Wednesday, December 31, 2008

മതേതരത്വം ഹംമ്മ്മം....

ഇക്കഴിഞ്ഞ ദിവസം ഒരു സുഹ്രത്തുമായി സംസാരിച്ചപ്പോള്‍ അറിയാനിടയായ കാര്യമാണ്‌ ബാംഗ്ലൂരില്‍ മുസ്ലീംസിന്‌ വീട്‌ വാടകയ്ക്‌ നല്‍കാന്‍ വീട്ടുടമകള്‍ വിമുഖത കാണിക്കുന്നു എന്നത്‌. കേട്ടപ്പോള്‍ വളരെ ഷോക്കിംഗ്‌ ആയി തോന്നി. ഇത്തരം ഒരു നടപടി സുരക്ഷ നല്‍കും എന്നു വിശ്വസിക്കുന്നുവൊ? തീവ്രവാദത്തിന്റെ പേരില്‍ ഒരു കമ്യൂണിറ്റി ഇത്തരം പീഡനങ്ങള്‍ അനുഭവിക്കുന്നത്‌ തികച്ചും അനഭിലഷണീയമാണ്‌.ഇത്തരം അവഗണനകള്‍ അവരുടെ വികാരം വ്രണപ്പെടുത്താനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല താനും.

എന്റെ മറ്റൊരു സുഹ്രത്തിനുണ്ടായ അനുഭവം കുറിക്കട്ടെ. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം വിവാഹനിശ്ചയത്തിനായി നാട്ടിലേക്ക്‌ പുറപ്പെട്ടപ്പോള്‍, തമാശയ്കായി (അങ്ങിനെ കരുതാന്‍ ബുദ്ധിമുട്ടുണ്ട്‌ എങ്കിലും) അദ്ദേഹത്തിന്റെ സുഹ്രത്തുക്കള്‍ ലഗ്ഗേജിന്റെ പുറത്ത്‌ മലയാളത്തില്‍ "ഇതില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന്" കുറിച്ചു. സമയദോഷമെന്ന് പറയട്ടെ, എയര്‍പോര്‍ട്ട്‌ സ്റ്റാഫ്‌ ഒരു മലയാളി ആയിരുന്നു. അദ്ദേഹം ഇത്‌ കാണുകയും സുഹ്രത്ത്‌ മുസ്ലീമാണ്‌ എന്ന തിരിച്ചറിവ്‌ മൂലം കൂടുതല്‍ അലര്‍ട്ടായി ചെക്കിംഗ്‌ നടത്തുകയും ചെയ്തു. ഒടുവില്‍ അദ്ദേഹത്തിന്‌ 2 ദിവസം കസ്റ്റഡിയില്‍ ഇരിക്കേണ്ടി വന്നു. മാത്രമല്ല ജോലി തന്നെ തുലാസിലാവുകയും ചെയ്തു.

മുംബൈ അറ്റാക്കിന്‌ പകരമായി പാകിസ്താന്‍ അറ്റാക്ക്‌ ചെയ്യണം എന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ പ്രതികരിക്കുന്നത്‌ കഴിഞ്ഞ ദിവസം ഏതോ ഒരു റ്റി വി ചാനലില്‍ കാണാനിടയായി. അതായത്‌ ഇവിടെ കുറെപ്പേര്‍ മരിച്ചതിന്‌ പകരമായി അവിടെയും കൊല്ലിനെടാ കുറെ എണ്ണത്തിനേ എന്ന്. അതിന്റെ ആകെത്തുക കുറെ മരണങ്ങള്‍ എന്നല്ലാതെ മറ്റൊന്നുമല്ല. വളരെ ന്യൂനപക്ഷമായ ഒരു സംഘം ആളുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്‌ രണ്ട്‌ രാജ്യത്തെ നിരപരാധികള്‍ ബലിയാടാകണോ? അത്‌ വീണ്ടും കുറെ നിരപരാധികളെ തീവ്രവാദികളായി മാറാനല്ലേ സഹായിക്കൂ?

മാത്രുഭൂമിയില്‍ കുറച്ച്‌ നാള്‍ മുന്‍പ്‌ ടെററിസ്റ്റുകളുടെ ഉദ്ദേശ്യമെന്തായിരുന്നിരിക്കും എന്നതിനെ കുറിച്ച്‌ ഒരു ലേഖനം വായിക്കാനിടയായി. ലേഖകന്‍ സ്ഥാപിക്കുന്നത്‌, ഇന്ത്യയിലെ സാമ്പത്തികതലസ്ഥാനം ആക്രമിക്കുന്നത്‌ വഴി സാമ്പത്തികമായ ഒരു തകര്‍ച്ചയല്ല മറിച്ച്‌ അവര്‍ ആഗ്രഹിക്കുന്നത്‌ യുദ്ധം തന്നെ ആണ്‌ എന്നായിരുന്നു.

അമേരിക്കയിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴും ഒബാമ അഫ്ഘാന്‍ പ്രദേശത്തെ പട്ടാളത്തെ പിന്‌വലിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്‌ കൊണ്ട്‌ തന്നെ തീവ്രവാദകേന്ദ്രമായി ലോകം കാണുന്ന ആ മേഖലയില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ആയാസകരമായിത്തന്നെ തുടരും

മുംബൈ ആക്രമണം കഴിഞ്ഞുള്ള പല ചര്‍ച്ചകളിലും നാം തിരിച്ചറിഞ്ഞതാണ്‌, പാകിസ്ഥാനിലെ സാധാരണക്കാര്‍ ഒരിക്കലും തീവ്രവാദികളെ സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല എന്ന വസ്തുത. പക്ഷെ ഇന്ത്യയുമായി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ തീര്‍ച്ചയായും യുദ്ധത്തിന്‌ പാക്കിസ്ഥാനെ സഹായിക്കാന്‍ തീവ്രവാദികളുണ്ടാകും, അവര്‍ വൈകാതെ തന്നെ ജനങ്ങളുടെ കണ്ണില്‍ പ്രിയപ്പെട്ടവരാകും.

അദ്ദേഹം നിരത്തുന്ന ചില നിരീക്ഷണങ്ങള്‍ ഇവയായിരുന്നു. ആസൂത്രണം ചെയ്തത്‌ പാകിസ്താനിലാണെന്ന് എല്ലാത്തെളിവുകളും അവശേഷിപ്പിച്ച്‌ ഇങ്ങനെ ഒരു ആക്രമണം നടത്തിയത്‌, വ്യക്തമായ അജണ്ടയോടെ തന്നെ ആവണം. അതായത് യുദ്ധം കൊണ്ട് ആര്‍ക്കേലും നേട്ടം ഉണ്ടാകുന്നെന്കില്‍ അത് തീവ്രവാദികള്‍ക്ക് തന്നെ.

മുംബൈയില്‍ ആക്രമണം നടക്കുമ്പോള്‍ റ്റി വി യില്‍ ആരോ അയച്ച ഒരു കമന്റ്‌ ഇങ്ങനെ "രാജ്‌ താക്കറെ എവിടെ? അദ്ദേഹം അറിയുന്നുണ്ടോ അദ്ദേഹത്തിന്റെ ഉറക്കം സുരക്ഷിതമാക്കുന്നത്‌ മഹാരാഷ്ട്രക്കാരല്ലാത്ത പട്ടാളക്കാരാണെന്ന്?"

കഴിഞ്ഞ കുറേ മാസങ്ങളായി തമിഴ്‌ നാട്ടില്‍ കണ്ടുവരുന്നത്‌ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ ഉള്ള പ്രതിഷേധമാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇത്തരം പ്രതിഷേധസമരങ്ങള്‍ നടത്തുന്നത്‌ തമിഴ്‌ ചാനലുകള്‍ ആഘോഷമായി കാണിക്കുന്നു. ശ്രീലങ്കയിലെ തമിഴ്‌ ജനത കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിക്കുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ നമ്മുടെ തന്നെ സഹോദരന്മാര്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മക്കെതിരെ പ്രതിഷേധിക്കാന്‍ അവര്‍ മറന്നു. മാധ്യമങ്ങളില്‍ എല്‍ ടി ടി ഇ യെ സഹായിക്കാന്‍ ശ്രമിച്ച തമിഴന്മാരെ അറസ്റ്റ്‌ ചെയ്ത്‌ എന്ന് വായിക്കുമ്പോല്‍ തോന്നി പോകാറുണ്ട്‌, ഇത്‌ തന്നെ അല്ലേ നമ്മള്‍ പാകിസ്താന്റെ നേരെ ആരൊപിക്കുന്നത്‌? ശ്രീലങ്ക ഇത്തരക്കാരെ വിട്ട്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്താകും അവസ്ഥ?

ഒരു ആക്രമണം നേരിടുമ്പോള്‍ മാത്രം നാം ഒന്നെന്ന ചിന്തയും അല്ല്ലാത്തപ്പോള്‍ രാജ്യത്തിനുള്ളില്‍ സ്വയം ആക്രമണം അഴിച്ച്‌ വിടുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മള്‍ അധ:പതിച്ച്‌ തുടങ്ങിയിരിക്കുന്നുവോ? "അന്‍പേ ശിവം" എന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍ മാധവനോട്‌ പറയുന്ന ഡയലോഗ്‌ ഇങ്ങനെ "തീവ്രവാദികള്‍ എന്നെ പോലെ വിരൂപന്മാരിയിരിക്കണമെന്നില്ല, നിന്നെ പോലെ സുന്ദരന്മാരായിരിക്കും". നമ്മുടെ സഹോദരന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത സമൂഹം എങ്ങനെ തീവ്രവാദികളെ നിറവും വര്‍ഗ്ഗവും കൊണ്ട്‌ തിരിച്ചറിയും?

Sunday, December 21, 2008

20 - 20 ( 20 മൈനസ്‌ 20)

വേലിയില്‍ ഇരുന്ന അച്ചായനെ എടുത്ത്‌ തോളത്ത്‌ വെച്ചു എന്ന പോലെ ആയി 20-20 എന്ന ചലച്ചിത്രകാവ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രത്തെക്കുറിച്ച്‌ അനഭിലഷണീയമായ അഭിപ്രായപ്രകടനം നടത്തിയത്‌. ചിത്രം എനിക്ക്‌ കാണാന്‍ സാധിച്ചത്‌ കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോഴാണ്‌. അതായത്‌ റിലീസിങ്ങിനു ഏകദേശം ഒരു മാസത്തിനു ശേഷം. എന്റെ കാഴ്ചപ്പാടുകളില്‍ ഒരുപക്ഷെ ആ കലപ്പഴക്കത്തിന്റെ ഇമ്പാക്റ്റും ഉണ്ടാകും.

മലയാളികള്‍ക്ക്‌ അഭിമാനിക്കാനും തമിഴന്റെയും തെലുങ്കന്റെയും ഒക്കെ മുന്‍പില്‍ ഞെളിഞ്ഞ്‌ നിന്ന്, കാണെടാ ഞങ്ങളുടെ ചലച്ചിത്ര വിസ്മയം എന്നും പറയാന്‍ അവസരം നല്‍കുന്ന ചിത്രം അത്രെ. അങ്ങനെ പറയുമ്പോള്‍ ശ്രദ്ധിക്കുക, അവര്‍ക്കാര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ ആവണം വിളിച്ച്‌ കൂവാന്‍.

ചിത്രം കാണാന്‍ തീയറ്ററില്‍ ഇരിക്കുന്നവരെക്കാള്‍ കൂടുതല്‍ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം. നിങ്ങളാരെക്കൊണ്ട്‌ പറ്റുമെടാ ഈ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍. (ചിലപ്പോള്‍ വല്ല കാര്‍ട്ടൂണ്‍ സിനിമക്കാര്‍ക്ക്‌ മാത്രം തകര്‍ക്കാന്‍ പറ്റുന്ന റെക്കോര്‍ഡ്‌ )

ചിത്രത്തിന്റെ ആകെത്തുക എന്തെന്ന് ഏതാനും വരികളില്‍ വിവരിച്ച ഗിരീഷ്‌ പുത്തഞ്ചേരിയുടെ രചന ഇങ്ങനെ "നീയും പാതി ഞാനും പാതി നെഞ്ചില്‍ തത്തും ഗാനം പാതി". അതന്നെ ചിത്രവും ഉദ്ദേശിച്ചത്‌. എല്ലാം പപ്പാതി. വില്ലന്മാരുടെ എണ്ണത്തില്‍ വരെ വ്യക്തമായ ഒരു വീതം വെപ്പ്‌ നടത്താനായി എന്നത്‌ ശ്ലാഘനീയം തന്നെ.

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ട തിരക്കഥ. എത്ര ഗതികേട്‌ വന്നാലും തിരക്കഥാക്രുത്തുകള്‍ എന്തൊക്കെ ചെയ്യരുത്‌ എന്നതും പാഠ്യവിഷയമാകേണ്ടതാണല്ലോ. എന്തായാലും ദിലീപ്‌ നല്‍കിയ ലിസ്റ്റിലെ താരങ്ങളെ അങ്ങിംഗ്‌ ഡേറ്റ്‌ നോക്കി കുത്തിനിറയ്കുക എന്നത്‌ അത്ര എളുപ്പമുള്ള ജോലി അല്ല. അത്തരുണത്തില്‍ ഒരു പക്ഷെ ഈ തിരക്കഥ മാനേജ്‌മന്റ്‌ കോഴ്കിലും പാഠ്യവിഷയമാക്കാവുന്നതാണ്‌.

ആദ്യമായാണ്‌ മലയാളചലച്ചിത്രത്തിനു തീയറ്ററുകളില്‍ ഇങ്ങനെ ചില പ്രതികരണങ്ങള്‍ കാണുന്നത്‌. അതായത്‌ ലാലേട്ടന്റെ ഇന്റ്രൊഡക്ഷന്‍ സീന്‍ കണ്ട്‌ സങ്കടം വന്ന ഫാന്‍സ്‌ സ്ക്രീനിലേയ്ക്‌ ചെരിപ്പെറിഞ്ഞാണ്‌ രോഷം തീര്‍ത്തത്‌. ഇത്തരമൊരു ഫാന്‍ ഭ്രാന്ത്‌ നമുക്ക്‌ അപമാനകരമല്ലേ? തമിഴന്മാര്‍ സ്ക്രീന്‍ കീറി, തീയറ്റര്‍ കത്തിച്ചു തുടങ്ങിയ അന്ധമായ ആരാധനയുടെ കഥകള്‍ കേട്ട്‌ ചിരിച്ച്‌ നടന്നിരുന്ന മലയാളികള്‍ ഇതിപ്പോള്‍ അതിലും താഴാന്‍ ഞങ്ങള്‍ക്കാകുമേ എന്ന് കാണിച്ച്‌ തുടങ്ങിരിക്കുന്നു.

ചിത്രത്തില്‍ അങ്ങിങ്ങായി പരസ്യങ്ങളും താരങ്ങളുടെ ഡയലോഗായി കുത്തിനിറയ്കുക ഉണ്ടായി. ഒരുപക്ഷെ 20-20 എന്ന പേര്‌ സാധൂകരിക്കാനായിരിക്കണം. ഇങ്ങനെ ഒരു ചിത്രം കൊണ്ട്‌ അമ്മയ്കും ദിലീപിനും മാത്രമായിരിക്കും എന്തെങ്കിലും തരത്തിലുള്ള പ്രയോജനം. ഒരിക്കലും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ചിത്രമായി മാറാന്‍ ഇത്തരത്തിലൊരു പ്രതിഭാസംഗമത്തിനു കഴിയാത്തത്‌ നിരാശജനകം തന്നെ.

അമ്മ പ്രസിഡന്റായത്‌ കൊണ്ടാകും ഇന്നസന്റ്‌ ചിത്രത്തിലുടനീളം അങ്ങിങ്ങ്‌ തലകാണിച്ച്‌ പോരുന്നത്‌. പക്ഷെ ഇന്നസെന്റും ജഗദീഷും തുടങ്ങി ഒരു പിടി നല്ല താരങ്ങള്‍ ശൂന്യതയില്‍ നിന്ന് ഹാസ്യമുണ്ടാക്കാനുള്ള വിഫലശ്രമം നടത്തുന്ന കാഴ്ചയും പ്രേക്ഷകരെ നിരാശരാക്കുകയും ബോറടിപ്പിക്കുകയും ചെയ്യും.

ഈ താരങ്ങളെല്ലാം ഒരുമിച്ച്‌ വേണമെന്നില്ല മലയാളത്തില്‍ ഒരു ചിത്രം വന്‍ വിജയമാകാന്‍, മറിച്ച്‌ കാമ്പുള്ള കഥയും നല്ലാ കഥാഖ്യാനശൈലിയും മാത്രം മതി. ഇത്‌ പലകുറി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണ്‌. അങ്ങനെയിരിക്കെ ഇത്രയഥികം താരങ്ങളെ ഒരുമിച്ച്‌ ലഭിച്ചപ്പോള്‍ നല്ല കാമ്പുള്ള ഒരു കഥ മെനഞ്ഞ്‌, ഇത്തരമൊരു അത്യപൂര്‍വ്വമായ കൂട്ടുചേരല്‍ അവിസ്മരണീയമാക്കുകയായിരുന്നു ദിലീപെന്ന 'കലാകാരന്‍' (കച്ചവടക്കാരന്‍ മാത്രമല്ലല്ലൊ) ചെയ്യേണ്ടിയിരുന്നത്‌. ചിത്രം നല്ലതാണെങ്കില്‍ അമ്മയിലെ എല്ലാ താരങ്ങളും ഇല്ല എന്ന് പറഞ്ഞു ആരും ചിത്രം കാണാന്‍ പോകാതിരിക്കില്ലല്ലോ.

ഇനി അഞ്ച്‌ നായകരെയും ഇത്രയധികം താരങ്ങളെയും ഒരുമിച്ച്‌ അണിനിരത്തണം എന്ന് നിര്‍ബന്ധമായിരുന്നെങ്കില്‍, തീര്‍ച്ചയായും ദിലീപിനു മഹാഭാരതകഥ ചലച്ചിത്രമാക്കിമാറ്റാമായിരുന്നു !!! ഏതെങ്കിലും ഒരു താരത്തിന്റെ ഫാന്‍ അല്ലാത്ത പ്രേക്ഷകര്‍ക്ക്‌ ഇത്തരമൊരു തട്ടിക്കൂട്ട്‌ ചിത്രം ദഹിക്കുമെന്ന് ഈയുള്ളവന്റെ സാമാന്യബുദ്ധിക്ക്‌ തോന്നുന്നില്ല. അത്‌ തന്നെ ആവണം ആദ്യദിവസങ്ങളില്‍ ഇരമ്പിക്കയറുന്ന ഫാന്‍സിന്റെ പോക്കറ്റില്‍ നിന്ന് അധികചര്‍ജ്‌ ഈടാക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ദിലീപിന്‌ തോന്നാന്‍ കാരണം. എന്തായാലും അത്തരമൊരു നടപടി കടയ്കലേ നുള്ളിയത്‌ പ്രോത്സാഹനീയം തന്നെ.

ഭാരതത്തിലെ തന്നെ മികച്ച കലാകാരന്മാരുള്ള, മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന ചലച്ചിത്രസമൂഹം ഇത്തരത്തില്‍ മോശമാകുന്നത്‌ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസ്യകരമല്ല. കഴിഞ്ഞവര്‍ഷം നിങ്ങളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഏതെങ്കില്‍ ചിത്രത്തിന്‌ ജന്മം നല്‍കാന്‍ മലയാളസിനിമയ്കായോ എന്ന് ആലോചിച്ച്‌ നോക്കാവുന്നതാണ്‌. എന്തോ ചില സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി പേനയുന്തുന്നവരും ഇത്തരം കച്ചവടതാല്‍പര്യങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നത്‌ നല്ലതിനാകില്ല.

ചിത്രം കഴിഞ്ഞിറങ്ങിയപ്പോള്‍ വളരെ രസകരമായ ഒരു കമന്റ്‌ കേട്ടത്‌ ഇങ്ങനെ "വിജയരാഘവന്റെ ഡേറ്റ്‌ കിട്ടിയില്ല ഇല്ലെങ്കില്‍ മമ്മൂക്ക തട്ടിയേനെ" :)