെ കാര്യത്തില്‍ അവള്‍ പൊസ്സസ്സീവാ'

Thursday, December 13, 2007

ബ്ലോഗ് മോഷണം:ഞാന്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു

രാവിലെ കണ്ണ് തുറന്നു ലാപ്ടോപില്‍ ചുമ്മാ ഒന്നു പരത്തി. കേരളാ ബ്ലോഗ് രോളിലെത്തിയപ്പോള്‍ 'ലതാ ലവിടെ കിടക്കുന്നു' Praise P ഉടെ 'ഒരു മോഡേണ്‍ പ്രണയഗാഥ'. ഞാന്‍ ഒന്നു അമ്പരന്നു. ഇത് ഞാന്‍ രണ്ട്ട് ദിവസം മുന്പ് തട്ടികൂട്ടിയ കഥ ആണല്ലോ? ഇതെങ്ങനെ Praise P എന്ന പേരില്‍ വന്നു? ഞാന്‍ അല്‍പനേരം ആലോചിച്ച് ശേഷം ഉറപ്പ് വരുത്തി. 'ഇല്ല ഇന്നലെ ഉറങ്ങാന്‍ നേരം വരെ എന്റെ പേരു അജിത്‌ എസ് ' എന്ന് തന്നെ ആയിരുന്നു. അത് കഴിഞ്ഞു പെരുമാറ്റാനും സാധ്യതയില്ല. പാതിരാത്രിക്ക് ഗസറ്റ്‌ പബ്ലിഷ് ചെയ്യാന്‍ ഇത് അന്തിപ്പത്രമോന്നുമാല്ലല്ലോ.

ഒടുവില്‍ ഞാന്‍ മാന്യമായ ഒരു കണ്ക്ലഷനില്‍ എത്തി. ഞാന്‍ മോഷ്ടിക്കപെട്ടിരിക്കുന്നു. എന്നെ കൊള്ളയടിചിരിക്കുന്നു. എന്റെ പോസ്റ്റ് ഇതാ ഇവിടെ പുനഃപ്രതിഷ്ടിചിരിക്കുന്നു "Posted by Manoj Mathew under Short Stories" എന്ന ലാബെലില്‍. ഈ പേജ് ഒരു ബ്ലോഗ് അഗ്രഗേടര്‍ ഒന്നുമല്ല എന്നാണ് എന്റെ വിശ്വാസം. (അങ്ങിനെ ആണെന്കില്‍ എന്നോട് ക്ഷമിക്കണേ)
ഉള്ള സത്യം തുറന്നു പറയാല്ലോ. ഈ പോസ്റ്റ് കോപ്പി അടിച്ച് വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ശ്രീനിവാസന്‍ 'ഉദയനാണു താരത്തില്‍' പറഞ്ഞ ഡയലോഗ് ആണ് ഓര്‍മ വന്നത്.' മാങ്ങാ ഉള്ള മാവിലല്ലേ ആളുകള്‍ കല്ലെറിയൂ' അത് കൊണ്ട്ട് ഞാനിതിനു ജില്ലാ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യാന്‍ ഒന്നും പോകുന്നില്ല.
എങ്കിലും സഹോദരാ റേപ്പ് ചെയ്യുന്നതിന് തൊട്ടുമുന്പ് സത്താറും ടി ജി രവിയും ഒക്കെ 'നിന്നെ ഞാന്‍ നശിപ്പിക്കുമെടി' എന്ന് പറയുന്ന മാന്യത എങ്കിലും ആകാമായിരുന്നു :)
(ക്ഷമിക്കണം കൂട്ടുകാരെ, ഞാന്‍ കണ്ട സിനിമകള്‍ വച്ച് ജനാര്ദ്ധനന്‍ ഡയലോഗ് മാത്രമെ ഉള്ളു, 'അഭിനയം' കുറവാ പ്രസ്തുത സീനുകളില്‍. അതിനാല്‍ അദ്ദേഹത്തിന്റെ പേരു മേന്ഷ്യന്‍ ചെയ്യാതിരുന്നത്)

Wednesday, December 12, 2007

ഒരു മോഡേണ്‍ പ്രണയഗാഥ

രാഹുല്‍ ചുവരും ചാരി നില്‍ക്കുകയായിരുന്നു. രേണുക ഓഫീസില്‍ നിന്നു ഇറങ്ങി വന്നു അവന്റെ അടുത്തെത്തി. കണ്ണുകള്‍ കൊണ്ട്ട് പോകാം എന്ന ആംഗ്യം കാണിച്ചു. അവളെ സംബധിചിടതോളം കോളേജിലെ അവസാന ദിവസം ആയിരുന്നു അത്. അവന്റെ കോളേജ്‌ ജീവിതം പൂര്‍ണ്ണമായി എന്ന് അവകാശപ്പെടാന്‍ പറ്റില്ല ഇനിയും.

രാഹുലും രേണുകയും നടക്കുന്നത്‌ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ക്യൂ ഇഴയുന്നത്‌ പോലെയാണ്‌. ഒരുപാട്‌ പറയാനുണ്ട്‌ ഇന്നും അവര്‍ക്ക്‌. പക്ഷേ ഇന്നെന്തോ വാക്കുകള്‍ക്ക്‌ ഒരു വരള്‍ച്ച.

അവരുടെ പേരുകള്‍ അധികചിഹ്നത്താല്‍ ബന്ധിപ്പിച്ച(കോപ്പിയടി ഫ്രം പദ്മരാജന്‍) ചുവരുകളില്‍ കുമ്മായം പൂശുന്ന കാഴ്ച കണ്ടു. പുതിയ ബാച്ചിനെ വരവേല്‍ക്കാന്‍. കയ്യിലെ ഫയലില്‍ മുഖം ചേര്‍ത്ത്‌ പിടിച്ചിരുന്നു രേണുക. അവള്‍ നടവഴിയില്‍ മാത്രം ശ്രദ്ധിച്ച്‌ നടന്നു. രാഹുല്‍ ഇടയ്കിടയ്ക്‌ മുഖമുയര്‍ത്തി അവളെ നോക്കുന്നുണ്ടായിരുന്നു.

'രേണൂ' അവളെ നോക്കി അവന്‍ മന്ദം വിളിച്ചു.
അവള്‍ മൂളി. അവനെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരുന്നത്‌ പോലെ.

അവന്‍ തന്റെ വലത്തെ വിരല്‍ത്തുമ്പ്‌ നീട്ടി അവളെ സ്പര്‍ശിച്ചു. അവള്‍ കൈകോര്‍ത്തു പിടിച്ചു.
രേണു ഒന്നു വിങ്ങി.
'എന്ത്‌ പറ്റി' രാഹുലിന്റെ ശബ്ദത്തിലുമുണ്ടായി ഒരു വികാരസ്പര്‍ശം.
'നിന്നെപ്പിരിഞ്ഞ്‌ പോവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍' രേണുവിന്‌ മുഴുമിപ്പിക്കാനായില്ല.

ഇന്നലെ വരെയുള്ള സായാഹ്നങ്ങളില്‍ അവര്‍ വിരല്‍ത്തുമ്പാല്‍ ബന്ധിക്കപ്പെട്ട്‌ ഇത്‌ വഴിയേ നടക്കുമായിരുന്നു. ഒരുമിച്ച്‌ സ്വപ്നങ്ങള്‍ നെയ്തിരുന്നു.

'കണ്ണ്‍ തുടയ്ക്‌. ആരേലും കണ്ടാല്‍...' രാഹുല്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

'ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല അല്ലേടാ' രേണു.
'എനിക്കറിയില്ല' നിസ്സഹായതയോടെ രാഹുലിന്റെ മറുപടി.
'എനിക്കിതൊന്നും താങ്ങാന്‍ പറ്റുന്നില്ല' രേണു.
'എനിക്കും' രാഹുല്‍.

രേണു മുഴുമിപ്പിച്ചു. 'ഐ ലവ്‌ യു ഓള്‍വേയ്സ്‌'
'മി റ്റൂ' രാഹുല്‍

കോളേജ്‌ കവാടത്തിനരികിലെത്തി. കട്ട പിടിച്ച ഇരുടട്ട് അവരെ മൂടാന്‍ തുടങ്ങി.

'നിന്നെ എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല' രേണു.
'എനിക്കും' രാഹുല്‍
'ബി മൈ ഫ്രണ്ട്‌ ഓള്‍വേയ്സ്‌' രേണു.
'യാ ഐ വില്‍ ബി' രാഹുല്‍ അവളുടെ കയ്യില്‍ അമര്‍ത്തിക്കൊന്ട്ട് പറഞ്ഞു.

രണ്ടാളും കണ്ണ്‍ നിറഞ്ഞിരുന്നു. കോളേജ്‌ കവാടം കടന്നു. രേണു കൈകള്‍ വിടുവിച്ചു. ഒരുപറ്റം കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം പടികടന്ന് വരുന്നുണ്ടായിരുന്നു,

'കോളേജ്‌ കാണാനാവും;' രാഹുല്‍ അവരെ നോക്കി പറഞ്ഞു.
'ഊം' രേണു മൂളി.

രണ്ടാളും ബസ്‌ സ്റ്റോപ്പില്‍ എത്താറായപ്പോഴേക്കും രേണുവിന്റെ ബസ്സ്‌ വന്നു തുടങ്ങി. അവള്‍ ബസ്സിനായി ഓടി. അതിന്‌ മുന്‍പ്‌ ഒരു നിമിഷം തിരിഞ്ഞ്‌ നിന്ന് പറഞ്ഞ്‌. 'ഐ ലവ്‌ യു'

'ഐ ലവ്‌ യു റ്റൂ'

രേണു ബസ്സില്‍ കയറി. രാഹുലിന്റെ കൈ വീശിക്കാണീച്ച്‌ യാത്രയായി. ബസ്സില്‍ സൈഡ്‌ സീറ്റാണ്‌ കിട്ടിയത്‌. കാറ്റ്‌ തുടര്‍ച്ചയായി മുഖത്തേക്ക്‌ തന്നെ വീശുന്നുണ്ടായിരുന്നു.

പുറപ്പെട്ടോ എന്നറിയാന്‍ അമ്മ അവളുടെ ഫോണില്‍ ശബ്ദിച്ചു.. അവളുടെ മനസ്സില്‍ നിറയെ വീടിനെക്കുറിച്ചായി ചിന്തകള്‍. എല്ലാവരും സാരി വാങ്ങാന്‍ പോയിരിക്കുകയാണ്‌ ഇന്ന്. അമ്മയും അച്ഛനും കരയും താന്‍ പടിയിറങ്ങുമ്പോള്‍. എനിക്കും ആകുമെന്ന് തോന്നുന്നില്ല കരച്ചിലടക്കാന്‍. ഒരു ഭാര്യ എങ്ങനെ പെരുമാറണം എന്നുള്ളാ ട്രയിനിംഗ്‌ ആവും അമ്മായിമാര്‍ക്ക്‌ നല്‍കാനുള്ളത്‌. കസിന്‍സ്‌ എല്ലാവരും ഉണ്ടാകും കളിയാക്കാന്‍. വേഗം വീടെത്തിയിരുന്നെങ്കില്‍.

രാഹുല്‍ അടുത്തുകണ്ട പെട്ടിക്കടയില്‍ നിന്നൊരു സിഗര്‍ട്ട്‌ വാങ്ങി നടന്ന് കൊണ്ടേയിരുന്നു കൃത്യസമയത്ത്‌ തന്നെ ഇന്നും നീനുവിന്റെ മിസ്സ്ഡ്‌ കോള്‍. ആദ്യമായി അവളോടൊരു അടുപ്പം തോന്നി ഇന്ന്. എത്ര നാള്‌ താന്‍ മനപ്പൂര്‍വം ഒഴിവാക്കി. എന്നിട്ടും പാവം. തിരിച്ചൊരു മിസ്ഡ്‌ കോള്‍ കൊടുത്ത്‌ കൊണ്ട്‌ നടന്ന് തുടങ്ങി. അല്‍പദൂരം നടന്നപ്പോഴേക്കും മൊബെയില്‍ വീണ്ടും ശബ്ദിച്ചു. ഇക്കുറി നീനുവിന്റെ ഒരു എസ്‌ എം എസ്‌

ഒരു സ്മൈലി മാത്രം. രാഹുലിന്‌ ചിരി വന്നു. ഫോണ്‍ കയ്യിലെടുത്ത്‌ എന്ത്‌ റിപ്ലൈ ചെയ്യണമെന്ന് ആലോചിച്ച്‌ അവന്‍ നടന്നു.

വാല്‍ക്കഷ്ണം: എല്ലാ പ്രണയങ്ങളും വഞ്ചനയാണെന്നുള്ള മഠയത്തരമൊന്നുമല്ല ഞാന്‍ പറഞ്ഞ്‌ വന്നത്‌. പക്ഷേ ഇങ്ങനെ ചിലതും ഞാന്‍ കണ്ടിട്ടുണ്ട്‌. അതൊന്നു കുറിക്കാനും ആരേലും വേണമല്ലോ.

Tuesday, December 04, 2007

ഒരു മറവിയുടെ കഥ (ഓര്‍മ്മക്കുറിപ്പ്)

കാലമാകുന്ന കാസറ്റ്‌ അല്‍പം റിവൈന്‍ഡ്‌ ചെയ്യേണ്ടിയിരിക്കുന്നു ഈ സംഭവത്തിലേക്കെത്താന്‍. എഞ്ചിനീയറിംഗ്‌ കോളേജില്‍ ഫൈനല്‍ ഇയര്‍ വായ്നോട്ടം നടത്തുന്ന കാലം. സമാധാനത്തോടെ നടക്കുന്ന മനസ്സുകള്‍ക്കെല്ലാം അല്‍പം അങ്കലാപ്പുണ്ടാകുന്നത്‌ ഇക്കാലഘട്ടത്തിലാണ്‌, എന്തെന്നാല്‍ കൂട്ടത്തില്‍ തലവര തെളിഞ്ഞവന്മാരൊക്കെ(അവളുമാരും, ഫെമിനിസ്റ്റുകളേ ക്ഷമിക്കൂ) ഏതേലും കമ്പനികളുടെ ഓഫര്‍ തരപ്പെടുത്തി ഇതിലും നല്ലത്‌ എന്തേലും കിട്ടുമോയെന്നും തലവര തെളിയാത്തവര്‍ പഴയ വടക്കന്‍പാട്ട്‌ ചിത്രങ്ങളിലെ പ്രേം നസീറിനെപ്പോലെ ഇനി വരുന്ന ജോബ്‌ ഫെയറില്‍ വെന്നിക്കൊടിപാറിക്കുമെന്നും പ്രതീക്ഷ നിറച്ച്‌ നടക്കുന്നത്‌ ഈ ടൈമിലാണ്‌.

ഞങ്ങള്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രം പ്രവേശനം നല്‍കിയിരുന്നത്‌ കൊണ്ടും പുലിയെ അതിന്റെ മടയിലോ, പുലിക്ക്‌ സൗകര്യപ്രദമായ എവിടെയെങ്കിലുമോ വച്ച്‌ നേരിടുന്നതാണ്‌ മാന്യത എന്ന് ഉത്തമബോധ്യം ഉള്ളത്‌ കൊണ്ടും കോളേജിന്‌ പുറത്ത് എവിടെയെങ്കിലുമാണ് ഇജ്ജാതി ജോബ്‌ ഹണ്ടിന്‌ പോയിരുന്നത്‌.(അതെ അങ്ങനെയും പറയാം!!)

എര്‍ണാകുളത്തിന്‌ ടെസ്റ്റെഴുതാന്‍ പോയാല്‍ നെയ്യപ്പം തിന്നുന്നത്‌ പോലെ, പലതാണ്‌ ഗുണം. എന്താച്ചാല്‍ ഏതൊരു ഉത്സവത്തേയും പെരുന്നാളിനേയും വെല്ലുന്ന 'കളേഴ്സ്‌' കളക്ഷന്‍ തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ചില തുണിക്കടയുടെ പരസ്യം പോലെ, നിങ്ങളുടെ മനസ്സിനിണങ്ങുന്ന എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന ആകര്‍ഷകമായ കളക്ഷന്‍ ഇതാ ഇവിടെ മാത്രം.

ജോലി കിട്ടാത്തവര്‍ക്ക്‌ അല്‍പം പോലും നിരാശ ഉണ്ടാവാതിരിക്കാന്‍ ദൈവം മനപ്പൂര്‍വം ചെയ്തതാവാം. എന്തെന്നാല്‍ ടെസ്റ്റ്‌ കഴിഞ്ഞ്‌ ചീറ്റിപ്പോയ പടക്കം പോലെ നടന്ന് നീങ്ങുമ്പോള്‍ മനസ്സിന്റെ കോണില്‍ സ്വയം സമാധാനിപ്പിക്കാന്‍ ഒരു എക്കോ കേള്‍ക്കാം 'അവള്‍ക്കും കിട്ടീട്ടില്ലേ അവള്‍ക്കും കിട്ടീട്ടില്ലേ' എന്ന്.

പിന്നെ റിലീസ്‌ പടം, പോക്കറ്റ്‌ മണിയില്‍ കുത്തനെ ഒരു കയറ്റം അങ്ങനെ ആകര്‍ഷകങ്ങളായ പല നേട്ടങ്ങളും ഉണ്ട്‌. ചില രാഷ്ട്രീയക്കാര്‍ 'ഞാനൊന്ന് തിരുവനന്തപുരത്തിന്‌ പോയിവരട്ടെ' എന്ന് ആശ്വസിക്കുന്നത് പോലെ ആയിരുന്നു ബഹുഭുരിപക്ഷത്തിനും മേല്‍പ്പറഞ്ഞ എറണാകുളം യാത്രകള്‍. ഒരു ടെസ്റ്റ്‌ കഴിഞ്ഞ്‌ മടങ്ങി വന്നാല്‍ പിന്നെ കുറെ നാളേക്ക്‌ കാര്യങ്ങളെല്ലാം കുശാല്‍.

ഇതേ സമയം മക്കള്‍ക്കായി അമ്മമാര്‍ വഴിപാടുകള്‍ മുറയ്ക്‌ നേര്‍ന്ന് ഭഗവാന്മാര്‍ക്കും നേട്ടമുണ്ടാക്കിപ്പോന്നു. മുഴുക്കാപ്പ്‌, ചുറ്റുവിളക്ക്‌, ദീപാരാധന എന്നിവയില്‍ നിന്നൊക്കെ വഴിപാട്‌ ശയനപ്രദക്ഷിണങ്ങളിലേക്ക്‌ നീങ്ങുകയാണെന്ന് ഹിന്റ്‌ കിട്ടിയപ്പോള്‍ അപകടം മണത്തറിഞ്ഞ്‌ ഞാന്‍ പഠനത്തിന്‌ പതിവില്ലാതെ ആക്കം കൂട്ടി, ടെസ്റ്റിന്‌ കയറുന്നതിന്‌ മുന്‍പായി അവസാനവട്ടം ബുക്കിന്റെ പേജ്‌ മറിക്കല്‍ ചടങ്ങ്‌ നടക്കുന്ന വേളയില്‍ ഒരു പെണ്‍കുട്ട്‌ എന്നെത്തന്നെ നോക്കി അടുത്തേക്ക്‌ നടക്കുന്നുണ്ടായിരുന്നു.

കയ്യിലെ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ടെക്സ്റ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ എന്തൊക്കേയോ അതിന്റെ അധികപ്രസംഗിയായ 'ഓതര്‍' എഴുതിപ്പിടിപ്പിച്ചിരുന്നത്‌ കൊണ്ടും ആ ബുക്ക്‌ തന്നെ കയ്യില്‍ പിടിക്കാന്‍ മാത്രം ആത്മബന്ധം ഞാനും ആ സബ്ജക്ടും തമ്മില്‍ ഇല്ലാത്തത്‌ കൊണ്ടും ഇന്നത്തേത്‌ പോലെ തന്നെ എനിക്ക്‌ അന്നും അഹങ്കാരവും ആരോഗ്യവും ഇല്ലാതിരുന്നതിനാലും ഞാനും എന്റെ സുഹ്രത്തായ സൂരജും ചേര്‍ന്നാണ്‌ ആ 'ഗാണ്ഡീവം' ഉയര്‍ത്തിനിര്‍ത്തിയിരുന്നത്‌.

എന്തേലും ഡൗബ്ട്‌ ചോദിക്കാനാകുമോ ആ നോട്ടവും സഞ്ചാരവും? എങ്കില്‍ നല്ല കഥയായി. ഇലക്ട്രിസിറ്റി ബില്ലടയ്കാന്‍ ചെന്നവനോട്‌ കെ എസ്‌ ഇ ബി യിലെ ഫ്യൂസ്‌ കെട്ടിത്തരാമോ എന്ന് ചോദിച്ചത്‌ പോലെയാകും.

ഞാന്‍ ബുക്കില്‍ വിരലോടിച്ച്‌ കണ്ണ് ബുക്കില്‍ത്തന്നെ പതിപ്പിച്ച്‌ സൂരജിനോട്‌ പറഞ്ഞു. 'നമുക്കാത്തണലത്തോട്ട്‌ മാറിനിന്നാലോ?'
അവനെന്റെ റിക്വസ്റ്റ്‌ സ്നേഹപൂര്‍വ്വം നിരസിച്ചു. സ്നേഹമില്ലാത്തവന്‍.

അപ്പോഴേക്കും സഞ്ചരിച്ച്‌ കോണ്ടിരുന്ന പെണ്‍കുട്ടി എന്റെയടുത്തെത്തി ക്ലച്ച്‌ ചവിട്ടി ന്യൂട്രലില്‍ ഇട്ട്‌ കുറ്റിയടിച്ചു.
'അജിത്തല്ലേ? ഓര്‍മ്മയുണ്ടോ ഈ മുഖം?'
'അതേ അജിത്താണ്‌, ഓര്‍മ്മയുണ്ടോ എന്നോ? നല്ല ചോദ്യം. മറക്കാന്‍ പറ്റുമോ നിങ്ങളെയൊക്കെ' എന്റെ മനോധര്‍മം പൂണ്ട്‌ വിളയാടി.

വാസ്തവത്തില്‍ എനിക്കൊരു പിടിയും കിട്ടിയില്ല. പണ്ടേതോ പടത്തില്‍ രണ്‍ജി പണിക്കര്‍ എഴുതിപ്പിടിപ്പിച്ച ഡയലോഗ്‌ കട്ടെടുത്തോണ്ട്‌ വന്നിരിക്കുന്നു എന്നു മാത്രം മനസ്സിലായി. എനിക്കിങ്ങനെ സംഭവിക്കാറുള്ളതല്ലല്ലോ. മറക്കുകയോ അതും ഒരു പെണ്‍കുട്ടിയേ. എനിക്ക്‌ അപരിചിതയായ ഒരു പെണ്‍കുട്ടി തേടിവരാന്‍ മാത്രം ഞാനന്ന് ഫേമസും ആയിട്ടുണ്ടായിരുന്നില്ല(ഇതെഴുതുമ്പോള്‍ എന്റെ മുഖത്തെ ഭാവം വിനയം).

ടെസ്റ്റെഴുതാനുള്ള കോണ്‍ഫിഡന്‍സ്‌ മുഴുവന്‍ നശിച്ചു. കാണാന്‍ തെറ്റില്ലാത്ത ഒരു പെണ്‍കുട്ടി ഇങ്ങോട്ട്‌ വന്ന് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചിട്ടും തിരിച്ചറിയാന്‍ പറ്റാത്ത ഞാന്‍ ഏതാനും മണിക്കൂറുകള്‍ മുന്‍പ്‌ മാത്രം പരിചയപ്പെട്ട ഈ പുസ്തകത്തിലെ 'ആട്ടുങ്കാട്ടം' പോലെ കുനുകുനുത്ത അക്ഷരങ്ങളില്‍ തൂങ്ങിക്കിടന്നിരുന്ന ടെക്നോളജി എങ്ങനെ ഓര്‍ത്ത്‌ വയ്കും.

ഇജ്ജാതിച്ചിന്തകളുമായി ഞാന്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ സൂരജിന്റെ സംശയം. 'ആരാ അളിയാ ഇത്‌?'
അത്‌ തന്നെ തിരിച്ച്‌ അവനോടും അവളോടും ചോദിക്കണമെന്ന് എനിക്ക്‌ തോന്നി. മന്യതയുടെയും കോമണ്‍ സേന്‍സിന്റെയും പേരില്‍ ഞാനവനോട് ക്ഷമിച്ചു.

അവനിപ്പോള്‍ അവള്‍ ആരാണെന്ന് അറിയണം. എനിക്കിപ്പോള്‍ അവളെ മുഷുപ്പിക്കാതെ എന്തേലും സംസാരിക്കണം. ഇലയ്കും മുള്ളിനും മരത്തിനും കേട്‌ പറ്റാതിരിക്കാനായി ഞാന്‍ സൂരജിനോട്‌ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു.

'ഇതെന്റെ ഫ്രണ്ടാണ്‌'
അവളുടെ മുഖത്തേക്ക്‌ നോക്കിയിട്ട്‌. 'ഇവനെന്റെ ക്ലാസ്സ്‌ മേറ്റാണ്‌'

സൂരജ്‌ കളത്തിലിറങ്ങി. 'ഞാന്‍ സൂരജ്‌.'
പേര്‌ പറഞ്ഞ്‌ അവളെ പരിചയപ്പെടുത്താനുള്ള ബാധ്യത എന്നിലേക്ക്‌ വരാതിരിക്കാന്‍ ഞാന്‍ ഒരു തുമ്മല്‍ സൃഷ്ടിച്ച്‌ കര്‍ച്ചീഫ്‌ കൊണ്ട്‌ മുഖം പൊത്തി.
'ഞാന്‍ സോണിയ.' എന്റെ കൂട്ടുകാരി സ്വയം പരിചയപ്പെടുത്തി.
'ഏത്‌ കോളേജാ? എവിടെയാ വീട്‌' സൂരജിന്റെ ശരീരത്തില്‍ ജി എസ്‌ പ്രദീപിന്റെ ആത്മാവ്‌ കയറിയെന്ന് എനിക്ക്‌ തോന്നി.
എല്ലാത്തിനും സോണിയ മറുപടികള്‍ കൊടുത്തുകൊണ്ടിരുന്നു.
'നിനക്കെന്താ ഇങ്ങനെ തുമ്മല്‍' എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ തിരക്കാനും കൂട്ടുകാരി മറന്നില്ല.

ഞാന്‍ കര്‍ച്ചീഫ്‌ മാറ്റി മൊഴിഞ്ഞു. 'കാലാവസ്ഥാമാറ്റം. ക്ലൈമറ്റ്‌ ചേഞ്ചേ'

പിന്നെ ഒന്നു രണ്ട്‌ സേഫായ ചോദ്യങ്ങള്‍ ഞാന്‍ ഉതിര്‍ത്തു, 'വീട്ടിലെല്ലാര്‍ക്കും സുഖമാണോ? ഒരുപാട്‌ നാളായി കണ്ടിട്ട്‌ അല്ലേ ശരിക്കും' എന്നൊക്കെ.

പക്ഷേ സൂരജിനിപ്പോഴും സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. എന്റെ നേരെ നോക്കിക്കോണ്ട്‌ ' നിങ്ങള്‍ക്ക്‌ രണ്ടാള്‍ക്കും എങ്ങനെയാ പരിചയം?'

'അറാം തമ്പുരാന്‍'ഇല്‍ ലാലേട്ടന്‍ പറഞ്ഞത്‌ പോലെ 'ബുദ്ധനും ശങ്കരനും. അവര്‍ക്കും പണികിട്ടിയത്‌ ഇത്‌ പോലെ ഉത്തരം അറിയാത്ത ചോദ്യത്തിന്റെ മുന്‍പിലാണെന്ന്' എനിക്ക്‌ ബോദ്ധ്യമായി. തലവരയുടെ മേല്‍ നെറോലാക്‌ എക്സല്‍ കൊണ്ട്‌ പേയിന്റ്‌ ചെയ്താലും പ്രയോജനമില്ലല്ലോ.

ഇപ്പോള്‍ നുണയനും ഫ്രണ്ടിനെ മറന്നവനും അത്‌ മറച്ച്‌ വച്ച്‌ 2 ഫ്രണ്ട്സിനെ കുരങ്ങ്‌ കളിപ്പിക്കുകയും ചെയ്തവനെന്ന് പഴി എനിക്ക്‌ കേള്‍ക്കേണ്ടിവരുമല്ലോ എന്നൊക്കെ ഉള്ളാ ചിന്ത എന്റെ ഉള്ളില്‍ വളരെ വേഗം ഫ്ലാഷ്‌ ചെയ്യാന്‍ തുടങ്ങി.ചീട്ടുകളിക്ക്‌ പിടിക്കപ്പെട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പീഡനക്കേസ്‌ ചുമക്കേണ്ടിവന്നവനേപ്പോലെ ഞാന്‍ നിന്നു.

പെട്ടെന്നൊരു കാറ്റ്‌ വീശുകയും ആ കാറ്റത്തെന്തോ പറന്നെന്റെ നാസാരന്ധ്രങ്ങളില്‍ പതിച്ചതിന്റെ ഫലമായി ഞാന്‍ ആഞ്ഞ്‌ തുമ്മുകയും ചെയ്തു.

എന്റെ തുമ്മലില്‍ സഹാനുഭൂതി തോന്നിയ കൂട്ടുകാരി മുഴുമിപ്പിച്ചു. 'ഞങ്ങള്‍ കോളേജില്‍ ഒരുമിച്ച്‌ പഠിച്ചതാ. രണ്ട്‌ ക്ലാസ്സായിരുന്നു. സെക്കന്റ്‌ ലാംഗ്വേജ്‌ ഒരുമിച്ച്‌'

ഉടന്‍ എന്റെ ഓര്‍മ്മയുടെ അണക്കെട്ട്‌ പൊട്ടുകയും ആ കുത്തൊഴുക്കില്‍ പെട്ട്‌ സോണിയയെ എനിക്ക്‌ ഓര്‍മ്മ വരുകയും ചെയ്തു. സാംബശിവന്‌ മന്‍സ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പ്രീ ഡിഗ്രി കഥകളില്‍ ചിലത്‌ ചീന്തിയെടുത്ത്‌ വിളമ്പി. സോണിയയ്ക്‌ സന്തോഷമായി. സൂരജിനുമുണ്ടായി അറിവിന്റെ ആത്മനിര്‍വൃതി. എന്റെ നഷ്ടപ്പെട്ട കോണ്‍ഫിഡന്‍സ്‌ മടങ്ങിവന്നു. ഒരു ക്ലൂ കിട്ടിയാല്‍ ഇപ്പോളും നമ്മള്‍ പുലി തന്നെ.

തക്കസമയത്ത്‌ രക്ഷിച്ച സര്‍വ്വചരാചരങ്ങള്‍ക്കും അധിപനായ ശക്തിക്ക്‌ ഒരു ഡെഡിക്കേഷന്‍ എന്ന കണക്കേ ഞാന്‍ തുടര്‍ച്ചയായി തുമ്മിക്കൊണ്ടേയിരുന്നു. എന്റെ തുമ്മല്‍ കൗണ്ട്‌ ചെയ്തിട്ടോ മറ്റോ സോണിയ പറഞ്ഞു. 'ഒന്‍പതടിച്ചെന്നു തോന്നുന്നു. ഞാന്‍ എക്സാം ഹോളിലേക്ക്‌ പോകട്ടെ'

ബൈ പറഞ്ഞ്‌ നടന്ന് നീങ്ങുമ്പോള്‍ സൂരജിനെന്റെ മുഖത്തെ കണ്ഫ്യുഷന്‍സ് പൂര്‍ണമായും മാറിയിട്ടുണ്ടായിരുന്നില്ല.

Wednesday, November 21, 2007

പാഠം മറ്റൊന്ന് : ആലപ്പി എക്സ്പ്രസ്സ്‌ - ഒരു വിലാപം.

കണ്ണാടി നേരെ ചാരി വച്ച്‌ ഷേവ്‌ ചെയ്യുകയായിരുന്നു. ഒരൊറ്റവലിക്ക്‌ തന്നെ മീശ സവാരിഗിരിഗിരി. എനിക്കാകെ കോമ്പ്ലക്സായി. 'ബൈനറി മീശ' എന്ന് ഞാന്‍ തന്നെ പണ്ട്‌ കളിയായി പറയുമായിരുന്നു.ഒന്നും പൂജ്യവും(അതായത്‌ ആബ്സന്‍സും പ്രസന്‍സും) മാറി മാറി. പിന്നീടതിനു കട്ടി വന്നുവെന്നും പഴയ മുള്ളുവേലി പൊളിച്ച്‌ മതിലുകെട്ടിയെന്നോ, കോഴിക്ക്‌ മുല വന്നുവെന്നോ ഒക്കെ പറയാമെന്നും ഒക്കെ സ്വയം അഹങ്കരിച്ച്‌ നടന്നപ്പോളാണ്‌ ഇങ്ങനൊരു പ്രഹരം. അമ്മ അപ്പോളേക്കും ചോറ്‌ പൊതിഞ്ഞ്‌ കൊണ്ട്‌ വന്ന് ബാഗില്‍ കുത്തിക്കേറ്റി. 'പോകാന്‍ ടൈം ആയി, വേഗമാകട്ടെ' എന്ന് ആക്രോശിച്ചത്‌ കൊണ്ട്‌, ഞാന്‍ മീശയ്ക്‌ മാപ്പ്‌ കൊടുത്തു. 'നിന്നെ ഞാന്‍ എന്നെങ്കിലും എടുത്തോളാം.'

ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രകള്‍ മിക്കതും വിരസമാകും കൂടെ സുഹ്രുത്തുക്കളാരുമില്ലെങ്കില്‍. കാരണം എന്നും ഞാന്‍ സഞ്ചരിക്കുന്ന കമ്പാര്‍ട്ട്‌മന്റ്‌ വയോജനവിഭാഗത്തില്‍ പെട്ടതാണല്ലോ. ഇക്കണക്കായ ചിന്തകളും പേറി തലയോലപ്പറമ്പില്‍ നിന്ന് എര്‍ണാകുളത്ത്‌ എത്തിയപ്പോള്‍ കൊച്ചിയിലെ കളികണ്ട്‌ നിരാശരായി മടങ്ങുന്ന യുവജനഘോഷയാത്ര. ആ ഘോഷയാത്ര അവസാനിച്ചത്‌ എര്‍ണാകുളം ടൗണ്‍ എന്ന ബോര്‍ഡിന്‌ താഴെയാണ്‌. മടക്കയാത്രയ്ക്‌ ടിക്കറ്റില്ലാത്തതിനാല്‍ തേഡ്‌ എ സി ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌ തന്ന എന്‍റെ സുഹ്രത്തിന്റെ ബുദ്ധിയ്ക്ക്‌ മുന്‍പില്‍ ഞാന്‍ ശിരസ്സ്‌ നമിച്ചു. കാരണം ആ തിരക്കില്‍ സ്ലീപ്പര്‍ കോച്ചില്‍ കയറിയവന്റെ ഗതി അനിക്സ്പ്രേ പോലെ ആകും. 'പൊടിപോലുമുണ്ടാകില്ല കണ്ട്‌ പിടിക്കാന്‍'.

സ്റ്റേഷനില്‍ കറങ്ങിത്തിരിഞ്ഞ്‌ നടന്നു എന്തേലും ബുക്സ്‌ വാങ്ങാന്‍. ഒടുവിന്‍ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക്‌ ബോബനും മോളിയും വാങ്ങി ബാഗിലിട്ടു. ബോബനും മോളിക്കും ഒരു മറയായി ഒരു ഇന്‍ഡ്യ റ്റുഡേയും(ഇന്‍ഡ്യയുടെ ഇന്നത്തെ അവസ്ഥ അറിയാന്‍ നമുക്ക്‌ പുസ്തകം വായിക്കണോ? നല്ല കഥ!!)

ട്രെയിന്‍ എത്തിയിട്ടും കുറച്ച്‌ നേരം സ്റ്റേഷനില്‍ ചാരിനിന്ന് സ്ലീപ്പര്‍ കോച്ചിലെ തിരക്ക്‌ കണ്ട്‌ ആസ്വദിച്ചു. തമിഴ്‌നാട്ടില്‍ റേഷന്‍ കടയില്‍ പച്ചരി വിതരണം ചെയ്യുന്നത്‌ പോലെ. എന്‍റെ തേഡ്‌ എസി ടിക്കറ്റ്‌ വെറുതെ ആയില്ലല്ലോ! (ഒരു സാഡിസ്റ്റ്‌ ലൈന്‍). ബട്ട്‌ കമ്പാര്‍ട്ട്‌ മെന്റിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ്‌ എന്‍റെ സഹയാത്രികര്‍ ഹണിമൂണ്‍ കപ്പിള്‍സ്‌ ആണെന്ന് മനസ്സിലായത്‌. അതും തമിഴ്‌ ഫാമിലി.(എന്താണെന്ന് അറിയില്ല, കപ്പിള്‍സ്‌ കൂടെ ഉണ്ടെങ്കില്‍ എനിക്ക്‌ ഒരുപോള കണ്ണടയ്കാന്‍ പറ്റാറില്ല.)

ഉപ്പുമാവില്‍ പച്ചമുളകിട്ടതുപോലെ കപ്പിള്‍സ്‌ കെട്ടിപിടിച്ചിരിപ്പായി. പട പേടിച്ച്‌ പന്തളത്ത്‌ വന്നപ്പോള്‍ പന്തളത്ത്‌ ഹര്‍ത്താല്‍ അനൗണ്‍സ്‌ ചെയ്തപോലെ ആയി. നാളെ നേരം വെളുക്കുന്നത്‌ വരെ എന്റെ പഞ്ചേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ പറ്റുമോ ഭഗവാനേ?? ഇജ്ജാതി ചിന്തകള്‍ക്ക്‌ വിരാമമിടാനായ്‌ 'ബോബന്‍ ആന്റ്‌ മോളി' യിലേക്ക്‌ ഊളിയിട്ടു ഞാന്‍. ട്രെയിന്‍ നീങ്ങിക്കൊണ്ടേയിരുന്നു. പുതിയ ഓരോരോ അവതാരങ്ങള്‍ അവിടിവിടെ ഉപവിഷ്ടരായിത്തുടങ്ങി. ഞാനാരേം ശ്രദ്ധിക്കാന്‍ പോയില്ല.

ത്രശ്ശൂര്‍ ട്രെയിനെത്തിയപ്പോള്‍ ബോബനും മോളിയും അവസാനപേജുകള്‍ മറിഞ്ഞു. എന്നും തൃശ്ശൂര്‍ എന്‍റെ 'ബോറടി'ക്ക്‌ വിരാമമിടാനായി എന്തേലും നേരമ്പോക്കുകള്‍ തന്നിട്ടുള്ള നാടാണ്‌. ആ പ്രതീക്ഷയോടെ ഞാന്‍, ഒരു വേഴാമ്പലിനെപ്പൊലെ പുറത്തേക്ക്‌ നോക്കിനിന്നു. കാത്തിരിപ്പിന്‌ ശമനം നല്‍കിക്കൊണ്ട്‌ കടന്നുവന്നു ഒരു മഴവില്ല്. മനസ്സില്‍ ഞാന്‍ കുറിച്ചു. എന്‍റെ കാക്കത്തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടാമത്തെ പ്രണയകഥയിലെ നായികയാണല്ലോ ഇവള്‍ എന്ന്. (നിങ്ങളെന്നെ തെറ്റിദ്ധരിക്കേണ്ട. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌ നിര്‍ത്തണം എന്നാണല്ലോ പ്രമാണം. പക്ഷെ സ്വരം നല്ലതല്ലെങ്കില്‍ പാടിക്കൊണ്ടേയിരിക്കുക സ്വരം നന്നായിട്ട്‌ നിര്‍ത്താമല്ലോ.)

ദൈവത്തിന്റെ ഓരോ കാല്‍ക്കുലേഷനെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ ആനന്ദപുളകിതനായി. എനിക്കങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ പോകാന്‍ തോന്നിക്കുക, ഒരവധിയും ഇല്ലെങ്കില്‍ പോലും സ്ലീപ്പര്‍ ടിക്കറ്റ്‌ ഒക്കെ തീര്‍ത്ത്‌ ഞങ്ങളെ തേഡ്‌ എ സി യില്‍ ഒരുമിപ്പിക്കുക. (ട്രയിന്‍ ടിക്കറ്റിന്റെ വില കൂടും തോറും അതില്‍ സഞ്ചരിക്കുന്നവരുടെ ജാഡയും കൂടും എന്നാണല്ലോ പ്രമാണം. അപ്രകാരം സഹയാത്രികര്‍ നമ്മളെ മൈന്റ്‌ ചെയ്യുകയുമില്ല). ഇനി എന്താകും ദൈവത്തിന്റെ അടുത്ത പ്ലാന്‍? ഒരുപക്ഷെ ആ കുട്ടിയേയും ബോറടിപ്പിച്ച്‌ ഞങ്ങളെ ഒരുമിപ്പിക്കാനാവും. ഭഗവാന്റെ ലീലകള്‍ക്ക്‌ മുന്‍പില്‍ നമ്മളൊക്കെ എത്ര നിസ്സാരര്‍.

പെട്ടെന്ന് കറുത്ത കോട്ടും കൊമ്പന്‍ മീശയും ആയി ഒരു മദ്ധ്യവയസ്കന്‍ കടന്നുവന്നു. സുരേഷ്‌ ഗോപി, രാജന്‍ പി ദേവിനെ കണ്ടത്‌ പോലെ കുറെ ഡയലോഗ്സും കാച്ചി. ചുരുക്കത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ ടിക്കറ്റ്‌ കണ്ട്‌ ബോധിക്കണം പോലും. ആയിക്കോട്ടെ ഒരാഗ്രഹമല്ലേ. 'ഇതാ സാര്‍ എന്‍റെ തേഡ്‌ എ സി ടിക്കറ്റ്‌'. എനിക്ക്‌ പിന്നാലെ 'മേഡ്‌ ഇന്‍ തൃശ്ശൂര്‍' സുന്ദരിയും ടിക്കറ്റ്‌ നീട്ടി. ടിക്കറ്റില്‍ വടിവൊത്ത ലിപികളില്‍ മീര, 23 എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

പേരും ബോധിച്ചിരിക്കണു. എനക്ക്‌ 23 ഉനക്കും 23.
മേരാ മീരാ!! (എന്റെ ഉള്ളില്‍ ഞാനും നാട്ടുകാരും ചേര്‍ന്ന് ചങ്ങലയ്കിട്ടിരുന്ന സല്‍മാന്‍ ഖാന്‍ ഞെട്ടിയെണീറ്റ്‌ മസില്‍ പിടിച്ചു.)

ദൈവത്തോട്‌ എനിക്ക്‌ വീണ്ടും ആരാധന കൂടി. എന്താ ഒരു കാല്‍ക്കുലേഷന്‍! ഭഗവാന്റെ ഈ ലീലകള്‍ക്ക്‌ മുന്‍പില്‍, ആനയുടെ കാലിനിടയില്‍ പെട്ട പാപ്പാനെപ്പോലെ നിസ്സഹായനായി നില്‍ക്കാനല്ലേ നമുക്ക്‌ പറ്റു.

സുരേഷ്‌ ഗോപി പോയി. ട്രയിന്‍ നീങ്ങിത്തുടങ്ങി. ഞാന്‍ മീരയുടെ അടുത്തേക്കും. കയ്യില്‍ മൈലാഞ്ചി ഭംഗിയില്‍ ഇട്ടിട്ടുണ്ട്‌. ചുറിദാറാണ്‌ വേഷം. മുടി ഭംഗിയില്‍ പിന്നി പിന്നിലേക്ക്‌ ഇട്ടിരിക്കുന്നു. കാലിലെ സ്വര്‍ണ്ണപാദസരം പുതുതിളക്കത്തോടെ എന്നെ ചിരിച്ച്‌ കാട്ടി.

ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ മീര ബാഗില്‍ നിന്നും മൊബൈല്‍ ‍ഫോണ്‍ കയ്യിലെടുത്തു ഡയല്‍ ചെയ്യാന്‍ തുടങ്ങി.

ആരെയാവും ഇവള്‍ വിളിയ്കുന്നത്‌?

എന്റെ ഹ്രദയം, വെളിച്ചപ്പാടിന്‌ റിമി ടോമിയില്‍ ഒരു കുട്ടിയുണ്ടായാലെന്നപോലെ പോലെ ഉറഞ്ഞ്‌ തുള്ളാന്‍ തുടങ്ങി. പൊടുന്നനെ മറുതലയ്കല്‍ ഒരു ഹലോ കേട്ടത്‌ പോലെ. ഒരു സ്ത്രീ ശബ്ദത്തില്‍.

"അമ്മേ വണ്ടിയെടുത്തു ട്ടോ"
"സൂക്ഷിച്ച്‌ പോ മോളേ. ചെന്നൈയില്‍ എത്തിയിട്ട്‌ വിളിക്ക്‌ ട്ടോ"

സംഭാഷണം എനിക്ക്‌ അറ്റ്ല്ലസ്‌ ജൂവല്ലറിയുടെ പരസ്യം പോലെ വ്യക്തമായിരുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ സൈഡില്‍ താലിബാന്‍ കാര്‌ വിമാനത്തില്‍ വന്ന് മധുരപലഹാരം വിതരണം ചെയ്തിട്ട്‌, റ്റാറ്റാ പറഞ്ഞ്‌ പോയാലെന്ന പോലെ മനസ്സ്‌ ശാന്തമായി.

അല്‍പസമയം കഴിഞ്ഞ്‌ വീണ്ടൂം മൊബൈല്‍ റിംഗ്‌ ചെയ്യാന്‍ തുടങ്ങി. ഞാനിതിനൊന്നും കണ്ണ്‍ കൊടുക്കാതെ മാന്യതയുടെ മറുകരയിലേക്ക്‌ നോക്കി, ചെവി വട്ടം കൂര്‍പ്പിച്ചിരുന്നു.

"നീ സി ഡ്രൈവ്‌ ഫോര്‍മാറ്റ്‌ ചെയ്താല്‍ മതി. വിന്‍ഡോവ്സിന്റെ സി ഡി ചേച്ചീടെ ഡ്രോയിലുണ്ട്‌" എന്നൊക്കെ ഒരുപിടി ഇന്‍സ്ട്രക്ഷനാണ്‌ ഇക്കുറി മീര മൊഴിഞ്ഞത്‌. എനിക്കാകെ സന്തോഷം തോന്നി. കമ്പ്യൂട്ടര്‍ സഖിയെ ആണല്ലോ ദൈവം എനിക്കായി ചൂസ്‌ ചെയ്തത്‌. ഭഗവാനേ, പൊരുത്തങ്ങള്‍ 9ഇല്‍ 7ഉം ആയി. ഇനി സാമ്പാര്‍ ഇഷ്ടമാണോ എന്നും ഉള്ളി കഴിക്കുമോ എന്നും തിരക്കിയാല്‍ മാത്രം മതി. എല്ലാം തികഞ്ഞു. ദൈവമേ എന്തിനെന്നെ ഇത്രത്തോളം സ്നേഹിക്കുന്നു. എന്റെ കണ്ണ് ചെറുതായൊന്ന് നിറഞ്ഞു.

എനിക്ക്‌ കിഴക്കും ഭാഗം വിജയന്റെ (അഥവാ ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്‍) പാട്ട്‌ ഓര്‍മ്മ വന്നു. "ഇനിയാര്‍ക്കുമാരോടും ഇത്രമേല്‍ തോന്നാത്തതെന്തേ, അതാണെന്‍ സഖിയോടെനിക്കുള്ളതെന്തോ"

ഞാനെന്റെ ഇന്ട്രോടക്ഷന്‍ സീനിനെക്കുറിച്ക്‌ ആകാംക്ഷാകുലനായിരുന്നു, എങ്ങനെയാവും ഭഗവാന്റെ സ്ക്രീന്‍ പ്ലേ? (രഞ്ചിത്തിനെക്കൊണ്ട്‌ 'നന്ദനം' എഴുതിച്ചതും പ്രിയദര്‍ശന്‌ 'വന്ദന'ത്തിന്റെ ക്ലൈമാക്സ്‌ കൊടുത്തതും ഒരേ ഭഗവാന്‍ തന്നെ.)

ആലപ്പി എക്സ്പ്രസ്സ്‌ കുതിച്ച്‌ കൊണ്ടേയിരുന്നു. ഒന്നു രണ്ട്‌ പാലങ്ങള്‍ കടന്ന് സുരക്ഷിതമായി അങ്ങനെ പൊകുമ്പോള്‍ പൊടുന്നനെ മീര ബാഗ്‌ തുറന്ന് ബുക്ക്‌ എടുത്തു. എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'. ഈ പുഴയുടെ തീരത്തിന്റെ ഒരു കോപ്പി എന്റെ കയ്യിലും ഭഗവാന്‍ പണ്ടേ തന്നിട്ടുണ്ടായിരുന്നു. അതിന് നിമിത്തമായ എന്റെ കൂട്ടുകാരിയുടെ ജന്മോദ്ദേശം ചിലപ്പോള്‍ അതായിരുന്നിരിക്കും എന്നെനിക്ക്‌ തോന്നി.

'മുകുന്ദന്റെ ബുക്കല്ലേ' റേഷന്‍ കടയിലെ കുത്തരി വായിലിട്ട്‌ നല്ല വേവാണല്ലോ അല്ലേ എന്നു ചോദിക്കുന്ന ലാഘവത്തോടെ എന്‍റെ ഇന്ട്രോടക്ഷന്‍ ഡയലോഗ്‌. (മീന്‍സ്‌ ഉത്തരം അതേ എന്നോ അല്ല എന്നോ ഉള്ളത്‌ വിഷയമേയല്ല, ചോദ്യമാണ്‌ പ്രധാനം. )

'അതെ. വായിച്ചിട്ടുണ്ടോ' മീര.

'പിന്നില്ലേ' അപ്പോള്‍ തുറന്ന വായ ഞാന്‍ ഷട്ടറിട്ടത്‌ എന്‍റെ സാഹിത്യജ്ഞാനത്തെക്കുറിച്ച്‌ മീരയെ പരിപൂര്‍ണ്ണമായി തെറ്റിദ്ധരിപ്പിച്ചതിനുശേഷമാണ്‌.(ഭഗവാന്‍ വളരെ കാല്‍ക്കുലേറ്റ്‌ ചെയ്താണ്‌ തമില്‍ കപ്പിള്‍സിന്‌ തന്നെ ബര്‍ത്ത്‌ അല്ലോക്കേറ്റ്‌ ചെയ്തത്‌ എന്നെനിക്ക്‌ ബോധ്യമായി. വെല്‍ സ്ട്രക്ചേര്‍ഡ്‌ സ്ക്രീന്‍ പ്ലേ).

പിന്നീട്‌ ചില ലാലേട്ടന്‍ സിനിമകള്‍ പോലെ ആയിരുന്നു. എല്ലാ സീനിലും ഞാനുണ്ട്‌. എപ്പോളും എനിക്ക്‌ ഡയലോഗും. നാവില്‍ സരസ്വതിയും ജാനകിയും വിലാസിനിയും ഒക്കെ അങ്ങനെ വിളയാടിക്കൊണ്ടിരുന്നു. മീരയ്കും ഉണ്ടായിരുന്നു ഒരുപാട്‌ സംസാരിക്കാന്‍.

വീടിനെക്കുറിച്ചും ജോലിയെക്കുറിച്ചും ഞങ്ങളിരിവരും വാചാലരായി.ഓടിത്തുടങ്ങിയ ബസ്സില്‍ കിളി ചാടിക്കയറിയത്‌ പോലെയാണ്‌ അവളുടെ ജീവിതത്തിലേക്ക്‌ ഞാന്‍ കടന്ന് ചെന്നത്‌ എന്നെനിക്ക്‌ തോന്നി.

ഒരുമിച്ച്‌ ഡിന്നര്‍ കഴിച്ചതിനു ശേഷവും മീരയും ഞാനും നിര്‍ത്താതെ സംസാരിച്ച്‌ കൊണ്ടേയിരുന്നു. ഗ്രൂപ്പ്‌ ഡിസ്കഷന്‌ ടോപ്പിക്ക്‌ കിട്ടിയ കുട്ടികളെപ്പോലെ. ഇന്നെനിക്കും മീരയ്കും ഉറക്കം കിട്ടാതാക്കിത്തരണേ എന്ന് സര്‍വ്വേശ്വരനോട്‌ സര്‍വ്വശക്തിയും എടുത്ത്‌ അപേക്ഷിച്ചു.

സംഭവം ഏറ്റെന്ന് തോന്നുന്നു. 'ഉറക്കം വരുന്നില്ലെ?' എന്ന എന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട്‌ മീര ഇല്ല എന്ന് തലയാട്ടി. സംസാരിക്കാന്‍ എന്തുമാത്രം കാര്യങ്ങളാ എന്നോര്‍ത്ത്‌ ഞാനും സന്തോഷിച്ചു കൊണ്ട്‌ പറഞ്ഞു 'എനിക്കും തീരെ വരണില്യ'.

ഞങ്ങള്‍ പാരലലായ അപ്പര്‍ ബര്‍ത്തുകളില്‍ സ്ഥാനം പിടിച്ച്‌ കിടന്നു. (മിണ്ടീം പറഞ്ഞും കിടക്കാല്ലോ.)

വീണ്ടും മീരയുടെ ഫോണ്‍ റിംഗ്‌ ചെയ്തു. ആരെടാ ഈ നേരത്ത്‌ ഡയല്‍ ചെയ്യുന്നത്‌? കല്യാണം കഴിഞ്ഞാല്‍ ഇവളുടെ ഫോണ്‍ ഉപയോഗം കുറയ്കാന്‍ പറയണം എന്നൊക്കെ ഞാന്‍ മനസ്സില്‍ കരുതി. വീണ്ടും ചെവി വട്ടം കൂര്‍പ്പിച്ചു. മറുതലയ്കലെ സംഭാഷണം അല്‍പം പോലും ക്ലിയര്‍ അല്ല. പക്ഷെ മീര പറയുന്നതെല്ലാം കേള്‍ക്കാം.

"ഏത്‌ കളറാ ഇഷ്ടം?"
മൗനം
"ഡാഡി തിരക്കി പറയാന്‍ പറഞ്ഞു."
മൗനം
"ബ്രൗണ്‍ ആണ്‌ വേഗം കിട്ടാന്‍ നല്ലത്‌"
മൗനം
"സ്വിഫ്റ്റ്‌ തന്നെ അല്ലേ?"
മൗനം
ഒരു പൊട്ടിച്ചിരി.

ഞാനൊരുത്തന്‍ സൈഡില്‍ ഇരിക്കുന്ന വിവരം അറിയാത്ത ഭാവത്തില്‍ മീര പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.അവളുടെ കയ്യിലെ മൈലാഞ്ചി എനിക്കെന്തോ സംശയങ്ങള്‍ ഒക്കെ നല്‍കിത്തുടങ്ങി.

ഒടുവില്‍ ഫോണ്‍ വൈക്കുന്നതിന്‌ മുന്‍പ്‌ മീരയുടെ സംഭാഷണശകലം.
"എം പി ത്രി പ്ലേയര്‍ എടുക്കാന്‍ മറന്നു."
മൗനം
"ഇല്ല ഉറങ്ങില്ല."
മൗനം
"എനിക്കൊരു ഫ്രണ്ടിനെ കിട്ടീട്ടുണ്ട്‌ സംസാരിച്ചിരിക്കാന്‍" ഒപ്പം എന്നെ ഒരു നോട്ടവും.
മൗനം
"നാളെ കാണാം. ഗുഡ്‌ നൈറ്റ്‌" ഫോണ്‍ കട്ടായി.

കാലിലെ സ്വര്‍ണ്ണപാദസരം 'ഹൗ ഈസ്‌ ദാറ്റ്‌' എന്ന് അപ്പീല്‍ ചെയ്തപോലെ. എന്റെ ഷെര്‍ലക്ക്‌ ഹോംസ്‌ ബുദ്ധിയില്‍ എന്തെക്കെയോ തെളിഞ്ഞ്‌ മിന്നി.

മീര ഫോണെടുത്ത്‌ ഡയല്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ഉറക്കം വരണില്ലല്ലോ അല്ലേ എന്ന് എന്നോടൊരു കുശലപ്രശ്നവും നടത്തി.

'ഡാഡി' എന്നഭിസംബോധന ചെയ്ത ആ കോള്‍ ഇങ്ങനെ തുടര്‍ന്നു.
'വരുണിനെ വിളിച്ചിരുന്നു.'
'സ്വിഫ്റ്റ്‌ ബുക്ക്‌ ചെയ്തോളു'
'ഹി പ്രിഫേര്‍സ്‌ യെല്ലോ കളര്‍'

ഇക്കുറി എന്നിലെ ഷെര്‍ലക്ക്‌ ഹോംസ്‌ ബുദ്ധി മുഴുവന്‍ മിന്നിത്തെളിഞ്ഞു, അതെന്നിലെ തന്നെ ഡോക്ടര്‍ വാട്സനോട്‌ വിവരിക്കാന്‍ തുടങ്ങി.

'വാട്സണ്‍, ഇവളുടെ കല്യാണനിശ്ചയം കഴിഞ്ഞിരിക്കുന്നു വരുണ്‍ എന്ന ചെറുപ്പക്കാരനുമായി. അതല്ലാതെ ഈ അവധിയില്ലാത്ത ടൈമില്‍ ലീവെടുത്ത്‌ വീട്ടില്‍ പോകാന്‍ അവള്‍ക്ക്‌ നൊസ്സുണ്ടാവില്ലല്ലോ, പ്ലസ്‌ കയ്യിലേയും കാലിലേയും മേക്കപ്പ്‌ കൂടി ശ്രദ്ധിച്ചാല്‍ അത്‌ മനസ്സിലാക്കാം. ചെറുക്കന്‌ മാരുതി സ്വിഫ്റ്റ്‌ നല്‍കാനാണ്‌ പ്ലാന്‍. യെല്ലൊ കളര്‍. എന്തെന്നാല്‍ ഹി പ്രിഫേര്‍സ്‌ യെല്ലോ കളര്‍. ഇനി മറ്റൊന്ന് കൂടി. അവന്‍ നാളെ റെയില്‍ വേ സ്റ്റേഷനില്‍ വരും. ഇവളെ പിക്ക്‌ ചെയ്യാന്‍.'

'ഓ ഹോംസ്‌. നിങ്ങളെ ഞാന്‍ സമ്മതിച്ച്‌ തന്നിരിക്കുന്നു. എങ്കില്‍ നാളെ അവന്‍ വരുന്നതിന്‌ മുന്‍പേ നമുക്ക്‌ രക്ഷപ്പെടണം. ഈ കേസില്‍ ഇനി നമുക്ക് സ്കോപ്പ്‌ ഒന്നുമില്ലല്ലോ'

'യേസ്‌ വാട്സണ്‍. ഗുഡ്‌ നൈറ്റ്‌'

ഞാന്‍ കണ്ണുകള്‍ ഇറുകിയടച്ച്‌ കിടന്നു. എനിക്കും അവള്‍ക്കും ഉറക്കം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ചത്‌ നമുക്ക്‌ തന്നെ പാരയായി.

ഒടുവില്‍ രാത്രി എപ്പോഴോ എനിക്കല്‍പം ഉറക്കം കിട്ടി. ഞാനും അര്‍നോള്‍ഡ്‌ ഷ്വോസ്നഗ്ഗറും കൂടെ ഉയരത്തില്‍ ഏതോ ഒരു വള്ളിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. താഴെ ഒഴുക്കു കൂടിയ ഒരു നദി. നദിയുടെ രണ്ട്‌ കരയിലും കാട്‌. അതില്‍ കുറെ മുതലക്കുഞ്ഞുങ്ങള്‍ അര്‍നോള്‍ഡിന്റെ ഓട്ടോഗ്രാഫ്‌ വാങ്ങാനെന്ന പോലെ തലപൊക്കി നോക്കുന്നുണ്ടായിരുന്നു. അധികം ദൂരെയല്ലാതെ ഒരു വന്‍ വെള്ളച്ചാട്ടവും കാണാം. 'എന്തിനാണണ്ണാ നമ്മളിവിടെ തൂങ്ങിക്കിടക്കുന്നത്‌' ജിജ്ഞാസുവായ എന്റെ ചോദ്യം. അര്‍നോള്‍ഡിന്‌ ഒരു ചിരി മാത്രം. 'ബീഡിയുണ്ടോ അളിയാ ഒരു തീപ്പെട്ടി എടുക്കാന്‍' എന്ന് അര്‍നോള്‍ഡ്‌ എന്നോട്‌ ചോദിക്കുകയും ബീഡിയെടുക്കാന്‍ കൈ വിട്ട ഞാന്‍ മാത്രം പിടിവിട്ട്‌ താഴേക്ക്‌ പോകുന്നതായും ഉള്ള ഒരു സ്വപ്നം കണ്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. അപ്പോളും മീര ഉറങ്ങാതെ മെസ്സേജ്‌ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ താഴെ വീണപ്പോള്‍ അര്‍നോള്‍ഡിന്റെ മുഖത്ത്‌ കണ്ട അതേ ചിരി അവളുടെ മുഖത്തും കണ്ടു. അര്‍നോള്‍ഡിന്റെ 'പുവര്‍ മാന്‍' എന്ന അലര്‍ച്ച അപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

മുതലക്കുഞ്ഞുങ്ങള്‍ക്കിടയില്‍ പെടാതെ, വെള്ളച്ചാട്ടത്തില്‍ പോകാതെ വേഗം നീന്തി കര പറ്റണം. അവിടെ വല്ല ആദിവാസികളും കാണാന്‍ സാധ്യതയും ഉണ്ട്‌. ഉടന്‍ തന്നെ സ്ട്രറ്റജി ഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും കണ്ണടച്ച്‌ കിടന്നു. (അതിന്റെ ബാക്കി കാണാന്‍ പറ്റിയില്ല. എങ്കിലും ഞാന്‍ രക്ഷപെട്ടു എന്നു കരുതുന്നു.)

രാവിലെ ട്രയിന്‍ ചെന്നൈയില്‍ എത്തിയതും ഞാന്‍ മീരയുടെ കണ്ണ്‍ വെട്ടിച്ച്‌ രക്ഷപ്പെട്ടു. എങ്കിലും വരുണിനെ ഒരു വട്ടം നോക്കാന്‍ ഞാന്‍ മറന്നില്ല. ആ മീശയില്‍ തന്നെ ഞാന്‍ അപ്രൂവ്വ്ഡ്‌ ആയിരുന്നു.

വാല്‍ക്കഷ്ണം : ഈ ബ്ലോഗ്‌ എഴുതാനിരിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ഷേവ്‌ ചെയ്യുകയായിരുന്നു. ഇന്നും മീശ റെയില്‍പാളം പോലെ അങ്ങനെ കിടക്കുന്നു. എന്നെങ്കിലും അത്‌ ടാറിട്ട റോഡ്‌ പോലാകുമായിരിക്കും.:)


(മയ്യഴിപ്പുഴ എന്റെ കയ്യിലെത്തിച്ചത്‌ ഒരു സുഹൃത്താണ്. ഓണ്‍ലൈന്‍ ബുക്ക്‌ വാങ്ങാന്‍ കാട്ടിക്കൊടുത്ത ഗുരുവായ എനിക്ക്‌ അവളൊരു ഗുരുദക്ഷിണ രൂപേണ ആദ്യമായി വാങ്ങിയ മയ്യഴിപ്പുഴ തന്നു. ആദ്യത്തെ പേജില്‍ 'അജിത്തിന്‌' എന്ന് നീലമഷിയില്‍ കുറിച്ചിരുന്നു. എനിക്കീസമ്മാനം നല്‍കുമ്പോള്‍ കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മയില്‍ അല്പം നൊമ്പരം തൂകി ഇന്നും നില്ക്കുന്നു. 'എന്റെ പേര്‌ ഞാന്‍ എഴുതുന്നില്ല കാരണം അത്‌ എഴുതിയിടമെല്ലാം ചീത്തയാക്കിയിട്ടേയുള്ളൂ' എന്ന്)