Friday, July 20, 2007

വിനോദയാത്ര - വിവേകത്തിന്റേയും

കഴിഞ്ഞ ദിവസം വിനോദയാത്ര എന്ന ചിത്രം കാണാനിടയായതാണ്‌ ഈ ബ്ലോഗിന്‌ ആധാരം. എന്റെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ സംരംഭം. പതിവ്‌ പോലെ തന്നെ ചിത്രം ജനഹ്രദയങ്ങളില്‍ ആഴ്‌ന്നിറങ്ങി. എന്നാല്‍ ഇക്കുറി എനിക്കൊരുപാട്‌ പുതുമകള്‍(മഹിമകള്‍) തോന്നി. അതിവിടെ കുറിച്ചിടട്ടെ.

സംവിധായകനെന്ന നിലയില്‍ മാത്രമല്ല നല്ലൊരു തിരക്കഥ രചയിതാവ്‌ കൂടിയാണ്‌ താനെന്ന് സത്യന്‍ അന്തിക്കാട്‌ തെളിയിച്ചു.(ഇദ്ദേഹം ഒരു ഗാനരചയിതാവായാണ്‌ സിനിമയില്‍ വരവ്‌ കുറിച്ചത്‌.) തിരക്കഥാരചനയില്‍ നാന്ദികുറിച്ച 'രസതന്ത്ര'ത്തില്‍ നിന്നും വളര്‍ച്ചയുടെ കാതങ്ങള്‍ പിന്നിട്ടിരിക്കുന്നു അദ്ദേഹം വിനോദയാത്രയില്‍ എത്തി നില്‍ക്കുമ്പോള്‍. അദ്ദേഹത്തിന്റെ തന്നെ ക്ലാസ്സിക്കുകളുടെ പട്ടികയില്‍(നാടോടിക്കാറ്റും സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനവും ടി പി ബാലഗോപാലനും തുടങ്ങി..) ശ്രദ്ധേയമായ സ്ഥാനം പിടിക്കുന്ന ഒന്നാണ്‌ ഈ ചിത്രം.

ചിത്രത്തിനെ ആകര്‍ഷണീയമാക്കുന്നത്‌ ചിത്രത്തിന്റെ കാലികപ്രസക്തിയും ആവിഷ്കാരശൈലിയും തന്നെ. വ്യക്തമായ ഉദ്ദേശ്യങ്ങളില്ലാതെ ജീവിതം മുന്നോട്ട്‌ നീക്കുന്ന നായകയുവാവ്‌. ഇതില്‍ വളരെ രസകരമായി എനിക്ക്‌ തോന്നിയത്‌ അദ്ദേഹം ഒരു റോള്‍ മോഡലിനെ തേടി നടക്കുകയാണ്‌. ഇത്തരക്കാരെ നിരവധി എനിക്കറിയാം, സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കാതെ മറ്റുള്ളവരെ അനുകരിച്ച്‌ കാലം കഴിക്കുന്ന കൂട്ടര്‍(ഒന്നോര്‍ത്താല്‍ ചിത്രത്തിലേക്കാള്‍ രസകരമാണ്‌ ഇത്തരക്കാരോടുള്ള സമ്പര്‍ക്കം). ചിത്രത്തില്‍ ആദ്യാവസാനം പ്രതിപാദിക്കുന്നതും ഒടുവില്‍ നായകനിലൂടെ കഥ എത്തിനില്‍ക്കുന്നതും ഇത്തരം ഉദ്യമങ്ങളുടെ പൊള്ളത്തരങ്ങളിലാണ്‌. ചിത്രത്തിന്റെ ഒടുവില്‍ ജീവിതപ്രാരാബ്ദങ്ങളെ നേരിടാന്‍ പ്രാപ്തനാക്കുന്നത്‌ റോള്‍ മോഡല്‍ അല്ല മറിച്ച്‌ പുതുതായി കടന്നു വന്ന ലക്ഷ്യവും അത്‌ നേടണമെന്ന ആവശ്യകതയുമാണ്‌.

ചിത്രത്തിന്റെ പ്രത്യേകത ഒറ്റ വാചകത്തില്‍ പറയുകയാണെങ്കില്‍ " നമുക്കെല്ലാം സുപരിചിതമായ ആശയം നമുക്കെല്ലാം സുപരിചിതമായ കഥാപാത്രങ്ങളിലൂടെ പറഞ്ഞ്‌ നമ്മളെ എല്ലാം അതിശയപ്പെടുത്താന്‍" സത്യന്‍ അന്തിക്കാടിനായി. (ഈ അവസരത്തില്‍ കമല്‍ ഹാസന്റെ അന്‍ബേ ശിവം ഓര്‍ത്ത്‌ പോകുന്നു. 'സ്നേഹമാണ്‌ ദൈവം' എന്നാണ്‌ പതിവ്‌ തമിഴ്‌ ചേരുവകളില്ലാത്ത ഈ ചിത്രം മുഴുനീളെ പറയുന്നത്‌). ചിത്രത്തിലെ നായികാ കഥാപാത്രം പറയുന്നപോലെ 'വീട്ടിലെ നിത്യോപയോഗസാധനങ്ങളുടെ വില പോലുമറിയാതെ അമേരിക്കയുടെ കാര്യമാലോചിച്ച്‌ നടക്കുന്നതിലെന്ത്‌ കാര്യം?'. ചിത്രത്തിലെ തമിഴ്‌ ബാലന്റെ കഥാപാത്രമെല്ലാം ശ്രദ്ധേയമായി.(തമിഴില്‍ സ്വപ്നം കാണുന്ന സീന്‍ രസകരവും!!!). ചുരുക്കത്തില്‍ ചിത്രത്തില്‍ നിങ്ങള്‍ക്ക്‌ പരിചയമില്ലത്ത ഒരു കഥാപാത്രം പോലുമില്ല, പക്ഷെ അവര്‍ നിങ്ങളെ വല്ലാതെ അതിശയിപ്പിക്കും തീര്‍ച്ച.

ക്ലൈമാക്സില്‍ നായികയെ നായകന്‍ പുണരുമ്പോള്‍ പുല്‍നാമ്പുകള്‍ക്ക്‌ പുതുജീവന്‍ നല്‍കി മഴ പെയ്യുന്ന സീന്‍ വളരെ സിമ്പോളിക്കായി.(മഴയെ സ്നേഹിക്കുന്ന നായികയുടെ അച്ഛന്‍ കഥാപാത്രത്തിന്റെ സാന്നിധ്യവും). ഈ ബ്ലോഗ്‌ വായിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ ഞാന്‍ ഗ്യാരന്റി ചെയ്യുന്നത്‌ ഒന്നു മാത്രമാണ്‌. മലയാള ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ തീര്‍ച്ചയായും ഒരൊന്നാന്തരം വിരുന്നാവും ഈ ചിത്രം. ചിത്രം കഴിഞ്ഞ്‌ വീട്ടിലേക്കുള്ള മടക്കയാത്രയില്‍ മനസ്സില്‍ ഒരല്‍പം സന്തോഷവും.