Wednesday, November 21, 2007

പാഠം മറ്റൊന്ന് : ആലപ്പി എക്സ്പ്രസ്സ്‌ - ഒരു വിലാപം.

കണ്ണാടി നേരെ ചാരി വച്ച്‌ ഷേവ്‌ ചെയ്യുകയായിരുന്നു. ഒരൊറ്റവലിക്ക്‌ തന്നെ മീശ സവാരിഗിരിഗിരി. എനിക്കാകെ കോമ്പ്ലക്സായി. 'ബൈനറി മീശ' എന്ന് ഞാന്‍ തന്നെ പണ്ട്‌ കളിയായി പറയുമായിരുന്നു.ഒന്നും പൂജ്യവും(അതായത്‌ ആബ്സന്‍സും പ്രസന്‍സും) മാറി മാറി. പിന്നീടതിനു കട്ടി വന്നുവെന്നും പഴയ മുള്ളുവേലി പൊളിച്ച്‌ മതിലുകെട്ടിയെന്നോ, കോഴിക്ക്‌ മുല വന്നുവെന്നോ ഒക്കെ പറയാമെന്നും ഒക്കെ സ്വയം അഹങ്കരിച്ച്‌ നടന്നപ്പോളാണ്‌ ഇങ്ങനൊരു പ്രഹരം. അമ്മ അപ്പോളേക്കും ചോറ്‌ പൊതിഞ്ഞ്‌ കൊണ്ട്‌ വന്ന് ബാഗില്‍ കുത്തിക്കേറ്റി. 'പോകാന്‍ ടൈം ആയി, വേഗമാകട്ടെ' എന്ന് ആക്രോശിച്ചത്‌ കൊണ്ട്‌, ഞാന്‍ മീശയ്ക്‌ മാപ്പ്‌ കൊടുത്തു. 'നിന്നെ ഞാന്‍ എന്നെങ്കിലും എടുത്തോളാം.'

ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രകള്‍ മിക്കതും വിരസമാകും കൂടെ സുഹ്രുത്തുക്കളാരുമില്ലെങ്കില്‍. കാരണം എന്നും ഞാന്‍ സഞ്ചരിക്കുന്ന കമ്പാര്‍ട്ട്‌മന്റ്‌ വയോജനവിഭാഗത്തില്‍ പെട്ടതാണല്ലോ. ഇക്കണക്കായ ചിന്തകളും പേറി തലയോലപ്പറമ്പില്‍ നിന്ന് എര്‍ണാകുളത്ത്‌ എത്തിയപ്പോള്‍ കൊച്ചിയിലെ കളികണ്ട്‌ നിരാശരായി മടങ്ങുന്ന യുവജനഘോഷയാത്ര. ആ ഘോഷയാത്ര അവസാനിച്ചത്‌ എര്‍ണാകുളം ടൗണ്‍ എന്ന ബോര്‍ഡിന്‌ താഴെയാണ്‌. മടക്കയാത്രയ്ക്‌ ടിക്കറ്റില്ലാത്തതിനാല്‍ തേഡ്‌ എ സി ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌ തന്ന എന്‍റെ സുഹ്രത്തിന്റെ ബുദ്ധിയ്ക്ക്‌ മുന്‍പില്‍ ഞാന്‍ ശിരസ്സ്‌ നമിച്ചു. കാരണം ആ തിരക്കില്‍ സ്ലീപ്പര്‍ കോച്ചില്‍ കയറിയവന്റെ ഗതി അനിക്സ്പ്രേ പോലെ ആകും. 'പൊടിപോലുമുണ്ടാകില്ല കണ്ട്‌ പിടിക്കാന്‍'.

സ്റ്റേഷനില്‍ കറങ്ങിത്തിരിഞ്ഞ്‌ നടന്നു എന്തേലും ബുക്സ്‌ വാങ്ങാന്‍. ഒടുവിന്‍ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക്‌ ബോബനും മോളിയും വാങ്ങി ബാഗിലിട്ടു. ബോബനും മോളിക്കും ഒരു മറയായി ഒരു ഇന്‍ഡ്യ റ്റുഡേയും(ഇന്‍ഡ്യയുടെ ഇന്നത്തെ അവസ്ഥ അറിയാന്‍ നമുക്ക്‌ പുസ്തകം വായിക്കണോ? നല്ല കഥ!!)

ട്രെയിന്‍ എത്തിയിട്ടും കുറച്ച്‌ നേരം സ്റ്റേഷനില്‍ ചാരിനിന്ന് സ്ലീപ്പര്‍ കോച്ചിലെ തിരക്ക്‌ കണ്ട്‌ ആസ്വദിച്ചു. തമിഴ്‌നാട്ടില്‍ റേഷന്‍ കടയില്‍ പച്ചരി വിതരണം ചെയ്യുന്നത്‌ പോലെ. എന്‍റെ തേഡ്‌ എസി ടിക്കറ്റ്‌ വെറുതെ ആയില്ലല്ലോ! (ഒരു സാഡിസ്റ്റ്‌ ലൈന്‍). ബട്ട്‌ കമ്പാര്‍ട്ട്‌ മെന്റിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ്‌ എന്‍റെ സഹയാത്രികര്‍ ഹണിമൂണ്‍ കപ്പിള്‍സ്‌ ആണെന്ന് മനസ്സിലായത്‌. അതും തമിഴ്‌ ഫാമിലി.(എന്താണെന്ന് അറിയില്ല, കപ്പിള്‍സ്‌ കൂടെ ഉണ്ടെങ്കില്‍ എനിക്ക്‌ ഒരുപോള കണ്ണടയ്കാന്‍ പറ്റാറില്ല.)

ഉപ്പുമാവില്‍ പച്ചമുളകിട്ടതുപോലെ കപ്പിള്‍സ്‌ കെട്ടിപിടിച്ചിരിപ്പായി. പട പേടിച്ച്‌ പന്തളത്ത്‌ വന്നപ്പോള്‍ പന്തളത്ത്‌ ഹര്‍ത്താല്‍ അനൗണ്‍സ്‌ ചെയ്തപോലെ ആയി. നാളെ നേരം വെളുക്കുന്നത്‌ വരെ എന്റെ പഞ്ചേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ പറ്റുമോ ഭഗവാനേ?? ഇജ്ജാതി ചിന്തകള്‍ക്ക്‌ വിരാമമിടാനായ്‌ 'ബോബന്‍ ആന്റ്‌ മോളി' യിലേക്ക്‌ ഊളിയിട്ടു ഞാന്‍. ട്രെയിന്‍ നീങ്ങിക്കൊണ്ടേയിരുന്നു. പുതിയ ഓരോരോ അവതാരങ്ങള്‍ അവിടിവിടെ ഉപവിഷ്ടരായിത്തുടങ്ങി. ഞാനാരേം ശ്രദ്ധിക്കാന്‍ പോയില്ല.

ത്രശ്ശൂര്‍ ട്രെയിനെത്തിയപ്പോള്‍ ബോബനും മോളിയും അവസാനപേജുകള്‍ മറിഞ്ഞു. എന്നും തൃശ്ശൂര്‍ എന്‍റെ 'ബോറടി'ക്ക്‌ വിരാമമിടാനായി എന്തേലും നേരമ്പോക്കുകള്‍ തന്നിട്ടുള്ള നാടാണ്‌. ആ പ്രതീക്ഷയോടെ ഞാന്‍, ഒരു വേഴാമ്പലിനെപ്പൊലെ പുറത്തേക്ക്‌ നോക്കിനിന്നു. കാത്തിരിപ്പിന്‌ ശമനം നല്‍കിക്കൊണ്ട്‌ കടന്നുവന്നു ഒരു മഴവില്ല്. മനസ്സില്‍ ഞാന്‍ കുറിച്ചു. എന്‍റെ കാക്കത്തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടാമത്തെ പ്രണയകഥയിലെ നായികയാണല്ലോ ഇവള്‍ എന്ന്. (നിങ്ങളെന്നെ തെറ്റിദ്ധരിക്കേണ്ട. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌ നിര്‍ത്തണം എന്നാണല്ലോ പ്രമാണം. പക്ഷെ സ്വരം നല്ലതല്ലെങ്കില്‍ പാടിക്കൊണ്ടേയിരിക്കുക സ്വരം നന്നായിട്ട്‌ നിര്‍ത്താമല്ലോ.)

ദൈവത്തിന്റെ ഓരോ കാല്‍ക്കുലേഷനെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ ആനന്ദപുളകിതനായി. എനിക്കങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ പോകാന്‍ തോന്നിക്കുക, ഒരവധിയും ഇല്ലെങ്കില്‍ പോലും സ്ലീപ്പര്‍ ടിക്കറ്റ്‌ ഒക്കെ തീര്‍ത്ത്‌ ഞങ്ങളെ തേഡ്‌ എ സി യില്‍ ഒരുമിപ്പിക്കുക. (ട്രയിന്‍ ടിക്കറ്റിന്റെ വില കൂടും തോറും അതില്‍ സഞ്ചരിക്കുന്നവരുടെ ജാഡയും കൂടും എന്നാണല്ലോ പ്രമാണം. അപ്രകാരം സഹയാത്രികര്‍ നമ്മളെ മൈന്റ്‌ ചെയ്യുകയുമില്ല). ഇനി എന്താകും ദൈവത്തിന്റെ അടുത്ത പ്ലാന്‍? ഒരുപക്ഷെ ആ കുട്ടിയേയും ബോറടിപ്പിച്ച്‌ ഞങ്ങളെ ഒരുമിപ്പിക്കാനാവും. ഭഗവാന്റെ ലീലകള്‍ക്ക്‌ മുന്‍പില്‍ നമ്മളൊക്കെ എത്ര നിസ്സാരര്‍.

പെട്ടെന്ന് കറുത്ത കോട്ടും കൊമ്പന്‍ മീശയും ആയി ഒരു മദ്ധ്യവയസ്കന്‍ കടന്നുവന്നു. സുരേഷ്‌ ഗോപി, രാജന്‍ പി ദേവിനെ കണ്ടത്‌ പോലെ കുറെ ഡയലോഗ്സും കാച്ചി. ചുരുക്കത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ ടിക്കറ്റ്‌ കണ്ട്‌ ബോധിക്കണം പോലും. ആയിക്കോട്ടെ ഒരാഗ്രഹമല്ലേ. 'ഇതാ സാര്‍ എന്‍റെ തേഡ്‌ എ സി ടിക്കറ്റ്‌'. എനിക്ക്‌ പിന്നാലെ 'മേഡ്‌ ഇന്‍ തൃശ്ശൂര്‍' സുന്ദരിയും ടിക്കറ്റ്‌ നീട്ടി. ടിക്കറ്റില്‍ വടിവൊത്ത ലിപികളില്‍ മീര, 23 എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

പേരും ബോധിച്ചിരിക്കണു. എനക്ക്‌ 23 ഉനക്കും 23.
മേരാ മീരാ!! (എന്റെ ഉള്ളില്‍ ഞാനും നാട്ടുകാരും ചേര്‍ന്ന് ചങ്ങലയ്കിട്ടിരുന്ന സല്‍മാന്‍ ഖാന്‍ ഞെട്ടിയെണീറ്റ്‌ മസില്‍ പിടിച്ചു.)

ദൈവത്തോട്‌ എനിക്ക്‌ വീണ്ടും ആരാധന കൂടി. എന്താ ഒരു കാല്‍ക്കുലേഷന്‍! ഭഗവാന്റെ ഈ ലീലകള്‍ക്ക്‌ മുന്‍പില്‍, ആനയുടെ കാലിനിടയില്‍ പെട്ട പാപ്പാനെപ്പോലെ നിസ്സഹായനായി നില്‍ക്കാനല്ലേ നമുക്ക്‌ പറ്റു.

സുരേഷ്‌ ഗോപി പോയി. ട്രയിന്‍ നീങ്ങിത്തുടങ്ങി. ഞാന്‍ മീരയുടെ അടുത്തേക്കും. കയ്യില്‍ മൈലാഞ്ചി ഭംഗിയില്‍ ഇട്ടിട്ടുണ്ട്‌. ചുറിദാറാണ്‌ വേഷം. മുടി ഭംഗിയില്‍ പിന്നി പിന്നിലേക്ക്‌ ഇട്ടിരിക്കുന്നു. കാലിലെ സ്വര്‍ണ്ണപാദസരം പുതുതിളക്കത്തോടെ എന്നെ ചിരിച്ച്‌ കാട്ടി.

ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ മീര ബാഗില്‍ നിന്നും മൊബൈല്‍ ‍ഫോണ്‍ കയ്യിലെടുത്തു ഡയല്‍ ചെയ്യാന്‍ തുടങ്ങി.

ആരെയാവും ഇവള്‍ വിളിയ്കുന്നത്‌?

എന്റെ ഹ്രദയം, വെളിച്ചപ്പാടിന്‌ റിമി ടോമിയില്‍ ഒരു കുട്ടിയുണ്ടായാലെന്നപോലെ പോലെ ഉറഞ്ഞ്‌ തുള്ളാന്‍ തുടങ്ങി. പൊടുന്നനെ മറുതലയ്കല്‍ ഒരു ഹലോ കേട്ടത്‌ പോലെ. ഒരു സ്ത്രീ ശബ്ദത്തില്‍.

"അമ്മേ വണ്ടിയെടുത്തു ട്ടോ"
"സൂക്ഷിച്ച്‌ പോ മോളേ. ചെന്നൈയില്‍ എത്തിയിട്ട്‌ വിളിക്ക്‌ ട്ടോ"

സംഭാഷണം എനിക്ക്‌ അറ്റ്ല്ലസ്‌ ജൂവല്ലറിയുടെ പരസ്യം പോലെ വ്യക്തമായിരുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ സൈഡില്‍ താലിബാന്‍ കാര്‌ വിമാനത്തില്‍ വന്ന് മധുരപലഹാരം വിതരണം ചെയ്തിട്ട്‌, റ്റാറ്റാ പറഞ്ഞ്‌ പോയാലെന്ന പോലെ മനസ്സ്‌ ശാന്തമായി.

അല്‍പസമയം കഴിഞ്ഞ്‌ വീണ്ടൂം മൊബൈല്‍ റിംഗ്‌ ചെയ്യാന്‍ തുടങ്ങി. ഞാനിതിനൊന്നും കണ്ണ്‍ കൊടുക്കാതെ മാന്യതയുടെ മറുകരയിലേക്ക്‌ നോക്കി, ചെവി വട്ടം കൂര്‍പ്പിച്ചിരുന്നു.

"നീ സി ഡ്രൈവ്‌ ഫോര്‍മാറ്റ്‌ ചെയ്താല്‍ മതി. വിന്‍ഡോവ്സിന്റെ സി ഡി ചേച്ചീടെ ഡ്രോയിലുണ്ട്‌" എന്നൊക്കെ ഒരുപിടി ഇന്‍സ്ട്രക്ഷനാണ്‌ ഇക്കുറി മീര മൊഴിഞ്ഞത്‌. എനിക്കാകെ സന്തോഷം തോന്നി. കമ്പ്യൂട്ടര്‍ സഖിയെ ആണല്ലോ ദൈവം എനിക്കായി ചൂസ്‌ ചെയ്തത്‌. ഭഗവാനേ, പൊരുത്തങ്ങള്‍ 9ഇല്‍ 7ഉം ആയി. ഇനി സാമ്പാര്‍ ഇഷ്ടമാണോ എന്നും ഉള്ളി കഴിക്കുമോ എന്നും തിരക്കിയാല്‍ മാത്രം മതി. എല്ലാം തികഞ്ഞു. ദൈവമേ എന്തിനെന്നെ ഇത്രത്തോളം സ്നേഹിക്കുന്നു. എന്റെ കണ്ണ് ചെറുതായൊന്ന് നിറഞ്ഞു.

എനിക്ക്‌ കിഴക്കും ഭാഗം വിജയന്റെ (അഥവാ ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്‍) പാട്ട്‌ ഓര്‍മ്മ വന്നു. "ഇനിയാര്‍ക്കുമാരോടും ഇത്രമേല്‍ തോന്നാത്തതെന്തേ, അതാണെന്‍ സഖിയോടെനിക്കുള്ളതെന്തോ"

ഞാനെന്റെ ഇന്ട്രോടക്ഷന്‍ സീനിനെക്കുറിച്ക്‌ ആകാംക്ഷാകുലനായിരുന്നു, എങ്ങനെയാവും ഭഗവാന്റെ സ്ക്രീന്‍ പ്ലേ? (രഞ്ചിത്തിനെക്കൊണ്ട്‌ 'നന്ദനം' എഴുതിച്ചതും പ്രിയദര്‍ശന്‌ 'വന്ദന'ത്തിന്റെ ക്ലൈമാക്സ്‌ കൊടുത്തതും ഒരേ ഭഗവാന്‍ തന്നെ.)

ആലപ്പി എക്സ്പ്രസ്സ്‌ കുതിച്ച്‌ കൊണ്ടേയിരുന്നു. ഒന്നു രണ്ട്‌ പാലങ്ങള്‍ കടന്ന് സുരക്ഷിതമായി അങ്ങനെ പൊകുമ്പോള്‍ പൊടുന്നനെ മീര ബാഗ്‌ തുറന്ന് ബുക്ക്‌ എടുത്തു. എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'. ഈ പുഴയുടെ തീരത്തിന്റെ ഒരു കോപ്പി എന്റെ കയ്യിലും ഭഗവാന്‍ പണ്ടേ തന്നിട്ടുണ്ടായിരുന്നു. അതിന് നിമിത്തമായ എന്റെ കൂട്ടുകാരിയുടെ ജന്മോദ്ദേശം ചിലപ്പോള്‍ അതായിരുന്നിരിക്കും എന്നെനിക്ക്‌ തോന്നി.

'മുകുന്ദന്റെ ബുക്കല്ലേ' റേഷന്‍ കടയിലെ കുത്തരി വായിലിട്ട്‌ നല്ല വേവാണല്ലോ അല്ലേ എന്നു ചോദിക്കുന്ന ലാഘവത്തോടെ എന്‍റെ ഇന്ട്രോടക്ഷന്‍ ഡയലോഗ്‌. (മീന്‍സ്‌ ഉത്തരം അതേ എന്നോ അല്ല എന്നോ ഉള്ളത്‌ വിഷയമേയല്ല, ചോദ്യമാണ്‌ പ്രധാനം. )

'അതെ. വായിച്ചിട്ടുണ്ടോ' മീര.

'പിന്നില്ലേ' അപ്പോള്‍ തുറന്ന വായ ഞാന്‍ ഷട്ടറിട്ടത്‌ എന്‍റെ സാഹിത്യജ്ഞാനത്തെക്കുറിച്ച്‌ മീരയെ പരിപൂര്‍ണ്ണമായി തെറ്റിദ്ധരിപ്പിച്ചതിനുശേഷമാണ്‌.(ഭഗവാന്‍ വളരെ കാല്‍ക്കുലേറ്റ്‌ ചെയ്താണ്‌ തമില്‍ കപ്പിള്‍സിന്‌ തന്നെ ബര്‍ത്ത്‌ അല്ലോക്കേറ്റ്‌ ചെയ്തത്‌ എന്നെനിക്ക്‌ ബോധ്യമായി. വെല്‍ സ്ട്രക്ചേര്‍ഡ്‌ സ്ക്രീന്‍ പ്ലേ).

പിന്നീട്‌ ചില ലാലേട്ടന്‍ സിനിമകള്‍ പോലെ ആയിരുന്നു. എല്ലാ സീനിലും ഞാനുണ്ട്‌. എപ്പോളും എനിക്ക്‌ ഡയലോഗും. നാവില്‍ സരസ്വതിയും ജാനകിയും വിലാസിനിയും ഒക്കെ അങ്ങനെ വിളയാടിക്കൊണ്ടിരുന്നു. മീരയ്കും ഉണ്ടായിരുന്നു ഒരുപാട്‌ സംസാരിക്കാന്‍.

വീടിനെക്കുറിച്ചും ജോലിയെക്കുറിച്ചും ഞങ്ങളിരിവരും വാചാലരായി.ഓടിത്തുടങ്ങിയ ബസ്സില്‍ കിളി ചാടിക്കയറിയത്‌ പോലെയാണ്‌ അവളുടെ ജീവിതത്തിലേക്ക്‌ ഞാന്‍ കടന്ന് ചെന്നത്‌ എന്നെനിക്ക്‌ തോന്നി.

ഒരുമിച്ച്‌ ഡിന്നര്‍ കഴിച്ചതിനു ശേഷവും മീരയും ഞാനും നിര്‍ത്താതെ സംസാരിച്ച്‌ കൊണ്ടേയിരുന്നു. ഗ്രൂപ്പ്‌ ഡിസ്കഷന്‌ ടോപ്പിക്ക്‌ കിട്ടിയ കുട്ടികളെപ്പോലെ. ഇന്നെനിക്കും മീരയ്കും ഉറക്കം കിട്ടാതാക്കിത്തരണേ എന്ന് സര്‍വ്വേശ്വരനോട്‌ സര്‍വ്വശക്തിയും എടുത്ത്‌ അപേക്ഷിച്ചു.

സംഭവം ഏറ്റെന്ന് തോന്നുന്നു. 'ഉറക്കം വരുന്നില്ലെ?' എന്ന എന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട്‌ മീര ഇല്ല എന്ന് തലയാട്ടി. സംസാരിക്കാന്‍ എന്തുമാത്രം കാര്യങ്ങളാ എന്നോര്‍ത്ത്‌ ഞാനും സന്തോഷിച്ചു കൊണ്ട്‌ പറഞ്ഞു 'എനിക്കും തീരെ വരണില്യ'.

ഞങ്ങള്‍ പാരലലായ അപ്പര്‍ ബര്‍ത്തുകളില്‍ സ്ഥാനം പിടിച്ച്‌ കിടന്നു. (മിണ്ടീം പറഞ്ഞും കിടക്കാല്ലോ.)

വീണ്ടും മീരയുടെ ഫോണ്‍ റിംഗ്‌ ചെയ്തു. ആരെടാ ഈ നേരത്ത്‌ ഡയല്‍ ചെയ്യുന്നത്‌? കല്യാണം കഴിഞ്ഞാല്‍ ഇവളുടെ ഫോണ്‍ ഉപയോഗം കുറയ്കാന്‍ പറയണം എന്നൊക്കെ ഞാന്‍ മനസ്സില്‍ കരുതി. വീണ്ടും ചെവി വട്ടം കൂര്‍പ്പിച്ചു. മറുതലയ്കലെ സംഭാഷണം അല്‍പം പോലും ക്ലിയര്‍ അല്ല. പക്ഷെ മീര പറയുന്നതെല്ലാം കേള്‍ക്കാം.

"ഏത്‌ കളറാ ഇഷ്ടം?"
മൗനം
"ഡാഡി തിരക്കി പറയാന്‍ പറഞ്ഞു."
മൗനം
"ബ്രൗണ്‍ ആണ്‌ വേഗം കിട്ടാന്‍ നല്ലത്‌"
മൗനം
"സ്വിഫ്റ്റ്‌ തന്നെ അല്ലേ?"
മൗനം
ഒരു പൊട്ടിച്ചിരി.

ഞാനൊരുത്തന്‍ സൈഡില്‍ ഇരിക്കുന്ന വിവരം അറിയാത്ത ഭാവത്തില്‍ മീര പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.അവളുടെ കയ്യിലെ മൈലാഞ്ചി എനിക്കെന്തോ സംശയങ്ങള്‍ ഒക്കെ നല്‍കിത്തുടങ്ങി.

ഒടുവില്‍ ഫോണ്‍ വൈക്കുന്നതിന്‌ മുന്‍പ്‌ മീരയുടെ സംഭാഷണശകലം.
"എം പി ത്രി പ്ലേയര്‍ എടുക്കാന്‍ മറന്നു."
മൗനം
"ഇല്ല ഉറങ്ങില്ല."
മൗനം
"എനിക്കൊരു ഫ്രണ്ടിനെ കിട്ടീട്ടുണ്ട്‌ സംസാരിച്ചിരിക്കാന്‍" ഒപ്പം എന്നെ ഒരു നോട്ടവും.
മൗനം
"നാളെ കാണാം. ഗുഡ്‌ നൈറ്റ്‌" ഫോണ്‍ കട്ടായി.

കാലിലെ സ്വര്‍ണ്ണപാദസരം 'ഹൗ ഈസ്‌ ദാറ്റ്‌' എന്ന് അപ്പീല്‍ ചെയ്തപോലെ. എന്റെ ഷെര്‍ലക്ക്‌ ഹോംസ്‌ ബുദ്ധിയില്‍ എന്തെക്കെയോ തെളിഞ്ഞ്‌ മിന്നി.

മീര ഫോണെടുത്ത്‌ ഡയല്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ഉറക്കം വരണില്ലല്ലോ അല്ലേ എന്ന് എന്നോടൊരു കുശലപ്രശ്നവും നടത്തി.

'ഡാഡി' എന്നഭിസംബോധന ചെയ്ത ആ കോള്‍ ഇങ്ങനെ തുടര്‍ന്നു.
'വരുണിനെ വിളിച്ചിരുന്നു.'
'സ്വിഫ്റ്റ്‌ ബുക്ക്‌ ചെയ്തോളു'
'ഹി പ്രിഫേര്‍സ്‌ യെല്ലോ കളര്‍'

ഇക്കുറി എന്നിലെ ഷെര്‍ലക്ക്‌ ഹോംസ്‌ ബുദ്ധി മുഴുവന്‍ മിന്നിത്തെളിഞ്ഞു, അതെന്നിലെ തന്നെ ഡോക്ടര്‍ വാട്സനോട്‌ വിവരിക്കാന്‍ തുടങ്ങി.

'വാട്സണ്‍, ഇവളുടെ കല്യാണനിശ്ചയം കഴിഞ്ഞിരിക്കുന്നു വരുണ്‍ എന്ന ചെറുപ്പക്കാരനുമായി. അതല്ലാതെ ഈ അവധിയില്ലാത്ത ടൈമില്‍ ലീവെടുത്ത്‌ വീട്ടില്‍ പോകാന്‍ അവള്‍ക്ക്‌ നൊസ്സുണ്ടാവില്ലല്ലോ, പ്ലസ്‌ കയ്യിലേയും കാലിലേയും മേക്കപ്പ്‌ കൂടി ശ്രദ്ധിച്ചാല്‍ അത്‌ മനസ്സിലാക്കാം. ചെറുക്കന്‌ മാരുതി സ്വിഫ്റ്റ്‌ നല്‍കാനാണ്‌ പ്ലാന്‍. യെല്ലൊ കളര്‍. എന്തെന്നാല്‍ ഹി പ്രിഫേര്‍സ്‌ യെല്ലോ കളര്‍. ഇനി മറ്റൊന്ന് കൂടി. അവന്‍ നാളെ റെയില്‍ വേ സ്റ്റേഷനില്‍ വരും. ഇവളെ പിക്ക്‌ ചെയ്യാന്‍.'

'ഓ ഹോംസ്‌. നിങ്ങളെ ഞാന്‍ സമ്മതിച്ച്‌ തന്നിരിക്കുന്നു. എങ്കില്‍ നാളെ അവന്‍ വരുന്നതിന്‌ മുന്‍പേ നമുക്ക്‌ രക്ഷപ്പെടണം. ഈ കേസില്‍ ഇനി നമുക്ക് സ്കോപ്പ്‌ ഒന്നുമില്ലല്ലോ'

'യേസ്‌ വാട്സണ്‍. ഗുഡ്‌ നൈറ്റ്‌'

ഞാന്‍ കണ്ണുകള്‍ ഇറുകിയടച്ച്‌ കിടന്നു. എനിക്കും അവള്‍ക്കും ഉറക്കം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ചത്‌ നമുക്ക്‌ തന്നെ പാരയായി.

ഒടുവില്‍ രാത്രി എപ്പോഴോ എനിക്കല്‍പം ഉറക്കം കിട്ടി. ഞാനും അര്‍നോള്‍ഡ്‌ ഷ്വോസ്നഗ്ഗറും കൂടെ ഉയരത്തില്‍ ഏതോ ഒരു വള്ളിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. താഴെ ഒഴുക്കു കൂടിയ ഒരു നദി. നദിയുടെ രണ്ട്‌ കരയിലും കാട്‌. അതില്‍ കുറെ മുതലക്കുഞ്ഞുങ്ങള്‍ അര്‍നോള്‍ഡിന്റെ ഓട്ടോഗ്രാഫ്‌ വാങ്ങാനെന്ന പോലെ തലപൊക്കി നോക്കുന്നുണ്ടായിരുന്നു. അധികം ദൂരെയല്ലാതെ ഒരു വന്‍ വെള്ളച്ചാട്ടവും കാണാം. 'എന്തിനാണണ്ണാ നമ്മളിവിടെ തൂങ്ങിക്കിടക്കുന്നത്‌' ജിജ്ഞാസുവായ എന്റെ ചോദ്യം. അര്‍നോള്‍ഡിന്‌ ഒരു ചിരി മാത്രം. 'ബീഡിയുണ്ടോ അളിയാ ഒരു തീപ്പെട്ടി എടുക്കാന്‍' എന്ന് അര്‍നോള്‍ഡ്‌ എന്നോട്‌ ചോദിക്കുകയും ബീഡിയെടുക്കാന്‍ കൈ വിട്ട ഞാന്‍ മാത്രം പിടിവിട്ട്‌ താഴേക്ക്‌ പോകുന്നതായും ഉള്ള ഒരു സ്വപ്നം കണ്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. അപ്പോളും മീര ഉറങ്ങാതെ മെസ്സേജ്‌ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ താഴെ വീണപ്പോള്‍ അര്‍നോള്‍ഡിന്റെ മുഖത്ത്‌ കണ്ട അതേ ചിരി അവളുടെ മുഖത്തും കണ്ടു. അര്‍നോള്‍ഡിന്റെ 'പുവര്‍ മാന്‍' എന്ന അലര്‍ച്ച അപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

മുതലക്കുഞ്ഞുങ്ങള്‍ക്കിടയില്‍ പെടാതെ, വെള്ളച്ചാട്ടത്തില്‍ പോകാതെ വേഗം നീന്തി കര പറ്റണം. അവിടെ വല്ല ആദിവാസികളും കാണാന്‍ സാധ്യതയും ഉണ്ട്‌. ഉടന്‍ തന്നെ സ്ട്രറ്റജി ഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും കണ്ണടച്ച്‌ കിടന്നു. (അതിന്റെ ബാക്കി കാണാന്‍ പറ്റിയില്ല. എങ്കിലും ഞാന്‍ രക്ഷപെട്ടു എന്നു കരുതുന്നു.)

രാവിലെ ട്രയിന്‍ ചെന്നൈയില്‍ എത്തിയതും ഞാന്‍ മീരയുടെ കണ്ണ്‍ വെട്ടിച്ച്‌ രക്ഷപ്പെട്ടു. എങ്കിലും വരുണിനെ ഒരു വട്ടം നോക്കാന്‍ ഞാന്‍ മറന്നില്ല. ആ മീശയില്‍ തന്നെ ഞാന്‍ അപ്രൂവ്വ്ഡ്‌ ആയിരുന്നു.

വാല്‍ക്കഷ്ണം : ഈ ബ്ലോഗ്‌ എഴുതാനിരിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ഷേവ്‌ ചെയ്യുകയായിരുന്നു. ഇന്നും മീശ റെയില്‍പാളം പോലെ അങ്ങനെ കിടക്കുന്നു. എന്നെങ്കിലും അത്‌ ടാറിട്ട റോഡ്‌ പോലാകുമായിരിക്കും.:)


(മയ്യഴിപ്പുഴ എന്റെ കയ്യിലെത്തിച്ചത്‌ ഒരു സുഹൃത്താണ്. ഓണ്‍ലൈന്‍ ബുക്ക്‌ വാങ്ങാന്‍ കാട്ടിക്കൊടുത്ത ഗുരുവായ എനിക്ക്‌ അവളൊരു ഗുരുദക്ഷിണ രൂപേണ ആദ്യമായി വാങ്ങിയ മയ്യഴിപ്പുഴ തന്നു. ആദ്യത്തെ പേജില്‍ 'അജിത്തിന്‌' എന്ന് നീലമഷിയില്‍ കുറിച്ചിരുന്നു. എനിക്കീസമ്മാനം നല്‍കുമ്പോള്‍ കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മയില്‍ അല്പം നൊമ്പരം തൂകി ഇന്നും നില്ക്കുന്നു. 'എന്റെ പേര്‌ ഞാന്‍ എഴുതുന്നില്ല കാരണം അത്‌ എഴുതിയിടമെല്ലാം ചീത്തയാക്കിയിട്ടേയുള്ളൂ' എന്ന്)

Sunday, November 04, 2007

പുട്ടുകുറ്റിയിലെ കൊടുങ്കാറ്റ്‌ (റീലോഡഡ്‌)

ഇതൊരു സംഭവകഥയാണ്‌ അല്‍പമൊരു വിപ്ലവകഥയും. അതോണ്ട്‌ സമയം കളയാതെ നേരെ പാത്രപരിചയത്തിലേക്ക്‌ പോകാം. എനിക്ക്‌ മൂന്നുണ്ട്‌ സഹമുറിയന്മാര്‍ (അഥവാ ഞങ്ങള്‍ നാലാളാണ്‌ ഒന്നിച്ച്‌ പൊറുതി). പാലാക്കാരന്‍ മണ്ണിന്റെ മണമുള്ള(ആലങ്കാരികമായി പറഞ്ഞതാ സത്യായിട്ടും ഞാന്‍ മണത്തൊന്നും നോക്കീട്ടില്ല) ചാക്കോച്ചന്‍, പീഡനജില്ലയില്‍ നിന്നൊരു ഇറക്കുമതി തോമാച്ചന്‍, പിന്നെ സാക്ഷാല്‍ ആന്റണി എന്ന ഒളിമ്പ്യന്‍ അന്തോണി.

അന്തോണി ഒളിമ്പ്യന്‍ ആകാനൊരു കാരണമുണ്ട്‌. ലോകത്തുള്ള എല്ലാ കായികവിനോദങ്ങളിലും തല്‍പരനാണ്‌ കക്ഷി. ശരീരമനങ്ങാത്ത ഒന്നാന്തരമൊരു കായികപ്രേമി. ആര്‍ക്കും അസൂയതോന്നിക്കുന്ന ഫിറ്റ്‌ നെസ്സ്‌ ഉള്ള ഒരസ്സല്‍ കായികതാരത്തിന്റെ ശരീരമാണ്‌ കക്ഷിക്ക്‌. കലികാലമെന്നല്ലാതെ എന്താ പറയുക, ഇത്‌ പറഞ്ഞ്‌ തീര്‍ന്നില്ല അതിന്‌ മുന്‍പേ കക്ഷിക്ക്‌ പനി പിടിച്ചു. (സത്യായിട്ടും 'പുഴു'വിന്‌ കരിനാക്കില്ല!!!) പനി മാത്രമല്ല ചുമയും ശരീരക്ഷീണവും. ആകെ തളര്‍ച്ച(പിള്ളേര്‌ കപ്പെടുത്തപ്പോള്‍ ടെന്‍ഡുല്‍ക്കര്‍ക്ക്‌ തോന്ന്യപോലെ).

അന്തോണിച്ചന്‍ ആകെ വെപ്രാളപ്പെട്ടു. നേരേ വെച്ച്‌ പിടിച്ചു കോഴിക്കോട്ടേക്ക്‌. എന്തിനാ? ഡോക്ടറെക്കാണാന്‍. കോളൊത്തു എന്ന് കണ്ടപ്പോളേ ഡോക്ടര്‍ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാനും സ്കാന്‍ ചെയ്യാനും അരുളിച്ചെയ്തു. ചോര സിറിഞ്ചില്‍ കയറി വടക്കോട്ട്‌ പോകുന്നത്‌ കണ്ടപ്പോള്‍ ഒളിമ്പ്യന്‍ കണ്ണടച്ച്‌ പിടിച്ച്‌ മനസ്സില്‍ ജയ്‌ ഹിന്ദ്‌ പറഞ്ഞു.(കണ്ണടച്ച്‌ പാലുകുടിക്കാമെങ്കില്‍ ഇതും ആകാമത്രെ).

ഇതിനകം എക്സ്‌ റേ കിട്ടി. ബ്ലഡില്‍ ഒരുപാട്‌ ഐറ്റംസ്‌ ഉള്ളതോണ്ട്‌ ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ വരാന്‍ ഇനിയും വൈകുമത്രേ. എക്സ്‌ റേ എടുത്ത്‌ നോക്കണോ? നോക്കിയാലും ഒന്നും മനസ്സിലാകില്ല എങ്കിലും കാശ്‌ മുടക്കിയതാണല്ലോ നെഞ്ചത്തെ മസ്സിലിന്റെ ഡെപ്ത്‌ നോക്കാമല്ലോ എന്നു കരുതി ഒളിമ്പ്യന്‍ എക്സ്‌ റേ എടുത്ത്‌ സൂര്യഭഗവാന്റെ നേര്‍ക്ക്‌ നിവര്‍ത്തി. കണ്ണുകളെ വിശ്വസിക്കാനായില്ല. തല ചുറ്റുന്നത്‌ പോലെ.

എക്സ്‌ റേയില്‍ ഒരു ഭാഗം ബ്ലാങ്ക്‌!!!

റിപ്പോര്‍ട്ട്‌ വരാതെ ഡോക്ടറെക്കാണാന്‍ പറ്റില്ല. ഈ ഇന്നിങ്ങ്സ്‌ പെട്ടെന്ന് തീര്‍ത്ത്‌ കളയല്ലേ എന്ന് തേഡ്‌ അമ്പയറോട്‌ പ്രാര്‍ത്ഥിച്ചു. മനസ്സിനൊരു ധൈര്യം കിട്ടാന്‍ ഒരു ഡ്രിപ്പിടാന്‍ എക്സ്‌ റേ കൊണ്ടുവന്ന സിസ്റ്ററോട്‌ അപേക്ഷിച്ചു.

"എന്ത്‌ പറ്റി എക്സ്‌ റേയുടെ ബില്ല് കണ്ടോ" സിസ്റ്ററുടെ ജിജ്ഞാസ.
"ഇല്ല എക്സ്‌ റേ കണ്ടതെയുള്ളു" ഒളിമ്പ്യന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

ബ്ലഡ്‌ ടെസ്റ്റിന്റെ റിപ്പോര്‍ട്ട്‌ കിട്ടിയപ്പോള്‍ പി ടി ഉഷയെ മനസ്സില്‍ ധ്യാനിച്ച്‌ ഒളിമ്പ്യന്‍ അന്തോണിച്ചന്‍ ഓടി ഡോക്ടറുടെ ക്യാബിനിലേക്ക്‌. എക്സ്‌ റേ റിപ്പോര്‍ട്ട്‌ ഒരു സ്മാഷ്‌ ഡോക്ടറുടെ ഡെസ്കിലേക്ക്‌. ഡോക്ടര്‍ പരിശോധിച്ച്‌ പേടിക്കാനൊന്നുമില്ല എന്ന് അറിയിച്ചു.

"അതെന്താ ഇനി പേടിച്ചിട്ട്‌ കാര്യമൊന്നുമില്ലേ?" ഒളിമ്പ്യന്‍ അലറി.
"ഇല്ല മിസ്റ്റര്‍ ആന്റണി. ഇതൊരു ചെറിയ ഫീവര്‍ അല്ലേ" ഡോക്ടര്‍

"എക്സ്‌ റേയില്‍ ഒരു വശം ബ്ലാങ്ക്‌ ആണ്‌ ഡോക്ടര്‍. ജീനിയെസ്സുകള്‍ക്കെല്ലാം അല്‍പായുസ്സാണല്ലോ. ഒരു രഹസ്യം പറയട്ടേ ഞാനൊരു ജീനിയസ്സാണ്‌ ഡോക്ടര്‍" ഒളിമ്പ്യന്‍ ഒറ്റശ്വാസത്തില്‍ രഹസ്യമൊരു ഏസ്‌ രൂപത്തില്‍ ഡോക്ടര്‍ക്ക്‌ നേരേ തൊടുത്തു.

'എക്സ്‌ റേ കണ്ട്‌ പേടിക്കണ്ട. ഉള്ളിലെ അവയവങ്ങള്‍ക്കൊന്നും ഒരു കുഴപ്പവുമില്ല' ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടര്‍.

ഒളിമ്പ്യന്‍ എല്ലാ എഫ്‌1 ദൈവങ്ങള്‍ക്കും(ഫാസ്റ്റായി ഹെല്‍പ്‌ ചെയ്യുന്ന ദൈവങ്ങളത്രെ) നന്ദി പറഞ്ഞു.
"അപ്പോള്‍ എക്സ്‌ റേ?"

"ഉള്ളില്‍ ഒരുപാട്‌ കഫം നിറഞ്ഞിരിക്കുന്നു. അതാ സ്കാനിങ്ങില്‍ കാണാത്തത്‌. ഒരുപാട്‌ പൊടിയുള്ള സ്ഥലത്തണോ താമസം?"

'പൊടിയോ? കഴിഞ്ഞദിവസം മഡ്‌ റേസ്‌ ടിവിയില്‍ കണ്ടതല്ലാതെ പൊടിയുമായി ഒരു ബന്ധവുമില്ലല്ലോ. എന്തായാലും ഇനി ഒന്നും പേടിക്കാനില്ല' ഒളിമ്പ്യന്‍ ആശ്വസിച്ചു.

പഴയ രാജാക്കന്മാരുടെ സ്റ്റെയിലില്‍ ഒരു കിഴി ഗുളികകള്‍ ഡോക്ടര്‍ കൊടുത്തു. ഒപ്പം ഒരു ഉപദേശവും. 'പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുക'
ഒളിമ്പ്യന്‍ ഡോക്ടറോട്‌ നന്ദി പറഞ്ഞു മടങ്ങിയെത്തി പുഴുമടയില്‍. അടുത്ത പ്രഭാതത്തില്‍ ഞങ്ങള്‍ കണ്ടത്‌ ടിവി സ്റ്റാന്‍ഡ്‌ നിറഞ്ഞിരിക്കുന്ന ഗുളികകളാണ്‌.(ബൗളിങ്ങിന്‌ ഇങ്ങനാണത്രെ കുപ്പികള്‍ അടുക്കിവൈക്കുന്നത്‌).

ഓരോ ഗുളികയുടെ കവറിലും മനോഹരമായ കൈയ്യക്ഷരത്തില്‍ എഴുതിവച്കിരിക്കുന്നു അവ കഴിക്കാന്‍ ചില 'ഓര്‍മ്മക്കുറിപ്പുകള്‍'

'എഫ്‌1 റേസിന്‌ മുന്‍പ്‌'
'20-20 ക്ക്‌ ശേഷം'
'വിമ്പിള്‍ഡണിന്റെ ഇടയ്ക്ക്‌'
'കോപ്പാ അമേരിക്കയുടെ സഡന്‍ ഡെത്ത്‌ സമയത്ത്‌' അങ്ങനെ ഓരോന്ന്.
ഇവയില്‍ ഏതോ ഒന്ന് കിക്കോഫ്‌ നടത്തി ഒളിമ്പ്യന്‍ ഓഫീസിലേക്ക്‌ യാത്രതുടങ്ങി.

ഇനി മറ്റ്‌ കഥാപാത്രങ്ങളെ ഒന്നു വിശദമായി പരിചയപ്പെടാം. ചാക്കോച്ചന്‍ എന്ന ചാക്കോ അച്ചായന്‍. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ കൂറ്‌ പുലര്‍ത്തുന്ന, നാളികേരത്തിന്റെ നാട്ടില്‍ സ്വന്തമായി ഏക്കര്‍ കണക്കിന്‌ മണ്ണുള്ള ഒരു നാട്ടുപ്രമാണി.(മലയാളി സമൂഹത്തിന്റെ വലിയൊരു പക്ഷത്തിനും ആ ഗാനം ഒരു ഭാവനാസ്രുഷ്ടി മാത്രമാണല്ലോ ഇന്ന്.) നമ്മുടെ ഒളിമ്പ്യനും ഉണ്ടൊരു കമ്യൂണിസ്റ്റ്‌ മനസ്സ്‌.

മൂന്നാമന്‍ തോമാച്ചന്‍ എന്ന ബ്രാന്‍ഡഡ്‌ ബൂര്‍ഷ്വാ. മുതലാളിത്തവ്യവസ്ഥിതിയുടെ പ്രതിനിധി. എന്നുവച്ചാല്‍ ഈ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സിന്ദാബാദ്‌ വിളിക്ക്‌ ചെവികൊടുക്കാതെ കഴിയുന്ന ഒരു ആത്മാവ്‌. നാലാമന്‍ ഈയുള്ളവനായ 'പുഴു'(പ്രാഫെയിലില്‍ പറഞ്ഞിരിക്കുന്നപോലെ ഈ പുലികള്‍ക്കിടയിലെ ഒരു കുഞ്ഞ്‌ സിംഹം). നമ്മുടെ രാഷ്ട്രീയ വീക്ഷണം സമദൂരസിദ്ധാന്തത്തിലൂന്നിയതാണ്‌. അതായത്‌ തല്‍ക്കാലം ഏത്‌ കോള്ളാമോ അങ്ങോട്ട്‌ ചായും.

പനി കടന്ന് മടങ്ങിവന്ന ഒളിമ്പ്യന്‍ ഈ പാത്രങ്ങള്‍ക്കിടയിലേക്ക്‌ മറ്റൊരു പാത്രത്തെ ഇന്റ്രൊഡ്യൂസ്‌ ചെയ്തോണ്ടാണ്‌. ഒരു പുട്ട്‌ കുറ്റി. അടുത്തപ്രഭാതം ഞങ്ങളുടെ താവളത്തിലെത്തി നോക്കിയപ്പോള്‍ കണ്ടത്‌ അടുപ്പത്തിരുന്ന് പുകയുന്ന പുട്ടുകുറ്റിയേയാണ്‌. ചൂടന്‍ സ്പോര്‍ട്സ്‌ ന്യൂസ്‌ ചൂട്‌ പുട്ടിനും പൂവമ്പഴത്തിനുമൊപ്പം തട്ടുന്നതാണ്‌ ഒളിമ്പ്യന്‌ ഇഷ്ടമെന്ന് ഞങ്ങള്‍ക്ക്‌ പിന്നീടുള്ള ദിവസങ്ങള്‍ കൊണ്ട്‌ മനസ്സിലായി. ഞങ്ങളുടെ ഇന്റേണല്‍ കോണ്‍ഗ്രസ്സില്‍ ഒളിമ്പ്യന്റെ ഈ പുട്ട്‌ തീറ്റ ഒരു ചര്‍ച്ചാവിഷയമായി. എന്ത്‌ കൊണ്ട്‌ നമുക്കൊരു പീസ്‌ തന്നുകൂടാ എന്ന സ്വാഭാവിക സംശയം എനിക്കും ചാക്കോച്ചനും ഉണ്ടായി.തോമാച്ചന്‍ ഇത്‌ കാണാത്ത കേള്‍ക്കാത്ത ഭാവത്തില്‍ അമേരിക്കയുടെ ഇറാഖ്‌ നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ പോന്നു. എങ്കിലും പുട്ടിന്റെ കാര്യത്തില്‍ സോഷ്യലിസം നടപ്പാക്കണമെന്ന ചാക്കോച്ചന്റെ തീരുമാനത്തിന്‌ ഞാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി.

ഞങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കാന്‍ അവസരം നോക്കിയിരിക്കുമ്പോളാണ്‌ അന്നത്തെ മാത്രഭൂമി നക്സല്‍ ആക്രമണത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.(സാധാരണ പാമ്പ്‌ കിടന്നിടത്ത്‌ ചേമ്പ്‌, കുരങ്ങനെ സ്നേഹിച്ച ആനക്കുട്ടി, മലയാളത്തിന്റെ ശ്രീ‌ വൈഡ്‌ എറിഞ്ഞില്ലായിരുന്നേല്‍ വിക്കറ്റ്‌ കിട്ട്യേനേ തുടങ്ങിയ ന്യൂസുകളാണ്‌ പ്രസിദ്ധീകരിക്കാറുള്ളത്‌). തോമാച്ചനും അമേരിക്കയ്കും നക്സല്‍ ആക്രമണത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ചാക്കോച്ചായനും ഒളിമ്പ്യനും ചര്‍ച്ചയ്കുള്ള കോപ്പുകള്‍ കൂട്ടി. 'പുഴു'വും പങ്ക്‌ ചേര്‍ന്നു ഈ ചര്‍ച്ചയില്‍ എന്തെന്നാല്‍ നമ്മള്‍ സമദൂരമാണല്ലോ.

ചര്‍ച്ച ചൂടുപിടിച്ചു. ഒളിമ്പ്യന്‍ നക്സലിസത്തിനു അനുകൂലമായും ചാക്കോച്ചായന്‍ തിരിച്ചും. പെട്ടെന്നായിരുന്നു ഒളിമ്പ്യന്‍ ഒരു വടക്കന്‍ എക്സാമ്പിള്‍ എടുത്ത്‌ കീച്ചിയത്‌. ഭരണസ്തംഭനം കൊണ്ട്‌ പോറുതിമുട്ടിയ തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ചായിരുന്നു അത്‌. ചാക്കോച്ചായന്‍ ഉത്തരമില്ലാതെ അത്‌ കേട്ട്‌ ഒളിമ്പ്യന്റെ ആശയങ്ങളുടെ കൂടാരത്തിലേക്ക്‌ മനസ്സ്‌ കൊണ്ട്‌ നടക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ ഈ 'പുഴു' ഇതിനകം ഒളിമ്പ്യന്റെ കൂടാരത്തില്‍ച്ചെന്ന് ചാക്കോച്ചായനായി ചായ ഉണ്ടാക്കി തുടങ്ങിയിരുന്നു. എന്തെന്നാല്‍ നമ്മള്‍ സമദൂരമാണല്ലോ.

ഒളിമ്പ്യന്‍ സേതുരാമയ്യര്‍ സി ബി ഐ പോലെ കാര്യങ്ങള്‍ സമര്‍ത്ഥിച്ച്‌ തുടങ്ങി. "തെറ്റ്‌ ചെയ്യുന്നവരായാലും അവര്‍ക്ക്‌ പേടി ഉണ്ടാകണം. അതിന്‌ നക്സല്‍ ആക്രമണങ്ങള്‍ കുറെ ഒക്കെ സഹായിച്ചിട്ടുണ്ട്‌. ആക്രമണം ഒന്നിനും ഒരു പ്രതിവിധിയല്ല എങ്കിലും ഒന്ന് രണ്ടെണ്ണം ഇങ്ങനെ ഉണ്ടായാലേ പേടി ഉണ്ടാകൂ"

പെട്ടെന്ന് ഈ വാക്കുകള്‍ ചില ടിവി സീരിയല്‍ പരസ്യം പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ മുഴങ്ങുന്നതായി 'പുഴു'വിന്‌ തോന്നി. ചാക്കോച്ചായന്റെ മനസ്സിലും അവ ആളിക്കത്തി.

ആ പുട്ടുകുറ്റിയില്‍ നിന്ന് ഒരു കൊടുങ്കാറ്റുയര്‍ന്ന് വരുന്നത്‌ ഞങ്ങള്‍ കണ്ടു.

"തെറ്റ്‌ ചെയ്യുന്നവരായാലും അവര്‍ക്ക്‌ പേടി ഉണ്ടാകണം. അക്രമണത്തിലൂടെ എങ്കില്‍ അങ്ങനെ.." ഒളിമ്പ്യന്റെ വാക്കുകള്‍ ഷാപ്പിലെ ചിരി പോലെ പ്രകമ്പനം കൊണ്ടു.

ഒളിമ്പ്യന്‍ ചെയ്യുന്നത്‌ തെറ്റല്ലേ. 2 വയറുകള്‍ക്ക്‌(പുഴുവിന്‌ ഒന്നര വയറുണ്ടെന്ന് അസൂയാലുക്കള്‍ ചുമ്മാ പറയുന്നതാ) പുട്ട്‌ കൊടുക്കാതെ തന്നെ കഴിക്കുക. അമേരിക്കയ്ക്‌ പുട്ടില്‍ താല്‍പര്യമില്ലാത്തിടത്തോളം കാലം 2 വയറുകളുടെ കാര്യമാണിത്‌. ഒരു വികസ്വരരാഷ്ട്രത്തില്‍ ഒരു ചെറുപ്പക്കാരന്‍ ചെയ്യാന്‍ പാടുള്ളതാണോ ഇത്‌.

"തെറ്റ്‌ ചെയ്യുന്നവന്‍, അവന്‌ പേടി ഉണ്ടാകണം. അക്രമത്തിലൂടെ എങ്കില്‍ അങ്ങനെ" ഹച്ചിന്റെ പട്ടിയെ വൊഡാഫോണ്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ദത്തെടുത്ത പോലെ ഒളിമ്പ്യന്റെ വാക്കുകള്‍ കടമെടുത്ത്‌ ഞാന്‍ ഫുള്‍ എക്സ്പ്രഷനോടെ കാച്ചി.

"അക്രമം തന്നെ" ചാക്കോച്ചയന്‍ സപ്പോര്‍ട്ട്‌ തന്നു.
"ഒളിമ്പ്യനെ തട്ടാം അല്ലെങ്കില്‍ വെട്ടാം അപ്പോള്‍ പേടി വരും" ഞാന്‍ പ്ലാനിട്ടു.
"പാടില്ല പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്‌" ചാക്കോച്ചായന്‍ മുന്‍ഷി സ്റ്റെയിലില്‍ ഒരു ഡയലോഗിട്ടു.
"എന്ന് പറഞ്ഞാല്‍" എനിക്ക്‌ വീണ്ടും സംശയം.

"എന്ന് വച്ചാല്‍ ഒളിമ്പ്യനെ തട്ടുകയും മുട്ടുകയും ഒന്നും വേണ്ടാ. എന്തേലും പാകപ്പിഴ വന്നാല്‍ പുട്ട്‌ എന്നെന്നേക്കുമായി നഷ്ടപ്പെടും"

"ഊം സത്യം" ഞാനൊന്നിരുത്തി മൂളിക്കൊണ്ട്‌ സപ്പോര്‍ട്ട്‌ കൊടുത്തു. നമ്മളിപ്പോളും സമദൂരമാണല്ലോ.

"അപ്പോള്‍ പുട്ടോ?" എന്റെ മൂക്ക്‌ വിടര്‍ന്ന് ക്വാസ്റ്റ്യന്‍ മാര്‍ക്ക്‌ പോലെ വളഞ്ഞു.

"അമേരിക്കയെ തട്ടാം അല്ലെങ്കില്‍ വെട്ടാം. അവനെക്കൊണ്ട്‌ അങ്ങനെയെങ്കിലും ഒരു പ്രയോജനമുണ്ടാകട്ടെ. എന്നിട്ടും പേടിച്ചില്ലേല്‍ അപ്പോള്‍ നോക്കാം" ചാക്കോച്ചായന്‍ തന്റെ ഐഡിയായുടെ മണിച്ചെപ്പ്‌ തുറന്നു.

'ആന്‍ ഐഡിയാ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്‌' എനിക്കുറപ്പായിരുന്നു.

ഇതൊന്നും അറിയാതെ പാവം അമേരിക്കന്‍ തോമ ഉറക്കമായിരുന്നു.(അമേരിക്കയില്‍ അത്‌ നൈറ്റ്‌ ടൈം ആയിരുന്നല്ലോ)

പഴയ സി ഐ ഡി പടങ്ങളിലെ നസീറിനെപ്പോലെ ഒളിമ്പ്യന്‍ ഇതെല്ലാം മറഞ്ഞ്‌ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. കയ്യില്‍ കാര്‍ഡില്ലാത്ത റഫറിയെപ്പോലെ അവന്‍ നിസ്സഹായനായി നിന്നു. വെട്ടും കുത്തുമൊന്നുമില്ലാതെ തന്നെ ഒളിമ്പ്യന്‍ പേടിച്ചു. വെറുതെ ഒരു ജീനിയസ്സിന്റെ ജീവന്‍ ബലി കൊടുക്കേണ്ടതില്ലല്ലോ.

അടുത്ത ദിവസം മുതല്‍ പുട്ട്‌ കുറ്റി ഞങ്ങള്‍ക്കായിക്കൂടി പുകഞ്ഞു. ചൂട്‌ പുട്ടും ചൂടന്‍ മാത്രഭൂമി ന്യൂസും പഴവുമായി ഞങ്ങളും പുഷ്ടി പ്രാപിച്ചു. അപ്പോളും അമേരിക്ക വിവരം അറിഞ്ഞിട്ടുണ്ടായിരുന്നില്ല കാരണം പുട്ടിലവര്‍ക്ക്‌ പണ്ടേ ഇന്ററസ്റ്റ്‌ ഇല്ലല്ലോ.
പുട്ടിന്‌ മുട്ടില്ലാതായപ്പോള്‍ ഒളിമ്പ്യനും ഞങ്ങളും വീണ്ടും പുട്ടുപൊടിയും തേങ്ങാക്കൊത്തും പോലെ അടുത്തു.ഒളിമ്പ്യന്‍ നല്ല 916 സല്‍സ്വഭാവിയായി മാറി.

ഒരുതുള്ളി രക്തം പോലും ചൊരിക്കാതെ, ഭാവിയിലെ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കായി ഞങ്ങളങ്ങനെ ഒരു വിപ്ലവം എഴുതിച്ചേര്‍ത്തു. 'പ്ലാനിപ്പുട്ട്‌ വിപ്ലവം' എന്നോ മറ്റോ ലോകം നാളെ ഇതിനേ വിശേഷിപ്പിച്ചേക്കാം. പ്ലാനിട്ട്‌ പുട്ട്‌ തട്ടിയ രക്തരഹിത വിപ്ലവം.